Prabodhanm Weekly

Pages

Search

2011 മെയ് 7

യഥാര്‍ഥ പ്രബോധനം

യഥാര്‍ഥ പ്രബോധനം -

- 'ഖുര്‍ആനും ഗീതയും' (ലക്കം 45) എന്ന പ്രൗഢ ലേഖനത്തിലൂടെ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി തുറന്നെഴുതിയ മാനവികതയെയും മതത്തെയും സ്പര്‍ശിക്കുന്ന സത്യസന്ധമായ കാഴ്ചപ്പാടുകള്‍ ഏറെ സന്തോഷിപ്പിച്ചു. കാവിധാരികള്‍ നടക്കുന്ന ഇടുങ്ങിയ വഴി മറികടന്ന് സ്വതന്ത്ര ചിന്തയുടെ വിശാല സഞ്ചാരം നടത്താറുള്ള ശക്തിബോധി ഗീതയും ഖുര്‍ആനും കൈകോര്‍ക്കുന്ന സമാനദര്‍ശനങ്ങള്‍ വെളിപ്പെടുത്തുന്നു. മതം മനുഷ്യന്‍ മനസ്സടക്കത്തിനായി കണ്ടെത്തിയതാണ്. ഇന്ന് മനസ്സിളക്കത്തിനുള്ള കാരണമായി മതം മാറുന്ന കാഴ്ചക്ക് നമ്മള്‍ സാക്ഷിയാണ്. സ്വാതന്ത്ര്യ സമരകാലഘട്ടം തൊട്ടിങ്ങോട്ടുള്ള മതചരിത്രം ലേഖകന്‍ പരിശോധിക്കുന്നുണ്ട്. ഭാരത ഹിന്ദുവിന്റെ സന്യാസ മനസ്സായ വിവേകാനന്ദനും ഇന്നത്തെ കാവി ഭീകരരും തമ്മിലുള്ള വൈരുധ്യം ബുദ്ധിയുള്ള ഹിന്ദുവിന് ഒറ്റനോട്ടത്തില്‍ വ്യക്തമാകും. മറ്റു മതങ്ങളോടുള്ള അസഹിഷ്ണുത ഏറെ പ്രകടമായ അനവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ ഹിന്ദുമതത്തിനുണ്ട്. ജാതീയമായ വേര്‍തിരിവുകളും തരംതാഴ്ത്തലും കൊണ്ട് പൊറുതി മുട്ടിയ ഒരു വിഭാഗം ഹിന്ദുക്കള്‍ക്ക് മുന്നില്‍ തുറന്നിട്ട സമത്വത്തിന്റെ വാതിലാണ് ഇസ്‌ലാം. അതുകൊണ്ടുതന്നെ ഇന്ന് ഏറ്റവും സൗഹൃദത്തോടെ കഴിയേണ്ടുന്ന ഈ രണ്ട് മതങ്ങളും ഒരു പരിധിക്കപ്പുറം അടുക്കാന്‍ കഴിയാതെ മാറിനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണമാരായേണ്ടതുണ്ട്. മതവികാരങ്ങളെ വ്രണപ്പെടുത്തി സാധുക്കളായ മതവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണെന്ന് സ്വാമി ശക്തിബോധി തെളിവാര്‍ന്ന ഭാഷയില്‍ ഉറക്കെ പറയുന്നു. ഒപ്പം ഭഗവദ്ഗീതയും ഖുര്‍ആനും ശ്രീകൃഷ്ണനും മുഹമ്മദ് നബിയും താരതമ്യം ചെയ്യപ്പെടുന്നു. പ്രവാചകനും അവതാരവും ഒന്നാകുന്നിടത്ത് പുതിയൊരു പ്രബോധനത്തിന്റെ പ്രതീക്ഷ വായനക്കാരിലും ഉണരുന്നുണ്ട്. വിദ്വേഷത്തിന്റെ പുകമാറ്റി വിവേകത്തിന്റെ തിരിവെളിച്ചം വഴികാട്ടാന്‍ വിരല്‍ചൂണ്ടിപ്പറഞ്ഞ സ്വാമി ശക്തിബോധിക്ക് നമസ്‌കാരം. ലേഖനത്തിന്റെ കാലിക പ്രസക്തി കണ്ടറിഞ്ഞ പ്രബോധനത്തിന് ഹൃദയം നിറഞ്ഞ നന്ദി. -

- സുഭദ്രാ സതീശന്‍ ആലത്തൂര്‍ -

- #### മതം അനിവാര്യമോ? -

- സ്വാമി വിശ്വഭദ്രാനന്ദശക്തിബോധിയുടെ 'ഗീതയും ഖുര്‍ആനും' എന്ന ലേഖനമാണ് ഈ കത്തിന് ആധാരം. ആധ്യാത്മിക ജീവിതത്തിന് മതം അനിവാര്യമാണോ? അനിവാര്യമാണെന്നാണ് സ്വാമി പറയുന്നത്. ഒരു മതേതര ആധ്യാത്മിക ജീവിതമല്ലേ നല്ലത്? അതല്ലേ ഇന്നത്തെ സംഘര്‍ഷഭരിതമായ കാലഘട്ടത്തിന് യോജിച്ചത്? 'ഏകംസത് വിപ്രവഹുദ വദന്തി' എന്ന് ഋഗ്വേദത്തില്‍ പറയുന്നു; പരമമായ സത്യം ഒന്നേയുള്ളൂ എന്ന്. അതുതന്നെയല്ലേ വിശുദ്ധ ഖുര്‍ആനിലും പറയുന്നത്. 'ലാ ഇലാഹ ഇല്ലല്ലാഹ്' - പ്രപഞ്ച സ്രഷ്ടാവായ നാഥന്‍ ഏകനാണെന്ന്. ആ പരമമായ ഒന്നിലേക്കത്താന്‍ നമുക്ക് മതം അനിവാര്യമാണോ? മതം പഴത്തിന്റെ തൊലിയല്ലേ? അത് പൊളിച്ച് നമുക്ക് ദൂരെ വലിച്ചെറിഞ്ഞുകൂടെ? അതിന്റെ ഉള്ളിലുള്ള മധുരമായ സത്ത നമുക്ക് എല്ലാവര്‍ക്കും ആസ്വദിച്ച് കഴിക്കാം. ലോകത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങളും രക്തച്ചൊരിച്ചിലും ഉണ്ടായിട്ടുള്ളത് മതത്തിന്റെ പേരിലാണല്ലോ. സ്വാമിയുടെ 'മതമില്ലാത്ത മനുഷ്യന്‍ മൃഗമാണെന്ന' വാദത്തോട് സ്‌നേഹപൂര്‍വം വിയോജിക്കുന്നു. -

- പി. ഉണ്ണി പടിക്കല്‍, വെളിമുക്ക് -

- #### അത് യോജിച്ചതായില്ല -

- ലക്കം 44-ലെ കെ.എം റഷീദിന്റെ 'പൊതുസമൂഹത്തിന്റെ നിലനില്‍പാണ് പ്രധാനം' എന്ന ലേഖനത്തിലെ ഉറൂബിന്റെ 'സുന്ദരന്മാരും സുന്ദരികളും' എന്ന നോവലിലെ ഉദ്ധരണി പ്രസ്തുത ലേഖനത്തിന് ഒട്ടും യോജിച്ചതായില്ല. ലേഖനത്തിലെ വിഷയവും ഉദ്ധരണിയും തമ്മിലുള്ള ബന്ധം മനസ്സിലാവുന്നില്ല. അതേസമയം 2009 ഒക്‌ടോബര്‍ 31-ലെ സമദ് കുന്നക്കാവിന്റെ 'മതംമാറ്റം ഒരു സമകാലിക വായന' എന്ന ലേഖനത്തില്‍ ഇതേ ഉദ്ധരണി വിശദമായി തന്നെ കൊടുത്തിരുന്നു. അത് ഏറെക്കുറെ ഫിറ്റായിരുന്നു താനും. അധികം കാലതാമസമില്ലാതെ ഒട്ടും യോജിക്കാത്തവിധം വീണ്ടും പ്രസ്തുത ഉദ്ധരണി പ്രബോധനത്തില്‍ പ്രത്യക്ഷപ്പെട്ടത് അനുചിതമായി. -

- അബൂ മര്‍യം പുന്നയൂര്‍ക്കുളം -

- #### മദ്യവും ഇടതുമുന്നണിയും -

- ഇടതുമുന്നണിയുടെ നന്മകളെടുത്തോതിക്കൊണ്ടുള്ള ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ലേഖനം വായിച്ചു(ലക്കം 44). വി.എസ് ഗവണ്‍മെന്റ് ജനക്ഷേമകരമായ അനേകം കാര്യങ്ങള്‍ ചെയ്തുവെന്നത് ശരിയാണ്. പക്ഷേ, മദ്യമെന്ന പിശാചിനെ അവര്‍ കയറൂരി വിട്ടത് കാണാതിരിക്കാനാകുമോ? പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ തുറക്കുന്നതിനേക്കാള്‍ വലിയ താല്‍പര്യം പൂട്ടികിടക്കുന്ന 1200 ഷാപ്പുകളും പുതുതായി 150 ബാറുകളും തുറക്കുന്നതില്‍ അവര്‍ കാണിച്ചത് എന്തുകൊണ്ട് ശൈഖ് കാണാതെ പോയി? കിനാലൂര്‍, മൂലമ്പിള്ളി, മഅ്ദനി, സംവരണ വിഷയങ്ങളില്‍ ഇടതുപക്ഷത്തിന് തെറ്റുപറ്റിയതായി ചൂണ്ടിക്കാട്ടിയ ലേഖകന്‍, മദ്യത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ ഗുരുതരമായ തെറ്റ് കാണാതെ പോകരുതായിരുന്നു. വര്‍ഷം 7000 കോടി രൂപയുടെ മദ്യമാണ് കേരളം കുടിച്ചത്. കുടിച്ചതെല്ലാം മൂത്രമായിപ്പോയിരുന്നെങ്കില്‍ ആശ്വസിക്കാമായിരുന്നു. അതിന്റെ പ്രത്യാഘാതം കുടുംബ തകര്‍ച്ച, മാനഭംഗം, റോഡപകടം, കൊലപാതകം, ഗുണ്ടായിസം, മാനസികവും ശാരീരികവുമായ രോഗങ്ങള്‍ എന്നിവയായി കേരളീയ പൊതുമണ്ഡലത്തില്‍ പെയ്തിറങ്ങുകയാണ്. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തദ്‌വിഷയത്തില്‍ ഗ്രന്ഥം രചിക്കുകയും ചെയ്ത ലേഖകന്‍ ഇടതുമുന്നണിയെ വിലയിരുത്തിയപ്പോള്‍ മദ്യത്തിന്റെ കാര്യത്തില്‍ അവര്‍ സ്വീകരിച്ച ഗുരുതരമായ നടപടികളെ ചൂണ്ടിക്കാണിക്കാതിരുന്നത് ശരിയായില്ല. -

- കെ.കെ ഷാജഹാന്‍, പുതിയകാവ്, മതിലകം -

- #### ആ നിരീക്ഷണം ശരിയല്ല -

- പ്രബോധനം (2011 ഏപ്രില്‍ 16) ലക്കത്തില്‍ സി. ദാവൂദ് എഴുതുന്നു: ''1961-ല്‍ കോണ്‍ഗ്രസിന്റെ ദുര്‍ഗാപൂര്‍ പ്രമേയം ലീഗിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടു. അപകടകാരികളായ വര്‍ഗീയവാദികളാണെന്നും അതിനാല്‍ അടുപ്പിക്കാന്‍ പറ്റാത്തവരുമാണ് ലീഗുകാര്‍ എന്നായിരുന്നു ദുര്‍ഗാപൂര്‍ പ്രമേയത്തിന്റെ കാതല്‍. ലീഗുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ പ്രസ്തുത പ്രമേയം ആഹ്വാനം ചെയ്തു. അങ്ങനെയാണ് ഐക്യ കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ നിലംപതിക്കുന്നത്.'' ദുര്‍ഗാപൂര്‍ പ്രമേയം കൊണ്ട് കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ നിലംപതിച്ചു എന്നു പറയുന്നത് വസ്തുതാപരമല്ല. മുസ്‌ലിം ലീഗുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ദുര്‍ഗാപൂര്‍ പ്രമേയം ആഹ്വാനം ചെയ്തു എന്നതും അതിവായനയാണ്. 1961 ഏപ്രിലില്‍ കെ.എം സീതിസാഹിബിന്റെ നിര്യാണത്തെത്തുടര്‍ന്ന് സ്പീക്കര്‍ പദം ഒഴിവുവരികയും സി.എച്ച് മുഹമ്മദ് കോയയെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി മുസ്‌ലിംലീഗ് തീരുമാനിക്കുകയും ചെയത്‌പ്പോള്‍, പാര്‍ട്ടി അംഗത്വം രാജിവെച്ചാല്‍ മാത്രമേ സി.എച്ചിന് വോട്ട് ചെയ്യൂ എന്ന് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് സി.കെ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നിലപാട് എടുത്തു. സ്പീക്കര്‍ പദം സ്വീകരിക്കുന്നതോടെ ഒ രാള്‍ സാങ്കേതികമായി കക്ഷിരഹിതനാവുകയാണ്. പക്ഷേ, വര്‍ഗീയകക്ഷികളുമായി കൂട്ടുചേരരുത് എന്ന് ദുര്‍ഗാപൂര്‍ പ്രമേയം പറയുന്നുണ്ടെന്നും ആ നിലക്ക് മുസ്‌ലിം ലീഗുകാരനു വോട്ടു ചെയ്യാന്‍ വിഷമമുണ്ട് എന്നുമായിരുന്നു സി.കെ ഗോവിന്ദന്‍ നായരുടെ വാദം. ഒടുവില്‍ പാര്‍ട്ടി അംഗത്വം രാജിവെച്ച് സി.എച്ച് സ്പീക്കറായി. അതിനിടയില്‍ തന്നെ കോണ്‍ഗ്രസ്-ലീഗ് ബന്ധങ്ങളില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. സീതി സാഹിബിന്റെ നിര്യാണം മൂലം ഒഴിവു വന്ന കുറ്റിപ്പുറം നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കക്ഷിരഹിതനായി കമ്യൂണിസ്റ്റ് പിന്തുണയോടെ മുസ്‌ലിം ലീഗിലെ മുഹ്‌സിന്‍ ബിന്‍ അഹ്മദിനെതിരെ മത്സരിച്ചു. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ജയിച്ചെങ്കിലും കോണ്‍ഗ്രസ് ലീഗ് ബന്ധം തകര്‍ന്നു. അഞ്ചു മാസം സ്പീക്കറായി സി.എച്ച് '61 നവംബറില്‍ രാജിവെക്കുകയും ചെയ്തു. അപ്പോഴൊന്നും മന്ത്രിസഭ തകര്‍ന്നില്ല. കോണ്‍ഗ്രസ് -പി.എസ്.പി സഖ്യം തുടര്‍ന്നു. 1962-ല്‍ സി.എച്ച് ലോക്‌സഭയിലേക്ക് മത്സരിക്കുകയും മുന്‍ തെരഞ്ഞെടുപ്പില്‍ കെ.എം സീതിസാഹിബ് പരാജയപ്പെട്ട കോഴിക്കോട് സീറ്റില്‍ സിറ്റിംഗ് എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി കുട്ടികൃഷ്ണന്‍ നായരെ തോല്‍പിക്കുകയും ചെയ്തു. 1962-ല്‍ കോണ്‍ഗ്രസ് സംഖ്യം പി.എസ്.പി ഉപേക്ഷിച്ചപ്പോഴും ഒറ്റക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് ഭരണത്തില്‍ തുടര്‍ന്നു. 1964-ല്‍ ശങ്കര്‍ മന്ത്രിസഭ നിലംപതിക്കുന്നത് പി.ടി ചാക്കോ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കപ്പെടുകയും ചാക്കോയുടെ ആകസ്മിക മരണത്തിനു ശേഷം കെ.എം ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രത്യേക ബ്ലോക്കായി മാറുകയും ചെയ്തപ്പോഴായിരുന്നു. ദുര്‍ഗാപൂര്‍ പ്രമേയം വഴി കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ നിലംപതിച്ചു എന്നു പറയുന്നതിന് സാംഗത്യമില്ല. അവലംബം: എം.സി ഇബ്‌റാഹീം എഴുതിയ സയ്യിദ് അബ്ദുര്‍റഹിമാന്‍ ബാഫഖി തങ്ങള്‍ എന്ന ഗ്രന്ഥം. പ്രസാധകര്‍: കേരള സംസ്ഥാന സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്, 2005. -

- പി.എ റഷീദ്, നിറമരുതൂര്‍, തിരൂര്‍ -

- #### ആഘോഷിക്കപ്പെടുന്ന രചനകള്‍ -

- തിരുവനന്തപുരം ജില്ലക്കാരനായ ഞാന്‍ പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനല്ല. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ വക്കീല്‍ ഗുമസ്തനെയും കാത്ത് ഓഫീസിലിരിക്കുമ്പോഴാണ് മേശപ്പുറത്തുനിന്നും പ്രബോധനം ലഭിക്കുന്നത്. നീണ്ട കാത്തിരിപ്പിന്റെ മുഷിപ്പില്‍ മുഖ്യ രചനകളൊക്കെയും വായിച്ചുതീര്‍ത്തു. ഗംഭീരം. കൃത്യമായൊരു പ്രത്യയശാസ്ത്ര പരികല്‍പനയിലാണ് മുഴുരചനകളും ചിട്ടപ്പെടുത്തിയതെങ്കിലും ഒരെണ്ണം എന്തുകൊണ്ടും ശ്രദ്ധേയമായി. 'മുബാറക്കും ഖറദാവിയും പിന്ന ചരിത്രത്തിന്റെ കാവ്യനീതിയും' - പി.ടി കുഞ്ഞാലിയുടെ ലേഖനം. കുട്ടിക്കാലത്ത് പള്ളിപ്രഭാഷണങ്ങളില്‍ കേട്ടറിഞ്ഞതാണ് മൂസാ നബിയുടെയും ഫറോവയുടെയും കഥാചരിതം. ഈ പുരാവൃത്തത്തെ പുതുകാല വര്‍ത്തമാനങ്ങളുമായി വിസ്മയകരമാംവിധം വിളക്കിച്ചേര്‍ത്ത ചരിത്രനിരീക്ഷണം ഒന്നാംതരം വായനാനുഭവം തന്നു. ഉപമയും ഉല്‍പ്രേക്ഷയും വിരിഞ്ഞുനില്‍ക്കുന്ന ആഖ്യായിക ഒരു ലേഖനമല്ല, കവിതയാണ്. അത്രക്ക് സ്ഫുടം ചെയ്ത പ്രയോഗഭാഷ. ശ്രദ്ധേയമാവുന്ന ഇത്തരം രചനകള്‍ തീര്‍ച്ചയായും ആഘോഷിക്കപ്പെടും. ലേഖനത്തിനും പ്രബോധനത്തിനും ശുഭം. ഇനി പ്രബോധനം കണ്ടെടുത്ത് വായിക്കാന്‍ ശ്രമിക്കും. -

- നഖീം തിരുവനന്തപുരം -

- #### ദേശീയ ഐക്യമുന്നണി -

- 'ജമാഅത്ത് വിമര്‍ശനം: വിവാദമല്ല, സംവാദമാണ് വേണ്ടത്'- അശ്‌റഫ് കടക്കല്‍ എഴുതിയ ലേഖനം (2011 ഏപ്രില്‍ 2) വായിച്ചു. ജമാഅത്ത്-മുസ്‌ലിം ലീഗ് സംഘര്‍ഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ന്യൂനപക്ഷ പ്രാമുഖ്യമുള്ള ഒരു ദേശീയ ഐക്യമുന്നണി കെട്ടിപ്പടുക്കാന്‍ ജമാഅത്തിന് സാധിക്കണം. മുസ്‌ലിം ലീഗ് കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി വളരുകയും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഇടം കൈവശപ്പെടുത്തുകയും ചെയ്തു. ജമാഅത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. മുസ്‌ലിം ലീഗിന്റെ താവളത്തിലേക്ക് ജമാഅത്ത് ചേക്കേറുമ്പോള്‍ സ്വാഭാവികമായും രാഷ്ട്രീയമായ എതിര്‍പ്പുണ്ടാകും. ആധുനിക കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രബോധന ദൗത്യം ഏറ്റവും ഭംഗിയായി നിര്‍വഹിച്ചത് ജമാഅത്തെ ഇസ്‌ലാമി തന്നെയാണ്. മലയാള ഭാഷയെ തന്നെ സമ്പന്നമാക്കുന്നതില്‍ പ്രബോധനത്തിന്റെ സംഭാവന എടുത്തു പറയേണ്ടതാണ്. ജമാഅത്ത് സാഹിത്യങ്ങള്‍ ഇസ്‌ലാമിന്റെ സന്ദേശങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതില്‍ വിജയിച്ചു. മറ്റു മുസ്‌ലിം സംഘടനകളെല്ലാം ജമാഅത്തിന്റെ വഴി പിന്തുടര്‍ന്നു. തര്‍ബിയത്തും തസ്‌കിയത്തും പഠിപ്പിക്കുന്ന ദൗത്യത്തില്‍നിന്നും ജമാഅത്ത് പ്രവര്‍ത്തകര്‍ രാഷ്ട്രീയ രംഗത്തേക്ക് നീങ്ങുന്നു. കേരള മുസ്‌ലിംകള്‍ക്കിടയിലെ സംവാദങ്ങളും ചര്‍ച്ചകളും ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് ശക്തി നല്‍കി. അതിനിയും തുടരണം. -

- പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ -

-

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം