ആരാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി?
ഹിജ്‌റ അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ ജീവിച്ച പ്രമുഖ സമുദായ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി. ഹിജ്‌റ 470 (ക്രി. 1077)റബീഉല്‍ ആഖിറില്‍ ഇറാഖിലെ ജീലാനി (ഗീലാന്‍)ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ദീനിനെ പുനരുജ്ജീവിപ്പിച്ചവന്‍ (മുഹ്‌യിദ്ദീന്‍) എന്ന സ്ഥാനപ്പേരില്‍ വിശ്രുതനായി. പ്രാഥമിക വിജ്ഞാനം സ്വദേശത്തുനിന്ന് കരസ്ഥമാക്കിയ ശേഷം കൂടുതല്‍ വിജ്ഞാന സമ്പാദനത്തിന് യാത്ര തിരിക്കാന്‍ മാതാവിനോട് അദ്ദേഹം അനുമതി തേടി. അന്ന് 78 വയസ്സ് പ്രായമുണ്ടായിരുന്ന ഉമ്മ തന്റെ ആകെയുള്ള 80 ദീനാര്‍ സമ്പാദ്യത്തില്‍ നിന്ന് 40 ദീനാര്‍ മകന് നല്‍കി അവനെ അറിവിന്റെ ലോകത്തേക്ക് യാത്രയയച്ചു. ഏത് പ്രതിസന്ധി ഘട്ടത്തിലും സത്യം മാത്രം പറയുക, പഠിച്ച് ഉന്നതനായി ദീനിന് സേവനം ചെയ്യുക എന്ന ഉപദേശവും മകന് നല്‍കി. ഈ ഉപദേശമാണ് ശൈഖിന്റെ ജീവിതത്തിലെ പ്രഥമ യാത്രാ പാഥേയം. വിജ്ഞാന സമ്പാദനത്തിന് ബഗ്ദാദിലേക്ക് സഞ്ചരിക്കവെ കൊള്ളക്കാര്‍ ജീലാനിയെയും സഹയാത്രക്കാരെയും പിടികൂടി. തന്റെ കൈവശമുള്ള തുക എത്രയാണെന്ന് സത്യം പറഞ്ഞതിനെത്തുടര്‍ന്ന് അവര്‍ ശൈഖിനെയും യാത്രക്കാരെയും വിട്ടയച്ച സംഭവം പ്രസിദ്ധമാണ്.
പതിനെട്ടാം വയസ്സിലാണ് ജീലാനി ബഗ്ദാദിലെത്തിയത്. ഒരുവശത്ത് ശീഈകള്‍, മറുവശത്ത് മുഅ്തസിലികള്‍, ഖുര്‍ആന്‍ സൃഷ്ടിയാണോ അല്ലേ തുടങ്ങിയ കോലാഹലങ്ങള്‍ ഇങ്ങനെ സംഘര്‍ഷഭരിതമായിരുന്നു അന്ന് ബഗ്ദാദ്. പിഴച്ച പണ്ഡിതരും വഴിതെറ്റിയ സ്വൂഫികളും ചേര്‍ന്ന് സാധാരണക്കാരുടെ പണം പിടുങ്ങുന്ന കാലം. ധര്‍മച്യുതിയും സാമ്പത്തിക ചൂഷണവും കാപട്യവും രംഗം കൈയടക്കിയിരുന്നു. സല്‍ജൂഖി സുല്‍ത്താന്മാര്‍ക്കിടയില്‍ രാഷ്ട്രീയ അസ്ഥിരതയുണ്ടായതിനെത്തുടര്‍ന്ന് അധികാരം വിട്ടൊഴിയലും കോട്ട പിടിച്ചടക്കലുമെല്ലാം നിര്‍ബാധം അരങ്ങേറി. ഭരണാധികാരികള്‍ സ്വരക്ഷക്കു വേണ്ടി പലതരം തന്ത്രങ്ങള്‍ പയറ്റിക്കൊണ്ടിരുന്നു. അബ്ബാസി ഖലീഫ മുസ്തള്ഹിര്‍ ബില്ലായുടെ കാലത്ത് കുരിശുയുദ്ധത്തിന് ആരംഭവും കുറിക്കപ്പെട്ടു. അതിന്റെ പ്രതിഫലനങ്ങള്‍ ബഗ്ദാദില്‍ അലയൊലികളുയര്‍ത്തിയെങ്കിലും മുസ്തള്ഹിറിന്റെ സാമര്‍ഥ്യം ബഗ്ദാദിനെ കടന്നാക്രമണങ്ങളില്‍നിന്ന് രക്ഷിച്ചു. പുറത്തെ കാലുഷ്യങ്ങള്‍ ബഗ്ദാദില്‍ ഏറെയൊന്നും പ്രതിഫലിച്ചില്ല. ഈ ശാന്തമായ അവസ്ഥ പരമാവധി ഉപയോഗപ്പെടുത്തി കഴിയുന്നത്ര വിജ്ഞാനം കരസ്ഥമാക്കാനാണ് ശൈഖ് ജീലാനി ശ്രമിച്ചത്. അക്കാലത്തെ പ്രഗത്ഭരായ പണ്ഡിതന്മാരില്‍ നിന്നും ഇമാമുകളില്‍നിന്നുമാണ് അദ്ദേഹം അറിവാര്‍ജിച്ചത്.
ഹിജ്‌റ 498-ല്‍ പഠനം പൂര്‍ത്തിയാക്കിയ ശൈഖ് ജീലാനിയുടെ സ്വഭാവ രൂപവത്കരണത്തില്‍ ഏറെ സ്വാധീനം ചെലുത്തിയത് ശൈഖ് അബ്ദുല്‍ ഖൈര്‍ ഹമ്മാദുബ്‌നു മുസ്‌ലിമും ഖാദി അബൂ സഈദ് മഖ്‌റമിയുമായിരുന്നു. വിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും ആര്‍ക്കും അവലംബിക്കാവുന്ന സ്രോതസ്സായിരുന്നു ജീലാനിയെന്ന് ശൈഖ് അബ്ദുല്‍ ഹഖ് മുഹദ്ദിസ് ദഹ്‌ലവി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രവര്‍ത്തന പാതയില്‍
ഖുര്‍ആന്‍, സുന്നത്ത് എന്നിവയില്‍ നിന്ന് വിദ്യയഭ്യസിച്ചും ശരീഅത്തിന്റെ വര്‍ണം ജീവിതത്തില്‍ എടുത്തണിഞ്ഞും ദൈവഭക്തിയും ഉന്നത സ്വഭാവവും ആത്മബലമാക്കിയും പ്രവര്‍ത്തന പാതയില്‍ ഇറങ്ങിയ ശൈഖ് ജീലാനി, മൂന്ന് മേഖലയിലാണ് ശ്രദ്ധ പതിപ്പിച്ചത്. പ്രബോധനപരമായ സമ്മേളനങ്ങള്‍, അധ്യാപനം, സംസ്‌കരണ പ്രധാനമായ സദസ്സുകളുടെ സംഘാടനം എന്നിവയില്‍. തന്റെ ഗുരുവര്യന്‍ ശൈഖ് അബൂസഈദ് മഖ്‌റമിയുടെ മതപാഠശാലയില്‍ തന്നെയാണ് ദഅ്‌വ സംഗമങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടത്. ശ്രോതാക്കളുടെ ആധിക്യം കാരണം പാഠശാല വികസിപ്പിച്ചെങ്കിലും അതും മതിയാകാതെ വന്നു. തുടര്‍ന്ന് പട്ടണത്തിന് പുറത്ത് വലിയ മൈതാനിയിലായിരുന്നു ശൈഖ് ജീലാനിയുടെ പ്രഭാഷണങ്ങള്‍ നടന്നത്. ഒരു ഘട്ടത്തില്‍ 70000 ശ്രോതാക്കള്‍ വരെ സദസ്സിലുണ്ടായിരുന്നു. 40 വര്‍ഷം നീണ്ടു ആ പ്രഭാഷണ പരമ്പര. 40 പേര്‍ ആ പ്രഭാഷണങ്ങളും ക്ലാസ്സുകളും രേഖപ്പെടുത്താന്‍ വേണ്ടി സദസ്സില്‍ ഇരിക്കുന്നുണ്ടാവും. സംസ്‌കരണ പ്രധാനമായ ഈ പ്രഭാഷണങ്ങള്‍ ആഴ്ചയില്‍ മൂന്ന് തവണയാണ് നടക്കാറുണ്ടായിരുന്നത്.
പ്രഭാഷണത്തിന്റെ രീതിശാസ്ത്രം
'മറ്റെല്ലാ ദീനുകളേക്കാളും തന്റെ മതത്തെ വിജയിപ്പിക്കാന്‍ വേണ്ടി സന്മാര്‍ഗവും സത്യസന്ദേശവുമായി തന്റെ ദൂതനെ അയച്ചവനാണ് അല്ലാഹു' എന്ന ഖുര്‍ആന്‍ സൂക്തം ആമുഖമായി കേള്‍പ്പിച്ചാണ് ശൈഖ് ജീലാനി പ്രഭാഷണം തുടങ്ങുക. തൗബ, സ്വഫ്ഫ്, ഫത്ഹ് എന്നീ മൂന്ന് അധ്യായങ്ങളില്‍ വന്ന ഈ സൂക്തം ഉരുവിട്ട ശേഷം നിലവിലെ ഭരണാധികാരിയെ സത്യമാര്‍ഗത്തില്‍ നടത്താനുള്ള പ്രാര്‍ഥന ഉണ്ടാവും. ഈ രണ്ട് കാര്യങ്ങളിലൂടെയും താന്‍ എന്ത് ലക്ഷ്യം വെക്കുന്നുവെന്ന് സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു ഈ പരിഷ്‌കര്‍ത്താവ്.
രാഷ്ട്രീയ ശക്തിയെ ശുദ്ധീകരിക്കാതെ ഒരു ജീവിത വ്യവസ്ഥയും നടപ്പില്‍ വരുത്താനാവില്ല. അബ്ബാസികളുടെ ഖിലാഫത്ത് പൂതലിച്ച കാലമായിരുന്നു അത്; സുഖലോലുപരായാണ് ഭരണാധികാരികള്‍ ജീവിച്ചത്. രാഷ്ട്രീയ പിന്‍ബലമോ കെട്ടുറപ്പോ ഇല്ലാത്തവരാണ് ഭരണാധികാരികളെങ്കില്‍ സമൂഹ പുനരുദ്ധാരണം ഫലം കാണില്ല. ഭരണാധികാരികളെ സുഖിപ്പിക്കുന്നതിനു പകരം, അവരുടെ തെറ്റായ നീക്കങ്ങളെ നിരൂപണ വിധേയമാക്കുകയായിരുന്നു അദ്ദേഹം. ചാട്ടുളി പോലുള്ള പ്രയോഗങ്ങളും തന്റെ തെളിവാര്‍ന്ന വ്യക്തിത്വവും ആത്മാര്‍ഥതയും അദ്ദേഹത്തിന് പൊതുജനങ്ങളില്‍ വന്‍ സ്വീകാര്യത നേടിക്കൊടുത്തു. ഖലീഫമാര്‍ അദ്ദേഹത്തിനെതിരെ തിരിയാന്‍ ധൈര്യപ്പെട്ടിരുന്നില്ല. പൊതുജനങ്ങളോടെന്നപോലെ ഖലീഫമാരോടും ന്യായാധിപന്മാരോടും അദ്ദേഹം നന്മ കല്‍പിച്ചു; തിന്മ വിലക്കി. അക്രമികളെ ഉയര്‍ന്ന സ്ഥാനത്തിരുത്തുന്ന ഭരണാധികാരിയോട്, അവരെ താഴെ ഇറക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഖാദി അബുല്‍ വഫാഅ് യഹ്‌യബ്‌നു സഈദിനെ ഖലീഫ അല്‍ മുഖ്തഫി ലിഅംരില്ലാ ബഗ്ദാദിലെ ന്യായാധിപനായി നിശ്ചയിച്ചപ്പോള്‍ ശൈഖ് ജീലാനി പറഞ്ഞു: ''കൊടിയ അക്രമിയെയാണ് മുസ്‌ലിംകള്‍ക്ക് മേല്‍ താങ്കള്‍ ന്യായാധിപനാക്കിയിരിക്കുന്നത്. കാരുണ്യവാനായ ദൈവത്തിന്റെ അടുക്കല്‍ നാളെ ഇതിന് എന്ത് മറുപടിയാണ് താങ്കള്‍ക്കുണ്ടാവുക?'' ഉടന്‍ ഖലീഫ ഖാദിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. മന്ത്രിമാരും ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ സദസ്സില്‍ ശ്രോതാക്കളായി എത്തിയിരുന്നു. രാജാവിനോളം പദവിയുള്ളവര്‍. ഇവരുടെ തിന്മകളെ വിമര്‍ശിക്കുന്നേടത്തും കടുത്ത ഭാഷ പ്രയോഗിക്കാന്‍ ശൈഖ് മടിച്ചിരുന്നില്ല. ഒരിക്കല്‍ ഖലീഫയുടെ കൊട്ടാരത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തന്റെ സേവകരോടൊപ്പം ക്ലാസ് കേള്‍ക്കാനെത്തിയത് കണ്ട ജീലാനി പെട്ടെന്ന് പ്രഭാഷണ ശൈലി മാറ്റിയ സംഭവവും ഉണ്ടായിട്ടുണ്ട്. ശൈഖ് പറഞ്ഞു: ''പലര്‍ക്കും താല്‍പര്യം മറ്റുള്ളവരുടെ വാലാട്ടിയായി നടക്കാനാണ്. പറയൂ, അല്ലാഹുവിന് സേവനം ചെയ്യുന്നവരായി ആരാണുള്ളത്?'' പിന്നെ ദീര്‍ഘനേരം ഗുണദോഷ പ്രഭാഷണം ചെയ്ത ശേഷം അദ്ദേഹം ഉദ്യോഗസ്ഥനോട് പറഞ്ഞു: '' എഴുന്നേല്‍ക്കൂ! താങ്കളുടെ കൈ എന്റെ കൈയോട് ചേര്‍ത്ത് പിടിച്ച് ഈ ദുന്‍യാവിനെ വിട്ട് അല്ലാഹുവിലേക്ക് മടങ്ങുമെന്ന് കരാര്‍ ചെയ്യുക. അവന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുക. വൈകാതെ താങ്കള്‍ക്കും അവന്റെ സമക്ഷത്തിലേക്ക് മടങ്ങേണ്ടതുണ്ട്.'' പ്രഭാഷണത്തില്‍ ഇടക്ക് കടുത്ത ഭാഷ ഉപയോഗിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ ജീലാനി പറഞ്ഞു: അഴുക്ക് അത്രയും ഉറച്ചുപോയിട്ടുണ്ട്. ഉരച്ച് കഴുകിയാലേ അത് വൃത്തിയാകൂ.
ഇസ്‌ലാമിന്റെ സംസ്ഥാപനത്തില്‍ പങ്കുചേരാതെ മാറിനില്‍ക്കാനുള്ള ന്യായമായി വിധിയെ ഒഴികഴിവായി കൂട്ടുപിടിക്കുന്നവരെയും അദ്ദേഹം വെറുതെ വിട്ടില്ല. മതത്തിന്റെ നവീകരണത്തിന് ക്ഷണിക്കുമ്പോള്‍ ഒഴികഴിവുകള്‍ കണ്ടെത്തുന്നവര്‍ വിവരദോഷികളാണെന്നാണ് അദ്ദേഹം പറഞ്ഞത്. യഥാര്‍ഥ മൂലധനം അഥവാ ആയുഷ്‌കാലം നശിപ്പിച്ചവരാണവര്‍. ബഗ്ദാദില്‍ അന്നുണ്ടായിരുന്ന നിരവധി സംഘങ്ങളില്‍ ഓരോന്നിനെയും പ്രത്യേകം പ്രത്യേകം പേരെടുത്ത് വിളിച്ച്, അവരെ നിരൂപണം ചെയ്ത് സത്യസന്ദേശം കൈമാറുന്ന രീതിയാണ് ജീലാനി സ്വീകരിച്ചത്. ഒരിക്കല്‍ മുഴുവന്‍ ബഗ്ദാദുകാരെയും അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''അല്ലയോ ബഗ്ദാദ് നിവാസികളേ, നിങ്ങളില്‍ കപടത വര്‍ധിക്കുകയും ആത്മാര്‍ഥത (ഇഖ്‌ലാസ്) ചോര്‍ന്നുപോവുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് സംസാരം കൂടുതലും പ്രവൃത്തി കുറവുമാണ്. പ്രവര്‍ത്തനമില്ലാത്ത വാചോടാപം നിഷ്പ്രയോജനമാണെന്ന് മാത്രമല്ല, അത് നിങ്ങള്‍ക്കെതിരായ തെളിവു കൂടിയാകുന്നു. ചെലവഴിക്കാതെ വെച്ച ഖജനാവാണ് പ്രവൃത്തിയില്ലാത്ത വാക്കുകള്‍. ഇഖ്‌ലാസും തൗഹീദും ഖുര്‍ആനും സുന്നത്തുമാകുന്ന ആത്മാവ് ചോര്‍ന്ന ചട്ടക്കൂട് മാത്രമാണ് ഈ വാക്ശരങ്ങള്‍. അശ്രദ്ധ കൈവിട്ട് ദൈവത്തിലേക്ക് മടങ്ങുകയും അവന്റെ അനുശാസനം നടപ്പില്‍ വരുത്തുകയുമാണ് നിങ്ങള്‍ ചെയ്യേണ്ടത്. അവന്‍ വിരോധിച്ചതില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുക. കാപട്യം അങ്ങാടി കൈടയക്കിയ ഇക്കാലത്ത് പ്രവാചകനും അനുചരന്മാരും അറബികളും മുറുകെ പിടിച്ച യഥാര്‍ഥ പാത സംസ്ഥാപിക്കാനാണ് എന്റെ ശ്രമം. ദീനാറും ദിര്‍ഹമും ആണ് ഇന്നത്തെ ആരാധ്യ വസ്തു. ജനങ്ങള്‍ മൂസായുടെ ജനതയെപ്പോലെ അവയെ പൂജിക്കുകയാണ്. ഈ സമ്പാദ്യം വിട്ടെറിഞ്ഞ് വൈകാതെ മനുഷ്യന്‍ ഇരുട്ടും പുഴുക്കളും ഏകാന്തതയും നിറഞ്ഞ ഖബ്‌റില്‍ ചെന്നാണ് കിടക്കേണ്ടത്.'' ഇങ്ങനെ തനിക്കു ലഭിച്ച അവസരങ്ങള്‍ മുഴുക്കെ ദീനിന്റെ പുനരുജ്ജീവനത്തിന് ഇമാം ജീലാനി ചെലവഴിച്ചു.
തന്റെ അനുചരന്മാര്‍ക്ക് ശൈഖ് ജീലാനി കത്തുകള്‍ അയക്കാറുണ്ടായിരുന്നു. അവയിലൊന്നിന്റെ ഉള്ളടക്കം ഇങ്ങനെ: ''പ്രിയ സുഹൃത്തേ, തെളിഞ്ഞ ഹൃദയമാണ് നമുക്കാവശ്യം. അതുകൊണ്ടാണ് ബുദ്ധിശാലികള്‍ പാഠമുള്‍ക്കൊള്ളുക (അല്‍ഹശ്ര്‍ 2). പൂര്‍ണ വിവേകം കരസ്ഥമാക്കുക. അതുമുഖേന ചക്രവാളത്തിലും സ്വന്തത്തിലുമുള്ള ദൃഷ്ടാന്തങ്ങള്‍ കണ്ടെത്തണം. സത്യസന്ധമായ ദൃഢബോധ്യം കാത്തുസൂക്ഷിക്കുക; നിങ്ങള്‍ക്ക് മനസ്സിലാകാത്തവിധം ഭൂമിയിലുള്ള എല്ലാ വസ്തുക്കളും അവന് സ്തുതികളര്‍പ്പിക്കുന്നുണ്ട് (അല്‍ഇസ്രാഅ് 44) എന്നതിന്റെ തെളിവ് അകക്കണ്ണ് കൊണ്ട് മനസ്സിലാക്കാനാവുന്നതാകണം ആ ദൃഢബോധ്യം. എന്റെ അടിമ എന്നെ പറ്റി ചോദിച്ചാല്‍ അവനോട് ഞാന്‍ വളരെ അടുത്തുണ്ട്, അവന്‍ എന്നോട് പ്രാര്‍ഥിക്കുമ്പോഴൊക്കെയും ഞാനതിന് ഉത്തരം നല്‍കും എന്ന ആഹ്വാനത്തെ സ്വാഗതം ചെയ്യുക. നിങ്ങളെ നാം വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങള്‍ നമ്മിലേക്ക് മടക്കപ്പെടുകയില്ലെന്നും വിചാരിക്കുന്നുവോ (അല്‍മുഅ്മിനൂന്‍ 115) എന്ന താക്കീതിനു ചെവികൊടുക്കുന്ന ദൃഢബോധ്യമാണ് നമുക്ക് വേണ്ടത്. അമിതാഗ്രഹങ്ങള്‍ അവരെ വഴിതെറ്റിക്കുന്നു. എന്നാല്‍ വൈകാതെ അവര്‍ യാഥാര്‍ഥ്യമറിയും (അല്‍ ഹിജ്ര്‍ 3) എന്ന താക്കീത് ശ്രവിച്ച് അശ്രദ്ധ കൈവെടിയുക. നിങ്ങള്‍ക്ക് അല്ലാഹുവെ കൂടാതെ യാതൊരു രക്ഷാധികാരിയും സഹായിയും ഇല്ല തന്നെ (അല്‍അന്‍കബൂത്ത് 22) എന്നതു കൂടിയാണ് ദൃഢബോധ്യം. അല്ലാഹുവിലേക്ക് ഓടിയടുക്കുക (അദ്ദാരിയാത്ത് 5) എന്ന കപ്പലിലാണ് യാത്ര ചെയ്യേണ്ടത്. ജിന്നിനെയും മനുഷ്യനെയും എനിക്ക് കീഴ്‌പ്പെട്ട് ജീവിക്കാന്‍ മാത്രമാണ് ഞാന്‍ സൃഷ്ടിച്ചതെന്ന (അദ്ദാരിയാത്ത് 56) ബോധ്യമാണ് വേണ്ടത്. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചാല്‍, അവര്‍ മഹത്തായ വിജയം കരസ്ഥമാക്കിയിരിക്കുന്നു (അല്‍ അഹ്‌സാബ് 71). അവസാനം ജീവന്‍ ഉദ്ദിഷ്ട മാര്‍ഗത്തില്‍ അവസാനിക്കുമ്പോള്‍ അവര്‍ക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ ഉറപ്പാവുകയും ചെയ്തിരിക്കുന്നു.'' ഇങ്ങനെ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ശൈഖ് ജീലാനി ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. ഖുര്‍ആനിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയും അങ്ങനെ അതനുസരിച്ച് ജീവിക്കുന്നവരാക്കി അവരെ മാറ്റിയെടുക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ഫലപ്രാപ്തി
നൂറുകണക്കിനാളുകള്‍ ശൈഖിന്റെ ശ്രമഫലമായി ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. അനേകായിരങ്ങള്‍ ആ സത്യസന്ദേശം ഉള്‍കൊണ്ട് ധിക്കാര ജീവിതം വെടിഞ്ഞ് സന്മാര്‍ഗപാത വരിക്കുകയും ചെയ്തു. പാപമോചന പ്രാര്‍ഥനകളില്ലാതെ അദ്ദേഹത്തിന്റെ ക്ലാസുകള്‍ നടക്കാറുണ്ടായിരുന്നില്ല. ജൂതരും ക്രൈസ്തവരുമെല്ലാം സ്വന്തം പാപങ്ങള്‍ ഏറ്റുപറഞ്ഞ് ഇസ്‌ലാമിലേക്ക് കടന്നുവരുന്ന രംഗങ്ങള്‍. മുസ്‌ലിംകളാകട്ടെ ജീവിതത്തിലെ സകല തിന്മകളും എണ്ണിപ്പറഞ്ഞ് വിശുദ്ധിയുടെ പാതയിലേക്ക് വരുന്നു. ഒരു ലക്ഷത്തോളം പേര്‍ക്ക് ഇങ്ങനെ മാനസാന്തരമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാരെ മാത്രമല്ല ആ പ്രഭാഷണങ്ങള്‍ ആഴത്തില്‍ സ്വാധീനിച്ചത്. ഭരണാധികാരികളിലും നന്മയുടെ നാമ്പുകള്‍ മുളപ്പിക്കാന്‍ അവക്ക് കഴിഞ്ഞു. അഞ്ച് അബ്ബാസി ഭരണാധികാരികളുടെ ജീവിതം നന്മയിലും നീതിയിലും മാറ്റിപ്പണിയുന്നതില്‍ ജീലാനിയുടെ പങ്ക് അനിഷേധ്യമായിരുന്നു. മുസ്തള്ഹിര്‍ ബില്ലാ (ഭരണകാലം 487/1094-512/1118), മുസ്തര്‍ശിദ് ബില്ലാ (512/1118-529/1134), റാശിദ് ബില്ലാ (529/1134-530/1135), മുഖ്തഫീലി അംരില്ലാ (530/1135-555/1160), മുസ്തന്‍ജിദ് ബില്ലാ (555/1160-566/1170)എന്നീ ഭരണാധികാരികളെയാണ് ജീലാനി അഗാധമായി സ്വാധീനിച്ചത്. ഇക്കാര്യം ഇബ്‌നുല്‍ അഥീര്‍, ദഹബി, ഇമാം സുയൂത്വി എന്നിവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ശൈഖ് ജീലാനിയുടെ പ്രഭാഷണങ്ങള്‍ ഇത്രയേറെ സ്വാധീനം ചെലുത്താന്‍ കാരണം അത് കേവലം നാവില്‍ നിന്ന് പുറത്തുവരുന്ന വാക്കുകളായിരുന്നില്ല എന്നതാണ്. പറയുന്നതിന്റെ പ്രഥമ പ്രയോക്താവ് ഒന്നാമതായി അദ്ദേഹം തന്നെയായിരുന്നു. അഥവാ ആത്മാര്‍ഥതയും ദൈവഭയവുമായിരുന്നു അതിന്റെ അടിസ്ഥാനം. ദുര്‍ബലരോടും ഭവനരഹിതരോടും ഒപ്പമായിരുന്നു എന്നും ജീലാനിയുടെ കൂട്ടുകെട്ട്. വലിയവരെ ബഹുമാനിച്ചും ചെറിയവരോട് കരുണ ചൊരിഞ്ഞും അതിഥികളോടും വിദ്യാര്‍ഥികളോടും ഉയര്‍ന്ന നിലയില്‍ സഹവസിച്ചുമായിരുന്നു ആ ജീവിതം. അവരുടെ വീഴ്ചകള്‍ക്കും പോരായ്മകള്‍ക്കും നല്ലനിലയില്‍ ചികിത്സയേകി. ഭരണാധികാരികളുടെ ദര്‍ബാറില്‍ ഓച്ചാനിച്ചു നിന്നില്ല. ഉത്തമ സ്വഭാവഗുണം, ഹൃദയ വിശാലത, ഹൃദയ നൈര്‍മല്യം, കരാര്‍ പാലനം എന്നിവയില്‍ തന്റെ സമകാലികരായ പണ്ഡിതരില്‍ ഉന്നത ശ്രേഷ്ഠനായി ശൈഖ് ജീലാനി വിരാജിച്ചു.
ഒരിക്കല്‍ ബഗ്ദാദില്‍ നിന്ന് ഹജ്ജിന് പുറപ്പെട്ട അദ്ദേഹം യാത്ര മധ്യേ രാപ്പാര്‍ക്കാന്‍ ഒരു വീട് അന്വേഷിച്ചു. പ്രദേശത്തെ ഏറ്റവും പാവപ്പെട്ടവനും ദുര്‍ബലനുമായിരിക്കണം ആ വീട്ടുടമസ്ഥന്‍ എന്നതായിരുന്നു നിബന്ധന. പൗരപ്രമുഖരും ഉന്നത തറവാട്ടുകാരും തങ്ങളുടെ വീടുകളിലേക്ക് ക്ഷണിച്ചപ്പോള്‍ ശൈഖ് അതെല്ലാം നിരസിച്ചു. ഒടുവില്‍ പാവപ്പെട്ട ഒരു കുടുംബം താമസിക്കുന്ന കുടില്‍ അനുചരന്മാര്‍ കണ്ടെത്തി. അവിടെയാണ് ജീലാനി താമസിച്ചത്. ശൈഖിനെ സന്ദര്‍ശിച്ച പലരും പണവും സമ്പാദ്യവും സമ്മാനങ്ങളുമെല്ലാം അവിടെ സമര്‍പ്പിച്ചപ്പോള്‍, അദ്ദേഹം അവ മുഴുവന്‍ ആ പാവപ്പെട്ട വീട്ടുടമസ്ഥന് ദാനം നല്‍കുകയാണുണ്ടായത്. അത് ആ ദരിദ്ര കുടുംബത്തിന് വലിയ ആശ്വാസമായി.
സ്വൂഫിസരണി
ഹൃദയത്തിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ദീനിനെ വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത ഒരാള്‍ക്കും അല്ലാഹുവിന്റെ ഭൂമിയിലും അതിന് സാധ്യമാവുകയില്ല, അതിനാല്‍ ദൈവത്തെ തൃപ്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ഏതൊരുകാര്യവും നേടാനാവൂ എന്നതായിരുന്നു ജീലാനിയുടെ വീക്ഷണം. വിചാരവികാരങ്ങള്‍, അടക്കവും അനക്കവും, സ്ഥലവും സന്ദര്‍ഭവും എല്ലാം ഖുര്‍ആന്നും സുന്നത്തിനും അനുസൃതമായാണ് വിശ്വാസി സംവിധാനിക്കേണ്ടത്. ഖുര്‍ആനും പ്രവാചകചര്യയും പൂര്‍ണമായും പിന്‍പറ്റുക, ഇസ്‌ലാമിക ശരീഅത്തിനെ അതിന്റെ ആത്മാവും അകക്കാമ്പും ഉള്‍ക്കൊണ്ട് സംരക്ഷിക്കുക എന്നീ രണ്ട് ഘടകങ്ങളിലൂടെയാണ് അദ്ദേഹം തന്റെ സരണിയെ വികസിപ്പിച്ചത്. ദൈവികാനുശാസനം പ്രയോഗവത്കരിക്കുക, അവന്‍ നിരോധിച്ചവയില്‍ നിന്ന് വിട്ടുനില്‍ക്കുക, അവന്റെ വിധിയില്‍ (ഖദ്ര്‍) സംതൃപ്തനാവുക എന്നീ മൂന്ന് കാര്യങ്ങള്‍ മനുഷ്യനുണ്ടാവണമെന്നാണ് ജീലാനി പഠിപ്പിച്ചത്.
(മൗലാനാ സയ്യിദ് അഹ്മദ് ഉറൂജ് ഖാദിരി (1911-1986) ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമുഖ നേതാവും പണ്ഡിതനുമായിരുന്നു).
വിവ: റഫീഖുര്‍റഹ്മാന്‍
Comments