Prabodhanm Weekly

Pages

Search

2011 മെയ് 7

പണ്ഡിതന്‍മാര്‍ നീതിയുടെ ഭാഗത്ത് നില്‍ക്കണം

യൂസുഫുല്‍ ഖറദാവി

തുനീഷ്യയിലും ഈജിപ്തിലും വിജയം കാണുകയും ലിബിയയിലേക്കും യമനിലേക്കും സിറിയയിലേക്കും വ്യാപിക്കുകയും ചെയ്ത അറബ് ലോകത്തെ സമകാലിക വിപ്ളവങ്ങള്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള അനുഗ്രഹമാണ്. ഇസ്ലാമിക ലോകത്തിന് പ്രതീക്ഷക്ക് വക നല്‍കുന്ന അഭിമാനകരമായ സംഭവങ്ങളാണ്. ഏകാധിപതികള്‍ക്കും സ്വേഛാധിപതികള്‍ക്കും സ്ഥാനചലനം സംഭവിച്ച ഇത്തരം സമരങ്ങള്‍ക്ക് ജീവിതകാലത്ത് സാക്ഷിയാകാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന മര്‍ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അറുതിവരുത്തണമെന്ന ഉല്‍ക്കടമായ ആഗ്രഹത്തോടെ യുവജനങ്ങള്‍ തോക്കോ വാളോ കല്ലോ പേനാക്കത്തി പോലുമോ കൈയിലെടുക്കാതെ സമാധാനപരമായ വഴിയിലൂടെയാണ് തെരുവിലിറങ്ങിയത്. ഇത്തരം സദുദ്ദേശ്യപൂര്‍വമായ സമരങ്ങളെ ബലപ്രയോഗത്തിലൂടെയും വെടിവെപ്പിലൂടെയും നേരിടുന്ന ഭരണാധികാരികള്‍ വിപ്ളവത്തിന്റെ വിജയത്തിന് വേഗം കൂട്ടുകയാണ് ചെയ്യുന്നതെന്ന വസ്തുത മറക്കുകയാണ്. അല്ലാഹുവിന്റെ മുമ്പില്‍ ഒരു കൊതുകിന്റെ ചിറകിന്റെ വിലപോലുമില്ലാത്ത ഇഹലോകത്തെ അധികാര കസേരക്ക് വേണ്ടിയാണ് ഖദ്ദാഫിയും ബശ്ശാറുല്‍ അസദും അബ്ദുല്ലാസാലിഹും  സ്വന്തം പൌരന്മാരെ കൊന്നൊടുക്കുന്നത്. സംസ്കാര സമ്പന്നനായ ഭരണാധികാരിയാണ് ബശ്ശാറുല്‍ അസദ്. സിറിയയിലെ ആഭ്യന്തര കലഹത്തെക്കുറിച്ച് മുമ്പൊരിക്കല്‍ അദ്ദേഹം തന്നോട് ഉള്ളുതുറന്ന് സംസാരിച്ചിട്ടുണ്ട്. ഗസ്സയിലെ ഇസ്രയേല്‍ ആക്രമണ കാലത്ത് കാണാന്‍ ചെന്ന മുസ്ലിം പണ്ഡിതസഭയോടും അദ്ദേഹം അനുകൂലമായ സമീപനം കൈക്കൊണ്ടിരുന്നു. നിര്‍ഭാഗ്യവശാല്‍ സ്വന്തം വര്‍ഗക്കാരുടെയും പട്ടാളത്തിന്റെയും രഹസ്യാന്വേഷണ വകുപ്പിന്റെയും ഉപദേശകരുടെയും തടവറയിലാണദ്ദേഹം.
സ്വാതന്ത്യ്രത്തിനും സാമൂഹിക നീതിക്കും വേണ്ടി വിപ്ളവവീര്യമുള്ള യുവാക്കള്‍ ആവേശപൂര്‍വം രംഗത്തിറങ്ങുമ്പോള്‍ അവരെ കുറ്റപ്പെടുത്തുന്ന മതപണ്ഡിതന്മാരുടെ രീതി ഖേദകരവും അപലപനീയവുമാണ്. ദുര്‍ലഭം ചില പണ്ഡിതന്മാര്‍ നീതിയുടെ ഭാഗത്ത് നില്‍ക്കുന്നത് സന്തോഷകരമാണ്. എന്നാല്‍, വലിയൊരു വിഭാഗം പുരാതനകാലത്ത് രചിക്കപ്പെട്ട കര്‍മശാസ്ത്രഗ്രന്ഥങ്ങളിലെ അക്ഷരങ്ങളുടെ ചുവടുപിടിച്ച് ഈ വിപ്ളവങ്ങളെ കലാപവും കുഴപ്പവുമായി വിശേഷിപ്പിക്കുന്നു.
മര്‍ദകന്റെ മുഖത്തുനോക്കി 'അക്രമി' എന്നുവിളിക്കാത്ത സമൂഹത്തിന് അനുഗ്രഹം ഉണ്ടാവുകയില്ല എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ചുരുങ്ങിയത് മതപണ്ഡിതന്മാര്‍ നിശ്ശബ്ദത പാലിക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. ദൌര്‍ഭാഗ്യവശാല്‍ "നിങ്ങളില്‍നിന്നുള്ള ഭരണാധികാരികളെയും അനുസരിക്കുക.......'' എന്ന ഖുര്‍ആന്‍ വചനം പോലും ഇവര്‍ നീട്ടി വലിച്ചു വ്യാഖ്യാനിച്ചു വിപ്ളവത്തിനെതിരെ ഫത്വാ ഇറക്കുന്നു.
വിപ്ളവത്തെ പിന്തുണച്ചതിന്റെ പേരില്‍ ചില പണ്ഡിതന്മാര്‍ എന്നെ കലാപം വിതക്കുന്നവനായും ഭിന്നിപ്പ് സൃഷ്ടിക്കുന്നവനായും ചിത്രീകരിക്കുന്നു. അക്രമികളായ ഭരണാധികാരികള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് 'ഫിത്ന'യാണെങ്കില്‍, ആ ഫിത്നയുടെ വക്താവായി മരിക്കും വരെ ഞാന്‍ തുടരും- മനുഷ്യ സമത്വത്തിനും സ്വാതന്ത്യ്രത്തിനും സാമൂഹിക നീതിക്കും വേണ്ടി നടത്തപ്പെടുന്ന സമരങ്ങളോടൊപ്പം നില്‍ക്കാന്‍ പണ്ഡിതന്മാര്‍ ബാധ്യസ്ഥരാണ്.
സമ്പാ: മുഹമ്മദ് പാറക്കടവ്
(മാര്‍ച്ച് 25, ഏപ്രില്‍ 1, 8 തീയതികളില്‍ ഖത്തറിലെ ഉമറുബിന്‍ ഖത്താബ് പള്ളിയില്‍ നടത്തിയ ഖുത്വ്ബകളുടെ സംഗ്രഹം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം