Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 25

3123

1441 സഫര്‍ 25

അല്ലാഹുവിന്റെ അതിഥികള്‍ക്ക് സേവനവുമായി പുണ്യഭൂമിയില്‍ തനിമ

അസ്ഹര്‍ പുള്ളിയില്‍

ദശലക്ഷങ്ങള്‍ സംഗമിക്കുന്ന ഹജ്ജ് തീര്‍ഥാടനത്തില്‍ സേവനത്തിന്റെ മേഖല വളരെ വിശാലമാണ്. വിവിധ ദേശക്കാരും ഭാഷക്കാരുമായ തീര്‍ഥാടകരില്‍ പ്രായത്തിന്റെയും രോഗത്തിന്റെയും അവശത അനുഭവിക്കുന്നവരും ധാരാളമുാകാറുണ്ട്. 
പുണ്യഭൂമിയിലെത്തുന്ന ഇവര്‍ക്ക് പലതരം സഹായങ്ങള്‍ ആവശ്യമായിരിക്കും. ഹാജിമാരുടെ ആവശ്യങ്ങള്‍ തൊട്ടറിഞ്ഞ് സേവനരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘമാണ് തനിമ ഹജ്ജ് വളന്റിയര്‍മാര്‍. ഹജ്ജ് കര്‍മങ്ങള്‍ അനായാസം നിര്‍വഹിക്കാനും പ്രശ്‌നങ്ങളും പ്രയാസങ്ങളും ലഘൂകരിക്കാനുമാണ് തനിമ വളന്റിയര്‍മാര്‍ ശ്രദ്ധിക്കാറുള്ളത്.
രണ്ടു മാസത്തോളം  നീണ്ട വളന്റിയര്‍ സേവനമാണ് തനിമ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കിയത്. ആദ്യ ഹാജി മക്കയില്‍ വന്നിറങ്ങിയതുമുതല്‍ അവസാനത്തെ തീര്‍ഥാടകനും പുണ്യഭൂമി വിടുന്നതു വരെ സേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അംഗീകാരത്തോടെയാണ് തനിമയുടെ വളന്റിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ സുഊദിയില്‍ വിദേശികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജാലിയാത്തിന്റെ അംഗീകാരവും തനിമ വളന്റിയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കി.
ദീര്‍ഘദിവസങ്ങളിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തനിമ മക്ക ഘടകം നേതൃത്വം നല്‍കിയപ്പോള്‍ ഹജ്ജിന്റെ തിരക്കുപിടിച്ച ദിനങ്ങളില്‍ മിനാ സേവനത്തില്‍ സുഊദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വളന്റിയര്‍മാരും പങ്കുചേര്‍ന്നു. രണ്ട് സംഘത്തിലുമായി 500-ഓളം വളന്റിയര്‍മാര്‍ ഈ വര്‍ഷവും തനിമയുടെ ജാക്കറ്റണിഞ്ഞു. പ്രവാസത്തിലെ ജോലിക്കിടയില്‍ ലഭിക്കുന്ന ഒഴിവുസമയവും ബലിപെരുന്നാള്‍ അവധിദിനങ്ങളുമാണ് ഇവര്‍ അല്ലാഹുവിന്റെ അതിഥികളെ സേവിക്കാന്‍ മാറ്റിവെച്ചത്. കൂടുതല്‍ സ്ത്രീകളും വിദ്യാര്‍ഥികളും ഈ വര്‍ഷത്തെ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. സ്വന്തം വീടുകളില്‍നിന്ന് പാകം ചെയ്ത് കൊണ്ടുവരുന്ന ഭക്ഷണം കൊണ്ടാണ് വനിത വളന്റിയര്‍മാര്‍ തീര്‍ഥാടകര്‍ക്ക് നല്‍കിയത്. കൂടെ മഹ്റം ഇല്ലാതെ ഒറ്റയ്ക്ക് വന്ന 2400-ഓളം  ഹാജമാര്‍ക്കു തനിമ വനിതാ വളന്റിയര്‍ മുഖേന ലഭിച്ച സേവനങ്ങള്‍ എടുത്ത് പറയേണ്ടതാണ്.
മക്കയില്‍ ഫുള്‍ടൈമറായി തനിമ നിശ്ചയിച്ച മുഴുസമയ വളന്റിയര്‍, തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ ഏതുസമയത്തും നിര്‍വഹിച്ചുനല്‍കാന്‍ ഉപകരിച്ചു. ഹജ്ജിന് മുമ്പും ശേഷവുമുള്ള വെള്ളിയാഴ്ചകളില്‍ തീര്‍ഥാടകര്‍ വഴിതെറ്റാതിരിക്കാനും അവരുടെ താമസസ്ഥലത്ത് സുരക്ഷിതമായി തിരിച്ചെത്തിക്കാനും വളന്റിയര്‍മാര്‍ രംഗത്തിറങ്ങി. ഹജ്ജ് മിഷന്‍ നിശ്ചയിച്ചു നല്‍കിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഹജ്ജിന് മുമ്പുള്ള ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍. അതേസമയം ഇന്ത്യന്‍ ഹാജിമാര്‍ താമസിച്ചിരുന്ന അസീസിയ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും വ്യവസ്ഥാപിതമായി നടന്നു. ഹാജിമാര്‍ നാട്ടില്‍നിന്ന് പുറപ്പെടുന്നതിനു മുമ്പുതന്നെ അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും യാത്രയുടെ മുന്നൊരുക്കങ്ങള്‍ക്ക് സഹായകമാകുന്ന സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കാനും തനിമക്ക് സാധിച്ചു. മക്കയിലെ താമസസ്ഥലത്ത് തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പുകള്‍ തയാറാക്കി പ്രചരിപ്പിച്ചത് ഈ വര്‍ഷത്തെ പുതിയ കാല്‍വെപ്പായിരുന്നു.
വൈദ്യസേവനം, വീല്‍ചെയര്‍ വിതരണം, ലഗേജ് നഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമായ സേവനം, സിം കാര്‍ഡ് ആക്ടിവേഷന്‍, ഭക്ഷണവിതരണം, ചെരിപ്പ്, സണ്‍ഗ്ലാസ്, വാട്ടര്‍ സ്‌പ്രെയര്‍ എന്നിവയുടെ വിതരണം, കൂട്ടം തെറ്റിയവരെ ലക്ഷ്യസ്ഥാനത്തെത്തിക്കല്‍, ഫ്രൈഡേ ഓപറേഷന്‍, വനിത സേവനം, തീര്‍ഥാടകരുടെ താമസകെട്ടിടങ്ങള്‍ സന്ദര്‍ശിക്കല്‍, സൗജന്യ പത്രവിതരണം തുടങ്ങിയ വിവിധ സേവനത്തിലാണ് തനിമ ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടാതെ അനുഷ്ഠാനങ്ങള്‍ നര്‍വഹിക്കാനുള്ള സ്ഥലങ്ങളും മക്കയിലെ ചരിത്രപ്രധാന പ്രദേശങ്ങളും ഹജ്ജിന് മുമ്പുള്ള ദിനങ്ങളില്‍ പരിചയസമ്പന്നരായ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിയതും തീര്‍ഥാടകര്‍ക്ക് ഏറെ ഉപകരിച്ചു. തനിമ പുറത്തിറക്കി വിതരണം ചെയ്ത 5000 കോപ്പി ഹജ്ജ് ഗൈഡ് ഏറെ ഉപകാരപ്പെട്ടു. 
തനിമ തയാറാക്കി പാക്ക് ചെയ്ത് വിതരണം ചെയ്യുന്ന കഞ്ഞിയാണ് തീര്‍ഥാടകര്‍ക്ക് ഏറെ ഉപകരിച്ച എടുത്തുപറയേണ്ട മറ്റൊരു വിഭവം. മുത്വവഫ് നല്‍കുന്ന ഭക്ഷ്യവിഭവങ്ങളേക്കാള്‍ തനിമ നല്‍കിയ കഞ്ഞിയാണ് കേരളക്കാരായ തീര്‍ഥാടകര്‍ രാത്രി ഭക്ഷണത്തിന് തെരഞ്ഞെടുത്തത്. അവശത അനുഭവിക്കുന്നവരും ആവശ്യക്കാരുമായ തീര്‍ഥാടകര്‍ ഇശാ നമസ്‌കാരത്തിനു ശേഷം റൂമിലെത്തിയാല്‍ കഞ്ഞി പ്രതീക്ഷിച്ചിരിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞ തനിമ വളന്റിയര്‍മാര്‍ ദിനേന 2,000-ഓളം പേര്‍ക്ക് കഞ്ഞി വിതരണം ചെയ്തുപോന്നു.
മതിയായ ആസൂത്രണത്തോടെയും ആവശ്യമായ പരിശീലനം നല്‍കിയുമാണ് തനിമ സേവകരെ പുണ്യഭൂമിയില്‍ രംഗത്തിറക്കിയത്. ശാരീരികമായ പരിശീലനത്തിനു പുറമെ, തീര്‍ഥാടകരുടെ ടെന്റുകള്‍ കണ്ടെത്താനുപകരിക്കുന്ന മാപ്പ് റീഡിങ്, വിവിധ ഭാഷ വശമുള്ളവരെ ഉള്‍പ്പെടുത്തല്‍ എന്നിവയും മുന്നൊരുക്കത്തിന്റെ ഭാഗമായിരുന്നു. എട്ടുപേര്‍ വീതമുള്ള ചെറുസംഘങ്ങളെ വിവിധ ഷിഫ്റ്റുകളില്‍ പുണ്യനഗരിയുടെ വ്യത്യസ്ത പ്രദേശങ്ങളില്‍ വിന്യസിച്ചാണ് ദേശഭാഷാ വ്യത്യാസമില്ലാത്ത സേവനം തീര്‍ഥാടകര്‍ക്ക് നല്‍കാന്‍ തനിമക്ക് സാധിച്ചത്. മാതൃകാപരമായ സേവനം കാഴ്ചവെച്ച തനിമ വളന്റിയര്‍മാരെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതര്‍ പ്രത്യേകം അനുമോദിക്കുകയും ഉണ്ടായി.
തീര്‍ഥാടനം പൂര്‍ത്തിയാക്കി മടങ്ങുന്ന ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കിക്കൊണ്ടാണ് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് വിരാമം കുറിച്ചത്. വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍, മുസല്ല എന്നിവ യാത്രയയപ്പ് വേളയില്‍ സമ്മാനമായി നല്‍കാനും സാധിച്ചു. കണ്‍വീനര്‍ സഫറുല്ല, കോഡിനേറ്റര്‍ മുനീര്‍ ഇബ്‌റാഹീം, വളന്റിയര്‍ ക്യാപ്റ്റന്‍ അബ്ദുസ്സലീം, മക്ക കോര്‍ഡിനേറ്റര്‍ ശമീല്‍ ചേന്ദമംഗല്ലൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തനിമയുടെ ഈ വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇതര സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ബാനറില്‍ നടന്ന പ്രവര്‍ത്തനങ്ങളിലും തനിമ വളന്റിയര്‍മാരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (34-35)
ടി.കെ ഉബൈദ്‌