Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 25

3123

1441 സഫര്‍ 25

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയും

ഡോ. എ.എന്‍.പി ഉമ്മര്‍ കുട്ടി / സദ്‌റുദ്ദീന്‍ വാഴക്കാട്

(സാമൂതിരി ഭരണം മുതല്‍ ദ്രാവിഡ സംസ്‌കാരം വരെ-2)

സമുദ്രശാസ്ത്ര ഗവേഷണമായിരുന്നു താങ്കളുടെ പ്രധാന മേഖല. ഓഷ്യാനോഗ്രഫി തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?

കടലുമായൊരു സൗഹൃദം, സ്‌നേഹ ബന്ധം കുട്ടിക്കാലത്തേ ഉണ്ട്. എന്റെ വീടിനു മുമ്പില്‍ കടലാണ്. പാറമ്മല്‍ തറവാടിന്റെ മുകള്‍തട്ടില്‍ കയറി നിന്നാല്‍ കടലിന്റെ മനോഹാരിത  കാണാം. കാലവര്‍ഷത്തില്‍ കടല്‍ തിരയടിച്ചുയരുന്നത് വല്ലാത്തൊരു അനുഭവമാണ്, തിരയുടെ ശബ്ദവും അപ്രകാരം തന്നെ. കുട്ടിക്കാലത്ത് കടപ്പുറത്തെ നനഞ്ഞ മണലില്‍ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. ഈ ബന്ധം സമുദ്രശാസ്ത്ര പഠനത്തിന് ഉള്‍പ്രേരണയായിട്ടുണ്ട്. അലീഗഢ് ഒഴികെ പഠനത്തിനും തൊഴിലിനും അവസരം ലഭിച്ച മദ്രാസ്, തൂത്തുക്കുടി, കൊച്ചി, ഗോവ തുടങ്ങിയവയെല്ലാം തീരപ്രദേശങ്ങളായിരുന്നു. അലീഗഢിലെ എക്‌സ്ട്രീം കാലാവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി, ഈ പ്രദേശങ്ങളെല്ലാം ജീവിക്കാന്‍ കൂടുതല്‍ അനുയോജ്യമായിരുന്നു. ഒപ്പം, മലയോര മേഖലകളെ അപേക്ഷിച്ച് തീരദേശങ്ങളില്‍ യാത്രാ സൗകര്യങ്ങള്‍ അക്കാലത്ത് കൂടുതലുണ്ടായിരുന്നു.
കടലില്ലെങ്കില്‍ ഭൂമിയില്‍ മനുഷ്യജീവിതം സാധ്യമല്ലെന്ന് പറയാം. മനുഷ്യനെ ഏതാണ്ടെല്ലാ മേഖലയിലും പിന്തുണക്കുന്നത് കടലാണ്. കാലാവസ്ഥയെ കടല്‍ കാര്യമായി സ്വാധീനിക്കുന്നുണ്ട്. മനുഷ്യന് ലഭിക്കുന്ന ഏറ്റവും മികച്ച ഭക്ഷണം കടലില്‍ നിന്നാണ്. 'സമുദ്രത്തെ നിങ്ങള്‍ക്കധീനപ്പെടുത്തിത്തന്നതും അവന്‍ തന്നെയാകുന്നു; അതില്‍നിന്നു നിങ്ങള്‍ പുതുമാംസം ഭക്ഷിക്കുന്നതിനും അണിയാന്‍ അലങ്കാരവസ്തുക്കള്‍ ശേഖരിക്കുന്നതിനും. കപ്പല്‍ സമുദ്രത്തിന്റെ വിരിമാറ് കീറിമുറിച്ച് സഞ്ചരിക്കുന്നത് നീ കാണുന്നുവല്ലോ. നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യം തേടുന്നതിനും അവനോട് നന്ദി കാണിക്കുന്നതിനും വേണ്ടിയത്രെ ഇതൊക്കെയും' എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടല്ലോ.
തമിഴ്‌നാട്ടിലെ രാമേശ്വരത്തിനടുത്തുള്ള മണ്ഡപത്തെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഞാന്‍ സമുദ്രശാസ്ത്ര ഗവേഷണ പഠനം ആരംഭിച്ചതോടെ  എന്റെ കടല്‍യാത്ര സാധാരണമായി.  കടലിലെ സൂക്ഷ്മ ജീവികളെക്കുറിച്ച്(Copepod) ആയിരുന്നു എന്റെ പഠനം. കാര്‍ഷികോല്‍പ്പന്നങ്ങളും മറ്റും കരയുടെ ഇക്കോണമിയില്‍ പ്രധാനമായതു പോലെ, കടലിന്റെ ഇക്കോണമിയില്‍ മുഖ്യമായ പലതുമുണ്ട്. ഇത്തരം ജീവികളെ ശേഖരിക്കാന്‍ വേണ്ടി പല സമയങ്ങളില്‍ ധാരാളം കടല്‍യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. അവയുടെ ജീവിതം, ഭക്ഷണം, മൈഗ്രേഷന്‍, പ്രത്യുല്‍പാദനം തുടങ്ങി പലതും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടായിരുന്നു. ഇതൊരു നിരന്തര പ്രക്രിയയാണ്. കപ്പല്‍ യാത്രയില്‍ നാം മറ്റൊരു ലോകത്താണ് ജീവിക്കുന്നത്. സൂര്യന്റെ ഏറ്റവും മനോഹരമായ കാഴ്ച കടലില്‍ നിന്നാണ് ആസ്വദിക്കാനാവുക. കടല്‍ പാമ്പിന്റെ കൂട്ടങ്ങള്‍, കണ്ണാടി പോലുള്ള വെള്ളത്തിലെ മത്സ്യക്കൂട്ടങ്ങള്‍.... ഇങ്ങനെ കടലിനു മാത്രം സ്വന്തമായ കാഴ്ചകള്‍ നിരവധി. ഇന്തോനേഷ്യന്‍ ഭാഗത്തേക്കുള്ള യാത്രക്കിടയില്‍ കണ്ട ആവോലിക്കൂട്ടങ്ങള്‍ ഒരു പ്രദേശം നിറയെ ഉണ്ടായിരുന്നു.

ഒരിക്കല്‍ ഒരാഴ്ച നീണ്ട കടല്‍യാത്രയുണ്ടായിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബോട്ടിലായിരുന്നു ട്രിപ്പ്, അതില്‍ തന്നെ താമസം. Copepod  പ്രത്യേകതരം ജീവികളാണ്. കൂട്ടത്തോടെയാണ് സഞ്ചരിക്കുക. രാവിലെ സൂര്യപ്രകാശത്തില്‍ അവ മുകള്‍പ്പരപ്പിലേക്ക് വരും. വൈകുന്നേരം താഴോട്ട് പോകും. ഇത് ദിനേന നടക്കുന്നതാണ് (Diurnal Migration). കടലിലെ പല ജീവികളുടെയും രീതിയാണിത്. ഇത് വിശദമായി പഠിക്കേണ്ടതുണ്ടായിരുന്നു. പാക് ബേയിലാണ് ബോട്ട് നങ്കൂരമിട്ടത്. ഞങ്ങള്‍ അടയാളമായി വെച്ചത് ഒരു ഇരുമ്പ് ഗോളം(Buoy) ആയിരുന്നു. കടലില്‍ വലിയ കാറ്റും കോളുമുണ്ടായി, ബോട്ട്  അതിനടുത്തേക്ക് നീങ്ങി. അതില്‍ ഇടിച്ചാല്‍ ബോട്ട് തകരും, ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല. മലയാളിയായ പത്രോസായിരുന്നു ഡ്രൈവര്‍. വളരെ സമര്‍ഥമായാണ് അദ്ദേഹം ആ ആപത്‌സന്ധി മറികടന്നത്. ഇത്തരം പലതരത്തിലുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട്. നാലു വര്‍ഷം, ഒട്ടും വിശ്രമമില്ലാത്ത പഠനമായിരുന്നു. നാം ഒരു വിഷയം പഠിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അതില്‍ പൂര്‍ണമായും സമര്‍പ്പിക്കേണ്ടതുണ്ടല്ലോ.

വൈജ്ഞാനിക സാഹിത്യ മേഖലയിലും താങ്കളുടെ ശ്രദ്ധേയമായ മുദ്രകളുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച താങ്കള്‍ അതിന്റെ ഡയറക്ടര്‍ വരെ ആയി. നിരവധി ഗ്രന്ഥങ്ങള്‍ എഴുതി, പരിഭാഷപ്പെടുത്തി. എന്തൊക്കെയാണ് ഈ രംഗത്തെ അനുഭവങ്ങള്‍?

സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഉച്ചഭക്ഷണത്തിന് എനിക്ക് പൈസ തരും, അഞ്ച് അണ. ചോറിന് നാല് അണയായിരുന്നു അന്ന്. മിച്ചം വെക്കുന്ന പണം സ്വരൂപിച്ച് പുസ്തകങ്ങള്‍ വാങ്ങുമായിരുന്നു. പുസ്തകങ്ങളുടെ നല്ലാരു സമ്പാദ്യം കൈയിലുണ്ടായിരുന്നു. സെയ്താര്‍ പള്ളിയില്‍ സി. പി മമ്മുക്കേയി മെമ്മോറിയല്‍ ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നു. അവിടെയുമുണ്ടായിരുന്നു ധാരാളം പുസ്തകങ്ങള്‍. അങ്ങനെ തുടങ്ങിയ വായനയാണ് എഴുത്തിന്റെയും സാഹിത്യത്തിന്റെയും ലോകത്തേക്ക് വഴി തുറന്നത്. സി.എച്ച് മുഹമ്മദ് കോയയെ പരിചയപ്പെട്ടപ്പോള്‍ ചന്ദ്രികയില്‍ എഴുതാന്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ കൈയെഴുത്ത് മാസികക്ക് ശേഷം ആദ്യമായി രചന അച്ചടിച്ചത് ചന്ദ്രികയിലായിരുന്നു. മദ്രാസില്‍ പഠിക്കുമ്പോള്‍ ജീവശാസത്ര സംബന്ധിയായ ലേഖനമാണ് ആദ്യം എഴുതിയത്. അഞ്ച് രൂപയാണ് ആദ്യമായി പ്രതിഫലം ലഭിച്ചത്. അന്നത് വലിയ സംഖ്യയായിരുന്നു. മാതൃഭൂമി, കൗമുദി, കുങ്കുമം തുടങ്ങിയവയിലൊക്കെ അന്ന് എഴുതിയിരുന്നു.
നാഷ്‌നല്‍ ബുക്സ്റ്റാള്‍ വിശ്വവിജ്ഞാനകോശം എന്ന ബൃഹത്തായ പദ്ധതി ആരംഭിച്ചപ്പോള്‍ ധാരാളം ലേഖകരെ ആവശ്യമുണ്ടായിരുന്നു. ശാസ്ത്ര വിഷയങ്ങള്‍ എഴുതാന്‍ എന്നെയും ഏല്‍പ്പിക്കുകയുണ്ടായി. ഞാന്‍ കടലിനെ കണ്ടെത്തല്‍ എന്ന പുസ്തകം എഴുതിയ സമയമായിരുന്നു അത്, 1965-ല്‍. അന്ന് ശാസ്ത്ര വിഷയങ്ങള്‍ എഴുതുന്നവര്‍ നന്നേ കുറവായിരുന്നു. ഡോ. കെ  ഭാസ്‌കരന്‍ നായര്‍ മാത്രമാണ് ഈ രംഗത്ത് അറിയപ്പെട്ട എഴുത്തുകാരന്‍. അതുകൊണ്ട് കടലിനെ കണ്ടെത്തല്‍ ശ്രദ്ധിക്കപ്പെട്ടു. സാഹിത്യ അക്കാദമിയുടെ അവാര്‍ഡും കിട്ടി.  1968 സെപ്റ്റംബറില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ചപ്പോള്‍ പ്രാപ്തരായ മികച്ച ആളുകളെ ആവശ്യമുണ്ടായിരുന്നു. എന്‍.വി കൃഷ്ണവാര്യര്‍, ജോസഫ് മുണ്ടശ്ശേരി, ഭാസ്‌കരപ്പണിക്കര്‍ എന്നിവരടങ്ങിയതായിരുന്നു ആളുകളെ തെരഞ്ഞെടുക്കാനുള്ള കമ്മിറ്റി. എന്നെ പരിചയമുണ്ടായിരുന്നതിനാല്‍ ഭാസ്‌കരപ്പണിക്കര്‍ എന്റെ പേരും ഉള്‍പ്പെടുത്തി. സി.എച്ചിനും എന്നെ അറിയാമായിരുന്നതും പ്രയോജനപ്പെട്ടു. ശാസ്ത്ര വിഷയങ്ങളിലുള്ള രചനകളാണ് യോഗ്യതയായി പരിഗണിക്കപ്പെട്ടത്. കൃഷ്ണവാര്യരായിരുന്നു ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രഥമ ഡയറക്ടര്‍. പണ്ഡിതന്‍, യോഗ്യന്‍, വിഭാഗീയ ചിന്തകള്‍ ഇല്ലാത്തയാള്‍. മൂന്ന് അസി. ഡയറക്ടര്‍മാര്‍; സി.കെ മൂസത്, പ്രഫ. കെ.പി കരുണാകരന്‍, പിന്നെ ഞാനും. മുഖ്യമന്ത്രി ഇ.എം.എസ് ആയിരുന്നു ചെയര്‍മാന്‍. അദ്ദേഹം മാറിയപ്പോള്‍ അച്ചുതമേനോന്‍ ചെയര്‍മാനായി വന്നു. കൃഷ്ണവാര്യര്‍ക്ക് ശേഷം ഞാന്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി. എന്നേക്കാള്‍ സീനിയറായവര്‍ അവിടെ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി അച്ചുതമേനോന്‍ എന്നെയാണ് തീരുമാനിച്ചത്. അദ്ദേഹം നല്ല പിന്തുണ തന്നു. മുസ്‌ലിം സമൂഹത്തില്‍ നിന്ന് ഇത്തരമൊരു തസ്തികയിലെത്തുന്ന ആദ്യത്തെ അനുഭവമായിരുന്നു എന്റേത്. ടി.പി കുട്ടിയമ്മു സാഹിബായിരുന്നു അന്ന് തിരുവനന്തപുരത്ത് ഉയര്‍ന്ന തസ്തികയിലുണ്ടായിരുന്ന ഒരാള്‍.
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറാവുകയെന്നത് ഭാരിച്ച ഉത്തരവാദിത്തമായിരുന്നു. പക്ഷപാത രഹിതമായി അത് നിര്‍വഹിക്കാന്‍ ശ്രമിച്ചു. മനുഷ്യരെന്ന നിലയില്‍ ചിലര്‍ക്ക് ചില ദുര്‍ബല സമീപനങ്ങള്‍ ഉണ്ടാകും എന്നതൊഴിച്ചാല്‍, വലിയ വിവേചനപരമായ പെരുമാറ്റമൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല, ഉണ്ടായ ചിലതൊക്കെ അവഗണിക്കുകയും ചെയ്തു. മുസ്‌ലിം സമൂഹത്തെക്കുറിച്ച് പല തരം മുന്‍ധാരണകള്‍ ആളുകള്‍ക്ക് ഉണ്ടായിരുന്നു. മുസ്‌ലിംകളെ ഏറെയൊന്നും അറിയാനോ, അനുഭവിക്കാനോ അധികമാളുകള്‍ക്കും അവസരം ലഭിച്ചിരുന്നുമില്ല. നോണ്‍ ഫിക്ഷനില്‍ മുസ്‌ലിംകളില്‍ നിന്ന് അന്ന് ശ്രദ്ധേയരായ മുന്‍നിര സാഹിത്യകാരന്‍മാരൊന്നും ലബ്ധപ്രതിഷ്ഠ നേടിയവരായി ഉണ്ടായിരുന്നില്ല. ഇതും ഒരു പരിമിതിയായിരുന്നു. എന്‍.വി കൃഷ്ണവാര്യരാണ് മതങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും പഠിക്കാന്‍ സഹായകമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കണം എന്ന് അഭിപ്രായപ്പെട്ടത്. മത ചിന്തകള്‍ വൈജ്ഞാനിക രംഗത്ത് അവഗണിക്കാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് എല്ലാ മതങ്ങളെയും കുറിച്ച് അടിസ്ഥാനപരമായി ഒരു പുസ്തകമെങ്കിലും പ്രസിദ്ധീകരിക്കണമെന്ന് കൃഷ്ണവാര്യര്‍ തീരുമാനിച്ചു.  ക്രിസ്തുമതത്തെക്കുറിച്ചായിരുന്നു ആദ്യ പുസ്തകം. കോട്ടയത്തെ പുരോഹിതന്മാര്‍ വലിയ താല്‍പര്യമെടുത്ത് 'ക്രിസ്തു ദര്‍ശനം' തയാറാക്കി തന്നു. ഡോ. ബാബുപോള്‍ അതില്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റിയൂട്ട്  പ്രസിദ്ധീകരിച്ചു. ബുദ്ധമതത്തെക്കുറിച്ചാണ് രണ്ടാമത്തെ പുസ്തകം. ഇസ്‌ലാമിനെക്കുറിച്ച് നിലവാരമുള്ളൊരു പുസ്തകം തയാറാക്കാന്‍ യോഗ്യനായ ആളെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. പിന്നെ വിഭാഗീയ ചിന്തകളും വിഷയമായി. ഒരാളെ ഏല്‍പ്പിച്ചാല്‍ മറ്റു വിഭാഗത്തില്‍പെട്ടവര്‍ പ്രശ്‌നമാക്കും. 'അങ്ങനെ വിഭാഗീയത നോക്കി നിന്നാല്‍ ശരിയാകില്ല, നമുക്ക് ഇസ്‌ലാമിനെക്കുറിച്ച് നല്ലൊരു പുസ്തകം വേണം. എല്ലാവരുടെയും ലേഖനങ്ങള്‍ വാങ്ങി സമാഹരിക്കുക' എന്‍.വി കൃഷ്ണവാര്യര്‍ നിര്‍ദേശിച്ചു. അങ്ങനെ പ്രഫ. മൊയ്തീന്‍ ഷായെ ചീഫ് എഡിറ്ററാക്കി, കുട്ടിയമ്മു സാഹിബിനെയും ഉള്‍പ്പെടുത്തി, എന്നെ കോഡിനേറ്ററാക്കി ഒരു ടീം ഉണ്ടാക്കി. വിഷയാധിഷ്ഠിതമായി എല്ലാവരുടെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി 'ഇസ്‌ലാമിക ദര്‍ശനം' പ്രസിദ്ധീകരിച്ചു. പ്രഫ. കെ.എ സിദ്ദീഖ് ഹസനും ശൈഖ് മുഹമ്മദ് കാരകുന്നും അതില്‍ കാര്യമായി സഹകരിക്കുകയുണ്ടായി. ശൈഖ് മുഹമ്മദ് കാരകുന്ന് വലിയ താല്‍പര്യമെടുത്തത് ഓര്‍ക്കുന്നു. ഭക്തിപ്രധാനമല്ല, തത്ത്വചിന്താ പ്രധാനമായിരുന്നു ഇസ്‌ലാമിക ദര്‍ശനം എന്ന കൃതി.
ഏത് സാഹചര്യത്തിലും സമൂഹത്തിലും അടിയൊഴുക്കുകള്‍ (ൗിറലൃരൗൃൃലിെേ) പലതുമുണ്ടാകും. നാം അവയുടെയൊക്കെ പുറകെ പോകാനും നേരിടാനുമല്ല ശ്രമിക്കേണ്ടത്. അങ്ങനെ തുടങ്ങിയാല്‍ അതിനു മാത്രമേ സമയമുണ്ടാകൂ. നാം അവയെല്ലാം അവഗണിച്ച് നമ്മുടെ ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോകണം. നമ്മെ ലക്ഷ്യത്തില്‍ നിന്ന് തെറ്റിക്കാന്‍ ഇതൊന്നും കാരണമാകാന്‍ പാടില്ലാത്തതാണ്.

അക്കാലത്തെ മുസ്‌ലിം പ്രസാധനാലയങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

മുഖ്യധാരാ സമൂഹത്തെ ആകര്‍ഷിക്കുന്ന മുസ്‌ലിം പ്രസിദ്ധീകരണാലയങ്ങളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. ഉള്ളവ കോഴിക്കോട്ടാണ് കേന്ദ്രീകരിച്ചിരുന്നത്. ഈ പ്രസിദ്ധീകരണങ്ങളൊന്നും പൊതു സമൂഹങ്ങളുമായി എന്‍ഗേജ് ചെയ്തിരുന്നില്ല. പിന്നീടാണ് മാധ്യമം പത്രമൊക്കെ കടന്നു വന്ന് സ്വീകാര്യത നേടിയത്. മാധ്യമം ആരംഭിക്കുന്ന കാലത്ത് ജമാഅത്ത് നേതൃത്വം എന്നെ ബന്ധപ്പെട്ടിരുന്നു. മാദ്ധ്യമം എന്നോ, മാധ്യമം എന്നോ എഴുതേണ്ടത് എന്നാണ് അന്വേഷിച്ചത്. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നയം വെച്ച് ഞാന്‍ പറഞ്ഞു, എങ്ങനെയാണോ ഉച്ചരിക്കുന്നത് അങ്ങനെത്തന്നെ എഴുതുക, മാധ്യമം മതി! അദ്ധ്യാപകന്‍ എന്നാണ് മുമ്പൊക്കെ എഴുതിയിരുന്നത്, പിന്നെ അധ്യാപകന്‍ എന്ന് മാറ്റി. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഭാഷയില്‍ പുതിയ ചില നയങ്ങള്‍ കൊണ്ടുവരികയുണ്ടായി. രണ്ട് കാര്യങ്ങളായിരുന്നു അതില്‍ പ്രധാനം. ഒന്ന്, ഭാഷ എത്രയും ലളിതമായിരിക്കുന്നുവോ അത്രയും ഉത്തമം. രണ്ട്, ഉച്ചാരണം എങ്ങനെയാണോ എഴുത്തും അങ്ങനെ മതി.
മുസ്‌ലിം പ്രസിദ്ധീകരണങ്ങളെക്കുറിച്ച് മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്. സമുദായത്തില്‍ നിന്ന് കുറേയെറെ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്നുവെന്നതില്‍ ആദ്യമൊക്കെ സന്തോഷം തോന്നിയിരുന്നു. പിന്നീട് അവയുടെ ഉള്ളടക്കം പരിശോധിച്ചപ്പോള്‍ നിരാശപ്പെടേണ്ടി വന്നു. സംഘടനാവല്‍ക്കരണമാണ് അതിന്റെ കാരണങ്ങളിലൊന്ന്. സംഘടനകളാണ് പ്രസിദ്ധീകരണങ്ങളുടെ ഉടമസ്ഥര്‍ എന്നതിനാല്‍ സംഘടനയുടെ എഴുത്തുകാരെയാണ് ഓരോന്നും അണിനിരത്തിയിരുന്നത്. തീര്‍ത്തും മതപരവും സംഘടനാ താല്‍പര്യമുള്ളതുമായ വിഷയങ്ങളായിരുന്നു ഉള്ളടക്കം. സംഘടനകള്‍ക്ക് പുറത്തുള്ളവര്‍ക്ക് ഇടം തീരെ കുറവായിരുന്നു. അതു കൊണ്ടു തന്നെ മുസ്‌ലിം സമൂഹത്തിലെ സംഘടനാ പക്ഷമില്ലാത്ത എഴുത്തുകാരും ചിന്തകരും വേദികള്‍ ലഭിക്കാതെയും അവരുടെ മൂല്യവത്തായ ആശയങ്ങള്‍ സമുദായത്തിന് പ്രയോജനപ്പെടാതെയും പോയി.  മുസ്‌ലിം സമൂഹത്തിലെ മികച്ച ബുദ്ധിജീവികള്‍ എല്ലാവരും ഏതെങ്കിലും സംഘടനയില്‍ പ്രവര്‍ത്തിച്ചു കൊള്ളണമെന്നില്ലല്ലോ. സംഘടനാ പക്ഷമില്ലാതെ സ്വതന്ത്രമായി നില്‍ക്കുന്ന ധാരാളം പേരുണ്ടാകും, ഉണ്ടായിരുന്നു. പ്രഗത്ഭരായ പലരുടെയും രചനകള്‍ സംഘടനാ പ്രവര്‍ത്തകനല്ലാത്തതിനാല്‍ പ്രസിദ്ധീകരിക്കാതിരുന്ന അനുഭവം എന്നോട് തന്നെ ചിലര്‍ വ്യക്തിപരമായി പങ്കുവെച്ചിട്ടുണ്ട്. സംഘടന വളര്‍ത്തുക എന്ന ചിന്തയില്‍ നിന്ന് കുറേ കൂടി വികസിച്ച് സാമൂഹിക പുരോഗതി എന്ന വിശാലതയിലേക്ക് വളരാന്‍ കഴിയേണ്ടതുണ്ട്. മുഹ്‌യിദ്ദീന്‍ ആലുവായിയെപ്പോലുള്ളവര്‍ സ്വതന്ത്രമായി ചില ശ്രമങ്ങള്‍ നടത്തിയത് മഹത്തായ മാതൃകയായിരുന്നു. മുസ്‌ലിം സമൂഹത്തിലെ അക്കാദമീഷ്യന്‍മാരെയും ചിന്തകരെയും ബുദ്ധിജീവികളെയും അക്കമഡേറ്റ് ചെയ്ത് പ്രയോജനപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്. യാഥാസ്ഥിതികരെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാം പുരോഗമന ആശയക്കാരും വിശാല മനസ്സുള്ളവരുമാണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. പക്ഷേ, പരമ്പരാഗത യാഥാസ്ഥിതികര്‍ കഴിഞ്ഞാല്‍ പിന്നെയും യാഥാസ്ഥിതികര്‍ ബാക്കിയുണ്ടെന്ന് അനുഭവങ്ങള്‍ മനസ്സിലാക്കിത്തന്നു.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവിയിലെത്തിയത് എങ്ങനെയാണ്? എന്തായിരുന്നു അവിടത്തെ അനുഭവങ്ങള്‍?

മനുഷ്യസമൂഹം നിര്‍മിച്ച സ്ഥാപനങ്ങളില്‍ ഏറ്റവും മഹത്തായതും ഏറ്റവും വലുതും സര്‍വകലാശാലകളാണ്. മനുഷ്യ മനസ്സുകളെ രൂപപ്പെടുത്തുന്ന, പരിവര്‍ത്തിപ്പിക്കുന്ന ഇടങ്ങളാണ് യൂനിവേഴ്‌സിറ്റികള്‍. അവ ഫാക്ടറികളോ കമ്പനികളോ അല്ല. യൂനിവേഴ്‌സിറ്റികള്‍ക്ക് മരണമില്ല. നളന്ദ, അല്‍ അസ്ഹര്‍, ഒക്‌സ്‌ഫോര്‍ഡ് തുടങ്ങിയവ പോലെ കാലങ്ങളെ അതിജീവിച്ച് അവ നിലനില്‍ക്കും. ആ അര്‍ഥത്തില്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടത് വലിയ ഭാഗ്യവും ഭാരിച്ച ഉത്തരവാദിത്തവുമായിരുന്നു. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വിരമിച്ച ശേഷം 1992 ഫെബ്രുവരിയില്‍  അമ്പത്തിയെട്ടാമത്തെ വയസ്സിലാണ് ഞാന്‍ കാലിക്കറ്റിന്റെ വി.സിയായി ചുമതലയേറ്റത്. പല മേഖലകളിലും വലിയ തോതില്‍ പിന്നാക്കമായിരുന്ന മലബാര്‍ മേഖലയുടെ വിദ്യാഭ്യാസ പുരോഗതി മുന്‍നിര്‍ത്തി സ്ഥാപിക്കപ്പെട്ടതാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി.

അഞ്ച് വി.സിമാര്‍ എനിക്കു മുമ്പേ കടന്നു പോയിരുന്നു. ആറാമനാണ് ഞാന്‍. കര്‍ണാടകക്കാരനായ ഗവര്‍ണര്‍ ബി. രാചയ്യയാണ് ചാന്‍സലര്‍. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ എനിക്ക് അന്യതാബോധം ഉണ്ടായിരുന്നില്ല. കുറേ പ്രഫസര്‍മാര്‍ എനിക്ക് നേരത്തേ പരിചിതരായിരുന്നു. യൂനിയനുകളുടെ വലിയൊരു സമരം നടക്കുന്ന വേളയിലാണ് ഞാന്‍ ചുമതലയേറ്റത്. ചില യൂനിയന്‍ നേതാക്കള്‍ പുറത്താക്കപ്പെട്ടതിനാല്‍ സമരം ശക്തിപ്പെട്ടിരുന്നു. പ്രശ്‌നം പരിഹരിച്ചു കൊണ്ട് തുടങ്ങണമെന്ന് മുഖ്യമന്ത്രി കരുണാകരനും വിദ്യാഭ്യാസ മന്ത്രി ഇ. ടി മുഹമ്മദ് ബഷീറും നിര്‍ദേശിച്ചിരുന്നു. കാമ്പസിലെത്തിയ ആദ്യ ദിവസം ഉച്ചക്കു മുമ്പുതന്നെ റജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവരോട് ആലോചിച്ച് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ഒരു അന്വേഷണ കമീഷനെ നിയമിക്കുകയും ചെയ്തു. പോസിറ്റീവ് അപ്രോച്ച് സ്വീകരിച്ചു കൊണ്ട് പ്രശ്‌നത്തെ സമീപിക്കുകയാണ് സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ ചെയ്യേണ്ടത് എന്നതാണ് എന്റെ നയം.
എന്റെ ഉപ്പ പതിവായി ചൊല്ലുന്ന ചില ഖുര്‍ആന്‍ വചനങ്ങളും ദിക്‌റുകളും ഉണ്ടായിരുന്നു. സലാമുന്‍ ഖൗലന്‍ മിന്‍ റബ്ബിന്‍ റഹീം, ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, മാഫീ ഖല്‍ബീ ഖൈറുല്ലാഹ്... തുടങ്ങിയവ. ഇവയുടെ സാരം എന്നെ സ്വാധീനിക്കുകയുണ്ടായി. മനസ്സ് നന്നാക്കുക, നന്മകള്‍ നിറയ്ക്കുക, ക്ഷമ പാലിക്കുക, ദൈവികമായ ശാന്തിയും സമാധാനവും കൈവരിക്കുക തുടങ്ങിയവ. വിശ്വാസം നന്നാക്കുകയും ഉത്തമ കര്‍മങ്ങള്‍ ചെയ്യുകയും സമ്പത്ത് പങ്ക് വെക്കുകയും ചെയ്യുമ്പോഴാണ് അഭിവൃദ്ധിയുണ്ടാവുകയെന്നാണ് ഇതെല്ലാം പഠിപ്പിക്കുന്നത്. നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന യൂനിവേഴ്‌സിറ്റി കാമ്പസില്‍ ക്ഷമാപൂര്‍വം മുന്നോട്ട് പോകാന്‍ ഇതെല്ലാം എനിക്ക് പിന്‍ബലമേകിയിട്ടുണ്ട്.

എന്തൊക്കെയായിരുന്നു യൂനിവേഴ്‌സിറ്റിയില്‍ താങ്കളുടെ മുന്‍ഗണനകള്‍?

മൂന്ന് മേഖലകളില്‍ അത്യാവശ്യം വേണ്ട പരിഷ്‌കരണങ്ങള്‍ക്കാണ് വി.സിയായിരുന്ന നാലു വര്‍ഷങ്ങളില്‍ മുന്‍ഗണന നല്‍കിയത്; ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം, പുതിയ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ തുടക്കം, നൂറ് സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ. ഗനി സാഹിബിനു ശേഷം പുതിയ പ്രോജക്റ്റുകളൊന്നും യൂനിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്നില്ല. ഒരു ഓഡിറ്റോറിയത്തിന്റെ പരിമിതിയില്‍ യൂനിവേഴ്‌സിറ്റി വീര്‍പ്പുമുട്ടിയിരുന്നു. പുതിയൊരു സെമിനാര്‍ കോംപ്ലക്‌സ് സ്ഥാപിക്കാന്‍ പദ്ധതി തയാറാക്കി, പാസ്സാക്കിയെടുത്തു. ഒരു കോടിയുടെ പദ്ധതി. പകുതി പ്ലാനിംഗ് ബോര്‍ഡ് തന്നു, സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് മെഡല്‍ പുറത്തിറക്കി വിറ്റ് ബാക്കി  പകുതി യൂനിവേഴ്‌സിറ്റി കണ്ടെത്തി. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ. ടി മുഹമ്മദ് ബഷീര്‍ തറക്കല്ലിട്ട സെമിനാര്‍ കോംപ്ലക്‌സ് രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. പുതിയ ഗവര്‍ണര്‍ പി. ശിവശങ്കര്‍ ഉദ്ഘാടനം ചെയ്തു.
സെമിനാര്‍ കോംപ്ലക്‌സിന്റെ പേര് ഞാന്‍ പോന്ന ശേഷം ഇ.എം.എസ് കോംപ്ലക്‌സ് എന്നാക്കി മാറ്റുകയുണ്ടായി. ഇ.എം.എസിന്റെ പേരിടാന്‍ അതിന് അര്‍ഹതയുണ്ടായിരുന്നു. കാരണം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യാഥാര്‍ഥ്യമാക്കിയതില്‍ ഇ.എം.എസിന് പ്രധാന റോളുണ്ടായിരുന്നു. സി.എച്ച് മുഹമ്മദ് കോയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് വേണ്ടി ശ്രമിക്കുമ്പോള്‍, പുതിയ യൂനിവേഴ്‌സിറ്റി കൊച്ചിയില്‍ വേണമെന്ന മുറവിളിയും സമ്മര്‍ദവും മറുഭാഗത്ത് ഉയരുന്നുണ്ടായിരുന്നു. ഒരു വശത്ത് സി.എച്ച് ഉറച്ചു നിന്ന് വാദിച്ചു. മലബാറിന്റെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഇ.എം.എസ് ആ സമയത്ത് യൂനിവേഴ്‌സിറ്റി ഇവിടെത്തന്നെ വരട്ടേയെന്ന് നിലപാടെടുക്കുകയും ചെയ്തു. അങ്ങനെ, ഇ.എം.എസും സി.എച്ചും ഈ വിദ്യാഭ്യാസ പുരോഗതിയുടെ പ്രധാന കാരണക്കാരായി. മലപ്പുറം ജില്ലയും അങ്ങനെത്തന്നെയാണ് പിറന്നത്. പലരും എതിര്‍പ്പുമായി രംഗത്തു വന്നെങ്കിലും ഇ.എം.എസിന്റെ ധീരമായ നിലപാടാണ് മലപ്പുറം ജില്ലാ രൂപീകരണത്തിന് സാധ്യത തുറന്നത്. സി.എച്ച് മുഹമ്മദ് കോയ ലൈബ്രറി എന്ന് പേരിട്ടത് സി.എച്ചിന്റെ സേവനങ്ങളുടെ ഓര്‍മക്കാണ്.
സില്‍വര്‍ ജൂബിലി പദ്ധതിയെന്ന നിലയില്‍ പുതിയ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ തുടക്കവും പാതിവഴിയില്‍ നില്‍ക്കുന്നവയുടെ പൂര്‍ത്തീകരണവും മുന്നോട്ട് വെച്ചു. തൃശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമ പാതിവഴിയിലായിരുന്നു. കേരളത്തില്‍ മറ്റെവിടെയും ഇല്ലാതിരുന്ന ഈ അപൂര്‍വ ഡിപ്പാര്‍ട്ട്‌മെന്റ് പൂര്‍ത്തിയാക്കി. പാരമ്പര്യ കോഴ്‌സുകളാണ് ഇവിടെ നിലവിലുണ്ടായിരുന്നത്. ഇതില്‍ നിന്നൊരു മാറ്റം എന്ന നിലയില്‍ നാല്‍പതോളം പുതിയ കോഴ്‌സുകള്‍ തുടങ്ങി. ഒറ്റയടിക്ക് ഇത്രയേറെ പുതിയ കോഴ്‌സുകള്‍ ആരംഭിച്ചത് കാലിക്കറ്റാണ്. കേരളത്തില്‍ ആദ്യമായി ബയോ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ ആരംഭിച്ചു. കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായിരുന്നു അത്. ബില്‍ഡിംഗും അഞ്ചു വര്‍ഷത്തെ ശമ്പളവും ഉള്‍പ്പെടെ നാലഞ്ച് കോടിയോളം രൂപ അവര്‍ തരും. ദല്‍ഹിയില്‍ പല തവണ പോയി ഇത് പാസ്സാക്കിയെടുത്തു. ഡോ. ഭാട്ടിയയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓഡിയോ വിഷ്വല്‍ റിസര്‍ച്ച് സെന്റര്‍ (എ.വി.ആര്‍.സി) ആണ് മറ്റൊരു പുതിയ ഡിപാര്‍ട്ട്‌മെന്റ്. ഇതിനും യു.ജി.സി ഫണ്ട് ഉണ്ടായിരുന്നു. യു.ജി.സി ചെയര്‍മാനാണ് ഇത് ഉദ്ഘാടനം ചെയ്തത്. രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇവ യാഥാര്‍ഥ്യമാക്കിയത്. യു.ജി.സിയുടെയും മറ്റും സഹായത്തോടെ നൂറ് സ്‌കോളര്‍ഷിപ്പുകള്‍ പുതുതായി ആരംഭിച്ചു. ഇങ്ങനെ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു.

അമിതമായ രാഷ്ട്രീയവല്‍ക്കരണം അക്കാദമിക സ്ഥാപനങ്ങളെ തകര്‍ക്കുകയല്ലേ ചെയ്യുക?

അതെ. സംഘടിത പ്രവര്‍ത്തനങ്ങളെ, സമരങ്ങളെ ജീവിതം തന്നെയായി കാണുന്ന ഒരു പ്രശ്‌നം മലബാറിനുണ്ട്. സമരങ്ങള്‍ ലക്ഷ്യമല്ല, പ്രതീകാത്മകമാണ്. ഇവിടെ പക്ഷേ സമരം യുദ്ധമായി മാറുന്ന അവസ്ഥയുണ്ട്. യൂനിവേഴ്‌സിറ്റിയില്‍ സമരത്തിന്റെ ഭാഗമായി എന്തൊക്കെ നശിപ്പിച്ചിട്ടുണ്ട്! പൊതുമുതല്‍ നശിപ്പിച്ചാല്‍ എല്ലാവര്‍ക്കും നഷ്ടമല്ലേ! ഇത് തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ട്.

കേരളീയ മുസ്‌ലിം  സമൂഹത്തിലെ നവോത്ഥാന മുന്നേറ്റങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?

തലശ്ശേരിയിലും വലിയ സാമൂഹിക മാറ്റങ്ങള്‍ നടക്കുകയുണ്ടായല്ലോ!
1955-ഓടെ തലശ്ശേരി വിട്ട ഞാന്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായ ശേഷമാണ് പിന്നീട് ഇവിടെ സജീവമാകുന്നത്. അതുകൊണ്ട് ഇവിടെയുണ്ടായ സാമൂഹിക മാറ്റങ്ങള്‍ അറിയാമെന്നല്ലാതെ, അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. കേരളീയ മുസലിം സമൂഹം പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി വലിയ പുരോഗതി നേടുകയുണ്ടായി. മത യാഥാസ്ഥിതികതയോട് സംഘര്‍ഷപ്പെട്ടുകൊണ്ടാണ് നവോത്ഥാനം സാധ്യമായിട്ടുള്ളത്. ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തലശ്ശേരിയില്‍ നടന്ന ഇസ്‌ലാഹി പ്രഭാഷകനായ അബ്ദുല്ലത്വീഫ് മൗലവിയുടെ ഒരു പരിപാടി ഓര്‍മയുണ്ട്. സെയ്താര്‍ പളളിയിലെ പുരോഗമന ചിന്താഗതിക്കാരായ കുറച്ച് ചെറുപ്പക്കാര്‍ ഒരു പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. കോളിളക്കം സൃഷ്ടിച്ച പരിപാടിയായിരുന്നു. നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് കുറച്ചു പേര്‍ രംഗത്ത് വന്നു, നടത്തുമെന്നുറച്ച് മറുപക്ഷം. ഒടുവില്‍ പോലീസ് കാവലിലാണ് പരിപാടി നടന്നത്. ഇസ്‌ലാഹി ആശയങ്ങള്‍ പ്രചരിച്ചു തുടങ്ങിയത് ഇത്തരം പരിപാടികളിലൂടെയായിരുന്നു. അതിനെത്തുടര്‍ന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം ഇവിടെയെത്തുന്നത്. ഈ പ്രദേശത്ത് മാഹി - പെരിങ്ങാടി ഭാഗത്തായിരുന്നു അതിന്റെ തുടക്കം എന്നാണ് തോന്നുന്നത്. ജമാഅത്തെ ഇസ്‌ലാമിയെ ഞാന്‍ മനസ്സിലാക്കുന്നത് ഖുത്ബാത്ത് എന്ന മൗലാനാ മൗദൂദിയുടെ പുസ്തകത്തില്‍ നിന്നാണ്. ഒരു സുഹൃത്താണ് ആ പുസ്തകം തന്നത്. ഖുത്ബാത്ത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വളരെ മനോഹരമായാണ് ഇസ്‌ലാമിനെ സംബന്ധിച്ച തന്റെ കാഴ്ചപ്പാട്  മൗദൂദി സാഹിബ് അതില്‍ അവതരിപ്പിക്കുന്നത്. ഈ പുസ്തകം ചിന്താപരമായി എന്നെ സ്വാധീനിച്ചിട്ടുണ്ട്. അബുല്‍ കലാം ആസാദിന്റെ തര്‍ജുമാനുല്‍ ഖുര്‍ആനും അല്ലാമാ ഇഖ്ബാലിന്റെ മതചിന്തകളുടെ പുനഃസംവിധാനവും എന്നെ സ്വാധീനിക്കുകയുണ്ടായി. മദ്രാസില്‍ വെച്ചാണ് ഇവ രണ്ടിന്റെയും ഇംഗ്ലീഷ് പതിപ്പുകള്‍ വായിക്കുന്നത്. മലയാളത്തില്‍ അവ വന്നിരുന്നില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നു കൊണ്ടുള്ള ഇവരുടെ ചിന്തകള്‍ മൂല്യവത്തായിരുന്നു. സയ്യിദ് ഖുത്വ്ബിനെപ്പോലുള്ളവരുടെ ഇസ്‌ലാമിക ചിന്തകള്‍ പ്രസക്തമാണെങ്കിലും, അതിന് ഈജിപ്തിന്റെയും അറബ് ലോകത്തിന്റെയും പശ്ചാത്തലം ഉണ്ടായിരുന്നു. ഖുത്ബിനെ ഞാന്‍ വായിച്ചിട്ടുണ്ട്. അറബ് ലോകത്തെ ചിന്തകര്‍ വക്കം മൗലവിയെയും മറ്റും സ്വാധീനിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ സാഹചര്യത്തില്‍ നിന്നു കൊണ്ടുള്ള ഇഖ്ബാലിന്റെയും ആസാദിന്റെയും വായനകള്‍ക്ക് പ്രസക്തി കൂടുതലുണ്ട്. പര്‍വത തുല്യരായ വ്യക്തിത്വങ്ങള്‍! അവരെന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്, അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തു. സത്യവിശ്വാസം ഉള്‍ക്കൊണ്ട ശേഷം സല്‍ക്കര്‍മങ്ങള്‍ (അമലുസ്സാലിഹാത്ത്) ആചരിക്കുകയെന്ന തത്ത്വം ഇഖ്ബാല്‍ ഊന്നിപ്പറയുന്നുണ്ട്. എല്ലാ രംഗത്തും, കടലില്‍ ഗവേഷണം നടത്തുന്നതിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും കലാലയങ്ങള്‍ നടത്തുന്നതിലുമൊക്കെ നന്മയുടെയും തിന്മയുടെയും രണ്ട് വശങ്ങളുണ്ട്. ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും നല്ലത് മാത്രം ചെയ്ത്, നല്ലവരായി ജീവിക്കുക. അതാണ് ഞാന്‍ ജീവിതത്തില്‍ മുറുകെ പിടിച്ചത്.  എന്നാല്‍, ജമാഅത്തിന്റെയോ മറ്റോ നവോത്ഥാന പ്രവര്‍ത്തനത്തില്‍ നേരിട്ട് ഭാഗഭാക്കാകാന്‍ എനിക്ക് സാധിച്ചിട്ടില്ല. തലശ്ശേരി വിട്ടതോടെ എന്റെ പഠനവും ജോലിയും പ്രവര്‍ത്തനങ്ങളും വ്യത്യസ്തമായ മേഖലകളില്‍ തുടര്‍ച്ചയുള്ളൊരു ഒഴുക്കായി പുരോഗമിക്കുകയായിരുന്നു. തലശ്ശേരിയില്‍ ജമാഅത്ത് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇബ്‌നു സീന ആശുപത്രിയില്‍ എന്റെ ഭാര്യയുടെ അനിയത്തിയുടെ ഭര്‍ത്താവ് ഡോ. അഹ്മദ് സേവനം ചെയ്തിരുന്നു. അവിടെ പോകുമ്പോള്‍ ചില ജമാഅത്ത് നേതാക്കളെ കണ്ട് സംസാരിച്ചതും ഓര്‍ക്കുന്നു. വിശ്വാസം ബലപ്പെടുത്തിയും കര്‍മങ്ങള്‍ ശരിപ്പെടുത്തിയും മുന്നോട്ട് പോയാല്‍ നമുക്ക് വിജയിക്കാനാകും എന്നാണ് എന്റെ അഭിപ്രായം. 

(അവസാനിച്ചു)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (34-35)
ടി.കെ ഉബൈദ്‌