ഗുണകാംക്ഷ; കരാര്‍ പാലനം
മുസ്ലിമിനുണ്ടായിരിക്കേണ്ട ഉദാത്ത സ്വഭാവങ്ങളില്‍പെട്ടതാണ് ഗുണകാംക്ഷയും കരാര്‍ പാലനവും. യഥാര്‍ഥ മുസ്ലിം സമൂഹത്തോട് ഗുണകാംക്ഷ കാണിക്കുന്നവനായിരിക്കും. പ്രവാചകന്‍(സ) പറഞ്ഞു: "ദീന്‍ ഗുണകാംക്ഷയാകുന്നു. ഞങ്ങള്‍ ചോദിച്ചു: ആരോട്? പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവിനോട്, അവന്റെ ഗ്രന്ഥത്തോട്, പ്രവാചകനോട്, മുസ്ലിംകളുടെ നേതാക്കളോട്, അവരിലെ സാധാരണക്കാരോട്'' (മുസ്ലിം).
ഗുണകാംക്ഷ, സകാത്ത്, നമസ്കാരം എന്നീ കാര്യങ്ങളില്‍ സഹാബികള്‍ പ്രവാചകനോട് കരാര്‍ ചെയ്തിരുന്നതായി കാണാം. ജരീറുബ്നു അബ്ദുല്ല(റ) പറഞ്ഞു: "നമസ്കാരം നിലനിര്‍ത്തുക, സകാത്ത് കൊടുക്കുക, എല്ലാ മുസ്ലിംകളോടും ഗുണകാംക്ഷ കാണിക്കുക എന്നീ കാര്യങ്ങളില്‍ ഞാന്‍ പ്രവാചകനോട് കരാര്‍ ചെയ്തിരുന്നു'' (ബുഖാരി, മുസ്ലിം). ഇവിടെ നമസ്കാരം, സകാത്ത് തുടങ്ങിയ കാര്യങ്ങളോടൊപ്പം ഗുണകാംക്ഷയും എടുത്ത് പറഞ്ഞിരിക്കുന്നു. ഗുണകാംക്ഷയുടെ മഹത്വവും പ്രാധാന്യവും ഇതില്‍ നിന്ന് മനസ്സിലാക്കാം. പരലോകത്ത് വിചാരണവേളയില്‍ സ്വര്‍ഗലബ്ധിക്ക് അത് കാരണമായിത്തീരും. "ഒരു ദാസനെ അല്ലാഹു ഒരു വിഭാഗത്തിന്റെ ഭരണാധികാരം ഏല്‍പ്പിച്ചു. എന്നിട്ടവന്‍ അവരെ വഞ്ചിച്ചുകൊണ്ട് മൃതിയടഞ്ഞു. എങ്കില്‍ അവന് സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു'' (ബുഖാരി, മുസ്ലിം). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയുണ്ട്: "എന്നിട്ടവന്‍ ഗുണകാംക്ഷയോടെ ഭരിച്ചില്ല. എങ്കിലവന് സ്വര്‍ഗത്തിന്റെ സുഗന്ധംപോലും ആസ്വദിക്കാന്‍ കഴിയില്ല.''
വേറൊരു ഹദീസ്: "ഒരു ചെറിയ ഭരണാധികാരി മുസ്ലിംകളുടെ കാര്യങ്ങള്‍ ഏറ്റെടുത്തു. പക്ഷേ, അവര്‍ക്ക് വേണ്ടി യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല, എന്നാല്‍ അവരോട് അയാള്‍ക്ക് ഗുണകാംക്ഷയുണ്ടായിരുന്നു. എങ്കില്‍ അയാളെ അവരോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്'' (മുസ്ലിം). ഗുണകാംക്ഷ എത്ര മഹത്വമേറിയ സ്വഭാവമാണെന്ന് നോക്കൂ.
മുസ്ലിമിനുണ്ടായിരിക്കേണ്ട മറ്റൊരു സവിശേഷ ഗുണമാണ് കരാര്‍ പാലനം. സമൂഹമധ്യത്തില്‍ മനുഷ്യന്റെ സ്ഥാനമാനങ്ങള്‍ ഈ സ്വഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്. വിശ്വാസത്തിന്റെ മേന്മയും ഇസ്ലാമിന്റെ സുന്ദര മുഖവുമാണത്. ഈ ആശയത്തെ ശക്തിപ്പെടുത്തുന്ന ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളും കാണാം. അതില്ലാത്തവര്‍ക്കെതിരെ ഇസ്ലാം മുന്നറിയിപ്പ് നല്‍കുകയും അവരെ കപടന്മാരായി ഗണിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ചിലയാളുകള്‍ ചെയ്യുന്നതുപോലെ കേവലം പാഴ്വാക്കല്ല അല്ലാഹുവിന്റെ പേരില്‍ കരാര്‍ ചെയ്യല്‍. അല്ലാഹുവുമായി കരാര്‍ ചെയ്തവന്‍ വിചാരണാ വേളയില്‍ അതിനെക്കുറിച്ച് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും. അതിനാല്‍ അതു പാലിക്കല്‍ അവന്റെ മേലുളള ഗൌരവമാര്‍ന്ന ഉത്തരവാദിത്വമാണ്. സാഹചര്യവും ചുറ്റുപാടും എന്തായാലും അതവന്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്. കരാര്‍ ലംഘിക്കുന്നവനും അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവനും അല്ലാഹുവിന്റെ വെറുപ്പിനും കോപത്തിനും പാത്രീഭൂതനാകും.
"നിങ്ങള്‍ കരാര്‍ പൂര്‍ത്തീകരിക്കുക. തീര്‍ച്ചയായും കരാറിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്'' (അല്‍ഇസ്റാഅ് 34).
"സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു. നിങ്ങള്‍ ചെയ്യാത്ത കാര്യം നിങ്ങള്‍ പറയുന്നത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു'' (അസ്സ്വഫ് 2,3).
നബി (സ) പറഞ്ഞു: "കപട വിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. സംസാരിച്ചാല്‍ കളവ് പറയുക. വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുക, വിശ്വസിച്ചാല്‍ വഞ്ചിക്കുക'' (ബുഖാരി, മുസ്ലിം).
നമസ്കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനാ കര്‍മങ്ങള്‍ കൊണ്ട് മാത്രം ഒരാള്‍ പൂര്‍ണമായും മുസ്ലിമാകില്ല. അതോടൊപ്പം അല്ലാഹു ഉദ്ദേശിച്ചത് പോലെ അവന്റെ സ്വഭാവഗുണങ്ങളും മാറേണ്ടതുണ്ട്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, മുസ്ലിം സമൂഹത്തിലെ ധാരാളമാളുകളില്‍ ഈ ഉത്തമ സ്വഭാവത്തിന്റെ തിരോധാനം വളരെ പ്രകടമാണ്. നിശ്ചിത സമയത്തിനുളളില്‍ ചെയ്ത് തീര്‍ക്കാമെന്ന് പറഞ്ഞു ഏറ്റെടുക്കുന്ന ജോലികള്‍ പലരും ആ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നില്ല. സമ്പത്ത് വിശ്വസിച്ചേല്‍പ്പിച്ചാല്‍ വഞ്ചിക്കുന്നു. രഹസ്യമാക്കേണ്ട കാര്യങ്ങള്‍ പരസ്യമാക്കുന്നു. ഇങ്ങനെ ഇസ്ലാം വെറുക്കുന്ന എത്ര എത്ര കാര്യങ്ങളാണ് പലരും ചെയ്തു കൊണ്ടിരിക്കുന്നത്. അത്തരക്കാര്‍ നമസ്കാരം, നോമ്പ്, സകാത്ത് തുടങ്ങിയ ആരാധനകള്‍ നിര്‍വഹിക്കുന്നുണ്ടെങ്കിലും ഇസ്ലാമിന്റെ ദൃഷ്ടിയില്‍ കപടവിശ്വാസികളാണ്. കപടന്മാര്‍ നരകത്തിന്റെ അടിത്തട്ടിലുമാണ്.
വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍
Comments