കീടം ബാധിച്ച ഭരണകൂടം
മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുകയും അത് ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുള്ള രാജ്യമാണ് ഇന്ത്യ. മനുഷ്യാവകാശങ്ങളില്‍ പ്രഥമവും പ്രധാനവുമാണ് ജീവിക്കാനുള്ള അവകാശം. ദൈവദത്തമായ ജന്മാവകാശമാണത്. വായുവും വെള്ളവും മണ്ണും അന്നം തേടാനുള്ള കായിക-മാനസിക യോഗ്യതകളും ദൈവം തന്നിട്ടുള്ളതാണ്. അത് ഹനിക്കപ്പെടുന്നത് തടയുകയാണ് സര്‍ക്കാറിന്റെ പ്രത്യേകിച്ചും ജനാധിപത്യ സര്‍ക്കാറിന്റെ പ്രഥമ ബാധ്യത. പൌരന്മാരുടെ ജീവിത പരിസ്ഥിതിയുടെ മലിനീകരണവും നശീകരണവും തടയാത്ത ഭരണകൂടം ജനായത്ത ഭരണകൂടം എന്ന പേരിന്നര്‍ഹമല്ല. പരിസ്ഥിതി നശീകരണത്തിന് അധികാരത്തിന്റെയും നിയമത്തിന്റെയും കുടപിടിച്ചു കൊടുക്കുന്ന ഭരണകൂടം കാളകൂടമാണ്.
കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ ജനജീവിതം ദുസ്സഹമായിട്ട് ഒരു പതിറ്റാണ്ടിലേറെയായി. മുതിര്‍ന്നവരെ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ പിടികൂടുന്നു. കുട്ടികള്‍ക്ക് അംഗവൈകല്യങ്ങള്‍ ബാധിക്കുന്നു. ശിശുക്കളില്‍ 50 ശതമാനവും ജനിക്കുന്നത് ജനിതക-നാഡീ വൈകല്യങ്ങളോടു കൂടിയാണ്. ഇത് ആ പ്രദേശത്തെ യുവതീ യുവാക്കളില്‍ നല്ലൊരു വിഭാഗത്തെ തങ്ങള്‍ക്കു കുട്ടികളേ വേണ്ടെന്ന ദുഃഖകരമായ തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നു. ഗര്‍ഭഛിദ്രം പെരുകുന്നു. പ്രദേശത്തെ ദുരിതബാധിതരായ മനുഷ്യരുടെ ദയനീയ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ നിത്യേന നമുക്ക് കാണിച്ചുതരുന്നുണ്ട്. എഴുന്നൂറിലേറെ പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു. രോഗശയ്യയിലുള്ളത് ആയിരങ്ങളാണ്. ദുരിതബാധിത പ്രദേശത്തിന് മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള വ്യത്യസ്തത അവിടത്തെ കശുമാവിന്‍ തോട്ടങ്ങളില്‍ വ്യാപകമായ തോതില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി തളിച്ചിരുന്നു എന്നതാണ്. ഈ കീടനാശിനി ഉപയോഗിക്കുന്ന കര്‍ണാടകത്തിലെ ചില പ്രദേശങ്ങളിലും ഇതേ ദുരിതങ്ങള്‍ ദൃശ്യമായിട്ടുണ്ട്. രണ്ട് പ്രദേശത്തും ഇത്തരമൊരു ദുരിതത്തിന് വേറെ കാരണങ്ങളൊന്നും കാണുന്നുമില്ല. ജനങ്ങളോട് ഉത്തരവാദിത്വവും സാമാന്യബോധവുമുള്ള സര്‍ക്കാറിനെ സംബന്ധിച്ചേടത്തോളം എന്‍ഡോസള്‍ഫാന്‍എന്ന കീടനാശിനിയുടെ ഉല്‍പാദനവും വിപണനവും ഉപയോഗവും രാജ്യവ്യാപകമായി നിരോധിക്കാന്‍ ഇതുതന്നെ മതിയായ ന്യായമാണ്. ഒരു വികസ്വര സമൂഹം സ്ഥിരമായി സ്വീകരിക്കുന്ന ഏതു നടപടിക്കും ശാസ്ത്രീയമായ അടിത്തറയുണ്ടാവണമെന്നത് ശരിയാണ്. അതുകൊണ്ട് എന്‍ഡോസള്‍ഫാന്‍ അപകടകാരിയാണോ അതല്ല നിരുപദ്രവകാരിയാണോ എന്ന് അസന്ദിഗ്ധമായി തെളിയിക്കപ്പെടേണ്ടതാണ്. എന്നാല്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാ ദുരിതത്തിന്റെ കാരണം എന്നു സംശയിക്കപ്പെടുന്ന നടപടി, അതുതന്നെയാണ് കാരണമെന്ന് അസന്ദിഗ്ധമായി തെളിയിക്കപ്പെടുന്നതുവരെ തുടരുന്നത് ബുദ്ധിപൂര്‍വമല്ല. നിരുപദ്രവകരമെന്ന് അസന്ദിഗ്ധമായി തെളിയിയുന്നതുവരെ പൂര്‍ണമായി നിര്‍ത്തിവെക്കുകയാണ് യുക്തിസഹമായ നിലപാട്. നിരുപദ്രവകരമെന്ന് തെളിയുകയാണെങ്കില്‍ അപ്പോള്‍ അത് വീണ്ടും സ്വീകരിക്കാവുന്നതേയുള്ളൂ.
എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ അത് ആപത്കരമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന വാദം അസത്യമാണ്. ലഭിച്ച തെളിവ് സര്‍ക്കാര്‍ അവഗണിക്കുകയോ പൂഴ്ത്തിവെക്കുകയോ ചെയ്തു എന്നതാണ് സത്യം. 2002-ല്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) ആഭിമുഖ്യത്തിലുള്ള നാഷ്നല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.ഒ.എച്ച്) ഡോ. ഹബീബുല്ലയുടെ നേതൃത്വത്തില്‍ നിയോഗിച്ച സമിതി കാസര്‍കോട്ട് വന്ന് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ദുരിതകാരണം 22 വര്‍ഷമായി ആ പ്രദേശത്ത് തളിച്ചുകൊണ്ടിരുന്ന എന്‍ഡോസള്‍ഫാനാണെന്ന് ചൂണ്ടിക്കാണിക്കുകയും ഈ കീടനാശിനി നിരോധിക്കണമെന്ന് ശിപാര്‍ശ ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. ഈ റിപ്പോര്‍ട്ടിന് യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സയന്‍സിന്റെ അംഗീകാരമുണ്ട്. അടുത്ത കാലത്ത് കാസര്‍കോട് സന്ദര്‍ശിച്ച ദേശീയ മനുഷ്യാവകാശ കമീഷനും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയും ദുരിതബാധിതരെ പുനരധിവസിപ്പിക്കുകയും ചെയ്യണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതിനിടയില്‍ കേരളത്തില്‍ നിന്നുള്ള പതിനാലോളം ഏജന്‍സികള്‍ ഈ വിഷയത്തില്‍ ഗവേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. എന്‍ഡോസള്‍ഫാന്റെ അപകടകാരിതയാണവയെല്ലാം ചൂണ്ടിക്കാട്ടുന്നത്. ഈ വിഷപ്രയോഗം ദേശീയതലത്തില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തില്‍ ഈയിടെ സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടക്കുകയുണ്ടായി. 29-ന് എല്‍.ഡി.എഫ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലും പ്രഖ്യാപിച്ചു. എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകര്‍ക്ക് വേണ്ടിയും ചില പഠനങ്ങള്‍ നടന്നിട്ടുണ്ട്. അവരുടെ ഗവേഷണഫലം ഊഹിക്കാവുന്നതേയുള്ളൂ. അതില്‍ പ്രധാനമായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത് ഒ.പി ദുബെയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ നടന്ന പഠനമാണ്. എന്‍ഡോസള്‍ഫാനെ കുറ്റമുക്തമാക്കുന്ന ദുബെ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനോട് ആ പഠനത്തില്‍ പങ്കെടുത്ത എന്‍.ഐ.ഒ.എച്ചിലെ നാല് അംഗങ്ങളും വിയോജിച്ചിരിക്കുന്നു. ഈ റിപ്പോര്‍ട്ടാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന് വാദിച്ചുകൊണ്ട് കൃഷി ഡിപ്പാര്‍ട്ട്മെന്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ട് വേണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. നേരത്തെ വന്ന പഠനറിപ്പോര്‍ട്ട് അദ്ദേഹം കണ്ടിട്ടില്ലത്രെ. ഐ.സി.എം.ആര്‍ പഠനം വേഗത്തിലാക്കാമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അദ്ദേഹം ഔദാര്യപൂര്‍വം ആശ്വസിപ്പിക്കുകയും ചെയ്തിരിക്കുന്നു. കൃഷിമന്ത്രി പവാര്‍ നിരോധത്തിനു തീര്‍ത്തും എതിരാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാലേ നിരോധിക്കാന്‍ പറ്റൂ എന്നാണ് പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ വാദം. പക്ഷേ, ജനീവാ സമ്മേളനത്തില്‍ ലോക രാഷ്ട്രങ്ങളില്‍ മഹാ ഭൂരിപക്ഷവും എന്‍ഡോസള്‍ഫാനെ എതിര്‍ത്തപ്പോഴും അതിനു വേണ്ടി ഒറ്റപ്പെട്ട ശബ്ദമുയര്‍ത്തിയ ഇന്ത്യ നാണക്കേടിന്റെ കൊടുമുടി കയറുമ്പോള്‍ അദ്ദേഹത്തിന്റെ ജനാധിപത്യബോധത്തിന് ഒരു സങ്കോചവുമില്ല.
യാഥാര്‍ഥ്യമെന്താണെന്ന്, എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ജനീവയില്‍ കൂടിയാലോചന നടത്തിക്കൊണ്ടിരുന്നത് എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന കോര്‍പറേറ്റുകളുടെ പ്രതിനിധികളുമായിട്ടായിരുന്നു എന്ന റിപ്പോര്‍ട്ടില്‍ നിന്ന് സ്പഷ്ടമാകുന്നു. യു.പി.എ ഗവണ്‍മെന്റ് ഇന്ത്യ ഭരിക്കുന്നത് ഇന്ത്യന്‍ ജനതയുടെ താല്‍പര്യം സംരക്ഷിക്കാനല്ല. കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്. ടാറ്റയും അംബാനിമാരും നീരാ റാഡിയയുമൊക്കെ ചേര്‍ന്ന് നിയോഗിക്കുന്ന മന്ത്രിമാര്‍ അവരുടെ ദല്ലാളുകളാണ്. ഭരണകൂടത്തെ തന്നെ കീടം ബാധിച്ചിരിക്കുകയാണിവിടെ. അതിനാണ് ആദ്യം പരിഹാരം കാണേണ്ടത്.
Comments