Prabodhanm Weekly

Pages

Search

2011 മെയ് 7

തെക്കന്‍ സുഡാന്‍ പുതിയ

തെക്കന്‍ സുഡാന്‍ പുതിയ രാഷ്ട്രത്തിന്റെ വെല്ലുവിളികള്‍ -

- അടുത്ത ജൂലൈ ഒമ്പതിന് തെക്കന്‍ സുഡാന്‍ പുതിയ രാഷ്ട്രമായി മാറുകയാണ്. കഴിഞ്ഞ ജനുവരിയില്‍ നടന്ന ഹിതപരിശോധനയില്‍ മഹാഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് സുഡാന്റെ തെക്കന്‍ മേഖല മാതൃരാഷ്ട്രത്തില്‍നിന്ന് വേര്‍പിരിഞ്ഞ് പുതിയ രാഷ്ട്രമാകണമെന്നാണ്. പക്ഷേ, പുതുരാഷ്ട്ര പിറവിയുടെ ഉത്സവലഹരി ഇപ്പോള്‍ കടുത്ത ആശങ്കകള്‍ക്ക് വഴിമാറിയിരിക്കുന്നു. ഗോത്രങ്ങള്‍ തമ്മിലും മിലീഷ്യകള്‍ തമ്മിലും നിരന്തരം സായുധപോരാട്ടങ്ങള്‍ നടക്കുന്നതായാണ് തെക്കന്‍ സുഡാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പാര്‍ട്ടികളും ഒട്ടും ഒത്തൊരുമയില്ലാതെ അവരവരുടെ വഴിക്ക് സഞ്ചരിക്കുകയാണ്. തെക്കന്‍ സുഡാന്‍ സൈന്യവും ഗബ്രിയേല്‍ താംഗിന്റെ നേതൃത്വത്തിലുള്ള മിലീഷ്യയും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘട്ടനത്തില്‍ 165 പേരാണ് മരിച്ചത്. തന്റെ മിലീഷ്യയെ പിരിച്ചു വിടാമെന്നും ദേശീയ സൈന്യത്തില്‍ ലയിപ്പിക്കാമെന്നും ഗബ്രിയേല്‍ സമ്മതിച്ച ശേഷമായിരുന്നു അവിചാരിത ഏറ്റുമുട്ടല്‍. അതിന് മുമ്പ് പീറ്റര്‍ ഗാഡിയറ്റിന്റെ നേതൃത്വത്തിലുള്ള മിലീഷ്യയുമായുള്ള സംഘട്ടനത്തില്‍ 101 പേര്‍ മരിച്ചിരുന്നു. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം, തെക്കന്‍ സുഡാന്‍ സൈന്യം ഏറ്റവും ചുരുങ്ങിയത് ഏഴ് മിലീഷ്യകളുമായെങ്കിലും പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഗോത്രപ്പോരുകള്‍ വേറെയും. ഈ വര്‍ഷമാദ്യം തുടങ്ങിയ സംഘട്ടനത്തില്‍ മാത്രം ഇതുവരെ ആയിരം പേര്‍ വധിക്കപ്പെട്ടിട്ടുണ്ട്. പതിനായിരങ്ങളാണ് വീട് വിട്ടിറങ്ങി സുരക്ഷിത സ്ഥാനങ്ങള്‍ തേടി പലായനം ചെയ്യുന്നത്. തെക്കന്‍ സുഡാനിലെ പത്ത് സംസ്ഥാനങ്ങളില്‍ ഒമ്പതിലും ഇതാണ് സ്ഥിതി. ഈ നില തുടര്‍ന്നാല്‍ മേഖലയൊന്നാകെ അത് അസ്ഥിരമാക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാതൃരാഷ്ട്രത്തിനെതിരെ കലാപം നയിച്ച സുഡാന്‍ ജനകീയ വിമോചന മുന്നണിയുടെ ഏകാധിപത്യ പ്രവണതകളാണ് അസ്വസ്ഥകള്‍ക്ക് ഒരു പ്രധാന കാരണം. ഈ പാര്‍ട്ടി ദയന്‍കാ എന്ന ഗോത്രത്തിന്റെ മാത്രം താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നാണ് ആരോപണം. പുതിയ രാഷ്ട്രത്തിന്റെ കരട് ഭരണഘടനയുണ്ടാക്കാന്‍ പാര്‍ട്ടിയുടെ നേതാവ് സല്‍വാകീര്‍ മയാര്‍ദീത്ത് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ നിന്ന് ആറ് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ വിട്ടുനില്‍ക്കാന്‍ കാരണമതാണ്. തെക്കന്‍ സുഡാനിലെ നിലവിലുള്ള ഭരണം 2015 വരെ നീട്ടിക്കൊണ്ട് പോകും വിധമാണ് ഭരണഘടന തയാറാക്കുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഘട്ടനങ്ങള്‍, നേരത്തെ തന്നെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത തെക്കന്‍ സുഡാന്റെ നില പരുങ്ങലിലാക്കുമെന്ന് തീര്‍ച്ച. പെട്രോളിയം ഉല്‍പാദനത്തെയും അത് സാരമായി ബാധിക്കും. തെക്കന്‍ സുഡാന്റെ ബജറ്റില്‍ വരുമാനത്തിന്റെ 98 ശതമാനവും പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നാണ്. ഈ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ വടക്കന്‍ സുഡാനാണെന്ന് തെക്കന്‍ സുഡാന്‍ ആരോപിക്കുന്നു. ദാര്‍ഫൂറിലും മറ്റും കുഴപ്പമുണ്ടാക്കുന്നത് തെക്കന്‍ സുഡാനാണെന്ന് വടക്കന്‍ സുഡാന്‍ തിരിച്ചും ആരോപിക്കുന്നു. ഈ ആരോപണങ്ങളില്‍ കുറച്ചൊക്കെ ശരിയുണ്ടെങ്കിലും, ഭരണകൂടങ്ങളുടെ ഏകാധിപത്യ പ്രവണതകളാണ് പ്രശ്‌നം രൂക്ഷമാക്കുന്നത് എന്നതത്രെ യാഥാര്‍ഥ്യം. -

- -

- #### ഇസ്‌ലാമിസ്റ്റുകളുമായി ചര്‍ച്ചയാവാമെന്ന് അലന്‍ജുപ്പെ -

- "അക്രമ മാര്‍ഗം കൈവെടിഞ്ഞ ഏത് ഇസ്ലാമിക സംഘടനകളുമായും ഞങ്ങള്‍ ചര്‍ച്ചക്ക് തയാറാണ്. ഇസ്ലാമിക പ്രസ്ഥാനങ്ങളെ പിശാചുക്കളായി ചിത്രീകരിച്ച് അറബ് ഭരണകര്‍ത്താക്കള്‍ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു.'' ഫ്രഞ്ച് വിദേശകാര്യമന്ത്രി അലന്‍ ജുപ്പെയുടേതാണീ വാക്കുകള്‍. പാരീസിലെ അറബ് വേള്‍ഡ് ഇന്‍സ്റിറ്റ്യൂട്ടില്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഇസ്ലാമിക പ്രസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഫ്രഞ്ച് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് ഈജിപ്തിലെ ഇഖ്വാന്‍ കേന്ദ്രസമിതിയംഗം ഡോ. മുഹമ്മദ് ഹിശ്മത്ത് പ്രതികരിച്ചു: "കുറെകാലമായി അറബ് ഭരണകൂടങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ ഭീകരമായി അടിച്ചമര്‍ത്തുകയാണ്. ഇതിനെ ന്യായീകരിക്കാന്‍ അറബ് ലോകത്തും അതിന് പുറത്തും ഇസ്ലാമിക പ്രസ്ഥാനങ്ങളെ വികൃതമായി ചിത്രീകരിക്കേണ്ടത് ഏകാധിപത്യ ഭരണകൂടങ്ങളുടെ ആവശ്യമാണ്. മുബാറകിന്റെ പതനം വരെ ഈജിപ്തിലും നടന്നത് അതാണ്.'' ഇത്തരം ചര്‍ച്ചകള്‍ ഇരു ഭരണകൂടങ്ങളുടെയും അറിവോടെ നടക്കുന്നതാവും കൂടുതല്‍ ഫലപ്രദമെന്നും ഡോ. ഹശ്മത്ത് സൂചിപ്പിച്ചു. പാശ്ചാത്യ മീഡിയയുമായും വൈജ്ഞാനിക കേന്ദ്രങ്ങളുമായും ഇത്തരം സംവാദങ്ങള്‍ ഇഖ്വാന്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്. ജനുവരി വിപ്ളവാനന്തരം ഇഖ്വാനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വലിയൊരളവ് നീങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് തെളിവാണ് ഫിലിപ്പ് ഫ്ളാന്‍ദരിന്‍ എന്ന ഫ്രഞ്ച് പത്രപ്രവര്‍ത്തകന്റെ പഠനം. ഇഖ്വാനെ നേരില്‍ പഠിക്കാന്‍ അദ്ദേഹമിപ്പോള്‍ ഈജിപ്തിലുണ്ട്. ഇഖ്വാനിലെ മൂന്ന് തലമുറകളുമായി സംസാരിച്ച് അദ്ദേഹം തയാറാക്കുന്ന ഫീല്‍ഡ് പഠനം കള്ളപ്രചാരണങ്ങളെ ചെറുക്കുന്നതിന് ഉപകാരപ്പെട്ടേക്കും. നിഷ്പക്ഷമെന്ന് പ്രതീക്ഷിക്കാവുന്ന ഇത്തരം നിരവധി പഠനങ്ങള്‍ വിപ്ളവാനന്തരം ഇഖ്വാനെക്കുറിച്ച് നടന്നു വരുന്നുണ്ടെന്നും ഡോ. ഹിശ്മത്ത് പറഞ്ഞു. -

- -

- #### ഈ അരുംകൊല ചെയ്തവര്‍ മാപ്പര്‍ഹിക്കുന്നില്ല -

- വിറ്റോറിയോ അറിഗോണി കൊല ചെയ്യപ്പെട്ട വാര്‍ത്ത ഗസ്സക്കാര്‍ക്ക് വിശ്വസിക്കാനായില്ല. 'ഈ അരുംകൊലയുടെ വാര്‍ത്ത കേട്ടപ്പോള്‍ രോഷം കൊണ്ട് ഞാനാകെ വിറക്കാന്‍ തുടങ്ങി. എന്തൊരു ക്രൂരത, എന്തൊരു മണ്ടത്തരം'- ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ പെന്നി ക്വിന്റണിന്റെ വാക്കുകള്‍. തൌഹീദ് ആന്റ് ജിഹാദ് എന്ന പേരിലുള്ള ഒരു തീവ്ര വിഭാഗമാണ് അറിഗോണിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതെന്ന് ഗാര്‍ഡിയനും ബി.ബി.സിയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസ് ഗവണ്‍മെന്റിന്റെ കടുത്ത എതിരാളികളാണ് ഈ വിഭാഗം. ഇവരുടെ നേതാവ് ശൈഖ് അബൂ വലീദ് അല്‍ മഖ്ദസിയെയും ഏതാനും അനുയായികളെയും ഹമാസ് ഗവണ്‍മെന്റ് അറസ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയക്കാനുള്ള സമ്മര്‍ദ തന്ത്രമെന്ന നിലയിലാണ് ഈ സംഘം അറിഗോണിയെ തട്ടിക്കൊണ്ടുപോയത്. അന്ത്യശാസനം പോലും നല്‍കാതെ, അറിഗോണിയെ വധിക്കുകയും ചെയ്തു. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു ഇറ്റലിക്കാരനായ വിറ്റോറിയോ അറിഗോണി. പത്തു വര്‍ഷം മുമ്പാണ് അദ്ദേഹം അധിനിവിഷ്ട ഫലസ്ത്വീനിലെത്തിയത്. ആദ്യം പടിഞ്ഞാറെ കരയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇന്റര്‍നാഷ്നല്‍ സോളിഡാരിറ്റി മൂവ്മെന്റു(ഐ.എസ്.എം)മായി ബന്ധപ്പെട്ടതിനാല്‍ അവിടെ നിന്ന് ഗസ്സയിലേക്ക് നാടുകടത്തി. 2008-ല്‍ ഗസ്സയിലേക്ക് തിരിച്ച 'ഫ്രീ ഗസ്സ മൂവ്മെന്റി'ന്റെ കപ്പലില്‍ അറിഗോണിയും ഉണ്ടായിരുന്നു. ഇസ്രയേല്‍ പല തവണ ഇദ്ദേഹത്തെ ജയിലിലടച്ചിട്ടുണ്ട്. ഇസ്രയേല്‍ ഗസ്സ ആക്രമിച്ചപ്പോള്‍ മെഡിക്കല്‍ സഹായമെത്തിക്കാന്‍ അദ്ദേഹം ഓടി നടക്കുന്നുണ്ടായിരുന്നു. പീസ് റിപ്പോര്‍ട്ടര്‍, ഇല്‍ മാനിഫെസ്റോ തുടങ്ങിയ പത്രങ്ങളില്‍ ഇസ്രയേലിന്റെ നരമേധത്തെക്കുറിച്ച് അദ്ദേഹം നിരന്തരം എഴുതി. ഇസ്രയേല്‍ ഭീകരതയെക്കുറിച്ച് ഏമ്വമ ടമ്യേ ഔാമി എന്ന പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. "ഫലസ്ത്വീന്‍ ചരിത്രത്തിലെ ഇരുളടഞ്ഞ ദിനമാണത്. നമ്മുടെ സുഹൃത്ത് വിറ്റോറിയോയുടെ ഭീകരവധം സര്‍വരാലും അപലപിക്കപ്പെടും. കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു. വിറ്റോറിയോ നമ്മുടെ മനസ്സില്‍ എന്നുമുണ്ടാവും. അദ്ദേഹം ഫലസ്ത്വീന്റെ ഹീറോയാണ്.'' ഫലസ്ത്വീനിയന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ വക്താവ് ഖലീല്‍ ശാഹീന്‍ പറഞ്ഞു. ഹമാസ് ഭരണകൂടം കുറ്റവാളികളെ പിടികൂടാന്‍ തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. -

- -

-

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം