മൂസാ പ്രവചിച്ച പ്രവാചകന്‍ ആര്?
യേശുവും ശിഷ്യന്മാരും ക്രിസ്ത്യാനികള്‍ ആയിരുന്നില്ല മുസ്‌ലിംകള്‍ ആയിരുന്നു എന്നു കേള്‍ക്കുന്നത് ക്രൈസ്തവര്‍ക്ക് സഹിക്കാനോ വിശ്വസിക്കാനോ ആവാത്തതാണെന്ന് ആരും സമ്മതിക്കും. എങ്കിലും യുക്തിസഹമായി ചിന്തിക്കുന്ന ക്രൈസ്തവര്‍ക്ക് വേദനാജനകമാണെങ്കിലും അതൊരു യാഥാര്‍ഥ്യമായി അംഗീകരിക്കാതിരിക്കാനും കഴിയുന്നതല്ല. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ ക്രൈസ്തവര്‍ പാലിക്കുന്ന ജീവിതക്രമങ്ങളും ആചാര രീതികളും പ്രാര്‍ഥനാ സമ്പ്രദായങ്ങളും ഒന്നുംതന്നെ യാതൊരു വിധത്തിലും ആ പ്രവാചകന്റെ ജീവിത മാതൃകക്ക് യോജിക്കുന്നവയായിരുന്നില്ല, ആരംഭം മുതല്‍ അന്ത്യം വരെ. ഞായറാഴ്ചകളില്‍ ഒരിക്കലെങ്കിലും പള്ളിയില്‍ പോയതായി വിവരിക്കപ്പെട്ടിട്ടില്ലാത്ത അദ്ദേഹം സാബത്തു ദിനമായ ശനിയാഴ്ചകളില്‍ മുടക്കം കൂടാതെ പള്ളിയില്‍ പോയിരുന്നതായും രേഖകളുണ്ട്. ബൈബിളിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചു മനസ്സിലാക്കാവുന്നതാണ് ഈ വസ്തുതകള്‍.
എല്ലാ മുസ്‌ലിം ബാലന്മാര്‍ക്കും ചെയ്യുന്നതുപോലെ ജനിച്ച് എട്ടാം ദിവസം പരിഛേദനം നടത്തി (ലൂക്കാ 2:21). പല മുസ്‌ലിം ശിശുക്കളുടെയും പേരില്‍ ഇന്നും നടത്തുന്നതുപോലെ ഉണ്ണി യേശുവിന്റെ പേരില്‍ രണ്ട് പ്രാവുകളെ മര്‍യം ജറൂസലം പള്ളിയില്‍ ബലിയര്‍പ്പിച്ചു (ലൂക്കാ 2:24). കുട്ടിയെ ദൈവത്തിനു സമര്‍പ്പിക്കുകയും അവനു വേണ്ടി മര്‍യം പ്രാര്‍ഥിക്കുകയും ചെയ്തു. ദൈവശിശു ആയിരുന്നെങ്കില്‍ മര്‍യം അവനെ ദൈവത്തിനു സമര്‍പ്പിക്കുകയോ അവനു വേണ്ടി പ്രാര്‍ഥിക്കുകയോ ചെയ്യുമായിരുന്നില്ല. മര്‍യം ഗര്‍ഭം ധരിച്ച് ഒരു ശിശുവിനെ പ്രസവിക്കുമെന്ന് അറിയിച്ച മാലാഖയോട് അവള്‍ ചോദിച്ചത്, പുരുഷനെ അറിയാത്ത എനിക്ക് ഇതെങ്ങനെ സംഭവിക്കുമെന്നാണ്. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്ന മറുപടിയില്‍ തൃപ്തയായ മര്‍യം പറഞ്ഞത് ''ഇതാ ദൈവത്തിന്റെ ദാസി, മാലാഖ പറഞ്ഞപോലെ എന്നില്‍ സംഭവിക്കട്ടെ'' എന്നായിരുന്നു. ക്രൈസ്തവര്‍ വിശ്വസിക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്യുന്ന പോലെ, ഇതാ ദൈവത്തിന്റെ അമ്മ എന്നായിരുന്നില്ല. ഇതിലും മുമ്പ് മര്‍യത്തെ പ്രസവിച്ചപ്പോള്‍ അവളുടെ മാതാവും കുട്ടിയെ (മര്‍യത്തെ) പള്ളിയില്‍ കൊണ്ടുപോയി ദൈവത്തിനു സമര്‍പ്പിച്ച് അവള്‍ക്കും ഭാവിയില്‍ അവള്‍ക്കുണ്ടാവാനിരിക്കുന്ന സന്തതിക്കും വേണ്ടി പ്രാര്‍ഥിച്ചതായി ഖുര്‍ആനിലുണ്ട്. ദൈവവിചാരവും ദൈവവിശ്വാസവുമുണ്ടായിരുന്ന ഒരു നല്ല കുടുംബ പാരമ്പര്യം മര്‍യത്തിനുണ്ടായിരുന്നെന്ന് അതില്‍നിന്ന് തെളിയുന്നു.
യേശു എന്ന പ്രവാചകനെ ഭൂമിയിലേക്ക് അയച്ചതിന് രണ്ട് പ്രധാന ഉദ്ദേശ്യങ്ങള്‍ ദൈവത്തിനുണ്ടായിരുന്നതായി ഖുര്‍ആന്‍ പറയുന്നു.
''മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞു: 'ഇസ്രാഈല്‍ സന്താനങ്ങളേ, നിങ്ങളിലേക്ക് നിയുക്തനായ ദൈവദൂതനാണ് ഞാന്‍. എനിക്ക് മുമ്പ് അവതരിച്ച തൗറാത്തിനെ ഞാന്‍ ശരിവെക്കുകയും അഹ്മദ് എന്ന പേരില്‍ എനിക്കു ശേഷം വരുന്ന ഒരു പ്രവാചകനെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.' എന്നിട്ട് അവന്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുക്കലെത്തിയപ്പോള്‍ 'ഇത് തനി ജാലവിദ്യയാണ്' എന്നാണ് അവര്‍ പറഞ്ഞത്'' (61:6).
മുന്‍ പ്രവാചകന്മാര്‍ വഴി ലഭിച്ചതും യേശുവിന്റെ കാലത്ത് നിലവില്‍ ഉണ്ടായിരുന്നതുമായ തൗറാത്ത് (ബൈബിളിലെ പഴയനിയമം) സ്ഥിരീകരിച്ച് സാക്ഷ്യപ്പെടുത്തുക, തന്റെ കാലശേഷം വരാനിരിക്കുന്ന ഒരു പ്രവാചകനെപ്പറ്റി സദ്‌വാര്‍ത്ത നല്‍കുക എന്നിവയായിരുന്നു അവ. ഇതില്‍ ആദ്യത്തേതിനെപ്പറ്റി ജനങ്ങള്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി യേശു തന്നെ പറഞ്ഞു: ''നിയമങ്ങള്‍ ഇല്ലാതാക്കാനല്ല, അവ പൂര്‍ത്തീകരിച്ച് നിറവേറ്റുന്നതിനാണ് ഞാന്‍ വന്നത്.''
വരാനുള്ള പ്രവാചകനെ പേരെടുത്തു പറഞ്ഞല്ല അദ്ദേഹത്തെപ്പറ്റിയുള്ള സുവിശേഷം യേശു അറിയിച്ചത്; പകരം ആ മഹാനെ തിരിച്ചറിയുന്നതിനു സഹായകമായ ചില സൂചനകള്‍ നല്‍കിക്കൊണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ''ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരുന്നതുകൊണ്ട് ആദ്യം ചില സംഗതികള്‍ നിങ്ങളോട് പറഞ്ഞില്ല. എന്നാല്‍, ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്റെ അടുക്കലേക്ക് പോവുകയാണ്. അത് പറഞ്ഞതുകൊണ്ട് നിങ്ങള്‍ ദുഃഖിതരാണെങ്കിലും ഞാന്‍ സത്യം പറയുന്നു: ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് നല്ലതാണ്; എന്തുകൊണ്ടെന്നാല്‍ പോകുന്നില്ലെങ്കില്‍ 'സഹായകന്‍' നിങ്ങളുടെ അടുത്ത് വരുകയില്ല. എന്നാല്‍, ഞാന്‍ പോവുകയാണെങ്കില്‍ ആ 'സത്യാത്മാവ്' നിങ്ങളുടെ അടുത്തേക്ക് വരുകയും ദൈവത്തിന്റെ വിധികല്‍പനയെക്കുറിച്ചും പാപത്തെക്കുറിച്ചും ശരിയായ വിധത്തില്‍ ലോകത്തെ അറിയിക്കുകയും ചെയ്യും. സ്വന്തം അധികാരത്തിലോ സ്വന്തമായോ ആയിരിക്കുകയില്ല അവന്റെ സംസാരം. താന്‍ കേള്‍ക്കുന്നത് മാത്രമായിരിക്കും അവന്‍ പറയുക. വരാനുള്ള ആ ഉപദേശകന്‍ എന്നെ മഹത്വപ്പെടുത്തുകയും ഞാന്‍ നിങ്ങളോട് പറയുന്ന കാര്യങ്ങള്‍ തന്നെ നിങ്ങളെ അറിയിക്കുകയും ചെയ്യുന്നതാണ്. എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്ന അവന്‍ നിങ്ങളെ സത്യത്തിലേക്ക് നയിക്കും. ഇനിയും വളരെ കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എങ്കിലും ഇപ്പോള്‍ അവ മനസ്സിലാക്കുന്നതിനുള്ള ബുദ്ധിപരമായ വളര്‍ച്ച നിങ്ങള്‍ക്കായിട്ടില്ല. കാലത്തിന്റെ തികവില്‍ ദൈവം അയക്കുന്ന ആ ആശ്വാസദായകന്‍ ദൈവത്തിന്റെ നീതിയെയും ശിക്ഷാവിധികളെയും പറ്റി എല്ലാ കാര്യങ്ങളും ശരിയായ വിധത്തിലും സത്യമായും നിങ്ങളെ അറിയിക്കുന്നതാണ്'' (യോഹ 16-ാം അധ്യായത്തില്‍നിന്ന്).
സഹായകന്‍, ആശ്വാസദായകന്‍, സത്യാത്മാവ് തുടങ്ങിയ അര്‍ഥത്തില്‍ യോഹന്നാന്റെ സുവിശേഷത്തില്‍ ഇപ്പോള്‍ കാണുന്ന പദം അവ രേഖപ്പെടുത്തിയ ഗ്രീക്ക് സുവിശേഷത്തില്‍ ആദ്യം ഉപയോഗിക്കപ്പെട്ടത് ഇന്നു കാണുന്ന വിധത്തില്‍ ആയിരുന്നില്ലെന്നും പകരം മറ്റൊരു ഗ്രീക്ക് പദം ആയിരുന്നെന്നും പറയപ്പെടുന്നു. ആദ്യം ഉപയോഗിക്കപ്പെട്ടത് 'Periclytos' എന്നും ഇപ്പോള്‍ കാണുന്നത് 'Paracletos' എന്നും ആണെന്നാണ് ആക്ഷേപം. ആദ്യത്തെ പദത്തിന് ഗ്രീക്ക് ഭാഷയില്‍ 'സ്തുതിക്കപ്പെട്ടവന്‍' എന്ന് അര്‍ഥമുള്ള മുഹമ്മദ് അഥവാ അഹ്മദ് എന്നായിരുന്നു ഭാഷാര്‍ഥമെന്നാണ് പറയപ്പെടുന്നത്. എങ്ങനെയോ ആ പദം ഇന്നു കാണുന്ന പോലെ ആയി മാറി എന്നാണ് അഭിപ്രായം.
ആ വാദം ശരിയാണോ എന്ന് പരിശോധിക്കാം. എ.ഡി ഒന്നാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലായിരുന്നു യോഹന്നാന്റെ സുവിശേഷം ഗ്രീക്ക് ഭാഷയില്‍ എഴുതപ്പെട്ടത്. അന്ന് മുഹമ്മദ് നബി ജനിച്ചിരുന്നില്ല. ഖുര്‍ആനും അവതരിച്ചിരുന്നില്ല. എ.ഡി 571-ല്‍ ആയിരുന്നു മുഹമ്മദ് നബിയുടെ ജനനം. നബി ജനിക്കുന്നതിന് 480 കൊല്ലങ്ങള്‍ക്ക് മുമ്പും ഖുര്‍ആന്‍ അവതരിക്കുന്നതിനു ഏകദേശം 540 കൊല്ലങ്ങള്‍ക്കു മുമ്പും രചിക്കപ്പെട്ട ഒരു ഗ്രന്ഥത്തില്‍ നിന്ന് മുഹമ്മദ് നബിയുടെ പേര് മനഃപൂര്‍വമായി ആരെങ്കിലും മാറ്റിയെഴുതാന്‍ കാരണമുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല, മുഹമ്മദ് നബി ജനിക്കുകയോ ഖുര്‍ആന്‍ അവതരിക്കുകയോ ചെയ്തിട്ടില്ലാതിരുന്ന ഒരു കാലത്ത് ഇന്നു നാം കാണുന്നതുപോലെയുള്ള മുസ്‌ലിംകളും ഭൂമിയില്‍ ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരു കാലത്ത് ആര് ആര്‍ക്കു വേണ്ടി മുഹമ്മദ് എന്നര്‍ഥമുള്ള പേര് മാറ്റി മറ്റൊരു വാക്ക് എഴുതിച്ചേര്‍ക്കണം? എന്നു തന്നെയല്ല, ഇന്നത്തെപ്പോലെയുള്ള ക്രിസ്ത്യാനികളും അന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ക്രൈസ്തവ-മുസ്‌ലിംവിരോധങ്ങളോ സംഘട്ടനങ്ങളോ ഇല്ലാതെ ശുദ്ധമായിരുന്നു അന്നത്തെ നമ്മുടെ ഭൂമിയും ഭൂവാസികളും. വരാനുള്ള പ്രവാചകനെപ്പറ്റി യോഹന്നാന്‍ എഴുതിയത് ഇന്നത്തെ മുസ്‌ലിംകളെയോ ക്രിസ്ത്യാനികളെയോ കണ്ടല്ല. മറിച്ച് അദ്ദേഹത്തിന്റെ മതത്തിലെ ഒരു പ്രവാചകന്‍ എന്ന നിലക്കായിരുന്നു. കൂട്ടത്തില്‍ പറയട്ടെ, ക്രിസ്ത്യാനിയായിരുന്നില്ല ആ എഴുത്തുകാരന്‍.
വരാനുള്ള പ്രവാചകന്റെ ആഗമനത്തെപ്പറ്റി യേശു അറിയിക്കുന്നതിലും ഏറെ മുമ്പുതന്നെ മൂസാ നബിയും അക്കാര്യം പ്രവചിച്ചിരുന്നു. ബൈബിളില്‍ ആ പ്രവചനം ഇങ്ങനെ രേഖപ്പെടുത്തി: ''അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്ന് നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കു വേണ്ടി അയക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്ഷേപിക്കും. ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോട് ഞാന്‍ തന്നെ പ്രതികാരം ചെയ്യും'' (നിയമാവര്‍ത്തനം 18:18,19).
മൂസാ നബിയെ ദൈവം അറിയിച്ചതായിരുന്നു മേലുദ്ധരിച്ച പ്രവചന ഭാഗം. ഇസ്രായേല്‍ക്കാരുടെ സ്വന്തക്കാരുടെ ഇടയില്‍ നിന്ന് നിന്നെപ്പോലെയുള്ള ഒരു പ്രവാചകന്‍ എന്നു പറയുമ്പോള്‍, അയാള്‍ മൂസാ നബിയെപ്പോലെയുള്ള ഒരു പ്രവാചകന്‍ എന്നും അദ്ദേഹം ഇസ്രയേല്‍ക്കാരുമായി അടുത്ത ബന്ധമുള്ള ആള്‍ എന്നുമാണ് അര്‍ഥം. ഈ പ്രവചനമനുസരിച്ച് ജനിച്ച പ്രവാചകനാണ് മുഹമ്മദ് നബി എന്നാണ് മുസ്‌ലിം വീക്ഷണം. പരിശോധിച്ചു നോക്കാം.
ആദ്യമായി വംശാവലി അനുസരിച്ച് മുഹമ്മദ് നബിക്ക് ഇസ്രയേല്‍ക്കാരുമായി അടുപ്പമുണ്ടായിരുന്നോ എന്നും ഉണ്ടെങ്കില്‍ അത് എങ്ങനെ ആയിരുന്നു എന്നും അറിയണം. ഇബ്‌റാഹീം നബിയുടെ രണ്ട് ഭാര്യമാരായിരുന്നല്ലോ ഹാജറയും സാറയും. ഹാജറയില്‍ നിന്ന് ഇസ്മാഈലും സാറയില്‍ നിന്ന് ഇസ്ഹാഖും ജനിച്ചു. ഇസ്ഹാഖിന്റെ മകന്‍ ആയിരുന്നു യാക്കോബ് എന്ന യഅ്ഖൂബ് നബി. അദ്ദേഹത്തിന് ഇസ്രയേല്‍ എന്നും പേരുണ്ടായിരുന്നു. യഅ്ഖൂബ് നബിക്ക് 12 മക്കള്‍. അവരെയും അവരുടെ സന്തതികളെയുമാണ് ഇസ്രയേല്‍ മക്കള്‍ എന്നു പറയുന്നത്. ധാരാളം പ്രവാചകന്മാര്‍ ജനിച്ച ആ വംശത്തില്‍ പെട്ടവരായിരുന്നു മൂസാ നബി, ഈസാ നബി എന്നിവര്‍.
ഹാജറയുടെ മകന്‍ ഇസ്മാഈലിനുമുണ്ടായിരുന്നു 12 മക്കള്‍ (ഉല്‍പത്തി 25:12-17, ichr 1:28-31). അവരില്‍ രണ്ടാമനായ കേദാറിന്റെ വംശത്തിലെ പ്രമുഖ ഗോത്രത്തില്‍ പെട്ട ഖുറൈശി വംശത്തിലായിരുന്നു മുഹമ്മദ് നബിയുടെ ജനനം. യഅ്ഖൂബ് നബിയുടെ വംശാവലിയില്‍ നിന്ന് ഇസ്രയേല്‍ക്കാരും ഇസ്മാഈല്‍ വംശാവലിയില്‍ പെട്ട കേദാറിന്റെ സന്തതി പരമ്പരകളില്‍നിന്ന് അറബികളും ഉണ്ടായതായാണ് ബൈബിള്‍ വിവരണം. ഖുര്‍ആനും ഇത് ശരിവെക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇസ്രയേല്‍ക്കാരും അറബികളും സ്വന്തക്കാരും സഹോദരന്മാരുമാണ്. ഇസ്രയേല്‍ക്കാരനായ മൂസാ നബിയുടെ സ്വന്തക്കാരില്‍ നിന്ന് അദ്ദേഹത്തെപ്പോലെയുള്ള ഒരു പ്രവാചകന്‍ ഉണ്ടാകുമെന്ന് പറഞ്ഞത് അവരുടെ സഹോദരങ്ങളായ അറബിവംശത്തിലെ ഖുറൈശി ഗോത്രത്തില്‍ പെട്ട മുഹമ്മദ് നബിയെ സംബന്ധിച്ചായിരുന്നെന്ന് അങ്ങനെ സ്ഥാപിക്കപ്പെടുന്നു.
മൂസാ നബിയെപ്പോലെയുള്ള പ്രവാചകന്‍ എന്നു പറഞ്ഞത് മുഹമ്മദ് നബിയില്‍ സാക്ഷാത്കരിക്കണമെങ്കില്‍ ആ രണ്ട് പ്രവാചകന്മാരിലും പൊതുവായി കാണപ്പെടുന്ന സവിശേഷതകള്‍ ഉണ്ടായിരിക്കണം. അതായത് രണ്ടു പേരും തമ്മില്‍ അടുത്ത സാമ്യം പല കാര്യങ്ങളിലും കാണാന്‍ കഴിയണം.
(തുടരും)
Comments