Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 17

സാമ്പത്തിക സംഘാടനത്തിന്റെ ലക്ഷ്യങ്ങള്‍-2 സ്വകാര്യ സ്വത്തും പരിധികളും

മൗലാനാ മൗദൂദി

വ്യക്തിയുടെ ഉടമസ്ഥാവകാശത്തെ അംഗീകരിച്ചുറപ്പിക്കുന്നുണ്ട് ഇസ്‌ലാം. അതിന് ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട് എന്ന് മാത്രം. വ്യക്തി ഉടമാവകാശത്തിന്റെ കാര്യത്തില്‍ ഉല്‍പാദനോപാധികളും (Means of Production) ഉപഭോഗവസ്തുക്കളും (Conusmer Goods) തമ്മിലോ, അധ്വാനിച്ചുണ്ടാക്കുന്നതും അല്ലാത്തതുമായ വരുമാനങ്ങള്‍ (Earned and Unearned Income) തമ്മിലോ യാതൊരു വ്യത്യാസവും ഇസ്‌ലാം കാണുന്നില്ല. പരിധികള്‍ നിശ്ചയിച്ചുകൊണ്ട് ഉടമാവകാശം പൊതുവായി ഓരോ വ്യക്തിക്കും അനുവദിക്കുകയാണ് ചെയ്യുന്നത്. ഉല്‍പാദനോപാധികളില്‍ വ്യക്തിക്ക് ഉടമസ്ഥാവകാശമില്ല, ഉപഭോഗവസ്തുക്കളില്‍ മാത്രമേ ഉടമസ്ഥാവകാശമുള്ളൂ എന്നൊരു വാദഗതിയുണ്ട്.അത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഒരാള്‍ക്ക് വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും മറ്റും എപ്രകാരം ഉടമപ്പെടുത്താമോ അപ്രകാരം ഭൂമി, യന്ത്രങ്ങള്‍, ഫാക്ടറികള്‍ തുടങ്ങിയ ഉല്‍പാദനോപാധികളും ഉടമപ്പെടുത്താം. താന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പത്തില്‍ ഒരാള്‍ക്ക് ഉടമസ്ഥാവകാശമുള്ളത് പോലെ, താന്‍ അധ്വാനിക്കാതെ കിട്ടിയ സമ്പത്തിലും -മാതാപിതാക്കളില്‍നിന്നോ ഇണയില്‍നിന്നോ അനന്തരമായി കിട്ടിയ സ്വത്ത് പോലുള്ളവ- അയാള്‍ക്ക് അവകാശമുണ്ടായിരിക്കും. മറ്റൊരാളുടെ സംരംഭത്തില്‍ പണം മുടക്കിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് കിട്ടുന്ന വരുമാനവും ഈ വ്യക്തിയുടെ ഉടമസ്ഥതയില്‍ തന്നെയായിരിക്കും.
മേല്‍പറഞ്ഞ തരത്തിലുള്ള ഒരുതരം തിരിവും ഇസ്‌ലാമില്‍ ഇല്ല. ഒരൊറ്റ മാനദണ്ഡമേ ഇസ്‌ലാം നോക്കുന്നുള്ളൂ. സമ്പാദിക്കുന്നത് നിയമാനുസൃതമായിട്ടോ നിയമവിരുദ്ധമായിട്ടോ, ചെലവഴിക്കുന്നത് അനുവദനീയമായ മാര്‍ഗത്തിലോ അതോ വിലക്കപ്പെട്ട മാര്‍ഗത്തിലോ എന്ന കാര്യം മാത്രം. ചില പരിധികള്‍ ഉണ്ടെന്നതൊഴിച്ചാല്‍, സാമ്പത്തിക പ്രവര്‍ത്തനത്തില്‍ പരമാവധി സ്വാതന്ത്ര്യം അനുവദിക്കുക എന്നതാണ് ഇസ്‌ലാമിന്റെ രീതി. ഇസ്‌ലാമില്‍ വ്യക്തിസ്വാതന്ത്ര്യം വളരെ പ്രധാനമാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞു. മാനവശേഷി വികസനത്തിന്റെ മുഴുവന്‍ പദ്ധതികളുടെ നടത്തിപ്പും വ്യക്തിസ്വാതന്ത്ര്യത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഈ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് വിഭവങ്ങളിലും സാമ്പത്തികോപാധികളിലുമെല്ലാം വ്യക്തിക്ക് ഉടമാവകാശമുണ്ടെന്ന് ഇസ്‌ലാം പറയുന്നത്. ഈ വ്യക്തി ഉടമാവകാശം എടുത്ത് കളഞ്ഞ് സാമ്പത്തികോപാധികളുടെ നിയന്ത്രണം പൊതു ഉടമയില്‍ കൊണ്ടുവന്നാല്‍ വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാവുകയും വ്യക്തി ഒരു സ്ഥാപനത്തിലെ ജീവനക്കാരനായി ചുരുങ്ങുകയും ചെയ്യുന്നു. അത്തരം സ്ഥാപനങ്ങള്‍ക്കായിരിക്കും പിന്നെ രാജ്യത്തെ മുഴുവന്‍ വിഭവങ്ങളുടെയും മൊത്ത കുത്തക.

ന്യായമായ വിതരണം
സമ്പത്തിന്റെ ന്യായമായ (equitable) വിതരണമാണ് ഇസ്‌ലാമിക സമ്പദ്ഘടനയുടെ മറ്റൊരു ആധാരം; തുല്യമായ (equal) വിതരണമല്ല. സാമ്പത്തിക വിഭവങ്ങള്‍ എല്ലാ വ്യക്തികള്‍ക്കുമായി തുല്യമായി വീതിക്കണമെന്ന് ഇസ്‌ലാം പറയുന്നില്ല. പ്രപഞ്ചത്തില്‍ ഒരിടത്തും രണ്ട് വസ്തുക്കള്‍ തീര്‍ത്തും തുല്യമായ നിലയില്‍ ഇല്ലെന്ന് ഖുര്‍ആന്‍ പഠിക്കുന്ന ആര്‍ക്കും ബോധ്യമാകും. അപ്പോള്‍ തുല്യ വിതരണം എന്നതും പ്രകൃതിക്കെതിരാണ്. എല്ലാ വ്യക്തികള്‍ക്കും ലഭിച്ചിട്ടുള്ള ആരോഗ്യം ഒരേ അളവിലാണോ? എല്ലാ വ്യക്തികള്‍ക്കും ഒരേ വിതാനത്തിലുള്ള ബുദ്ധിശക്തിയാണോ ഉള്ളത്? എല്ലാവരുടെയും ഓര്‍മശക്തി തുല്യമാണോ? സൗന്ദര്യത്തിലും ശക്തിയിലും കഴിവുകളിലും വ്യക്തികള്‍ക്കിടയില്‍ തുല്യതയുണ്ടോ? ഒരേ സാഹചര്യത്തിലാണോ എല്ലാ ആളുകളും ജനിച്ച് വീഴുന്നത്? ഒരേ തൊഴില്‍ സാഹചര്യമാണോ അവര്‍ക്കുള്ളത്? ഇവിടെയൊന്നും തുല്യതയില്ലെങ്കില്‍ ഉല്‍പാദനത്തിലും വിതരണത്തിലും സ്വത്ത് സമ്പാദനത്തിലും മാത്രം തുല്യത വേണം എന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്?
അങ്ങനെയൊരു സമത്വം അസാധ്യമാണെന്നര്‍ഥം. ഇനി കൃത്രിമ സമത്വം ഉണ്ടാക്കിയെടുക്കാനാണ് പുറപ്പാടെങ്കില്‍ ആ ശ്രമം പരാജയപ്പെടുമെന്ന് ഉറപ്പ്. അതിന്റെ അനന്തര ഫലം വളരെ ഭീകരവുമായിരിക്കും. അതിനാലാണ് ഇസ്‌ലാം വിഭവങ്ങളുടെയും സാമ്പത്തിക ഉപകരണങ്ങളുടെയും തുല്യ വിതരണത്തെ അനുകൂലിക്കാത്തത്. ഇസ്‌ലാം ഊന്നുന്നത് ന്യായവും നീതിയുക്തവുമായ വിതരണത്തിലാണ്. അത് ഉറപ്പാക്കാന്‍ ചില വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതിലെ ഒന്നാമത്തെ വ്യവസ്ഥ, വരുമാന മാര്‍ഗത്തിന്റെ ന്യായാന്യായതകള്‍ വേര്‍തിരിച്ചു എന്നതാണ്. ന്യായമായ നിലയില്‍ നേടിയ സമ്പത്ത് കൈവശം വെക്കാനുള്ള അവകാശവും നല്‍കി. സമ്പാദന മാര്‍ഗം നിയമാനുസൃതമാണെങ്കില്‍ എത്രയും സമ്പാദിക്കും. അനുവദനീയമായ രീതികളൊക്കെ സ്വീകരിക്കാം. ഇത്രയേ സമ്പാദിക്കാവൂ എന്ന യാതൊരു വിലക്കുമില്ല. ആ നിയമാനുസൃത സമ്പാദ്യത്തില്‍ നിന്ന് ഒന്നും തട്ടിയെടുക്കാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല.
അതേസമയം നിയമവിരുദ്ധമായ രീതിയില്‍ ഒരു ധാന്യമണി പോലും സ്വന്തമാക്കരുത് എന്നുമുണ്ട്. അത്തരം വിലക്കപ്പെട്ട സമ്പാദന മാര്‍ഗങ്ങളില്‍ നിന്ന് വ്യക്തിയെ നിയമത്തിന്റെ ബലത്തില്‍ തടയുകയും ചെയ്യും. ചെയ്യുന്ന കുറ്റകൃത്യത്തിന്റെ തോതനുസരിച്ച് അത്തരം വ്യക്തികള്‍ക്ക് പിഴയോ ജയില്‍വാസമോ ഒക്കെ ലഭിക്കാം. അല്ലെങ്കില്‍ അനധികൃത സ്വത്ത് കണ്ടുകെട്ടാം. ഇതാവര്‍ത്തിക്കാതിരിക്കാന്‍ നിയമ നിര്‍മാണവും നടത്തും.
ഇസ്‌ലാം നിയമവിരുദ്ധമായി പ്രഖ്യാപിച്ച സമ്പാദന മാര്‍ഗങ്ങള്‍ ഇവയാണ്: വഞ്ചന, കൈക്കൂലി, തട്ടിയെടുക്കല്‍, പൊതുഫണ്ട് (ബൈത്തുല്‍മാല്‍) ദുരുപയോഗം, മോഷണം, അളവ് തൂക്കങ്ങളില്‍ കൃത്രിമത്വം, അധാര്‍മികതക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കുന്ന ഇടപാടുകള്‍ (വ്യഭിചാരം, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നിര്‍മാണവും വിപണനവും, പലിശ, ചൂതാട്ടം, നിര്‍ബന്ധിതാവസ്ഥയിലോ ഊഹത്തിന്റെ അടിസ്ഥാനത്തിലോ ചെയ്യുന്ന കച്ചവടം), കലഹവും സംഘര്‍ഷവുമുണ്ടാക്കുന്നതും പൊതു താല്‍പര്യങ്ങള്‍ അപകടപ്പെടുത്തുന്നതുമായ വ്യവഹാരങ്ങള്‍. ഇവയെല്ലാം ഇസ്‌ലാം നിയമത്തിന്റെ ബലത്തില്‍ തന്നെ തടയും. സാധാരണക്കാര്‍ക്ക് ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ കിട്ടാതാവുന്ന അവസ്ഥ സൃഷ്ടിക്കുന്ന പൂഴ്ത്തിവെപ്പ് പോലുള്ള സാമ്പത്തിക കുറ്റങ്ങളും കര്‍ശനമായി നിരോധിക്കും.
ഇത്തരം നിയമവിരുദ്ധ വഴികള്‍ കൈവെടിഞ്ഞ് നേടുന്ന സമ്പത്താണ് നിയമാനുസൃതമായിട്ടുള്ളത്. ആ സമ്പത്ത് അയാള്‍ക്ക് കൈവശം വെക്കാം. മറ്റൊരാള്‍ക്ക് കൈമാറാം; സമ്മാനമായി നല്‍കാം. ഏതെങ്കിലും സംരംഭത്തില്‍ മുടക്കാം. അല്ലെങ്കില്‍ അനന്തരാവകാശികള്‍ക്കായി സൂക്ഷിച്ച് വെക്കാം. ആ സമ്പത്തിന്റെ വളര്‍ച്ചയെ യാതൊന്നും തടഞ്ഞുനിര്‍ത്തുകയില്ല. നിയമാനസൃതമായ മാര്‍ഗത്തിലൂടെ ഒരാള്‍ കോടീശ്വരനാകുന്നുവെങ്കില്‍ അതിനും കുഴപ്പമില്ല. നിയമാനുസൃത വഴികളിലൂടെ മാത്രം സഞ്ചരിച്ച് കോടീശ്വരനാവുക ഒട്ടും എളുപ്പമല്ല എന്നത് മറ്റൊരു കാര്യം. അങ്ങനെ സംഭവിച്ചാല്‍ അത് ഇരട്ട സൗഭാഗ്യം. തൊഴിലെടുക്കാനുള്ള ഒരു വ്യക്തിയുടെ താല്‍പര്യത്തെ ഒരു നിലക്കും കെടുത്തിക്കളയരുത് എന്നതാണ് പ്രധാനം.
ഇങ്ങനെ നല്ല നിലയില്‍ ആര്‍ജിച്ച സമ്പത്തിന് വേറെ ചില വ്യവസ്ഥകളും വന്നു ചേരുന്നുണ്ട്.
എ) വ്യക്തിപരമായ ചെലവുകളുടെ കാര്യത്തില്‍ നിയന്ത്രണമുണ്ട്. ആ വ്യക്തിയുടെ ധാര്‍മികതയെയോ പൊതുതാല്‍പര്യത്തെയോ അപകടപ്പെടുത്തുംവിധം ആ സമ്പത്ത് ചെലവഴിക്കാന്‍ പാടില്ല. കള്ള് കുടിക്കാനോ പരസ്ത്രീ ബന്ധത്തിനോ ചൂതാട്ടത്തിനോ ആ പണം ഉപയോഗിക്കാന്‍ വ്യക്തിക്ക് അനുവാദമുണ്ടാവുകയില്ല. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും തളികകളില്‍ ഭക്ഷിക്കുക തുടങ്ങിയ ആര്‍ഭാട ജീവിതത്തിന് നിയന്ത്രണമേര്‍പ്പെടുത്തും.
ബി) പണം ചെലവഴിക്കാതെ പിടിച്ചുവെക്കാനും വ്യക്തിക്ക് അനുവാദമുണ്ടാവുകയില്ല. നിയമാനുസൃത വഴികളിലൂടെ പണം സമൂഹത്തില്‍ കറങ്ങിക്കൊണ്ടിരിക്കണമെന്നതാണ് ഇസ്‌ലാമിന്റെ നിലപാട്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം