Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 17

കേരളത്തിലെ യുക്തിവാദികള്‍ക്ക് പിഴച്ചതെവിടെ?

വിശകലനം - എ.വി ഫിര്‍ദൗസ്

സാമൂഹിക നവോത്ഥാന പരിഷ്‌കരണങ്ങളുടെ തുടര്‍ച്ച അവകാശപ്പെട്ടുകൊണ്ടാണ് കേരളത്തില്‍ യുക്തിവാദ ചിന്താധാര വേരോട്ടം നേടാന്‍ ശ്രമിച്ചിട്ടുള്ളത്. ശ്രീനാരായണ ഗുരുവില്‍ നിന്ന് സങ്കല്‍പിക്കപ്പെടുന്ന നവോത്ഥാന ശൃംഖലയിലെ ഏറ്റവും ഉല്‍പതിഷ്ണുതയുള്ള കണ്ണിയെന്ന നിലയില്‍ യുക്തിവാദ ചിന്താഗതിക്കാര്‍ സ്വന്തം സ്ഥാനത്തെ നിര്‍ണയിക്കാറുണ്ട്. ശ്രീനാരായണ ഗുരുവില്‍നിന്ന് സഹോദരന്‍ അയ്യപ്പനിലൂടെ യുക്തിവാദി എം.സി ജോസഫിലും ഇടമറുകിലുമെത്തുന്ന ഒരു പരമ്പരയാണവര്‍ സങ്കല്‍പിക്കുന്നത്. കേരളീയ സാമൂഹിക ചരിത്രത്തില്‍ ഇടംനേടാനുള്ള ബാലിശമായ ഒരു നീക്കം മാത്രമാണ് യഥാര്‍ഥത്തില്‍ യുക്തിവാദികളുടെ ഈ തുടര്‍ച്ചാവാദവും സ്വയം കണ്ണിചേര്‍ക്കലും. കേരളീയ യുക്തിവാദത്തിന്റെ ആശയപരിസരങ്ങളും സമീപന സ്വഭാവങ്ങളും വിശകലനം ചെയ്താല്‍ ഏതെങ്കിലുമൊരു സാമൂഹികധാരയുമായി ചരിത്രപരമായ പിതൃ-പുത്ര ബന്ധം കേരള യുക്തിവാദത്തിനില്ലെന്ന് മനസ്സിലാക്കാന്‍ കഴിയും.
ശ്രീനാരായണ ഗുരുവിനെ കേരളത്തിലെ യുക്തിവാദികള്‍ അവരുടെ ആശയസ്രോതസ്സായോ പൂര്‍വികനായോ മാതൃകയായോ കാണുന്നതില്‍ താത്വികമായ നിരവധി പ്രശ്‌നങ്ങളുണ്ട്. ഒരു യുക്തിവാദിയെന്നോ, നാസ്തികനെന്നോ വിശേഷിപ്പിക്കാന്‍ പറ്റുന്ന തരത്തില്‍ ശ്രീനാരായണഗുരു ഉല്‍പതിഷ്ണുവായിരുന്നില്ല. ദൈവവിശ്വാസവും ധാര്‍മികതയും എല്ലാവരിലും എത്തിക്കണമെന്ന് നിര്‍ദേശിച്ച അദ്ദേഹം പല മതസാരവും ഏകം എന്ന ദാര്‍ശനിക നിലപാടില്‍ നിന്നുകൊണ്ട് സാമൂഹിക പരിഷ്‌കരണത്തിലേര്‍പ്പെടുകയാണ് ചെയ്തത്. ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും ആസ്തിക്യചിന്തയെ വളര്‍ത്തുകയും ചെയ്ത ശ്രീനാരായണ ഗുരുവിനെ നാസ്തിക യുക്തിവാദികള്‍ അവരുടെ നേതാവായി കാണുന്നത് വിരോധാഭാസമാണ്.
മതനിഷേധം, ദൈവനിഷേധം, ജാതിനിഷേധം, സമുദായ നിഷേധം, ആചാര നിഷേധം എന്നിങ്ങനെ പഞ്ചനിഷേധങ്ങളില്‍ അധിഷ്ഠിതമാണ് എന്റെ ചിന്താഗതി എന്ന് സഹോദരന്‍ അയ്യപ്പന്‍ പറയുകയുണ്ടായിട്ടില്ല. എന്നാല്‍ കേരളത്തിലെ യുക്തിവാദികള്‍ സഹോദരനെ അത്തരം ഒരുതലത്തിലേക്ക് കൊണ്ടുപോയി. ബുദ്ധ ധര്‍മത്തിന്റെ രീതികളെ പിന്തുടര്‍ന്നുകൊണ്ട് 'ധര്‍മം ശരണം' എന്ന ദര്‍ശനമാണ് സഹോദരന്‍ അയ്യപ്പന്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയത്. ധര്‍മത്തിന്റെ ഭാഗമെന്ന നിലയില്‍ ആചാരാചരണങ്ങളെയും ഈശ്വര വിശ്വാസത്തെയും അദ്ദേഹം അംഗീകരിക്കുന്നുമുണ്ട്. ജാതിവ്യവസ്ഥക്കും തീണ്ടലുകള്‍ക്കുമെതിരായ സമരപോരാട്ടങ്ങള്‍ക്ക് ശക്തിപകരുന്ന തരത്തില്‍ പുരോഗമനപരമായ ചില സമീപനങ്ങള്‍ സ്വീകരിച്ചിരുന്നുവെങ്കിലും സഹോദരന്‍ അയ്യപ്പന്‍ മതങ്ങളുടെ ദൗത്യങ്ങളെയും വ്യക്തികളുടെ വിമലീകരണത്തില്‍ മതങ്ങള്‍ക്കുള്ള പങ്കിനെയും അംഗീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ സഹോദരനില്‍ നിന്നും കേരളത്തിലെ യുക്തിവാദികള്‍ക്ക് മാതൃകയൊന്നും കണ്ടെത്താനാവില്ല.
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളെ പിന്തുടര്‍ന്നവരില്‍ നിന്ന് പുരോഗമനവാദികളായ നിരവധി വ്യക്തിത്വങ്ങള്‍ പില്‍ക്കാലത്ത് ഉരുത്തിരിഞ്ഞുവരികയുണ്ടായി. കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ള പശ്ചാത്തല ഭൂമിക സജ്ജമാക്കിയത് ഈഴവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളില്‍ നിന്ന് ശ്രീനാരായണ ഗുരുവിന്റെ സ്വാധീനത്തിനു വിധേയപ്പെട്ട് സവിശേഷമായ പുരോഗമന ജീവിതം നയിച്ചവരാണ് എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. യുക്തിവാദികളുടെ ആദ്യകാല തലമുറ ഉരുത്തിരിഞ്ഞുവന്നതും ഇവരിലൂടെയാണ്. എന്നാല്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളോ, ചിന്തകളോ യുക്തിവാദത്തെ നേരിട്ട് സ്വാധീനിക്കുകയോ നിര്‍ണയിക്കുകയോ ചെയ്തു എന്നു വാദിക്കുന്നിടത്താണ് ചരിത്ര തമസ്‌കരണം സംഭവിക്കുന്നത്.
ജാതീയമായ ദുരിതങ്ങളോടും സാമൂഹികമായ അടിച്ചമര്‍ത്തലുകളോടുമൊക്കെ പിന്നാക്ക വിഭാഗങ്ങളില്‍ നിലനിന്നിരുന്ന അമര്‍ഷ-പ്രതിഷേധ വികാരങ്ങളെ ജ്വലിപ്പിക്കാന്‍ പുരോഗമന സ്വഭാവമുള്ള ചിന്തകളും ആശയങ്ങളും കടന്നുവന്നതോടെയാണ് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും അവര്‍ണ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും മണ്ണൊരുക്കപ്പെട്ടത് അത്തരമൊരു പശ്ചാത്തലത്തിലാണ്. ഈ മാറ്റങ്ങളുടെ ഓരം ചേര്‍ന്നാണ് കേരളത്തില്‍ യുക്തിവാദ ചിന്താഗതിയും വളര്‍ന്നുവന്നത്. ഇടതുപക്ഷ രാഷ്ട്രീയം, അവര്‍ണ ജാഗരണം, ഇരുപതാം നൂറ്റാണ്ടിന്റെ പരിഷ്‌കൃത മൂല്യങ്ങള്‍ എന്നിവ സമന്വയിക്കുന്ന ഒരിടത്തില്‍ അപ്രതീക്ഷിതമായി മുളച്ചുപൊന്തിയ ഒരു പാഴ്‌ച്ചെടിയാണ് യഥാര്‍ഥത്തില്‍ കേരളത്തിലെ യുക്തിവാദ പ്രസ്ഥാനം.
ശുദ്ധ ആസ്തികനായ ശ്രീനാരായണ ഗുരുവിനെ സ്വന്തം ആശയസ്രോതസ്സുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതുള്‍പ്പെടെയുള്ള ചരിത്ര വിരുദ്ധ സമീപനങ്ങള്‍ യുക്തിവാദികള്‍ക്ക് അവലംബിക്കേണ്ടിവന്നത് ആ പ്രസ്ഥാനത്തിന്റെ പരിമിതിയെയാണ് പ്രതിനിധാനിച്ചത്. കേരളീയ നവോത്ഥാനത്തില്‍ നിന്ന് പുരോഗമനപരവും ആധുനാതനവുമായ അനേകം ചിന്തകള്‍ പുതുതായി പൊടിഞ്ഞുവന്നെങ്കില്‍ പോലും അവക്ക് ജാതീയതയുടെയും സവര്‍ണാവര്‍ണ ദുരന്തങ്ങളുടെയും കൊടുങ്കാറ്റുകളെ അതിജീവിച്ചു വളരാന്‍ സാധിക്കുകയുണ്ടായില്ല. ഒരു പരിധിവരെ കേരളീയ യുക്തിവാദത്തിനും ഈ ദുരനുഭവം നേരിട്ടു. നവോത്ഥാന യ്തനങ്ങളില്‍ നിന്ന് ജാതി-മത-വിശ്വാസ വിരുദ്ധമായ ചില ഘടകങ്ങളെ സ്വാംശീകരിച്ചുകൊണ്ടും ഇരുപതാം നൂറ്റാണ്ടിന്റെ പാശ്ചാത്യ മതനിരപേക്ഷ ജീവിത ചിന്തകളെ ആ ഘടകങ്ങളോട് മേമ്പൊടി ചേര്‍ത്തുമാണ് കേരളത്തില്‍ യുക്തിവാദം അതിന്റെ ശിഥിലമായ അടിത്തറ രൂപപ്പെടുത്തിയത്.
മതവിരുദ്ധമായി ചിന്തിക്കുകയും എന്നാല്‍ മതനിരപേക്ഷതയുടെ വ്യാജവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതോടൊപ്പം ചില ഘട്ടങ്ങളില്‍ സവര്‍ണ ഫാഷിസത്തിന്റെ വാദഗതികളുടെ പ്രചാരണം നടത്തുക എന്ന തരത്തില്‍ അമ്പതുകള്‍ക്കു ശേഷം കേരളത്തിലെ യുക്തിവാദം ശിഥിലീകരിക്കപ്പെടുകയുണ്ടായി. സാമൂഹിക നവോത്ഥാനത്തിന്റെ മതനിരപേക്ഷമായ അവശിഷ്ടങ്ങളെ നിഷേധാത്മകമായി വികസിപ്പിക്കുന്നതിലൂടെയാണ് യുക്തിവാദത്തിന്റെ ആശയാടിത്തറക്ക് വ്യക്തതയില്ലായ്മ വന്നുചേര്‍ന്നത്. ജാതി-മത-വര്‍ണ-വര്‍ഗ അസമത്വങ്ങള്‍ക്കെതിരെ പോരാടുമ്പോള്‍ തന്നെയും ആത്മീയമായ അന്വേഷണങ്ങളുടെ സൃഷ്ടിപരമായ പങ്കാളിത്തം ആധുനിക ജീവിതത്തില്‍ വകവെച്ചുകൊടുത്തുകൊണ്ട് ഇംഗര്‍സോളിനെയും തോമസ് പൈനിനെയും പോലുള്ളവര്‍ വികസിപ്പിച്ചെടുത്ത ഇന്ത്യക്കു പുറത്തുള്ള യുക്തിവാദവുമായി കേരളീയ യുക്തിവാദം അതിന്റെ അന്തസ്സാര ശൂന്യതകൊണ്ട് വിഘടിച്ചു നില്‍ക്കുകയുംചെയ്തു.
ശ്രീനാരായണ ഗുരു ശുദ്ധ ആസ്തികനും സഹോദരന്‍ അയ്യപ്പന്‍ ബുദ്ധ ധര്‍മാനുഭാവിയും ആയിരുന്നതുപോലെ കേരളത്തിലെ യുക്തിവാദികള്‍ നേതാക്കളും ആചാര്യന്മാരുമായി ചൂണ്ടിക്കാണിക്കുന്ന പലരും കേരളീയ യുക്തിവാദത്തിന്റെ പ്രാസ്ഥാനിക ഉള്ളടക്കങ്ങള്‍ക്ക് വിരുദ്ധമായ വ്യക്തിപരമായ നിലപാടുകളുള്ളവരായിരുന്നുവെന്നതും ശ്രദ്ധേയമാണ്. രാമവര്‍മ തമ്പാന്‍ ജൈന ദര്‍ശനത്തോടും കുറ്റിപ്പുഴ കൃഷ്ണപിള്ള അദൈ്വതത്തോടും എം.സി ജോസഫ് സഭാവിരുദ്ധമായ ക്രൈസ്തവികതയോടും അനുഭാവം പുലര്‍ത്തിയവരായിരുന്നു.
മതനിഷേധം, ഈശ്വര നിഷേധം എന്നിവയില്‍ യുക്തിവാദത്തെ തളച്ചിടുന്നത് സത്യത്തില്‍ കേരളീയ യുക്തിവാദത്തിനു മാത്രം സംഭവിച്ച ഒരു പരിണാമമാണ്.അതേസമയം ആന്ധ്രയിലെ നാസ്തിക കേന്ദ്രത്തില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളിലൂടെയും, തന്റെ നിരവധി പ്രസംഗങ്ങളിലൂടെയുമൊക്കെ ഗാന്ധി ശിഷ്യനായിരുന്ന ഗോറ ശ്രമിച്ചത് ധാര്‍മികതയില്‍ ഊന്നിയുള്ള ഒരു ആദര്‍ശ തലമുറയെ സൃഷ്ടിച്ചെടുക്കാനാണ്. നാസ്തികതയെയും നിരീശ്വരവാദത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഗോറ നല്‍കിയ മറുപടികളില്‍ ഗാന്ധിജിയുടെ ഈശ്വര ചിന്തകളുടെ സ്വാധീനം കാണാം. സത്യം തന്നെയാണ് ഈശ്വരന്‍ എന്നുവരെ പറയുന്ന ഗോറയെ നാസ്തികതയുടെ അപ്പോസ്തലനായി ചിത്രീകരിച്ചേടത്തും ഇന്ത്യന്‍ യുക്തിവാദികള്‍ക്ക് പിഴവ് സംഭവിച്ചു. നാസ്തികത അഥവാ നിരീശ്വരവാദം യുക്തിവാദത്തിന്റെ ചട്ടക്കൂടായിരിക്കണം എന്ന ദുര്‍വാശി ഇന്ത്യക്കു വെളിയിലെ യുക്തിവാദികള്‍ക്ക് ഇല്ല എന്നതും ശ്രദ്ധേയമാണ്. ഹ്യൂമനിസ്റ്റുകള്‍ അഥവാ സംശുദ്ധ മാനവവാദികള്‍ എന്നറിയപ്പെടാനാണ് വിദേശ രാജ്യങ്ങളിലെ മതനിഷേധികളില്‍ ഗണ്യമായ പങ്കും ആഗ്രഹിച്ചിട്ടുള്ളത്. അവരില്‍ തന്നെ മതത്തിന്റെ സ്ഥാപനവത്കരണം, സഭകളുടെയും പൗരോഹിത്യ ശൃംഖലകളുടെയും ദുസ്സ്വാധീനം എന്നിവയെ മാത്രം വിമര്‍ശന വിധേയമാക്കുകയും വിശ്വാസത്തിന്റെ മര്‍മ ഭാഗമായ ഈശ്വര ബോധത്തെ വൈയക്തികമായ സ്വീകാര-നിരാകാരങ്ങള്‍ക്കായി മാറ്റിവെക്കുകയും ചെയ്ത പ്രബുദ്ധരും വേണ്ടത്രയുണ്ട്. സഭകളില്‍ പ്രസംഗിച്ചുകൊണ്ട് മതവിമര്‍ശനം നടത്തിയ ഇംഗര്‍ സോളില്‍ നിന്നും ഇക്കാര്യത്തില്‍ വേണ്ടത്ര അനുഭവങ്ങള്‍ ഉദ്ധരിക്കാന്‍ കഴിയും.
കേരളത്തിലെ യുക്തിവാദികളുടെ ആചാര്യസ്ഥാനത്ത് കല്‍പിക്കപ്പെടുന്ന എം.സി ജോസഫിന്റെ നിലപാടുകളെയും ഇവിടെ പരാമര്‍ശിക്കേണ്ടിവരുന്നു. ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചു ക്രിസ്ത്യാനിയായി വളര്‍ന്ന അദ്ദേഹം മതത്തിന്റെ സാമൂഹികമായ സാധ്യതകളില്‍ വേണ്ടത്ര വിശ്വാസം പുലര്‍ത്തിയ ഒരാളായിരുന്നു. യുക്തിവാദി മാസികയില്‍ എം.സി കൈകാര്യം ചെയ്തിരുന്ന ചോദ്യോത്തര പംക്തിയില്‍ പലപ്പോഴും മതവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന ഉത്തരങ്ങള്‍ വിചിന്തനമര്‍ഹിക്കുന്നവയാണ്. വ്യക്തിപരമായി എന്തെങ്കിലും നന്മയോ ഗുണമോ ലഭിക്കുമെങ്കില്‍ മതത്തില്‍ വിശ്വസിക്കുന്നതും ആ ചട്ടക്കൂടിനെ പിന്തുടരുന്നതും പുരോഗതിക്ക് എതിരല്ലെന്നുള്ള മറുപടി എം.സി ജോസഫ് പല തവണയായി തന്റെ ചോദ്യോത്തര പംക്തിയില്‍ ആവര്‍ത്തിക്കുകയുണ്ടായി. മതത്തിന്റെ സാധ്യതകളെ കണ്ണടച്ചു നിഷേധിക്കാത്ത ഈ എം.സിയന്‍ നിലപാടിനെപ്പോലും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ പിന്നീട് തിരസ്‌കരിക്കുകയുണ്ടായി എന്നതാണ് യുക്തിവാദത്തിന്റെ അടിത്തറയില്ലായ്മയുടെ മറ്റൊരു ഉദാഹരണം. എത്തീസ്റ്റ് ബൈബിള്‍ എന്നറിയപ്പെടുന്ന ഏജ് ഓഫ് റീസണ്‍ എഴുതിയ തോമസ് പൈന്‍ ഭൗതികാതീതമായ വിശ്വാസത്തിന്റെ സാധ്യതകളെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത് പുരോഗമനപരമായ ജീവിത വീക്ഷണങ്ങളുമായി സംഘര്‍ഷമുണ്ടാക്കാനിടയില്ലെന്ന് നിരീക്ഷിച്ചിരുന്നതും യുക്തിവാദത്തെ ഏറ്റവും കഠിനമായ ഒരു നിഷേധാത്മകതയുടെ തത്ത്വശാസ്ത്രമാക്കി മാറ്റാന്‍ യത്‌നിച്ചവര്‍ ശ്രദ്ധിക്കുകയുണ്ടായില്ല. ഇത്തരം നിസ്സംഗതകളാണ് കേരളീയ യുക്തിവാദത്തെ ഒരു ആശയശൂന്യമായ ദുര്‍വാശിയാക്കി പരിചയപ്പെടുത്തിയത്.
ഒരര്‍ഥത്തില്‍ എം.സി ജോസഫായിരുന്നു കേരളത്തിലെ ഏറ്റവും ഒടുവിലത്തെ യുക്തിവാദിയെന്നു പറയാം. കാരണം, അദ്ദേഹത്തിനു ശേഷം വന്നവര്‍ യുക്തിവാദത്തെ വ്യക്തിവാദമാക്കി മാറ്റുകയുണ്ടായി. ഒരു സമാന ചിന്താതലത്തില്‍ നിന്നുകൊണ്ട് പാരസ്പര്യത്തിന്റെ സാധ്യതകളെ വിനിയോഗിച്ച് ചില മൂല്യങ്ങള്‍ക്കായി പൊരുതുകയും പ്രയത്‌നിക്കുകയും ചെയ്യുക എന്ന അവസ്ഥയില്‍ നിന്ന് കേരളീയ യുക്തിവാദം വ്യക്തിനിഷ്ഠമായ ആശയങ്ങളിലേക്ക് വ്യതിചലിച്ചത് എം.സിക്കു ശേഷമാണ്. കേരളത്തിനകത്തും പുറത്തും ഒന്നിലധികം യുക്തിവാദി സംഘങ്ങള്‍ ആവിര്‍ഭവിച്ചതും അവ പരസ്പരം പോരാട്ടമാരംഭിച്ചതുമൊക്കെ യുക്തിവാദം വ്യക്തിവാദമായി മാറിയതുകൊണ്ടു തന്നെയാണ്.പല കാരണങ്ങളാല്‍ മതകീയ സാമൂഹിക സാഹചര്യങ്ങളില്‍നിന്ന് വേറിട്ടുപോരുന്ന വിമതരെയും സമുദായ വിരുദ്ധരും എന്നാല്‍ ഉള്ളില്‍ വിശ്വാസമുള്ളവരുമായ സ്വതന്ത്ര ചിന്തകരെയും സംഘടിപ്പിച്ച് വിലപേശല്‍ നടത്താനും, സ്വന്തം സാഹിത്യവും പാണ്ഡിത്യവും ഇത്തരക്കാരില്‍ അടിച്ചേല്‍പിച്ച് പണമുണ്ടാക്കാനുമുള്ള ചൂഷണ ശ്രമങ്ങള്‍ കേരളത്തിനകത്തും പുറത്തുമായി യുക്തിവാദത്തിന്റെ പേരില്‍ നടമാടുകയുണ്ടായി. ദല്‍ഹി കേന്ദ്രമാക്കി യുക്തിവാദ പ്രചാരണം നടത്തിയിരുന്ന ജോസഫ് ഇടമറുകും അദ്ദേഹത്തിന്റെ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവരും അവരവരുടെ ആനുകാലികങ്ങളില്‍ പരസ്പരം ഉന്നയിച്ചിരുന്ന വിമര്‍ശനങ്ങള്‍ പലപ്പോഴും കേരളത്തിലെ ജാതി സംഘടനകളുടെ പരസ്പര വിമര്‍ശനങ്ങളെ പോലും നിഷ്പ്രഭമാക്കുംവിധത്തിലായിരുന്നു. യുക്തിവാദികള്‍ പരസ്പരം നടത്തിയ പോരാട്ടങ്ങളൊന്നും ആശയപരമായിരുന്നില്ല. അവ യുക്തിവാദപരമായിരുന്നില്ല-വ്യക്തിവാദപരമായിരുന്നു.
സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ നട്ടെല്ലില്ലായ്മയില്‍ തകര്‍ന്നുപോയ മറ്റൊരു വിഭാഗം കേരളത്തില്‍ യുക്തിവാദികളെപ്പോലെ വേറെയില്ല. അന്ധവിശ്വാസ നിര്‍മാര്‍ജനം, ജാതി നശീകരണം, മിശ്രവിവാഹം, പുത്തന്‍ സമുദായ രൂപവത്കരണം എന്നീ സ്വപ്നങ്ങളൊക്കെ യുക്തിവാദികളെ സംബന്ധിച്ച് പാഴ്ക്കിനാവുകള്‍ മത്രമാണിന്ന്. യുക്തിവാദികള്‍ എന്ന മേല്‍ വിലാസത്തില്‍ മിശ്രവിവാഹം നടത്തി സ്വസ്ഥവും ഭദ്രവുമായ കുടുംബജീവിതം കെട്ടിപ്പടുക്കാന്‍ സാധിച്ചവരെ കേരളത്തില്‍ ഇന്ന് ചൂണ്ടിക്കാണിക്കാന്‍ കിട്ടില്ല. അതേസമയം ഒരേ സമുദായത്തില്‍ നിന്നുള്ള യുക്തിവാദികള്‍ മതരഹിതമായ ദാമ്പത്യജീവിതത്തില്‍ വിജയിച്ചവരായും കാണാം. മിശ്രവിവാഹം എന്ന ജാതി-മത-വിശ്വാസ നശീകരണത്തിന്റെ യുക്തിവാദ ഉപാധി അമ്പേ പരാജയപ്പെട്ടു. പലര്‍ക്കും അവരുടെ ദാമ്പത്യം നാടകാവസ്ഥയില്‍ തുടരേണ്ടിവരികയോ അവസാനം സ്വന്തം ജാതികളിലേക്ക് തിരികെപ്പോകേണ്ടിവരികയോ ചെയ്തിട്ടുണ്ട്.
ജീവല്‍ യാഥാര്‍ഥ്യങ്ങളെ അവയായിക്കണ്ട് സാമൂഹിക വൈയക്തിക തലങ്ങളില്‍ നവീന മാനവികാശയങ്ങള്‍ പ്രയോഗിക്കാന്‍ സാധിക്കുംവിധത്തില്‍ യുക്തിവാദം ആശയപരമായ പ്രത്യുല്‍പാദനങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ല എന്നാണ് കാലം തെളിയിക്കുന്നത്. യുക്തിയുടെ മരുഭൂമിയില്‍ മാനവികതയുടെ പൂക്കാലം വരുമെന്നത് ഒരു ഭ്രമാത്മക സ്വപ്നം മാത്രമായിരുന്നുവെന്ന് ചില മുന്‍ യുക്തിവാദികളെങ്കിലും ഇന്ന് തിരിച്ചറിയുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം