യൂത്ത് ഇന്ത്യ ആരോഗ്യ കാമ്പയിന് ഉജ്ജ്വല സമാപനം
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ എന്ന ആപ്തവാക്യത്തെ അന്വര്‍ഥമാക്കി യൂത്ത് ഇന്ത്യ ദുബൈ മേഖല സംഘടിപ്പിച്ച ആരോഗ്യ കാമ്പയിന് ഉജ്ജ്വല സമാപനം.
ആരോഗ്യ സംരക്ഷണം വേണ്ടവിധം സാധിക്കാതെ പോകുന്ന പ്രവാസ സാഹചര്യത്തിന് തിരുത്ത് പ്രഖ്യാപിച്ച് കടന്നുവന്ന ആരോഗ്യ കാമ്പയിന്‍ പ്രവര്‍ത്തകര്‍ വെല്ലുവിളിയായി ഏറ്റെടുത്തു. കാമ്പയിന്‍ പരിപാടികള്‍ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ഓരോ പ്രവര്‍ത്തകനും സ്വന്തം ദിനചര്യ ക്രമപ്പെടുത്തിയെടുക്കുന്നതില്‍ മത്സരിക്കുകയായിരുന്നു.
സഹകാരികളെ കൂടി പങ്കെടുപ്പിച്ച് നടത്തിയ പരിപാടികളിലൊന്നിലെങ്കിലും ഓരോരുത്തരും ഭാഗഭാക്കാവണമെന്ന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം എല്ലാവരും പാലിച്ചു. ഏറ്റെടുത്ത വ്യായാമ- കായിക വിനോദങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ ചെയ്യുമെന്ന വാശിയോടെയാണ് പ്രവര്‍ത്തകര്‍ കാമ്പയിനോട് വിട പറഞ്ഞത്. ആരോഗ്യവും ശീലങ്ങളും സംസ്‌കാരവും ധാര്‍മികമൂല്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുക എന്നതായിരുന്നു കാമ്പയിന്റെ അന്തസ്സത്ത.
ജനബാഹുല്യങ്ങളേറെ കണ്ട ദുബൈയിലെ ഇത്തിസാലാത്ത് അക്കാദമി ഇതുപോലെ അച്ചടക്കവും സ്‌നേഹബന്ധങ്ങളും അനുഭവിച്ചറിയുന്നത് ഒരുപക്ഷേ ആദ്യമായിരിക്കും. മീറ്റ് അടുത്തുവരുമ്പോള്‍ പ്രവര്‍ത്തകരെ അലട്ടിയിരുന്ന ആശങ്കയായിരുന്നു ഉയര്‍ന്നുവരുന്ന ചൂട്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം, അന്നേ ദിവസം നല്ല കാലാവസ്ഥയായി മാറുകയായിരുന്നു.
അനുയോജ്യമായ സന്ദര്‍ഭം ഒത്തുകിട്ടുന്നതിനു വേണ്ടിയുള്ള യൂത്ത് ഇന്ത്യ മേഖലാ നേതൃത്വത്തിന്റെ ദീര്‍ഘനാളത്തെ ആഗ്രഹത്തിനും കാത്തിരിപ്പിനും ഒടുവിലാണ് ഇങ്ങനെയൊരു കാമ്പയിന്‍ നടത്താനായത്. ഫെബ്രുവരി 15-നു തുടങ്ങി രണ്ടു മാസക്കാലം നീണ്ടുനിന്ന കാമ്പയിന്റെ സമാപനം കുറിച്ചുകൊണ്ടാണ് പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്ത സ്‌പോര്‍ട്‌സ് മീറ്റ് നടന്നത്. മുതിര്‍ന്നവരും ചെറുപ്പക്കാരും കുരുന്നുകളുമടക്കം ഒട്ടേറെ പേര്‍ പങ്കെടുത്ത സ്‌പോര്‍ട്‌സ് മീറ്റ് വര്‍ണാഭവും ചടുലവുമായ മാര്‍ച്ച് പാസ്റ്റോടെയാണ് തുടങ്ങിയത്. തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടിയ ചെറിയ വേളകള്‍ ഉപയോഗപ്പെടുത്തി പരിശീലിച്ച ചുവടുകള്‍ ആത്മാര്‍ഥതയുടെയും അര്‍പ്പണബോധത്തിന്റെയും മികവായി മാറി. കേഡറ്റുകള്‍ക്ക് ഐ.സി.സി ദുബൈ മേഖലാ പ്രസിഡന്റ് അബ്ദുസ്സമദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാര്‍ച്ച് പാസ്റ്റില്‍ ദേര ഘടകം ഒന്നാം സ്ഥാനം നേടി. അല്‍മുത്വീന, സത്‌വ ഘടകങ്ങള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ഖിസൈസ് ഘടകം മൂന്നാമതെത്തി.
മേഖലയിലെ ദേര, ഖിസൈസ്, സത്‌വ, ബര്‍ദുബൈ, അല്‍മുത്വീന, അല്‍ഖൂസ് എന്നീ ഏരിയകളാണ് മീറ്റില്‍ പങ്കെടുത്തത്. 87 പോയിന്റ് നേടി അല്‍മുത്വീന ഏരിയ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയപ്പോള്‍ 86 പോയിന്റ് നേടി സത്‌വ ഏരിയ റണ്ണറപ്പായി.
യൂത്ത് ഇന്ത്യാ വിഭാഗത്തില്‍ ബര്‍ദുബൈ 27-ഉം ഐ.ജി.എ വിഭാഗത്തില്‍ സത്‌വ 25-ഉം പോയിന്റ് നേടി ഒന്നാമതെത്തി. ടീന്‍സ് ഇന്ത്യ വിഭാഗത്തില്‍
അല്‍മുത്വീന (20 പോയിന്റ്), കെ.വൈ.സി.സി വനിതാ വിഭാഗത്തില്‍ അല്‍ മുത്വീന, ഖിസൈസ് (20 പോയിന്റ് വീതം), കെ.വൈ.സി.സി വിഭാഗത്തില്‍ ദേര (16 പോയിന്റ്) ഏരിയകളും ഒന്നാം സ്ഥാനം നേടി.
ഇത്തിസാലാത്ത് അക്കാദമിയില്‍ നടന്ന സ്‌പോര്‍ട്‌സ് മീറ്റ് ഐ.സി.സി പ്രസിഡന്റ് ഉമര്‍ അഹ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് അന്‍വര്‍ ഹുസൈന്‍ വാണിയമ്പലം കാമ്പയിന്‍ സന്ദേശം നല്‍കി. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ കെ.കെ മുഹമ്മദ് ഇസ്മാഈല്‍ നിര്‍ദേശങ്ങള്‍ നല്‍കി. യൂത്ത് ഇന്ത്യ ദുബൈ മേഖലാ പ്രസിഡന്റ് ബുനൈസ് കാസിം സ്വാഗതം പറഞ്ഞു. മുഹമ്മദ് ഹാനി ഖുര്‍ആന്‍ പാരായണം നടത്തി.
കെ.കെ ഷാനവാസ്, മുഹമ്മദുണ്ണി, ഉമര്‍ അഹ്മദ്, അന്‍വര്‍ ഹുസൈന്‍, സാബു ഹുസൈന്‍, അഫ്‌സല നിഷാദ്, താഹിറ ലിയാഖത്ത്, ഹാജറ സത്താര്‍, ലബീബ എന്നിവര്‍ മത്സര വിജയികള്‍ക്ക് മെഡല്‍ സമ്മാനിച്ചു. യൂത്ത് ഇന്ത്യ മേഖലാ പ്രസിഡന്റ് ബുനൈസ് കാസിം, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ കെ.കെ മുഹമ്മദ് ഇസ്മാഈല്‍ എന്നിവരുടെ നേതൃത്വത്തില്‍ ടി.കെ നസീര്‍, സാബു ഹുസൈന്‍, മുബാറക് റസാഖ്, ഷബീര്‍ ഖാന്‍, അക്ബര്‍ അണ്ടത്തോട്, സഈദ് കേലോത്ത് തുടങ്ങിയവര്‍ മീറ്റിന് മേല്‍നോട്ടം വഹിച്ചു.
Comments