Prabodhanm Weekly

Pages

Search

2011 മെയ് 7

ഈ സമരം ഒരു പാഠമാണ്

ഡോ. വൈ.എസ് മോഹന്‍കുമാര്‍

1982-ലാണ് ഞാന്‍ കാസര്‍കോട്ടെ വാണിനഗറില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ച് തുടങ്ങുന്നത്. പ്രാക്ടീസ് തുടങ്ങി അല്‍പം കഴിയുന്നതിന് മുമ്പുതന്നെ അവിടെ എന്തോ പാരിസ്ഥിതിക പ്രശ്‌നം ഉള്ളതായി തോന്നിയിരുന്നു. വാണിനഗറും പദ്രെയും പോലുള്ള ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഒരു കാരണവശാലും കാണാന്‍ സാധ്യതയില്ലാത്ത അസാധാരണമായ രോഗങ്ങളുമായി ആളുകള്‍ എന്റെ മുമ്പിലെത്തി. ഒരേ വീടുകളില്‍തന്നെ ഒന്നിലധികം പേര്‍ക്ക് മാരകമായ രോഗങ്ങള്‍ പിടിപ്പെട്ട ധാരാളം കേസുകളുണ്ടായിരുന്നു. ആത്മഹത്യാ പ്രവണതയടക്കമുള്ള ഗുരുതരമായ മാനസിക രോഗങ്ങള്‍, സെറിബ്രല്‍ പാള്‍സി, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് പുറമെ ഗര്‍ഭം അലസല്‍, അപസ്മാരം, വ്യാപകവും മാരകവുമായ അംഗവൈകല്യങ്ങള്‍ തുടങ്ങിയവ ഈ പ്രദേശങ്ങളില്‍ ധാരാളമായി കാണപ്പെട്ടു. അന്നൊന്നും എന്‍ഡോസള്‍ഫാന്‍ മൂലമാണ് ഈ പ്രശ്‌നങ്ങളൊക്കെയും ഉണ്ടാകുന്നതെന്ന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.
എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെക്കുറിച്ച് ആദ്യമായി പുറംലോകത്തെ അറിയിക്കുന്നത് ശ്രീപദ്രെ സാറാണ്. 1980-81 കാലത്ത് അദ്ദേഹം ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് മലയാളത്തിലും കന്നടയിലും ലേഖനങ്ങള്‍ എഴുതിയിരുന്നു. എന്നാല്‍ എന്‍മകജെ പഞ്ചായത്തില്‍ പുതുതായി ജനിക്കുന്ന പശുക്കുട്ടികളില്‍ വ്യാപകമായി അംഗവൈകല്യം കാണപ്പെട്ടതുമായി ബന്ധപ്പെട്ട് അദ്ദേഹം എവിഡന്‍സ് വീക്കിലിയില്‍ ലേഖനം പ്രസിദ്ധീകരിച്ചു.
life is cheaper than casher എന്ന തലക്കെട്ടിലുള്ള ലേഖനമാണ് വഴിത്തിരിവായത്. അപ്പോള്‍ പോലും പശുക്കളില്‍ കാണുന്ന ഇത്തരം പ്രശ്‌നങ്ങള്‍ മനുഷ്യരിലും സംഭവിക്കാം എന്നും അതാണ് എന്‍മകജെയിലും പരിസരപ്രദേശങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ആര്‍ക്കും ധാരണയുണ്ടായിരുന്നില്ല. ഈ ലേഖനത്തെക്കുറിച്ച് ഞാന്‍ അറിയുന്നതുതന്നെ പിന്നീടാണ്.
ഏകദേശം പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് എഴുതുന്നത്. എന്നെ കാണാനെത്തുന്ന ജനങ്ങളുടെ അസാധാരണമായ രോഗങ്ങളെക്കുറിച്ച് ഞാന്‍ എഴുതിയ ലേഖനം കേരള മെഡിക്കല്‍ ജേര്‍ണലിന്റെ 1997 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചുവന്നു. അസാധാരണമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകണമെന്ന് ഞാന്‍ ആ ലേഖനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആ സമയത്തൊന്നും എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയാണ് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നേയില്ല. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അധികൃതരോ ഡോക്ടര്‍മാരോ ആ ലേഖനത്തിലൂടെ ഞാനുന്നയിച്ച പ്രശ്‌നത്തെ ഒട്ടും പരിഗണിച്ചില്ല ; അതിനാല്‍ തന്നെ അതിനുദ്ദേശിച്ച ഫലവും കിട്ടിയില്ല. തുടര്‍ന്ന് കേരള മെഡിക്കല്‍ ബോര്‍ഡിന് വിഷയത്തിന്റെ ഗൗരവം സൂചിപ്പിച്ച് കത്തയച്ചെങ്കിലും മറുപടി കിട്ടിയില്ല. ഇതൊരു അന്വേഷണവും ഗവേഷണവും അര്‍ഹിക്കുന്ന വിഷയമാണ്; ആരെങ്കിലും സന്നദ്ധരാവുകയാണെങ്കില്‍ ഞാന്‍ അവരെ സഹായിക്കാന്‍ തയാറാണ് എന്ന് സൂചിപ്പിച്ച് വീണ്ടും കത്തെഴുതിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
യഥാര്‍ഥത്തില്‍ 2000-ത്തിലാണ് എന്‍ഡോസള്‍ഫാനാണ് ഈ പ്രശ്‌നങ്ങളൊക്കെയും ഉണ്ടാക്കുന്നതെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങുന്നത്. അതുതന്നെ തേനീച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങിയതിനെത്തുടര്‍ന്നായിരുന്നു. തേനീച്ചക്കൃഷിയായിരുന്നു ഇവിടെയുള്ള ജനങ്ങളുടെ വലിയൊരു വരുമാനമാര്‍ഗം. എന്‍ഡോസള്‍ഫാന്‍ ഹെലികോപ്റ്റര്‍ വഴി സ്‌പ്രേ ചെയ്യുന്നതിനെത്തുടര്‍ന്നാണ് തേനീച്ചകള്‍ ചത്തൊടുങ്ങിയതെന്ന് ജനങ്ങള്‍ക്ക് അനുഭവത്തിലൂടെ അറിയാമായിരുന്നു. ഇതിനു ശേഷം കുറച്ച് ചെറുപ്പക്കാര്‍ സംഘടിച്ച് എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ നിര്‍ത്തിവെക്കണമെന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍, ഞങ്ങള്‍ക്ക് കലക്ടറുടെ അനുമതിയുണ്ട് എന്നും തേനീച്ചകള്‍ ചത്തൊടുങ്ങുന്നതിന് എന്‍ഡോസള്‍ഫാന്‍ തന്നെയാണ് കാരണമെന്നതിന് എന്താണ് തെളിവെന്നും ചോദിച്ച് പി.സി.കെ അധികൃതര്‍ മുന്നോട്ടു പോയി. ഇതിനെത്തുടര്‍ന്ന് രോഷകുലരായ ചെറുപ്പക്കാര്‍ ഹെലികോപ്റ്റര്‍ പൊങ്ങുന്നത് തടയാന്‍ ശ്രമിച്ചു. കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയില്‍ എത്തിയപ്പോള്‍ പി.സി.കെ അധികൃതര്‍ പോലീസിനെ വിളിച്ചു. പിന്നീട് പ്രശ്‌നത്തില്‍ കളക്ടര്‍ ഇടപെട്ടു. ആളുകളില്‍ വല്ല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് പുനരാലോചിക്കാം എന്ന് പറഞ്ഞ് തല്‍ക്കാലം പ്രശ്‌നം പരിഹരിച്ചു. ഈ സംഭവത്തോടെയാണ് അറിയപ്പെടുന്ന ഒരു ജേര്‍ണലിസ്റ്റ് എന്ന നിലക്ക് ശ്രീപദ്രെയും ഒരു ഡോക്ടറെന്ന നിലക്ക് എന്നെയും ആളുകള്‍ സമീപിക്കുന്നത്.
ഇതിനിടയില്‍ ശ്രീപദ്രെയുടെ കാര്‍മികത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ സ്‌പ്രേയിംഗ് പ്രൊട്ടസ്റ്റ് ആക്ഷന്‍ കമ്മിറ്റി (espac) എന്ന പേരില്‍ ഒരു സമരസമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. ഒരോ അസുഖവും പിടിപ്പെട്ട ആളുകളുടെ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിച്ച് ഞാന്‍ നേരത്തെതന്നെ ഒരു പട്ടിക തയാറാക്കിയിരുന്നു. ഈ പട്ടിക മുന്നില്‍ വെച്ച് ഒരുപക്ഷേ, എന്‍ഡോസള്‍ഫാനാവാം ഈ അസുഖങ്ങള്‍ക്ക് കാരണമെന്ന് ഞാന്‍ ശ്രീപദ്രെയോട് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ശ്രീപദ്രെയുടെ നേതൃത്വത്തില്‍ ശാസ്ത്രീയ വിവരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തപ്പോഴാണ് എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനിയുടെ പ്രഹരശേഷി മനസ്സിലാവുന്നത്. ഈ പ്രദേശത്തുള്ള ജനങ്ങളനുഭവിക്കുന്ന ഭീകരമായ കെടുതികളുടെ യഥാര്‍ഥ കാരണക്കാരന്‍ എന്‍ഡോസള്‍ഫാന്‍ തന്നെയാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടുകയായിരുന്നു.
എന്‍ഡോസള്‍ഫാനെതിരായുള്ള പോരാട്ടം ആരംഭിക്കുന്നത് ഇവിടംതൊട്ടാണ്. ശ്രീപദ്രെയുടെ ശ്രമങ്ങള്‍ വഴി എന്‍ ഡി ടിവിയിലും സ്റ്റാര്‍ ന്യൂസിലും എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഫീച്ചര്‍ ചെയ്യപ്പെട്ടു. വിവിധ പഠനങ്ങള്‍ നടന്നു. ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിയോണ്‍മെന്റിന്റെ പ്രവര്‍ത്തകര്‍ ഇവിടെയെത്തി. ഒരുപാട് വീടുകള്‍ സന്ദര്‍ശിച്ച് മണ്ണും വെള്ളവും രക്തവും തുടങ്ങി മുലപ്പാല്‍വരെ ശേഖരിച്ച് അവര്‍ ശാസ്ത്രീയമായ പരിശോധന നടത്തി. എല്ലാ സാമ്പിളുകളിലും അമിതമായ അളവില്‍ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തി. തുടര്‍ന്ന് ഡൗണ്‍ ടു എര്‍ത്ത് മാഗസിനില്‍ അവര്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്.
എന്നാല്‍, സമരത്തിന്റെ ആദ്യകാലത്ത് ജനങ്ങള്‍ സംശയത്തോടെയാണ് ഞങ്ങളെ നോക്കിക്കണ്ടത്. പി.സി.കെ അവരെ വ്യാപകമായി തെറ്റിദ്ധരിപ്പിച്ചിരുന്നു. കശുവണ്ടി കൃഷിയെ നശിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാട്ടങ്ങളെന്നും അത് കയറ്റുമതിയിലൂടെ നമ്മുടെ രാജ്യത്തിന് ലഭിക്കുന്ന വിദേശനാണ്യത്തെ ഇല്ലാതാക്കുമെന്നും അവര്‍ പ്രചരിപ്പിച്ചു. ജനങ്ങള്‍തന്നെ എതിരെ സംസാരിക്കുന്ന അവസ്ഥ അസഹനീയമായിരുന്നു. പിന്നീട് കുറച്ചു കഴിയുമ്പോഴാണ് ആളുകള്‍ക്ക് കാര്യം മനസ്സിലാകുന്നത്.
പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും കീടനാശിനി ലോബിയില്‍ നിന്നും അക്കാലത്ത് ശാരീരികവും മാനസികവുമായ ധാരാളം കൈയേറ്റശ്രമങ്ങള്‍ നേരിടേണ്ടിവന്നു. മേല്‍വിലാസമില്ലാത്ത ഊമക്കത്തുകളുടെ പ്രവാഹമായിരുന്നു അന്ന്. ഒരിക്കല്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറുടെ നേതൃത്വത്തില്‍ ഒരു സംഘം എന്റെ ക്ലിനിക്കിലെത്തി എന്നെ ശാരീരികമായി കൈയേറ്റം ചെയ്യാനൊരുങ്ങി. പെട്ടെന്ന് നാട്ടുകാര്‍ ഓടിവന്നതു കൊണ്ട് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പെസ്റ്റിസൈഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ എനിക്ക് വക്കീല്‍ നോട്ടീസ് അയക്കുകയുണ്ടായി. ഇത്തരം വിഷയങ്ങളില്‍ വിദഗ്ധനും തണലിലെ ജയകുമാറിന്റെ സുഹൃത്തുമായ ഒരു അഡ്വക്കറ്റ് മുഖേന അതിനെ നേരിടുകയാണുണ്ടായത്.
ഇന്ന് കാസര്‍കോട്ടുള്ള പതിനൊന്ന് പഞ്ചായത്തുകളിലെ സാധാരണക്കാരായ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന നരകയാതനകളുടെ കേന്ദ്ര കാരണം എന്‍ഡോസള്‍ഫാനാണെന്ന കാര്യം നിസ്സംശയം ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ധാരാളം പഠന കമ്മിറ്റികളാണ് ഇത് തെളിയിച്ചത്. എന്നാല്‍, വീണ്ടുമൊരു പഠനം വേണമെന്നാണ് കേന്ദ്രം പറയുന്നത്. ഇത് എന്‍ഡോസള്‍ഫാന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഉറപ്പിക്കാം. കേന്ദ്രസര്‍ക്കാറിന് ആത്മാര്‍ഥതയുണ്ടെങ്കില്‍, എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്തിന്റെ (nioh) പഠനറിപ്പോര്‍ട്ട് തന്നെ ധാരാളമാണ്. ദേശീയ മനുഷ്യാവകാശ കമീഷന്റെ നിര്‍ദേശപ്രകാരമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന് കീഴിലുള്ള ഈ പഠനം നടത്തുന്നത്. 'ശാസ്ത്രീയവും ആധികാരികവുമായ ഈ പഠനം' എന്നു പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. അമേരിക്കന്‍ ജേര്‍ണല്‍, എന്‍ഡോസള്‍ഫാന്‍ ജനിതകപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന തലക്കെട്ടില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ മനുഷ്യരില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് ലോകത്തുതന്നെ ആദ്യമായി വന്ന പഠനമായിരുന്നു അത്. ദല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് നടത്തിയ പഠനത്തില്‍ മുലപ്പാലില്‍ വരെ എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
2001-ല്‍ കോടതി ഉത്തരവ് പ്രകാരം എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ ചെയ്യുന്നത് നിര്‍ത്തി വര്‍ഷങ്ങള്‍ക്കു ശേഷം ശാസ്ത്ര സാങ്കേതിക വകുപ്പ് നടത്തിയ പഠനത്തില്‍, ഭൂമിയിലും വെള്ളത്തിലും വായുവിലും എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം കണ്ടെത്തുകയുണ്ടായി. എന്നാല്‍ ഈ പഠനങ്ങളൊന്നും പരിഗണിക്കാതെ 2001-ല്‍ തന്നെ ഫ്രഡറിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് ടോക്‌സിക്കോളജി എന്ന സ്ഥാപനം നടത്തിയ പഠനത്തെയും 2004-ല്‍ കേന്ദ്ര കൃഷിവകുപ്പ് ഉദ്യോഗസ്ഥനായ ഒ.പി ദുബെ അധ്യക്ഷനായ സമിതിയുടെ പഠനത്തെയുമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നും ആധികാരികമായി കണക്കാക്കുന്നത്. എന്നാല്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പഠനം നടത്തുന്നതെന്ന് നാം അറിയേണ്ടതുണ്ട്. പഠനത്തിനാവശ്യമായ പണം നല്‍കിയതും കോര്‍പ്പറേഷനാണ്. ദുബെയാകട്ടെ കാസര്‍കോട്ട് ജോലി ചെയ്യുന്ന കാലത്ത്, കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ ആദ്യമായി നിര്‍ദേശം കൊടുത്ത ഉദ്യോഗസ്ഥനാണ്. അതേ വ്യക്തിതന്നെ പിന്നീട് അതിന്റെ ആഘാതങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വരുന്നതിലെ വൈരുധ്യവും പരിഹാസ്യതയും ചെറുതല്ല. അല്ലെങ്കിലും ഇങ്ങനെയുള്ള ഒരാളില്‍ നിന്ന് എന്‍ഡോസള്‍ഫാന് അനുകൂലമായിട്ടല്ലാതെ മറിച്ചൊരു റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലല്ലോ.
വ്യാപകമായ പ്രതിഷേധങ്ങള്‍ കാരണം അന്ന് ദുബെക്ക് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ആ കൃത്യം നിര്‍വഹിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് നിശ്ചയിക്കുന്നത് സി. ഡി മായിയെ ആണ്. സി.ഡി മായിയാകട്ടെ, ദുബെയുടെ കൂടെ കൃഷിവകുപ്പില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനും. നിക്ഷിപ്ത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളെയാണ് ഇന്നും ഗവണ്‍മെന്റ് എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്നതിനുവേണ്ടി ന്യായങ്ങള്‍ തേടുമ്പോള്‍ ആശ്രയിക്കുന്നത്.
നമ്മുടെ ഭരണകൂട സംവിധാനങ്ങളെക്കുറിച്ച് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഒരുപാട് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ജാഗ്രതകളൊന്നും ഇല്ലാതെയാണ്  പി.സി.കെ കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചത്. രാവിലെ ഒമ്പത് മണിക്ക് മുമ്പും വൈകുന്നേരം അഞ്ചു മണിക്ക് ശേഷവും മാത്രമേ കീടനാശിനി തളിക്കാന്‍ പാടുള്ളൂ. 1992 മുതല്‍ ആകാശത്തുനിന്നുള്ള കീടനാശിനി തളി കോടതി നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത്, ഈ മര്യാദകളൊന്നും പാലിക്കാതെയാണ് പി.സി.കെ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചത്. ഒരേ കീടനാശിനി തന്നെ ഒരു കൃഷിസ്ഥലത്ത് തുടര്‍ച്ചയായി ഉപയോഗിക്കാന്‍ പാടില്ല എന്നത് ഒരു സാമാന്യ മര്യാദയാണ്. ഇതുപോലും പി.സി.കെ പാലിച്ചിട്ടില്ല. 1976 മുതല്‍ 2001-ല്‍ കോടതി നിരോധനം വരുന്നതുവരെ തുടര്‍ച്ചയായി 25 വര്‍ഷമാണ് എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്ടെ തോട്ടങ്ങളില്‍ ഉപയോഗിച്ചത്! അതുതന്നെ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങളില്‍ മൂന്നു തവണ!!!. ഈ പരിപാടി 25 വര്‍ഷം തുടര്‍ച്ചയായി ആവര്‍ത്തിച്ചു എന്ന് നാം ഓര്‍ക്കണം. ഹിറ്റ്‌ലറൊക്കെ കാണിച്ചതുപോലുള്ള ഏകാധിപത്യവും ഗുണ്ടായിസവുമായിരുന്നു അവിടെ നടന്നത്.
നമ്മുടെ കൃഷിവകുപ്പിന് കീഴിലുള്ള ഒരു സംവിധാനമാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എന്നാണ് പറയുന്നത്. എന്നാല്‍ ഇതൊരു ഭരണകൂടസംവിധാനം തന്നെയാണോ എന്നാണ് എന്റെ സംശയം. അത്രമേല്‍ ജനവിരുദ്ധമാണ് അവരും അവരുടെ പെരുമാറ്റവും പ്രവര്‍ത്തനങ്ങളും. ഒരിക്കല്‍ മനുഷ്യാവകാശ കമീഷന്റെ ഒരു സിറ്റിംഗില്‍ ഞാന്‍തന്നെ ജഡ്ജിയോട് പറഞ്ഞു. 'സാര്‍, ഇവരെ കാണുന്നില്ലേ, മീശയൊക്കെ വെച്ച്... പോലീസുകാരേക്കാള്‍ ക്രൂരന്മാരാണിവര്‍...!'  പി.സി.കെയുടെ ആളുകളെ ചൂണ്ടിക്കാണിച്ചു കൊണ്ടുതന്നെയാണ് ഞാനിത് പറഞ്ഞത്.
നമ്മുടെ കാര്‍ഷിക സര്‍വകലാശാലയാണ് പി.സി.കെക്ക്  എന്‍ഡോസള്‍ഫാന്‍ നിര്‍ദേശിച്ചത് എന്നതാണ് രസകരം. അവര്‍ പറഞ്ഞു, ഞങ്ങള്‍ ഉപയോഗിച്ചു എന്നതാണ് പി.സി.കെയുടെ ന്യായങ്ങളിലൊന്ന്. ഒരു കീടനാശിനി ഉപയോഗിക്കുമ്പോള്‍ മണ്ണിന്റെയും വായുവിന്റെയും സ്വഭാവം, ഭൂപ്രദേശത്തിന്റെ കിടപ്പ്, ജനസാന്ദ്രത തുടങ്ങിയവയൊക്കെ ആദ്യം പരിശോധിക്കണം. ഓരോ വര്‍ഷവും പരിസ്ഥിതിയിലും ജീവജാലങ്ങളിലും വരുന്ന മാറ്റങ്ങള്‍ അപഗ്രഥിക്കണം. എന്നാല്‍ ഇതൊന്നും നിര്‍ദേശിക്കാതെ, എന്‍ഡോസള്‍ഫാന്‍ നിരുപാധികം ഉപയോഗിക്കാനുള്ള അനുമതിയാണ് കാര്‍ഷിക സര്‍വകലാശാല പി.സി.കെക്ക് നല്‍കിയത്.
ഈ ദുരന്തങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ തന്നെയാണെന്നത് ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ട് എന്നാണ് മറ്റൊരു വാദം. എന്നാല്‍, സാഹചര്യത്തെളിവുകള്‍ തന്നെ ധാരാളമാണ്. കാസര്‍കോഡ് പോലുള്ള ഒരു ഉള്‍നാടന്‍  മലമ്പ്രദേശത്ത് യാതൊരു വിധ മലിനീകരണവും സംഭവിക്കുന്നില്ല. ഇന്ന് ഇവിടെ കണ്ടുവരുന്ന മാരകമായ രോഗങ്ങളുടെ വൈദ്യശാസ്ത്രപരമായ കാരണങ്ങളൊന്നും ഇവിടെ ഇല്ല. എന്നു മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന കശുമാവിന്‍ തോട്ടങ്ങളുടെ ചുറ്റുവട്ടത്ത് (0-2കി.മി) ജീവിക്കുന്ന ആളുകളിലാണ് അസുഖങ്ങള്‍ വ്യാപകമായി കാണുന്നത്. എന്‍ഡോസള്‍ഫാന്‍ ഒട്ടും തളിക്കാത്ത തോട്ടങ്ങള്‍ ഇവിടെ ഉണ്ട്. അതിന് ചുറ്റും ജീവിക്കുന്നവര്‍ക്ക് അസുഖങ്ങള്‍ തുലോം കുറവെന്നത് ശ്രദ്ധേയമാണ്. ഇതിനര്‍ഥം എന്‍ഡോസള്‍ഫാന്‍ തന്നെയാണ് പ്രതി എന്നാണ്. മാത്രമല്ല, ഇവിടെയുള്ള മണ്ണിലും വെള്ളത്തിലും വായുവിലും മനുഷ്യശരീരത്തില്‍ തന്നെയും എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു കഴിഞ്ഞു.
അല്ലെങ്കിലും ഈ പ്രശ്‌നങ്ങളുടെയൊക്കെ കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്ന് ശാസ്ത്രീയമായി തെളിയിക്കാനാവില്ല. എങ്ങനെ അത് സാധിക്കും. ഏത് അസുഖവും എടുത്ത് നോക്കൂ. പല കാരണങ്ങളാല്‍ അവ വരാം. ഉദാഹരണത്തിന് പുകവലി എടുക്കുക. പുകവലി കാരണം കാന്‍സര്‍ വരുമെന്ന് നമുക്കറിയാം. എന്നാല്‍ പുകവലിക്കാരനായ ഒരാള്‍ക്കുണ്ടായ കാന്‍സര്‍ പുകവലി മൂലം ഉണ്ടായതാണെന്ന് നമുക്കെങ്ങനെ ഉറപ്പിച്ച് പറയാനാകും? കാരണം ചെയിന്‍ സ്‌മോക്കേഴ്‌സ് ആയ ആളുകളില്‍ പലര്‍ക്കും കാന്‍സര്‍ വരുന്നില്ലല്ലോ! ഒട്ടും പുകവലിക്കാത്ത ആളുകള്‍ക്ക് കാന്‍സര്‍ വരുന്നുമുണ്ട്. യഥാര്‍ഥത്തില്‍ വേണ്ടത് തുറന്ന മനസ്സാണ്. അതില്ലെങ്കില്‍ ഒരു യാഥാര്‍ഥ്യവും ഉള്‍കൊള്ളാനാവില്ല, പകരം നിങ്ങള്‍ക്കിങ്ങനെ അനവധി വാദങ്ങള്‍ ഉയര്‍ത്താം.
ഈ ദുരിതങ്ങള്‍ക്കൊക്കെ കാരണം എന്‍ഡോസള്‍ഫാനാണെന്ന ശാസ്ത്രത്തിന്റെ സമ്മതപത്രം കാത്തിരിക്കുകയാണ് ഇപ്പോഴും നമ്മുടെ ഭരണാധികാരികള്‍. എന്നാല്‍, ശാസ്ത്രത്തിന്റെ പരിമിതി കൂടി വെളിപ്പെടുത്തുന്ന ഒന്നാണ് ഈ പ്രശ്‌നം. സയന്‍സിന്റെ നാട്യം, മനുഷ്യരാണ് ഭൂമിയെ നോക്കിനടത്തുന്നത് എന്നാണ്. സയന്‍സിനെ നിയന്ത്രിക്കുന്ന അമേരിക്കക്കാരന്റെ നാട്യം, അവരുള്ളതുകൊണ്ട് ഈ യുഗത്ത് നിലനിന്നുപോകുന്നത് എന്നാണ്.
രക്തബന്ധമുള്ള ആളുകള്‍ തമ്മില്‍ വിവാഹം നടക്കുന്നതുകൊണ്ടാണ് ശാരീരിക പ്രശ്‌നങ്ങളുണ്ടാകുന്നതെന്നാണ് ഒരു പ്രചാരണം. ഞാന്‍ ഈ വിഷയത്തില്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം വിവാഹങ്ങള്‍ വളരെ കുറവാണ് നടക്കുന്നത്. അവര്‍ക്കുണ്ടാകുന്ന മക്കളില്‍ ഇത്തരം പ്രശ്‌നങ്ങളും ഇല്ല. യാദൃഛികമായി ഉണ്ടായ ചില പ്രശ്‌നങ്ങളെ സാമാന്യവത്കരിച്ചതായിരുന്നു അത്.
എന്‍ഡോസള്‍ഫാന്‍ എലികളില്‍ പരീക്ഷിച്ച് പ്രത്യാഘാതങ്ങള്‍ പരിശോധിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. എങ്ങനെയാണാവോ സെറിബ്രല്‍ പാര്‍സിയും മെന്റല്‍ റിട്ടാര്‍ഡേഷനുമൊക്കെ ഇവര്‍ എലികളില്‍ അളന്നെടുത്തത്? യഥാര്‍ഥത്തില്‍ ഇവിടെ അടിസ്ഥാനപ്രശ്‌നം സയന്‍സിന്റെ രീതിശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്.
അശ്വതി എന്ന കുട്ടിക്ക് പോളിയോമൂലമാണ് അംഗവൈകല്യം വന്നതെന്നാണ് പി.സി.കെ പ്രചരിപ്പിച്ചത്. അന്വേഷിച്ചു നോക്കുമ്പോള്‍ അയാള്‍ ഒരു സസ്യശാസ്ത്രജ്ഞനാണ്. ഒരു സസ്യശാസ്ത്രജ്ഞന്‍ എങ്ങനെയാണ് പോളിയോയെക്കുറിച്ച് അറിയുന്നത്? പോളിയോ ആണെങ്കില്‍ ജനിക്കുമ്പോള്‍ ഉണ്ടാകില്ല, പിന്നീട് വരുന്നതാണ്. മാത്രമല്ല, പോളിയോ ബാധിച്ചാല്‍ വൈകല്യമാണുണ്ടാകുക, അവയവങ്ങള്‍ കുറവുണ്ടാകില്ല. അശ്വതിയുടെ കാര്യത്തില്‍ ഇത് രണ്ടും ശരിയല്ല. അശ്വതിക്ക്  കൈവിരലുകളുടെ എണ്ണത്തില്‍ കുറവുണ്ട്. അതാവട്ടെ ജന്മനാ ഉള്ളതാണ് താനും.
ഇന്ത്യയില്‍ തന്നെ ഒരുപാട് സ്ഥലങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവിടെയൊന്നും ഇത്ര രൂക്ഷമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ല എന്നാണ് ഒരു വാദം. ഈ പ്രസ്താവന അത്ര ശരിയല്ല. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളിലൊക്കെ ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലാണ് കൃഷിയിടങ്ങളുള്ളത് എന്നതാണ് പ്രധാന കാരണം. ഭൂമിശാസ്ത്രപരമായ സവിശേഷതകളും കൂടിയ ജനസാന്ദ്രതയും അശാസ്ത്രീയമായ ഉപയോഗവുമാണ് കാസര്‍കോട്ടെ സ്ഥിതി ഇത്ര വഷളാക്കിയത്. ധാരാളം നദികളും കിണറുകളുമുള്ള  ഒരു പ്രദേശമാണ് ഇവിടെ. ഞാന്‍ മുമ്പ് സൂചിപ്പിച്ചതുപോലെ ഒരു സുരക്ഷാ നടപടിയും സ്വീകരിക്കാതെയും തുടര്‍ച്ചയായി  വര്‍ഷം വെറും മൂന്ന് മാസത്തെ ഇടവേളകളില്‍ ആകാശത്തുനിന്ന് തളിച്ചു എന്നതാണ് പ്രശ്‌നം ഗുരുതരമാക്കിയത്. യഥാര്‍ഥത്തില്‍ കാസര്‍കോട്ടേത് ഒരു പ്രത്യേക സംഭവമാണ്. ഇതിന് സമാനമായ മറ്റൊരനുഭവം ലോകത്തുതന്നെ കാണാന്‍ സാധിക്കില്ല.
2004 വരെ എന്‍ഡോസള്‍ഫാന്‍ ആകാശത്തുനിന്ന് തളിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഞാനൊക്കെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ തോന്നുന്നു, എന്‍ഡോസള്‍ഫാന്റെ ഉപയോഗമേ നിരോധിക്കണമെന്ന്. ആകാശത്തുനിന്നുള്ള സ്‌പ്രേ ഒഴിവാക്കിയാല്‍ പ്രശ്‌നങ്ങളുടെ ആഘാതം കുറയുമെന്ന് മാത്രമേ ഉള്ളൂ. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് യാതൊരു കുറവും ഉണ്ടാവുകയില്ല.
കേരളമൊഴികെയുള്ള മറ്റു സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന്റെ നിരോധനം ആവശ്യപ്പെടുന്നില്ല എന്നാണ് കേന്ദ്രം പറയുന്നത്. ഇത് കേട്ടാല്‍ തോന്നുക, മറ്റു സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് എതിരാണ് എന്നാണ്. എന്നാല്‍ അവരൊന്നും എന്‍ഡോസള്‍ഫാന്‍ വേണമെന്ന് പറഞ്ഞിട്ടില്ല; വേണ്ട എന്നും പറഞ്ഞിട്ടില്ല എന്നതാണ് കാര്യം.
എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി ലോകത്തുടനീളം നിരോധിക്കപ്പെടുന്നത്  നല്ലകാര്യം തന്നെയാണ്. എന്നാല്‍, ഞാന്‍ ഇപ്പോള്‍ വിചാരിക്കുന്നത് കേരളത്തിലെങ്കിലും ഇതിന്റെ ഉപയോഗം നിരോധിച്ചാല്‍ അത് വലിയൊരു നേട്ടമാണെന്നാണ്. കീടനാശിനി ലോബി അത്ര ശക്തമായാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെങ്കിലും, ആ നിരോധം നീക്കാന്‍ അവര്‍ക്ക് വലിയ സമ്മര്‍ദമുണ്ട്. നിരോധനത്തിനെതിരെ കീടനാശിനി ലോബി ഹൈക്കോടതിയിലെത്തിക്കഴിഞ്ഞു.
എന്‍ഡോസള്‍ഫാനെ അനുകൂലിച്ചുകൊണ്ട് ഇപ്പോഴും ധാരാളം ശാസ്ത്രജ്ഞര്‍ എഴുതികൊണ്ടേയിരിക്കുന്നു. അവരോട് എനിക്ക് ചോദിക്കാനുള്ളത് അല്‍പം എന്‍ഡോസള്‍ഫാന്‍ കലര്‍ത്തിയ വെള്ളം കുടിക്കാന്‍ നിങ്ങള്‍ തയാറാകുമോ എന്നാണ്. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ട കമ്മിറ്റികളില്‍ അംഗങ്ങളായ പലരും ഇവിടെ വന്നാല്‍ വെള്ളം പോലും കുടിക്കാറില്ല. അവര്‍ക്ക് അത്രയും പേടിയുണ്ട്.
ഏറ്റവും ഒടുവില്‍ കൃഷി, ആരോഗ്യം, പരിസ്ഥിതി എന്നീ വകുപ്പുകള്‍ സംയുക്തമായി ഒരു പഠനസംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു. ആ കമ്മിറ്റി ഇനിയും നിലവില്‍ വന്നിട്ടില്ല. നമ്മെ ഭരിക്കുന്നവര്‍ ഈ ഭീകര കഥകളൊന്നും അറിയുന്നില്ല. അതിനൊക്കെ അവര്‍ക്ക് എവിടെ നേരം? അവര്‍ക്ക് നമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കേണ്ടതില്ലേ!!! അവരുള്ളതു കൊണ്ടല്ലേ നമ്മളൊക്കെ ജീവിച്ചു പോകുന്നത്!!
മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു സിറ്റിംഗ് അടുത്ത് നടന്നിരുന്നു. ഞാനത് ബഹിഷ്‌കരിച്ചു. ഇതിന് മുമ്പ് പതിനൊന്ന് സിറ്റിംഗുകളില്‍ ഞാന്‍ പങ്കെടുത്ത് അഭിപ്രായം അറിയിച്ചിട്ടുണ്ട്; യാതൊരു ഫലവുമുണ്ടായില്ല. മനുഷ്യാവകാശ കമീഷനുവേണ്ടി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഒരു പഠനം നടത്തുകയുണ്ടായി. 2004-ല്‍ അവര്‍ ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും, കഴിഞ്ഞ ആറ് വര്‍ഷം ദേശീയ മനുഷ്യാവകാശ കമീഷന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പിന്നെയുമെന്താണ് ഒരു പുതിയ സിറ്റിംഗിന്റെ പ്രസക്തി എന്നാണെനിക്ക് മനസ്സിലാവാത്തത്.
എന്‍ഡോസള്‍ഫാനെതിരെയുള്ള ഈ പോരാട്ടത്തില്‍ എനിക്ക് വ്യക്തിപരമായി ധാരാളം പ്രയാസങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. കീടനാശിനി ലോബിയുടെ ഭാഗത്തുനിന്ന് ശാരീരികവും മാനസികവുമായ ആക്രമണങ്ങള്‍ നേരിട്ടു. വിശ്രമം എന്നത് അക്കാലത്ത് ഉണ്ടായിരുന്നതേയില്ല. പകല്‍ പ്രാക്ടീസ് കഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് ക്ലാസ്സെടുക്കുന്നതിന് പല പ്രദേശത്തും പോകും. ഇതിനിടയില്‍ കുട്ടികളെയും കുടുംബത്തെയും വേണ്ടവിധം ശ്രദ്ധിക്കാന്‍ പോലും കഴിഞ്ഞില്ല.
മൈസൂരില്‍ നിന്ന് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി വന്ന എന്നോട് അധ്യാപക ജോലിയില്‍നിന്ന് വിരമിച്ച അഛനാണ് നാട്ടില്‍ തന്നെ സേവനമനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ ഈ നാട്ടിന്‍പുറത്തുള്ള എന്റെ വൈദ്യജീവിതം വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഒരിക്കലും ഞാന്‍ പണത്തിനു വേണ്ടി ചികിത്സ നടത്തിയിട്ടില്ല. തുടക്കത്തില്‍ രണ്ട് രൂപയായിരുന്നു ഫീസ്. ഇപ്പോഴും അത് പതിനഞ്ചോ ഇരുപതോ രൂപ മാത്രമാണ്.
വൈദ്യവൃത്തിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജീവിതത്തില്‍ അനേകം ഉയരങ്ങള്‍ എനിക്ക് വെട്ടിപ്പിടിക്കാമായിരുന്നു. പക്ഷേ, എന്തുകൊണ്ടോ ഞാന്‍ ഇവിടെയുള്ള ഈ ജീവിതമാണ് തെരഞ്ഞെടുത്തത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് ലവലേശം നിരാശ തോന്നുന്നില്ല. കൂടെ പഠിച്ച പലരും ഇന്ന് വലിയ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പല്‍മാരാണ്. ഒരാള്‍ കര്‍ണാടകയില്‍ എം.എല്‍. എ ആയി. എങ്കിലും അവരേക്കാളൊക്കെ സുകൃതം ചെയ്യാന്‍ അവസരം ലഭിച്ചയാള്‍ ഞാനാണെന്ന് എനിക്ക് ഉറപ്പുണ്ട്. എത്ര കോടി കൊടുത്താലും കിട്ടാത്ത സന്തോഷവും മനസ്സമാധാനവുമാണ് ഞാനിന്നനുഭവിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം മൂലമുണ്ടായ പ്രധാന നേട്ടം കീടനാശിനികളെക്കുറിച്ച് കേരളത്തിലുടനീളം വ്യാപകമായ അവബോധമുണ്ടായി എന്നതാണ്. സാധാരണക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ കീടനാശിനി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ അറിയാം. അതിനാല്‍തന്നെ അവയുടെ ഉപയോഗം കുറക്കണം എന്ന പൊതുവിചാരവും ഇപ്പോള്‍ വളര്‍ന്നു വരുന്നുണ്ട്. ഒരു കീടനാശിനി ദുരന്തത്തിന്റെ വക്കില്‍ നിന്ന് കേരളത്തെ പിറകോട്ട് വലിക്കാന്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിന് കഴിഞ്ഞിട്ടുണ്ട്.
യഥാര്‍ഥത്തില്‍ എന്‍ഡോസള്‍ഫാനോ അതുപോലുള്ള കീടനാശിനികളോ നിരോധിച്ചതുകൊണ്ടു മാത്രം പ്രശ്‌നം തീരില്ല. അടിസ്ഥാനപരമായി നമ്മുടെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. വരാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി ജീവിക്കാന്‍ പാകത്തില്‍ ഈ ഭൂമി ഇവിടെ അവശേഷിക്കണമെന്ന വിചാരത്തിന്റെ അടിസ്ഥാനത്തിലാവണം നമ്മുടെ വികസന പ്രവര്‍ത്തനങ്ങളും കാര്‍ഷിക പരീക്ഷണങ്ങളും. ഇവിടെയുള്ള പക്ഷികളും മൃഗങ്ങളുമൊക്കെ ഭൂമിയുടെ അവകാശികളാണെന്നും അവര്‍ക്കും സ്വസ്ഥമായി ഇവിടെ ജീവിക്കാന്‍ അര്‍ഹതയുണ്ടെന്നും നാം തിരിച്ചറിയണം. എന്‍ഡോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ഈ ഒരു അവബോധത്തിലൂന്നിയാണ് മുന്നോട്ട് പോകേണ്ടത്.
തീര്‍ച്ചയായും എന്‍ഡോസള്‍ഫാന്‍ മൂലം ഒരു തലമുറ വലിയ ദുരന്തങ്ങളാണ് അഭിമുഖീകരിച്ചത്. നമുക്ക് ഈ സമരം എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതുവരെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. അതിന് ഒരു പക്ഷേ നാം നല്‍കേണ്ട വില വളരെ വലുതായിരിക്കും. എങ്കിലും ഈ സമരത്തിന്റെയും സഹനത്തിന്റെയും ചരിത്രം വരുംതലമുറകള്‍ക്ക് ഒരു പാഠമായി അവശേഷിക്കും.
(എന്‍ഡോസള്‍ഫാനെക്കുറിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ നിന്ന്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം