Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 17

ഓര്‍മകളില്‍ മായാത്ത വസന്തം (താങ്ങും തണലുമായി അവസാന ശ്വാസം വരെ-മൂന്ന്)

ചരിത്രാഖ്യായിക - ബിന്‍ത് ശാത്വിഅ് - വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍

മുസ്‌ലിംകളുടെ അചഞ്ചലമായ വിശ്വാസത്തിന് മുമ്പില്‍ ഖുറൈശികളുടെ ഉപരോധം പരാജയപെട്ടു. പ്രവാചകന്‍ ഹറമിനടുത്ത വീട്ടിലേക്ക് മടങ്ങി. പരീക്ഷണഘട്ടങ്ങളിലെല്ലാം പ്രവാചകന് താങ്ങും തണലുമായി പ്രിയ പത്‌നി ഖദിജ (റ) കൂടെയുണ്ട്.
ഉപരോധം അവസാനിച്ചിട്ട് ആറ് മാസം പൂര്‍ത്തിയായിട്ടില്ല. ആ സമയത്താണ് പ്രവാചകന്റെ സംരക്ഷകനും പിതൃവ്യനുമായ അബൂത്വാലിബിന്റെ മരണം. അത് പ്രവാചകനെ വളരെ ദുഃഖിപ്പിച്ചു. ആ സമയത്ത് ഖദീജ(റ)യും രോഗശയ്യയിലായി. പ്രിയ പത്‌നിയെ ശുശ്രൂഷിച്ചും പരിചരിച്ചും തൊട്ടടുത്ത് തന്നെ പ്രവാചകന്‍ കഴിഞ്ഞു കൂടി. ഇടക്കിടെ അല്ലാഹുവിങ്കല്‍ ഒരുക്കി വെച്ച സ്വര്‍ഗത്തെക്കുറിച്ച് പ്രിയ പത്‌നിയെ സന്തോഷവാര്‍ത്ത അറിയിച്ചു. ഖദീജ(റ)യുടെ ആരോഗ്യനില ക്രമേണ മോശമായി. അവര്‍ അല്ലാഹുവിങ്കലേക്ക് യാത്രയായി. താമസ സ്ഥലത്തിനടുത്ത് തന്നെ പ്രവാചകന്‍ അവരെ ഖബ്‌റടക്കി. ഹിജ്‌റക്ക് മൂന്ന് വര്‍ഷം മുമ്പായിരുന്നു ഖദീജ(റ)യുടെ മരണം.
പിതൃവ്യന്റെ മരണത്തിനു തൊട്ടുപിന്നാലെ, തന്നെ ഏറെ സ്‌നേഹിക്കുകയും തന്റെ സന്ദേശത്തെ ആദ്യമായി സത്യമായി അംഗീകരിക്കുകയും അവസാന നിശ്വാസം വരെ താങ്ങും തണലുമായി വര്‍ത്തിക്കുകയും ചെയ്ത പ്രിയ പത്‌നിയുടെ മരണം പ്രവാചകനെ അതീവ ദുഃഖത്തിലാഴ്ത്തി. ഖദീജ(റ)യുടെ മരണശേഷം വീടും പരിസരവും ഏകാന്തമായി. മക്കയില്‍ പ്രവാചകന്‍ അന്യനെ പോലെയായി. മക്ക പ്രശ്‌നകലുഷിതമായി. മുമ്പൊന്നുമില്ലാത്ത തീക്ഷ്ണ പരീക്ഷണങ്ങളും മര്‍ദനങ്ങളും പ്രവാചകന് നേരിടേണ്ടിവന്നു. ബഹുദൈവ വിശ്വാസികള്‍ തങ്ങളുടെ വിജയം അടുത്ത് കഴിഞ്ഞുവെന്ന് ഉറപ്പിച്ചു. പ്രവാചകനും അനുയായികള്‍ക്കുമെതിരെ മക്കയില്‍ ശത്രു പീഡനങ്ങളും മര്‍ദനങ്ങളും നാള്‍ക്കുനാള്‍ ശക്തി പ്രാപിച്ചു. മുസ്‌ലിംകളില്‍ നിന്ന് ഒരു വിഭാഗം നാടും വീടും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് എത്യോപ്യയിലേക്ക് യാത്ര പോയി. ഹിജാസിലും അറബ് നാടുകളിലും ഇസ്‌ലാമിനെക്കുറിച്ച വാര്‍ത്ത പരക്കാന്‍ അതു കാരണമായി. കുറച്ച് കഴിഞ്ഞപ്പോള്‍ യസ്‌രിബ്ല്‍ നിന്ന് ഒരു സംഘമാളുകള്‍ പ്രവാചകന് മദീനയില്‍ എല്ലാ സംരക്ഷണവും സഹായവും നല്‍കാമെന്ന വാഗ്ദാനവുമായി മക്കയിലെത്തി.
ദിവസങ്ങള്‍ കുറെ പിന്നിട്ടെങ്കിലും പ്രിയ പത്‌നിയെ സംബന്ധിച്ച ചിന്തകള്‍ പ്രവാചകനെ പിന്തുടര്‍ന്നു. പിന്നിട്ട ജീവിതത്തില്‍ പല മഹതികളും പ്രവാചകന്റെ ജീവിതത്തിലേക്ക് കടന്നു വന്നെങ്കിലും ഖദീജ(റ)യുമൊത്തുള്ള ജീവിതവും സ്‌നേഹവും ബഹുമാനവും പ്രവാചകന് ഒരിക്കലും മറക്കാന്‍ കഴിഞ്ഞിരുന്നില്ല.
ബദ്‌റില്‍ വെച്ച് മുസ്‌ലിംകളുടെ ബന്ദിയായി തീര്‍ന്ന പ്രിയ മകള്‍ സൈനബിന്റെ ഭര്‍ത്താവ് അബുല്‍ ആസിന്റെ മോചനദ്രവ്യമായി പ്രവാചകന്ന് സൈനബ് കൊടുത്തയച്ചത് ഖദീജ(റ)യുടെ മാലയായിരുന്നു. അത് കണ്ട് പ്രവാചകന്‍ വിതുമ്പി. ജീവിതത്തിന് താങ്ങും തണലുമായി കഴിഞ്ഞിരുന്ന പ്രിയ പത്‌നിയെക്കുറിച്ച സ്മരണകള്‍ പുനര്‍ജനിച്ചു. ഉടനെ ആ മാല സൈനബിന് തന്നെ തിരിച്ച് കൊടുക്കാനും മോചനദ്രവ്യമില്ലാതെ അബുല്‍ ആസിനെ മോചിപ്പിക്കാനും അവിടുന്ന് അനുയായികളോട് അഭ്യര്‍ഥിച്ചതും ചരിത്രം.
ഖദീജയുടെ സഹോദരി ഹാല മദീനയിലെത്തി. വീടിന്റെ മുറ്റത്ത് എത്തിയപ്പോള്‍ പ്രിയ പത്‌നി ഖദീജ(റ)യുടെ ശബ്ദം പോലെ ഹാലയുടെ ശബ്ദം പ്രവാചകന്‍ കേട്ടു. ഉടനെ പ്രവാചകന്‍ പറഞ്ഞു: ഹാല! ഇത് കേട്ട ആഇശ(റ) അല്‍പം ദേഷ്യത്തോടെ പറഞ്ഞു: ''ഖുറൈശികളില്‍ നിന്ന് മരിച്ചു പോയ ഒരു വൃദ്ധയെക്കുറിച്ച് ഇപ്പോഴും ഓര്‍ക്കുന്നു. താങ്കള്‍ക്ക് അവളെക്കാള്‍ ഉത്തമയായവളെ പകരം കിട്ടിയിട്ടില്ലേ?'' ഇത് കേട്ട പ്രവാചകന്റെ മുഖം വിവര്‍ണമായി. ആഇശയോട് ദേഷ്യപെടുകയും അരികെ നിന്ന് പോകാന്‍ പറയുകയും ചെയ്തു. എന്നിട്ട് പ്രവാചകന്‍ പറഞ്ഞു: ''അല്ലാഹുവാണ, ഖദീജക്ക് പകരം ആരെയും എനിക്ക് കിട്ടിയിട്ടില്ല. ജനങ്ങളെല്ലാം എന്നെ നിഷേധിച്ചപ്പോള്‍ അവള്‍ എന്നില്‍ വിശ്വസിച്ചു. ജനങ്ങളെല്ലാം എന്നെ കളവാക്കിയപ്പോള്‍ അവള്‍ എന്നെ സത്യപെടുത്തി. ആരും ഒന്നും നല്‍കാതിരുന്നപ്പോള്‍ സമ്പത്ത് നല്‍കി അകമഴിഞ്ഞ് എന്നെ സഹായിച്ചു. അവളില്‍ എനിക്ക് സന്താനങ്ങള്‍ നല്‍കപെട്ടു'' പ്രവാചകന്റെ വാക്കുകള്‍ കേട്ട് ആഇശ(റ) നിശ്ശബ്ദയായി. മനസ്സിലിങ്ങനെ പറഞ്ഞു: ''അല്ലാഹുവാണ, ഖദീജയെക്കുറിച്ച് ഇനിയൊരിക്കലും ഞാനങ്ങിനെ പറയുകയില്ല.''
മറ്റൊരിക്കല്‍ പ്രവാചകന്‍ ഒരാടിനെ അറുത്തു. അവിടുന്ന് പറഞ്ഞു: ഇത് ഖദീജയുടെ കൂട്ടുകാരികള്‍ക്ക് കൊടുത്തയക്കുക. ആ സമയത്ത് ആഇശ പറഞ്ഞു: ''ഖദീജയല്ലാത്ത മറ്റൊരു സ്ത്രീയും ലോകത്ത് ഇല്ലാത്തതു പോലെയുണ്ടല്ലോ!'' ഉടനെ പ്രവാചകന്‍ പറഞ്ഞു: ''ഖദീജ, ഇങ്ങനെയും അങ്ങനെയുമെക്കയായിരുന്നു. അവളില്‍ എനിക്ക് സന്താനങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു .............'' ആഇശ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഒരു വചനത്തിലുണ്ട്: ''ഖദീജയോട് ഉള്ളതിനേക്കാള്‍ അസൂയ മറ്റൊരു സ്ത്രീയോടും എനിക്ക് ഉണ്ടായിരുന്നില്ല. അവരുടെ മരണ ശേഷമല്ലാതെ പ്രവാചകന്‍ എന്നെ വിവാഹം കഴിച്ചിട്ടില്ല''(മുസ്‌ലിം).
ഖദീജ (റ) വിടപറഞ്ഞിട്ട് പത്ത് വര്‍ഷം പിന്നിട്ടു ചരിത്രം പല സംഭവങ്ങള്‍ക്കും സാക്ഷിയായി. പ്രവാചകനും അനുയായികളും മക്ക വിജയ വേളയിലാണ്. ആ സമയത്ത് ഖദീജ(റ)യുടെ ഖബ്‌റിടത്തിനരികെയാണ് പ്രവാചകന്‍ തന്റെ കൂടാരത്തിന് സ്ഥലം തെരഞ്ഞെടുത്തത്. അവിടെ നിന്നാണ് മക്ക വിജയിച്ചടക്കാന്‍ പ്രവാചകന്‍ നേത്യത്വം നല്‍കിയത്. പ്രവാചകനും അനുയായികളും മക്ക ജയച്ചടക്കി. വിജയാഹ്ലാദത്തിനിടയില്‍ കഅ്ബ ത്വവാഫ് ചെയ്യവെ ഹിജ്‌റക്ക് മുമ്പ് വര്‍ഷങ്ങളോളം സ്‌നേഹത്തിന്റെയും വാല്‍സല്യത്തിന്റെയും കേന്ദ്രമായിരുന്ന പ്രിയപത്‌നി ഖദീജ(റ)യുടെ വീട്ടിലേക്ക് പ്രവാചകന്‍ ദ്യഷ്ടികള്‍ തിരിച്ചു പൂര്‍വ സ്മരണകള്‍ അയവിറക്കി.



Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം