Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 25

3123

1441 സഫര്‍ 25

വ്യാപാരികള്‍ക്കും ചിലത് ചെയ്യാനുണ്ട്

കെ.എ ജബ്ബാര്‍ അമ്പലപ്പുഴ

അശ്‌റഫ് കീഴുപറമ്പ് എഴുതിയ ദിനാജ്പൂര്‍ യാത്രാ അനുഭവവും റഫീഖുര്‍റഹ്മാന്‍ മൂഴിക്കലിന്റെ അനുബന്ധവും വായിച്ചപ്പോള്‍ എസ്.കെ പൊറ്റക്കാടിന്റെ യാത്രാ വിവരണങ്ങള്‍ തരുന്ന അനുഭൂതിയല്ല ഉണ്ടായത്. വിഭവങ്ങള്‍ സുലഭമായ ഒരു കാര്‍ഷിക രാജ്യം സ്വാതന്ത്ര്യം കിട്ടി ഏഴര പതിറ്റാണ്ട് കഴിയുമ്പോഴും പശി അടങ്ങാത്ത വയറുമായി ആകാശം നോക്കി കിടക്കേണ്ട ഗതികേടിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കണ്ണുകള്‍ നീറുകയാണ്. മാറിമാറി വരുന്ന ഭരണ സിരാ കേന്ദ്രങ്ങളിലെ യജമാനന്മാരുടെ വാചാടോപം അന്ധമായി വിശ്വസിക്കാന്‍ വിധിക്കപ്പെട്ട നിസ്സഹായരും നിരാലംബരുമായ മനുഷ്യമക്കള്‍ക്ക് ഇപ്പോള്‍ പൗരത്വം തന്നെ നിഷേധിക്കുന്ന ഭീതിദമായ അവസ്ഥ. പരിമിതമെങ്കിലും ജമാഅത്തെ ഇസ്‌ലാമിയും മറ്റു സംഘടനകളും ചെയ്തുകൊണ്ടിരിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം തന്നെ. അതോടൊപ്പം ഇത്തരം സംഘടനകളിലെ വ്യാപാരി വ്യവസായികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന വലിയ കാര്യമാണ് അന്നാട്ടിലെ കാര്‍ഷികവും അല്ലാത്തതുമായ ഉല്‍പന്നങ്ങള്‍ തദ്ദേശീയരായ ആളുകളുടെ സഹായ സഹകരണത്തോടെ വാങ്ങി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റ് ചെയ്യുകയെന്നത്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ പകുതി പോലും ലഭിക്കാതെ കര്‍ഷക ആത്മഹത്യ പെരുകിക്കൊണ്ടിരിക്കുമ്പോഴും ഉപയോക്താക്കള്‍ക്ക് കൂടിയ വിലയ്ക്കാണ് സാധനങ്ങള്‍ ലഭിക്കുന്നത്. ഉരുളക്കിഴങ്ങുള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ വിളവെടുപ്പ് സമയത്ത് ബഹുരാഷ്ട്ര കുത്തകകള്‍ നിസ്സാര വിലയ്ക്ക് വാങ്ങി രൂപവും ഭാവവും മാറ്റി വര്‍ണ പാക്കറ്റുകളിലാക്കി നൂറിരട്ടി വരെ വിലയ്ക്ക് വില്‍ക്കുന്നത് അതിശയോക്തിയല്ല. നേര്‍ക്കാഴ്ച ആണല്ലോ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ദരിദ്ര കര്‍ഷകരെ ശാക്തീകരിക്കാന്‍ കഴിയുന്നതോടൊപ്പം കണ്‍സ്യൂമര്‍ സ്റ്റേറ്റായ മലയാളക്കരക്കും ഇത് പ്രയോജനകരമായിക്കും.

 

ഖുത്വ്ബ; ശ്രോതാവിന് പറയാനുള്ളത്

എം.വി മുഹമ്മദ് സലീം മൗലവി എഴുതിയ 'ജുമുഅ ഖുത്വ്ബയുടെ സംസ്‌കരണ-സാമൂഹിക ദൗത്യങ്ങള്‍' വായിച്ചപ്പോള്‍ ഒരു ഖുത്വ്ബ ശ്രോതാവെന്ന നിലക്ക് ചില കാര്യങ്ങള്‍ കുറിക്കണമെന്ന് തോന്നി. ഒരു ചരിത്ര സംഭവം ഓര്‍മവരുന്നു. അടിമ സമ്പ്രദായം നിലനിന്നിരുന്ന കാലമാണ്. അടിമ മോചനത്തിന്റെ പുണ്യത്തെക്കുറിച്ച് ഖുത്വ്ബയിലൂടെ ജനങ്ങളെ ബോധവത്കരിക്കണമെന്ന് ജനങ്ങള്‍ അവിടത്തെ ഖത്വീബിനോട് ആവശ്യപ്പെട്ടു. പിറ്റേന്ന് മുതല്‍ അദ്ദേഹത്തെ കാണാതായി. കാലം കഴിഞ്ഞുപോയി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം അദ്ദേഹം തിരിച്ചുവന്നു. നാട്ടുകാര്‍ ആശ്ചര്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ എന്നോട് അടിമമോചനത്തിന്റെ മഹത്വത്തെക്കുറിച്ച് ഖുത്വ്ബയില്‍ ഉപദേശിക്കാന്‍ പറഞ്ഞു. പക്ഷേ ഒരു അടിമയെപ്പോലും മോചിപ്പിക്കാത്ത ഞാനെങ്ങനെ നിങ്ങളോട് അതിനെപ്പറ്റി ഉപദേശിക്കാന്‍ യോഗ്യനാകും? അതിനാല്‍ അന്ന് മുതല്‍ പുറംനാട്ടില്‍ പോയി ജോലി ചെയ്ത് പണം ഉണ്ടാക്കി ഒരു അടിമയെ മോചിപ്പിച്ച ശേഷമാണ് ഞാന്‍ വരുന്നത്. ഇപ്പോള്‍ എനിക്ക് നിങ്ങളോട് അതേക്കുറിച്ച് പറയാന്‍ അര്‍ഹതയുണ്ട്'
ഖുത്വ്ബ പറയാനുള്ള യോഗ്യതയുണ്ടാവുക എന്നതാണ് ഒരു ഖത്വീബിന്റെ ഏറ്റവും വലിയ ഗുണം. പറയുന്നത് പ്രവര്‍ത്തിക്കുന്ന ഖത്വീബുമാരെയാണ് കാലഘട്ടത്തിനാവശ്യം. ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ ഇത് കണിശമായി പാലിച്ചിരുന്നു. ഖത്വീബുമാര്‍ അതത് നാടുകളിലെ മുസ്‌ലിംകളുടെ നേതാക്കളും ജീവിക്കുന്ന മാതൃകകളുമായിരുന്നു. ഇന്നത്തെ ഖത്വീബുമാരില്‍ ഏറെ പേരും പ്രഭാഷകര്‍ മാത്രമാണ്.
കേരളത്തിലെ പള്ളി-മഹല്ലുകള്‍ വളരെ കുറഞ്ഞ എണ്ണമൊഴിച്ച് ബാക്കിയെല്ലാം സംഘടനകളുടെ കീഴിലാണല്ലോ. അതിനാല്‍ തന്നെ ഖുത്വ്ബയുടെയും ഖത്വീബിന്റെയും വിഷയത്തില്‍ അപചയങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ മത സംഘടനകളും കാരണക്കാരാണ്.് ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടതും അവരുടെ ബാധ്യതയാണ്. മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മിക്കയിടത്തും ആവശ്യത്തിലേറെ പള്ളികള്‍ വന്നു കഴിഞ്ഞു. ഇവ വെള്ളിയാഴ്ച ജുമുഅക്കും അഞ്ചു നേരത്തെ നമസ്‌കാരത്തിനുമപ്പുറം ഇസ്‌ലാമിക കേന്ദ്രങ്ങളായി പരിവര്‍ത്തിപ്പിക്കപ്പെടണം എന്ന ചര്‍ച്ച വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. ഖുത്വ്ബ-ഖത്വീബ് വിഷയങ്ങള്‍ ഇതുമായി ചേര്‍ത്തു വെക്കേതാണ്. മേല്‍ത്തട്ടില്‍നിന്ന് ഖത്വീബുമാരെ സപ്ലൈ ചെയ്യുന്ന രീതിയാണ് ആദ്യം മാറ്റേണ്ടത്. വെള്ളിയാഴ്ചകളില്‍ നൂലില്‍ കെട്ടിയിറക്കുന്ന ഖത്വീബുമാരെ മാറ്റി പകരം അതത് മഹല്ലുകളില്‍നിന്നോ സമീപ പ്രദേശങ്ങളില്‍നിന്നോ ആളെ കണ്ടെത്തണം. മഹല്ല് ഖാദിയും അദ്ദേഹം തന്നെയാകണം. അത്തരത്തിലുള്ള ആളുകളെയാണ് സംഘടനകള്‍ പ്രാദേശിക നേതൃത്വങ്ങളില്‍ അവരോധിക്കേണ്ടത്. ലേഖനത്തില്‍ സൂചിപ്പിച്ച പോലെ പുറത്ത് നിന്ന് വരുന്നവര്‍ നാട്ടിലെ വിഷയങ്ങള്‍ അറിയുന്നവരോ ജനങ്ങളുടെ മനോഗതികള്‍ ഉള്‍ക്കൊള്ളുന്നവരോ ആവണമെന്നില്ല.
സമൂഹം മാറിയിട്ടും മിക്കവാറും ഖത്വീബുമാരും ഖുത്വ്ബകളുമൊക്കെ പഴയപടി തന്നെ. പഴയ കാലം പോലെയല്ല, ശ്രോതാക്കള്‍ അധികവും നല്ല അറിവും ബോധവുമുള്ളവരാണ്. ദീനീവിഷയങ്ങളിലെ വീക്ഷണ വ്യത്യാസങ്ങളും അഭിപ്രായങ്ങളും ഏത് സാധാരണക്കാരനും വിരല്‍തുമ്പില്‍ ലഭ്യമാണ്. ഇസ്‌ലാമിക ചലനങ്ങളും അപ്പപ്പോള്‍ തന്നെ എല്ലാവര്‍ക്കും അറിയാം. സമുദായത്തിന്റെ ജീവിത സാഹചര്യത്തിലും മാറ്റങ്ങള്‍ വന്നു. സമ്പത്തിന്റെ മേല്‍ക്കോയ്മ എവിടെയും പ്രകടമാണ്. ഈയൊരു സാഹചര്യത്തില്‍ ഖുത്വ്ബയില്‍ കാലികമായ മാറ്റങ്ങള്‍ അത്യാവശ്യമാണ്. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയും യോഗ്യതയും ഖത്വീബുമാര്‍ക്കുണ്ടാവണം. പുതിയ കാലത്ത് ഉയര്‍ന്നുവന്ന വിഷയങ്ങള്‍ ഇസ്‌ലാമിക കാഴ്ചപ്പാടില്‍  അവതരിപ്പിക്കാന്‍ കഴിയണം. പള്ളി കമ്മിറ്റിക്കാരുടെയും കാരണവന്മാരുടെയും അതൃപ്തി പേടിച്ച് പലപ്പോഴും നാട്ടിലെ വിഷയങ്ങള്‍ ഖുത്വ്ബയില്‍ പ്രതിപാദിക്കാതെ വിടുകയാണ് പല ഖത്വീബുമാരും.  ഇനി പറഞ്ഞാല്‍ തന്നെ മുകള്‍പ്പരപ്പില്‍ നിന്നുകൊണ്ട്  ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് പോകുന്ന രീതിയും കുറവല്ല. സകാത്ത്, പലിശ, വിവാഹം, വീട് തുടങ്ങിയവയിലെ ആര്‍ഭാടങ്ങള്‍, ജന്മദിനാഘോഷം പോലെ പുതുതായി കടന്നുവന്ന ആചാരങ്ങളും സമ്പ്രദായങ്ങളും, വര്‍ധിച്ചുവരുന്ന വിവാഹ മോചനങ്ങള്‍ തുടങ്ങി കാലിക പ്രസക്തമായ പല വിഷയങ്ങളും വിവാദത്തെ പേടിച്ച് പല ഖത്വീബുമാരും ഒഴിവാക്കുകയാണ് ചെയ്യുന്നത്. പുതുതലമുറയെ അഭിമുഖീകരിക്കാനുള്ള ത്രാണി  പല ഖത്വീബുമാര്‍ക്കുമില്ല. വിദ്യാഭ്യാസ - കച്ചവട ആവശ്യങ്ങള്‍ക്കും മറ്റുമായി  ലോകം ചുറ്റുന്ന ഒരു തലമുറ, കൈയിലെ സ്മാര്‍ട്ട് ഫോണില്‍ ആഗോളസ്പന്ദനങ്ങള്‍ അറിയുന്ന പ്രായമായവര്‍ വരെയുള്ള സാധാരണ മുസ്‌ലിം സമൂഹം-ഇവരോട് നിലവാരമില്ലാത്ത പ്രഭാഷണങ്ങള്‍ നടത്തി ദീനിനോടുള്ള താല്‍പര്യം പോലും നഷ്ടപ്പെടുത്തുന്ന അവസ്ഥയുണ്ട്. 
ഓരോ കാലത്തും ഓരോ പ്രദേശത്തും ഇസ്‌ലാമില്‍ ചില മുന്‍ഗണനാക്രമങ്ങളുണ്ടാകും. ജീവിക്കുന്ന ഇസ്‌ലാമിക മാതൃകകളെയാണ് ഇന്ന് മനുഷ്യര്‍ അന്വേഷിക്കുന്നത്. മാതൃകാ സംഘടനാ പ്രവര്‍ത്തകര്‍ ധാരാളമുണ്ട്. പക്ഷേ മാതൃകാ മുസ്‌ലിംകള്‍ വളരെ കുറഞ്ഞിരിക്കുന്നു. ഈ പേജുകളില്‍ തന്നെ മുമ്പ് വായിച്ച ഒരു കുറിപ്പില്‍ പറഞ്ഞ പോലെ, ക്രിസ്മസിനോടനുബന്ധിച്ച് ക്രൈസ്തവ പള്ളിയിലെ അച്ചന്‍ ഇടവകയിലെ വീടുകള്‍ സന്ദര്‍ശിക്കുന്നത് പോലെ മുസ്‌ലിം മഹല്ലുകളില്‍ സംഭവിച്ചെങ്കിലെന്ന് വെറുതെ ആശിച്ചുപോകുന്നു.

ശക്കീര്‍ പുളിക്കല്‍

 

ഇന്ത്യയിലെ ബാല്‍ഫര്‍ പ്രഖ്യാപനം

ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമ്പോള്‍ അഭയാര്‍ഥികളാകുന്ന ഹിന്ദു-സിഖ്-ജൈന- ബുദ്ധ മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഏറ്റവും വലിയ മത ന്യൂനപക്ഷമായ മുസ്‌ലിം സമൂഹത്തെ ലക്ഷ്യം വെച്ചാണ് ഈ പ്രഖ്യാപനം. 1917-ല്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ജെയിംസ് ബാല്‍ഫറിന്റെ പ്രഖ്യാപനത്തെ അനുസ്മരിക്കുന്നതാണ് ഇത്. ജൂത വംശീയതയിലധിഷ്ഠിതമായ രാഷ്ട്ര പ്രഖ്യാപനമായിരുന്നു ബാല്‍ഫറിന്റേതെങ്കില്‍ എം.എസ് ഗോള്‍വാള്‍ക്കര്‍ വിഭാവനം ചെയ്ത ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിക്ക് വേണ്ടിയുള്ള പ്രഖ്യാപനമാണ് അമിത് ഷായുടേത്.
ഇന്ത്യയെന്ന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനെ ഇല്ലാതാക്കുന്ന പ്രഖ്യാപനം കൂടിയാണിത്. വംശീയതയിലധിഷ്ഠിതമായ ഒരു രാഷ്ട്രത്തിന് സമാധാനം ലഭിക്കില്ലെന്ന പാഠം ഇസ്രയേല്‍ രാഷ്ട്ര രൂപീകരണ ശേഷമുള്ള അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.  ആയുധങ്ങളുടെ പിന്‍ബലവും അമേരിക്കയുടെ പരിപൂര്‍ണ പിന്തുണയുമുണ്ടായിട്ടും പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി ഇന്നും ഫലസ്ത്വീന്‍-ഇസ്രയേല്‍ സംഘര്‍ഷം പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് രാജ്യത്തിന്റെ ഒരു ആഭ്യന്തരമന്ത്രി വംശീയവും വര്‍ഗീയവുമായ ഇത്തരമൊരു തുറന്ന പ്രസ്താവന നടത്തുന്നത്. ഈ ഫാഷിസ്റ്റ്‌വത്കരണത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.

അന്‍വര്‍ സാദത്ത് കുന്ദമംഗലം

 

ഇരുട്ട് പരക്കുക തന്നെയാണ്!

ഇന്ത്യ എങ്ങോട്ടെന്ന് ഇനി ആരും ചോദിക്കില്ല. ദിശ മാറിയാണ് നാട് സഞ്ചരിക്കുന്നതെന്ന് ഇപ്പോള്‍ ഏതാണ്ട് ബോധ്യപ്പെട്ടിരിക്കുന്നു. രാമന്റെ പേരില്‍ രാജ്യത്ത് പെരുകിവരുന്ന  കൂട്ടക്കുരുതിക്ക് വിരാമം വരുത്തണമെന്നും സമാധാനാന്തരീക്ഷം ഉറപ്പുവരുത്തണമെന്നും താഴ്മയോടെ അധികൃതരോട് അപേക്ഷിച്ചതിനായിരുന്നല്ലോ  ഇന്ത്യയിലെ 49 ധിഷണകള്‍  രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടത്! ശ്യാം ബെനഗല്‍, ബിനായക് സെന്‍, അപര്‍ണ സെന്‍, രാമചന്ദ്ര ഗുഹ, മണിരത്‌നം, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി  സാമൂഹിക- സാംസ്‌കാരിക - ചലച്ചിത്ര മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വങ്ങളാണ് നാട്ടില്‍ വിഭാഗീയതയും സമാധാന ഭംഗവും സൃഷ്ടിക്കുന്നുവെന്ന ആരോപണത്തില്‍ ക്രൂശിക്കപ്പെട്ടത്.
കഴിഞ്ഞ ആഗസ്റ്റ് 20-നാണ് സുധീര്‍ ഓജ എന്ന അഭിഭാഷകന്റെ പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരി ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തല്‍, സമൂഹത്തില്‍ വിഭാഗീയത പടര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങി ഗുരുതരമായ ചാര്‍ജ്ഷീറ്റ് ഇവ്വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ടു. രണ്ട് മൂന്ന് ആഴ്ച പിന്നിട്ടപ്പോഴതാ കുറ്റ പത്രം കുറ്റമറ്റതായിരുന്നില്ല എന്ന കണ്ടെത്തലില്‍ ബിഹാര്‍ പോലീസ് കേസ് തള്ളിയിരിക്കുന്നു!
പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്. ഒന്ന്, ഇന്ത്യന്‍ നീതിന്യായം ഇത്രയും അബദ്ധജഡിലമായ തീര്‍പ്പുകളില്‍ എത്തിച്ചേരുന്നത് എന്തുകൊണ്ടാണ്? അന്വേഷണ ഏജന്‍സികളും പോലീസ് ഉദ്യോഗസ്ഥരും ഇത്രയും അപക്വമായിട്ടാണോ ഇതുപോലെ ഗൗരവപ്പെട്ട വിഷയങ്ങള്‍ കൈയാളുന്നത്?
രണ്ട്, വെറുമൊരു കൈയബദ്ധമാണോ ഇവിടെ സംഭവിച്ചത്? അല്ലെന്ന് വ്യക്തം. ഫാഷിസത്തിന്റെ സാമ്പ്രദായിക രീതി തന്നെയാണിത്. ലക്ഷ്യത്തിലേക്കുള്ള സഞ്ചാര വഴിയില്‍ നരാധമങ്ങള്‍ ഫാഷിസ്റ്റ് ഭരണക്രമത്തിന്റെ വാര്‍പ്പു മാതൃക തന്നെയാണന്നും അതിനെതിരെ ഒച്ചവെക്കുന്നത് അസഹിഷ്ണുതയാണെന്നുമുള്ള ശക്തമായ താക്കീത് തന്നെയായിരുന്നു ഈ പരിണാമത്തിന്റെ പിന്നില്‍.  ഫാഷിസത്തിന്റെ മുഖം മിനുക്കുക എന്ന താല്‍പര്യവും ഇപ്പോഴത്തെ കേസ് പിന്‍വലിച്ചതില്‍ ഉണ്ടാവാം.
വരികളും വരകളും വരിയുടച്ചുകളയുക എന്നത് ഫാഷിസത്തിന്റെ രീതിശാസ്ത്രമാണ്. പ്രതിഷേധകരെയും വിസമ്മതരെയും പ്രതിയോഗികളാക്കുകയും പിന്നെ അവരുടെ ചൂണ്ടുവിരല്‍ നിര്‍വീര്യമാക്കുകയും ചെയ്യുന്നത് ആവര്‍ത്തിക്കപ്പെടുന്ന പരീക്ഷണമാണ്. ഭയപ്പെടുത്തിയിട്ടും പ്രലോഭിപ്പിച്ചിട്ടും മയപ്പെടുന്നില്ലെങ്കില്‍ പിന്നെ അത്തരം ശബ്ദങ്ങളെ ആമൂലാഗ്രം അറുത്തെറിയുകയെന്നതാണ് അടുത്ത പടി. കല്‍ബുര്‍ഗിയും ധഭോല്‍ക്കറും പന്‍സാരെയും ഗൗരി ലങ്കേഷും ഈ വര്‍ത്തമാനകാല വിധിവിപര്യയത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍.
നീതിക്കും ന്യായത്തിനും മുറവിളി കൂട്ടുന്നവര്‍ ശത്രുപാളയത്തില്‍ അവരോധിക്കപ്പെടുകയും അവരെ തുടച്ചുമാറ്റാനുള്ള ആസൂത്രിത  അജണ്ടകള്‍ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഭീഷണമാംവിധം വര്‍ധിച്ചുവരുന്നു. ഹേമന്ത് കര്‍ക്കരെയും ജസ്റ്റിസ് ലോയയും സുബോധ് കുമാറും അനീതിക്കു  മുന്നില്‍ അടിയറവു പറയാത്തതിന്റെ പേരില്‍ കൊലക്കത്തിക്കിരയായവരാണ്.
സഞ്ജീവ് ഭട്ട് എന്ന പോലീസ് ഓഫീസര്‍ ജീവപര്യന്തം വേട്ടയാടാന്‍ വിധിക്കപ്പെട്ടതും സംഘ് -ഫാഷിസ്റ്റ് അച്ചുതണ്ടിനെ  അലോസരപ്പെടുത്തുന്ന അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്തിയതിനാണ്. കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞതിലൂടെ ഒരു ദേശത്തെ മാത്രമല്ല ഫാഷിസ്റ്റ് ഭരണകൂടം എരിതീയിലേക്ക് എറിഞ്ഞത്; ഒരു ജനതയെക്കൂടിയാണ്. സംവത്സരങ്ങളിലൂടെ പാകമായ ഒരു സംസ്‌കൃതിയെയാണ്  ഷണ്ഡീകരിക്കുന്നത്. പൗരത്വത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന കാടിളക്കത്തിന്റെ പിന്നിലുമുണ്ട് കാപാലിക തന്ത്രങ്ങള്‍. കാലാന്തരങ്ങളിലൂടെ ഈ നാടിന്റെ സംസ്‌കാരത്തിന്റെ  ഊടും പാവുമായി മാറിയവര്‍,  ഇവിടത്തെ വായുവും വെള്ളവും അനുഭവിച്ച് ഇവിടെ ഇഴുകിച്ചേര്‍ന്നവര്‍ ഒരു സുപ്രഭാതത്തില്‍ പരദേശികളാവുന്ന ഉള്ളം പൊള്ളും മറിമായം! പൗരത്വ കാര്‍ഡില്‍ ഉള്‍പ്പെടാത്തതിന് ഒരു ഹിന്ദുവിനും പുറത്ത് പോകേണ്ടിവരില്ലെന്ന് 'അഭിജ്ഞ വൃത്ത'ങ്ങളില്‍നിന്ന് അറിയിപ്പു വഴിക്കു വന്നതോടെ  ചിത്രം സുതരാം സുവ്യക്തമായി. താടിയും തലപ്പാവും വെച്ചവന്‍, പശു മാംസം ഭുജിക്കുന്നവന്‍, ജയ് ശ്രീരാം വിളിക്കാത്തവന്‍ ഇവിടെ നിന്ന് പടിയിറങ്ങേണ്ടവനാണ്! ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് നാഗ്പൂരില്‍ ഇക്കഴിഞ്ഞ വിജയദശമി ചടങ്ങില്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം ഊന്നിപ്പറഞ്ഞത് കൂട്ടി വായിച്ചാല്‍ ചിത്രം പൂര്‍ത്തിയായി.
മഹാത്മാ ഗാന്ധി, നാഥുറാം ഗോദ്‌സെയെന്ന മതവെറിയനുതിര്‍ത്ത ബുള്ളറ്റിനു മുന്നില്‍ പിടഞ്ഞു വീണപ്പോള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകള്‍ ഇങ്ങനെ വായിക്കാം: The light has gone out of our lives and  everywhere it is dark  (നമ്മുടെ ജീവിതത്തില്‍നിന്ന് പ്രകാശം പൊലിഞ്ഞുപോയിരിക്കുന്നു. സര്‍വത്ര അന്ധകാരമയമായി തുടങ്ങി).
അമിത് ഷായുടെ ഒറ്റ ഇന്ത്യ, ഒറ്റ തെരഞ്ഞെടുപ്പ് , ഒരു ഭാഷ എന്ന മുദ്രാവാക്യം മോഹന്‍ ഭാഗവതിന്റെ സ്വഭാഷ, സ്വഭൂഷ, സ്വസംസ്‌കൃതി എന്ന സിദ്ധാന്തത്തിന്റെ മറുപുറം തന്നെയാണ് എന്ന് ചേര്‍ത്ത് വായിക്കാന്‍ നാം പഠിച്ചുകഴിഞ്ഞു. ഒരു ഏകശിലാ മൂശയില്‍ ഭാരതത്തെ ഘനാന്ധകാരത്തിലേക്ക് തെളിച്ചുകൊണ്ടുപോകാനുള്ള തത്രപ്പാടുകളാണ് നമുക്കു ചുറ്റും.

സലാം കരുവമ്പൊയില്‍

 

ലൗ ജിഹാദല്ല, ലൗ മാര്യേജ്

ദല്‍ഹി ചാണക്യപുരി കോളേജിലെ ബിരുദ വിദ്യാര്‍ഥിനി സിയാനി എന്ന ക്രിസ്ത്യന്‍ യുവതിയും അബൂദബിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സിദ്ദീഖിയും പ്രണയബദ്ധരാവുകയും സിയാനി ഇസ്‌ലാം സ്വീകരിച്ച് ആഇശ എന്ന പേര് സ്വീകരിക്കുകയും സിദ്ദീഖിയുമായുള്ള വിവാഹത്തിന് അബൂദബിയിലേക്ക് പോവുകയും ചെയ്ത സംഭവം, ലൗ ജിഹാദാണെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ ദല്‍ഹി ഡിഫന്‍സ് കോളനി പോലീസില്‍ പരാതി നല്‍കിയതോടെ, സംഘ് പരിവാര്‍ പതിവുപോലെ രംഗത്ത് വന്നിരിക്കുകയാണ്. കാര്യങ്ങളുടെ നിജഃസ്ഥിതി എന്തെന്നറിയുന്നതിന് മുമ്പ് തന്നെ ന്യൂനപക്ഷ ക്ഷേമത്തിനായി നിയോഗിക്കപ്പെട്ട കമീഷനും വിഷയം ഏറ്റെടുത്തു!
അബൂദബിയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങളുടെ ചോദ്യം ചെയ്യലില്‍ താന്‍ ലൗ ജിഹാദിന്റെ ഇരയല്ലെന്നും തന്റേത് ലൗ മാര്യേജ് മാത്രമാണെന്നും ഇക്കാര്യത്തില്‍ ആരുടെയും സമ്മര്‍ദങ്ങളുണ്ടായിട്ടില്ലെന്നും യുവതി വ്യക്തമാക്കിയതോടെ തല്‍പരകക്ഷികളുടെ കുതന്ത്രങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഹാദിയ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ലൗ ജിഹാദ് ആരോപണങ്ങളുടെ നിജഃസ്ഥിതി അന്വേഷിക്കാന്‍ എന്‍.ഐ.എയോട് ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാനത്തെ മിശ്ര വിവാഹ കേസുകളല്‍നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത കേസുകളില്‍ വിശദമായ അന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ ലൗ ജിഹാദിന് ഒരു തെളിവുമില്ലെന്നും അത് വ്യാജാരോപണം മാത്രമാണെന്നും എന്‍.ഐ.എ കോടതിയെ ബോധിപ്പിക്കുകയുണ്ടായി.
തന്റേത് സ്വാഭീഷ്ട പ്രകാരമുള്ള മതംമാറ്റമാണെന്നും ആരുടെയും നിര്‍ബന്ധം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാനുള്ള ഭരണഘടനാപരവും മൗലികാവകാശപരവുമായ സ്വാതന്ത്ര്യം ഉപയോഗിച്ച് വിവാഹിതയാവാനാണ് അബൂദബിയിലേക്ക് പോയതെന്നും പെണ്‍കുട്ടി തറപ്പിച്ചു പറഞ്ഞിട്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ചുവെന്ന ആരോപണം പരിഗണിച്ച് ലൗ ജിഹാദ് തടയാന്‍ മോദി സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്, കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സബാസ്റ്റ്യന്‍ രംഗത്ത് വന്നിരിക്കുകയാണ്.
പല കോടതികളും സുപ്രീം കോടതിയും ലൗ ജിഹാദിന് ഒരു തെളിവുമില്ലെന്നു സുതരാം വ്യക്തമാക്കിയിട്ടും ചില കുടില ശക്തികള്‍ ഈ വ്യാജാരോപണം ഇടക്കിടെ ആവര്‍ത്തിച്ച് സാമുദായിക അന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷത്തില്‍ ഇത്തരം ഹീന ശ്രമങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാറും നിയമപാലകരും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രമുഖരായ പൊതു പ്രവര്‍ത്തകര്‍ രംഗത്ത് വന്നത് സ്വാഗതാര്‍ഹമത്രെ.

റഹ്മാന്‍ മധുരക്കുഴി
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (34-35)
ടി.കെ ഉബൈദ്‌