ചോദ്യോത്തരം
അറബ് വസന്തംപാശ്ചാത്യരുടെ ഗൂഢ പദ്ധതി?
തുനീഷ്യയിലും ഈജിപ്തിലും നടന്ന രക്തരഹിത പ്രക്ഷോഭങ്ങള്‍ പാശ്ചാത്യ ശക്തികളുടെ ഗൂഢ തന്ത്രങ്ങളുടെ ഭാഗമാണെന്നും പിന്നീട് നടന്ന കലാപങ്ങളെല്ലാം രക്തരൂക്ഷിതമായി പരിണമിക്കുകയാണ് ചെയ്തതെന്നും പട്ടിക്കാട് ജാമിഅ നൂരിയ പ്രിന്‍സിപ്പല്‍ പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍. ഇസ്ലാമിക ഭരണകൂടം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ജനാധിപത്യവത്കരണം ലക്ഷ്യമാക്കിയാണ് പാശ്ചാത്യര്‍ ഇത്തരം പ്രക്ഷോഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. അതുവഴി ഇസ്ലാമിക ഭരണകൂടങ്ങളെ ഷണ്ഡീകരിക്കലാണ് അവരുടെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. മുജീബിന്റെ പ്രതികരണം?
കെ. ഇബ്റാഹീം കുട്ടി മമ്പാട്
തികച്ചും ഏകപക്ഷീയവും വികലവുമാണ് ആലിക്കുട്ടി മുസ്ലിയാര്‍ക്ക് ലഭിച്ച വിവരങ്ങള്‍. തുനീഷ്യയിലോ ഈജിപ്തിലോ നിലവിലിരുന്ന ഭരണകൂടങ്ങള്‍ ജനാധിപത്യപരമോ ഇസ്ലാമികമോ ആയിരുന്നില്ലെന്ന് പൊതുവെ സമ്മതിക്കപ്പെട്ട കാര്യമാണ്. അതേയവസരത്തില്‍ അമേരിക്കയും ബ്രിട്ടന്‍, ഫ്രാന്‍സ് പോലുള്ള അമേരിക്കയുടെ കൂട്ടാളികളും ആ സ്വേഛാധിപത്യ ഭരണകൂടങ്ങളെ താങ്ങിനിര്‍ത്തുകയുമായിരുന്നു. പതിറ്റാണ്ടുകളോളം പരമാവധി സഹിച്ച ആ രാജ്യങ്ങളിലെ ജനസാമാന്യം ഒടുവില്‍ രണ്ടും കല്‍പിച്ച് മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി പ്രക്ഷോഭ രംഗത്തിറങ്ങിയപ്പോള്‍ അത് വിജയത്തിലേക്ക് നീങ്ങുന്നു എന്ന് കണ്ട സാമ്രാജ്യത്വശക്തികള്‍ കളം മാറ്റിച്ചവിട്ടി. അല്ലാതെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ അവരായിരുന്നില്ല. ഈ രണ്ട് നാടുകളിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം ജനങ്ങളുടെ ഇസ്ലാമിക താല്‍പര്യം സംശയാതീതമായി തെളിയിക്കുകയും ചെയ്തു. ലിബിയയിലും സിറിയയിലും ഏകാധിപതികള്‍ ജനകീയ പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ പോരാളികള്‍ക്ക് പരസഹായം തേടേണ്ടിവന്നത് നിസ്സഹായാവസ്ഥയിലാണ്. അപ്പോഴും സാമ്രാജ്യത്വ ഇടപെടലുകളെ കഴിവതും മാറ്റിനിര്‍ത്താന്‍ ജനകീയ കൂട്ടായ്മകള്‍ ശ്രമിച്ചിട്ടുണ്ട്, ശ്രമിക്കുന്നുമുണ്ട്. സിറിയയില്‍ ശീഈ തീവ്രവാദികളായ അലവികള്‍ സുന്നീ ഭൂരിപക്ഷത്തിന്റെ മേല്‍ അടിച്ചേല്‍പിച്ച സൈനികാധിപത്യമാണ് നിലനില്‍ക്കുന്നത് എന്നതും മറക്കരുത്. റഷ്യയുടെയും ചൈനയുടെയും പിന്തുണയാണ് ബശ്ശാറുല്‍ അസദിനെ പിടിച്ചുനില്‍ക്കാന്‍ സഹായിക്കുന്നതും.
ഇസ്ലാമിന്റെ ജനാധിപത്യപരമോ സാമൂഹികമോ ആയ നിലപാടുകളെയും പ്രത്യയശാസ്ത്രപരമായ മാനങ്ങളെയും കുറിച്ച അജ്ഞതയും ഇസ്ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ച മുന്‍വിധിയുമാണ് നമ്മുടെ സാമ്പ്രദായിക മതപണ്ഡിതന്മാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കാധാരം.
വൈകിയുദിച്ച യാഥാര്‍ഥ്യ ബോധം
"പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന എക്സ്പ്രസ് ഹൈവേ പോലുള്ള വികസനം സംസ്ഥാനത്തിന് ആവശ്യമില്ല. ജൈവവൈവിധ്യം തകര്‍ത്തുകൊണ്ടുള്ള വികസനം നടപ്പാവില്ല. പഴമയെ സംരക്ഷിച്ചും കുളങ്ങളും നെല്‍ വയലുകളും തണ്ണീര്‍ തടങ്ങളും നശിപ്പിക്കപ്പെടുന്നത് ഒഴിവാക്കിക്കൊണ്ടുമുള്ള വികസനമാണ് ഇനിയാവശ്യം. നേരത്തെ 10 വരി പാത ജനങ്ങള്‍ എതിര്‍ത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായി'' (എം.കെ മുനീര്‍, മാധ്യമം ഫെബ്രുവരി 19, 2012).
എക്സ്പ്രസ് ഹൈവേ പ്രഖ്യാപിച്ച ഒന്നാം തീയതി മുതല്‍ ഇതിന്റെ ഭവിഷ്യത്ത് മുമ്പില്‍ കണ്ട് വിപ്ളവകരമായി പ്രതികരിച്ച സോളിഡാരിറ്റി പോലുള്ള സംഘടനകളെ കടന്നാക്രമിച്ച എം.കെ മുനീറിന്റെ ഈ തിരിച്ചറിവ് രാഷ്ട്രീയ നൈതികതയുടെയും അവബോധത്തിന്റെയും അഭാവമല്ലേ മുഴപ്പിച്ചു കാണിക്കുന്നത്? ഒപ്പം ഇതിന് നേതൃത്വപരമായ നിലപാട് സ്വീകരിച്ച ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും പോഷക സംഘടനകളുടെയും വിജയവുമല്ലേ മേല്‍ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത്?
വി. ഹശ്ഹാശ് കണ്ണൂര്‍ സിറ്റി
റിയല്‍ എസ്റേറ്റ് ബിസിനസ്സുകാരുടെയും കോര്‍പറേറ്റ് ലോബിയുടെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി മുന്‍ യു.ഡി.എഫ് ഭരണകാലത്ത് മന്ത്രി മുനീര്‍ കാസര്‍ഗോഡ്-തിരുവനന്തപുരം അതിവേഗ പാതയുടെ രൂപരേഖ സ്വപ്ന പദ്ധതിയായി അവതരിപ്പിച്ചപ്പോള്‍ തന്നെ അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സോളിഡാരിറ്റിയും മറ്റു പോരാട്ട കൂട്ടായ്മകളും മാധ്യമം പത്രവും ചൂണ്ടിക്കാട്ടിയിരുന്നതാണ്. 507 കി.മീറ്റര്‍ നീളത്തില്‍ 100 മീറ്റര്‍ വീതിയും ഏഴു മീറ്റര്‍ ഉയരവുമുള്ളതായിരുന്നു നിര്‍ദിഷ്ട അതിവേഗ പാത. അതിനായി മൊത്തം 13685 ഏക്കര്‍ ഭൂമി വേണമായിരുന്നു. 4926 ഏക്കര്‍ വരുന്ന വയലുകളും തണ്ണീര്‍ തടങ്ങളും മണ്ണിട്ട് നികത്തണമായിരുന്നു. 7320 ഏക്കര്‍ കൃഷി തദ്ഫലമായി ഇല്ലാതാവുമായിരുന്നു. 1369 ജനവാസ കേന്ദ്രങ്ങള്‍ തകര്‍ക്കണമായിരുന്നു. നികത്താന്‍ രണ്ടുകോടി ക്യൂബിക് മീറ്റര്‍ മണ്ണും, പണിയാന്‍ ഒരു കോടി ക്യൂബിക് മീറ്റര്‍ മണലും ഒന്നര കോടി ക്യൂബിക് മീറ്റര്‍ വലിയ മെറ്റലും വേണമെന്നായിരുന്നു കണക്ക്. കുടിയൊഴിപ്പിക്കേണ്ടത് 7000 കുടുംബങ്ങളെയും. ഇത്ര ഭീകരവും അപ്രായോഗികവുമായത് കൊണ്ടാണ് മുനീറിന്റെ സ്വപ്ന പദ്ധതിയെ എതിര്‍ക്കേണ്ടിവന്നത്. ഒപ്പം തന്നെ, പരിസ്ഥിതി ധ്വംസനം പരമാവധി കുറച്ചും കൃഷിഭൂമി കഴിയുന്നത്ര ഒഴിവാക്കിയും പുനരധിവസിപ്പിക്കപ്പെടേണ്ടവരുടെ എണ്ണം മിനിമത്തിലെത്തിച്ചുമുള്ള ഒരു ആറുവരി പാത ബദല്‍ നിര്‍ദേശമായി അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയും മാധ്യമവും വികസനത്തിന്റെ സ്ഥിരം ശത്രുക്കളാണെന്ന മുറവിളിയാണ് കേരളത്തിലും ഗള്‍ഫിലും മുഴങ്ങിക്കേട്ടത്.
ഇന്നോ? സാക്ഷാല്‍ പി.കെ കുഞ്ഞാലിക്കുട്ടി തന്നെ ഒന്നിലധികം തവണ വ്യക്തമാക്കി കഴിഞ്ഞു, പരിസ്ഥിതി സൌഹൃദ പദ്ധതികളേ കേരളത്തില്‍ പ്രായോഗികമാവൂ എന്ന്. മന്ത്രി മുനീറാകട്ടെ തനിക്ക് പറ്റിയ തെറ്റ് പരോക്ഷമായി സമ്മതിക്കുകയും ചെയ്തു. മറ്റു കാര്യങ്ങളിലും ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും അനുബന്ധ സംഘടനകളുടെയും എതിര്‍പ്പ് തത്ത്വാധിഷ്ഠിതവും നീതിപൂര്‍വകവുമായിരുന്നു എന്ന് ഇവര്‍ക്കൊക്കെ ബോധ്യപ്പെടാതിരിക്കില്ല.
മൃഗബലിയും അഹിംസയും
"ഇബ്റാഹീം നബിയുടെ ത്യാഗത്തിന്റെ ഓര്‍മയില്‍ പെരുന്നാള്‍ ദിനത്തില്‍ സമ്പന്നരെല്ലാം മാംസവിതരണം നടത്തുമ്പോള്‍ ആ പ്രദേശത്തെ കുടുംബങ്ങളെല്ലാം സുഭിക്ഷമായി ആഹാരം കഴിക്കുന്നു. പക്ഷേ, ഇസ്ലാമിന്റെ പിന്‍മുറക്കാര്‍ക്ക് അതിന്റെ ആശയങ്ങളെയല്ലാതെ ഗോത്ര സംസ്കാരത്തിന്റെ ബാക്കി പത്രങ്ങളെ പിന്‍പറ്റേണ്ട ബാധ്യതയുണ്ടോ? അവരുടെ ബലി, ത്യാഗം, തങ്ങള്‍ സമ്പാദിച്ചുവെച്ചതിന്റെ വിഹിതം ദരിദ്രന് പങ്കുവെക്കുന്നിടം വരെ പോരേ? പട്ടിണിയകറ്റാന്‍ എന്തു കഴിക്കണമെന്ന്, പെരുന്നാള്‍ ദിനത്തെ സമ്പന്നമാക്കാന്‍ എന്തു ഭക്ഷണം പാകം ചെയ്യണമെന്ന് ദരിദ്രന് തീരുമാനിക്കാമല്ലോ? പകരം ത്യാഗത്തിന്റെ ഓര്‍മദിവസത്തെ ബലിച്ചോര കൊണ്ട് ചുവപ്പിക്കേണ്ടതുണ്ടോ? എല്ലാ പെരുന്നാള്‍ ദിനത്തിലും ഈ അസ്വസ്ഥതകള്‍ എന്നെ വേട്ടയാടുന്നു. അഹിംസയുടെ പാഠങ്ങള്‍ക്കു പകരം, ബലിയാവശ്യപ്പെടുന്ന പുരുഷ കല്‍പിത ഈശ്വര സങ്കല്‍പവും അതിനായി ഒരുങ്ങിപ്പുറപ്പെടുന്ന പുരുഷന്റെ ഭക്തിയുമാണ് പെരുന്നാള്‍ ദിനത്തില്‍ ഓര്‍മിക്കപ്പെടുന്നത്. ഈ വൈരുധ്യത്തെയാണ് ബര്‍സയില്‍ നായികയുടെ ചിന്തയായി, ഹാജറയുടെ മൊഴികളായി ആവിഷ്കരിക്കപ്പെടുന്നത്'' ('സ്വര്‍ഗത്തിലെ ചൂടും നരകത്തിലെ തണുപ്പും', ഡോ. ഖദീജ മുംതാസ്, മാതൃഭൂമി ആഴ്ചപതിപ്പ്, ഫെബ്രുവരി 26-മാര്‍ച്ച് 3), മുജീബിന്റെ മറുപടി?
സാലിം പൂച്ചമാന്തി
പല തവണ ഇതേ പംക്തിയില്‍ മറുപടി നല്‍കിക്കഴിഞ്ഞതാണീ ചോദ്യം. പുതിയ വിമര്‍ശകരും പുതിയ വായനക്കാരും ഉണ്ടായിവരുമ്പോള്‍ മറുപടി ആവര്‍ത്തിക്കേണ്ടിവരുന്നു.
ആദ്യമായി തീരുമാനിക്കേണ്ടത് ജന്തുഹത്യയെ ഇക്കൂട്ടര്‍ പാടെ നിരാകരിക്കുന്നുണ്ടോ എന്ന പ്രശ്നമാണ്. ആഹാരത്തിന് സസ്യേതര വസ്തുക്കളും ആവാമെന്ന് തീരുമാനിച്ചവരാണ് ലോകത്തിലെ മഹാ ഭൂരിപക്ഷവും. ജന്തുക്കളില്‍ മൃഗങ്ങള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍, മത്സ്യം എന്നിവയെല്ലാം പെടും. ഇവയില്‍ ഏതെങ്കിലും വര്‍ഗത്തിന്റെ ജീവനു മാത്രം പവിത്രതയും മറ്റുള്ളവക്ക് പവിത്രതയില്ലായ്മയും ആരോപിക്കുന്നത് പ്രകൃതിപരമോ യുക്തിസഹമോ അല്ല. അതിനാല്‍ അഹിംസ സ്വീകരിക്കാമെന്ന് വെച്ചാല്‍ ശ്രീബുദ്ധന്‍ പഠിപ്പിച്ച പോലെ ഒരു പ്രാണിയെയും ഒന്നിന്റെ പേരിലും കൊല്ലരുത്. ചിലതിന്റെ മാത്രം ഹിംസ തെറ്റാണ്, അഥവാ ചില നേരങ്ങളില്‍ മാത്രം ക്രൂരമാണ് എന്ന വിധിതീര്‍പ്പിന് ഒരുവിധ ന്യായീകരണവുമില്ല. പക്ഷേ, ബുദ്ധന്റെ പ്രമാണം ബുദ്ധമതക്കാര്‍ക്ക് പോലും പ്രായോഗികമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
ഇനി മൃഗമാംസം തന്നെ എടുത്താലും ആട്, മാട്, മുയല്‍, നായ, പന്നി എന്നിവയെല്ലാം ലോകത്തിന്റെ തീന്‍മേശപ്പുറത്തുണ്ട്. ചില ജന്തുക്കളുടെ മാംസം ചിലര്‍ നിഷിദ്ധമായി കാണുന്നത് ആരോഗ്യപരമായ കാരണങ്ങളാലല്ല, ധാര്‍മികമോ മറ്റോ ആയ പരിഗണനകളാലാണ്. ഉദാഹരണത്തിന് ബ്രാഹ്മണര്‍ക്ക് കാളയിറച്ചി നിഷിദ്ധമാണ്, മുസ്ലിംകള്‍ക്ക് പന്നി മാംസവും. രണ്ടും മതപരമായ കാരണങ്ങളാല്‍. നിത്യേന കോടിക്കണക്കിന് ജീവികളുടെ മാംസം മനുഷ്യര്‍ തിന്നുതീര്‍ക്കുന്നതില്‍ ഇടപെടല്‍ വേണമെന്ന് തോന്നാത്ത അഹിംസാവാദികള്‍ ബലിപെരുന്നാളിലെ മൃഗബലിയെ മാത്രം ക്രൂരമായി വിലയിരുത്തുന്നതില്‍ കാര്യമായ പന്തികേടില്ലേ? ഇസ്ലാമിലെ ബലി കുരുതി അല്ല. വെറുതെ ചോര ഒലിപ്പിക്കുകയുമല്ല. വിശിഷ്ട ഭോജ്യമായി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ദരിദ്രര്‍ക്കും നല്‍കണമെന്നാണ് ദൈവശാസന. ബലിമൃഗത്തിന്റെ മാംസമോ രക്തമോ ദൈവത്തിനാവശ്യമില്ല എന്നും ഒപ്പം തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഏറ്റവും ഇഷ്ടപ്പെട്ടത് ദൈവമാര്‍ഗത്തില്‍ ബലികഴിക്കാനുള്ള സന്നദ്ധത പരീക്ഷിക്കുക മാത്രമാണ് അല്ലാഹു ചെയ്യുന്നത്. ഇതിലെന്താണൊരു ഹിംസ, പുരുഷമേധാവിത്വം? പ്രവാചകന്‍ സ്വന്തം പത്നിമാര്‍ക്ക് വേണ്ടിയും ബലിയറുക്കുകയും മറ്റുള്ളവരോട് അപ്രകാരം ചെയ്യാന്‍ കല്‍പിക്കുകയും ചെയ്തിട്ടുണ്ട്. ഗോത്രവര്‍ഗ സംസ്കാരമാണോ മാംസഭോജനം? എങ്കില്‍ അത്യാധുനിക ഗോത്ര രഹിത സംസ്കാരത്തില്‍ നിത്യേന കശാപ്പ് ചെയ്യപ്പെടുന്ന ആടുമാടുകളോ? ആണുങ്ങളെപ്പോലെ പെണ്ണുങ്ങളും അതൊക്കെ യഥേഷ്ടം ഭുജിക്കുന്നുണ്ട് താനും. അല്‍ കബീര്‍ എന്ന പേരിലുള്ള അമുസ്ലിം കമ്പനി ഇന്ത്യയില്‍ നിന്ന് ദിവസവും ആയിരക്കണക്കിന് മാടുകളുടെ മാംസമാണ് കയറ്റുമതി ചെയ്യുന്നത് എന്നും ഓര്‍ക്കണം. അഹിംസയാണ് വേണ്ടതെങ്കില്‍ എല്ലാം നിര്‍ത്താന്‍ ആവശ്യപ്പെടണം. അതല്ല, കിട്ടുന്ന ഏത് വടി കൊണ്ടും ഇസ്ലാമിനെ അടിക്കുകയാണ് താല്‍പര്യമെങ്കില്‍ അത് തിരിച്ചറിയാന്‍ കഴിയുന്നവരാണ് കേരളീയ മുസ്ലിം എന്നോര്‍ക്കുന്നത് നന്നാവും.
തിരുകേശ വന്ദനം നിര്‍ബന്ധം?
പ്രവാചകന്റെ ശേഷിപ്പുകളല്ല വാക്കുകളാണ് പരിഗണിക്കേണ്ടത് എന്നു പറഞ്ഞാല്‍ അതും ശരിയാണ്. ഹജ്ജത്തുല്‍ വദാഇല്‍ തല മുണ്ഡനം ചെയ്ത ശേഷം ബറകത്തിനു വേണ്ടി സൂക്ഷിക്കാന്‍ വിശുദ്ധ കേശം ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അബൂത്വല്‍ഹ(റ)വിനോട് കല്‍പിച്ചത് പ്രവാചകന്‍ തന്നെയാണ്. ആ വാക്കുകളാണ് സുന്നികള്‍ അനുസരിക്കുന്നത്.
നിസ്കാരവും ഹജ്ജും സകാത്തും നിയമമാകുന്നത് ഏത് പ്രമാണങ്ങളുടെ പിന്‍ബലത്തിലാണോ അതേ പ്രമാണമായ ബുഖാരിയും മുസ്ലിമും തന്നെയാണ് തിരുശേഷിപ്പുകള്‍ സംബന്ധിച്ച നിയമങ്ങള്‍ നമുക്ക് നല്‍കിയത്. ജമാഅത്തെ ഇസ്ലാമിക്ക് ബുഖാരി കൊണ്ട് നിസ്കാരം നിര്‍ബന്ധമാകുകയും തിരുകേശം മലിനമാകുകയും ചെയ്യുന്നത് വിശ്വാസ വ്യതിയാനം കാരണമാണ് (സിറാജ് ദിനപത്രം 2012 ഫെബ്രുവരി 24). മുജീബിന്റെ പ്രതികരണം?
ജമാല്‍ പാലേരി, ഒമാന്‍
വക്രീകരണത്തിനും ദുര്‍വ്യാഖ്യാനത്തിനും മികച്ച ഉദാഹരണമാണ് തിരുകേശ പ്രസ്ഥാനക്കാരുടെ വാദഗതി. 'നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമ മാതൃകയുണ്ട്' എന്നും 'തിരുദൂതര്‍ നിങ്ങള്‍ക്കായി കൊണ്ടുവന്നത് നിങ്ങള്‍ സ്വീകരിക്കുക, അദ്ദേഹം നിരോധിച്ചത് നിങ്ങള്‍ വര്‍ജിക്കുക' എന്നും വിശുദ്ധ ഖുര്‍ആന്‍ ഉദ്ബോധിപ്പിച്ചത് തിരുമേനിയുടെ ജീവിത മാതൃകയെക്കുറിച്ചാണ്. ശേഷിപ്പുകളെക്കുറിച്ചല്ല. അല്ലാഹുവും റസൂലും നിര്‍ബന്ധമാക്കിയതോ സുന്നത്താക്കിയതോ നിഷിദ്ധമാക്കിയതോ അനുവദിച്ചതോ ഏത് ഇനത്തിലാണ് തിരുകേശ സൂക്ഷിപ്പും മുടിവെള്ളം കുടിയും ഉള്‍പ്പെടുക എന്നും പറയണം. നമസ്കാരവും സകാത്തും നോമ്പും ഹജ്ജും പോലെ നിര്‍ബന്ധമാണോ മുടിവന്ദനം? അല്ലെങ്കില്‍ സുന്നത്തെങ്കിലുമാണോ? എങ്കില്‍ അത് സൂക്ഷിക്കുകയോ സൂക്ഷിച്ചവരില്‍ നിന്ന് വാങ്ങുകയോ ചെയ്യാതിരുന്ന മഹാ ഭൂരിഭാഗം സ്വഹാബികളെക്കുറിച്ചെന്ത് പറയുന്നു? തന്റെ ശിഷ്യന്മാരില്‍ വളരെ കുറച്ചാള്‍ക്ക് മാത്രം മതി ഈ മഹാ പുണ്യം എന്ന് നബി(സ) തന്നെ തീരുമാനിച്ചതാവുമോ? അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പത്നി ആഇശക്കോ പുത്രി ഫാത്വിമക്കോ പോലും തിരുകേശം സൂക്ഷിക്കേണ്ടതാണെന്ന് തോന്നാതിരുന്നതെന്തേ? ഖുലഫാഉര്‍റശിദുകളായ അബൂബക്കറോ ഉമറോ ഉസ്മാനോ അലിയോ തിരുകേശം സൂക്ഷിച്ചതായി ഉദ്ധരിക്കപ്പെടാതിരുന്നതിന് കാരണമെന്താണ്? അവര്‍ നബി(സ)യെ വേണ്ടവിധം സ്നേഹിച്ചിരുന്നില്ലെന്നാണോ? അതല്ലെങ്കില്‍ മുടി അവര്‍ക്ക് കിട്ടാതിരുന്നതോ? നബിയുടെ മുടിക്ക് മാത്രം മാഹാത്മ്യം ലഭിച്ചതും വസ്ത്രം, ചെരിപ്പ്, വടി, മിസ്വാക്ക് മുതലായവക്കൊന്നും ശ്രേഷ്ഠതയില്ലാതെ പോയതും എന്തുകൊണ്ടാവും? തിരുശേഷിപ്പുകളില്‍ അതൊന്നും പെടുകയില്ലെന്നാണോ?
വിവാദം ജമാഅത്തെ ഇസ്ലാമിയുടെ മാത്രം പിരടിയില്‍ ചുരുക്കിക്കെട്ടാന്‍ സിറാജ് ലേഖകന്‍ സമര്‍ഥമായി ശ്രമം നടത്തിയതും ശ്രദ്ധേയമാണ്. കാരന്തൂരിലെ മര്‍ക്കസില്‍ പ്രവാചകന്റേതെന്നവകാശപ്പെട്ട കേശം കൊണ്ടുവന്നു സൂക്ഷിക്കുകയും ആണ്ടിലൊരിക്കല്‍ പ്രദര്‍ശിപ്പിക്കുകയും അത് മുക്കിയ വെള്ളം കുടിപ്പിക്കുകയുമൊക്കെ ചെയ്യാന്‍ തുടങ്ങിയിട്ട് നാലഞ്ച് വര്‍ഷമായി. അന്നൊന്നും ആരും പ്രശ്നമാക്കുകയോ വിവാദമാക്കുകയോ ചെയ്തില്ല. ഇക്കൊല്ലം പക്ഷേ, തിരുകേശ പ്രദര്‍ശനത്തിന് 40 കോടി രൂപയുടെ ശഅ്റെ മുബാറക് പള്ളിയുണ്ടാക്കുമെന്നും അതിന് ചുറ്റും കോംപ്ളക്സ് പണിയുമെന്നും കാന്തപുരം മുസ്ലിയാര്‍ പ്രഖ്യാപിച്ചതോടെയാണ് സമസ്ത ഇ.കെ വിഭാഗം പ്രശ്നത്തില്‍ ഇടപെട്ടതും ചൂടേറിയ വിവാദത്തിന് വഴിതുറന്നതും. ഒടുവില്‍ സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ അടക്കം അതേപ്പറ്റി അഭിപ്രായം പറഞ്ഞതോടെ മുടി പൊതു ഇഷ്യൂ ആയി മാറി. അന്നേരമാണ് ജമാഅത്തെ ഇസ്ലാമി അതേപ്പറ്റി അഭിപ്രായ പ്രകടനത്തിന് മുതിര്‍ന്നതും അന്ധവിശ്വാസത്തിന്റെ വ്യാപാരവത്കരണത്തെക്കുറിച്ച് സമുദായത്തിന് മുന്നറിയിപ്പ് നല്‍കിയതും. പ്രവാചകന്റെ ജീവിത മാതൃകയും അദ്ദേഹത്തിന്റെ ശാസനകളും തന്നെയാണ് സര്‍വഥാ പ്രധാനം എന്ന നിലപാടില്‍ ജമാഅത്ത് ഉറച്ചു നില്‍ക്കുന്നു. പകരം, കേശവിവാദം പോലുള്ള ബാലിശ പ്രശ്നങ്ങളിലേക്ക് വിശ്വാസികളുടെ ശ്രദ്ധ തിരിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്, വിനാശകരവും.
Comments