Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 17

കത്തുകള്‍

ഉപമകളില്ലാത്ത  സത്യഗ്രഹി
കെ.ടി.എ സലാം പൊതുവാച്ചേരി

പ്രബോധനം (ലക്കം 35) 'പ്രവാചകന്‍ പറഞ്ഞുവെച്ച വരകളും വര്‍ണങ്ങളും' സംവാദം മുഴുവനായും പ്രവാചകനെ പഠിക്കുന്നവര്‍ക്ക് ഒരു നേര്‍കാഴ്ച പോലെയായി. ഖാലിദ് മൂസാ നദ്‌വിയുടെ'നബി തെരുവിലാണ്' എന്ന ലേഖനം നബിതിരുമേനിയുടെ ജീവിതത്തിന്റെ ഒരു ആല്‍ബം പോലെ അനുഭവപ്പെട്ടു.
സാധാരണക്കാരില്‍ സാധാരണക്കാരനായി, ആട്ടിടയനായി, കല്‍പ്പണിക്കാരനായി, വ്യാപാരിയായി, മധ്യസ്ഥനായി, സാമ്പത്തിക വിദഗ്ധനായി, തികഞ്ഞ രാഷ്ട്രീയക്കാരനായി, ഭക്ഷ്യവകുപ്പ് മന്ത്രിയായി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി, ജലചൂഷണത്തിനെതിരെ സത്യഗ്രഹിയായി, തികഞ്ഞ പരിസ്ഥിതി വാദിയായി തെരുവിലൂടെ പകലന്തിയോളം ചുറ്റിനടന്ന പ്രവാചകന്‍ മുഹമ്മദി(സ)ന്റെ യഥാര്‍ഥ ജീവിതം ലേഖകന്‍ ഉദാഹരണ സഹിതം വിവരിച്ചപ്പോഴാണ് നബിതിരുമേനിയുടെ മദ്ഹ് പ്രഭാഷണം ബുള്ളറ്റ് പ്രൂഫ് കാറില്‍ വന്ന് നിര്‍വഹിച്ച് കവറും കീശയിലാക്കി സ്ഥലം വിടുന്ന പുരോഹിതന്മാരുടെ കാപട്യം മനസ്സിലായത്.

അനൈക്യത്തിന്റെ ഛിദ്ര വര്‍ത്തമാനങ്ങള്‍
മുഹമ്മദ് അശ്‌റഫ്, ദാറുല്‍ ഹുദാ ചെമ്മാട്

മതത്തിന്റെ പേരില്‍ സംഘര്‍ഷവും സമ്മേളനങ്ങളുമായി വഴിയോരങ്ങളും അങ്ങാടികളും സജീവമാക്കുമ്പോഴും പണ്ഡിത വരേണ്യര്‍ സ്റ്റേജ് കെട്ടി തൊണ്ട കീറി സംസ്‌കാരം പഠിപ്പിക്കുമ്പോഴും വിഢികളാകുന്നത് ഇവിടത്തെ സാധാരണക്കാരും നിഷ്പക്ഷമതികളുമാണ്. സത്യാസത്യത്തിന്റെ നെല്ലും പതിരും വ്യക്തമാക്കുന്നതിനിടയില്‍ പണ്ഡിതന്‍മാര്‍ പരസ്പരം വ്യക്തി ബഹുമാനവും സംവാദ മര്യാദയും മറന്ന് വീട്ടിലെ അടുക്കളക്കാര്യം വരെ ജനമധ്യത്തില്‍ വിളിച്ചുപറയുന്നു. ഇത് കേട്ട സാധാരണക്കാര്‍ക്ക് ഇസ്‌ലാമിക മൂല്യത്തോടും അതിന്റെ തത്വത്തോടും ഒരു തരം പുഛമാണുണ്ടാവുന്നത്.
ഇവ നിര്‍ലോഭം തുടര്‍ന്ന്‌കൊണ്ടിരിക്കുമ്പോള്‍ നമുക്ക് അന്യമാകുന്നത് ഇസ്‌ലാമിന്റെ വിശാല കാഴ്ച്ചപാടാണ്, അത് വിഭാവനം ചെയ്യുന്ന ഉന്നത ദര്‍ശനങ്ങളാണ്. ഇസ്‌ലാമിന് റസൂല്‍(സ) യുടെ കാലത്ത് വിശാലമായ ഒരു ഇടമുണ്ടായിരുന്നു. വിമര്‍ശനങ്ങളും സംവാദങ്ങളും അന്നും ഉണ്ടായിരുന്നു. എങ്കിലും അവ സൗഹൃദപരമായി ഉള്‍കൊള്ളാനും സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും പ്രവാചകാനുചരന്‍മാര്‍ക്ക് അവകാശമുണ്ടായിരുന്നു. ഖലീഫ ഉമര്‍ (റ) ന്റെ എല്ലാ അഭിപ്രായങ്ങളോടും ഉസ്മാന്‍ (റ) യോജിച്ചിരുന്നില്ല.
സംഘടനകള്‍ വളര്‍ത്തുന്നതിനപ്പുറം ഇസ്‌ലാമിനെ വളര്‍ത്തുകയെന്ന ഉന്നതമായ ആശയം നമ്മില്‍ നിന്നുണ്ടാവണം. അപ്പോള്‍ ഹൃദയം വിശാലമാകും. അങ്ങനെ വിശാലതയുള്ള, പരസ്പരം ഐക്യപ്പെടാന്‍ പറ്റുന്ന ഒരു ഇസ്‌ലാമാവണം നമ്മളില്‍ നിന്നുണ്ടാവേണ്ടത്. അപ്പോള്‍ നമുക്ക് സര്‍വരെയും അതിജയിക്കാന്‍ കഴിയും. അവിടെ നമ്മുടെ സംസ്‌കാരങ്ങള്‍ പ്രശോഭിതമാവും. അങ്ങനെ നഷ്ടപ്പെട്ട കൊര്‍ദോവയും സ്‌പെയിനും ഖുദ്‌സും നമ്മുക്ക് തിരിച്ചുകിട്ടും. അതിനെല്ലാം ഭിന്നതകള്‍ മാറ്റിവെച്ച് മുസ്‌ലിം ഐക്യമെന്ന മഹത്തായ ആശയത്തിലേക്ക് എല്ലാവരും കടന്നുവരണം.
എതിര്‍പ്പിന്റെയും ആക്ഷേപത്തിന്റെയും വഴിയില്‍നിന്ന് മാറി സുന്ദരമായ ഇസ്‌ലാമിന്റെ സാമൂഹ്യ സൗഹൃദത്തിലേക്ക്, ഞാന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന സങ്കുചിത വീക്ഷണത്തില്‍ നിന്നും മാറി ഇസ്‌ലാമെന്ന വിശാല ലോകത്തേക്ക് കടന്നുവരണം. അവിടെ നാം ചിലയിടങ്ങളില്‍ വിയോജിപ്പിന്റെ അംശങ്ങള്‍ കണ്ടെത്തിയേക്കാം. പക്ഷേ, അവയെ കനല്‍പഥങ്ങളിലെ തീ നാളങ്ങളാക്കുന്നതിന് പകരം സൗഹൃദത്തിന്റെ വലയം തീര്‍ക്കുകയാണ് വേണ്ടത്. വിശിഷ്യാ ഒരു ബഹുസ്വര സമൂഹത്തിലെ നമ്മെ സംബന്ധിച്ചിടത്തോളം വ്യത്യസ്ത മത സംസ്‌കാര ഭൂമികയാണ് ഇത്. ഇവിടെ തെരുവ് പ്രഭാഷണം നടത്തി എല്‍.സി.ഡി ക്ലിപ്പുകള്‍ വെച്ച് വിഡ്ഢിത്തം വിളിച്ചുപറയുമ്പോള്‍ ഇത് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാവുമെന്നതില്‍ സംശയമില്ല. അതിനാല്‍, പക്ഷപാതിത്വവും കക്ഷിത്വവും മറന്ന്, വൈജ്ഞാനിക സാമൂഹിക ഉന്നതിക്ക് വേണ്ടി അഹോരാത്രം അധ്വാനിക്കാന്‍ മുസ്‌ലിം സമൂഹത്തിന് കഴിയണം. പരിശ്രമിക്കണം. സമ്മേളനങ്ങള്‍ നടത്തുന്നതും കോടികള്‍ ചെലവഴിച്ചും പൊതുസമൂഹത്തിന്റെ നന്മക്ക് വേണ്ടിയാവട്ടെ. അങ്ങനെയുള്ള ഒരു നാളേക്കായി നമുക്ക് പ്രാര്‍ഥിക്കാം.

പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടണം, പക്ഷേ
എ. മൂസ എടക്കാപറമ്പ്
പ്രബോധനം ലക്കം 37-ലെ 'പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക' എന്ന കുറിപ്പ് വായിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഉണ്ടായിട്ടും അത്രയും അടിസ്ഥാന സൗകര്യം ഇല്ലാത്തതും നല്ല ഫീസുള്ളതുമായ അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ എന്തുകൊണ്ടാണ് രക്ഷിതാക്കള്‍ തെരയുന്നത്. മിക്ക പൊതു വിദ്യാലയങ്ങളിലും പത്താം ക്ലാസില്‍ നിന്ന് സ്‌പെഷ്യല്‍ കോച്ചിംഗ്, ഉദാരമായ മാര്‍ക്കിടല്‍ എന്നിവ മൂലമാണ് ഗുണനിലവാരമില്ലാത്ത കുട്ടികള്‍ പുറത്ത് വരുന്നത്. പൊതുവിദ്യാലയത്തിന്റെയും എയ്ഡഡ് സ്ഥാപനങ്ങളുടെയും ഏറ്റവും വലിയ വിപത്ത് യൂനിയന്‍ സംഘടനകളാണ്. മേലധികാരികള്‍ക്ക് ശരിയായ രീതിയില്‍ സൂപ്പര്‍ വിഷന്‍ നടത്താനും സ്ഥാപനം നിയന്ത്രിക്കാനും സംഘടനകള്‍ വലിയ തടസ്സമാണ്. പഠനനിലവാരം നോക്കാനും വിലയിരുത്താനും പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനും പ്രത്യേക സെഷന്‍ ഉണ്ടാവാറില്ല. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും സന്ദര്‍ശിച്ചിട്ടില്ലാത്ത സ്ഥാപനങ്ങള്‍ ധാരാളമാണ്.
എന്നാല്‍ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ സംഘടനാ കുരുക്കുകളില്ലാത്തത് കൊണ്ട് പ്രധാനാധ്യാപകന് സ്ഥാപന നിയന്ത്രണം സുഗമമാണ്. ഡ്യൂട്ടി ലീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അധ്യാപകര്‍ക്ക് തെണ്ടി നടക്കാന്‍ സൗകര്യമില്ല. അവധി ദിവസങ്ങളും സ്‌കൂളിന്റെ നിയന്ത്രണത്തിലാണ്. അധ്യാപകര്‍ക്ക് ആവശ്യത്തിനു പ്രയോജനപ്രദമായ രീതിയില്‍ ഇന്‍സര്‍വീസ് കോഴ്‌സ് നല്‍കാം. സര്‍ക്കാര്‍ സ്‌കൂളില്‍ നടക്കുന്ന അധ്യാപക ട്രെയിനിംഗ് പലപ്പോഴും പ്രഹസനവും സംഘടനകളുടെ ബഹിഷ്‌കരണവും നിസ്സഹകരണവും മൂലം മേലധികാരികള്‍ക്ക് ബാധ്യത തീര്‍ക്കല്‍ മാത്രമാകുന്നു. സര്‍വോപരി അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ് നേരിട്ടു തന്നെ പഠന നിലവാര കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു. കാരണം അത് സ്ഥാപനത്തിന്റെ നിലനില്‍പിനെ ബാധിക്കുന്നതുകൊണ്ട്. എന്നും അര്‍ഹതയുള്ളത് നിലനില്‍ക്കുന്നു. അല്ലാത്തത് ക്രമേണ ഇല്ലാതാകുന്നു. അര്‍ഹത അവര്‍ സ്വയം തെളിയിക്കട്ടെ. പുറത്തുള്ളവര്‍ മുറവിളി കൂട്ടിയിട്ട് ഒരു സ്ഥാപനവും നിലനില്‍ക്കുകയില്ല.

'ലോക വനിതാദിന' ചിന്തകള്‍
എം. മുജീബുര്‍റഹ്മാന്‍ വെളിമുക്ക്

1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാ ദിനത്തിന് തുടക്കമായത്. റഷ്യയില്‍ മാര്‍ച്ച് എട്ടിന് പൊതു അവധി നല്‍കുകയും വളരെ വിപുലമായി ഇന്നും അത് ആചരിക്കുകയും ചെയ്യുന്നു. 1975-ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്. ഓരോ വര്‍ഷവും ഐക്യരാഷ്ട്രസഭ ഓരോ മുദ്രാവാക്യം പ്രഖ്യാപിക്കാറുണ്ട്. ഈ വര്‍ഷത്തേത് ''ഗ്രാമീണ സ്ത്രീകളെ ശക്തിപ്പെടുത്തുക-വിശപ്പും പട്ടിണിയും അവസാനിപ്പിക്കുക''എന്നതാണ്. വനിതാ ദിനത്തെ മുന്‍നിര്‍ത്തി സ്ത്രീകളോടുള്ള വര്‍ത്തമാനകാല നിലപാടുകള്‍ നിരീക്ഷിക്കപ്പെടേണ്ടതാണ്.
ആധുനിക ലോകരെന്നും പരിഷ്‌കൃതരെന്നും സ്വയം വിലയിരുത്തുന്ന നമുക്കിടയില്‍ തന്നെ ഇരുണ്ട യുഗത്തെപ്പോലും വെല്ലുന്ന ക്രൂരവും അതിലേറെ പൈശാചികവുമായ സ്ത്രീ സമീപനങ്ങളും സാര്‍വത്രികമാണെന്നതില്‍ രണ്ടഭിപ്രായമില്ല. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ദാരുണമായി പീഡിപ്പിച്ചതിന്റെ ഫലമായി മരണപ്പെട്ട വടകരയിലെ സഫ്രിയയുടേയും ട്രെയിന്‍ യാത്രക്കിടെ ദാരുണമായി പീഡിപ്പിക്കപ്പെട്ട സൗമ്യയുടെയും മറ്റും അനുഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്.
സ്ത്രീ എന്നാല്‍ വെറുമൊരു ശരീരമല്ലെന്നും അവള്‍ക്കുള്ളില്‍ അന്തസ്സും അഭിമാനവും കാംക്ഷിക്കുന്ന ഒരു മനസ്സ് കുടിയിരിപ്പുണ്ടെന്നും സമൂഹം മനസ്സിലാക്കണം. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നിങ്ങളുടെ ഭാര്യമാരോട് നല്ല രീതിയില്‍ വര്‍ത്തിക്കുന്നവനാണെന്ന്(തിര്‍മിദി-1162) പഠിപ്പിച്ച പ്രവാചകന്റെ യഥാര്‍ത്ഥ അനുയായികള്‍ക്ക് ഇങ്ങനെയല്ലാതെ അവരോട് പെരുമാറാന്‍ സാധിക്കുകയില്ല.
സംസ്ഥാനത്ത് ഓരോ 24 മണിക്കൂറിലും എട്ടു സ്ത്രീകളെ കാണാതാകുന്നു. 2005-08 കാലയളവില്‍ പതിനായിരക്കണക്കിന് സ്ത്രീകളെ കാണാതായതില്‍ 1304 പേരെ ഇനിയും കണ്ടെത്താനായില്ല. 1961ല്‍ പാസാക്കിയ സ്ത്രീധന നിരോധന നിയമം, ക്രിമിനല്‍ നടപടി നിയമത്തിലെ 125ാം വകുപ്പ്, ഗാര്‍ഹിക അതിക്രമം തടയല്‍ നിയമം, 1994ലെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയ നിരോധന നിയമം തുടങ്ങി നിരവധി നിയമങ്ങള്‍ സ്ത്രീയുടെ സംരംക്ഷണത്തിനായി നമ്മുടെ രാജ്യത്തുണ്ടെങ്കിലും ഇവയെല്ലാം കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്നുണ്ടോ എന്നുകൂടി വിലയിരുത്തപ്പെടണം.
സ്വര്‍ഗം ലഭ്യമാകണമെങ്കില്‍ മാതാവെന്ന സ്ത്രീയെ സ്‌നേഹിക്കണമെന്നും സംരക്ഷിക്കണമെന്നുമുള്ള അധ്യാപനങ്ങളില്‍ നിന്ന് തുടങ്ങുന്നു ഇസ്‌ലാമിലെ വനിതാദിന ചിന്തകള്‍. രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തി എത്തുന്നത് വരെ വളരെ നല്ല രീതിയില്‍ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്തവനും ഞാനും അന്ത്യനാളില്‍ അടുത്തടുത്തായിരിക്കുമെന്ന് പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി(സ) സ്ത്രീ സംരക്ഷണത്തിന്റെ മകുടോദാഹരണമാണ്.

ഴിഞ്ഞ ലക്കത്തിലെ (ലക്കം 39) പ്രശ്‌നവും വീക്ഷണവും എന്ന മൂന്ന് ഫത്‌വകളും വളരെ ഹൃദ്യവും കാലികവും മനുഷ്യപ്പറ്റുള്ളതുമായിരുന്നു. 'ദമ്പതികളിലൊരാള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍' എന്നതിന്റെ ഉത്തരം വായിച്ചപ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. അതാണ് അതിന്റെ ഉത്തരമെന്ന് ഒരുപാട് നാളായി മനസ്സില്‍ കൊണ്ടു നടക്കുകയും പലരോടും സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഒരുപാട് സഹോദരികള്‍ക്ക് അത് വെളിച്ചവും ഹിദായത്തും നല്‍കും. പ്രബോധനത്തിനും ഇല്‍യാസ് മൗലവിക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
എ.പി ഗഫൂര്‍

ഭൂമി പിളര്‍ന്നാല്‍ രണ്ടാലൊരു പിളര്‍പ്പിലേക്ക് മാറിനില്‍ക്കണമെന്നും, മറ്റേ പിളര്‍പ്പിലുള്ളവരോട് ഒരുവിധ ബന്ധവും അരുതെന്നും ശഠിക്കുന്നവരോട് പിളര്‍പ്പിനിടയില്‍ ചാടിക്കടക്കാവുന്ന ഭാഗങ്ങള്‍ ഉണ്ടെന്നും പരസ്പരം പോക്കുവരവ് ആകാമെന്നും ചൂണ്ടിക്കാണിക്കുന്നതായിരുന്നു സമസ്തയെക്കുറിച്ചുള്ള ഫീച്ചര്‍. ഇത്തരം പോസിറ്റീവായ സമീപനങ്ങള്‍ ഇതര സംഘടനകളും തുടരുകയാണെങ്കില്‍ അവര്‍ തമ്മിലുള്ള മാനസിക അകലമെങ്കിലും കുറെ കുറഞ്ഞുകിട്ടും.
അബൂനിസ്മ / അനങ്ങനടി
[email protected]


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം