Prabodhanm Weekly

Pages

Search

2011 മെയ് 7

മഹല്ലുകള്‍ സാമ്പത്തിക സ്വാശ്രയത്വത്തിന്റെ ഇസ്ലാമിക കണികകള്‍

പി.എ ഷമീല്‍ സജ്ജാദ്

മഹല്ലുകളുടെ പ്രാധാന്യം മുസ്‌ലിം ബോധമണ്ഡലത്തില്‍ സജീവമാകാത്ത അവസ്ഥയുണ്ടെങ്കില്‍ അതിനു കാരണം അതിന്റെ സാധാരണത്വമാണ്. കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ഗാഢമായി ചിന്തിക്കാത്ത മനുഷ്യമനസ്സിന്റെ അലസത തന്നെയാണ് ഈ സംവിധാനത്തിന്റെ മഹത്വത്തെക്കുറിച്ചും നമ്മെ വിസ്മൃതിയിലാക്കുന്നത്. നമസ്‌കാരം മുതല്‍ നമ്മുടെ പ്രവര്‍ത്തന പരിഛേദങ്ങളിലേക്കെല്ലാം ദൈവികഭവനങ്ങളുടെ ശീതളഛായ വ്യാപിക്കേണ്ടതുണ്ട്.
പ്രവാചകന്റെ മദീനയിലെ പള്ളി മുതല്‍ ഇസ്‌ലാമിക ഖിലാഫത്തുകളിലെല്ലാം തന്നെ മഹല്ലുകളായിരുന്നു ഭരണയന്ത്രത്തിന്റെ അടിസ്ഥാന അവയവങ്ങള്‍. ചരിത്രത്തിലുടനീളം മഹല്ല് സംവിധാനത്തിന് ഇസ്‌ലാമിക സമൂഹത്തിലുള്ള സ്വാധീനം അപാരമായിരുന്നു.
മുസ്‌ലിം രാഷ്ട്രമായിരുന്ന ഉസ്‌ബെക്കിസ്ഥാനില്‍ നിയന്ത്രണമുറപ്പിക്കാന്‍ സോവിയറ്റ് യൂണിയന്‍ ഉപയോഗിച്ചത് മഹല്ല് ഘടനയെയായിരുന്നു. 1924-ല്‍ ഉസ്‌ബെക്ക് സോവിയറ്റ് യൂണിയനില്‍ ലയിപ്പിച്ചതിനു ശേഷം ഇസ്‌ലാമിക സംസ്‌കാരത്തിന്റെ നാഢീവ്യൂഹമായിരുന്ന മഹല്ലുകളെ തകര്‍ക്കാന്‍ കഠിനശ്രമം നടത്തി. അതില്‍ തങ്ങള്‍ വിജയിക്കില്ല എന്നു ബോധ്യം വന്നപ്പോള്‍ ഇസ്‌ലാമിന്റെ ഞരമ്പുകളില്‍ സോവിയറ്റ് അതിന്റെ രക്തമൊഴുക്കാന്‍ തീരുമാനിച്ചു. ഒക്‌സോകോള്‍സ് (Oqsoqols) എന്നറിയപ്പെട്ടിരുന്ന പരമ്പരാഗത മഹല്ല് നേതൃത്വങ്ങളുടെ തലപ്പത്ത് പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ച കാരണവന്മാരെ അവരോധിച്ചു. സോവിയറ്റ് അനന്തര ഉസ്‌ബെക്കില്‍, 1989 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ സെക്രട്ടറിയായിരുന്ന ഇസ്‌ലാം കരിമോവും അതേ തന്ത്രം തന്നെ പ്രയോഗിക്കുന്നു. മഹല്ലു സംവിധാനത്തെ ഉപയോഗിച്ച് ഗവണ്‍മെന്റ് വിരുദ്ധരെ കണ്ടെത്തുകയും ഇസ്‌ലാമിക സംഘടനകളുടെ വീര്യം കുറക്കുന്നതിനു കുടുംബങ്ങളെ നിര്‍ബന്ധിച്ചു മാറ്റിത്താമസിപ്പിക്കുകയും ചെയ്യുന്നു. തന്റെ അധികാരം സംരക്ഷിക്കുംവിധം മഹല്ലുകളെ പുനഃക്രമീകരിക്കുന്നതിനു വേണ്ടി 2003 മഹല്ലു വര്‍ഷമായി ആചരിച്ചു. മഹല്ലുകള്‍ ഘടനാപരമായി എത്രമാത്രം തന്ത്രപ്രധാനമാണെന്നത് ഇത്തരം ചരിത്ര വസ്തുതകള്‍ നമ്മെ ഓര്‍മിപ്പിക്കേണ്ടതുണ്ട്.
സാമ്പത്തിക ക്രമീകരണത്തില്‍ മഹല്ലുകളുടെ സ്ഥാനം
ബൈതുല്‍മാലും സമ്പത്തിന്റെ പ്രഭവകേന്ദ്രങ്ങളായ മഹല്ലുകളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഇസ്‌ലാമിക സ്ഥൂല  സാമ്പത്തിക ഘടനയുടെ (Islamic Macro Economic System) ആണിക്കല്ല്. മുസ്‌ലിംകളുടെ പൊതുവായതും വ്യക്തിയുടെ ഉടമസ്ഥതയില്‍ വരാത്തതുമായ എല്ലാ സ്വത്തുക്കളും ബൈതുല്‍ മാലിന്റെ ഭാഗമായിരുന്നു. ഇസ്‌ലാമിക സാമ്പത്തിക ക്രമം അതിന്റെ ഏറ്റവും വികസിതമായ രൂപം കൈക്കൊണ്ടത് ഉസ്മാനിയ ഖിലാഫത്തിനു കീഴിലാണ്. ഉസ്മാനിയ ഖിലാഫത്തിന്റെ ‘സിവില്‍ കോഡായിരുന്ന ‘മജല്ലയില്‍’ ഖിലാഫത്തിന്റെ സാമ്പത്തിക നയം അഞ്ചിനങ്ങളിലായി സംക്ഷേപിച്ചിരിക്കുന്നു:-
1. എല്ലാ ചെലവുകളുടെയും മാനദണ്ഡം ജനക്ഷേമമാണ്.
2. ഭൂരിപക്ഷത്തിന്റെ പൊതു താത്പര്യം ന്യൂനപക്ഷത്തിന്റെ പരിമിത താത്പര്യത്തെക്കാള്‍ മുന്‍ഗണനയര്‍ഹിക്കുന്നു.
3. വേദനയും കാഠിന്യവുമകറ്റുക എന്നത് സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്നതിനേക്കാള്‍ മുന്‍ഗണനയര്‍ഹിക്കുന്നു.
4. ഒരു പൊതുനഷ്ടവും സ്വകാര്യനഷ്ടവും ഏറ്റുമുട്ടുമ്പോള്‍ തെരെഞ്ഞെടുക്കേണ്ടത് സ്വകാര്യ നഷ്ടവും, രണ്ടുനഷ്ടങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ തെരഞ്ഞെടുക്കേണ്ടത് വലിയ നഷ്ടത്തിനു പകരം ചെറിയ നഷ്ടവുമാണ്.
5. ഗുണഭോക്താക്കളാണ് ഗുണത്തിന്റെ വിലയൊടുക്കേണ്ടത്.
ഖിലാഫത്തില്‍ ബഡ്ജറ്റിംഗ് തുടങ്ങിയിരുന്നത് ദേശീയവരുമാനത്തിന്റെ ശ്രദ്ധാപൂര്‍വമായ പഠനത്തോടു കൂടിയായിരുന്നു. മഹല്ലുകളാകുന്ന സൂക്ഷ്മദര്‍ശിനികളുപയോഗിച്ച് പ്രാദേശിക വരുമാനത്തിന്റെ കണക്കെടുപ്പിലൂടെ യാഥാര്‍ഥ്യാധിഷ്ഠിതമായ ദേശീയ വരുമാനത്തിലെത്തിച്ചേരുന്നു. കേന്ദ്രീകൃത ബഡ്ജറ്റ് ഉണ്ടാക്കുന്നത് വര്‍ഷാന്തം മിതമായ ഒരു  മിച്ചം (Surplus) ഉണ്ടാകുന്ന രീതിയിലാണ്. അടിയന്തരഘട്ടങ്ങളില്‍ പോലും ഒരു ‘ബാലന്‍സ്ഡ് ബഡ്ജറ്റ് എന്നതിലുപരി ‘ഡെഫിസിറ്റ് ബഡ്ജറ്റുകളുണ്ടാവാതിരിക്കാന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഇത്തരത്തില്‍ സാമ്പത്തിക ആസൂത്രണം (Planning), സമാഹരണം (Collection), വ്യയം (Expenditure) എന്നീ പൊതുധനശാസ്ത്രത്തിന്റെ മൂന്ന് തൂണുകളെയും താങ്ങി നിര്‍ത്തുന്ന ശക്തമായ അടിത്തറയായി മഹല്ല് വ്യവസ്ഥ ഇസ്‌ലാമിക ഖിലാഫത്തില്‍ നിലനിന്നു.
ആധുനിക സാമ്പത്തിക ക്രമത്തില്‍ മഹല്ലുകളുടെ സ്ഥാനം
വര്‍ത്തമാന സാഹചര്യത്തില്‍ മഹല്ലുകളുടെ സാമ്പത്തിക ഘടന പുനരാവിഷ്‌കരിക്കപ്പെടേണ്ട ഒന്നാണ്. സുസംഘടിതമായ ഭരണസ്വഭാവം നഷ്ടപ്പെട്ടതിനാല്‍ വര്‍ത്തമാന സാഹചര്യങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ ഇതു ചെയ്യാന്‍ വ്യതിരിക്തമായ ഒരു സമീപനം തന്നെ സ്വീകരിക്കേണ്ടിയിരിക്കുന്നു. സംഘടിത ധനകാര്യ സ്ഥാപനങ്ങള്‍ മേധാവിത്വം പുലര്‍ത്തുന്ന ഒരു കാലഘട്ടത്തില്‍ മുസ്‌ലിംകളുടെ സാമ്പത്തിക  സ്വാശ്രയത്വവും സ്വത്വവും വീണ്ടെടുക്കുന്നതിനുള്ള സയുക്തികമായ മാര്‍ഗം അവരുടെ സാമൂഹിക ജീവിതത്തിന്റെ പ്രഭവകേന്ദ്രങ്ങളായ മഹല്ലുകളെ സംഘടിത ധനകാര്യസ്ഥാപനങ്ങളായി പരിവര്‍ത്തിപ്പിക്കുക എന്നതും, പ്രസ്തുത സ്ഥാപനങ്ങളെ ഒരേകകത്തില്‍ കൂട്ടിച്ചേര്‍ക്കുക എന്നതുമാണ്.
മുസ്‌ലിം സംരംഭങ്ങളില്‍ വിരളമായി മാത്രം പ്രയോഗവത്കരിക്കപ്പെടുന്നതാണ് സ്ഥൂല സ്ഥാപനവത്കരണം (Macro Institutionalization). സ്ഥൂല സ്ഥാപനവത്കരണത്തിലൂടെ സാധിക്കുന്ന ഉയര്‍ന്ന അളവിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉപഭോക്താക്കളിലേക്കെത്താനുള്ള ചെലവുകള്‍ ചുരുക്കുന്നു (Economies of Scale). സ്ഥൂല സ്ഥാപനവത്കരണത്തിന് അവശ്യം  വേണ്ട വിവരസാങ്കേതിക വിദ്യയുടെ ഉപയോഗത്തിലും മുസ്‌ലിം  സ്ഥാപനങ്ങള്‍ ഏറെ പിന്നിലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ക്കുള്ളില്‍ നിന്നു തന്നെ ഒരു ആധുനിക ധനകാര്യ സ്ഥാപനം കൈകാര്യം ചെയ്യുന്ന അതിപ്രധാനമായ ബഹുഭൂരിഭാഗം പ്രവര്‍ത്തനങ്ങളും മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടത്താന്‍ സാധിക്കും എന്നത് നമ്മുടെ സജീവശ്രദ്ധയില്‍ വരേണ്ട കാര്യമാണ്.
മഹല്ലധിഷ്ഠിത സാമ്പത്തിക ക്രമീകരണങ്ങളുടെ അടിസ്ഥാന രൂപരേഖ
മഹല്ലുകളില്‍ സാമ്പത്തികമായ കെട്ടുറപ്പിന് എന്താണ് വേണ്ടത് എന്നു തീരുമാനിക്കുന്നതിനു മുമ്പ്, സാമ്പത്തിക ആവശ്യങ്ങളുടെ അടിസ്ഥാന സ്വഭാവമെന്ത് എന്ന് മനസ്സിലാക്കുക വളരെ പ്രധാനമാണ്. സാമ്പത്തികാവശ്യങ്ങളെ നമുക്ക് നാലായി തരം തിരിക്കാം:
1. ജീവിതചക്ര ആവശ്യങ്ങള്‍ (Lifecycle Needs) വിവാഹം, മരണാനന്തര ചടങ്ങുകള്‍, ജനനം, വിദ്യാഭ്യാസം, ഭവന നിര്‍മാണം, വിധവാത്വം, വാര്‍ധക്യം...
2. വൈയക്തിക പ്രതിസന്ധികള്‍ (Personal Emergencies). രോഗം, അപകടം, തൊഴില്‍രാഹിത്യം...
3. ദുരന്തങ്ങള്‍ (Disasters). തീപ്പിടിത്തം, പ്രളയം, കൊടുങ്കാറ്റ്, യുദ്ധങ്ങള്‍...
4. നിക്ഷേപാവസരങ്ങള്‍ (Investment Opportunities). കച്ചവടം, വ്യവസായം, ഭൂമി, യന്ത്രസാമഗ്രികള്‍, ഭവന നവീകരണം, തൊഴില്‍ സമ്പാദനം...
ഇത്തരത്തിലുള്ള സാമ്പത്തികാവശ്യങ്ങള്‍ മൂന്നു തരത്തിലുള്ള സാമ്പത്തിക വിനിമയത്തിലൂടെയാണ് പൂര്‍ത്തീകരിക്കപ്പെടുക:
1. തിരിച്ചെടുക്കാത്ത ഉപഭോഗ ധനം (Non Refundable Consumption Finance)
2. വായ്പാ ധനം (Debt Finance)
3. നിക്ഷേപ ധനം (Investment Finance)
ഈ മൂന്നു വിഭാഗങ്ങളില്‍ ഉപയുക്തമായ തനതായ ഇസ്‌ലാമിക സാമ്പത്തിക ഉപകരണങ്ങള്‍ (Islamic Financial Instruments) പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഉപകരണങ്ങളുടെ ഇസ്‌ലാമികത അവ അറിയപ്പെടുന്ന പേരുകളിലല്ല; ഉപകരണങ്ങളില്‍ അന്തര്‍ലീനമായ ഉടമ്പടികളുടെ സ്വഭാവത്തിലാണ്. അതിനാല്‍, ഉടമ്പടികള്‍ ഇസ്‌ലാമികമാണ് എന്നുറപ്പു വരുത്തിക്കൊണ്ട് നിലവിലെ നിയമങ്ങള്‍ക്കനുസൃതമായ പദാവലികളുപയോഗിച്ചു കൊണ്ട് ഉടമ്പടികള്‍ നിയമസാധുതയുള്ള രേഖകളാക്കാവുന്നതാണ്.
ഒരു മഹല്ലില്‍ ഇത്തരത്തിലുള്ള വ്യാപകമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിലവിലുള്ള നിയമങ്ങള്‍ അനുശാസിക്കുന്ന ഒരു ഘടന (Legal Structure) അനിവാര്യമായിത്തീരുന്നു. ക്രയവിക്രയങ്ങളുടെ ഭദ്രതക്കും അതാവശ്യമാണ്. വിവിധ തലത്തിലുള്ള ആളുകളുടെ വിവിധങ്ങളായ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിനും നികുതിയിളവുകള്‍ നേടിയെടുക്കുന്നതിനും ഏറ്റവും അനുയോജ്യമായ ഘടന സഹകരണ സൊസൈറ്റികളാണ് (Co-operative Societies). ഓരോ മഹല്ലിലും സഹകണ സൊസൈറ്റികള്‍ രൂപീകരിക്കുകയും ഒരു കേന്ദ്ര സൊസൈറ്റിയിലേക്ക് അത് രജിസ്റ്റര്‍ ചെയ്യുകയും വേണം. ആധുനിക മാനേജ്‌മെന്റിലുപയോഗിക്കുന്ന “Enterprise Resource Planning” എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യതിരിക്തമായ ഈ സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കാന്‍ സാധിക്കും. ഇത് വലിയ അളവിലുള്ള സാമ്പത്തിക വിനിമയങ്ങള്‍ നടത്തുന്നതിനും ഫണ്ടുകള്‍ ഉപയോഗിക്കാനവസരമില്ലാതെ കിടക്കുന്ന പ്രദേശങ്ങളില്‍ നിന്നും അതാവശ്യമുള്ള പ്രദേശങ്ങളിലേക്ക് കൃത്യമായി വ്യാപിപ്പിക്കുന്നതിനും സഹായിക്കും. സൊസൈറ്റികളുടെ മൊത്തം പ്രവര്‍ത്തനങ്ങള്‍ക്കുപയുക്തമാകുന്ന രീതിയിലും ഏതു തലത്തില്‍ പെട്ട ആളുകളെയും ഉള്‍ക്കൊള്ളുന്ന രീതിയിലും സൊസൈറ്റിയുടെ ബൈലോകള്‍ ശ്രദ്ധാപൂര്‍വം ഉണ്ടാക്കേണ്ടതാണ്.
സൊസൈറ്റികളുടെ ധനസമാഹരണം
ധനസമാഹരണത്തിന് ഒരു ത്രിമാന മാതൃകയാണ് (Three Tier Model) സ്വീകരിക്കുന്നത്:
1. സകാത്ത് ധനം: സൊസൈറ്റിക്കു കീഴില്‍ ഒരു സകാത്ത് ഫണ്ട് രൂപീകരിക്കുകയോ മഹല്ലിലെ സകാത്ത് ഫണ്ട്  സൊസൈറ്റിക്കു കീഴില്‍ കൊണ്ടുവരികയോ ചെയ്യുക. ഈ ഫണ്ടില്‍ നിന്നുള്ള ഉപയോഗം സകാത്ത് ധനം ഉപയോഗിക്കാന്‍ അനുവാദമുള്ള മേഖലകളില്‍ മാത്രമായിരിക്കും.
2. വഖഫ് /ഐച്ഛിക ദാനങ്ങള്‍. വഖഫിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് പണം, ഭൂമി, സാധനസാമഗ്രികള്‍, കെട്ടിടങ്ങള്‍ തുടങ്ങി പ്രയോജനപ്രദമായ എന്തും വഖഫുകളായി സ്വീകരിക്കാം. ഇങ്ങനെ വഖഫുകള്‍ സ്വീകരിക്കുമ്പോള്‍ അത് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കനുഗുണമായ രീതിയില്‍ ഉപയോഗിക്കുന്നതിനുള്ള സമ്മതം വാഖിഫുകളില്‍ നിന്നും വാങ്ങേണ്ടതുണ്ട്. വഖഫ്/ ഐച്ഛികദാനങ്ങളുടെ കാര്യത്തില്‍ സകാത്തിന്റേതുപോലെ കൃത്യമായ അവകാശികള്‍ ഇല്ലാത്തതിനാല്‍ മഹല്ലുവാസികളുടെ പൊതുവായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അവ ഉപയോഗിക്കാവുന്നതാണ്.
3. മറ്റു സ്രോതസ്സുകള്‍: ആദ്യത്തെ രണ്ടു ഗണത്തിലും പെടാത്തവ സൊസൈറ്റിയുടെ ലാഭകരമായ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതിന് താഴെ പറയുന്ന ഇസ്‌ലാമിക ഉപാധികള്‍ സ്വീകരിക്കാം.
a) വാദിഅഃ / ഖര്‍ദ് ഹസന്‍: സുരക്ഷിതമായ സൂക്ഷിപ്പിനോ നിശ്ചിത കാലത്തെ ഉപയോഗത്തിനോ വേണ്ടി ഏല്‍പിക്കപ്പെടുന്ന തുകകളാണിവ. സ്ഥാപനത്തിന്റെ ലാഭത്തില്‍ പങ്കാളിയാവുന്നതിനുള്ള അവകാശമോ നഷ്ടത്തില്‍ പങ്കാളിയാവുന്നതിനുള്ള ബാധ്യതയോ ഇത്തരം തുകകള്‍ക്കില്ല. നിശ്ചിത സമയം പൂര്‍ത്തീകരിക്കുന്നതോടെയോ ആവശ്യാനുസരണമോ ഈ തുകകള്‍ പിന്‍വലിക്കാവുന്നതാണ്. ഈ തുകകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭനഷ്ടങ്ങള്‍ പൂര്‍ണമായും സ്ഥാപനത്തിന്റേതായിരിക്കും.
b) മുദാറബ: ഈ അടിസ്ഥാനത്തില്‍ നിക്ഷേപിക്കുന്നവര്‍ സ്ഥാപനത്തെ അവരുടെ മുദാരിബ് (Fund Manager) ആയി നിശ്ചയിച്ചുകൊണ്ട് കരാറിലേര്‍പ്പെടണം. സ്ഥാപനത്തിന്റെ പ്രവര്‍ത്തനഫലം ലാഭമാണെങ്കില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട തോതില്‍ വീതിക്കപ്പെടുന്നു. നഷ്ടമാണെങ്കില്‍ നിക്ഷേപകന്‍ ആനുപാതികമായി നഷ്ടമേല്‍ക്കാന്‍ ബാധ്യസ്ഥനാണ്.
വരുമാനാധിഷ്ഠിത വിനിയോഗം
1. വായ്പാ ഉപകരണങ്ങള്‍:
പലിശാധിഷ്ഠിത മുഖ്യധാരാ വായ്പാ ഉപകരണങ്ങളുടെ ഇസ്‌ലാമിക ബദല്‍ ചരക്കുകളുടെ ഉപയോഗമോ ഉടമസ്ഥാവകാശമോ കൈമാറുന്ന വാണിജ്യത്തിലോ പാട്ടത്തിലോ അധിഷ്ഠിതമായ വായ്പാ ഉപകരണങ്ങളാണ്.
a) മുറാബഹ, മുസാവമ: ഒരു മുതലിന്റെ ആവശ്യകത നേരിടുകയും; അതിനുള്ള തുക മൊത്തമായി ഒടുക്കാന്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ ഒരാള്‍ക്ക് സ്ഥാപനത്തെ സമീപിക്കാവുന്നതാണ്. സ്ഥാപനം മുതല്‍ മൊത്തം തുക മുടക്കി വാങ്ങുകയും അതിന്മേല്‍ ലാഭമെടുത്ത് ആവശ്യക്കാരന് വില്‍ക്കുകയും ചെയ്യുന്നു. സാധനത്തിന്റെ വിലയും ലാഭവും വ്യക്തമാക്കുന്ന ഉടമ്പടി മുറാബഹയും, വ്യക്തമാക്കാത്തത് മുസാവമയുമാണ്. ഇടപാട് അനുവദനീയമാകുന്നതിന്, മുതല്‍ സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ വരിക, മുതലിന് മൊത്തം ഒടുക്കേണ്ട വില വ്യക്തമാക്കുക, തവണകള്‍ വ്യക്തമാക്കുക എന്നിവ പൂര്‍ത്തീകരിച്ചിരിക്കണം. ഉപഭോഗസാമഗ്രികള്‍ക്കാണ് ഇത്തരത്തിലുള്ള വായ്പാ ഉപകരണങ്ങള്‍ അനുയോജ്യമാകുക.
b) ഇജാറ: കാര്‍ഷിക- വ്യാവസായികാവശ്യങ്ങള്‍ക്കുള്ള യന്ത്രസാമഗ്രികള്‍ സ്ഥാപനം പാട്ടത്തിനു നല്‍കുന്നു. വിലയും പാട്ട കാലാവധിക്കുള്ള വാടകയും കണക്കാക്കി തവണകള്‍ നിശ്ചയിക്കുന്നു. ഉത്പാദനപരമായ ആവശ്യങ്ങള്‍ക്കാണ് ഈ ഉപകരണം കൂടുതല്‍ അനുയോജ്യമാവുക
c) ബയ്അ് സലം: ഹ്രസ്വകാല വായ്പകള്‍ ആവശ്യമുള്ള കര്‍ഷകരും കച്ചവടക്കാരും കൃഷിയുടെ ഉത്പന്നമോ ചരക്കുകളോ മുന്‍കൂറായി സ്ഥാപനത്തിനു വില്‍ക്കുന്നു. ഒരു ഭാവി തീയതിയില്‍ കൈപറ്റുന്ന ചരക്കുകള്‍ സ്ഥാപനം വിപണി വിലയില്‍ വില്‍പന നടത്തുന്നു. സ്ഥാപനം ഒടുക്കുന്ന വിലയും വിപണിവിലയും തമ്മിലുള്ള അന്തരമാണ് ലാഭം.
d) ബയ്അ് ഇസ്തിസ്‌ന: തനതായ ഗുണഗണങ്ങളോടു കൂടിയ സാമഗ്രികള്‍ (ഫര്‍ണീച്ചറുകള്‍, യന്ത്രങ്ങള്‍, വീടുകള്‍) നിര്‍മിച്ചു നല്‍കുന്ന ഉടമ്പടിയാണിത്. വില മുന്‍കൂട്ടി നിശ്ചയിച്ച് തവണകളായി നല്‍കാവുന്നതാണ്. നിര്‍മാണം സ്ഥാപനത്തിന് ഒരു മൂന്നാം കക്ഷിയെ ഏല്‍പിക്കാവുന്നതാണ്.
e) ബയ്അ് ഇസ്തിജ്‌റാര്‍: ഈ ഉപകരണം ഏറ്റവുമധികം ഉപകാരപ്പെടുന്നത് വലിയ സംഭരണ സൗകര്യങ്ങളില്ലാത്ത കച്ചവടക്കാര്‍ക്കാണ്. ഇതില്‍ ചരക്ക് തവണകളായി കൈപറ്റുകയും വില ഒരു ഭാവിതിയതിയില്‍ നല്‍കുകയും ചെയ്യുന്നു.
II. വായ്‌പേതര ഉപകരണങ്ങള്‍ (Non Credit/ Equity Instruments)
a) മുദാറബ: സ്ഥാപനം മൂലധനം നല്‍കുകയും കഴിവുള്ള സംരംഭകര്‍  സംരംഭങ്ങള്‍ നടത്തുകയും ചെയ്യും. സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച റിപ്പോര്‍ട്ടും കണക്കുകളും സ്ഥാപനത്തിനു നല്‍കേണ്ടതുണ്ട്. സ്ഥാപനത്തിന് ആന്തരിക ഓഡിറ്റിംഗ് (Internal Auditing) നടത്താനുള്ള അധികാരമുണ്ടായിരിക്കും. ലാഭം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട തോതില്‍ നടക്കുന്നു. നഷ്ടമാണെങ്കില്‍ സ്ഥാപനത്തിന് സാമ്പത്തിക നഷ്ടവും സംരംഭകന് അധ്വാന നഷ്ടവുമാണുണ്ടാവുക.
b) മുശാറക: സ്ഥാപനവും സംരംഭകരും ചേര്‍ന്ന് മുതല്‍ മുടക്കുന്നു. ലാഭം മുന്‍നിശ്ചയിക്കപ്പെട്ട തോതില്‍   വീതിക്കാം. നഷ്ടം മുതല്‍ മുടക്കിന്റെ തോതില്‍ മാത്രമേ വീതിക്കാവൂ.
c) മുസാറഅഃ: സ്ഥാപനത്തിനു കീഴില്‍ തരിശായി കിടക്കുന്ന ഭൂമിയില്‍ നിശ്ചിത കാലത്തേക്ക് വിളവുകളിലുള്ള അവകാശത്തിന്റെ  തോത് നിശ്ചയിച്ചു കൊണ്ട് പാട്ടമനുവദിക്കാവുന്നതാണ്.
നിര്‍ദേശങ്ങള്‍
1. സൊസൈറ്റിക്കു കീഴില്‍ ഒരു സകാത്ത് ഫണ്ട് രൂപീകരിക്കുകയോ നിലവിലുള്ള സകാത്ത് ഫണ്ടിനെ സൊസൈറ്റിക്കു കീഴില്‍ കൊണ്ടു വരികയോ ചെയ്യുക.
2. സൊസൈറ്റി ആളുകളില്‍ നിന്നും വഖ്ഫുകള്‍ സ്വീകരിക്കുന്നു. ഉപയോഗം കൊണ്ട് ഉടനെ നശിച്ചു പോകാത്ത പ്രയോജനപ്രദമായ  ഏതൊരു വസ്തുവും സമ്പത്തും വഖഫ് ആയി സ്വീകരിച്ച് അതില്‍ നിന്നുള്ള പ്രയോജനം പൊതു താത്പര്യങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കാവുന്നതാണ്. മഹല്ലിനു കീഴില്‍ കൈകാര്യം ചെയ്യപ്പെടുന്ന മറ്റു വഖഫ് സ്വത്തുക്കളുണ്ടെങ്കില്‍ അവ പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കാനുള്ള അനുവാദം ബന്ധപ്പെട്ടവര്‍ക്ക് നല്‍കാവുന്നതാണ്. ഇത്തരം വഖഫ് സ്വത്തുക്കളുപയോഗിച്ച് തൊഴില്‍ പരിശീലനം, വിദ്യാഭ്യാസം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സാഹചര്യങ്ങളുണ്ടാക്കാം.
3. മഹല്ലിലെ ദരിദ്രരില്‍ ദരിദ്രരായ ആളുകളെ കണ്ടെത്തി സകാത്ത് ഫണ്ടില്‍ നിന്നുള്ള ഒരു ഭാഗം ഉപയോഗിച്ച് അവരുടെ അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക.
4. പ്രത്യുദ്പാദനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ കഴിയാത്തവര്‍ക്കു വേണ്ടി വഖഫ് സ്വത്തുക്കളും മഹല്ലില്‍ ലഭ്യമായ  മറ്റു സ്വത്തുക്കളും ഉപയോഗപ്പെടുത്തി തൊഴില്‍ പരിശീലനങ്ങളും മാനവ വിഭവശേഷി വികസന പ്രവര്‍ത്തനങ്ങളും നടത്തുക.
5. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി മഹല്ലിലെ മാനവ വിഭവശേഷി വികസിക്കുന്നതോടു കൂടി ഇവര്‍ക്ക് പ്രത്യുദ്പാദനപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നു.
6. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് സ്ഥാപനത്തിന്റെ മുകളില്‍ വിവരിച്ച ഇസ്‌ലാമിക സാമ്പത്തിക ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
7. ഇത്തരം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിന്നുമുണ്ടാകുന്ന വരുമാനം ഉടമ്പടികള്‍ പ്രകാരം സ്ഥാപനവുമായി പങ്കുവെക്കപ്പെടുന്നു.
8. വായ്പാ ഉപകരണങ്ങളിലുള്ള നഷ്ടങ്ങളില്‍ അര്‍ഹമായത് സകാത്ത് ഫണ്ടില്‍ നിന്നും വകയിരുത്താവുന്നതാണ്.
9. മെമ്പര്‍മാരുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുന്നതോടു കൂടി അവരില്‍ നിന്നും കൂടിയ നിക്ഷേപങ്ങള്‍ സൊസൈറ്റിക്കു ലഭ്യമാവും.
10.വ്യക്തിഗതമായി വായ്പാ ഉപകരണങ്ങള്‍ക്ക് മതിയായ ഉറപ്പ് (Guarantee) നല്‍കാന്‍ കഴിയാത്തവ്യക്തികളെ  ഗ്രൂപ്പുകളാക്കുകയും; ഗ്രൂപ്പിലുള്ളവര്‍ പരസ്പരം സ്ഥാപനത്തിന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു (Group Guarantee System ).
11. ആകസ്മികമായ സാമ്പത്തികാവശ്യങ്ങളെ നേരിടുന്നതിനു വേണ്ടി സ്ഥാപനത്തിലെ അംഗങ്ങള്‍ തകാഫുല്‍” ഫണ്ടിലേക്ക് (ഇസ്‌ലാമിക ഇന്‍ഷൂറന്‍സ്) തങ്ങളുടെ വിഹിതങ്ങള്‍ നല്‍കുക.
[email protected]
(ലേഖകന്‍ ശാന്തപുരം അല്‍ജാമിഅ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഇസ്‌ലാമിക് ഫിനാന്‍സുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിര്‍വ ബിസിനസ് സൊലൂഷന്‍സിന്റെ മേധാവിയുമാണ്. ഇസ്‌ലാമിക് ഫിനാന്‍സില്‍ പി.ജി കരസ്ഥമാക്കിയിട്ടുണ്ട്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം