Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 25

3123

1441 സഫര്‍ 25

ശൂറായുടെ സാമൂഹിക മാനങ്ങള്‍

റാശിദുല്‍ ഗന്നൂശി

ഈ സൂക്തങ്ങള്‍ കാണുക:
''നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. നിങ്ങള്‍ ഏതെങ്കിലും കാര്യത്തില്‍ തര്‍ക്കിച്ചാല്‍ അത് മടക്കേണ്ടത് അല്ലാഹുവിലേക്കും ദൂതനിലേക്കുമാണ്; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍'' (4:59). ''നല്ലതിലേക്ക് ക്ഷണിക്കുന്ന, നന്മ കല്‍പിക്കുന്ന, തിന്മ വിരോധിക്കുന്ന ഒരു സംഘം നിങ്ങളില്‍നിന്ന് ഉണ്ടായിവരട്ടെ'' (3:104). ''നാമീ ഉത്തരവാദിത്തം ആകാശഭൂമികളുടെയും പര്‍വതങ്ങളുടെയും മുമ്പാകെ വെച്ചു. ഏറ്റെടുക്കാന്‍ അവ കൂട്ടാക്കിയില്ല. അവക്ക് പേടിയായിരുന്നു. മനുഷ്യനാണ് അത് ഏറ്റെടുത്തത്. അവന്‍ (തന്നോടു തന്നെ) അക്രമം കാണിച്ചവനും (പരിണതിയെക്കുറിച്ച്) അജ്ഞനും ആണ്'' (33:72). ''പരസ്പരം കൂടിയാലോചനയിലൂടെയാണ് അവരുടെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക'' (42:38). ''കാര്യങ്ങളില്‍ അവരുമായി കൂടിയാലോചിക്കുക'' (3:159). ''വിശ്വാസികളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയാല്‍ അവര്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കുക. അതിലൊരു വിഭാഗമാണ് അതിക്രമം കാണിച്ചതെങ്കില്‍ അവരോടാണ് നിങ്ങള്‍ ഏറ്റുമുട്ടേണ്ടത്; കാര്യങ്ങള്‍ അല്ലാഹുവിന്റെ നിയന്ത്രണത്തിലേക്ക് എത്തിച്ചേരും വരെ'' (49:9). ''നേര്‍പാത വ്യക്തമായതിനു ശേഷം ദൈവദൂതനെ കൈവെടിയുകയും വിശ്വാസികളുടേതല്ലാത്ത പാത പിന്തുടരുകയും ചെയ്യുന്നയാള്‍ക്ക് അയാള്‍ തെരഞ്ഞെടുത്തതെന്തോ അത് നല്‍കും. അയാളെ നാം ആനയിക്കുക നരകത്തിലേക്കായിരിക്കും. എത്ര മോശം സങ്കേതം!'' (4:115).
ഇനി ഏതാനും നബിവചനങ്ങള്‍:
''നിങ്ങള്‍ എല്ലാവരും ഇടയന്മാരാണ്. എല്ലാവരും തന്റെ ആട്ടിന്‍പറ്റങ്ങളെപ്പറ്റി സമാധാനം പറയേണ്ടിയും വരും'' (തിര്‍മിദി, അബൂദാവൂദ്). ''ദൈവത്തിന്റെ കരം സംഘത്തോടൊപ്പമാണ്. ആരെങ്കിലും തെറ്റിപ്പിരിഞ്ഞു പോയാല്‍ നരകത്തിലേക്കാണ് തെറ്റിപ്പിരിയുന്നത്'' (തിര്‍മിദി). ''ആരെങ്കിലും സംഘത്തില്‍നിന്ന് ഒരു ചാണ്‍ വിട്ടുനിന്നാല്‍ തന്റെ പിരടിയില്‍നിന്ന് ഇസ്‌ലാമിന്റെ അടയാളം അയാള്‍ എടുത്തു മാറ്റിയിരിക്കുന്നു'' (അബൂദാവൂദ്, അഹ്മദ്). ''സംഘത്തെ വെടിഞ്ഞുകൊണ്ടാണ് ഒരാള്‍ മരിക്കുന്നതെങ്കില്‍ അയാളുടെ മരണം ജാഹിലീ മരണമാണ്'' (രിയാദുസ്സ്വാലിഹീന്‍).
ഇസ്‌ലാമിക ഭരണക്രമം എന്നത് ദൈവിക നിയമ(ശരീഅത്ത്)ത്തിന് പൂര്‍ണമായി വിധേയമായിരിക്കുമെന്ന് നാം പറഞ്ഞു. ഭരണീയനെന്നോ ഭരണാധികാരിയെന്നോ ചെറിയവനെന്നോ വലിയവനെന്നോ ഉള്ള വ്യത്യാസം ഇക്കാര്യത്തിലില്ല. ശരീഅത്ത് എന്നത് ഖുര്‍ആനിലൂടെയും സുന്നത്തിലൂടെയും സ്ഥിരപ്പെട്ട ദൈവിക നിയമങ്ങളാണെങ്കില്‍, ഈ ഘടനയില്‍ മുസ്‌ലിം സമൂഹത്തിന്റെ റോള്‍ എന്ത് എന്ന ചോദ്യമുയരും. ഇസ്‌ലാമില്‍ മനുഷ്യര്‍ക്ക് നിയമാധികാരം തന്നെയില്ല എന്ന് ചിലര്‍ ആവര്‍ത്തിച്ചുരുവിടുന്നത് ശരി തന്നെയാണോ?1 സമൂഹത്തിന് എന്ത് അധികാരമാണുള്ളത്? ഉണ്ടെങ്കില്‍ അത് എങ്ങനെയാണ് പ്രയോഗവത്കരിക്കുന്നത്?
ശൂറാ എന്നാണ് ഉത്തരം. നസ്സ്വ് (പ്രമാണം) കഴിഞ്ഞാല്‍ ഇസ്‌ലാമിക ഭരണസംവിധാനത്തിന്റെ രണ്ടാമത്തെ നെടുംതൂണാണ് ശൂറാ എന്ന കൂടിയാലോചന. ശൂറാ തന്നെ നസ്സ്വാണ് എന്നും പറയാം. ദൈവപ്രാതിനിധ്യം ഏല്‍പിക്കപ്പെട്ടവരെന്ന നിലക്ക് പൊതുകാര്യങ്ങളില്‍ ഇടപെടാന്‍ മുസ്‌ലിം സമൂഹത്തിന് ലഭിക്കുന്ന അവകാശമാണത്.2 ശൂറാ എന്നത് ഇസ്‌ലാമികമായ ബാധ്യത തന്നെയാണ്. ഒരാള്‍ 'ശൂറാ രാഷ്ട്രം', 'ശൂറാ സമൂഹം' എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍ അത് ശരിയായ കണ്ടെത്തലാണ്.3 മറ്റു സിദ്ധാന്തങ്ങളില്‍നിന്ന് ഇസ്‌ലാമിനെ സവിശേഷപ്പെടുത്തുന്ന ഒരു മൗലിക സിദ്ധാന്തമാണ് കൂടിയാലോചന. അത് കേവലം സിദ്ധാന്തമല്ല; മൊത്തം സമൂഹത്തിന്റെ സ്വഭാവ സവിശേഷതയും ഭരണ നിര്‍വഹണത്തിന്റെ രീതിയുമാണ്. ഈ തത്ത്വത്തിന്റെ നിയമാനുസൃതത്വത്തെക്കുറിച്ച് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഖുര്‍ത്വുബി പറഞ്ഞത് ഇങ്ങനെയാണ്: ''പണ്ഡിതന്മാരുമായി കൂടിയാലോചിക്കാത്തവനെ പദവികളില്‍നിന്ന് മാറ്റണം. അക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല.''4
ഈയൊരു തത്ത്വം പ്രയോഗവത്കരിക്കുന്നതിനു വേണ്ടി മനുഷ്യകുലത്തിന് ദീര്‍ഘകാലം പോരാടേണ്ടിവന്നിട്ടുണ്ട്. ഇസ്‌ലാമാകട്ടെ ദിവ്യവെളിപാടിലൂടെ ഇത് പ്രയോഗത്തില്‍ കൊണ്ടുവരികയായിരുന്നു; അതാകട്ടെ അതിക്രമങ്ങളും അധികാര പ്രയോഗവും പവിത്രീകരിക്കപ്പെടുന്ന ഒരു ചുറ്റുപാടില്‍.5
ഇസ്‌ലാമിലെ ശൂറായെ ഒന്നോ രണ്ടോ ഖുര്‍ആനിക സൂക്തങ്ങളും ഏതാനും ഹദീസുകളും വെച്ച് സ്ഥാപിച്ചെടുക്കേണ്ട താരതമ്യേന അപ്രധാനമായ ഒരു തത്ത്വമായി മനസ്സിലാക്കരുത്. ഇസ്‌ലാമിക പ്രാതിനിധ്യവ്യവസ്ഥ പ്രകാരമുള്ള ഏതൊരു ഭരണനിര്‍വഹണ സംവിധാനത്തിന്റെയും അടിത്തറയായി വര്‍ത്തിക്കേണ്ട മൗലിക തത്ത്വമാണത്.6 ഉത്തരവാദിത്തം, പരസ്പര സഹകരണം, പങ്കാളിത്തം എന്നീ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി സമൂഹത്തിന്റെ പുനരുജ്ജീവനം സാധ്യമാക്കുകയാണ് യഥാര്‍ഥത്തില്‍ ശൂറാ ചെയ്യുന്നത്.
ശൂറാ എന്നത് പങ്കാളിത്തവും ഉത്തരവാദിത്തവുമാണ്. അതിന്റെ അടിസ്ഥാനമായി പറഞ്ഞിരിക്കുന്നത്, 'നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക' എന്ന ഖുര്‍ആനിക സൂക്തവും. ഇസ്‌ലാമിന്റെ മതകീയവും സാമൂഹികവും രാഷ്ട്രീയവുമായ ഘടന സ്ഥാപിതമായിരിക്കുന്നത് ഈ അടിത്തറയിലാണ്. എത്രത്തോളമെന്നാല്‍, ഇമാം ശാഫിഈ പറഞ്ഞത്, ഈ വിഷയകമായി മറ്റൊരു ഖുര്‍ആനിക സൂക്തമില്ലെങ്കിലും ഈ സൂക്തം തന്നെ മതി ഇസ്‌ലാമിക ഭരണസമ്പ്രദായത്തെ നിര്‍വചിക്കാന്‍ എന്നാണ്. മുസ്‌ലിം ജീവിതത്തില്‍ പരമാധികാരം ആര്‍ക്ക് എന്ന് അതില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. അതായത് അല്ലാഹുവിനാണ് പരമാധികാരം. അവനെ ധിക്കരിച്ചുകൊണ്ട് ഒരു സൃഷ്ടിക്കും അനുസരണമില്ല. അല്ലാഹുവിനെ അനുസരിക്കുന്നതിന്റെ പ്രായോഗിക രൂപമാണ് പ്രവാചകന്നുള്ള അനുസരണം. അതിനു ശേഷമാണ് സമൂഹത്തിന്റെ അധികാരം വരുന്നത്. സമൂഹത്തിന്റെ അധികാര വിനിയോഗം ഖുര്‍ആനും സുന്നത്തും മുന്നോട്ടുവെച്ച പരിധികള്‍ക്കകത്തായിരിക്കണം. പണ്ഡിതന്‍, ഭരണാധികാരി, രാഷ്ട്രീയ നേതാവ്, ന്യായാധിപന്‍, മാനേജര്‍, അധ്യാപകന്‍... ഇങ്ങനെ വ്യക്തി ഏതു നിലയില്‍ പ്രവര്‍ത്തിക്കുന്നവനായാലും തന്റെ കീഴിലുള്ളവരോട് അയാള്‍ക്ക് ഉത്തരവാദിത്തമുണ്ട് ('എല്ലാവരും ആട്ടിടയരാണ്, തന്റെ ആട്ടിന്‍പറ്റങ്ങളെപ്പറ്റി ഓരോരുത്തരും സമാധാനം പറയേണ്ടിവരും'). ഈ ഉത്തരവാദിത്തം വ്യക്തി ശരിയായി നിര്‍വഹിക്കുന്നേടത്തോളം കാലം അയാള്‍ അനുസരിക്കപ്പെടണം. ഇനി അവര്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അന്തിമ വിധിക്കായി അവലംബിക്കേണ്ടത് ഖുര്‍ആനെയും സുന്നത്തിനെയുമാണ്. കാരണം ഭരണാധികാരികളുടെയും ഭരണീയരുടെയും സ്വഭാവചര്യകളെ ഒരുപോലെ ചിട്ടപ്പെടുത്തേണ്ടത് ആ രണ്ട് പ്രമാണപാഠങ്ങളുമാണ്. അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കണം എന്ന് പറയുമ്പോള്‍ ആ ആശയം പ്രയോഗവത്കരിക്കണമെങ്കില്‍ നിയമാനുസൃതമായ സംവിധാനങ്ങള്‍ ആവശ്യമാണ്. അത് ചിലപ്പോള്‍ പരമോന്നത കോടതിയാവാം. അതേക്കുറിച്ച് പിന്നീട് വരുന്നുണ്ട്.

ആരാണ് കൈകാര്യകര്‍ത്താക്കള്‍?

നേരത്തേ സൂചിപ്പിച്ച ഖുര്‍ആനിക സൂക്തത്തില്‍ ആദ്യം പറയുന്നത് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും അധികാരത്തെക്കുറിച്ചാണ്. അത് നിരുപാധികമായ അധികാരമാണ്. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും അധികാരത്തെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അധികാരം. അതുകൊണ്ടാണ് സൂക്തത്തിലെ കൈകാര്യകര്‍ത്താക്കള്‍ (ഉലുല്‍ അംറ്) എന്ന വാക്കിനു മുമ്പ് 'അനുസരിക്കൂ' (അത്വീഊ) എന്ന ക്രിയ ആവര്‍ത്തിക്കാതിരുന്നത്. അതായത്, കൈകാര്യകര്‍ത്താക്കളെ അനുസരിക്കുക എന്നത് നിരുപാധികമല്ല, തീര്‍ത്തും സോപാധികമാണ്. ഭരണാധികാരികള്‍ അല്ലാഹുവിനെയും അനുസരിക്കുന്നുണ്ടെങ്കിലേ, ഭരണീയര്‍ അവരെ അനുസരിക്കാന്‍ ബാധ്യതപ്പെടുന്നുള്ളൂ. അല്ലാഹുവിനും റസൂലിനുമുള്ള അനുസരണത്തിന്റെ അകത്ത് വരുന്നതാണ് കൈകാര്യകര്‍ത്താക്കള്‍ക്കുള്ള അനുസരണം എന്നര്‍ഥം.7
ആരാണീ കൈകാര്യകര്‍ത്താക്കള്‍/ഉലുല്‍ അംറ്? അതിന് ശൂറായുമായി, കെട്ടാനും അഴിക്കാനും പ്രാപ്തിയുള്ള സംഘ(അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്)വുമായി, തെരഞ്ഞെടുക്കാന്‍ അധികാരമുള്ളവരു(അഹ്‌ലുല്‍ ഇഖ്തിയാര്‍)മായി, സമവായവു(ഇജ്മാഅ്)മായി, അനുസരണ പ്രതിജ്ഞ(ബൈഅത്ത്)യുമായി ബന്ധമുണ്ടോ? സാമൂഹിക കരാര്‍, തെരഞ്ഞെടുപ്പ്, പ്രതിപക്ഷം, ബഹുകക്ഷിത്വം ഇവയുമായി ശൂറക്കുള്ള ബന്ധം എന്താണ്?
ഇബ്‌നു അബ്ബാസിനെപ്പോലുള്ള സ്വഹാബികളും മുജാഹിദിനെപ്പോലുള്ള താബിഉകളും പറയുന്നത്, അന്നിസാഅ് അധ്യായത്തില്‍ പറഞ്ഞിട്ടുള്ള 'ഉലുല്‍ അംറ്', ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധജ്ഞാനം നേടിയ നിസ്വാര്‍ഥരായ പണ്ഡിത സമൂഹമാണ് എന്നാണ്.8 അവരെയാണ് പില്‍ക്കാലക്കാര്‍ 'അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്' എന്നു വിളിച്ചത്. 'മുസ്‌ലിംകളുടെ സംഘം' (ജമാഅത്തുല്‍ മുസ്‌ലിമീന്‍) എന്ന് ഹദീസില്‍ പരാമര്‍ശിക്കപ്പെടുന്നതും ഇവര്‍ തന്നെ. 'വഴികേടില്‍ ഒന്നിക്കാത്തവര്‍' എന്ന് നബി പറഞ്ഞതും ഇവരെക്കുറിച്ചാണ്. അതിനാല്‍ പണ്ഡിതന്മാര്‍ക്ക് ഒരു വിഷയത്തില്‍ ഏകോപിച്ച അഭിപ്രായം (ഇജ്മാഅ്) ഉണ്ടെങ്കില്‍ അതും ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗമായിത്തീരും. ഒരാളെ നേതാവാക്കണമെന്ന് പണ്ഡിത സമൂഹം കൂട്ടായി തീരുമാനിച്ചാല്‍ അതിന് നിയമാനുസൃതത്വം കൈവരുന്നതും ഈ അടിസ്ഥാനത്തില്‍തന്നെ. തങ്ങളുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ പല പണ്ഡിതന്മാരും അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ് ആരാണെന്ന് വിശകലനം ചെയ്തിട്ടുണ്ട്. മുഹമ്മദ് അബ്ദു തന്റെ 'അല്‍മനാറി'ല്‍ എഴുതുന്നു: ''ഉലുല്‍ അംറിനെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്. ചിലര്‍ പറയുന്നു, ഭരണാധികാരികളാണെന്ന്. ചിലരുടെ അഭിപ്രായത്തില്‍ അത് പണ്ഡിതന്മാരാണ്.'' ഒടുവില്‍ മുഹമ്മദ് അബ്ദു എത്തിച്ചേരുന്ന നിഗമനം ഭരണാധികാരികള്‍, പണ്ഡിതന്മാര്‍, സൈന്യാധിപന്മാര്‍ തുടങ്ങി പൊതു ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകിട്ടാനായി ജനം ആരെയൊക്കെ സമീപിക്കുന്നുണ്ടോ അവരെല്ലാം ഈ ഗണത്തില്‍പെടും എന്നാണ്. ഇവരൊക്കെ ഒരു കാര്യത്തില്‍ യോജിപ്പ് പ്രകടിപ്പിച്ചാല്‍, അത് ഖുര്‍ആനിനും സുന്നത്തിനും എതിരല്ലെങ്കില്‍, അവരെ അനുസരിച്ചേ മതിയാവൂ. ''കെട്ടാനും അഴിക്കാനും യോഗ്യതയും പ്രാപ്തിയുമുള്ള ഈയാളുകള്‍ സമൂഹത്തിന്റെ ഒരു പൊതു കാര്യത്തില്‍ ഏകകണ്ഠമായി ഒരു തീരുമാനമെടുത്താല്‍ അവരെ അനുസരിക്കല്‍ നിര്‍ബന്ധമായിത്തീരും. അഭിപ്രായ സമന്വയമുണ്ടായിക്കഴിഞ്ഞതിനാല്‍ അവര്‍ക്ക് ഈ വിഷയത്തില്‍ തെറ്റു പറ്റില്ല എന്നുതന്നെ പറയാം. അതുകൊണ്ടാണ് മേല്‍കൊടുത്ത ഖുര്‍ആനിക സൂക്തത്തില്‍ അവരെ നിരുപാധികം അനുസരിക്കണമെന്ന് പറയുന്നത്.''9
ഒരു കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് ഇജ്മാഅ് ഉണ്ടെങ്കില്‍ അവര്‍ തന്നെയാണ് അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ് എന്ന ഇമാം റാസിയുടെ അഭിപ്രായം ഉദ്ധരിച്ച് റശീദ് രിദാ വ്യക്തമാക്കുന്നുണ്ട്. സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളിലെല്ലാം നല്ല ഉള്‍ക്കാഴ്ചയുള്ളവരും എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അവലംബിക്കാന്‍ പറ്റുന്നവരുമാകണം ഈ പണ്ഡിത വിഭാഗം. അതിനാല്‍ ഈ പണ്ഡിത സമൂഹം അംഗീകരിക്കുകയും അനുസരണപ്രതിജ്ഞ എടുക്കുകയും ചെയ്യാതെ ഒരാള്‍ ഖലീഫയായി തെരഞ്ഞെടുക്കപ്പെടുന്നത് നിയമാനുസൃതമാവുകയില്ല. 'ഉലുല്‍ അംറ്' വന്നിട്ടുള്ള ഖുര്‍ആനിക സൂക്തത്തെ വിശദീകരിച്ചുകൊണ്ട് മൊറോക്കന്‍ പണ്ഡിതനായ അല്ലാലുല്‍ ഫാസി എഴുതി: ''അല്ലാഹുവിലേക്കുള്ള മടക്കം എന്നാല്‍ അവന്റെ ഗ്രന്ഥത്തിലേക്കുള്ള മടക്കമാണ്. പ്രവാചകനിലേക്കുള്ള മടക്കം എന്നാല്‍ സുന്നത്തിലേക്കുള്ള മടക്കവും. ഉലുല്‍ അംറിലേക്കുള്ള മടക്കമാകട്ടെ, ഗവേഷണ തല്‍പരരായ പണ്ഡിതന്മാരുടെ അഭിപ്രായ സമന്വയത്തിലേക്കുള്ള മടക്കവും.''10


കുറിപ്പുകള്‍
1. ഓറിയന്റലിസ്റ്റ് ബര്‍ണാഡ് ലൂയിസ് എഴുതുന്നു: ''ഒരു മുസ്‌ലിമിന് മനുഷ്യനെന്ന നിലക്കുള്ള നിയമനിര്‍മാണാധികാരം ഒന്നും തന്നെയില്ല. എല്ലാ നിയമങ്ങളുടെയും സ്രോതസ്സ് അല്ലാഹുവാണല്ലോ.'' Bernard Louis: Comment I'Europe a de couvert I' Islam, p 225.
2. അബ്ദുല്‍ഹമീദ് ഇസ്മാഈല്‍ അന്‍സാരി: അശ്ശൂറാ വഅസറുഹാ ഫിദ്ദിംഖ്‌റാത്വിയ്യ, പേജ് 7.
3. അബൂഹബീബ്- ദിറാസാതുന്‍ ഫീ മിന്‍ഹാജില്‍ ഇസ്‌ലാമിസ്സിയാസി, പേജ് 599.
4. ഖുര്‍ത്വുബി- അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ (ബൈറൂത്ത്, ദാറുല്‍ കിതാബില്‍ അറബി, 1948), 4/249.
5. ളാഹിറുല്‍ ഖാസിമി എഴുതുന്നു: ''ലോക സംസ്‌കാരങ്ങളുടെ ചരിത്രം പഠിക്കുന്ന ഗവേഷകന്‍, എത്ര പെട്ടെന്നാണ് ഇസ്‌ലാം ശൂറാ തത്ത്വം പ്രയോഗവത്കരിച്ചതെന്നു കണ്ട് അത്ഭുതപ്പെടാതിരിക്കില്ല. മറ്റു ജനവിഭാഗങ്ങളൊക്കെ ദീര്‍ഘകാലം പോരാടിയതിന്റെ ഫലമായാണ് ഭരണാധികാരികള്‍ക്കും ഭരണീയര്‍ക്കുമിടയില്‍ ഇങ്ങനെയൊരു ആശയം പ്രാവര്‍ത്തികമായത്.'' നിളാമുല്‍ ഹുകും ഫിശ്ശരീഅ വത്താരീഖില്‍ ഇസ്‌ലാമി എന്ന കൃതി, പേജ് 1/63.
അതില്‍നിന്നുള്ള മറ്റൊരു ഉദ്ധരണി: ''അറേബ്യന്‍ ഉപദ്വീപില്‍ പ്രവാചകന്‍ ജീവിച്ചിരുന്ന കാലത്തുണ്ടായിരുന്ന ഏതെങ്കിലും സാമൂഹിക സാഹചര്യങ്ങളുടെ സമ്മര്‍ദഫലമായി ഉണ്ടായി വന്നിട്ടുള്ളതല്ല ഇസ്‌ലാമിലെ ശൂറാ. ദിവ്യവെളിപാട് മാത്രമായിരുന്നു അതിന് നിദാനം.'' പേജ് 66.
6. ഹസനുത്തുറാബി- അശ്ശൂറാ വദ്ദിംഖ്‌റാത്വിയ്യ, ഇശ്കാലാതുല്‍ മുസ്വ്ത്വലഹ് വല്‍ മഫ്ഹൂം (മുസ്തഖ്ബലുല്‍ അറബി മാഗസിന്‍, മെയ് 1985). അഹ്മദ് കമാല്‍ അബുല്‍മജ്ദ്-ഹിവാറുന്‍ ലാ മുവാജഹ: ദിറാസാതുന്‍ ഹൗലല്‍ ഇസ്‌ലാമി വല്‍ അസ്വ്ര്‍ (കയ്‌റോ, ദാറുശ്ശുറൂഖ്), പേജ് 105.
7. ഇബ്‌നു ഖയ്യിം- ഇഅ്‌ലാമുല്‍ മുവഖിഈന്‍, 1/39.
8. അല്‍ ഖാസിമി-നിളാമുല്‍ ഹുകും ഫിശ്ശരീഅ വത്താരീഖില്‍ ഇസ്‌ലാമി, പേജ് 235.
9. മുഹമ്മദ് അബ്ദു, റശീദ് രിദാ-തഫ്‌സീറുല്‍ മനാര്‍ (മത്വ്ബഅതുല്‍ മനാര്‍, കയ്‌റോ), 5/181.
10. അല്ലാലുല്‍ ഫാസി-മഖാസ്വിദുശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ വ മകാരിമുഹാ, പേജ് 80.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (34-35)
ടി.കെ ഉബൈദ്‌