അപരവത്കരണം, കീഴാളവത്കരണം, പ്രതിഛായാ നിര്‍മാണം
(പോപ്പുലിസം ഇന്ത്യന്‍ ആള്‍ക്കൂട്ടങ്ങളെ ഭ്രാന്തമായി ഗ്രസിക്കുന്നത് എന്തുകൊണ്ട്? - 2)
രാജ്യഭ്രഷ്ട് ആരോപിക്കപ്പെടേണ്ട അപരന്മാരാണ് മുസ്‌ലിംകള്‍ എന്നും, സാമൂഹികാന്തസ്സ് അര്‍ഹിക്കാത്ത, നഗ്നരാക്കപ്പെടുകയും ചുട്ടുകൊല്ലപ്പെടുകയും ചെയ്യേണ്ടവരാണ് ദലിതുകളെന്നും പൗരാവകാശങ്ങള്‍ക്ക് അര്‍ഹത ഇല്ലാത്തവരാണ് 'അര്‍ബന്‍ നക്‌സലുക'ളെന്നും പ്രചരിപ്പിച്ചുകൊണ്ട് ഈ സാമൂഹിക ഗണങ്ങളെ നിരന്തരം പീഡിപ്പിക്കുന്നതില്‍ ഇന്ത്യന്‍ പോപ്പുലിസ്റ്റുകള്‍ വലിയ അളവില്‍ വിജയിച്ചുകൊണ്ടിരിക്കുന്നു. ഇതോടൊപ്പം നുണക്കഥകള്‍ നിരത്തിയും മാധ്യമ സന്നാഹങ്ങള്‍ക്ക് മുന്നില്‍ വീരവാദങ്ങള്‍ മുഴക്കിയും പ്രതിഛായാ വര്‍ധക തന്ത്രങ്ങളും ഇവര്‍ അവലംബിക്കുന്നു.
പോപ്പുലിസത്തെയും മനുഷ്യരുടെ വൈകാരികതയെയും ബന്ധിപ്പിച്ചു നടത്തുന്ന പഠനങ്ങള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. നരേന്ദ്ര മോദിയുടെയും ജുനൈദിന്റെ ഉമ്മ സൈറയുടെയും കണ്ണീരും കരച്ചിലും താരതമ്യം ചെയ്ത് വിശകലനം ചെയ്യുന്നത് സംഗതമായിരിക്കും. മോദിയുടെ കണ്ണുനീര്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് മനസ്സിലാക്കാനാകുന്നതും പോപ്പുലിസ്റ്റ് തന്ത്രങ്ങളുടെ ചേരുവയുമാണ്. എന്നാല്‍ സൈറയുടെ കണ്ണുനീര്‍ പരദേശിയുടെ അഥവാ അപരയുടെ കണ്ണുനീരാണ്. മോദിയും ബി.ജെ.പിയും അവലംബിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് മോദിയുടെ കരച്ചില്‍ പ്രവര്‍ത്തിക്കുന്നതും സൈറയുടെ കണ്ണുനീര്‍ മനസ്സിലാക്കപ്പെടുന്നതും. നാസി താത്ത്വികാചാര്യനായ കാള്‍ ഷിമിറ്റിന്റെ (Carl Schimitt) ശത്രു/മിത്ര നിര്‍ണയ തന്ത്രം തന്നെയാണ് ബി.ജെ.പിയും പഥ്യമായി സ്വീകരിക്കുന്നത്. ക്രിസ്ത്യാനികളല്ലാത്തവരെ ശത്രുക്കളായി പ്രഖ്യാപിച്ച് ഉന്മൂലനം ചെയ്യുന്ന രീതി അവലംബിക്കാന്‍ അദ്ദേഹം ഹിറ്റ്‌ലര്‍ക്കും മറ്റും ഉപദേശം നല്‍കി. ഹിന്ദു രാജ്യമായി സംഘ് പരിവാര്‍ കരുതുന്ന ഇന്ത്യയിലെ മുസ്‌ലിം ശത്രുവാണ് അവരുടെ കണ്ണില്‍ സൈറ. സൈറ ഹിന്ദുക്കളോട് ശത്രുത പുലര്‍ത്തുന്നതായും പരിവാര്‍ വിശ്വസിക്കുന്നു. 2002-ലെ ഗുജറാത്ത് കുരുതിയുടെ പേരില്‍ മോദി മാപ്പ് ഉരച്ചിട്ടില്ല, കണ്ണീരണിഞ്ഞിട്ടുമില്ല. മാത്രമല്ല ഗുജറാത്തിലെ പുനരധിവാസ ക്യാമ്പുകളെ അവഹേളിക്കാനാണ് അദ്ദേഹം ഉദ്യുക്തനായത്. ക്യാമ്പില്‍ ക്യൂ നില്‍ക്കുന്ന സ്ത്രീകള്‍ പെറ്റുകൂട്ടുന്നതിനെയും അദ്ദേഹം നീരസത്തോടെ കാണുന്നു. തെരഞ്ഞെടുപ്പു വിജയത്തിന്റെ രണ്ട് സന്ദര്‍ഭങ്ങളിലായിരുന്നു മോദിയുടെ രണ്ട് തവണത്തെയും കരച്ചില്‍. 2014 മേയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പദത്തിലേക്ക് വഴിയൊരുക്കി അദ്ദേഹം പാര്‍ലമെന്ററി കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു കരച്ചിലിന്റെ ഒന്നാം സന്ദര്‍ഭം. 2017 ഡിസംബറിലായിരുന്നു രണ്ടാമത്തെ വിലാപം. ഗുജറാത്തില്‍ ബി.ജെ.പി തുടര്‍ച്ചയായി ആറാം തവണയും വിജയിച്ച ഘട്ടത്തില്‍ പാര്‍ട്ടി എം.പിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തക പ്രഗ്യ കൗശിക് (Pragya Kaushik) ദി പ്രിന്റില്‍ മോദി കണ്ണീരണിഞ്ഞ സന്ദര്‍ഭം ഇപ്രകാരം വിശദീകരിച്ചിരുന്നു: ''ഗുജറാത്തിനെ പരാമര്‍ശിച്ചപ്പോഴായിരുന്നു മോദിയുടെ കരച്ചില്‍. '90-കളില്‍ ബി.ജെ.പി ഗുജറാത്തില്‍ വിജയം നേടിയപ്പോള്‍ അടല്‍ ബിഹാരി വാജ്‌പേയ് തന്നെ പുറത്തു തട്ടി അഭിനന്ദിച്ചിരുന്നതായി പ്രഭാഷണത്തില്‍ അദ്ദേഹം അനുസ്മരിക്കുകയുണ്ടായി. മോദിയും ബി.ജെ.പിയും നടത്തിയ ന്യൂനപക്ഷവിരുദ്ധ കാമ്പയിനുകളാണ് ഗുജറാത്തിലെ പാര്‍ട്ടി വിജയത്തിന്റെ കാരണമെന്ന യാഥാര്‍ഥ്യം അവിടെ പരാമര്‍ശിക്കപ്പെട്ടില്ല. ഗുജറാത്ത് വംശഹത്യയുടെ ദാരുണതകള്‍ക്കും പ്രഭാഷണത്തില്‍ ഇടം ലഭിച്ചില്ല. മോദിയുടെ കണ്ണുനീര്‍ തെരഞ്ഞെടുപ്പു വിജയത്തില്‍നിന്ന് രൂപം കൊണ്ട സന്തോഷാശ്രുക്കള്‍ ആയിരുന്നു. എന്നാല്‍ സൈറയുടെ കണ്ണീര്‍ നൈരാശ്യത്തില്‍നിന്നും നിസ്സഹായതയില്‍നിന്നും വാര്‍ന്നൊഴുകിയതും. കൊല്ലപ്പെട്ട മുസ്‌ലിംകളെ പട്ടിക്കുഞ്ഞുങ്ങളോട് ഉപമിച്ച മോദിയുടെ രൂപകം പോപ്പുലിസ്റ്റുകള്‍ സൈറയുടെ കാര്യത്തിലും അവതരിപ്പിക്കുന്നു. മോദി കരയുന്നത് ആധികാരിക ഇന്ത്യക്കാരന്റെ കരച്ചിലും സൈറ കേഴുമ്പോള്‍ അത് പരദേശത്തേക്ക് പോകേണ്ട അപരയുടെ കരച്ചിലുമായി തുലനം ചെയ്യപ്പെടുന്നു. 'ആധികാരിക' വ്യക്തിക്കു വേണ്ടിയേ മോദി കണ്ണീര്‍ പൊഴിക്കൂ. സൈറയും ജുനൈദും നിലകൊള്ളുന്ന 'ജന്തുലോക'ത്തെ നിസ്സാര ജീവികള്‍ക്കു വേണ്ടി 'വരേണ്യര്‍'ക്ക് എങ്ങനെ വിലപിക്കാനാകും?
ഇരുവരുടെയും കരച്ചിലിന്റെ പശ്ചാത്തലങ്ങള്‍ തമ്മിലുള്ള വ്യത്യസ്തതകളും പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. ദേശവ്യാപകമായി സംപ്രേഷണം ചെയ്ത ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുമ്പിലായിരുന്നു മോദി കണ്ണീര്‍ തൂകിയത്. സൈറയാകട്ടെ ക്ഷണിക്കപ്പെട്ട ആരും ഇല്ലാത്ത സ്വന്തം വീട്ടുമുറിയില്‍ വെച്ചും. മോദിയുടെ കരച്ചില്‍ പ്രകടനപരമായിരുന്നു. ജനങ്ങളില്‍ സ്വാധീനം ഉളവാക്കാന്‍ ഇത്തരം മീഡിയാ വത്കൃത പെര്‍ഫോമന്‍സുകള്‍ മറ്റിടങ്ങളിലും അരങ്ങേറുക പതിവാണ്. 1991-ലെ ഇറാഖ് ആക്രമണത്തെ ന്യായീകരിക്കുന്നതിന് ജോര്‍ജ് ബുഷ് ഭരണകൂടം അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ നടത്തിയ സാക്ഷിനാടകം ഓര്‍ക്കുക. 15 വയസ്സുകാരി നാഇറയെ ആണ് ബുഷ് അന്ന് കോണ്‍ഗ്രസ്സില്‍ സാക്ഷിയായി ഹാജരാക്കിയത്. കുവൈത്ത് അധിനിവേശത്തിന് എത്തിയ സദ്ദാമിന്റെ ഭടന്മാര്‍ ഇന്‍ക്യുബേറ്ററുകളില്‍നിന്ന് ശിശുക്കളെ എടുത്തെറിയുന്നത് നേരില്‍ കണ്ടതായി നാഇറ അവകാശപ്പെട്ടു. ഈ കഥ പറയുന്നതിനിടെ അവള്‍ ഇടക്കിടെ ബോധരഹിതയാകുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് കേവലം അഭിനയം മാത്രമായിരുന്നു എന്ന് പിന്നീട് വെളിപ്പെട്ടു. ഹില്‍ ആന്റ് നോള്‍ട്ടണ്‍ എന്ന പബ്ലിക് റിലേഷന്‍സ് കമ്പനി ആയിരുന്നു നാഇറക്ക് ഈ കളിയാട്ടത്തിനു പരിശീലനം നല്‍കിയത്. യു.എസ് മിലിറ്ററി അധിനിവേശത്തിനു മുന്നോടിയായി ഈ കമ്പനിയെ വാടകക്കെടുത്തിരുന്നു. നാഇറ കുവൈത്ത് അംബാസഡറുടെ മകള്‍ ആയിരുന്നു എന്ന വസ്തുത പ്രസ്തുത സന്ദര്‍ഭത്തില്‍ മറച്ചുവെക്കപ്പെടുകയുണ്ടായി.
2015-ല്‍ കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി നടത്തിയ സംഭാഷണത്തിനിടെയും മോദി അല്‍പം കരയുകയുണ്ടായി. സുക്കര്‍ബര്‍ഗ് സ്വന്തം കുടുംബപശ്ചാത്തലം ആരായവെ, അയല്‍വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്ത് തന്നെ വളര്‍ത്തിയ അമ്മയുടെ ഓര്‍മയിലായിരുന്നുവത്രെ ആ കരച്ചില്‍.
മക്കളെ വളര്‍ത്താന്‍ അമ്മ വീട്ടുവേലക്കാരിയായി ജോലി ചെയ്തു എന്ന മോദിയുടെ അവകാശവാദം സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭ്യമല്ലെന്ന് മോദിയുടെ ജീവചരിത്രകാരനായ നിലഞ്ജന്‍ മുഖോപാധ്യായ വ്യക്തമാക്കിയിട്ടുണ്ട്. മക്കള്‍ക്കു വേണ്ടി ജീവിത സ്വപ്‌നങ്ങള്‍ പലതും ബലികഴിക്കാന്‍ നിര്‍ബന്ധിതരാകുന്ന അമ്മമാരെ മോദി അനുസ്മരിക്കുന്നുണ്ടെങ്കിലും മകനുവേണ്ടി ഹൃദയം തേങ്ങിയ സൈറയുടെ വിഷയത്തില്‍ മോദി വിചിത്രമായ മൗനം ദീക്ഷിക്കുന്നതാണ് നാം കണ്ടത്.
സൈറയെയും ഇതര മുസ്‌ലിംകളെയും 'ജന്തുലോക' ജീവികളായി തളച്ചിടുന്ന സംഘ് പരിവാര ജ്ഞാനവ്യവസ്ഥക്ക് ദിവ്യാശീര്‍വാദത്തിന്റെ ആധികാരികതയുണ്ടെന്ന് മോദി അനുകൂലികള്‍ ഭാവിക്കുന്നു. ദൈവമാണ് തന്നെ പ്രധാനമന്ത്രിയായി നിയോഗിച്ചതെന്ന മോദിയുടെ (The Hindu daily - 2014 April 24) അവകാശവാദം നോക്കുക. ഇന്ത്യയുടെ കള്‍ച്ചറല്‍ റിലേഷന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ ലോകേഷ് ചന്ദ്ര ഒരുപടി കൂടി കടന്ന് മോദിയെ ദൈവപദവിയിലേക്ക് ഉയര്‍ത്തുകയുണ്ടായി. 2014-ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടത്തിയ പ്രഭാഷണത്തില്‍ തന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ദിവ്യ പ്രതിഭാസമായി വിശേഷിപ്പിച്ചത് ശ്രദ്ധേയമാണ്. 'ജനത, ജന്‍, ജനാര്‍ദന്‍' എന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. ജനതയുടെ ഇഛ ലോകത്തുടനീളം പടരും എന്നാണ് ഈ വാചകത്തെ സോഷ്യോളജിസ്റ്റ് രാജഗോപാല്‍ വായിക്കുന്നത്. ജനാര്‍ദന്‍ എന്ന വിശേഷണത്തിലൂടെ ശ്രീകൃഷ്ണന്റെ അപരനാമത്തെ മോദി സ്വന്തമാക്കുകയായിരുന്നു. ഹിന്ദുക്കള്‍ ദൈവാവതാരമായി വിശ്വസിക്കുന്ന പദവിയിലേക്ക് അദ്ദേഹം സ്വയം ഉയര്‍ന്നു എന്നു സൂചന. അഥവാ സവര്‍ക്കര്‍ ചിന്താഗതിക്കാര്‍ കപടം എന്നു വിശേഷിപ്പിക്കാറുള്ള മതേതരത്വം മോദിക്കും അദ്ദേഹത്തിന്റെ അസംഖ്യം അനുയായികള്‍ക്കും സ്വീകാര്യമല്ലെന്നു സാരം.
മുള്ളറുടെ സമീപനങ്ങളും വീഴ്ചകളും
ജര്‍മന്‍ തത്ത്വചിന്തകനും ചരിത്രകാരനും സര്‍വകലാശാലാ അധ്യാപകനുമായ ജാന്‍ വെര്‍ണര്‍ മുള്ളര്‍ 'വാട്ട്ഈസ് പോപ്പുലിസം' എന്ന ശീര്‍ഷകത്തില്‍ എഴുതിയ പുസ്തകം ജനാധികാരവാദത്തിന്റെ ഏറ്റവും വിഖ്യാതമായ രചനയാണ്. വിയന്നയിലെ ഹ്യൂമന്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പരകളുടെ സമാഹാരമാണിത്. സമകാലിക രാഷ്ട്രീയ പദാവലികളില്‍ പോപ്പുലിസം സുപ്രധാന സ്ഥാനത്ത് ഇടം പിടിക്കുകയും ലോകത്തുടനീളം പോപ്പുലിസ്റ്റ് പ്രവണതകള്‍ ഊര്‍ജിതപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും ഈ പ്രയോഗത്തിന്റെ യഥാര്‍ഥ വിവക്ഷ പലര്‍ക്കും അജ്ഞാതമാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍ വായനക്കാരുടെ സംശയങ്ങള്‍ ദൂരീകരിക്കുക എന്നതാണ് തന്റെ രചനയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് എന്ന് മുള്ളര്‍ ആമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വാട്ട് പോപ്പുലിസ്റ്റ്‌സ് സേ, വാട്ട് പോപ്പുലിസ്റ്റ്‌സ് ഡു, കോസസ് ഓഫ് പോപ്പുലിസം എന്നീ മൂന്ന് അധ്യായങ്ങളിലൂടെയാണ് മുള്ളര്‍ തന്റെ സിദ്ധാന്തങ്ങള്‍ വിശദീകരിക്കുന്നത്.
ഭരണാധികാരികളാകാന്‍ കഴിവില്ലാത്ത പ്രതിഷേധക്കാര്‍ മാത്രമാണ് പോപ്പുലിസ്റ്റുകള്‍ എന്ന വിമര്‍ശനത്തെ നിരാകരിക്കുന്ന മുള്ളര്‍ അധികാരത്തിലേറുന്ന പക്ഷം പോപ്പുലിസ്റ്റുകള്‍ പ്രകടിപ്പിക്കുന്ന മൂന്ന് സ്വഭാവ സവിശേഷതകള്‍ ഈ കൃതിയില്‍ വിവരിക്കുന്നു. ഒന്നാമതായി വിവിധ വര്‍ഗങ്ങളിലൂടെ രാജ്യത്തെ സ്വന്തം കൈപ്പിടിയില്‍ നിര്‍ത്തുന്ന കോളനീകരണത്തിനു പോപ്പുലിസ്റ്റുകള്‍ പരിശ്രമിക്കും. സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക, മാധ്യമങ്ങള്‍, നീതിന്യായ വിഭാഗം തുടങ്ങി നിര്‍ണായക മേഖലകളില്‍ സ്വന്തം കക്ഷിക്കാരെ തിരുകിക്കയറ്റുക തുടങ്ങിയവയാണ് പോപ്പുലിസ്റ്റുകളുടെ കോളനീകരണ തന്ത്രങ്ങള്‍. പോപ്പുലിസ്റ്റുകള്‍ അല്ലാത്ത പാര്‍ട്ടികളും ഇത്തരം ഇടപെടലുകള്‍ക്ക് രഹസ്യമായി മുതിരാറുണ്ടെങ്കിലും പോപ്പുലിസ്റ്റുകള്‍ പരസ്യമായിത്തന്നെ ഇവ അവലംബിക്കാന്‍ തയാറാകുന്നു. ജനാഭിലാഷം നടപ്പാക്കുകയാണെന്ന വ്യാജേന ബ്യൂറോക്രസിയില്‍ അട്ടിമറികള്‍ നടത്താനും പോപ്പുലിസ്റ്റ് അധികാരികള്‍ ഉദ്യുക്തരാകുന്നു. ഇഷ്ട കക്ഷി പക്ഷപാതിത്വ (Clientalism) ത്തെ ചവിട്ടുപടിയാക്കിയിട്ടായിരിക്കും പോപ്പുലിസ്റ്റുകള്‍ അധികാരത്തിലേറുക. അധികാരലബ്ധിയോടെ ഇഷ്ടകക്ഷികളായ വരേണ്യര്‍ക്ക് അവര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കും. അധികാരം നിലനിര്‍ത്താനും ജനങ്ങളെ കൂടെ നിര്‍ത്താനുമുള്ള സാമ്പത്തിക സ്രോതസ്സ് എന്ന നിലയില്‍ വരേണ്യ സമ്പന്നതയെ ആശ്രയിക്കുന്ന തന്ത്രമായി ഇതിനെ വിശദീകരിക്കാം. ഇത്തരം ഇഷ്ടകക്ഷി താല്‍പര്യ സംരക്ഷണങ്ങള്‍ അഴിമതിക്ക് ഇടം നല്‍കുന്നു. അഴിമതിക്കെതിരായ ധാര്‍മിക പോരാട്ടം എന്ന വാദഗതികള്‍ ഉന്നയിച്ചുകൊണ്ടാകും പോപ്പുലിസ്റ്റുകള്‍ അധികാരലബ്ധിക്കു വേണ്ടിയുള്ള കരുക്കള്‍ നീക്കിയിരിക്കുക. എന്നാല്‍ ഒടുവില്‍ അവരും അഴിമതിക്കാരായി പരിണമിക്കുന്നു.
യു.എസിലും യൂറോപ്പിലും പോപ്പുലിസം ഉദയം ചെയ്യാനുണ്ടായ നിമിത്തങ്ങളും മുള്ളര്‍ അവസാന അധ്യായത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ജനാധിപത്യവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ സാക്ഷാത്കരിക്കപ്പെടാതിരുന്നതാണ് പോപ്പുലിസത്തിന്റെ ആവിര്‍ഭാവത്തിന്റെ പ്രധാന കാരണം ജനാധിപത്യത്തില്‍ ജനഹിതമാണ് പുലരുക, ജനാഭിലാഷമായിരിക്കും ഭരണവാഴ്ച നടത്തുക തുടങ്ങിയ സങ്കല്‍പങ്ങള്‍ തകര്‍ന്നടിയുന്നത് കാണുന്ന ജനങ്ങള്‍ പോപ്പുലിസ്റ്റ് പ്രചാരണങ്ങളില്‍ ചെന്നുവീഴുക സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. നേര്‍ ജനാധിപത്യത്തിന്റെ (Direct Democracy) പ്രത്യാഘാതം എന്ന നിലയില്‍ അല്ലാത്ത പ്രാതിനിധ്യ ജനാധിപത്യ(Representative Democracy) ത്തിന്റെ ആഘാതമായും പോപ്പുലിസം ഉടലെടുക്കുന്നു എന്ന ചരിത്ര വസ്തുത മുള്ളര്‍ വിട്ടുകളയുന്നു.
പോപ്പുലിസത്തെ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ മുള്ളര്‍ അവസാന അധ്യായത്തില്‍ പരാമര്‍ശിക്കുന്നു. ഒരു പ്രതിഭാസം എന്ന നിലയിലും ആശയസംഹിത എന്ന നിലയിലും പോപ്പുലിസത്തെ ശക്തമായി അദ്ദേഹം വിമര്‍ശിക്കുന്നുണ്ടെങ്കിലും ലിബറലിസത്തിനും ഏറെ പരിമിതികള്‍ ഉള്ളതായി ചൂണ്ടിക്കാട്ടുന്നു. ഒരു രാജ്യത്തെ സര്‍വപൗരന്മാരെയും ഒരേ നിലയില്‍ വീക്ഷിക്കാത്ത പ്രവണതകള്‍ക്കു നേരെ ലിബറല്‍ ഡെമോക്രാറ്റുകള്‍ കണ്ണടക്കുന്നതായി മുള്ളര്‍ കുറ്റപ്പെടുത്തുന്നു. പോപ്പുലിസത്തിനെതിരായ പ്രതിരോധത്തിന് ചില പ്രാഥമിക നടപടികള്‍ മാത്രമാണ് തനിക്ക് ഉന്നയിക്കാനുള്ളതെന്ന് മുള്ളര്‍ കുറ്റസമ്മതം നടത്തുന്നത് മുള്ളറുടെ സമീപനത്തിലെ ദൗര്‍ബല്യങ്ങളെയാണ് തുറന്നുകാട്ടിയിരിക്കുന്നത്.
പോപ്പുലിസത്തെ വിശദീകരിക്കുമ്പോള്‍ മുള്ളര്‍ക്ക് പ്രധാനമായും മൂന്ന് വീഴ്ചകള്‍ സംഭവിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ. വിവിധ രാജ്യങ്ങളിലെ പോപ്പുലിസ്റ്റ് നേതാക്കളുടെ പ്രസ്താവനകളെ ഉദ്ധരിക്കുന്ന മുള്ളര്‍ പോപ്പുലിസത്തിന്റെ ഇരകളുടെ കാഴ്ചപ്പാടുകള്‍ക്കു നേരെ കണ്ണടച്ചിരിക്കുന്നു. ഇരകളെ ഒഴിച്ചുനിര്‍ത്തുന്ന ഈ രീതി സിദ്ധാന്തവത്കരണത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ഓര്‍മിപ്പിക്കട്ടെ.
പോപ്പുലിസത്തിന്റെ നിര്‍മാണഘടകമെന്ന നിലയില്‍ മതത്തെ സ്ഥാനപ്പെടുത്താന്‍ മുള്ളര്‍ തയാറാകുന്നില്ല എന്നതാണ് രണ്ടാമത്തെ വീഴ്ച. വിവിധ രാജ്യങ്ങളില്‍ മതത്തെയും മതപരമായ അസഹിഷ്ണുതയെയും പോപ്പുലിസ്റ്റുകള്‍ കൂട്ടുപിടിക്കുന്നു എന്ന വസ്തുത ഇവിടെ അവഗണിക്കപ്പെടുന്നു. പോപ്പുലിസം വരേണ്യ വിഭാഗങ്ങള്‍ക്കെതിരായ മുന്നേറ്റമാണെന്ന അദ്ദേഹത്തിന്റെ വാദത്തോടും യോജിക്കാന്‍ കഴിയില്ല. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ബര്‍ലൂസ്‌കോനിയും കോടീശ്വരന്മാരായ ഉപരിവര്‍ഗ പ്രതിനിധികളും പോപ്പുലിസ്റ്റുകളുമാണ് എന്നത് മുള്ളറുടെ പ്രമാണപ്രകാരം വിലയിരുത്താനാകുമോ? വാസ്തവത്തില്‍ പോപ്പുലിസ്റ്റുകള്‍ ഉന്നമിടുന്നത് വരേണ്യ വിഭാഗങ്ങളിലുള്‍പ്പെടാത്ത ജനങ്ങളെയാണ്. 'യഥാര്‍ഥ' പൗരന്മാരുടെ സംസ്‌കാരത്തിനു ഭീഷണിയാകുന്ന ജനവിഭാഗങ്ങളാണ് പോപ്പുലിസ്റ്റുകളുടെ ഉന്നവും ഇരകളും. ജൂത-ക്രൈസ്തവ സംസ്‌കാരത്തിന് ഭീഷണിയായി മുസ്‌ലിംകളെ ദര്‍ശിക്കുന്നതിനു പിന്നിലെ പോപ്പുലിസ്റ്റ് യുക്തി ഇതുകൊണ്ടാണ്. പാശ്ചാത്യ ഉദ്ഗ്രഥനത്തിനു ഭീഷണിയായി മുസ്‌ലിംകള്‍ മുദ്ര കുത്തപ്പെടുന്നതും ഇതുകൊണ്ടാണ്.
ബറാക് ഒബാമയുടെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാന്‍ പോപ്പുലിസ്റ്റുകളെ പ്രേരിപ്പിച്ചത് അദ്ദേഹം ആഫ്രിക്കന്‍ 'അപരന്‍' ആയതുകൊണ്ടായിരുന്നുവെന്നാണ് മുള്ളറുടെ വാദം. ഒബാമ മുസ്‌ലിം പിതാവിന് ജനിച്ച പുത്രനായതുകൊണ്ടായിരുന്നു ഇത്തരമൊരു മുറവിളി എന്ന യാഥാര്‍ഥ്യം മുള്ളര്‍ തമസ്‌കരിക്കുകയായിരുന്നു. തന്റെ ക്രിസ്ത്യന്‍ അസ്തിത്വം ഒബാമ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത് ഓര്‍മിക്കുക. നോര്‍വേയില്‍ 77 പേരെ വെടിവെച്ചുകൊന്ന ആന്‍ഡേഴ്‌സ് ബ്രെവിക് എന്ന ഭീകരവാദിയുടെ കഥ മുള്ളര്‍ സ്വന്തം കൃതിയില്‍ പരാമര്‍ശിക്കുന്നില്ല. വരേണ്യ വിഭാഗത്തോട് കടുത്ത എതിര്‍പ്പുള്ള വ്യക്തിയായിരുന്നു ബ്രെവിക്. എന്നാല്‍ വരേണ്യര്‍ മാത്രമായിരുന്നില്ല അയാളുടെ ഉന്നം. മുസ്‌ലിംകളെ ആയിരുന്നു ബ്രെവിക് ഒന്നാമതായി ലക്ഷ്യമിട്ടത്. ക്രിസ്ത്യന്‍ യൂറോപ്പിന്റെ സംസ്‌കാരത്തിന് മുസ്‌ലിംകള്‍ ഭീഷണിയാണെന്ന് അയാള്‍ വിശ്വസിച്ചു. മുസ്‌ലിം കുടിയേറ്റത്തിനു അനുമതി നല്‍കിയ രാഷ്ട്രീയ നേതാക്കളെ അയാള്‍ കുറ്റക്കാരായി കണ്ടു.
മുള്ളറുടെ പ്രധാന ശ്രദ്ധ പതിയുന്ന രാജ്യങ്ങള്‍ അമേരിക്കയും യൂറോപ്യന്‍ നാടുകളുമാണ്. ചിലപ്പോള്‍ യൂറോപ്യന്‍ യൂനിയന്റെ ഉപദേഷ്ടാവ് ചമഞ്ഞുകൊണ്ടും അദ്ദേഹം പ്രത്യക്ഷനാകുന്നു. ഇന്ത്യയെ സംബന്ധിച്ച് കൂടുതലൊന്നും വിശദീകരിക്കാന്‍ അദ്ദേഹം തയാറാകുന്നില്ല. 'ഇന്ത്യ എന്നാല്‍ ഇന്ദിര; ഇന്ദിര എന്നാല്‍ ഇന്ത്യ' എന്ന അടിയന്തരാവസ്ഥാ കാലത്തെ മുദ്രാവാക്യത്തില്‍ പോപ്പുലിസത്തിന്റെ കലര്‍പ്പ് ഇല്ല എന്നു വാദിക്കാനാണ് മുള്ളര്‍ ശ്രമിച്ചത്. എന്നാല്‍ രാഷ്ട്രീയ സാമൂഹിക വിശാരദന്‍ നരേന്ദ്ര സുബ്രഹ്മണ്യ ഈ മുദ്രാവാക്യത്തില്‍ തീര്‍ച്ചയായും പോപ്പുലിസത്തിന്റെ ചേരുവകള്‍ അടങ്ങിയിരിക്കുന്നു എന്നു സമര്‍ഥിക്കുകയുണ്ടായി.
പോപ്പുലിസത്തിന്റെ സാര്‍വലൗകിക ബന്ധങ്ങളെക്കുറിച്ച് മുള്ളര്‍ ദീക്ഷിക്കുന്ന മൗനമാണ് അദ്ദേഹത്തിന്റെ ആശയപദ്ധതിയെ ദുര്‍ബലമാക്കുന്ന മറ്റൊരു ഘടകം. അമേരിക്കയിലെ പോപ്പുലിസ്റ്റുകള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും ആസ്‌ത്രേലിയയിലെയും ജനാധികാര-ദേശീയതാവാദ ഗ്രൂപ്പുകളുമായി പുലര്‍ത്തുന്ന ബന്ധം മുള്ളറുടെ അവലോകനങ്ങളില്‍ ഇടം പിടിക്കുന്നില്ല. ഇന്ത്യയിലെ മുസ്‌ലിംകളെ പുറത്താക്കാന്‍ ഹിന്ദുത്വവാദികള്‍ക്ക് ബ്രെവിക് പിന്തുണ വാഗ്ദാനം ചെയ്തതും, ഓസ്‌ലോ ഡെമോക്രാറ്റിക് യൂനിയന്‍ എന്ന വലതുപക്ഷ സംഘത്തില്‍ ബി.ജെ.പി അംഗത്വം നേടിയതും മുള്ളറുടെ പരാമര്‍ശങ്ങളില്‍ ഇടം പിടിക്കുന്നില്ല.
ഇത്തരം പോരായ്മകള്‍ മുള്ളറുടെ സിദ്ധാന്തവത്കരണത്തിന്റെ ആധാരശിലകളില്‍ ഇളക്കം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. സോവിയറ്റ് യൂനിയന്റെ ശിഥിലീകരണത്തോടെ കമ്യൂണിസം എന്ന ശത്രു തിരോഭവിക്കുകയും അതേ തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട ശൂന്യതയില്‍ ഇസ്‌ലാം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തതാണ് പാശ്ചാത്യ രാജ്യങ്ങളിലെ പ്രക്ഷുബ്ധ പോപ്പുലിസത്തിന്റെ ആധാരമെന്ന നരവംശ ശാസ്ത്രജ്ഞന്‍ ഡോണ്‍ കാല്‍ബി(ഉീി ഗമഹയ)ന്റെയും രാഷ്ട്രീയ വിശാരദന്‍ ജോണ്‍ കീനിന്റെയും (ഖീവി ഗലമില) വീക്ഷാഗതിക്കും മുള്ളര്‍ സ്ഥാനം നല്‍കുന്നില്ല. ചുരുക്കത്തില്‍, സാര്‍വദേശീയ ചട്ടക്കൂടില്‍നിന്നു കൊണ്ട് പോപ്പുലിസത്തിന്റെ വ്യത്യസ്തമായൊരു വംശാവലി പരിശോധിച്ചുകൊണ്ടല്ലാതെ ഇന്ത്യയിലെയോ പാശ്ചാത്യ സമൂഹത്തിലെയോ പോപ്പുലിസത്തിന്റെ യുക്തികളെ ഗ്രഹിക്കാനാകില്ല എന്ന വിമര്‍ശനമാണ് എനിക്ക് മുള്ളര്‍ക്കെതിരെ പ്രധാനമായും ഉന്നയിക്കാനുള്ളത്.
ഉപസംഹാരം
വരേണ്യത, അഴിമതി എന്നിവക്കെതിരെ നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന പോപ്പുലിസ്റ്റുകള്‍ ഇവയുടെ പ്രയോക്താക്കളായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ പോപ്പുലിസ്റ്റുകള്‍ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നത് പ്രശ്‌നവത്കരിക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണ്. ഫാഷിസം സമഗ്ര വീക്ഷണത്തില്‍ പടുത്തുയര്‍ത്തപ്പെട്ട പ്രത്യയശാസ്ത്ര വാദമാണെന്നാണ് കാസ് മുഡെ (Cass Mudde) യുടെ പക്ഷം. പോപ്പുലിസത്തിന് സമഗ്രതയില്ല എന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍ സമഗ്ര സമീക്ഷയോടെയാണ് പോപ്പുലിസം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ബീഫ് ഉപഭോഗത്തിനെതിരെയും ലൗ ജിഹാദ് എന്ന സാങ്കല്‍പിക പ്രവണതക്കെതിരായും സംഘ് പരിവാര്‍ നടത്തുന്ന പ്രചാരണങ്ങള്‍ നല്‍കുന്ന സൂചന അതാണ്.
പോപ്പുലിസമെന്ന സാമൂഹിക, സാംസ്‌കാരിക പ്രതിഭാസത്തെ സംബന്ധിച്ച് ബുദ്ധിജീവികള്‍, വിശിഷ്യാ നരവംശ ശാസ്ത്രജ്ഞര്‍ കൂടുതല്‍ സൂക്ഷ്മമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. അതിനെ കേവലം തെരഞ്ഞെടുപ്പ് ഉപകരണമായോ ജനാവലിയെ ആകര്‍ഷിക്കുന്നതിനുള്ള സാമ്പ്രദായിക തന്ത്രമായോ ഗണിക്കാതെയുള്ള പഠനങ്ങള്‍ ആണ് കാലം ആവശ്യപ്പെടുന്നത്. ഹിംസ, നീതിനിഷേധം, അസമത്വം എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന പഠനങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനും രാഷ്ട്രീയ മാറ്റം സൃഷ്ടിക്കുന്നതിനും ഉതകുന്നതാകണം.
(അവസാനിച്ചു)
വിവ: വി.പി.എ അസീസ്
Comments