Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 25

3123

1441 സഫര്‍ 25

കശ്മീര്‍ മണ്ണിനും മനുഷ്യനുമിടയിലെ സൈദ്ധാന്തിക ദുശ്ശാഠ്യങ്ങള്‍

എ. റശീദുദ്ദീന്‍

ഭരണഘടനയുടെ 370-ാം വകുപ്പ് നിലനിര്‍ത്തിപ്പോന്ന കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞിട്ട് ഇതെഴുതുന്നതുവരെ എഴുപത് ദിവസം പിന്നിട്ടിരിക്കുന്നു. കശ്മീര്‍ പ്രശ്നം എന്നന്നേക്കുമായി പരിഹരിക്കേണ്ടത് എങ്ങനെയെന്ന് ഇപ്പോഴത്തെ സര്‍ക്കാറിന് അറിയാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇക്കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ച് വെറും 15 ദിവസത്തിനകമായിരുന്നു 370-ാം വകുപ്പ് എടുത്തു കളഞ്ഞ് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രമേയം പാസ്സാക്കിയത്. അതുവരെയുള്ള ദിവസങ്ങളില്‍ തികച്ചും ആസൂത്രിതമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോയത്. പാര്‍ലമെന്റിനകത്തും പുറത്തും കശ്മീരുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളില്‍ സംസ്ഥാനത്ത് വികസനം ഉറപ്പു വരുത്തുന്നതിനും ഭീകരത ഇല്ലതാക്കുന്നതിനും ഏറ്റവും വലിയ തടസ്സമായി നിലകൊള്ളുന്നത് 370-ാ വകുപ്പ് ആണെന്നായിരുന്നു മോദി സര്‍ക്കാറിന്റെ നിലപാട്. ഗവര്‍ണര്‍ സത്യപാല്‍ മലികിനെ മുന്നില്‍ നിര്‍ത്തി ഓരോ കരുക്കളും നീക്കുമ്പോഴും പരസ്യമായി അദ്ദേഹം പൊതുജനത്തോടു നുണകള്‍ പറയുന്നുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ സവിശേഷാധികാരങ്ങള്‍ എടുത്തു കളയാനുള്ള ഒരു നീക്കവും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്ന് മലിക് ജൂലൈ 31-ന് ഉറപ്പൂ നല്‍കുക പോലും ചെയ്തിരുന്നു. അസാധാരണമായ സംഘര്‍ഷങ്ങളൊന്നും സംസ്ഥാനത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നിട്ടും കശ്മീരിലേക്ക് അതിനകം 10 ലക്ഷത്തോളം സൈനികരെ വിന്യസിച്ചു കഴിഞ്ഞിരുന്നു. അവിടെ ഉണ്ടായിരുന്ന ടൂറിസ്റ്റുകളെ അടിയന്തര പ്രാധാന്യത്തോടെ തിരിച്ചയക്കുകയും അമര്‍നാഥ് യാത്ര പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. 
സംസ്ഥാനത്ത് എന്തൊക്കെയോ സംഭവിക്കുമെന്ന ആശങ്കയില്‍ മുതിര്‍ന്ന നേതാക്കള്‍ കക്ഷിരാഷ്ട്രീയഭേദമന്യേ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ അര്‍ഥത്തിലും അസാധാരണമായ ഒരു കൂടിച്ചേരലായിരുന്നു അത്. കക്ഷിരാഷ്ട്രീയഭേദമന്യേ പി.ഡി.പിയും കോണ്‍ഗ്രസും പീപ്പ്ള്‍സ് കോണ്‍ഫറന്‍സും സി.പി.എമ്മും പീപ്പ്ള്‍സ് യുനൈറ്റഡ് ഫ്രണ്ടും അവാമി നാഷ്‌നല്‍ കോണ്‍ഫറന്‍സും പീപ്പ്ള്‍സ് യുനൈറ്റഡ് ഫ്രണ്ടും ഈ യോഗത്തിലെത്തി. മുമ്പൊരിക്കല്‍ പോലും ഈ സംഘടനകള്‍ കശ്മീരിന്റെ മറ്റൊരു ആവശ്യത്തിനു വേണ്ടിയും ഒന്നിച്ചു നിന്ന ചരിത്രമുണ്ടായിട്ടില്ല. ഭരണഘടനയുടെ 35 എ, 370 വകുപ്പുകള്‍ റദ്ദാക്കുന്നതോ ഭേദഗതി വരുത്തുന്നതോ ജമ്മു- കശ്മീര്‍ ജനതയോട് ചെയ്യുന്ന അതിക്രമമായിരിക്കുമെന്ന് സംസ്ഥാനത്തു നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോടൊപ്പം നിന്ന സജ്ജാദ് ഗനി ലോണും തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ച മഹ്ബൂബാ മുഫ്തിയുമൊക്കെ ഈ പ്രസ്താവനയില്‍ ഒപ്പുവെച്ചവരിലുണ്ട്. ഏതു സാഹചര്യവും ഒറ്റക്കെട്ടായി നേരിടാനും രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും രാജ്യത്തെ പ്രധാന രാഷ്ട്രീയ സംഘടനകളെയും അത്തരം തീരുമാനങ്ങളെടുത്താല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് നേരില്‍ കണ്ട് ബോധ്യപ്പെടുത്താനും യോഗം ധാരണയിലെത്തി. പക്ഷേ കശ്മീരിന്റെ 'പ്രശ്നം' പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് അറിയുമായിരുന്ന ആ ഗമണ്ടന്‍ 'തന്ത്ര'വുമായി മോദിയും അമിത് ഷായും മുന്നോട്ടു പോവുക തന്നെ ചെയ്തു. പ്രത്യേകാധികാര പദവി എടുത്തു കളഞ്ഞാല്‍ തീരുന്ന പ്രശ്നമാണോ കശ്മീരിന്റേതെന്ന ചോദ്യമൊന്നും ഇന്ത്യയില്‍ ഒരിടത്തുമുയര്‍ന്നില്ല. ഫാറൂഖ് അബ്ദുല്ലയും കശ്മീരിലെ നേതാക്കളും മനസ്സില്‍ കണ്ടതൊന്നുമല്ല രാജ്യത്തുണ്ടായത്. കോടതികളും ദേശീയ മാധ്യമങ്ങളും രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും തിരുവായ്ക്കെതിരെ ഒരക്ഷരം പോലും ഉരിയാടിയില്ല.  
തൊട്ടു പിറ്റേ ദിവസം തന്നെ ഈ നേതാക്കള്‍ കൂട്ടത്തോടെ തടവിലായി. സംസ്ഥാനത്തെ ജനജീവിതം പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ടെലിഫോണുകളും മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും ചലനമറ്റു. കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടവിലാക്കുക എന്നു പറയുമ്പോള്‍ നേര്‍ക്കുനേരെ മനസ്സിലാക്കുന്ന അര്‍ഥമല്ല അതിനുള്ളത്. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുകയും തദടിസ്ഥാനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് പലതരം പദവികള്‍ വഹിക്കുകയും ചെയ്ത ഈ നേതാക്കളുടെ മറുവശത്ത് സയ്യിദ് അലി ഷാ ഗീലാനിയെ പോലെ ഭരണഘടനയെ തള്ളിപ്പറയുകയും അതിനെ അടിസ്ഥാനമാക്കി നടത്തുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോലും കൂട്ടാക്കാതിരിക്കുകയും ചെയ്യുന്നവരായിരുന്നു ഉണ്ടായിരുന്നത്. നാം ആരെയെങ്കിലും ഒപ്പം നിര്‍ത്തണമെന്ന സാമാന്യ ബോധമൊന്നും ഈ കൂട്ട തടങ്കല്‍ പ്രകിയക്ക് നേതൃത്വം കൊടുത്തവര്‍ക്ക് ഉണ്ടായിരുന്നില്ല. 1980-കളില്‍ വെറും മൂന്നും നാലും ശതമാനം ജനങ്ങള്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താറുണ്ടായിരുന്ന ഒരു സംസ്ഥാനത്ത് ഒന്നുമല്ലെങ്കില്‍ ജനാധിപത്യ പ്രക്രിയയെ മുന്നില്‍നിന്നും നയിച്ചവരായിരുന്നല്ലോ അവര്‍. അവരിലുള്ള വിശ്വാസമായിരുന്നു ഒടുവില്‍ സംസ്ഥാനത്തെ വോട്ടിംഗ് ശതമാനം 60-ന് മുകളിലേക്കുയരാനുണ്ടായ കാരണം. ഈ നേതാക്കളില്‍ ഫാറൂഖ് അബ്ദുല്ലയുടെ പേര് പ്രത്യേകം പറയേണ്ടതാണ്. എക്കാലത്തും ഇന്ത്യന്‍ താല്‍പര്യങ്ങളുടെ പക്ഷത്ത് അടിയുറച്ചു നിന്ന നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിനെതിരെ പൊതു സുരക്ഷാ നിയമം ചുമത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ കസ്റ്റഡി ഉത്തരവ് നീട്ടിയെടുത്തത്. തടവിലാക്കിയവരില്‍ മഹാഭൂരിപക്ഷത്തെയും സൈനിക വാഹനങ്ങളില്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള അജ്ഞാത കേന്ദ്രങ്ങളിലേക്കു മാറ്റി. മുഖ്യമന്ത്രിമാരായിരുന്നവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചപ്പോള്‍ പ്രധാനപ്പെട്ട മറ്റു നേതാക്കള്‍ക്കായി കശ്മീരിലെ ഹോട്ടലുകളില്‍ ചിലതിനെ താല്‍ക്കാലിക ജയിലുകളാക്കി പരിവര്‍ത്തിപ്പിച്ചു.
അതിലൂടെ എന്താണ് ഒടുവില്‍ രാജ്യം നേടിയത്? കശ്മീരില്‍ പകുതിയിലേറെ ജനങ്ങളുമായി നാഭീനാള ബന്ധമുണ്ടായിരുന്ന നേതാക്കളുടെ ഒരു തലമുറയെ കേന്ദ്രസര്‍ക്കാര്‍ ഇല്ലതാക്കുകയാണ് ചെയ്തത്. കശ്മീര്‍ നേതാക്കളില്‍ ഒരാളെ പോലും വിശ്വാസത്തിലെടുക്കാന്‍ അമിത് ഷായും മോദിയും തയാറായില്ല. ഇന്ത്യന്‍ അനുകൂല നിലപാടുള്ള നേതാക്കള്‍, മിതവാദി നേതാക്കള്‍, വിഘടനവാദി നേതാക്കള്‍, തീവ്രവാദി നേതാക്കള്‍ എന്നു തുടങ്ങിയ വേര്‍തിരിവുകള്‍ അവസാനിപ്പിച്ച് എല്ലാവരെയും ഒറ്റ തൊഴുത്തില്‍ ചേര്‍ത്തുകെട്ടി. ഫാറൂഖിനെയും മഹ്ബൂബയെയും ഉമറിനെയും പോലുള്ള ഇന്ത്യാ അനുകൂല മനോഭാവമുണ്ടായിരുന്ന നേതാക്കള്‍ക്ക് രാജ്യത്തെ കുറിച്ച് ഇനിയെന്തായിരിക്കും അവിടത്തെ ജനതയോട് പറയാനാവുക? പറയുമെങ്കില്‍ തന്നെ പട്ടിണി കിടന്നും ചികിത്സ ലഭിക്കാതെയും ആഘോഷങ്ങള്‍ ഉപേക്ഷിച്ചും പരസ്പരബന്ധങ്ങള്‍ അറ്റും ഉറ്റവരെ കുറിച്ച് ഒരു വിവരവുമില്ലാതെയും കടന്നുപോകുന്ന ഈ ദുരിതകാലത്തിനു ശേഷം ഈ നേതാക്കള്‍ക്ക് പൊതുജനത്തില്‍നിന്നും എത്രപേരെ കിട്ടും ഒപ്പം നില്‍ക്കാനായി? പുതിയ മറ്റൊരു കൂട്ടം നേതാക്കളെ കശ്മീരില്‍നിന്നും ഉണ്ടാക്കിയെടുക്കാനാണ് കേന്ദ്രം ഒരുങ്ങുന്നതെന്നാണ് ഇപ്പോഴത്തെ സൂചന. നാഷ്‌നല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും കോണ്‍ഗ്രസുമൊക്കെ ബഹിഷ്‌കരിച്ചിട്ടും നടത്തിയ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍നിന്നും പുതിയ ബ്ലോക്ക് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാനുള്ള ഒടുവിലത്തെ നീക്കം അതിന്റെ സൂചനയാണ്. '80-കളിലെയും '90-കളിലെയും തെരഞ്ഞെടുപ്പ് പ്രഹസനം കോണ്‍ഗ്രസിന്റെ സംഭാവനയായിരുന്നുവെങ്കില്‍ ഇനിയും എത്ര ദശാബ്ദങ്ങള്‍ കൂടി ഇതേ പ്രഹസനം ബി.ജെ.പി നടത്തുമായിരിക്കും, കശ്മീരിലെ അടുത്ത തലമുറ നേതാക്കളെ പടച്ചുണ്ടാക്കാനായി?  
നിയമപരമായി അസാധ്യമെന്നു കരുതിയ ഒരു നീക്കം കോടതികളെ പോലും നിശ്ശബ്ദരാക്കിയാണ് മോദിയും അമിത് ഷായും നടപ്പില്‍ വരുത്തിയത്. യഥാര്‍ഥത്തില്‍ 370-ാം വകുപ്പ് ആയിരുന്നോ കശ്മീരിന്റെ വികസനത്തിനുള്ള തടസ്സവും അവിടത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാരണവും? കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഈ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്ന കശ്മീരിന്റെ പ്രശ്നം ഹിതപരിശോധനയോ പാകിസ്താനിലേക്ക് പറിച്ചുനടലോ ഒന്നുമായിരുന്നില്ല. അവിടത്തെ ജനങ്ങളോട് വിവിധ കാലഘട്ടങ്ങളില്‍ സര്‍ക്കാറുകള്‍ ചെയ്ത ക്രൂരതകളായിരുന്നു. അവരുടെ കാണാതായ കുഞ്ഞുങ്ങളും ഭര്‍ത്താക്കന്മാരും ബന്ധുക്കളും തീര്‍ക്കുന്ന സമസ്യകളായിരുന്നു അതില്‍ ഏറ്റവും വലുത്. പക്ഷേ ഈ വക വിഷയങ്ങളിലെല്ലാം മുന്‍ പ്രധാനമന്ത്രിമാരായിരുന്ന അടല്‍ ബിഹാരി വാജ്പേയിയും ഡോ. മന്‍മോഹന്‍ സിംഗും തുടക്കമിട്ട മാനവികവും ഉദാരവുമായ നിലപാടുകളെ ചവിട്ടിയരച്ചാണ് മോദി സര്‍ക്കാര്‍ ദല്‍ഹിയില്‍ അധികാരമേറ്റത്. 2014-ലെ തെരഞ്ഞെടുപ്പിനു ശേഷം അതിവേഗതയിലാണ് കശ്മീരിലെ സാഹചര്യങ്ങള്‍ വഷളായത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ മോദിയും പി.ഡി.പിയും ചേര്‍ന്നുണ്ടാക്കിയ സര്‍ക്കാറുകള്‍ ജനതയെ ഇന്ത്യയിലേക്ക് അടുപ്പിക്കുകയാണോ അകറ്റുകയാണോ ചെയ്തുകൊണ്ടിരുന്നത്? എന്തുകൊണ്ട് അവര്‍ക്ക് കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ല? ഏറ്റുമുട്ടലിന്റേതല്ലാത്ത എന്തു മാര്‍ഗമാണ് ഈ കാലയളവില്‍ മോദി സര്‍ക്കാര്‍ കശ്മീരില്‍ സ്വീകരിച്ചത്? ഈ സ്വയംകൃതാനര്‍ഥങ്ങള്‍ക്ക് അവിടത്തെ ജനങ്ങളെയും നേതാക്കളെയും തടവിലിട്ടും ജനങ്ങളെ കൂട്ടത്തോടെ നിരോധനാജ്ഞക്കു കീഴില്‍ ചുരുട്ടിക്കെട്ടിയും എന്താണ് കശ്മീരില്‍നിന്നും രാജ്യം നേടാന്‍ പോകുന്നത്? 
കോടതികളെയും ജഡ്ജിമാരെയും കുറിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേട്ടു വരുന്ന വിചിത്രമായ പുതിയ തരം വാര്‍ത്തകള്‍ക്ക് ഇപ്പോഴത്തെ കശ്മീര്‍ കുറേക്കൂടി കരിഞ്ഞ മഷി കൊണ്ടാണ് അടിവരയിടുന്നുണ്ട്. പത്രസ്വാതന്ത്ര്യം പരമപ്രധാനമാണെന്ന് ആഗസ്റ്റ് 16-ന് കശ്മീര്‍ ടൈംസ് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവെ കോടതി അഭിപ്രായപ്പെട്ടു. അപ്പോഴും സര്‍ക്കാറിന് മറുപടി പറയാന്‍ കൊടുത്തത് രണ്ടാഴ്ച. എന്നിട്ടോ? ജസ്റ്റിസ് ബോബ്ഡെ സര്‍ക്കാറിന്റെ പത്രമാരണ നടപടിക്ക് അംഗീകാരം നല്‍കിക്കൊണ്ട് വ്യക്തമാക്കിയത് ഇതെല്ലാം അനിവാര്യമായ ചില സാഹചര്യങ്ങള്‍ മാത്രമാണെന്നാണ് (ഹിന്ദു ദിനപത്രം, സെപ്റ്റംബര്‍ 17). മറ്റൊരു പ്രമാദമായ കേസില്‍ ഹേബിയസ് കോര്‍പസ് ഹരജിയുമായി കോടതിയിലെത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വേണ്ടിയിരുന്നത് സ്വന്തം എം.എല്‍.എയെ അടിയന്തരമായി കോടതിയില്‍ ഹാജരാക്കണമെന്നാണ്. ഹേബിയസ് കോര്‍പസ് ഹരജികളുടെ ഇന്നോളമുള്ള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഉത്തരവാണ് കോടതി നല്‍കിയത്. കാണാതായ വ്യക്തിയെ ജീവനോടെയോ അല്ലാതെയോ കോടതിയില്‍ ഹാജരാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതാണ് ഹേബിയസ് കോര്‍പസ് എന്ന ഹരജിയുടെ അടിസ്ഥാനം. അതിനു പകരം യെച്ചൂരി കശ്മീരില്‍ പോയി യൂസുഫ് തരിഗാമി എന്ന ഈ എം.എല്‍.എയെ കാണുകയും എന്നിട്ട് അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. തടവിലെടുക്കപ്പെട്ട കാര്യം പരാതിക്കാരന്‍ കോടതിയെ ബോധ്യപ്പെടുത്തിയാല്‍ അതിന് ഉത്തരം പറയേണ്ട പണി സര്‍ക്കാറിന്റേതാണെന്ന് പോലും കോടതി മറന്നു. 
കശ്മീരില്‍ ആഗസ്റ്റ് 5-ന്് മുമ്പെ ഒരുവിധ അസ്വസ്ഥതയും കശ്മീരില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. അസ്വസ്ഥതകള്‍ക്ക് കാരണമായ ഒരു നീക്കം ഉണ്ടായിട്ടുണ്ടെങ്കില്‍തന്നെ അത് സര്‍ക്കാറിന്റെ ഭാഗത്തു നിന്നാണ്. അതിനെ ചൊല്ലി ജനങ്ങളുടെ മൗലികാവകാശം തടഞ്ഞു. അപ്പോഴും കോടതി ഇടപെടാന്‍ തയാറായില്ല. കശ്മീര്‍ കേസുകളുടെ വിചാരണക്കിടയില്‍ ജനജീവിതം താറുമാറായതുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കവെ താന്‍ നേരിട്ടു പോയി സാഹചര്യങ്ങള്‍ വിലയിരുത്തേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ഒരുഘട്ടത്തില്‍ പറയുന്നുണ്ട്. ജഡ്ജിമാര്‍ ഇങ്ങനെ പറഞ്ഞ് ഒഴിഞ്ഞുമാറിയതു കൊണ്ട് കാര്യമില്ലല്ലോ. ഉള്ള തെളിവ് വെച്ച് വിധി പറയുകയല്ലേ വേണ്ടത്? മാത്രവുമല്ല ജഡ്ജിമാര്‍ എന്നു മുതല്‍ക്കാണ് കേസുകള്‍ സ്വയം അന്വേഷിക്കുന്ന പതിവ് കോടതികളില്‍ ആരംഭിച്ചത്? പരാതിക്കാര്‍ നിരത്തുന്ന തെളിവുകള്‍ സര്‍ക്കാര്‍ ഖണ്ഡിക്കുന്നുണ്ടെങ്കില്‍ കോടതി അതനുസരിച്ച് വിധി പറയട്ടെ. അല്ലാതെ ഒരു ജഡ്ജി കശ്മീരിലേക്ക് നേരിട്ട് പോയി താന്‍ കണ്ട കാഴ്ചകളുടെ അടിസ്ഥാനത്തില്‍ വിധി പറയുക എന്നതാണോ നിയമവാഴ്ചയുടെ തത്ത്വം? ജഡ്ജി നേരിട്ടു കണ്ട കൊലപാതകം പോലും പ്രോസിക്യൂഷന്റെ തെളിവുകളായി കോടതിയുടെ മുമ്പാകെ എത്തുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ കാഴ്ച കേസില്‍ സാക്ഷിമൊഴിക്കു മാത്രം ഉതകുന്ന ഒന്നാണെന്നാണ് ബ്രിട്ടീഷ് നിയമസംഹിതയിലുള്ളത്. 
കശ്മീര്‍ ഇന്ത്യയോടൊപ്പം തന്നെയായിരുന്നു. മുമ്പെന്നത്തേക്കാളും കശ്മീരികള്‍ ഇന്ത്യയുമായി ചേര്‍ന്നാണ് കഴിഞ്ഞ രണ്ടു ദശാബ്ദമായി മുന്നോട്ടു പോകുന്നത്. ശ്യാമപ്രസാദ് മുഖര്‍ജിയെന്ന ആര്‍.എസ്.എസ് ആചാര്യന്റെ കാലത്തു നിന്നും ഈ സംസ്ഥാനം ഒരുപാട് മുന്നോട്ടു പോയെന്ന് പുറത്തു നിന്നും വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാവുന്നുണ്ട്. പാകിസ്താനു പോലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ കശ്മീരില്‍ പുതിയ നീക്കങ്ങളൊന്നും സാധ്യമായിട്ടില്ല. ജനങ്ങളെ ഒന്നുകൂടി ചേര്‍ത്തു നിര്‍ത്താന്‍ കിട്ടുമായിരുന്ന ഒന്നാന്തരം അവസരമായിരുന്നു അവിടെ രൂപപ്പെട്ടുകൊണ്ടിരുന്നതെന്നും സൈദ്ധാന്തിക കടുംപിടിത്തത്തിലൂടെ അത്തരം സാധ്യതകള്‍ ഇന്ത്യക്കകത്ത് ഇല്ലാതാക്കുകയും ഒപ്പം ഐക്യരാഷ്ട്ര സഭയുടെ ചത്ത കുതിരയെ കശ്മീരില്‍ പുനരുജ്ജീവിപ്പിക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ബാഹ്യമായി എന്തൊക്കെ പറയുമ്പോഴും യൂറോപ്യന്‍ യൂനിയനില്‍ ഇന്ത്യക്കെതിരെ ഉയര്‍ന്ന വികാരം തണുപ്പിക്കാനാണ് വിദേശകാര്യമന്ത്രിക്ക് ഫിന്‍ലന്റ് സന്ദര്‍ശിക്കേണ്ടിവന്നത്. കശ്മീര്‍ വിഷയത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഉപേക്ഷിച്ച പരാമര്‍ശങ്ങളാണ് ഐക്യരാഷ്ട്ര സഭയില്‍ ചൈന ആവര്‍ത്തിച്ചത്. മാമല്ലപുരത്തെ കൂടിക്കാഴ്ചയില്‍ എന്തു കൊണ്ട് ചൈനീസ് പ്രസിഡന്റുമായി കശ്മീര്‍ കാര്യം ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞില്ല? 
സംസ്ഥാനത്തെ ജനങ്ങളെയോ നേതാക്കളെയോ തരിമ്പും വിശ്വാസത്തിലെടുക്കാതെ അവിടത്തെ മണ്ണിനു വേണ്ടി മാത്രമുള്ള സൈദ്ധാന്തികമായ ഒരുതരം ദുശ്ശാഠ്യവുമായി ബുള്‍ഡോസറിനെ പോലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും മുന്നോട്ടു പോകുന്നത്. പക്ഷേ ഒടുവിലൊടുവിലായി ഈ അനവധാനത സൃഷ്ടിച്ച സമരച്ചൂട് ആസന്നമായ ശൈത്യത്തിനിടയിലും കശ്മരീല്‍നിന്നും ദല്‍ഹിയിലേക്ക് പടരുന്നത് കാണാനുണ്ട്. സ്വാതന്ത്ര്യ സമരക്കാലത്തെ നിസ്സഹകരണ പ്രസ്ഥാന മാതൃകയില്‍ താഴ്വരയിലെ ജനങ്ങള്‍ നിശ്ശബ്ദരായി പ്രതിഷേധം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അതിന്റെ സ്വാഭാവിക പരിണതിയെന്നോണം സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ അനുദിനം മൂക്കുകുത്തി താഴോട്ടു പോവുകയാണ്. കാര്‍ഷിക വിളകള്‍, ചരക്കു ഗതാഗതം, ഓഫീസുകള്‍, ബാങ്കുകള്‍, പാഠശാലകള്‍ ഇവയെല്ലാം നിശ്ചലമായിരിക്കുന്നു. വലിയ വായില്‍ വീമ്പിളക്കി നടന്ന സര്‍ക്കാര്‍ പോലും ഒടുവില്‍ ജനങ്ങളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട് പത്രങ്ങളില്‍ പരസ്യം ചെയ്തു തുടങ്ങി. ടൂറിസ്റ്റുകള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കിയെന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും ആരും താഴ്വരയിലേക്ക് പോകുന്നില്ലെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങോട്ടേക്ക് ചെന്നതിനു ശേഷം ബാഹ്യലോകവുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ടൂറിസ്റ്റുകളുടെ വരവ് നിലച്ചിരിക്കുകയാണ്. ഒടുവില്‍ ഈ പ്രതിസന്ധി മറികടക്കാനായി ടെലികമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ പോലും കേന്ദ്രം തയാറായി. അപ്പോഴും കശ്മീരികള്‍ക്കു വേണ്ടി ആയിരുന്നില്ല ഈ നീക്കം. കശ്മീരിലെ നേതാക്കളെ തടവിലിടുന്നത് തുടര്‍ന്ന സര്‍ക്കാര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ലെന്ന് ബോണ്ട് നല്‍കിയാല്‍ പുറത്തുപോകാമെന്നാണ് ഇവരെ അറിയിച്ചിട്ടുള്ളത്. വിരലിലെണ്ണാവുന്ന ഏതാനും നേതാക്കളാണ് അതിന് തയാറായത്. അതുതന്നെയും ആരോഗ്യ പ്രശ്‌നങ്ങളും മറ്റും ഉള്ളവരാണ് ഈ ബോണ്ട് നല്‍കിയതെന്നും സൂചനകളുണ്ട്.
അന്താരാഷ്ട്ര മേഖലയില്‍ കശ്മീര്‍ സൃഷ്ടിച്ച പ്രതിസന്ധികളെ ഒരു രാജ്യം എന്ന നിലയില്‍ മറികടക്കാനുള്ള നയതന്ത്ര ശേഷി ഇന്ത്യക്കുണ്ട് എന്നതില്‍ സംശയമില്ല. പക്ഷേ 370-ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം കഴിഞ്ഞ മൂന്നു മാസമായി സ്വയംപ്രഖ്യാപിത ബഹിഷ്‌കരണം തുടരുന്ന കശ്മീരികളെ എങ്ങനെയാണ് നാം ഒപ്പം നിര്‍ത്തുക? ഏതു രാഷ്ട്രീയ നേതാവിനാണ് അതിനുള്ള ജനസമ്മിതിയും സ്വീകാര്യതയും കശ്മീരിലുള്ളത്? അവിടത്തെ മനുഷ്യരെ ആവശ്യമില്ലാത്ത, വെറും മണ്ണിനു വേണ്ടി മാത്രമുള്ള ഒരു നീക്കം മാത്രമായി ഇപ്പോഴത്തെ നീക്കങ്ങള്‍ വിലയിരുത്തപ്പെട്ടാല്‍ സംസ്ഥാനത്ത് എങ്ങനെയാണ് പുരോഗതി കൈവരുന്നത്? അവിടെ ഭൂമി പിടിച്ചടക്കുന്ന കോര്‍പറേറ്റ് ആര്‍ത്തിപ്പണ്ടാരങ്ങള്‍ക്ക് കൂടുതല്‍ വെട്ടിവിഴുങ്ങാനുള്ള അവസരം കൈവരുമെന്നല്ലാതെ? 370-ാം വകുപ്പ് പ്രായോഗിക തലത്തില്‍ എന്നോ അന്യംനിന്നുപോയ ഒരു സംസ്ഥാനത്ത് അതിന്റെ കല്ലറ കുത്തിത്തുറക്കുകയാണ് ഒരുപക്ഷേ സര്‍ക്കാര്‍ ചെയ്തത്. 70-ലേറെ വര്‍ഷങ്ങള്‍ ആഗോള സാമ്പത്തിക, രാഷ്ട്രീയ, സൈനിക താല്‍പര്യങ്ങളുടെ വിളഭൂമിയായി എല്ലാ സര്‍ക്കാറുകളും നിലനിര്‍ത്തിയ പ്രശ്നങ്ങള്‍ക്കു മേല്‍ മോദി സര്‍ക്കാര്‍ വകയായി പുതിയ ഒരു കൂട്ടം പ്രതിസന്ധികള്‍ കൂടി സൃഷ്ടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (34-35)
ടി.കെ ഉബൈദ്‌