ഹരിത വിപ്ലവത്തിന്റെ അനിവാര്യ ദുരന്തം
നമുക്ക് ഹരിതവിപ്ലവത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങാം. ഒരു പക്ഷേ, ഇന്ന് എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം കാസര്‍കോട്ടെ ജനങ്ങള്‍ അനുഭവിക്കുന്ന മുഴുവന്‍ ദുരിതങ്ങളുടെയും വേരുകള്‍ ചെന്ന് നില്‍ക്കുന്നത് ഹരിതവിപ്ലവത്തിലാണ്. ഈ ഹരിതവിപ്ലവത്തിന്റെ ഒരു ന്യായമായി പറയപ്പെടുന്നത് രൂക്ഷമായ ഭക്ഷ്യക്ഷാമമാണ്. എന്നാല്‍, ഉല്‍പാദനത്തിന് ഒരു കാലത്തും കുറവുണ്ടായിട്ടില്ല എന്നും വിഭവങ്ങളുടെ വിതരണത്തിലുള്ള പ്രശ്‌നങ്ങള്‍ മൂലമാണ് ഭക്ഷ്യക്ഷാമങ്ങള്‍ ഉണ്ടായതെന്നും മറുവാദമുണ്ട്. സാറിന്റെ നിരീക്ഷണം എന്താണ്?
അന്ന് ഭക്ഷ്യക്ഷാമം ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. അതേ ഭക്ഷ്യക്ഷാമം ഇന്നും നിലനില്‍ക്കുന്നുണ്ട്. അപ്പുറത്ത് നെല്ലും ഗോതമ്പുമൊക്കെ ഗോഡൗണുകളില്‍ കിടന്ന് നശിച്ചുപോകുന്നുമുണ്ട്. സ്വാഭാവികമായും അന്നും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടാകണം. പാരിസ്ഥിതികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ അവക്കുള്ളതായി പലരും എഴുതിയിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തില്‍ ഭരണാധികാരികള്‍ ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവെച്ചും കട്ടുകടത്തിയും കൃത്രിമ ക്ഷാമങ്ങളുണ്ടാക്കിയതായും പറയപ്പെടുന്നു. ഇന്നും നമ്മുടെ നാട്ടില്‍ ഭക്ഷ്യവിതരണ സംവിധാനം വളരെ ദരിദ്രമാണ്. ഇന്ന് ലോകത്തുല്‍പാദിപ്പിക്കപ്പെടുന്ന ഭക്ഷണം ലോകത്തുള്ള ആകെ ജനങ്ങളുടെ ഇരട്ടി പേര്‍ക്ക് ഉപയോഗിക്കാന്‍ മാത്രമുണ്ട് എന്നതാണ് വാസ്തവം. അഥവാ ഇന്ന് ക്ഷാമം ഉണ്ടാകേണ്ട യാതൊരു കാര്യവുമില്ല. എന്നിട്ടും ധാരാളം മനുഷ്യര്‍ പട്ടിണി കിടന്ന് മരിക്കുന്നില്ലേ !? നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നുണ്ട്. പക്ഷേ, വേണ്ടവിധം സൂക്ഷിച്ചുവെക്കുന്നില്ല. ഒടുവില്‍ ഇത് ചീഞ്ഞ് കഴിയുമ്പോള്‍ അമേരിക്കയിലേക്ക് കയറ്റിയയക്കും- ബയോഗ്യാസ് നിര്‍മിക്കുന്നതിനായി. ഇതൊക്കെ മനപൂര്‍വം ചെയ്യുന്നതാണോ എന്ന് ചോദിച്ചാല്‍ അല്ലെന്ന് പറയാന്‍ എന്നെപ്പോലുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ട്. കൃഷിമന്ത്രി ശരത് പവാറിനൊക്കെ ഇതില്‍ പങ്കുണ്ടെന്ന് കേള്‍ക്കുന്നു.
2010-ല്‍ സുപ്രീം കോടതിയുടെ ഒരു പരാമര്‍ശം ഓര്‍ക്കുന്നു. പഞ്ചാബില്‍ ദശലക്ഷക്കണക്കിന് ധാന്യം നശിച്ചുപോകുന്നത് ശ്രദ്ധയില്‍പെട്ട കോടതി, ഇത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തുകൂടേ എന്ന് ചോദിക്കുകയുണ്ടായി...
തീര്‍ച്ചയായും. കഴിഞ്ഞ വര്‍ഷം പഞ്ചാബില്‍ 18 ദശലക്ഷം ടണ്‍ ധാന്യമാണ് സംഭരണത്തിലുള്ള അപാകതമൂലം നശിച്ചത്. ഈ പ്രശ്‌നത്തില്‍ ഇടപെട്ട് സുപ്രീംകോടതി പരാമര്‍ശം നടത്തിയപ്പോള്‍, ആ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് എക്‌സിക്യൂട്ടീവാണെന്നും കോടതിക്ക് അതില്‍ കാര്യമില്ലെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭക്ഷണത്തിന് ആവശ്യക്കാരുണ്ടായിരിക്കെ അത് നശിച്ചു പോകുമ്പോള്‍ കോടതി ഇങ്ങനെ ഇടപെടുന്നതില്‍ എന്താണ് തെറ്റ്?
ഈ ഒരനുഭവത്തെ പുറകോട്ട് വായിക്കുകയാണെങ്കില്‍ പണ്ടുകാലത്തും സംഭരണത്തിലും വിതരണത്തിലുമുള്ള അപാകതകള്‍ മൂലമാണ് ഭക്ഷ്യക്ഷാമമുണ്ടായത് എന്ന് മനസ്സിലാക്കിയാല്‍ അത് തെറ്റാകുമോ?
തീര്‍ച്ചയായും ഇല്ല. ഇനി ആവട്ടെ, പണ്ട് ഭക്ഷ്യക്ഷാമം ഉണ്ടായിരുന്നു എന്നു തന്നെ വിചാരിക്കുക. ഞാന്‍ മഹാരാജാസില്‍ പഠിക്കുന്ന സമയത്ത് കഞ്ഞിയും കപ്പയുമായിരുന്നു ഞങ്ങളുടെ പ്രധാന ഭക്ഷണം. അന്ന് പട്ടിണി ഉണ്ടായിരുന്നു. അത് ഉണ്ടാക്കിയതാണോ എന്ന് അറിയാന്‍ അന്ന് വഴിയില്ല. അന്ന് നമ്മളിതൊന്നും ആലോചിക്കുന്നില്ലല്ലോ. ഇരിക്കട്ടെ, അന്ന് ഹരിതവിപ്ലവത്തിലൂടെ ഉല്‍പാദനം കൂട്ടാമെന്നാണ് വിചാരിച്ചത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍, അത് വലിയ അബദ്ധമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ആദ്യം വിചാരിച്ചിരുന്നത്, ഹരിതവിപ്ലവം ഒരു ശരിയായ പരിഹാരമാണെന്നായിരുന്നു. പിന്നീട് കൃഷിക്കാരുമായി കൂടുതല്‍ ഇടപഴകി ജീവിക്കാനിടവന്നപ്പോഴാണ് എനിക്ക് പ്രശ്‌നം മനസ്സിലാവുന്നത്; പുസ്തകത്തില്‍ നിന്നല്ല. ഉദാഹരണത്തിന് കണ്ണൂര്‍ ജില്ലയിലെ ഏറോണ്‍ പഞ്ചായത്തില്‍ ജൈവകൃഷി സംരഭവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നതിനിടയില്‍ എഴുപത്തിയെട്ട് വയസ്സുള്ള ഒരു കര്‍ഷകന്‍ എന്നോട് പറഞ്ഞു: 'സാറെ, നിങ്ങളെപ്പോലുള്ളവര്‍ ശാസ്ത്രജ്ഞന്മാരാണ് ഞങ്ങളുടെ കൃഷി നശിപ്പിച്ചത്....' ഞാന്‍ ചോദിച്ചു: 'അതെന്താ നിങ്ങള്‍ അങ്ങനെ പറയുന്നത്?' അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ കുറച്ച് മുമ്പ് ഒരു ഹരിത വിപ്ലവം കൊണ്ടുവന്നല്ലോ, അതോടെ ഞങ്ങളുടെ വിത്തുകളിലെ വൈവിധ്യം മുഴുവനും നശിച്ചുപോയി. പണ്ട് ഞങ്ങളുടെ കൈയില്‍ പതിനെട്ട് തരം നെല്‍വിത്തുകളുണ്ടായിരുന്നു. ഇന്നത് വെറും മൂന്നോ നാലോ ആണ്. അതും കാര്‍ഷിക സര്‍വകലാശാലക്കാരുണ്ടാക്കിയ ഹൈ ബ്രിഡ് വിത്തുകള്‍. അന്ന് ഞങ്ങളോടും കൂടി ഒന്നാലോചിച്ചിരുന്നെങ്കില്‍, ഈ വിപത്ത് ഒഴിവാക്കാമായിരുന്നു.' മറ്റൊരിക്കല്‍ കുട്ടനാട്ടില്‍ നിന്നുള്ള ഒരു കര്‍ഷകനും ഇതുതന്നെ പറഞ്ഞു. കുട്ടനാട് മുഴുവന്‍ നിങ്ങള്‍ കുളമാക്കി എന്നാണദ്ദേഹം പറഞ്ഞത്. നമ്മുടെ പരമ്പരാഗത കൃഷിരീതികള്‍ പരിഗണിച്ചു കൊണ്ടായിരുന്നു ഹരിതവിപ്ലവമെങ്കില്‍ നന്നായിരുന്നു. എന്നാല്‍ അത്തരം നാട്ടറിവുകള്‍ കൃഷിശാസ്ത്രജ്ഞരെ പഠിപ്പിക്കാന്‍ നാം ശ്രമിച്ചില്ല; പഠിക്കാന്‍ അവരും ഉത്സാഹം കാണിച്ചില്ല.
അപ്പോള്‍ ഹരിതവിപ്ലവത്തിന്റെ ഉള്ളടക്കവും പ്രയോഗവും ആസൂത്രണം ചെയ്യപ്പെട്ടത് ഉദ്യോഗസ്ഥതലത്തിലായിരുന്നു അല്ലേ?
തീര്‍ച്ചയായും. എം.എസ് സ്വാമിനാഥന്‍ തയാറാക്കിയ ഒരു പദ്ധതിയാണ് ഹരിതവിപ്ലവം. സര്‍ക്കാര്‍ പിന്നീടത് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കൃഷിവകുപ്പിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആ പദ്ധതി നടപ്പില്‍ വരുത്തുകയായിരുന്നു. ഇതിനിടയില്‍ ഒരിക്കലും മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരോട് ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല.
ആദ്യകാലത്ത് ഞാന്‍ ഗ്രീന്‍ റെവല്യൂഷ്യന്‍ ശരിയാണെന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു. ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള ഒരേയൊരു മാര്‍ഗം അതാണെന്നും വിശ്വസിച്ചിരുന്നു. കാരണം, നമ്മളൊക്കെ കാലത്തിന്റെ സന്തതികള്‍(products of time) കൂടിയാണല്ലോ. അന്നത്തെ അറിവിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ ഒരു നിഗമനത്തിലെത്താനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്നാല്‍, പിന്നീട് കുറച്ചുകൂടി മുന്നോട്ട് പോയപ്പോഴാണ് ഇതിന്റെ അപകടങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങുന്നത്. ഇന്ന് നമ്മുടെ വിത്തുകളിലെ നാടന്‍ വൈവിധ്യങ്ങളൊക്കെ അപ്രത്യക്ഷ്യമായിക്കഴിഞ്ഞു. പകരം, നമ്മുടെ യൂനിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത നാലോ അഞ്ചോ മാത്രം. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനു വേണ്ടി ഈ ഹൈബ്രിഡ് വിത്തിനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മണ്ണ് അതിനെ പ്രതിരോധിക്കും; നമ്മുടെ ശരീരം ഒരു അന്യവസ്തു(foreign body) വിനെ പ്രതിരോധിക്കുന്നതുപോലെ. അപ്പോള്‍ രാസവളങ്ങള്‍ ഉപയോഗിക്കേണ്ടി വരും. ഒരു പുതിയ വിള നാം നട്ടു പിടിപ്പിച്ചാല്‍ പുതിയ കീടങ്ങള്‍ ഉണ്ടാകും; അതൊരു പ്രകൃതിനിയമമാണ്. അപ്പോള്‍ നമുക്ക് കീടനാശിനികള്‍ ആവശ്യമായിവരും. അല്‍പം കഴിയുമ്പോള്‍ ഈ കീടങ്ങള്‍ പ്രതിരോധശക്തി നേടും. അപ്പോള്‍ കൂടിയ അളവിലോ മാരകമായ മറ്റ് കീടനാശിനികളോ ഉപയോഗിക്കാന്‍ നാം നിര്‍ബന്ധിതരാവും. ഇതാണ് ഹരിതവിപ്ലവത്തില്‍ സംഭവിച്ചത്.
ഹരിതവിപ്ലവത്തെക്കുറിച്ചുള്ള പ്രധാന വിമര്‍ശനങ്ങളിലൊന്ന്, നമ്മുടെ ജൈവവൈവിധ്യത്തെ തകര്‍ക്കുന്നതിനും കട്ടു കടത്തുന്നതിനും അത് പശ്ചാത്തലമൊരുക്കി എന്നതാണ്. ഒരു ആഗോളഗൂഢാലോചനയുടെ ഭാഗമായി ഹരിതവിപ്ലവത്തെ മനസ്സിലാക്കുന്നതില്‍ തെറ്റുണ്ടോ?
അങ്ങനെ തീര്‍ത്തുപറയാന്‍ കഴിയില്ല. എന്നാല്‍, ഇത്രയധികം ദുരിതങ്ങളുണ്ടാക്കിയിട്ടും ഇപ്പോഴും ഹരിതവിപ്ലവത്തെ പുകഴ്ത്തുകയും അതിന്റെ രണ്ടാം ഘട്ടത്തിനുവേണ്ടി വാദിക്കുകയും ചെയ്യുമ്പോള്‍ ഈ സംശയം ഉയര്‍ന്നു വരുന്നു. തീര്‍ച്ചയായും ഹരിതവിപ്ലവം ഭക്ഷ്യ ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. പക്ഷേ, അത് സുസ്ഥിരമായിരുന്നില്ല. ഭക്ഷ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനിടയില്‍ ഹരിതവിപ്ലവം നമ്മുടെ പ്രകൃതിക്കും സംസ്‌കാരത്തിനും മനുഷ്യര്‍ക്ക് തന്നെയും ഏല്‍പ്പിച്ച ആഘാതങ്ങള്‍ വളരെ വലുതാണ്. നോക്കൂ, നമ്മുടെ ജൈവവൈവിധ്യം മുഴുവന്‍ നശിച്ചു. പക്ഷികളില്‍ വലിയൊരു വിഭാഗം അപ്രത്യക്ഷമായി. മനുഷ്യര്‍ക്ക് ഇന്ന് ഇല്ലാത്ത രോഗങ്ങളുണ്ടോ? മുമ്പ് നമ്മുടെ നാട്ടില്‍ ആശുപത്രികള്‍ വളരെ കുറവായിരുന്നു. ഉള്ള ആശുപത്രികളില്‍ തന്നെ രോഗികളും കുറവായിരുന്നു. ഇന്ന് സ്ഥിതി മാറി. നമ്മുടെ നാട്ടില്‍ ധാരാളം ഹോസ്പിറ്റലുകളുണ്ട്; അവിടെയൊക്കെ ധാരാളം രോഗികളുമുണ്ട്. എങ്ങനെ ഇത് സംഭവിക്കാതിരിക്കും? മണ്ണും വെള്ളവും വായുവും വിഷത്താല്‍ നിറഞ്ഞിരിക്കുന്നു. കഴിക്കുന്ന ഭക്ഷണവും വിഷമയം.മുലപ്പാലില്‍ വരെ വിഷം കണ്ടെത്തിയിരിക്കുന്നു. ഈ ദുരന്തം നമ്മുക്ക് വന്നു ചേര്‍ന്നത് ഹരിതവിപ്ലവത്തിലൂടെയാണ്.
നാട്ടറിവുകളുടെ കൈമാറ്റത്തിലൂടെയാണ് നമ്മുടെ നാട്ടില്‍ കൃഷി നിലനിന്നിരുന്നത്. ആ കൃഷിയെ മൂലധന കേന്ദ്രീകൃതമാക്കി മാറ്റി നിയന്ത്രിക്കാനുള്ള ഒരു ശ്രമം ഹരിതവിപ്ലവത്തിലുണ്ടായിരുന്നോ?
അങ്ങനെ സംശയിക്കാനുള്ള നിരവധി ന്യായങ്ങളുണ്ട്. കൃഷി(agriculture)യെ കൃഷിവ്യവസായ(agri industry)മാക്കി മാറ്റുന്നത് ഹരിതവിപ്ലവമാണ്. ഒരു വ്യവസായമാകുമ്പോള്‍ അത് മുടക്കുന്നവര്‍ക്ക് ആ വ്യവസായത്തിന്റെ കുത്തക ലഭിക്കും. അതാണല്ലോ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതും. കീടനാശിനികളുടെ ഉല്‍പാദനവും ഉപയോഗവും മുതല്‍ അന്തകവിത്തുകള്‍ വരെ, ഈ കുത്തക എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ്.
നാട്ടറിവുകളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ കീടങ്ങളെ പ്രതിരോധിക്കാനും വിളവ് വര്‍ധിപ്പിക്കാനും നമ്മുടെ കര്‍ഷകര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍, ഹരിതവിപ്ലവത്തിലൂടെ വന്ന പുതിയ ശീലങ്ങള്‍ കൃഷിയെ കച്ചവടമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഒരു തുടക്കമായി നമുക്ക് ഇപ്പോള്‍ കാണാം. ഇന്ന് കീടനാശിനി വിപണി എന്ന് പറയുന്നത് ഒരു പാട് വലുതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇടപാട് നടക്കുന്ന വ്യവസായങ്ങളിലൊന്നാണത്. അതുപോലെത്തന്നെയാണ് രാസവളങ്ങളുടെ വിപണിയും. ഇതൊന്നും തിരിച്ചറിയാനോ പ്രതിരോധിക്കാനോ നമ്മുടെ സര്‍ക്കാറുകള്‍ ശ്രമിക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം.
ഹരിതവിപ്ലവത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കേണ്ടത് ജി. എം വിളകളുടെ ഉപയോഗത്തിലൂടെയാണെന്ന് എം.എസ് സ്വാമിനാഥന്‍ പ്രസ്താവിച്ചിരുന്നു. യഥാര്‍ഥത്തില്‍ എന്താണ് ജി. എം വിളകളുടെ പ്രശ്‌നം? ജി എം വിളകളുടെ ഗവേഷണത്തിലും ഉല്‍പാദനത്തിലുമുള്ള നിയന്ത്രണം നമുക്ക് നേടിയെടുക്കാനായാല്‍ പിന്നെ കുഴപ്പമില്ലല്ലോ?
ജി.എം വിളകളെക്കുറിച്ചുള്ള വ്യാപകമായ പ്രചാരണങ്ങളില്‍ വീണ് പോകുന്നതുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ ആലോചിക്കുന്നത്. നോക്കൂ ജി.എം വിളകള്‍ക്ക് പ്രധാനമായും അഞ്ച് ദോഷങ്ങളുണ്ട്:
1. ആരോഗ്യപ്രശ്‌നങ്ങള്‍
2. പരിസ്ഥിതി പ്രശ്‌നങ്ങള്‍
3. കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം.
4. പ്രാദേശിക ജൈവവൈവിധ്യത്തെ തകര്‍ക്കും.
5. വിത്തിന്‍ മേല്‍ കുത്തകകളുടെ നിയന്ത്രണം വരും.
നാം സ്വയം ജി.എം വിളകള്‍ ഉല്‍പാദിപ്പിക്കുകയാണെങ്കില്‍, മുകളില്‍ പറഞ്ഞ അഞ്ച് പ്രശ്‌നങ്ങളില്‍ അവസാനത്തേത് മാത്രമാണ് പരിഹരിക്കപ്പെടുക. അതു തന്നെ യഥാര്‍ത്ഥ പരിഹാരവുമല്ല. വിദേശകുത്തകള്‍ക്ക് പകരം ഇന്ത്യന്‍ കുത്തകകള്‍ വരുമെന്ന് മാത്രം. കര്‍ഷകര്‍ക്ക് അപ്പോഴും ദുരിതം ബാക്കിയാണ്. എന്റെ പ്രധാന ചോദ്യം എന്തിനാണ് നാം ഇത്രയും കഷ്ടപ്പെട്ട് ജി എം വിളകള്‍ ഉപയോഗിക്കുന്നത് എന്നാണ്.
വിളവ് വര്‍ദ്ധിപ്പിക്കാന്‍ എന്നാണ് ഔദ്യോഗിക വിശദീകരണം...
ജി.എം വിളകള്‍ ഒരിക്കലും കൂടുതല്‍ വിളവ് തരുന്നില്ല. അതൊരു പ്രചാരണം മാത്രമാണ്. കീടനാശിനികളെ പ്രതിരോധിക്കാനുള്ള ശേഷി മാത്രമാണ് ജി.എം വിളകള്‍ക്കുള്ളത്. അപ്പോള്‍ വിളവ് കൂടുമെന്നാണ് വിശദീകരണം. എങ്കില്‍ നാമറിയണം, ഏകദേശം 252-ലധികം കീടങ്ങളില്‍ ഒരൊറ്റയെണ്ണത്തെ മാത്രമാണ് ഒരു ജി.എം വിളക്ക് പ്രതിരോധിക്കാനാവുക. അതും സ്ഥിരമായിട്ട് കഴിയില്ല. അല്‍പം കഴിയുമ്പോള്‍ കീടങ്ങള്‍ ഈ വിളയെ കീഴടക്കും. കീടങ്ങളെ പ്രതിരോധിക്കാന്‍ തികച്ചും ഫലപ്രദമായ ജൈവവഴികളുണ്ടായിരിക്കെ, നാമെന്തിനാണ് ഈ സാഹസം കാണിക്കുന്നത്? മാത്രമല്ല, ഈ രംഗത്തെ ഗവേഷണങ്ങള്‍ക്ക് വരുന്ന ചെലവ് വമ്പിച്ചതാണ്. ഒരു ജി.എം വിള വികസിപ്പിച്ചെടുക്കാന്‍ മാത്രം 45 മില്ല്യണ്‍ യു എസ് ഡോളര്‍ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത്രയും വലിയ തുക ചെലവാക്കി നാം ഇത് ചെയ്യേണ്ടതുണ്ടോ? നമുക്ക് ഇത് സാധിക്കുമോ?
നമുക്ക് ഹരിതവിപ്ലവത്തിലേക്ക് തിരിച്ച് വരാം. പ്രകൃതിക്കും മനുഷ്യനും ഇത്രയധികം ആഘാതങ്ങള്‍ ഉണ്ടാക്കിയ ഹരിതവിപ്ലവത്തിന്റെ പ്രാഥമികലക്ഷ്യം ഉല്‍പാദനം വര്‍ധിപ്പിക്കുക എന്നതായിരുന്നു. എന്നാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നത് ഉല്‍പാദനം വര്‍ധിച്ചിട്ടില്ല എന്നാണ്. ഇതിനര്‍ത്ഥം ഹരിതവിപ്ലവം അടിസ്ഥാനപരമായിത്തന്നെ അബദ്ധമായിരുന്നു എന്നല്ലേ?
എന്റെ അഭിപ്രായത്തില്‍ മൂന്ന് നേരം വിഷമയമായ ഭക്ഷണം നല്‍കുന്നതിലും നല്ലത് ഒരു നേരം വിഷമില്ലാത്ത ഭക്ഷണം നല്‍കുന്നതാണ്. മാത്രമല്ല, ഇങ്ങനെ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടതില്ല എന്നാണ് ദേവീന്ദര്‍ശര്‍മയെപ്പോലുള്ള കൃഷിവിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ലോകത്ത് ഇപ്പോഴുള്ള ജനസംഖ്യയുടെ ഇരട്ടി ആളുകള്‍ക്ക് കഴിക്കാനുള്ളത് ഇന്ന് ഉല്‍പ്പാദിക്കപ്പെടുന്നുണ്ട്. പക്ഷേ, ഇത് കഴിക്കുന്നത് വെറും ഏഴോളം വരുന്ന വികസിത രാഷ്ട്രങ്ങളിലെ ജനങ്ങളാണ്. അവിടെയാണ് പ്രശ്‌നം. വിതരണത്തില്‍ കാര്യമായ അപാകതകളുണ്ട്. ഒരു ഇന്ത്യക്കാരന്‍ കഴിക്കുന്നതിന്റെ മുപ്പത് ഇരട്ടി ഒരു അമേരിക്കക്കാരന്‍ ഒരു ദിവസം കഴിക്കുന്നുണ്ട്.
അധിക ഉല്‍പാദനം നടക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ആ ഉല്‍പ്പാദനം ഹരിതവിപ്ലവത്തിലൂടെ നാം നേടിയെടുത്തതാണോ?
ആയിരിക്കണം. പക്ഷേ, ഈ ഉല്‍പാദനത്തിന്റെ നിരക്ക് കുറഞ്ഞുവരികയാണ്. അതിനെ മറികടക്കണമെങ്കില്‍ നമുക്ക് ജൈവകൃഷിയെ അവലംബിക്കാതെ വയ്യ. ഒരു തരത്തിലുള്ള പ്രത്യാഘാതങ്ങളും ഇല്ലാതെ കൂടിയ വിളവ് ജൈവകൃഷിയിലൂടെ നമുക്ക് നേടിയെടുക്കാനാവും എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്.
എം.എസ് സ്വമിനാഥനാണല്ലോ ഹരിതവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്നത്. വിചിത്രവും നിഗൂഢവുമായ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നമുക്ക് കാണാം. ഒടുവില്‍ ഹരിതവിപ്ലവത്തിന് മേല്‍നോട്ടം വഹിച്ച എം.എസ് സ്വമിനാഥന്റെ നിലപാടുകളെക്കുറിച്ച് എന്ത് തോന്നുന്നു?
എം.എസ് സ്വാമിനാഥന്റെ ആലോചനകളും പരിപാടികളും പ്രകൃതിവിരുദ്ധമാണെന്ന് ഞാന്‍ മുമ്പേ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രകൃതിയോടും മനുഷ്യരോടും താല്‍പര്യമുള്ള ഒരു ശാസ്ത്രജ്ഞനായി അദ്ദേഹത്തെ പരിഗണിക്കാനാവില്ല. കഴിഞ്ഞ വര്‍ഷം തിരുവന്തനപുരത്തുവെച്ച് സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ ഒരു ആലോചനായോഗമുണ്ടായിരുന്നു. ആ യോഗത്തില്‍ വെച്ച് നമ്മുടെ ജൈവവൈവിധ്യം തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ പ്രാഥമിക ഉത്തരവാദി താങ്കളാണെന്ന് അദ്ദേഹത്തിന്റെ മുഖത്തുനോക്കി ഞാന്‍ പറഞ്ഞു. ആ ജൈവവൈവിധ്യത്തെ പുനസ്ഥാപിക്കാനുള്ള പണികളാണ് ഫൗണ്ടേഷന്‍ നിര്‍വഹിക്കേണ്ടതെന്നും ഞാന്‍ നിര്‍ദേശിച്ചു. മറ്റൊരു കാര്യം പറഞ്ഞത്, സാമൂഹികമായിത്തന്നെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ജി.എം വിളകള്‍ക്കെതിരെ അദ്ദേഹം ഒരു പ്രസ്താവന പുറപ്പെടുവിക്കണം എന്നായിരുന്നു. പക്ഷേ, അദ്ദേഹം എന്റെ വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും അഭിമുഖീകരിക്കാതെ പരിപാടി അവസാനിപ്പിക്കുകയാണുണ്ടായത്.
തീര്‍ച്ചയായും എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം കീടനാശിനികള്‍ ഒഴിവാക്കിക്കൊണ്ടുള്ള കൃഷിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങാന്‍ വലിയയൊരളവില്‍ കാരണമായിട്ടുണ്ട്. ജൈവകീടനാശിനി നിര്‍മാര്‍ജനവും ജൈവവളപ്രയോഗവും എത്രത്തോളം ഫലപ്രദമാണ്? സാറിന്റെ ജൈവകൃഷി അനുഭവങ്ങള്‍ എങ്ങനെയാണ്?
ഞാന്‍ കേരള ജൈവ വൈവിധ്യബോര്‍ഡിന്റെ ചെയര്‍മാനായിരിക്കുന്ന സമയത്താണ് ജൈവകൃഷി നയം അവതരിപ്പിക്കുന്നത്. കാര്‍ഷികമേഖലയില്‍ വിഷത്തിന്റെ ഉപയോഗം അവസാനിപ്പിക്കുക എന്നതായിരുന്നു അതിന്റെ കാതല്‍. എന്നാല്‍, ഹരിതവിപ്ലവത്തിന്റെ ആശയങ്ങളുടെ ഹാങ് ഓവറില്‍ നില്‍ക്കുന്ന കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകരും കാര്‍ഷികോല്‍പാദനം കുറയുമെന്നും ക്ഷാമം തിരികെ വരുമെന്നും പറഞ്ഞ് ഞങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. അപ്പോള്‍ ജൈവകൃഷിയാണ് ശരിയായ പരിഹാരമെന്ന് തെളിയിക്കാന്‍ എനിക്ക് വാശിയായി. അങ്ങനെയാണ് പാലക്കാട് ജില്ലയിലെ പടേറ്റിയില്‍ ഞങ്ങള്‍ നൂറ് ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി ആരംഭിക്കുന്നത്. ഏറെ പണിപ്പെട്ടാണ് കര്‍ഷകരെ പറഞ്ഞ് സമ്മതിപ്പിച്ചത്. നഷ്ടം വന്നാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ വാക്ക് കൊടുത്തിട്ടാണ് അവര്‍ കൃഷി തുടങ്ങിയത്. ആദ്യവര്‍ഷം ഒരേക്കറില്‍ രാസവളം ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന വിളവിനേക്കാളും 200 കിലോ കുറവ് വന്നു. എന്നാല്‍, അടുത്ത വര്‍ഷം വിളവില്‍ ഒട്ടും കുറവ് വന്നില്ല. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ രാസകൃഷിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വളരെ കൂടിയ വിളവ് ലഭിച്ചു തുടങ്ങി. ഇപ്പോള്‍ കര്‍ഷകര്‍ ജൈവകൃഷിയെ ആവേശപൂര്‍വം ഏറ്റെടുത്ത് കഴിഞ്ഞു. വീടുകള്‍ തോറും പച്ചക്കറി തോട്ടങ്ങളുണ്ട്, ബയോഗ്യസ് പ്ലാന്റുകളുണ്ട്. സൗരോര്‍ജം ഉപയോഗിച്ച് തുടങ്ങി. ഒരു സുസ്ഥിര വികസന മാതൃകയുടെ മികച്ച ദൃഷ്ടാന്തമായി ആ പ്രദേശം ഇന്ന് മാറി.
മലപ്പുറം ജില്ലയിലെ വെളിയങ്കോട് എന്ന സ്ഥലത്ത് ഉപയോഗശൂന്യമായിക്കിടന്നിരുന്ന കോള്‍ നീര്‍ത്തടം കേന്ദ്രീകരിച്ച് നടപ്പിലാക്കിയ പദ്ധതി മറ്റൊരുദാഹരണമാണ്. അവിടെ നാട്ടുകാരുടെ സഹകരണത്തോടെ 200 ഏക്കറില്‍ ജൈവകൃഷി ചെയ്യാനും ബാക്കി എട്ടു മാസം മത്സ്യം വളര്‍ത്താമെന്നും തീരുമാനിച്ചു. നിങ്ങളറിയണം, ഒരു വിളവെടുപ്പ് കാലത്ത് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയുടെ മത്സ്യമാണ് അവിടെ നിന്ന് ലഭിച്ചത്.
ദേശീയതലത്തിലും വിജയകരമായ ജൈവകൃഷിക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്. ആന്ധ്രയില്‍ 57 ലക്ഷം ഏക്കറിലാണ് ജൈവകൃഷി നടക്കുന്നത്. സര്‍ക്കാര്‍ തന്നെ ഒരു സൊസൈറ്റിയുണ്ടാക്കി അതിന് നേതൃത്വം നല്‍കുന്നു. ആന്ധ്രയില്‍ തന്നെ ഒരൊറ്റ ജില്ലയില്‍ 83 ഗ്രാമങ്ങള്‍ പൂര്‍ണമായും ജൈവകൃഷിയാണ് പിന്തുടരുന്നത്.
ലോകത്തിലെ 400 കാര്‍ഷികശാസ്ത്രജ്ഞര്‍ ചേര്‍ന്ന് തയാറാക്കിയ ഒരു പഠനറിപ്പോര്‍ട്ട് യു. എന്‍ ഈയിടെ പുറത്തിറക്കുകയുണ്ടായി. അതില്‍ പറയുന്നത് ജൈവകൃഷിയാണ് ഒരേ ഒരു പരിഹാരം എന്നാണ്. നിങ്ങള്‍ നോക്കൂ, ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് നാം കീടനാശിനികളെയും രാസവളങ്ങളെയും ആശ്രയിക്കുന്നത്. എന്നാല്‍, ഉല്‍പാദനം കൂടുന്നതൊപ്പം അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മാരകമാണ്. അത് നിരവധി പഠനത്തിലൂടെ തെളിയിക്കപ്പെട്ടതുമാണ്. പിന്നെയുമെന്തിനാണ് നാം രാസകൃഷി തന്നെ പിന്തുടരുന്നത്!?
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെ ഹരിതവിപ്ലവം ഉണ്ടാക്കിയ പ്രത്യാഘാതങ്ങളില്‍ ഒന്നായി മനസ്സിലാക്കുന്നതില്‍ തെറ്റുണ്ടോ?
തെറ്റില്ല എന്നു മാത്രമല്ല, അങ്ങനെ മനസ്സിലാക്കുന്നതാണ് ശരി. മനുഷ്യരെയും ജീവജാലങ്ങളെയും ഒട്ടും പരിഗണിക്കാതെ വിളവ് വര്‍ധിപ്പിക്കാനായി കീടനാശിനി ഉപയോഗിക്കുക എന്ന സംസ്‌കാരം നാം ഹരിതവിപ്ലവത്തിലൂടെ ശീലിച്ചതാണ്. ഉല്‍പാദനം വര്‍ധിപ്പിക്കുക എന്നതുമാത്രമാണ് അവിടെ പ്രശ്‌നം. അതിനുള്ള ശ്രമത്തിനിടയില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ അവര്‍ മുഖവിലക്കെടുത്തതേയില്ല. മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെ ഹരിതവിപ്ലവവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുമ്പോള്‍ മാത്രമാണ് നാം ശരിയായ പരിഹാരത്തില്‍ എത്തിച്ചേരുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെടുക എന്നത് മാത്രമല്ല പ്രശ്‌നം. കീടനാശിനികളുടെ ഉപയോഗം ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കേണ്ടതുണ്ട്. അതിന്, കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം വിളവ് വര്‍ധിപ്പിക്കാനുള്ള മികച്ച ഒരു വഴിയായി കാണുന്ന ഹരിതവിപ്ലവത്തെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നവുമായി ബന്ധപ്പെടുത്തിതന്നെ മനസ്സിലാക്കപ്പെടണം.
കാസര്‍കോട് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണ് ഉണ്ടായതെന്ന് ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ട് എന്നാണ് ഈ കീടനാശിനിയുടെ ഉപയോഗത്തെ അനുകൂലിക്കുന്നവരുടെ വാദം. സാറിനെന്തു തോന്നുന്നു?
കാസര്‍കോട്ടെ പ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമല്ലെന്നും അങ്ങനെ പറയാന്‍ കൂടുതല്‍ തെളിവുകള്‍ വേണമെന്നും പറയുന്നവര്‍ ഒട്ടും മനസ്സാക്ഷി ഇല്ലാത്തവരാണ്. ഇത് മനസ്സിലാക്കാന്‍ വലിയ ശാസ്ത്രജ്ഞാനമൊന്നും വേണ്ട. അല്‍പം കോമണ്‍ സെന്‍സും അല്‍പം വിവേകവും മാത്രം ഉണ്ടായാല്‍ മതി. ഒന്നാമത്തെ കാര്യം, ഇതുപോലുള്ള രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിന് മുമ്പ് അവിടെ ഉണ്ടായിരുന്നില്ല. രണ്ടാമത്തേത്, എന്‍ഡോസള്‍ഫാന്‍ തളിക്കാത്ത തോട്ടങ്ങള്‍ അവിടെയുണ്ട്. അവിടെ ഇത്തരം പ്രശ്‌നങ്ങളില്ല എന്നതാണ്.
എന്‍ഡോസള്‍ഫാന്‍ ദുരന്തമടക്കമുള്ള പ്രശ്‌നങ്ങളെ നമുക്ക് മൗലികമായി എങ്ങനെ ഒഴിവാക്കാന്‍ കഴിയും?
ഹരിതവിപ്ലവം മണ്ണിനെയും പ്രകൃതിയെയും കണ്ടത് തികച്ചും ഭൗതികമായ കാഴ്ചപ്പാടിലായിരുന്നു. മനുഷ്യന് ഭക്ഷ്യവിഭവങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള ഒരു ഉപകരണം മാത്രമാണ് അവര്‍ക്ക് ഭൂമി. അടിസ്ഥാനപരമായി മാറേണ്ടത് ഈ കാഴ്ചപ്പാടാണ്. ഭൂമിയുടെ പല അവകാശികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന വിചാരത്തിലാവണം മനുഷ്യന്‍ മണ്ണിലിറങ്ങേണ്ടത്. മണ്ണുമായി തികച്ചും ആത്മീയമായ ബന്ധം ഉണ്ടാക്കാന്‍ കഴിയണം. കൃഷിയെ ജീവിതത്തില്‍ നിന്ന് വേറിട്ട് കാണുന്ന പ്രവണത ഒഴിവാക്കണം; അതൊരു സംസ്‌കാരമാണെന്ന് തിരിച്ചറിയണം. ഇങ്ങനെ വരുമ്പോള്‍ പ്രകൃതിക്ക് മുറിവേല്‍പ്പിച്ച്, മണ്ണും വെള്ളവും വായുവും വിഷമയമാക്കി കൃഷി ചെയ്യാന്‍ നമുക്ക് കഴിയില്ല. ഈ ബോധം കൈവരിക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ വിഷം കഴിച്ച്, വിഷം ശ്വസിച്ച്, വിഷം കുടിച്ച് നാം ഒടുങ്ങും.
(അതിരപ്പള്ളി-സൈലന്റ്‌വാലി പ്രക്ഷോഭത്തിന്റെ തുടക്കക്കാരനും ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് മുന്‍ ചെയര്‍മാനും പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി അംഗവുമാണ് ഡോ. വി.എസ് വിജയന്‍)
Comments