ഈജിപ്തിന്റെ പിന്നാമ്പുറത്ത് നടക്കുന്നതെന്ത്?
ഈജിപ്തിലെ പോര്‍ട്ട് സഈദില്‍ കഴിഞ്ഞ മാസം ആദ്യത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റുമുട്ടിയ രക്തപങ്കിലമായ സംഭവം ഏറെ നിഗൂഢതകള്‍ നിറഞ്ഞതായിരുന്നു. പ്രശസ്തമായ അല്‍ അഹ്‌ലി ക്ലബ്ബിന്റെ 74 ആരാധകര്‍ വധിക്കപ്പെട്ടതും ആയിരത്തിലധികം പേര്‍ക്ക് പരിക്ക് പറ്റിയതും ആഫ്രിക്കയിലെന്നല്ല ലോകഫുട്‌ബോളിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദുരന്തമായി പരിണമിച്ചു. സംഭവത്തെക്കുറിച്ചന്വേഷിച്ച ഗവണ്‍മെന്റ് കമീഷന്റെ ഭാഷ്യമനുസരിച്ച് അല്‍ അഹ്‌ലിയും അല്‍ മസ്‌രിയും തമ്മിലുള്ള ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ലീഗിലെ മല്‍സരത്തില്‍ അല്‍ മസ്‌രി ജയിച്ചതിനെത്തുടര്‍ന്ന് ഗ്രണ്ടിലേക്ക് ഇരച്ചുകയറിയ അല്‍ അഹ്‌ലി ആരാധകര്‍ ('അല്‍ അഹ്‌ലി അള്‍ട്രാസ്' എന്നാണിവര്‍ അറിയപ്പെടുന്നത്) കൈയില്‍ കരുതിയിരുന്ന മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിടുകയായിരുന്നു. അല്‍ മസ്‌രിയുടെയോ അല്‍ അഹ്‌ലിയുടെയോ ആരാധകര്‍ മാത്രമല്ല, ഇരുവിഭാഗത്തിലും പെടാത്ത ധാരാളം നിരപരാധികളും അക്രമികളുടെ കൊലക്കത്തിക്കിരയായി എന്നതും സുരക്ഷക്കായി നിയോഗിക്കപ്പെട്ടിരുന്ന പോലീസ് സേന നിഷ്‌ക്രിയരായതും മണിക്കൂറുകളോളം അക്രമികളെ അഴിഞ്ഞാടാന്‍ വിട്ടതും സംഭവത്തിലെ നിഗൂഢത വര്‍ധിപ്പിക്കുകയാണുണ്ടായത്. ഗവണ്‍മെന്റ് ഭാഷ്യമെന്തായാലും, ഈജിപ്ഷ്യന്‍ കായികരംഗത്തെ സ്തബ്ധമാക്കിയ ഈ ഭീകരസംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരെന്നത് ഒറ്റ നോട്ടത്തില്‍ത്തന്നെ മുഴുവന്‍ ജനങ്ങള്‍ക്കും വ്യക്തമായിരുന്നുവെന്നതാണ് വാസ്തവം.
2011 ഫെബ്രുവരി ഒന്നിന് തഹ്‌രീര്‍ സ്‌ക്വയറില്‍ മുബാറക് ഭരണകൂടത്തിന്റെ 'ഒട്ടക സ്‌ക്വാഡ്' നടത്തിയ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ നടന്ന ഈ കലാപം ഒട്ടനേകം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. അന്ന് ഒട്ടകപ്പുറത്തേറിയ പ്രഛന്നവേഷധാരികള്‍ പൊടുന്നനെ നടത്തിയ ആക്രമണത്തില്‍ ധാരാളം പ്രകടനക്കാര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭരണകൂടത്തിന്റെ പിണിയാളുകായിരുന്ന അവരുടെ ദൗത്യം മുഴുമിക്കാന്‍ അനുവദിക്കാതെ അന്നവരെ തടഞ്ഞതിന്റെയും വിപ്ലവം ജയിപ്പിച്ചെടുക്കുന്നതിന്റെയും പിന്നില്‍ ഫുട്‌ബോള്‍ ആരാധകരുടെ പങ്ക് വളരെ വലുതായിരുന്നു. അല്‍ അഹ്‌ലിയുടെയും അല്‍ മസ്‌രിയുടെയും ആരാധകര്‍ ക്ലബ്ബുകളോടുള്ള കൂറ് വെടിഞ്ഞ് രാഷ്ട്രത്തോട് കറകളഞ്ഞ കൂറ് പ്രഖ്യാപിച്ച സന്ദര്‍ഭമായിരുന്നു അത്. ഫുട്‌ബോളിനേക്കാളും അവര്‍ രാജ്യത്തെയാണ് സ്‌നേഹിക്കുന്നതെന്നതിന് വേറെ തെളിവ് വേണ്ടിയിരുന്നില്ല. പരമ്പരാഗതമായി പരസ്പര വൈരികളായ വിവിധ ക്ലബ്ബുകളുടെ അനുയായികള്‍ ഇവ്വിധം രാജ്യനന്മക്കും സ്വാതന്ത്ര്യത്തിനും വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന ഒരേയൊരു വിഭാഗം ഭരണകൂടവും അവരുടെ പിണിയാളുകളുമായിരുന്നു. പക്ഷേ മൊത്തം ജനങ്ങള്‍ ഇളകിവശായ ആ ഘട്ടത്തില്‍ നിസ്സഹായരായിപ്പോയ അവര്‍ മറ്റൊരവസരത്തിന് തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അതിനാല്‍ തന്നെ പോര്‍ട്ട് സഈദ് ദുരന്തത്തില്‍ പട്ടാളഭരണാധികാരികള്‍ക്കും മുബാറക്ക് ഗവണ്‍മെന്റിന്റെ ഇനിയും വംശനാശം സംഭവിച്ചിട്ടില്ലാത്ത അവരുടെ ഉദ്യോഗസ്ഥ വൃന്ദത്തിനും പങ്കുള്ളതായി ഈജിപ്ഷ്യന്‍ ജനത ന്യായമായും സംശയിക്കുന്നു. അവരുടെ സംശയത്തിനുള്ള അടിസ്ഥാനം, കലാപം നടന്ന സമയത്തിന്റെ സിംഹഭാഗവും സ്ഥലത്തുണ്ടായിരുന്ന പോലീസും സുരക്ഷാസേനയും വെറുതെ നില്‍ക്കുകയായിരുന്നുവെന്നതാണ്. മല്‍സരം കഴിഞ്ഞ ഉടനെ അല്‍ അഹ്‌ലി ആരാധകരെന്ന വ്യാജേന മാരകായുധങ്ങളുമായി സ്‌റ്റേഡിയത്തിനകത്തേക്ക് കടന്നവരെ തടുക്കാനോ നിരായുധരായവരെ സംരക്ഷിക്കാനോ പോലീസ് സേന ശ്രമിച്ചില്ല. അക്രമികളുടെ അഴിഞ്ഞാട്ടത്തിന് ശേഷമാണ് എന്തെങ്കിലും ചെയ്യാന്‍ അവര്‍ തുനിഞ്ഞത്. പക്ഷേ ആ ഇടപെടല്‍ കൊണ്ട് കാര്യമുണ്ടായില്ലെന്ന് മാത്രം. അതിനകം സംഭവിക്കാനുള്ളതെല്ലാം സംഭവിച്ച് കഴിഞ്ഞിരുന്നു.
പോലീസിന്റെയും സൈനിക ഭരണകൂടത്തിന്റെയും ഇത്തരം നിഷേധാത്മക നിലപാടുകള്‍ പുതിയതല്ലെന്നതാണ് സത്യം. മുബാറക്കിനെതിരെ അരങ്ങേറിയ 18 ദിവസത്തെ കലാപത്തില്‍ കൊല്ലപ്പെട്ടതിനേക്കാളധികം ആളുകള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വധിക്കപ്പെട്ടു കഴിഞ്ഞു. കൂടാതെ ഭരണകൂടത്തിന്റെ എതിരാളികളായ ഏതാണ്ട് 12,000 പേരെ സൈനിക െ്രെടബൂണലിന്റെ വിചാരണക്കായി തടവിലിട്ടിരിക്കുകയാണ്. ഹുസ്‌നി മുബാറക്കിന്റെ 29 വര്‍ഷത്തെ സ്വേഛാധിപത്യ ഭരണകാലത്തെക്കാളും അധികം വരും ഇത്.
ഇങ്ങനെ വിചാരണ നേരിടുന്നവരില്‍പെട്ട അല അബ്ദുല്‍ഫത്താഹ് എന്ന യുവാവിന്റെ ഒരു കത്ത് ഈയിടെ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. തന്റെ ഇരുണ്ട ജയില്‍ മുറിയിലിരുന്ന് എഴുതിയ ആ കത്ത് തുടങ്ങുന്നതിങ്ങനെ: 'അഞ്ച് വര്‍ഷം മുമ്പ് എന്റെ നാട്ടില്‍ നിലവിലുണ്ടായിരുന്ന അതേ പോലീസ് വാഴ്ചയിലേക്ക് തിരികെ പോകേണ്ടി വരുമെന്ന് 2011 ജനുവരി 25ന് ശേഷം ഒരിക്കലും ഞാന്‍ വിചാരിച്ചിരുന്നില്ല. ഒരു കൊടും സേഛാധിപതിയെ കടപുഴക്കിയ വിപ്ലവത്തിന് ശേഷം ഞാന്‍ അകാരണമായി ജയിലില്‍ പോവുകയോ? ആറടി വീതിയും 12 അടി നീളവും മാത്രമുള്ള കൂറ നിറഞ്ഞ സെല്ലില്‍ മറ്റ് എട്ടാളുകളോടൊപ്പമാണ് എന്നെയും പാര്‍പ്പിച്ചത്. അവരില്‍ നിരപരാധികളുണ്ട്, ചെറിയ കുറ്റങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരുമുണ്ട്.'
2011 ജനുവരി 25ന് തുടങ്ങിയ, ഈജിപ്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച വിപ്ലവത്തില്‍ സജീവമായി പങ്കെടുത്തയാളാണ് 29കാരനായ ഈ യുവാവ്. സ്വപ്നങ്ങള്‍ കരിഞ്ഞ് തുടങ്ങിയ കാലത്ത്, പ്രതീക്ഷകളുടെ തേരിലേറാന്‍ അലയടക്കമുള്ള യുവാക്കള്‍ക്ക് പ്രേരണയായത് തുനീഷ്യയിലെ സംഭവവികാസങ്ങളാണ്. ഹുസ്‌നി മുബാറക്കിന് കീഴില്‍ ഏറെക്കാലം ജയില്‍വാസം അനുഭവിച്ചിരുന്ന ഇദ്ദേഹത്തെ സൈനിക കൗണ്‍സില്‍ ഇപ്പോള്‍ കുപ്രസിദ്ധമായ ബാബല്‍ ഖാലെഖ് ജയിലില്‍ അടച്ചിരിക്കുകയാണ്. കാരണം? കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു കളഞ്ഞു!
ഹുസ്‌നി മുബാറക്കിനെ അധികാരത്തില്‍ നിന്ന് തെറിപ്പിച്ച വിപ്ലവത്തിന് ശേഷം ഏതാണ്ട് 12,000 പേരെയെങ്കിലും സൈനിക െ്രെടബ്യൂണലുകളിലൂടെ വിചാരണചെയ്തിട്ടുണ്ടെന്ന് അല ഓര്‍ക്കുന്നു. അവരില്‍ സമാധാനപൂര്‍വമായ അധികാരക്കൈമാറ്റത്തിന് വേണ്ടി നില കൊണ്ട വിപ്ലവകാരികളും മറ്റ് രാഷ്ട്രീയ തടവുകാരും പെറ്റിക്കേസുകളിലകപ്പെട്ട ക്രിമിനലുകളുമുള്‍പ്പെടും. ബ്ലോഗുകളിലൂടെയും സ്വതന്ത്ര വെബ്‌സൈറ്റുകളിലൂടെയും മറ്റും ആശയ വിനിമയത്തിന് ശ്രമിച്ചവരും ഇതില്‍പ്പെടുന്നു. മൈക്കല്‍ നബീലിനെയും വാഇല്‍ അബ്ബാസിനെയും പോലുള്ള ബ്ലോഗര്‍മാര്‍ ചെയ്ത കുറ്റം തങ്ങളുടെ ആശയങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ ശ്രമിച്ചുവെന്നത് മാത്രമാണ്. 2012 ജനുവരി 12 വിപ്ലവത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് 3000 തടവുകാരെ വിട്ടയച്ച കൂട്ടത്തില്‍ നബീലുമുണ്ടായിരുന്നു. എന്നാല്‍ വിപ്ലവം നല്‍കിയ ആവേശം ചോര്‍ന്നുപോയിട്ടില്ലാത്ത നബീലിന്റെ പ്രതികരണം തനിക്ക് സൈനിക കൗണ്‍സിലിന്റെ മാപ്പ് ആവശ്യമില്ലെന്നായിരുന്നു.
വിപ്ലവനാന്തര ഈജിപ്തിന്റെ രാഷ്ട്രീയ പിന്നാമ്പുറത്ത് നടക്കുന്ന അത്യന്തം വിചിത്രവും നിഗൂഢവുമായ കളികളിലേക്ക് വെളിച്ചം വീശുന്ന കത്തുകളിലൊന്നായിരുന്നു അലയുടെത്. ഒരു ഭാഗത്ത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അതിന്റെ മൂന്ന് ഘട്ടങ്ങളും പിന്നിട്ട് വിജയകരമായി പര്യവസാനിച്ചിരിക്കുന്നു. 50 ശതമാനത്തിനടുത്ത് സീറ്റ് നേടി മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ പിന്തുണയുള്ള ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി പ്രതീക്ഷിച്ചതുപോലെ വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയിരിക്കുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് സഅദ് അല്‍ ഖത്താത്ത്‌നി പാര്‍ലമെന്റ് അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. വിവിധ പാര്‍ലമെന്ററി സമിതികളുടെ തലപ്പത്തും ഇസ്‌ലാമിസ്റ്റുകള്‍ക്ക് തന്നെയാണ് മുന്‍തൂക്കം. ഈ വര്‍ഷം മെയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നേരിട്ട് മല്‍സരിക്കുകയില്ലെങ്കിലും മന്ത്രിസഭാ രൂപവല്‍ക്കരണത്തിലും തുടര്‍ന്നങ്ങോട്ട് രാജ്യത്തിന്റെ ഭരണകാര്യങ്ങളിലും ഇഖ്‌വാന്‍ കാര്യമായ പങ്കുവഹിക്കുമെന്ന് ഉറപ്പായിരിക്കുന്നു.
എന്നാല്‍ അധികാരം ഇപ്പോഴും കൈവശം വച്ചിരിക്കുന്ന സൈനിക കൗണ്‍സിലാകട്ടെ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന മട്ടില്‍ മുബാറക്ക് ഭരണത്തിന്റ അത്യാചാരങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതാണ് സത്യം. രാഷ്ട്രീയ മേഖലയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന മേല്‍ക്കൈ തുടര്‍ന്നും ലഭിക്കണമെന്ന സൈന്യത്തിന്റെ ആഗ്രഹമാണ് ഈ അരാജകത്വം സൃഷ്ടിക്കുന്നതിന് പിന്നിലെന്നതാണ് നിരീക്ഷകമതം. ബൈറൂത്ത് ആസ്ഥാനമായ കാര്‍നീജ് മിഡില്‍ ഈസ്റ്റ് സെന്ററിലെ റിസര്‍ച്ച് ഡയറക്ടറും കയ്‌റോ യൂനിവേഴിസിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസറുമായ അംറ് ഹംസാവിയുടെ അഭിപ്രായത്തില്‍ 180 ബില്യണ്‍ ഡോളര്‍ വരുന്ന ഈജിപ്ഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ 30 ശതമാനവും (അഥവാ 60 ബില്യന്‍ ഡോളര്‍) നിയന്ത്രിക്കുന്നത് സൈന്യമാണ്. മുബാറക്കിന്റെ പതനത്തോടെ നഷ്ടപ്പെട്ടേക്കാവുന്ന ഈ സ്വാധീനം നിലനിറുത്തുന്നതിന് വേണ്ടിയാണ് ഈ കളി മുഴുവന്‍ എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഈയടുത്ത് രാജ്യ ഖജനാവിലേക്ക് സൈന്യം ഒരു ബില്യണ്‍ ഡോളന്‍ സംഭാവന ചെയ്തുവെന്ന് പറയുമ്പോള്‍ അത് പ്രശംസക്കപ്പുറം സംശയങ്ങളാണ് ഉയര്‍ത്തുന്നതെന്ന് ഹംസാവി പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കയ്‌റോയുടെ രാഷ്ട്രീയ പരിസരത്ത് ഇനിയും എന്തോ ചീഞ്ഞുനാറുന്നുവെന്ന് ചിന്തിക്കാന്‍ ഇട നല്‍കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
ഇതിനിടയിലാണ് ഈജിപ്തിനകത്ത് ജനാധിപത്യമനുഷ്യാവകാശങ്ങള്‍ക്കെന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏതാനും അമേരിക്കന്‍ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെയുള്ള ഒരു കേസ് പൊന്തിവരുന്നത്. അമേരിക്കയില്‍ നിന്ന് നേരിട്ട് സഹായം ലഭിക്കുന്ന നാഷ്‌നല്‍ ഡെമോക്രാറ്റിക് ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്റര്‍നാഷ്‌നല്‍ റിപ്പബ്ലിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഫ്രീഡം ഹൗസ്, ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ജേര്‍ണലിസ്റ്റ്‌സ് തുടങ്ങിയ സ്ഥാപനങ്ങളും അമേരിക്കന്‍ ഗതാഗത സെക്രട്ടറി സാം ലഹൂദിന്റെ മകന്‍ റേ ലഹൂദ് അടക്കം ഒട്ടനവധി അമേരിക്കക്കാരും കേസില്‍കുടുങ്ങി ഇപ്പോള്‍ വിചാരണത്തടവിലാണ്. വിപ്ലവനാന്തര ഈജിപ്തില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരിലുള്ള കുറ്റം. എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന് നിര്‍ബന്ധമുള്ള അമേരിക്കക്കാര്‍ക്ക് ഈ വിഷയത്തില്‍ അവരുടെ ആളുകള്‍ തെറ്റ് ചെയ്തിട്ടില്ലായെന്നതില്‍ തരിമ്പും സംശയമില്ലായെന്ന് മാത്രമല്ല അവരെ ഉടന്‍ വിട്ടയക്കണമെന്ന് പ്രസിഡന്റ് ഒബാമ, വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍, പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ തുടങ്ങിയവര്‍ നേരിട്ടുതന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. അല്ലെങ്കില്‍ ഈജിപ്തിനുള്ള ബില്യന്‍ ഡോളര്‍ സഹായം നിര്‍ത്തലാക്കണമെന്നുള്ള പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു ചില സെനറ്റര്‍മാര്‍. ഈജിപ്തുകാരുടെ ജനാധിപത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് കുറ്റകരമാണോയെന്നതാണ് അമേരിക്കക്കാരുടെ 'നിഷ്‌കളങ്കമായ' ചോദ്യം.
സ്വേഛാധിപതിയായ മുബാറക്കിന്റെ ഭരണകാലഘട്ടത്തില്‍ സ്വാതന്ത്യത്തിനോ ജനാധിപത്യത്തിനോ വേണ്ടി വിരലനക്കാത്ത ഈ കടലാസ് പുലികള്‍ സാധാരണക്കാരായ പൊതുജനം തങ്ങളെ ഗ്രസിച്ചിരുന്ന ഭീതി കുടഞ്ഞെറിഞ്ഞ്, തെരുവിലിറങ്ങി, ധാരാളം മനുഷ്യജീവന്‍ ബലി നല്‍കി സ്വാതന്ത്ര്യം നേടിയെടുത്തപ്പോള്‍ അവരെ ജനാധിപത്യം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നുവെന്നത് കുലുങ്ങിച്ചിരിക്കാന്‍ വക നല്‍കുന്നതാണ്. വാസ്തവത്തില്‍ അവരുദ്ദേശിക്കുന്ന ജനാധിപത്യം എന്താണെന്നുള്ളത് വ്യക്തം. ഏത് വകയിലും സയണിസ്റ്റ് ഇംപീരിയലിസ്റ്റ് താല്‍പര്യങ്ങള്‍ സംരക്ഷിച്ചെടുക്കുക. 'നാഗരികതകളുടെ സംഘട്ടന'വും 'ചരിത്രത്തിന്റെ അന്ത്യ'വുമൊക്കെ പ്രതീക്ഷിച്ചിരുന്നവര്‍ കാലം തിരിഞ്ഞുകൊത്തുന്നത് കണ്ട് അന്തിച്ചുനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. സൈനിക കൗണ്‍സില്‍ ഈ കേസിനെ എങ്ങിനെ നേരിടുന്നുവെന്നത് ഈജിപ്ഷ്യന്‍ ആത്മാഭിമാനത്തിന്റെ കൊടിയടയാളമാകുമെന്ന് മാത്രമല്ല, ആ രാജ്യത്ത് ജനാധിപത്യവും പൗരസ്വാതന്ത്യവുമൊക്കെ എങ്ങോട്ട് തിരിയുമെന്നതിന്റെ ദിശയും നിര്‍ണയിക്കും.
[email protected]
Comments