Prabodhanm Weekly

Pages

Search

2011 മെയ് 7

ബുദ്ധിപരമായ തെളിവുകള്‍

അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍ എഡിറ്റ് ചെയ്ത അത്തൌഹീദ് എന്ന കൃതിയില്‍ നിന്ന്.
വിവ: എം.എസ്.എ റസാഖ്, മുഹമ്മദ് സാകിര്‍ നദ്വി

വിശാലമായ പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്താല്‍ അതിലെ എല്ലാ വസ്തുക്കളും ദൈവാസ്തിക്യത്തെക്കുറിച്ച് സംസാരിക്കുന്നതായി കാണാം. അല്ലാഹുവിന്റെ അസ്തിത്വത്തില്‍ വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നതിനു മുമ്പ് തന്നെ സ്വന്തം ശരീരത്തെക്കുറിച്ചും തന്റെ ചുറ്റുമുള്ള പ്രപഞ്ചത്തെക്കുറിച്ചും നിരീക്ഷണം നടത്താനും ചിന്തിക്കാനും ആവശ്യപ്പെടുന്നു. തികഞ്ഞ ഉള്‍ക്കാഴ്ചയോടും അവബോധത്തോടും കൂടി അല്ലാഹുവില്‍ വിശ്വസിക്കാന്‍ സാധ്യമാകുകയാണിതിന്റെ ഫലം. അല്ലാഹു പറയുന്നു: "പറയുക, ആകാശഭൂമികളിലുള്ളതെന്തൊക്കെയാണെന്ന് നോക്കൂ. എന്നാല്‍ വിശ്വസിക്കാത്ത ജനത്തിന് തെളിവുകളും താക്കീതുകളും കൊണ്ടെന്തു ഫലം?'' (യൂനുസ് 101). "ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ നിരവധി തെളിവുകളുണ്ട്. നിങ്ങളില്‍ തന്നെയുമുണ്ട്. എന്നിട്ടും നിങ്ങള്‍ അതൊന്നും കണ്ട് മനസ്സിലാക്കുന്നില്ലെന്നാണോ?'' (അദ്ദാരിയാത്ത് 20,21). "അവര്‍ നോക്കുന്നില്ലേ ഒട്ടകത്തെ, അതിനെ എങ്ങനെ സൃഷ്ടിച്ചുവെന്ന്? ആകാശത്തെ, അതിനെ എവ്വിധം ഉയര്‍ത്തിയെന്ന്? പര്‍വതത്തെ, അതിനെ എങ്ങനെ സ്ഥാപിച്ചുവെന്ന്? ഭൂമിയെ, അതിനെ എങ്ങനെ വിശാലമാക്കിയെന്ന്?'' (അല്‍ഗാശിയ 17-20).
സാമാന്യമായ ചിന്തയും നിരീക്ഷണവും മനുഷ്യനെ വളരെ പെട്ടെന്ന് ദൈവത്തിലേക്ക് എത്തിക്കുന്നു. ഭൂമി, ആകാശം, നക്ഷത്രങ്ങള്‍, ചന്ദ്രന്‍, സമുദ്രങ്ങള്‍, നദികള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന അതിബൃഹത്തായ പ്രപഞ്ചം തുറന്ന പുസ്തകമാണ്. അതിലൂടെ ഏതൊരു മനുഷ്യന്നും സ്രഷ്ടാവിന്റെ മഹത്വവും നിര്‍മാണ വൈഭവവും വായിച്ചറിയാന്‍ കഴിയും. പ്രപഞ്ചത്തെ സൃഷ്ടിക്കുകയും നിര്‍മിക്കുകയും ചെയ്ത ഒരു സ്രഷ്ടാവ് ഉണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടുന്നതാണ്. ഒന്നിനേക്കാള്‍ വലുതാണ് രണ്ടെന്നും അംശത്തേക്കാള്‍ വലുതാണ് സാകല്യമെന്നും മനസ്സിലാക്കുന്ന പോലെയാണിത്. അപ്രകാരം മനുഷ്യന്‍ മനസ്സിലാക്കുന്നു, ഓരോ സൃഷ്ടിക്കും ഒരു സ്രഷ്ടാവ് അനിവാര്യമാണെന്ന്. ഓരോ സംഭവത്തിനും ഒരു നിര്‍മാതാവ് അനിവാര്യമാണെന്ന്. നാം ഇരിക്കുന്ന കസേര, എഴുതാന്‍ ഉപയോഗിക്കുന്ന പേന, പാരായണം ചെയ്യുന്ന പുസ്തകം ഇതെല്ലാം ഇതേ രൂപത്തില്‍ ഒരു നിര്‍മാതാവിനെക്കൂടാതെ സ്വയം ഉണ്ടായതായിരിക്കുമോ? അതല്ല, ഒരു നിര്‍മാതാവിന്റെ കരസ്പര്‍ശം അതിന്റെ പിന്നില്‍ ഉണ്ടായിട്ടുണ്ടോ?
അല്ലാഹുവിന്റെ ആസ്തിക്യത്തെക്കുറിച്ച് ഇമാം അബൂഹനീഫയോട് സംവാദം നടത്താനും അദ്ദേഹത്തെ ഉത്തരം മുട്ടിച്ച് പരാജയപ്പെടുത്താനും ദൈവനിഷേധികളുടെ ഒരു സംഘം തീരുമാനിക്കുകയുണ്ടായി. അതിനു വേണ്ടി വേദിയും സമയവും നിശ്ചയിച്ചു. ബോധപൂര്‍വം ഇമാം അബൂഹനീഫ നിശ്ചിത സമയത്തേക്കാള്‍ അല്‍പം താമസിച്ചാണ് വേദിയില്‍ എത്തിയത്. ഇമാം എത്തിയതോടെ അവര്‍ ചോദിച്ചു: 'എന്താണ് വൈകിയത്?' 'ഞാന്‍ ഇവിടേക്ക് വരുന്ന വഴി ഒരാള്‍ എന്റെ അടുത്ത് വന്ന് ഞാന്‍ ഇതുവരെയും കേട്ടിട്ടില്ലാത്ത അത്ഭുതകരമായ ഒരു വാര്‍ത്ത പറഞ്ഞു.' വളരെ ആകാംക്ഷപൂര്‍വം അവര്‍ ചോദിച്ചു. 'എന്തായിരുന്നു വാര്‍ത്ത?' അയാള്‍ എന്നോട് പറഞ്ഞു: 'കുറേ തടിക്കഷ്ണങ്ങള്‍ ടൈഗ്രീസ് നദിയിലെ വെള്ളത്തിനു മുകളില്‍ കിടക്കുന്നത് ഞാന്‍ കണ്ടു. ചിന്നിച്ചിതറിക്കിടന്നിരുന്ന തടിക്കഷ്ണങ്ങളെല്ലാം ഉടനെ പരസ്പരം കൂടിച്ചേരുകയും വലിയ കപ്പലായി പരിണമിക്കുകയും ചെയ്തു. എന്നിട്ടാ കപ്പല്‍ കപ്പിത്താന്റെ സഹായമില്ലാതെ വെള്ളത്തിന്റെ ഓളങ്ങളെ ഭേദിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി.'
ഈ കഥനം ശ്രവിച്ച മാത്രയില്‍ ദൈവനിഷേധികള്‍ അട്ടഹസിച്ചു. തടിക്കഷ്ണങ്ങള്‍ സ്വയം ഒരുമിച്ചു കൂടിച്ചേര്‍ന്ന് കപ്പലായി രൂപാന്തരപ്പെടുകയോ? എന്നിട്ടത് കപ്പിത്താനില്ലാതെ തന്നെ വെള്ളത്തിലൂടെ സഞ്ചരിക്കുകയോ? ഇക്കാര്യം അവിശ്വസനീയമാണ്. ബുദ്ധിക്ക് വിഭാവന ചെയ്യാന്‍ കഴിയില്ല- അവര്‍ പറഞ്ഞു. ലളിതമായ ഇക്കാര്യം നിങ്ങള്‍ നിഷേധിക്കുന്നുവെങ്കില്‍, ഈ മഹാ പ്രപഞ്ചം അതിലെ ഭൂമിയും ആകാശവും നക്ഷത്രങ്ങളും ഗ്രഹങ്ങളും നദികളും സാഗരങ്ങളുമടക്കം ഒരു സ്രഷ്ടാവില്ലാതെ സ്വയം ഉണ്ടാവുകയും ഒരു നിയന്താവില്ലാതെ സഞ്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും? ഇമാമിന്റെ ചോദ്യത്തിന് മുന്നില്‍ അവര്‍ ഉത്തരം മുട്ടി. പരാജയം സമ്മതിക്കുക മാത്രമല്ല, ലോക രക്ഷിതാവായ അല്ലാഹുവില്‍ അവര്‍ ഒന്നടങ്കം വിശ്വസിക്കുകയും ചെയ്തു.
ചിന്തിച്ചാല്‍ അത്യത്ഭുതകരമായി തോന്നും. ആരാണ് മനുഷ്യന് ജീവന്‍ നല്‍കിയത്, ശരീരത്തിന് ചലനശേഷി നല്‍കിയത്? തന്റെ മുന്നില്‍ ശിലകൊണ്ടോ മരം കൊണ്ടോ ഉള്ള പ്രതിമകള്‍ കാണുന്നു, അത് ചലിക്കുന്നില്ല. വര്‍ഷങ്ങളോളം അതങ്ങനെ തന്നെ കിടക്കുന്നു. ചലനമില്ല. വളര്‍ച്ചയുമില്ല. എന്നാല്‍ അവന്‍ ജീവനെ അനുഭവിച്ചറിയുന്നു. ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുന്നു. ശിശു യുവാവായും യുവാവ് വൃദ്ധനായും വളരുന്നു. ആരാണവന് ഈ ജീവന്‍ നല്‍കയത്? ആരാണവനെ പരിവര്‍ത്തിപ്പിക്കുന്നത്? അപാരമായ കഴിവുകളുടെ ഉടമയും യുക്തിപൂര്‍ണനും നിര്‍മാതാവുമായ അല്ലാഹുവല്ലാതെ മറ്റാരുമല്ല. പ്രപഞ്ചത്തിലെ ഓരോ വസ്തുവും ദൈവത്തിന്റെ അസ്തിത്വം വിളിച്ചറിയിക്കുന്നു. മനുഷ്യന്‍ ചിന്തിച്ചു നോക്കുകയേ വേണ്ടൂ. എല്ലാറ്റിലും അല്ലാഹുവിന്റെ സാന്നിധ്യം ദൃശ്യമാകും. അന്തരീക്ഷത്തില്‍ സുഗന്ധം പരത്തി പുഷ്പിച്ചുനില്‍ക്കുന്ന പൂവുകളില്‍ അല്ലാഹുവിന്റെ സാന്നിധ്യം ഉണ്ട്. പാട്ടുപാടി ഒരു ശിഖരത്തില്‍നിന്ന് മറ്റൊരു ശിഖരത്തിലേക്ക് പറന്നു പറന്നു നീങ്ങിക്കൊണ്ടിരിക്കുന്ന കുരുവിയില്‍ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്. ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ അലറിയടിച്ചുകൊണ്ടിരിക്കുന്ന തിരമാലകളിലും ഉണ്ട്. ചെറു ചെടികളിലും വലിയ വൃക്ഷങ്ങളിലും ഉണ്ട്. വഴിതെറ്റാതെ ഒരേ പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഉറുമ്പിന്‍ കൂട്ടങ്ങളിലും കണ്ടെത്താം. തുമ്പിക്കൈ കൊണ്ട് ഭക്ഷണം കഴിക്കുന്ന ഭീമാകാരനായ ഗജവീരനിലും കാണാം. ഉദയാസ്തമയ നേരങ്ങളിലെ സൂര്യന്റെ പ്രഭാമണ്ഡലങ്ങളിലും പൂര്‍ണ ചന്ദ്രനിലും അര്‍ധ ചന്ദ്രനിലും ദര്‍ശിക്കാം. നേത്രം കൊണ്ട് കാണാന്‍ കഴിയുന്നതും കൈ കൊണ്ട് സ്പര്‍ശിക്കാന്‍ കഴിയുന്നതുമായ സകല വസ്തുക്കളിലും അല്ലാഹുവിന്റെ സാന്നിധ്യം കണ്ടെത്താം. സകലതിനെയും സുന്ദരമായ രൂപത്തില്‍ സൃഷ്ടിച്ച യുക്തിജ്ഞനായ നിര്‍മാതാവിന്റെ ഉണ്‍മക്ക് പ്രപഞ്ചത്തിലെ സകല വസ്തുക്കളും തെളിവ് നല്‍കുന്നു. എല്ലാ വസ്തുക്കളിലും അല്ലാഹുവിന്റെ ഏകത്വത്തിന് ദൃഷ്ടാന്തങ്ങളുണ്ട്.

ദൈവിക പൂര്‍ണത
പ്രതാപശാലിയും മഹത്വമേറിയവനുമായ അല്ലാഹു എല്ലാ ന്യൂനതകളില്‍നിന്നും മുക്തനും പരിപൂര്‍ണനുമാണ്. സത്തയിലും വിശേഷണങ്ങളിലും കര്‍മങ്ങളിലും അല്ലാഹു പൂര്‍ണനാകുന്നു. അത്യുന്നതനായ അല്ലാഹുവിന്റെ പരിപൂര്‍ണതകള്‍ അനന്തമാണ്. അതിനെ പരിമിതപ്പെടുത്താനോ എണ്ണിത്തിട്ടപ്പെടുത്താനോ സാധ്യമല്ല. സൃഷ്ടികള്‍ സ്രഷ്ടാവിന്റെ നിരുപാധികവും സ്വതന്ത്രവുമായ പരിപൂര്‍ണത അംഗീകരിക്കേണ്ടതാണ്. ദൈവത്തിന്റെ പൂര്‍ണതക്ക് പരിധിയില്ല. അവന്‍ എല്ലാ കുറവുകളില്‍ നിന്നും മുക്തനുമാകുന്നു. നാം നിര്‍ബന്ധമായും വിശ്വസിക്കേണ്ടതായ ദൈവികപൂര്‍ണതയില്‍ പെട്ടതാണ് അല്ലാഹുവിന്റെ ഗുണവിശേഷങ്ങള്‍.

അനാദിയും അനന്തനും
അല്ലാഹു അനാദിയാകുന്നു എന്നു പറയുന്നതിന്റെ അര്‍ഥം അവന്റെ അസ്തിത്വത്തിന് തുടക്കം/ ആദ്യം ഇല്ലായെന്നതാണ്. ഇല്ലാതിരിക്കുക എന്ന അവസ്ഥ അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം ഉണ്ടായിട്ടില്ല. കാരണമവന്റെ അസ്തിത്വം ദൈവികസത്തയില്‍ തന്നെയാണ്. മറ്റൊന്നില്‍ നിന്ന് ഉത്ഭവം കൊണ്ടതല്ല. സര്‍വതും അവനെ ആശ്രയിച്ചിരിക്കുന്നു. അവന്‍ മറ്റാരെയും ആശ്രയിക്കുന്നവനല്ല. അല്ലാഹു അനന്തനാകുന്നു എന്നു പറയുന്നതിന്റെ അര്‍ഥം എന്നെന്നും നിലനില്‍ക്കുന്നവനും നിത്യനും ആകുന്നുവെന്നാണ്. അവന്റെ അസ്തിത്വത്തിന് അന്ത്യമില്ല. നശ്വരത അല്ലാഹുവിന് ബാധകമല്ല. അപ്രകാരം തുടക്കവും. കാരണം ജീവന്‍ നല്‍കുന്നവനും തിരിച്ചെടുക്കുന്നവനും അവനാണ്. എല്ലാം അവന്റെ സന്നിധിയിലേക്ക് പ്രയാണം ചെയ്യുന്നു. "ആദ്യനും അന്ത്യനും പുറവും അകവും അവന്‍ തന്നെ. അവന്‍ സകല സംഗതികളും അറിയുന്നവന്‍'' (അല്‍ഹദീദ് 3). "സകല വസ്തുക്കളും നശിക്കും. അവന്റെ സത്തയൊഴികെ. അവനു മാത്രമേ കല്‍പനാധികാരമുള്ളൂ. നിങ്ങളെല്ലാവരും അവനിലേക്ക് തിരിച്ചുചെല്ലുന്നവരാണ്'' (അല്‍ഖസ്വസ് 88).
"ഭൂതലത്തിലുള്ളതൊക്കെയും നശിക്കുന്നവയാണ്. നിന്റെ നാഥന്റെ ഉദാരഗംഭീരമായ അസ്തിത്വം മാത്രമാണ് അവശേഷിക്കുക'' (അര്‍റഹ്മാന്‍ 26,27).

ഏകത്വം
അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ പെട്ടതാണ് ഏകത്വം. അതായത് അവന് യാതൊരു പങ്കുകാരുമില്ല. ഏകനും യജമാനത്വത്തില്‍ വ്യതിരിക്തനുമാണ്. കാരണം, അവന്‍ സ്രഷ്ടാവും അന്നദാതാവും നിയന്താവും ആകുന്നു. അവന്റെ ആധിപത്യത്തില്‍/സാമ്രാജ്യത്തില്‍ യാതൊരു പങ്കാളിയുമില്ല. "അറിയുക, സൃഷ്ടിക്കാനും കല്‍പിക്കാനും അവനു മാത്രമാണ് അധികാരം. സര്‍വലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്വമുള്ളവനാണ്'' (അല്‍അഅ്റാഫ് 54). ദിവ്യത്വത്തിലും അല്ലാഹു ഏകനും അനന്യനുമാകുന്നു. അവനല്ലാതെ മറ്റൊരാളും ആരാധിക്കപ്പെടാനോ അനുസരിക്കപ്പെടാനോ ആഗ്രഹിക്കപ്പെടാനോ ഇല്ല. ഇബാദത്തില്‍ യാതൊരു പങ്കുകാരനുമില്ല. "ചോദിക്കുക: വിവേകം കെട്ടവരേ, ഞാന്‍ അല്ലാഹു അല്ലാത്തവരെ പൂജിക്കണമെന്നാണോ നിങ്ങളെന്നോടാവശ്യപ്പെടുന്നത്'' (അസ്സുമര്‍ 64). സര്‍വതും അല്ലാഹുവിന്റെ കൈപ്പിടിയിലും ആധിപത്യത്തിലുമാകുന്നു. "എന്നാല്‍ അവനെത്ര പരിശുദ്ധന്‍. അവനാണ് അല്ലാഹു, ഏകന്‍, സകലാധിനാഥന്‍'' (അസ്സുമര്‍ 4). "പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്'' (അല്‍ഇഖ്ലാസ് 1). "നിങ്ങളുടെ ദൈവം ഏകദൈവം. അവനല്ലാതെ ദൈവമില്ല. അവന്‍ പരമകാരുണികന്‍, ദയാപരന്‍'' (അല്‍ബഖറ 163).

അതുല്യന്‍
അല്ലാഹുവിനെപ്പോലെ മറ്റാരുമില്ല. സൃഷ്ടികളില്‍ ഒന്നിനോടും അവന്‍ സാദൃശ്യമുള്ളവനല്ല. അപ്രകാരം സൃഷ്ടികളില്‍ ഒരാളും അല്ലാഹുവിനോട് സദൃശ്യനല്ല. മനുഷ്യബുദ്ധിക്ക് അവന്റെ തഥ്യം (ൃലമഹശ്യ) ഗ്രഹിക്കുക സാധ്യമല്ല. അഥവാ അഗോചരനാണ് അല്ലാഹു. "കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ കണ്ണുകളെ കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും'' (അല്‍അന്‍ആം 103). പരിശുദ്ധനായ അല്ലാഹു ദൃശ്യാദൃശ്യ രൂപങ്ങളില്‍നിന്നെല്ലാം സ്വതന്ത്രനാകുന്നു. ബുദ്ധികൊണ്ട് വിഭാവന ചെയ്യുന്നതില്‍ നിന്നെല്ലാം വ്യത്യസ്തനാകുന്നു ദൈവം. "അല്ലാഹുവിന് തുല്യമായി ഒന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനാണ്. കാണുന്നവനും'' (അശ്ശൂറ 11).
അല്ലാഹുവിന്റെ ചില ഗുണവിശേഷങ്ങളില്‍ സൃഷ്ടികളോട് സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് കേവലം നാമകരണത്തില്‍ മാത്രമാകുന്നു. അല്ലാഹു ശ്രവിക്കുന്നു, കാണുന്നു എന്നൊക്കെ നാം പറയുമ്പോള്‍ അതിനര്‍ഥം നാം നമ്മുടെ ചെവികൊണ്ട് കേള്‍ക്കുന്നതുപോലെ അല്ലാഹു ചെവികൊണ്ട് കേള്‍ക്കുന്നുവെന്നോ, നാം നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണുന്നത് പോലെ അവന്‍ കണ്ണുകൊണ്ട് കാണുന്നുവെന്നോ അല്ല. കാരണം, സ്വത്വത്തില്‍ തന്നെ, അല്ലെങ്കില്‍ സത്തയില്‍ തന്നെ അല്ലാഹു ഇത്തരം ഉപമകളും സാദൃശ്യവും നിഷേധിക്കുന്നു. തുടര്‍ന്ന് അവന്റെ 'ശ്രവണം', 'കാണല്‍' എന്നീ വിശേഷങ്ങളെ ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു സ്വന്തത്തെക്കുറിച്ചു തന്നെ 'ശ്രവിക്കുന്നവനും' 'കാണുന്നവനു'മെന്ന് പറഞ്ഞിരിക്കുന്നു. അതുപോലെ തന്റെ ദാസന്മാരെക്കുറിച്ചും ശ്രദ്ധിക്കുന്നവനെന്നും കാണുന്നവനെന്നും പറയുന്നു. "മനുഷ്യനെ നാം കൂടിക്കലര്‍ന്ന ബീജത്തില്‍ നിന്ന് സൃഷ്ടിച്ചു. നമുക്ക് അവനെ പരീക്ഷിക്കാന്‍. അങ്ങനെ നാം അവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി'' (അദ്ദഹര്‍ 2). അതിനാല്‍ അല്ലാഹു സ്വന്തത്തെക്കുറിച്ച് എന്തൊരു കാര്യം സ്ഥിരീകരിച്ചു പരാമര്‍ശിച്ചുവോ ആ കാര്യം നാം അതേപോലെ അംഗീകരിക്കുന്നു. അല്ലാഹു സ്വന്തത്തെക്കുറിച്ച് എന്തൊക്കെ നിഷേധിച്ചുവോ അതൊക്കെ നാമും നിഷേധിക്കുന്നു. അതില്‍ യാതൊരുവിധ ന്യൂനതയോ കൃത്രിമത്വമോ സാദൃശ്യവത്കരണമോ രൂപവത്കരണമോ ഇല്ലതന്നെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം