Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 25

3123

1441 സഫര്‍ 25

അനത്തോലിയന്‍ ചരിത്രഭൂമിയിലൂടെ

പി.കെ നിയാസ്

വിസ്മയം ജനിപ്പിക്കുന്ന നാടാണ് തുര്‍ക്കി. അസീറിയിക്കാരും ഗ്രീക്കുകാരും യൂറേഷ്യനുകളും അര്‍മീനിയക്കാരും വസിച്ച പ്രദേശം, റോമാ സാമ്രാജ്യത്തിനുമേല്‍ സെല്‍ജുക്ക് സുല്‍ത്താന്മാര്‍ വിജയം കൊയ്ത നാട്, ഉസ്മാനിയ ഖിലാഫത്തിന്റെ ആസ്ഥാന പ്രദേശം... തുര്‍ക്കിയുടെ വിശേഷണങ്ങള്‍ ഇതിലൊന്നും ഒതുങ്ങുന്നതല്ല. 1453-ല്‍ റോമാ സാമ്രാജ്യത്തെ പരാജയപ്പെടുത്തി സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പഌന്റെ (ഇന്നത്തെ ഇസ്തംബൂള്‍) നിയന്ത്രണം ഏറ്റെടുത്തതോടെ തുര്‍ക്കി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. 1923-ല്‍ അങ്കാറയിലേക്ക് മാറുന്നതുവരെ തുര്‍ക്കിയുടെ തലസ്ഥാനമായി കോണ്‍സ്റ്റാന്റിനോപ്പ്ള്‍ നിലനിന്നു. ഇസ്തംബൂള്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടതും അക്കാലത്തു തന്നെ. ഇന്നും തുര്‍ക്കിയുടെ ഏറ്റവും വലിയ നഗരവും സമ്പദ്ഘടനയുടെ സിരാ കേന്ദ്രവും, ചരിത്രവും സംസ്‌കാരവും ഉറങ്ങിക്കിടക്കുന്ന ഇസ്തംബൂള്‍ തന്നെ.
തുര്‍ക്കിയിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികളുടെ മുന്‍ഗണനകളില്‍ ആദ്യത്തേത് ഇസ്തംബുള്‍ നഗരമാണ്. 2010-ല്‍ യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതോടെ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഈ നഗരത്തിലെത്തുന്നത്. 2015-ല്‍ ഇവിടെയെത്തിയ ടൂറിസ്റ്റുകളുടെ എണ്ണം ഒരു കോടി ഇരുപത് ലക്ഷത്തിനു മുകളിലായിരുന്നു. അതോടെ ഇസ്തംബൂള്‍ ലോകത്തിലെ അഞ്ചാമത്തെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമായി. യൂറോപ്പിനെയും ഏഷ്യയെയും വേര്‍തിരിക്കുന്ന ബോസ്ഫറസും ഗോള്‍ഡന്‍ ഹോണും ചരിത്രപ്രസിദ്ധമായ ബ്ലൂ മോസ്‌കും ഇസ്തിഖ്‌ലാല്‍ തെരുവുമൊക്കെ ഇസ്തംബൂളിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരമാക്കുന്നു.
ഇത്തവണത്തെ തുര്‍ക്കി യാത്ര പലതുകൊണ്ടും വ്യത്യസ്തമായിരുന്നു. ഇസ്തംബൂളിനെ ട്രാന്‍സിറ്റ് പോയന്റില്‍ പരിമിതപ്പെടുത്തി ചരിത്രമുറങ്ങുന്ന തെക്കു-കിഴക്കന്‍ തുര്‍ക്കിയുടെ ഹൃദയഭൂമിയിലൂടെ ഒരു സഞ്ചാരം. ദോഹയില്‍നിന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തില്‍ പുലര്‍ച്ചെയാണ് ഇസ്തംബൂളിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെന്നിറങ്ങിയത്. മൂന്നു വര്‍ഷം മുമ്പ് ലാന്റ് ചെയ്ത അത്താതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിനു പകരം 1,100 കോടി ഡോളര്‍ ചെലവിട്ട് നിര്‍മിച്ച കൂറ്റന്‍ ഇസ്തംബൂള്‍ ഗ്രാന്റ് എയര്‍പോര്‍ട്ടാണ് ഇപ്പോള്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഹബ്. അമേരിക്കയിലെ മന്‍ഹാട്ടനേക്കാള്‍ വലിയ ഏരിയയില്‍ പണിതുയര്‍ത്തിയിട്ടുള്ള ഇവിടെ ഇറങ്ങിയിട്ടുവേണം ആദ്യ ലക്ഷ്യമായ ഗാസിയന്‍ടെപ്പിലേക്ക് പോകാന്‍. 

അഭയാര്‍ഥികളുടെ നഗരത്തില്‍
ഒന്നര മണിക്കൂര്‍ യാത്രക്കുശേഷം ഗാസിയന്‍ടെപ്പില്‍ ഇറങ്ങുമ്പോള്‍ സമയം രാവിലെ പത്തര. ദോഹയിലെ കടുത്ത ചൂടില്‍നിന്ന് താല്‍ക്കാലികമായി രക്ഷപ്പെട്ട പ്രതീതി. അതിമനോഹരമാണ് ഗാസിയന്‍ടെപ്പ്. വലിയ മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശം. വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്കുള്ള ഏതാണ്ട് 40 കി.മീറ്റര്‍ യാത്രയിലുടനീളം മലകളും സമതലങ്ങളും കൂട്ടായി ഉണ്ടായിരുന്നു. ചിലയിടങ്ങളില്‍ മലമുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന കൂര്‍ത്ത മിനാരങ്ങളുള്ള പള്ളികള്‍ ഉസ്മാനിയ കാലഘട്ടത്തെ ഓര്‍മിപ്പിച്ചു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഇരുപത് നഗരങ്ങളിലൊന്നാണ് ഗാസിയന്‍ടെപ്പ്. ബി.സി 3650 മുതല്‍ ഇവിടെ ജനങ്ങള്‍ വസിച്ചിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. പഴക്കത്തിന്റെ കാര്യത്തില്‍ ഒമ്പതാം സ്ഥാനമാണ് ഗാസിയന്‍ടെപ്പിന്. ഹിറ്റിറ്റെസ് കാലഘട്ടത്തില്‍ പണിത റാവണ്ട എന്ന പേരിലുള്ള വലിയ കോട്ട പഴയ നഗരമധ്യത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്നു. ആറാം നൂറ്റാണ്ടില്‍ റോമാ കാലഘട്ടത്തിലാണ് ഇത് പുതുക്കിപ്പണിതത്.
സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ അനത്തോലിയന്‍ പ്രവിശ്യ കൂടിയാണ് ഗാസിയന്‍ടെപ്പ്. 1928 വരെ ആന്റെപ്പ് എന്ന പേരിലാണ് പ്രദേശം അറിയപ്പെട്ടിരുന്നത്. ഇപ്പോഴും നാട്ടുകാര്‍ ഈ പേര് ഉപയാഗിക്കുന്നു. ഉസ്മാനിയ ഖിലാഫത്തിന്റെ മുമ്പ് ഐന്‍താബായിരുന്നു. അറബി ഭാഷയിലെ ഐന്‍ ത്വയ്യിബ് ഐന്‍താബും അത് പിന്നീട് ആന്റെപ്പുമായി. 1516-ല്‍ മര്‍ജ് ദാബിക് യുദ്ധത്തിലൂടെയാണ് ഐന്‍താബ് ഉസ്മാനിയ ഭരണത്തിലായത്. 
ഇന്നത്തെ സിറിയയിലെ ഏറ്റവും വലിയ നഗരമായ ഹലബിന്റെ (അലെപ്പോ) കീഴിലായിരുന്നു ഈ പ്രദേശം. അലെപ്പോക്കും ഐന്‍താബിനുമിടയില്‍ വലിയ തോതില്‍ വ്യാപാരം നടന്നിരുന്നു. ഉസ്മാനിയ ഭരണത്തില്‍ ഐന്‍താബില്‍ 3,990 കടകളും രണ്ട് വലിയ മാര്‍ക്കറ്റുകളും (ബെദസ്തന്‍ എന്നാണ് ഈ മാര്‍ക്കറ്റുകള്‍ അറിയപ്പെട്ടിരുന്നത്. ഉസ്മാനിയ കാലത്തെ പള്ളികളുടെ ശില്‍പചാതുരിയിലാണ് മുകള്‍ഭാഗം പൂര്‍ണമായും മൂടപ്പെട്ട ഇത്തരം മാര്‍ക്കറ്റുകള്‍ ഉണ്ടായിരുന്നത്. ഉസ്മാനിയാ കാലത്തെ നഗരങ്ങളെ ബെദസ്തന്‍ ഉള്ളവയും ഇല്ലാത്തവയുമായി വേര്‍തിരിച്ചിരുന്നു) നിലനിന്നിരുന്നുവെന്ന് പതിനേഴാം നൂറ്റാണ്ടിലെ ടര്‍ക്കിഷ് സഞ്ചാരി ഔലിയ ചലബി രേഖപ്പെടുത്തിയിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഐന്‍താബിലെ ജനസംഖ്യ അര ലക്ഷത്തോളമായിരുന്നു. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും മുസ്‌ലിംകള്‍. അര്‍മീനിയന്‍ ക്രിസ്ത്യാനികളായിരുന്നു അമുസ്‌ലിം ജനവിഭാഗങ്ങളില്‍ മുഖ്യം. ഫ്രഞ്ചുകാരുമായുള്ള യുദ്ധത്തില്‍ ധീരമായ ചെറുത്തുനില്‍പ് നടത്തിയ നഗരത്തോടുള്ള ആദരസൂചകമായി 1921-ല്‍ ടര്‍ക്കിഷ് പാര്‍ലമെന്റ് ഐന്‍താബിനെ ഗാസി ഐന്‍താബ് എന്നു നാമകരണം ചെയ്തു. ഗാസി എന്നാല്‍ യുദ്ധനായകന്‍ എന്നര്‍ഥം. 1928-ല്‍ ഔദ്യോഗികമായി ഗാസി ഐന്‍താബിന്റെ പേര് ഗാസിയന്‍ടെപ്പ് ആയി പുനര്‍നാമകരണം ചെയ്തു.
സിറിയന്‍ യുദ്ധം ആരംഭിക്കുന്നതുവരെ ഗാസിയന്‍ടെപ്പും അലെപ്പോയും തമ്മില്‍ ശക്തമായ ബന്ധം നിലനിന്നിരുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ അതിര്‍ത്തി കടന്ന് മറുഭാഗത്തേക്ക് പോയിവരുന്നതും പരസ്പരമുള്ള വ്യാപാരം പൊടിപൊടിച്ചിരുന്നതും 2012 മുമ്പുവരെയുള്ള ചരിത്രം. ഗാസിയന്‍ടെപ്പ് നഗരത്തില്‍നിന്ന് വെറും 97 കി.മീറ്റര്‍ മാത്രം അകലെയാണ് അലെപ്പോ. ഗാസിയന്‍ടെപ്പ്, കിലിസ്, സാന്‍ലിഉര്‍ഫ എന്നീ ടര്‍ക്കിഷ് പ്രവിശ്യകളുമായി 221 കി.മീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട് അലപ്പോ ഗവര്‍ണറേറ്റ്. കഴിഞ്ഞ ഒക്‌ടോബര്‍ ഒമ്പതിന് സിറിയയിലെ കുര്‍ദ് മിലീഷ്യക്കെതിരെ (വൈ.പി.ജി) തുര്‍ക്കി ആരംഭിച്ച സൈനിക നടപടിക്ക് വേദിയായിരുന്ന സെയ്‌ലന്‍പിനാറും സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നുവെന്നത് യാദൃഛികം.
ഗാസിയന്‍ടെപ്പ് നഗരത്തിലൂടെയുള്ള ഓട്ടപ്രദക്ഷിണത്തിനിടെ നിരവധി സിറിയന്‍ അഭയാര്‍ഥികളെ കണ്ടു. അഭയാര്‍ഥികളെന്ന് അവരെ വിളിക്കരുതെന്നാണ് ഗാസിയന്‍ടെപ്പ് ഗവര്‍ണര്‍ ദാവൂദ് ഗുല്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞത്. സംരക്ഷിക്കപ്പെടുന്ന ജന വിഭാഗമാണവര്‍ (ജൃീലേരലേറ ജലീുഹല). തുര്‍ക്കി സ്വന്തം ജനതയെപ്പോലെയാണ് അവരെ പരിഗണിക്കുന്നത്. അഭയാര്‍ഥി ക്യാമ്പുകള്‍ പലതും അടച്ചുപൂട്ടി. ക്യാമ്പുകളില്‍ കഴിയേണ്ട വിഭാഗമെന്ന അപകര്‍ഷ ബോധം അവരില്‍ ഉണ്ടാകരുതെന്നാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. കുറച്ചു പേരേ ഗാസിയന്‍ടെപ്പിലെ പ്രത്യേക ക്യാമ്പുകളില്‍ കഴിയുന്നുള്ളൂ.
2011 മാര്‍ച്ച് 15-നാണ് സിറിയന്‍ പ്രതിസന്ധി ആരംഭിക്കുന്നത്. പിന്നീട് സമ്പൂര്‍ണ യുദ്ധത്തിലും ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിലും അതിലേറെ പേരുടെ ജന്മനാട്ടില്‍നിന്നുള്ള പുറന്തള്ളപ്പെടലിലും കലാശിച്ച ഇരുപത്തൊന്നാം നൂറ്റാണ്ട് കണ്ട വലിയ പ്രതിസന്ധികളിലൊന്നായി അത് മാറുകയായിരുന്നു. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ നഗരമായ അലപ്പോയുടെ നിയന്ത്രണം ഗവണ്‍മെന്റ് വിരുദ്ധ പോരാളികള്‍ കൈക്കലാക്കിയിരുന്നു. തുടര്‍ന്ന് രൂക്ഷമായ യുദ്ധത്തിനാണ് അലപ്പോ സാക്ഷ്യം വഹിച്ചത്. 
ഗാസിയന്‍ടെപ്പില്‍നിന്ന് ഏറെയൊന്നും അകലെയല്ലാത്ത അലപ്പോയില്‍നിന്നാണ് ആദ്യത്തെ അഭയാര്‍ഥി പ്രവാഹം തുര്‍ക്കിയിലേക്ക് ആരംഭിച്ചത്. 2011 ഏപ്രില്‍ 11-ന് 252 അഭയാര്‍ഥികള്‍ അടങ്ങുന്ന സംഘം അലപ്പോയില്‍നിന്ന് തുര്‍ക്കിയിലെത്തി. യുദ്ധഭൂമിയില്‍നിന്ന് സമാധാനം തേടിയെത്തുന്നവര്‍ക്കായി അതിര്‍ത്തി തുറന്നുകൊടുക്കാന്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഒരു വര്‍ഷം കഴിയുമ്പോഴേക്ക് അഭയാര്‍ഥികള്‍ 23,000 കവിഞ്ഞു. ഇവരുടെ പുനരധിവാസം ഗാസിയന്‍ടെപ്പില്‍ ഒതുക്കാതെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍, വിശിഷ്യാ ഇസ്തംബൂള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2015 ആകുമ്പോഴേക്ക് സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം 20 ലക്ഷമായി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ രണ്ടു ലക്ഷത്തിലേറെ സിറിയക്കാര്‍ക്ക് അഭയം നല്‍കി ഗാസിയന്‍ടെപ്പ് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയത് ഇതില്‍ എടുത്തുപറയേണ്ട കാര്യമാണ്.
അഭയാര്‍ഥികളുടെ കാര്യങ്ങള്‍ അന്വേഷിക്കാനും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും നേതൃത്വം നല്‍കി രണ്ടു പേര്‍ ഗാസിയന്‍ടെപ്പിലെ മുക്കുമൂലകളില്‍ എത്തിയിരുന്നു. ഗവര്‍ണര്‍ ദാവൂദ് ഗുലും ഗാസിയന്‍ടെപ്പ് മേയര്‍ ഫത്മ സാഹിനും. ഇരുവരെയും നേരില്‍ കണ്ട് സംസാരിക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. 
ഫത്മ സാഹിന്‍ പ്രവിശ്യയിലെ എ.കെ പാര്‍ട്ടി നേതാവ് കൂടിയാണ്. 2014 മുതല്‍ ഈ പദവിയില്‍ തുടരുന്ന ഫത്മ, സിറിയന്‍ അഭയാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സേവനങ്ങളുടെ പേരിലാണ് ശ്രദ്ധേയയാകുന്നത്. ഉര്‍ദുഗാന്റെ മൂന്നാമത്തെ കാബിനറ്റില്‍ 2011 മുതല്‍ 2013 വരെ കുടുംബ-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു, ഇസ്തംബൂള്‍ സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയില്‍നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ഫത്മ. ഗാസിയന്‍ടെപ്പിനെ പ്രതിനിധീകരിച്ച്  2002-ല്‍ ആദ്യമായി പാര്‍ലമെന്റിലെത്തിയ അവര്‍ 2007-ലും 2011-ലും വിജയം ആവര്‍ത്തിച്ചു.
അഭയാര്‍ഥികള്‍ക്ക് ഗാസിയന്‍ടെവറവ് നല്‍കിവരുന്ന സേവനങ്ങള്‍ മേയര്‍ വിവരിച്ചു. സ്വന്തം മക്കളെയും വീട്ടുകാരെയും പോലെയാണ് ഇവിടത്തെ ജനങ്ങള്‍ അഭയാര്‍ഥികളെ കാണുന്നത്. അഭയാര്‍ഥികള്‍ എത്തിയ ആദ്യനാളുകളില്‍ അവര്‍ക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ ആവശ്യപ്പെട്ട് നടത്തിയ പൊതു അഭ്യര്‍ഥനയോട് നാട്ടുകാര്‍ പ്രതികരിച്ചതെങ്ങനെയെന്ന് അവര്‍ വിശദീകരിച്ചു. ഭക്ഷണവും പുതപ്പുകളും വസ്ത്രങ്ങളും ആഹാരം പാകം ചെയ്യാന്‍ ആവശ്യമായ അടുപ്പുകളും തുടങ്ങി ഒരു വീട്ടില്‍ ഉണ്ടാകേണ്ട എല്ലാ വസ്തുക്കളുമായാണ് അവര്‍ എത്തിയത്. വര്‍ധിച്ചുവരുന്ന അഭയാര്‍ഥി പ്രവാഹത്തില്‍ പകച്ചുനില്‍ക്കാതെ അവര്‍ക്കുവേണ്ടി പ്രത്യേക വകുപ്പ് തന്നെ (Migration Management Department)  രൂപീകരിക്കുകയുണ്ടായി. കുടിവെള്ള പ്രശ്‌നം നേരിട്ടപ്പോള്‍ 120 കി.മീറ്റര്‍ അകലെനിന്ന് വെള്ളമെത്തിക്കാന്‍ പൈപ്പ്‌ലൈനുകള്‍ സ്ഥാപിച്ചു.
എന്നാല്‍ 36 ലക്ഷം സിറിയന്‍ അഭയാര്‍ഥികളെ സംരക്ഷിക്കുന്ന തുര്‍ക്കിക്ക് അതൊരു വലിയ ബാധ്യതയാണെന്നതില്‍ സംശയമില്ല. ഗാസിയന്‍ടെപ്പ് മാത്രം നാലു ലക്ഷം സിറിയക്കാരെയാണ് ഏറ്റെടുത്തത്. തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്തംബൂള്‍ അഞ്ചര ലക്ഷത്തോളം അഭയാര്‍ഥികള്‍ക്ക് ആതിഥ്യമരുളുന്നു. ഇസ്തംബൂളിന്റെ പത്തിലൊന്നു മാത്രം ജനസംഖ്യയുള്ള വളരെ ചെറിയ പ്രദേശമാണ്  ഗാസിയന്‍ടെപ്പ്. എന്നിട്ടും എല്ലാ പരിമിതികളെയും അതിജീവിച്ച് അഭയാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണകൂടം പ്രത്യേക താല്‍പര്യം കാണിച്ചു. അഭയാര്‍ഥികള്‍ എത്തിയതോടെ ഗാസിയന്‍ടെപ്പിലെ ജനസംഖ്യ 30 ശതമാനം വര്‍ധിച്ചുവെന്നതും എടുത്തുപറയേണ്ടതാണ്.
അെലപ്പോയില്‍നിന്ന് അഭയം തേടി ആദ്യ സംഘം എത്തിയതു മുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് ഇത്രയും വലിയ അഭയാര്‍ഥി സമൂഹത്തെ ഉള്‍ക്കൊള്ളാന്‍ ഗാസിയന്‍ടെപ്പിന് കഴിഞ്ഞതെന്ന് ഗവര്‍ണര്‍ ദാവൂദ് പറഞ്ഞു. അഭയാര്‍ഥി ക്യാമ്പുകളില്‍ തളച്ചിടുന്നതിനു പകരം അവരെ നഗരജീവിതത്തിന്റെ ഭാഗമാക്കാനാണ് ശ്രമിച്ചത്. അഭയാര്‍ഥികളെ സംരക്ഷിക്കാന്‍ 2,570 കോടി ഡോളറിന്റെ വന്‍ പദ്ധതിയാണ് തുര്‍ക്കി തയാറാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള 22 ക്യാമ്പുകളില്‍ പകുതിയും ഇതിനകം അടച്ചു. ചില അഭയാര്‍ഥികള്‍ ജന്മനാട്ടിലേക്ക് മടങ്ങിയെങ്കിലും ഭൂരിഭാഗവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥിരം കെട്ടിടങ്ങളില്‍ താമസിക്കുന്നു. 
സിറിയന്‍ അഭയാര്‍ഥികളില്‍ പകുതിയിലധികവും പതിനെട്ടു വയസ്സിനു താഴെയുള്ളവരാണെന്ന് ഗവര്‍ണര്‍ ഗുല്‍ പറഞ്ഞു. അവരില്‍ പഠനത്തില്‍ മികവു കാട്ടുന്ന നിരവധി പേരുണ്ട്. എല്ലാ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളാനും അവരുടെ നിലവാരത്തിനനുസരിച്ച രീതിയില്‍ വിദ്യാഭ്യാസം നല്‍കാനുമാണ് ശ്രമിക്കുന്നത്. ഇതിനായി 5,000 ക്ലാസ് മുറികളെങ്കിലും പുതുതായി നിര്‍മിക്കേണ്ടതുണ്ട്. ഇതിന് ഭീമമായ ചെലവു വരും.
സിറിയന്‍ അഭയാര്‍ഥികളുടെ യൂറോപ്പിലേക്കുള്ള ഒഴുക്ക് തടുത്തുനിര്‍ത്തിയത് തുര്‍ക്കിയാണ്. അതിനു പകരമായി യൂറോപ്യന്‍ യൂനിയന്‍ അങ്കാറക്ക് ആറു ബില്യന്‍ യൂറോയുടെ സാമ്പത്തിക പാക്കേജ് വാഗ്ദാനം ചെയ്യുകയുണ്ടായി. 2011 മാര്‍ച്ച് 18-നാണ് ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവെച്ചത്. സിറിയന്‍ അഭയാര്‍ഥികളുടെ പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവക്കായി നല്‍കാമെന്നേറ്റ തുകയുടെ പകുതിപോലും നല്‍കാന്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ക്ക് കഴിഞ്ഞില്ല. മൂന്ന് ബില്യന്‍ യൂറോ നല്‍കിയെന്ന് യൂറോപ്യന്‍ പറയുമ്പോള്‍ 1.85 ബില്യന്‍ മാത്രമാണ് കിട്ടിയതെന്ന് തുര്‍ക്കി പറയുന്നു.
യൂറോപ്യന്‍ യൂനിയന്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ അഭയാര്‍ഥികളെ യൂറോപ്പിലേക്ക് തുറന്നുവിടുമെന്ന ഉര്‍ദുഗാന്റെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഗവര്‍ണറുടെ പ്രതികരണം ഇങ്ങന: ''അഭയാര്‍ഥികളെ തുര്‍ക്കി കൈയൊഴിയുമെന്നല്ല ഉര്‍ദുഗാന്റെ പ്രസ്താവനയുടെ ചുരുക്കം. ഏറ്റവും വലിയ അഭയാര്‍ഥി സമൂഹത്തെ ഉള്‍ക്കൊള്ളുന്ന തുര്‍ക്കിക്ക് അങ്ങനെ ചെയ്യാന്‍ സാധ്യമല്ല. എന്നാല്‍, വര്‍ധിച്ചുവരുന്ന അഭയാര്‍ഥി സമൂഹത്തെ ഉള്‍ക്കൊള്ളേണ്ട ബാധ്യത ഞങ്ങള്‍ക്കു മാത്രമാണെന്ന നിലപാട് അധാര്‍മികമാണ്. യൂറോപ്യന്‍ യൂനിയനുമായുള്ള കരാര്‍ വളരെ മാന്യമായി പാലിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് തുര്‍ക്കി. തിരിച്ചും ഇതേ നിലപാടാണ് യൂറോപ്പില്‍നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍നിന്നും തുര്‍ക്കി ആഗ്രഹിക്കുന്നത്. ബശ്ശാറുല്‍ അസദിന്റെ സൈന്യം ഇദ്‌ലിബ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടത്തിവരുന്ന സൈനിക നടപടികള്‍ കൂടുതല്‍ അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഉര്‍ദുഗാന്റെ ഈ മുന്നറിയിപ്പ്.''
അതേസമയം, വര്‍ധിച്ചുവരുന്ന അഭയാര്‍ഥി സമൂഹം ഉണ്ടാക്കുന്ന സാമൂഹിക അസ്വാരസ്യങ്ങള്‍ ഒരു പ്രശ്‌നം തന്നെയാണെന്ന് ഗവര്‍ണര്‍ സമ്മതിച്ചു. തുര്‍ക്കി ജനതയുടെ അവകാശങ്ങള്‍ മിക്കതും ഒട്ടും കുറവില്ലാതെ അഭയാര്‍ഥികള്‍ അനുഭവിച്ചുപോരുന്നുണ്ട്. തങ്ങളേക്കാള്‍ പരിഗണന അഭയാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ടോയെന്ന ആശങ്ക ചില കോണുകളില്‍നിന്ന് ഉയരുന്നുണ്ടെന്നതും നിഷേധിക്കാനാവില്ല. രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ അഭയാര്‍ഥികളെ ജന്മനാട്ടിലേക്ക് തിരിച്ചയക്കണെമെന്നു തന്നെയാണ് തുര്‍ക്കിയുടെ നിലപാട്. ഭൂരിപക്ഷം അഭയാര്‍ഥികള്‍ക്കും വീടുകളും അവരുടെ സ്ഥാപനങ്ങളും സ്വത്തുക്കളുമുണ്ട്. ജന്മനാട്ടില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവരാണ് അവരിലേറെ പേരുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്ന വലിയൊരു പദ്ധതി തുര്‍ക്കി തയാറാക്കിയിട്ടുണ്ട്. വടക്കന്‍ സിറിയയിലെ തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള 480 കി.മീറ്റര്‍ നീളമുള്ള പ്രദേശത്ത് അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനാണ് പദ്ധതി. മുപ്പത് ലക്ഷത്തോളം അഭയാര്‍ഥികള്‍ക്ക് മുഴുവന്‍ സൗകര്യങ്ങളും ഉറപ്പാക്കുന്ന പദ്ധതി അമേരിക്കയോടൊപ്പം നടപ്പിലാക്കാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ അമേരിക്ക പിന്നോട്ടടിച്ച സാഹചര്യത്തില്‍ സ്വന്തം നിലക്ക് മുന്നോട്ടുപോകാനാണ് ഉര്‍ദുഗാന്റെ തീരുമാനം. തുര്‍ക്കിയിലെ മാത്രമല്ല, യൂറോപ്പില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്കും ഇവിടെ ഇടംനല്‍കുന്നതാണ് നിര്‍ദിഷ്ട പദ്ധതി. ഇതിന് അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് തുര്‍ക്കി.
സിറിയന്‍ അഭയാര്‍ഥികള്‍ക്ക് തുര്‍ക്കി ചെയ്തുവരുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന കാര്യം ബോധ്യപ്പെടുത്തുന്നതായിരുന്നു ഗാസിയന്‍ടെപ്പ് സന്ദര്‍ശനം. കണ്ടുമുട്ടിയ അഭയാര്‍ഥികളില്‍ ചിലര്‍ തുര്‍ക്കിക്കാരുടെ സ്‌നേഹവായ്പിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. അത്തരത്തിലൊരാളാണ് കരം മന്‍സൂര്‍. ഗാസിയന്‍ടെപ്പില്‍ പഴക്കച്ചവടം നടത്തുന്ന മന്‍സൂര്‍ അസ്സല്‍ തുര്‍ക്കിക്കാരനായി മാറിയിരിക്കുന്നു. ഗവണ്‍മെന്റ് നല്‍കിയ പ്രത്യേക കാര്‍ഡുകളുള്ള ആയിരങ്ങളില്‍ ഒരാളാണ് മന്‍സൂര്‍. 

മ്യൂസിയങ്ങളും തോട്ടങ്ങളും
മ്യൂസിയങ്ങള്‍, കോട്ടകള്‍, പിസ്താഷിയോ തോട്ടങ്ങള്‍, വിശാലമായ മാര്‍ക്കറ്റുകള്‍ തുടങ്ങിയവയാല്‍ സമൃദ്ധമാണ് ഗാസിയന്‍ടെപ്പ്. പ്രശസ്തമായ സ്യുഗ്മ മൊസെയിക് മ്യൂസിയം മെസൊപ്പൊട്ടേമിയന്‍ നാഗരികതയുടെ ഓര്‍മകളിലേക്ക് സന്ദര്‍ശകരെ കൊണ്ടുപോകും. യൂഫ്രട്ടീസ് നദീതീരത്തുനിന്ന് കണ്ടെടുക്കപ്പെട്ട പുരാതന മാര്‍ബിള്‍ ഫലകങ്ങള്‍ ഇവിടത്തെ ശേഖരങ്ങളില്‍ കാണാം. ബാത്ത് മ്യൂസിയം, അത്താതുര്‍ക്ക് മ്യൂസിയം എന്നിവ നഗരമധ്യത്തില്‍ തന്നെയാണ്. 
തുര്‍ക്കിയില്‍ ഡ്രൈ ഫ്രൂട്ടിന്റെ കേന്ദ്രങ്ങളായാണ് ഗാസിയന്‍ടെപ്പ് ഉള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ പ്രവിശ്യകള്‍ അറിയപ്പെടുന്നത്. പിസ്ത, അത്തിപ്പഴം, മുന്തിരി തുടങ്ങിയവയുടെ തോട്ടങ്ങള്‍ നഗരത്തിനു പുറത്ത് ധാരാളമായി കാണാം. ടെക്‌െസ്റ്റയില്‍ മേഖല കൂടിയാണ് ഗാസിയന്‍ടെപ്പ്. ഇവിടെ നെയ്യുന്ന വസ്ത്രങ്ങള്‍ക്ക് തുര്‍ക്കിക്ക് പുറത്തും വലിയ വിപണിയാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സിറിയന്‍ അഭയാര്‍ഥികളെയും കാണാനിടയായി.
ഭക്ഷണപ്രിയരുടെ കേന്ദ്രം കൂടിയാണ് ഗാസിയന്‍ടെപ്പ്. തുര്‍ക്കിയിലെ ഏറ്റവും പ്രചാരമുള്ള ബക്‌ലവ എന്ന മധുര പലഹാരത്തിന്റെ ആസ്ഥാന നഗരമെന്ന്  ഗാസിയന്‍ടെപ്പിനെ വിശേഷിപ്പിക്കാം. പിസ്താഷിയോ കൊണ്ട് മൂടപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും സ്വാദേറിയ ബക്‌ലവ തിന്നാന്‍ ഗാസിയന്‍ടെപ്പില്‍ തന്നെ വരണം. ടണ്‍ കണക്കിന് ബക്‌ലവ പെയ്‌സ്ട്രികള്‍ ഇവിടെനിന്ന് കയറ്റിയയക്കുന്നു. ലഹ്മകന്‍ എന്ന ടര്‍ക്കിഷ് പിസയും പ്രശസ്തമാണ്. ഗാസിയന്‍ടെപ്പിലെ രുചികരമായ ഭക്ഷണം തേടി ഇസ്തംബൂളില്‍നിന്നു വരെ ആളുകള്‍ എത്താറുണ്ടെന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല. അത്രത്തോളമാണ് ഇവിടത്തെ ഭക്ഷണപ്പെരുമ. കഴിഞ്ഞ ചില വര്‍ഷങ്ങളായി നഗരം ആതിഥ്യമരുളുന്ന ഗാസ്‌ട്രോണമി ഫെസ്റ്റിവലില്‍ (ഭക്ഷ്യമേള) പങ്കെടുക്കാന്‍ ടൂറിസ്റ്റുകള്‍ക്കു പുറമെ തുര്‍ക്കിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ആളുകള്‍ ഒഴുകിയെത്താറുണ്ട്.  

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (34-35)
ടി.കെ ഉബൈദ്‌