ആര്‍ത്തിയുടെ ദുരന്തങ്ങള്‍
ഭൗതികാസക്തിയില്‍ പടുത്തുയര്‍ത്തപ്പെട്ട സമൂഹ മനസ്സിന്റെ പ്രതീകമാണ് ജോളി. ആസക്തി സുഖഭോഗ വസ്തുക്കളില്‍ എന്തിനോടുമാകാം. പണവും പ്രണയവും പേരും പദവികളും ലഹരിയും കനകകൂമ്പാരങ്ങളും തുടങ്ങി എന്തും. അതിരുവിട്ട ഭോഗാസക്തിയുള്ളവന്‍ വിശന്ന് വലഞ്ഞ ചെന്നായയേക്കാള്‍ വിനാശകാരിയെന്ന് പറഞ്ഞത് മുഹമ്മദ് നബിയാണ്. ആദം നബിയുടെ വീട്ടില്‍ അരങ്ങേറിയ കൊലപാതകത്തിനു പിന്നിലെ പ്രേരണാ ശക്തിയും ഈ ആസക്തി തന്നെയായിരുന്നല്ലോ.
തനിക്ക് അനുവദിക്കപ്പെട്ട പെണ്ണിനേക്കാള്‍ സുന്ദരിയായ സഹോദരന്റെ പ്രേയസിയെ സ്വന്തമാക്കണമെന്ന അതിമോഹമാണ് ഭൂമിയില്‍ ആദ്യ ചോരചിന്തിയത്. ഈ ആസക്തിയുടെ തുടര്‍ച്ചയാണ് ജോളി. ഇത്തരം ആസക്തികളുമായി നടക്കുന്നവര്‍ എന്തെല്ലാം പൈശാചികതകള്‍ ചെയ്തുകൊിരിക്കുന്നു.
കൂട്ടുകുടുംബത്തെ ചേര്‍ത്തുപിടിച്ച് കണ്‍കുളിര്‍മ കിട്ടണമെന്ന് അഭിലഷിക്കുന്ന സുമനസ്സുകള്‍ പുനര്‍വിചിന്തനം നടത്തേണ്ട നൂറുകണക്കിനു ഗുണപാഠങ്ങളുള്ള പുസ്തകമാണ് കൂടത്തായി സംഭവം. കുടുംബാംഗങ്ങളില്‍ ഓരോരുത്തരെയും കൊന്നുതിന്നാന്‍ ഗീര്‍വനങ്ങളില്‍നിന്നും സിംഹം ഇറങ്ങിവരേണ്ടതില്ല. പ്രത്യുത ആസക്തിമൂത്ത ആണൊരുത്തനോ പെണ്ണൊരുത്തിയോ ഉണ്ടെങ്കില്‍ ഏതു കുടുംബത്തിലും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാമെന്നതാണ് ഏറ്റവും വലിയ ഗുണപാഠം.
ആര്‍ത്തിയില്‍നിന്ന് മനസ്സിനെ മോചിപ്പിക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം. ''ജനങ്ങളേ നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ ആത്മാവില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു'' (അന്നിസാഅ് 1).
ജീവിതത്തെ ചൂഴ്ന്നു നില്‍ക്കേണ്ട ദൈവവിശ്വാസത്തിനു പകരം അന്ധവിശ്വാസങ്ങളെ പ്രമാണമായി സ്വീകരിക്കുമ്പോള്‍, അതിലൂടെ ഉണ്ടാകുന്ന ജീവിതനൈരാശ്യങ്ങളെ മദ്യാസക്തി കൊണ്ട് മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ കണ്‍കുളിര്‍മക്കു പകരം കുടുംബം കണ്ണീര്‍ തുള്ളികളായി നിലം പതിക്കും. ജോളിമാര്‍ക്കു ജന്മം നല്‍കുന്ന റോയിമാരായി കുടുംബനാഥന്മാര്‍ മാറുന്നതിനു പകരം ഇണയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ബാധ്യതകള്‍ക്കൊപ്പം അവര്‍ക്ക് കിട്ടേണ്ട ചില അവകാശങ്ങളുമുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കണം. ഇല്ലെങ്കില്‍ കുടുംബനായിക ദുരന്തനായികയുമാവാം.
''ഭാര്യമാര്‍ക്ക് ബാധ്യതകളുള്ളതുപോലെതന്നെ ന്യായമായ അവകാശങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരേക്കാള്‍ ഒരു പദവി കൂടുതലുണ്ട്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (അല്‍ബഖറ 228).
വൈറ്റ് കോളര്‍ ജോലി അഭിനയിക്കുന്ന പൊങ്ങച്ച ജീവിതത്തേക്കാള്‍ മൂല്യം കഠിനാധ്വാനത്തിലൂടെ ശരീരത്തില്‍ പൊടിയുന്ന വിയര്‍പ്പുതുള്ളികള്‍ക്കും അതിലൂടെ സമ്പാദിക്കുന്ന ഭക്ഷണത്തിനുമുണ്ടെന്നു തിരിച്ചറിയണം. അപ്പോള്‍, ഉയര്‍ന്ന തസ്തികയിലെ ഉദ്യോഗസ്ഥയാണെന്ന് അഭിനയിക്കേണ്ടിവരില്ല. ആശ്രിതരായ കുടുംബത്തിന്റെ ഉപജീവനത്തിനു വേണ്ടിയുള്ള ഏത് പരിശ്രമവും ദൈവമാര്‍ഗത്തിലാണ്.
സൂര്യന്‍ അസ്തമയത്തിലേക്കു നീങ്ങുമ്പോള്‍ വീടകങ്ങളിലെ സ്വീകരണമുറികളില്‍ നിറയുന്ന സീരിയലുകള്‍ക്കും മനോനില തെറ്റിയ ജോളിമാരെ സൃഷ്ടിക്കുന്നതില്‍ അനല്‍പമായ പങ്കുണ്ട്. കരുണാര്‍ദ്രമായ സ്‌നേഹത്തിന്റെ പ്രതീകങ്ങളായ വാത്സല്യ കഥാപാത്രങ്ങള്‍ക്കു പകരം രോഷവും അമര്‍ഷവും മൂത്ത് പ്രതികാരത്തിന്റെ കനലെരിച്ച് നാവുനീട്ടി ഇറങ്ങുന്ന യക്ഷിക്കഥയിലെ പ്രേത മുഖങ്ങളാണ് പല കഥാപാത്രങ്ങളും. ചതിയും വഞ്ചനയും പ്രതികാരവും മനസ്സിലൊളിപ്പിച്ച ഹിംസ്ര കഥാപാത്രങ്ങള്‍. മൃതദേഹങ്ങള്‍ക്കരികിലിരുന്ന് തേങ്ങിക്കരയുമ്പോഴും കവിളിണകളില്‍ തേച്ചുപിടിപ്പിച്ച ചമയങ്ങള്‍ ഒഴുകി പോകാതിരിക്കാന്‍ പാടുപെടുന്ന കപടവിലാപങ്ങള്‍. കേരളീയ സമൂഹത്തിന്റെ മനോവൈകൃതങ്ങള്‍ക്കു ഊര്‍ജം പകരുന്ന സ്രോതസ്സുകളേതെന്ന് ഓരോ കുടുംബവും പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. പാതിരാവേറെ സീരിയലുകള്‍ക്ക് മുന്നിലിരുന്ന് ചുവന്നുകലങ്ങിയ കണ്ണുകളുമായി കിടന്നുറങ്ങുമ്പോള്‍ ഈ രാക്ഷസ കഥാപാത്രങ്ങള്‍ ഉപബോധമണ്ഡലത്തില്‍ പേക്കിനാവുകളായി ഇറങ്ങി യഥാര്‍ഥ ജീവിതത്തില്‍ ജോളിമാരെ സൃഷ്ടിക്കുന്നുണ്ട്.
സ്‌നേഹകാരുണ്യത്തിന്റെ തണലും തലോടലുമാണ് കുടുംബത്തെ ഇമ്പമുള്ളതാക്കുക. ആര്‍ത്തി ഭൂകമ്പം പോലെ ദുരന്തമാകും. ലാളിത്യത്തിന്റെ പനയോലകുടിലില്‍ ദാരിദ്ര്യം കടിച്ചിറക്കി വ്രതമനുഷ്ഠിച്ച് ജീവിക്കുമ്പോഴും നോമ്പു തുറക്കാന്‍ കരുതിവെച്ച ഈത്തപ്പഴം യാചിച്ചുവന്ന ഉമ്മക്കും കുഞ്ഞിനും നല്‍കുന്ന പ്രവാചകപത്‌നി ആഇശയുടെ ഉദാരത മനസ്സിനെ ഉദാത്തമാക്കും. സകാത്തിന്റെ കൂമ്പാരത്തില്‍നിന്ന് ചെറുമകന്‍ കറുത്ത മുന്തിരി വിഴുങ്ങുമ്പോള്‍ ചൂണ്ടുവിരല്‍ വായിലിട്ട് ഛര്‍ദിപ്പിച്ചു കളയുന്ന പ്രവാചകന്റെ ജാഗ്രത കുടുംബത്തെ മഞ്ഞുതുള്ളി പോലെ പരിശുദ്ധമാക്കും. സ്വന്തമല്ലാത്തതു വല്ലതും മോഷ്ടിച്ചെടുക്കുന്നത് കരളിന്റെ കഷ്ണം ഫാത്വിമയാണെങ്കിലും അവളെ ഞാന്‍ ശിക്ഷിക്കുമെന്ന മദീനാ ഭരണാധികാരി മുഹമ്മദിന്റെ പ്രഖ്യാപനം ഒരു രാജ്യവും സമൂഹവും കുടുംബവും ഹൃദയത്തോട് ചേര്‍ത്ത് വെച്ച മഹാദര്‍ശനത്തിന്റെ വിശ്വവിളംബരമാകും. ജീവിതഗന്ധിയായ ഒരു ദൈവിക ദര്‍ശനത്തെ അവഗണിച്ചുതള്ളി ആര്‍ത്തിയുടെയും കിടമത്സരത്തിന്റെയും പാത പുല്‍കുന്ന വ്യക്തിക്കും സമൂഹത്തിനും ദൈവിക നീതി നിശ്ചയിച്ച പര്യവസാനം ശുഭകരമോ ആനന്ദദായകമോ ആവില്ല.
''സുഖഭോഗങ്ങളിലുള്ള പരസ്പര കിടമത്സരം നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു. നിങ്ങള്‍ ശവക്കുഴികള്‍ സന്ദര്‍ശിക്കും വരെ. സംശയം വേണ്ട നിങ്ങളതറിയുക തന്നെ ചെയ്യും. വീണ്ടും സംശയം വേണ്ട; നിങ്ങളതറിയുക തന്നെ ചെയ്യും. നിസ്സംശയം നിങ്ങള്‍ ദൃഢമായ അറിവ് നേടിയിരുന്നെങ്കില്‍'' (തകാസുര്‍ 1-5).
Comments