ഖത്തറിലേക്ക് തിരിച്ചുവരുന്നു
(ജീവിതം-12 )
മക്കയില്‍ ബിസിനസ് ആരംഭിച്ചപ്പോള്‍ താമസിക്കാന്‍ ഒരു കെട്ടിടവും വാടകക്കെടുത്തിരുന്നു. ഒറ്റമുറികള്‍ സൗകര്യത്തിന് കിട്ടാനുണ്ടായിരുന്നില്ല. ഹജ്ജ് കാലത്ത് ഹാജിമാര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്താനും മറ്റു കാലങ്ങളില്‍ ഉംറക്ക് വരുന്നവരെ പാര്‍പ്പിക്കാനും ഈ കെട്ടിടം പ്രയോജനപ്പെട്ടു. 1973-ല്‍ ആദ്യമായി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ വന്നപ്പോള്‍ സുഹൃത്തായ ബക്കര്‍ അബ്ദുല്ല മക്കയും പരിസരവും വിശദമായി കാണിച്ചുതന്നിരുന്നു. അദ്ദേഹത്തിന്റെ കീഴിലുള്ള ഹാജിമാരെ നയിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. അതിനാല്‍ മക്കയുടെ വിശദമായ ഒരു ചിത്രം എന്റെ മനസ്സിലുണ്ടായിരുന്നു. ഹജ്ജിനും ഉംറക്കും വരുന്നവര്‍ക്ക് മക്കയും പരിസരവും പരിചയപ്പെടുത്താനും പുണ്യപൂര്‍ണമായി ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കാനും ഇതിലൂടെ സാധിച്ചു. കേരള ഹജ്ജ് ഗ്രൂപ്പിന്റെ ആദ്യസംഘം മക്കയിലെത്തിയപ്പോള്‍ അവര്‍ക്ക് വേ സഹായങ്ങള്‍ നല്‍കി. വളന്റിയര്‍മാരെ ഹജ്ജിന്റെ സ്ഥലങ്ങള്‍ പരിചയപ്പെടുത്തി. ഹാജിമാര്‍ വഴിതെറ്റിപ്പോകുന്നതു തടയാന്‍ വേ പരിശീലനവും നല്‍കി. ഹജ്ജിനെ ശാസ്ത്രീയമായി വിശദീകരിക്കുന്ന ക്ലാസ്സുകള്‍ നടത്തി. ഹജ്ജും ഉംറയും പ്രതീകാത്മക ഇബാദത്താണ് എന്നതില്‍ ഊന്നിയായിരുന്നു ക്ലാസ്സുകള്‍.
താമസസ്ഥലം ഒരു കുന്നിന്റെ ചെരുവിലായിരുന്നു. നൂറോളം പടികള്‍ കയറി വേണം അവിടെയെത്താന്‍. ആരംഭത്തില്‍ പലര്‍ക്കും ഇത് പ്രയാസകരമായിതോന്നി. എന്നാല്‍ അഞ്ചു നേരം മസ്ജിദുല്‍ ഹറാമില്‍ പോയി നമസ്
കരിച്ചു വരുന്നതിനാല്‍ ഇതൊരു ഒന്നാം തരം ശാരീരിക അഭ്യാസമായി. അറഫ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ മുസ്ദലിഫയില്‍നിന്ന് വാഹനം കിട്ടാന്‍ വളരെ പ്രയാസമാണ്. ദാറുല്‍ ഇനാബയില്‍ (അതാണ് നാമിട്ട പേര്) താമസിച്ചിരുന്നവര്‍ ഒരു പ്രയാസവുമില്ലാതെ മുസ്ദലിഫ മുതല്‍ മസ്ജിദുല്‍ ഹറാം വരെ നടന്ന് ത്വവാഫുല്‍ ഇഫാദയും കഴിച്ച് റൂമിലെത്തി. ആത്മവിശുദ്ധിയോടൊപ്പം ശാരീരിക പരിശീലനവും അവര്‍ക്ക് ഹജ്ജിലൂടെ നേടാന്‍ സാധിച്ചു.
മക്കയില്‍ മുജാഹിദ് സുഹൃത്തുക്കള്‍ നടത്തുന്ന ക്ലാസ്സുകളിലും സംബന്ധിച്ചിരുന്നു. ഹജ്ജിന്റെ അന്തരീക്ഷത്തില്‍ യോജിപ്പിന്റെയും സഹകരണത്തിന്റെയും മേഖലകള്‍ സജീവമായി. സ്വന്തം ഉത്തരവാദിത്തത്തില്‍ വരുന്ന ഹാജിമാര്‍ താമസസ്ഥലം അന്വേഷിച്ചെത്തുമ്പോള്‍ അവരെ സഹായിക്കുന്നതില്‍ കക്ഷിചിന്തകളൊന്നും ഉണ്ടായിരുന്നില്ല. സഹകരണ ത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നല്ല നാളുകള്‍!
മക്കയിലെ റമദാനുകള്‍ മറക്കാനാവാത്ത അനുഭൂതിയാണ്. പത്തു പതിനഞ്ച് ലക്ഷം പേര്‍ നോമ്പുതുറക്കാന്‍ ഹറമിലുണ്ടാകും. അവര്‍ക്കെല്ലാം വേണ്ട ഈത്തപ്പഴവും സംസം വെള്ളവും പലഹാരങ്ങളും ദാനമായി നല്‍കാന്‍ ഉദാരമതികളായ നാട്ടുകാര്‍ പരസ്പരം മത്സരിക്കും. ഒരാളെ നോമ്പുതുറക്കാന്‍ കിട്ടിയാല്‍ നിധി കിട്ടിയ സന്തോഷമാണ് അവര്‍ക്ക്. നാട്ടുകാരില്‍ ചെറിയൊരു വിഭാഗമൊഴിച്ച് ബാക്കിയുള്ളവരെല്ലാം ഈ പൊതുനോമ്പുതുറയില്‍ പങ്കുചേരും. ബാങ്കടക്കം പതിനഞ്ചു മിനിറ്റ് സമയം കൊണ്ട് നോമ്പുതുറ പൂര്‍ത്തിയാകും. വളരെ പെട്ടെന്ന് നമസ്‌കാരസ്ഥലം വൃത്തിയാക്കും. ത്വവാഫ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നോമ്പുതുറക്കാന്‍ സൗകര്യം ചെയ്യുന്നതിലാണ് ചിലരുടെ ശ്രദ്ധ. ത്വവാഫിന് ഭംഗം വരാതെ അവരുടെ കൈയില്‍ ഈത്തപ്പഴവും സംസമും ഏല്‍പിക്കും. ഇഖാമത്ത് കൊടുക്കുമ്പോഴേക്ക് അവര്‍ നോമ്പുതുറന്ന് സ്വഫ്ഫുകളില്‍ സ്ഥാനം പിടിക്കും. മക്കയിലുായിരുന്ന നാലു വര്‍ഷം ആത്മീയ ചിന്തയും പ്രസ്ഥാന പ്രവര്‍ത്തനവും ഭംഗിയായി നിര്‍വഹിക്കാന്‍ ലഭിച്ച അവസരമായിരുന്നു.
സുഊദി അറേബ്യയിലേക്ക് പോകുന്നതിനു മുമ്പ് ഖത്തറിലെ ബിസിനസ് എന്റെ അറബികളായ പാര്‍ട്ട്ണര്‍മാരെ ഏല്‍പ്പിച്ചിരുന്നു. രണ്ടുവര്‍ഷം സ്വന്തമായി അവര്‍ ബിസിനസ് നടത്തിയപ്പോള്‍ എന്നെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണകളെല്ലാം നീങ്ങി. ബിസിനസ് എത്ര പ്രയാസകരമാണ് എന്നവര്‍ക്ക് മനസ്സിലായി. മാത്രമല്ല അത് മുന്നോട്ടുകൊണ്ടുപോകാന്‍ തങ്ങള്‍ക്കാവില്ല എന്ന ബോധ്യവും അവര്‍ക്കുണ്ടായി. അതിനാല്‍ ബിസിനസ് എന്നെ തിരിച്ചേല്‍പ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. അത് ഏറ്റെടുക്കാന്‍ ഒരു വലിയ സംഖ്യ ആവശ്യമായിരുന്നു. അത് കൈവശമില്ലാത്തതിനാല്‍ ഞാന്‍ അവരുടെ ഓഫര്‍ നിരാകരിച്ചു. എന്നാല്‍ ബാധ്യതകള്‍ എല്ലാം പിന്നീട് തീര്‍ത്താല്‍ മതി എന്ന നിബന്ധനയില്‍ അവര്‍ ബിസിനസ് എന്നെ തിരിച്ചേല്‍പ്പിക്കുകയാണുണ്ടായത്. അതേറ്റെടുക്കാനായി ഞാന്‍ ഖത്തറില്‍ വന്നു.
അറബികള്‍ ബിസിനസ് നടത്താന്‍ ഏല്‍പ്പിച്ച മാനേജറും സെയില്‍സ്മാനും കച്ചവടം ധാരാളം നടക്കുന്നുണ്ട് എന്ന് തെളിയിക്കാനായി മാര്‍ക്കറ്റില്‍ വന്‍തോതില്‍ സാധനങ്ങള്‍ കടമായി ഇറക്കി. അതിനാല്‍ കണക്കില്‍ കച്ചവടം ഭംഗിയായി നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ മാര്‍ക്കറ്റില്‍നിന്ന് കിട്ടാനുള്ള വലിയ സംഖ്യ പിരിച്ചെടുക്കാന്‍ ആരും ശ്രദ്ധിച്ചില്ല. മൂലധനത്തിന്റെ എത്രയോ ഇരട്ടി മാര്‍ക്കറ്റില്‍ കിട്ടാതെ കിടന്നു. അതോടെ കച്ചവടം തളര്‍ന്നു. ഈ അവസ്ഥയിലാണ് സ്ഥാപനം എന്നെ തിരിച്ചേല്‍പ്പിച്ചത്. ഒരു വെല്ലുവിളിയായി ഞാനത് ഏറ്റെടുത്തു.
സുഊദി അറേബ്യയില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയാണ് 1998-ല്‍ ഞാന്‍ വീണ്ടും ഖത്തറില്‍ തിരിച്ചെത്തിയത്. വീണ്ടും ഏറ്റെടുത്ത ബിസിനസ് ഭംഗിയായി നടത്താന്‍ കൂടുതല്‍ അധ്വാനവും ശ്രദ്ധയും ആവശ്യമായിരുന്നു. സ്ഥാപനത്തിന്റെ ബാധ്യതയായി ഒരു നല്ല സംഖ്യ പഴയ പാര്‍ട്ട്ണര്‍മാര്‍ക്ക് കൊടുക്കാനുണ്ടായിരുന്നു. അതിനാല്‍ ബിസിനസ് വികസിപ്പിക്കാന്‍ ഞാന്‍ പരമാവധി പരിശ്രമിച്ചു. പുതിയ ഒരു പാര്‍ട്ട്ണറെ കണ്ടെത്തി.
പ്രസ്ഥാന പ്രവര്‍ത്തനരംഗത്തും വളരെ സജീവമാകാന്‍ ഞാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി. മുജാഹിദ് പ്രസ്ഥാനം ആദ്യമായി പിളര്‍ന്ന കാലം. അവര്‍ പരസ്പരം വിമര്‍ശിച്ചെഴുതിയ പുസ്തകങ്ങള്‍ ഖത്തര്‍ ഔഖാഫിന്റെ ആവശ്യപ്രകാരം അറബിയിലേക്ക് മൊഴിമാറ്റം നടത്തിക്കൊടുത്തു. പിളര്‍പ്പ് ഇസ്‌ലാഹീപ്രസ്ഥാനത്തെ തളര്‍ത്തി, അതിന്റെ ക്രമപ്രവൃദ്ധമായ വളര്‍ച്ച നിലച്ചു. വളരെക്കാലം ജമാഅത്ത് വിമര്‍ശനം ഊര്‍ജസ്രോതസ്സായി ഉപയോഗിച്ചിരുന്ന പ്രസ്ഥാനം പിളര്‍ന്നപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയോടും ഇഖ്‌വാനുല്‍ മുസ്‌ലിമിനോടും മൃദുല സമീപനം സ്വീകരിക്കുന്നുവെന്നതായിരുന്നു ഒരു കക്ഷിക്കെതിരില്‍ ഉന്നയിച്ച പ്രധാന ആരോപണം.
ഇക്കാലത്താണ് അമേരിക്കയിലെ മന്‍ഹാട്ടനില്‍ ഇരട്ട ഗോപുരത്തില്‍ വന്‍ സ്‌ഫോടനമുണ്ടായത്. 2001 സെപ്റ്റംബര്‍ പതിനൊന്നാം തീയതിയിലായിരുന്നു അത്. സംഭവം നടന്ന ഉടനെ അഫ്ഗാനിസ്താനില്‍ സോവിയറ്റ് യൂനിയനെ പരാജയപ്പെടുത്തിയ അല്‍ഖാഇദ ഗ്രൂപ്പിന്റെ നേതാവായ ഉസാമ ബിന്‍ ലാദിനാണ് സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ എന്ന് പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇരട്ട ഗോപുരം കത്തിച്ചാമ്പലാകുന്നത് കണ്ടപ്പോഴേ എന്റെ മനസ്സ് പറഞ്ഞു, ഇത് ചെയ്തത് ഉസാമയല്ലെന്ന്. പിന്നീട് ഈ അഭിപ്രായത്തിന് ഉപോദ്ബലകമായി ധാരാളം തെളിവുകള്‍ എനിക്ക് ലഭിച്ചു. അമേരിക്കയിലെ പ്രഗത്ഭരായ നാല്‍പത്തിയഞ്ച് എഞ്ചിനീയര്‍മാര്‍ സംയുക്തമായി നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് എന്റെ ശ്രദ്ധയില്‍പെട്ടു. സ്‌ഫോടനം അമേരിക്കന്‍ ഗവണ്‍മെന്റ് തന്നെ ആസൂത്രണം ചെയ്തതാണ് എന്ന് സമര്‍ഥിക്കുന്നതായിരുന്നു പ്രസ്തുത പഠനം. സ്‌ഫോടനത്തോട് അനുബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് നടത്തിയ പ്രസംഗം പ്രത്യേകം ശ്രദ്ധേയമായിരുന്നു. 'ഈ കുരിശുയുദ്ധം, ഭീകരതക്കെതിരെയുള്ള ഈ സമരം അല്‍പം നീണ്ടുനില്‍ക്കും' - ഇതായിരുന്നു പ്രസംഗത്തിലെ ആദ്യവാചകം. അറിഞ്ഞും ആസൂത്രണം നടത്തിയും ഉണ്ടാക്കിയ സ്‌ഫോടനമായിരുന്നുവെന്നതിന് മറ്റെന്തു തെളിവു വേണം?
ഇരട്ട ഗോപുരത്തിന്റെ സ്‌ഫോടനം അമേരിക്കയിലെ സാമൂഹികാന്തരീക്ഷം പ്രക്ഷുബ്ധമാക്കി. താടി വളര്‍ത്തിയ ആരെയും ആക്രമിക്കുക എന്ന അവസ്ഥ വന്നു. ധാരാളം അക്രമങ്ങള്‍ നടന്നു. മുസ്‌ലിംകള്‍ അനഭിമതരായി.
വര്‍ഷങ്ങള്‍ കഴിഞ്ഞ് സുഊദി അറേബ്യ ഇരട്ട ഗോപുരങ്ങളുടെ തകര്‍ച്ചയിലുണ്ടായ നാശങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്തുവന്നിരിക്കുന്നു. ജാസ്ത്താ (ഭീകരര്‍ക്കെതിരെ നീതി) എന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണത്. അമേരിക്ക പ്രഖ്യാപിച്ച പത്തൊമ്പതു പേരില്‍ സുഊദികളുണ്ട് എന്നതാണ് ന്യായം. എന്നാല്‍ അമേരിക്ക പ്രസിദ്ധീകരിച്ച പേരുള്ള വ്യക്തികള്‍ സ്‌ഫോടനത്തില്‍ മരിച്ചിട്ടില്ലെന്നും തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്നും ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പുതിയ ലോകവ്യവസ്ഥ എങ്ങനെ അസത്യത്തില്‍ കെട്ടിപ്പടുത്തതാണ് എന്ന് ഗ്രഹിക്കാന്‍ ഇതെല്ലാം മതിയായ തെളിവാണ്.
(തുടരും)
Comments