പൊതു സമൂഹവുമായി സംവദിക്കണം, പ്രവാചകന്മാരെപ്പോലെ
(പൊതുജനാഭിപ്രായം എങ്ങനെ രൂപപ്പെടുന്നു?-2)
ഇസ്‌ലാമിന് അനുകൂലമായി പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹം തങ്ങള്‍ ഇതുവരെ പിന്തുടര്‍ന്നുവരുന്ന വിചാര മാതൃകകളില്‍/പാരഡൈമുകളില്‍ സമൂലമായ മാറ്റം തന്നെ വരുത്തേണ്ടിവരുമെന്ന് കഴിഞ്ഞ ലക്കത്തില്‍ നല്‍കിയ വിവരണത്തില്‍നിന്ന് ബോധ്യമാകും. ന്യൂനപക്ഷങ്ങള്‍ എല്ലാ കാലത്തും പൊതുജനാഭിപ്രായ രൂപവത്കരണത്തെ സ്വാധീനിച്ചിട്ടുണ്ട്. പൊതുസമൂഹത്തില്‍നിന്ന് അകന്നുമാറി സ്വന്തം ഗെറ്റോകളില്‍ ഒതുങ്ങിക്കൂടുന്നവരാണ് ഈ ന്യൂനപക്ഷമെങ്കില്‍ അവര്‍ക്കതിന് സാധ്യമല്ല. ഗെറ്റോകളില്‍ (ഏവലേേീ)െ കഴിയുന്നവര്‍ ഏതെങ്കിലും നിലയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെങ്കില്‍ അത് നിഷേധാത്മകമായിട്ടുമായിരിക്കും. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പൊതുജനാഭിപ്രായ രൂപവത്കരണത്തെ സ്വാധീനിക്കാന്‍ കഴിയാത്തത് അവര്‍ ന്യൂനപക്ഷമായതുകൊണ്ടല്ല, ഗെറ്റോ മനോഘടനയാണ് അതിന് കാരണം. ഇത് മാറ്റിയെടുക്കാന്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം എന്നാണ് ഇനി ചര്‍ച്ച ചെയ്യുന്നത്.
ഒന്ന്: സ്വന്തം സമൂഹമായി കാണുക
പൊതുസമൂഹത്തെ സ്വന്തം സമൂഹമായി കാണാന്‍ കഴിയണം. അവരുമായി ആഴത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടാക്കണം. അതിന് രണ്ട് കാര്യങ്ങള്‍ അനിവാര്യമാണ്. അടുത്ത പരിചയവും വിശ്വാസ്യതയും നേടിയെടുക്കുക (Principle of Familiarity and Trust) എന്നതാണ് ഒന്നാമത്തേത്. തങ്ങള്‍ക്ക് അവലംബിക്കാനും താങ്ങാവാനും പറ്റുന്ന ഒരു വിഭാഗത്തിന്റെ അഭിപ്രായങ്ങളെ മാത്രമേ പൊതുജനം സ്വീകരിക്കുകയുള്ളൂ. ആശയം സമര്‍പ്പിക്കുന്നവര്‍ ആരാവട്ടെ, അവരെക്കുറിച്ച അടുത്തറിവും പരിചയവും അതിനെത്തുടര്‍ന്ന് അവര്‍ക്ക് ലഭിക്കുന്ന വിശ്വാസ്യതയുമാണ് ആ ആശയത്തിന് പൊതു സ്വീകാര്യത നേടിക്കൊടുക്കുന്ന ഒന്നാമത്തെ ഘടകം.1 പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ അതീവ താല്‍പര്യം ഉണ്ടാവുക (Principle of Interest) എന്നതാണ് അനിവാര്യമായും ഉണ്ടാകേണ്ട രണ്ടാമത്തെ സംഗതി.2
പൊതുസമൂഹവുമായി നമുക്കുണ്ടാവേണ്ട ബന്ധം, പ്രവാചകന്മാര്‍ക്ക് അവരുടെ സമൂഹങ്ങളുമായുണ്ടായിരുന്ന അഗാധ ബന്ധമാണ്. ഓരോ പ്രവാചകനും അവരവരുടെ സമൂഹങ്ങള്‍ക്ക് ഏറെ സുപരിചിതനായിരുന്നു. ഓരോ പ്രവാചകനും തന്റെ പ്രബോധിത സമൂഹത്തിന്റെ ഭാഗമായിരുന്നുവെന്ന് ഖുര്‍ആനിക പ്രയോഗങ്ങളില്‍നിന്നു തന്നെ വ്യക്തം. ''നമ്മുടെ ദൃഷ്ടാന്തങ്ങളുമായി മൂസാ പ്രവാചകനെ അയച്ചപ്പോള്‍ നാം പറഞ്ഞു: നീ നിന്റെ സമുദായത്തെ അന്ധകാരങ്ങളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കണം. ദൈവത്തിന്റെ ദിനങ്ങളെക്കുറിച്ച് അവരെ ഓര്‍മിപ്പിക്കുകയും വേണം'' (ഇബ്‌റാഹീം 5). തന്റെ സമൂഹത്തിന്റെ ഭാഷയിലാണ് ഓരോ പ്രവാചകനും സംസാരിച്ചിരുന്നതും. ''ഒരു ദൂതനെയും തന്റെ ജനതയുടെ ഭാഷയിലല്ലാതെ നാം അയച്ചിട്ടില്ല'' (ഇബ്‌റാഹീം 4). ചില പ്രവാചകന്മാരെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് 'അവരുടെ (പ്രബോധിത സമൂഹത്തിന്റെ) സഹോദരന്‍' എന്നാണ്. ''ആദ് സമൂഹത്തിലേക്ക് അവരുടെ സഹോദരന്‍ ഹൂദിനെ അയച്ചു. അദ്ദേഹം പറഞ്ഞു: എന്റെ സമൂഹമേ, നിങ്ങള്‍ ദൈവത്തിന് വഴിപ്പെടുക. അവനല്ലാതെ മറ്റൊരു ദൈവം നിങ്ങള്‍ക്ക് ഇല്ല'' (7:65). പ്രവാചകന്മാരെപ്പറ്റി ഖുര്‍ആന്റെ മറ്റൊരു പരാമര്‍ശം അവര്‍ പൊതുസമൂഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ ആയിരുന്നു എന്നാണ്. ''എന്റെ നാഥന്റെ സന്ദേശങ്ങളാണ് ഞാന്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നത്. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷി(നാസ്വിഹ്)യാണ്'' (7:68).
ഇത്തരത്തിലുള്ള ഒരു അടുപ്പം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇവിടെ ജീവിക്കുന്ന ജനസമൂഹങ്ങളോടുണ്ടോ? ചരിത്രപരമായ പലതരം കാരണങ്ങളാല്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ മുസ്‌ലിംകളല്ലാത്ത പൊതുസമൂഹത്തില്‍നിന്ന് അകന്നുപോയി എന്നതാണ് സത്യം. ആ ജനസമൂഹങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെന്തൊക്കെയെന്ന് അറിയാന്‍ ശ്രമിക്കുന്നവര്‍ പോലും ഇന്ത്യന്‍ മുസ്‌ലിംകളില്‍ കുറവാണ്. പിന്നെയല്ലേ അവരുടെ പ്രശ്‌നങ്ങളില്‍ താല്‍പര്യമെടുക്കുന്നത്! പലര്‍ക്കും ഇപ്പോഴും 'അവരുടെയും' 'നമ്മുടെയും' പ്രശ്‌നങ്ങളാണ്. സാമുദായികത വിട്ട് കാര്യങ്ങളെ നിഷ്പക്ഷമായി കാണാന്‍ പലപ്പോഴും കഴിയുന്നില്ല. ഇതാണ് സ്ഥിതിയെങ്കില്‍ പൊതുജനാഭിപ്രായത്തെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയും? നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ ആശയം സമര്‍പ്പിക്കുന്നവരെക്കുറിച്ച് അവര്‍ നമുക്ക് ആശ്രയിക്കാവുന്ന, നമ്മുടെ സ്വന്തം ആളുകളാണ് എന്ന തോന്നല്‍ പൊതുജനത്തിന് ഉണ്ടെങ്കിലേ അവര്‍ ആ ആശയം സ്വീകരിക്കുകയുള്ളൂ. മുസ്‌ലിംകള്‍ അവരുടെ പ്രതിഛായ വലിയ തോതില്‍ തേച്ചുമിനുക്കാതെ പറ്റില്ല എന്നര്‍ഥം. 'അവര്‍', 'നമ്മള്‍' പോലുള്ള തരംതിരിവുകള്‍ ഒഴിവാക്കിയേ മതിയാവൂ. വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും മതസംഘടനകള്‍ക്കുമെല്ലാം പൊതുസമൂഹത്തെ ഈ നിലയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. അവരുടെ ഗുണകാംക്ഷികളും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തല്‍പരരുമാണ് തങ്ങളെന്ന് ബോധ്യപ്പെടുത്താനാവണം. എല്ലാ മനുഷ്യരുടെയും പ്രശ്‌നങ്ങളില്‍ താല്‍പര്യമെടുക്കുകയാണ് ഇസ്‌ലാമിക ചിന്തയുടെ വക്താക്കള്‍ ചെയ്യേണ്ടത്. സമൂഹത്തെ അലട്ടുന്ന മുഖ്യ പ്രശ്‌നങ്ങള്‍ പ്രവാചകന്മാരുടെ പ്രബോധന വ്യവഹാരത്തിന്റെ ഭാഗമായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ടല്ലോ.3
പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുള്ള മുഹമ്മദ് നബി(സ)യുടെ കര്‍മജീവിതം പരിശോധിക്കുക. സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ജാഗ്രതയുള്ള, അവരുടെ നന്മ കാംക്ഷിക്കുന്ന ഒരു വ്യക്തിത്വത്തെയാണ് നമുക്ക് കാണാന്‍ കഴിയുക. ആദ്യമായി ദിവ്യവെളിപാട് ലഭിച്ചപ്പോള്‍ അമ്പരന്നുപോയ പ്രവാചകനെ സമാശ്വസിപ്പിച്ചുകൊണ്ട് പ്രിയപത്‌നി ഖദീജ (റ) പറഞ്ഞ വാക്കുകള്‍ നമ്മുടെ മനസ്സിലുണ്ടാകണം: ''താങ്കള്‍ ദുഃഖിക്കുന്നതെന്തിന്, സന്തോഷിക്കുകയല്ലേ വേണ്ടത്! തീര്‍ച്ചയായും ദൈവം താങ്കള്‍ക്ക് ഒരു കുറവും വരുത്തുകയില്ല. കാരണം താങ്കള്‍ കുടുംബബന്ധം ചേര്‍ക്കുന്നു, സത്യം മാത്രം പറയുന്നു, പ്രയാസപ്പെടുന്നവരുടെ ഭാരം താങ്ങുന്നു, ഇല്ലാത്തവന്റെ സംരക്ഷണമേല്‍ക്കുന്നു, അതിഥികളായെത്തുന്നവരെ സല്‍ക്കരിക്കുന്നു, ജനങ്ങളുടെ യഥാര്‍ഥ ജീവിതപ്രശ്‌നങ്ങളില്‍ അവര്‍ക്ക് തുണയേകുന്നു.''4
പ്രവാചകന്റെ ആദ്യ അഭിസംബോധിതര്‍ ഖുറൈശീ ഗോത്രക്കാരായിരുന്നു. ഖുറൈശികള്‍ തലമുറകളായി പറഞ്ഞുപോരുന്ന ചരിത്ര സംഭവങ്ങളുണ്ട്, മിത്തുകളും കഥകളുമുണ്ട്. ഇവയിലേക്കെല്ലാം സൂചനകള്‍ നല്‍കിക്കൊണ്ടാണ് അവരെ അഭിസംബോധന ചെയ്യാനുള്ള ഒരു വ്യവഹാരഭാഷ ഖുര്‍ആന്‍ നിര്‍മിക്കുന്നതെന്നത് ശ്രദ്ധേയമാണ്: ''ഇവര്‍ ഭൂമിയില്‍ സഞ്ചരിക്കുകയും, എന്നിട്ട് തങ്ങളുടെ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിക്കാണുകയും ചെയ്യുന്നില്ലേ? അവര്‍ ശക്തികൊണ്ടും ഭൂമിയിലുണ്ടാക്കിയ അടയാളങ്ങള്‍ കൊും ഇവരേക്കാള്‍ ശക്തരായിരുന്നു. അവരുടെ പാപങ്ങള്‍ കാരണം അവരെ അല്ലാഹു പിടികൂടി ശിക്ഷിക്കുകയാണുണ്ടായത്. അവരെ രക്ഷിക്കാനായി അന്നേരം ആരും ഉണ്ടായിരുന്നില്ല'' (40:21). തങ്ങള്‍ ഇബ്‌റാഹീം നബിയുടെ സന്താന പരമ്പരയാണെന്നും അദ്ദേഹത്തിന്റെ ആശയങ്ങളാണ് തങ്ങള്‍ പിന്തുടരുന്നതെന്നും ഖുറൈശികള്‍ക്ക് വാദമുണ്ടായിരുന്നു. അത്തരം വാദങ്ങളുടെ നിരര്‍ഥകത ചൂണ്ടിക്കാട്ടിയും തെളിവുകള്‍ ആവശ്യപ്പെട്ടും ഖുര്‍ആന്‍ ഒരു സംവാദമണ്ഡലം ഉയര്‍ത്തിക്കൊണ്ടുവരുന്നതു കാണാം. മദീനയിലേക്ക് നബിയും അനുചരന്മാരും പലായനം ചെയ്തപ്പോള്‍ അവിടെ വേദക്കാരായ ജൂത, ക്രൈസ്തവ വിഭാഗങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. തങ്ങള്‍ കൊണ്ടുനടക്കുന്ന വിശ്വാസാചാരങ്ങള്‍ക്ക് അവര്‍ തന്നെ തെളിവുകള്‍ കൊണ്ടുവരട്ടെ എന്ന നിലയിലേക്ക് മാറി അപ്പോള്‍ അഭിസംബോധന: ''പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. അതിതാണ്: 'അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക; അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക; അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക.' 'ഇനിയും അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ പറയുക: ഞങ്ങള്‍ മുസ്ലിംകളാണ്. നിങ്ങളതിന് സാക്ഷികളാവുക.'
വേദക്കാരേ, ഇബ്റാഹീമിന്റെ കാര്യത്തില്‍ നിങ്ങളെന്തിനു തര്‍ക്കിക്കുന്നു? തൗറാത്തും ഇഞ്ചീലും അവതരിച്ചത് അദ്ദേഹത്തിനു ശേഷമാണല്ലോ. നിങ്ങള്‍ ഒട്ടും ആലോചിക്കാത്തതെന്ത്?'' (3:64,65). ഇങ്ങനെ എല്ലാറ്റിനെയും സ്പര്‍ശിച്ചുകൊണ്ടാണ് ഖുര്‍ആനിക അഭിസംബോധനകള്‍.
ഈ വിധത്തിലൊരു അടുപ്പം സ്ഥാപിച്ചെടുക്കാനാവുമ്പോഴാണ് പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനാവുക. പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടണം. അവരുടെ ചരിത്രം, തത്ത്വശാസ്ത്രം, സ്വഭാവചര്യകള്‍, സമ്പ്രദായങ്ങള്‍ എല്ലാം നാം ആഴത്തില്‍ അറിഞ്ഞിരിക്കണം. മുസ്‌ലിംകള്‍ക്ക് സവിശേഷമായ മതപരവും സാംസ്‌കാരികവുമായ സ്വത്വമുണ്ടെന്നത് നേരാണ്. അത് സംരക്ഷിക്കപ്പെടുകയും വേണം. അതുപോലെ പ്രധാനമാണ് പ്രബോധിത സമൂഹവുമായി അടുപ്പം ഉണ്ടാക്കിയെടുക്കുക എന്നതും. ഈ രണ്ടു താല്‍പര്യങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സന്തുലിത നിലപാടാണ് ഉരുത്തിരിഞ്ഞുവരേണ്ടത്.
രണ്ട്: ഏജന്‍സികള്‍ രൂപപ്പെടുത്തുക
ഇസ്‌ലാമിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന് വളരെ അനിവാര്യമാണ്, ഇസ്‌ലാമനുസരിച്ച് ജീവിക്കുന്നവരും അതിന്റെ വക്താക്കളായി നിലയുറപ്പിക്കുന്നവരുമായ വലിയൊരു വിഭാഗം വളര്‍ന്നുവരിക എന്നത്. അവര്‍ പൊതുജനങ്ങളുമായി സംവദിക്കുകയും ഇസ്‌ലാമിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും വേണം. രാജ്യനിവാസികളില്‍ പത്തു ശതമാനത്തെയെങ്കിലും തങ്ങളുടെ നിലപാടിലേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയണം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഈ പത്തു ശതമാനമാളുകള്‍ ഇസ്‌ലാമിലെ കുടുംബവ്യവസ്ഥയെയും സ്ത്രീക്ക് അതില്‍ നല്‍കപ്പെടുന്ന സ്ഥാനത്തെയും നന്നായി മനസ്സിലാക്കി അതിന്റെ നന്മകള്‍ സമൂഹത്തോട് പറയുന്നവരായി മാറണം. അല്ലെങ്കില്‍ ഈ വിഭാഗമാളുകള്‍ പലിശ, ചൂതാട്ടം പോലുള്ള തിന്മകളെ കണ്ടറിഞ്ഞ് സാമ്പത്തിക പുരോഗതിക്കും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ഇസ്‌ലാമിക തത്ത്വങ്ങള്‍ പര്യാപ്തമാണ് എന്ന് സമൂഹത്തോട് വിളിച്ചുപറയുന്നവരായിത്തീരണം. ഇങ്ങനെയാണ് പൊതുജനാഭിപ്രായ വക്താക്കള്‍ (Agencies of Public Opinion)ഉണ്ടായിവരിക. ഇസ്‌ലാമിനെ ശക്തമായി പ്രതിനിധീകരിക്കാന്‍ കെല്‍പുള്ള ഗ്രന്ഥകര്‍ത്താക്കളും ഗവേഷകരും കോളമെഴുത്തുകാരും സാഹിത്യകാരന്മാരും കലാകാരന്മാരും മുസ്‌ലിം സമൂഹത്തില്‍നിന്നു തന്നെ ഉയര്‍ന്നുവന്നാലേ ഇങ്ങനെയൊരു സ്വാധീനശക്തി ചെലുത്താനാവുകയുള്ളൂ.
മൂന്ന്: സ്വാധീനിക്കാന്‍ കഴിയുന്ന വിഭാഗത്തിന്റെ നിര്‍മിതി
സമൂഹത്തില്‍ ഏതേതു ഘടകങ്ങളാണ് സ്വാധീനശക്തികളായി വര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തി അവയെ അനുകൂലമാക്കി മാറ്റാന്‍ കഴിയണം. അതിന് ആദ്യമായി വേണ്ടത്, പുതിയ വിജ്ഞാനീയങ്ങളിലും ഗവേഷണ രീതിശാസ്ത്രങ്ങളിലും നൈപുണി നേടിയ ഒരു സംഘം ഉയര്‍ന്നുവരിക എന്നതാണ്. അവര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലും പഠനഗ്രന്ഥങ്ങള്‍ തയാറാക്കണം. അറിയപ്പെടുന്ന ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ എഴുതണം. അവരുടെ പഠനങ്ങളും പ്രബന്ധങ്ങളും അക്കാദമിക തലങ്ങളില്‍ വലിയ ചര്‍ച്ചയാകണം. വരാനിരിക്കുന്ന ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലയാണിതെന്ന് തോന്നുന്നു. പുതുവിജ്ഞാനീയങ്ങളില്‍ ആഴത്തില്‍ ഉള്‍ക്കാഴ്ചയുള്ള ഒരു വിഭാഗം ഇസ്‌ലാമിന്റെ വക്താക്കള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവരണം. പുതുകാലത്തെ ധിഷണകളോട് സംവദിക്കാന്‍ പ്രാപ്തിയുള്ള ഒരു സംഘം. അത്തരം ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ ഒരു വിഭാഗമാളുകളെങ്കിലും കാര്യഗൗരവത്തോടെ മുഴുകുന്നുണ്ടെന്ന് മുസ്‌ലിം സമുദായം ഉറപ്പുവരുത്തണം. അതിന് വേണ്ട സൗകര്യങ്ങളൊക്കെ അവര്‍ക്ക് ചെയ്തുകൊടുക്കുകയും വേണം. ഏകദൈവത്വം, ശരീഅത്ത്, ജിഹാദ്, ഇസ്‌ലാമിലെ സ്ത്രീ പോലുള്ള ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വിഷയങ്ങളിലാണ് ആഴത്തിലുള്ള പഠനങ്ങള്‍ ഉണ്ടാകേണ്ടത്. ഈ തെറ്റിദ്ധാരണകള്‍ നീക്കാന്‍ പര്യാപ്തമായ പഠനങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ നമുക്ക് പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനാവുകയില്ല.
പ്രതിരോധാത്മകമായ ഈ ബൗദ്ധിക പ്രവര്‍ത്തനങ്ങളോടൊപ്പം സമകാലിക പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിനെ പരിഹാരമായി സമര്‍പ്പിക്കുന്ന നിര്‍മാണാത്മക വൈജ്ഞാനിക സാഹിത്യവും പുഷ്ടിപ്പെടേണ്ടതുണ്ട്. നമ്മുടെ നാട് ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയാണ്. പലപല പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെടുന്നുണ്ട്. മുസ്‌ലിംകള്‍ക്ക് അവരുടേതായ പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സാധിക്കേണ്ടതുണ്ട്. വികസനം, സാമ്പത്തിക പുരോഗതി, പരിസ്ഥിതി, കുടുംബം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വിഷയങ്ങളിലെല്ലാം കൃത്യമായ ആശയങ്ങള്‍ സമര്‍പ്പിക്കാനാവണം. ഇവ ഇസ്‌ലാമിന്റെ മേല്‍വിലാസത്തിലോ അല്ലാതെയോ സമര്‍പ്പിക്കാം.
പഠനമേഖലയില്‍ ശ്രദ്ധയൂന്നുന്നതോടൊപ്പം, മീഡിയാ രംഗത്തും ശക്തമായ സാന്നിധ്യമറിയിക്കുക എന്നതാണ് രണ്ടാമതായി വേണ്ടത്. കുറച്ചു കാലമായി ഇന്ത്യന്‍ മുസ്‌ലിംകളില്‍ മീഡിയാ ചര്‍ച്ച വ്യാപകമായി നടക്കുന്നുണ്ട്. പക്ഷേ മുസ്‌ലിം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി എന്ന നിലയിലാണ് പലപ്പോഴും ചര്‍ച്ചകള്‍. ഒരു അഭിപ്രായ വ്യവഹാരം (Opinion Discourse) ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് വലിയ എണ്ണം കഴിവുറ്റ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായി വരിക എന്നത് വളരെ അനിവാര്യമാണ്.
മൂന്നാമതായി വേണ്ടത്, വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുമായി ആശയസംവാദം നടത്തുക എന്നതാണ്. സാമൂഹിക പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, മതനേതാക്കള്‍, രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രഫഷണലുകള്‍ തുടങ്ങിയവരുമായി നിരന്തരമായി ആശയക്കൈമാറ്റങ്ങള്‍ നടക്കണം.ഈ വശത്തിന് മുസ്‌ലിം സംഘടനകള്‍ ഇപ്പോഴും വലിയ ശ്രദ്ധ കൊടുക്കുന്നതായി കാണുന്നില്ല. ഇത്തരക്കാരെയായിരുന്നല്ലോ പ്രവാചകന്മാര്‍ ആദ്യമായി അഭിസംബോധന ചെയ്തത്. മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി എഴുതുന്നു: ''സമുദായാചാരങ്ങളെ ശക്തമായി പിന്തുണച്ചിരുന്ന തന്റെ ഗോത്രത്തെയാണ് ഇബ്‌റാഹീം നബി ആദ്യം അഭിസംബോധന ചെയ്യുന്നത്. പിന്നെ, ജനങ്ങളുടെ ജീവിതവും മരണവുമൊക്കെ തന്റെ കൈയിലാണെന്ന് അഹങ്കരിച്ച രാജാധികാരത്തെ അഭിമുഖീകരിക്കുന്നു... മൂസാ നബിയോട് പറഞ്ഞത് എല്ലാറ്റിനും മുന്നേ ഫറോവയുടെ അടുത്ത് ചെന്ന് സംസാരിക്കണമെന്നാണ്... ഈസാ പ്രവാചകന്‍ ഏറ്റവുമാദ്യം ക്ഷണിച്ചത് ജൂത പുരോഹിതന്മാരെയായിരുന്നു. ഇതുപോലെ നൂഹ്, ഹൂദ്, ശുഐബ് തുടങ്ങിയ നിരവധി പ്രവാചകന്മാരുടെ പ്രബോധന പ്രവര്‍ത്തങ്ങളും ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. അവിടെയെല്ലാം അധികാര ശക്തികളെ അഭിമുഖീകരിക്കുകയും അവരുടെ ചിന്തകളെയും ദര്‍ശനങ്ങളെയും ചോദ്യം ചെയ്യുകയുമാണ്. ഏറ്റവുമൊടുവില്‍ ആഗതനായ മുഹമ്മദ് നബി (സ) തന്റെ അടുത്ത കുടുംബക്കാര്‍ക്കാണ് ആദ്യമായി മുന്നറിയിപ്പ് നല്‍കുന്നത്. ഈ അടുത്ത കുടുംബക്കാര്‍ എന്നു പറയുന്നത്, അറബ് മത-ഗോത്ര ഘടനയിലെ മുറുക്കാനും അഴിക്കാനും ശക്തിയുള്ള അധികാര കേന്ദ്രങ്ങളായിരുന്നു. മുഴുവന്‍ അറബികളുടെയും മതകീയ, രാഷ്ട്രീയ ദിശ നിര്‍ണയിച്ചത് അവരായിരുന്നു.''5
നാല്: കര്‍മസാക്ഷ്യം ഉണ്ടാവണം
പ്രവൃത്തി തത്ത്വം (Principle of Action) എന്നാണ് ഇതിനെ വിളിക്കുന്നത്. പൊതുജനാഭിപ്രായ രൂപവത്കരണത്തില്‍ ഇതൊരു പ്രധാന ഘടകമാണ്. സ്വന്തം ജീവിതത്തില്‍ പ്രതിഫലിച്ചു കാണാത്ത ഏതു തത്ത്വവും ആര് പ്രബോധനം ചെയ്താലും ജനം അത് സ്വീകരിക്കില്ല എന്നതാണ് ആ തത്ത്വം. പറയുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പെട്ടെന്ന് പ്രയോഗവത്കരിക്കാനായില്ലെങ്കിലും അടുത്ത കാലയളവില്‍ അവ പ്രയോഗവത്കരിക്കപ്പെടുമെന്ന പ്രതീക്ഷ ജനിപ്പിക്കാനെങ്കിലും കഴിഞ്ഞിരിക്കണം. കൃത്യമായ ഒരു കര്‍മപദ്ധതിയില്ലെങ്കില്‍ ഒരു ആശയത്തെയും ജനം കൈയേല്‍ക്കില്ല. ഇസ്‌ലാമിക സ്വഭാവചര്യകളുടെയും മൂല്യങ്ങളുടെയും കര്‍മമാതൃകകള്‍ ധാരാളമായി സമൂഹത്തിന് അനുഭവിക്കാനാവുക എന്നതാണ് ഈ തത്ത്വത്തിന്റെ പൊരുള്‍. മുസ്‌ലിംകളുടെ ജീവിതം മുസ്‌ലിംകളില്‍ തന്നെ പരിമിതപ്പെട്ടു നിന്നാല്‍ ഇത് സാധ്യമാവുകയില്ല. മൊത്തം രാജ്യനിവാസികള്‍ക്കും അനുഭവിക്കാനാവുന്ന ഒരു ജീവിതമായിരിക്കണം അവരുടേത്. സാമൂഹിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുമ്പോഴാണ് ഇത്തരത്തിലുള്ള സ്വാധീനം ചെലുത്താനാവുക.
ഇസ്‌ലാമിക കുടുംബജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ അതിന്റെ നന്മകള്‍ മുസ്‌ലിമേതര സമൂഹങ്ങള്‍ക്കു കൂടി അനുഭവവേദ്യമാകണം. മസ്ജിദുകളിലേക്കും മദ്‌റസകളിലേക്കും എല്ലാ വിഭാഗമാളുകളെയും ക്ഷണിച്ചു വരുത്തുന്ന രീതി അടുത്ത കാലത്തായി കണ്ടുവരുന്നുണ്ട്. ഇത് വളരെ വ്യാപകമായി നടക്കേണ്ട ഒരു പ്രവര്‍ത്തനമാണ്. ഈദ്-വിവാഹ ആഘോഷങ്ങളിലും റമദാന്‍ കാലത്ത് നടക്കുന്ന സാമൂഹിക ഒത്തുചേരലുകളിലും ഹജ്ജ്-ഉംറ ക്ലാസ്സുകളിലും ഫിത്വ്ര്‍ സകാത്ത് വിതരണ വേളയിലും അതുപോലുള്ള മറ്റു മതകീയ പരിപാടികളിലും ഇതേക്കുറിച്ചൊക്കെ നേരിട്ടറിയാന്‍ രാജ്യനിവാസികള്‍ക്ക് അവസരമുണ്ടാവണം. നമ്മുടെ പൊതു സാമൂഹിക ജീവിതത്തിന്റെ ഊഷര ഭൂമിയില്‍ മുസ്‌ലിം സമൂഹം നടത്തുന്ന വിദ്യാലയങ്ങളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും അവരുടെ തന്നെ പലതരം കൂട്ടായ്മകളും യാത്രികര്‍ക്ക് തണലും തണുപ്പും നല്‍കുന്ന മരുപ്പച്ചകളായി മാറണം. ആ ശീതളഛായയില്‍ എല്ലാവര്‍ക്കും വിശ്രമിക്കാനാവണം. ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് സംരംഭങ്ങള്‍ ആരംഭിച്ച പ്രദേശങ്ങളിലൊക്കെ അതിന്റെ സദ്ഫലങ്ങള്‍ എല്ലാവര്‍ക്കും അനുഭവിക്കാനാവുന്നുണ്ട്. ഇസ്‌ലാമിക തകാഫുല്‍ സംരംഭങ്ങള്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇസ്‌ലാമിക സമ്പദ്ദര്‍ശനത്തിന്റെ മേന്മകള്‍ പൊതുസമൂഹത്തിന് കൂടുതലായി ബോധ്യപ്പെടും.
മീഡിയക്ക്, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയക്ക് പൊതുജനാഭിപ്രായ രൂപവത്കരണത്തില്‍ വലിയ പങ്കുണ്ട്. അതുപോലെ സംഭവങ്ങളും (Events) പ്രതിസന്ധികളും (Crises) പൊതു ജനാഭിപ്രായത്തെ വഴിതിരിച്ചുവിടുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. അവയെക്കുറിച്ച് മറ്റൊരവസരത്തില്‍ എഴുതാം.
(അവസാനിച്ചു)
കുറിപ്പുകള്‍
1. Earl Newsom, as quoted in Scott M. Cutlip and Allen H. Center (1971). Effective Public Relations, Prentice Hael, P. 152.
2. അതേ പുസ്തകം
3. ഖുര്‍ആനില്‍ പ്രവാചകന്മാരുടെ പ്രബോധന രീതികള്‍ വിശദാംശങ്ങളോടെ വന്നിട്ടുണ്ട്. അശ്ശുഅറാഅ് അധ്യായത്തില്‍ സംക്ഷിപ്തമായി പ്രവാചകന്മാര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ഇഷ്യൂകളെക്കുറിച്ച് പറയുന്നുണ്ട്. ഹൂദ് (അ) തന്റെ ആദ് ഗോത്രത്തെ ഭൗതികപൂജയുടെയും മഹാ എടുപ്പുകള്‍ കെട്ടിപ്പൊക്കുന്നതിന്റെയും പേരിലാണ് വിമര്‍ശിക്കുന്നത് (അശ്ശുഅറാഅ് 128-130). സ്വാലിഹ് (അ) തന്റെ സമൂദ് ഗോത്രത്തെ ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും പേരിലും (അശ്ശുഅറാഅ് 146-152). ലൂത്വ് (റ) തന്റെ ജനതയെ ലൈംഗിക അരാജകത്വത്തിന്റെ പേരിലും ശുഐബ് (അ) തന്റെ ജനതയെ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലും വിമര്‍ശിക്കുന്നു (അശ്ശുഅറാഅ് 181-183).
4. സ്വഹീഹ് മുസ്‌ലിം, കിതാബുല്‍ ഈമാന്‍, വഹ്‌യിന്റെ ആരംഭം. ഹദീസ് നമ്പര്‍ 403.
5. അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി - ദഅ്‌വത്തെ ദീന്‍ ദൗര്‍ ഉസ്‌കാ ത്വരീഖകാര്‍ പേജ് 49-52.
Comments