Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 27

3119

1441 മുഹര്‍റം 27

അടിത്തറ നസ്സ്വും ശൂറയും

റാശിദ് ഗന്നൂശി

തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന, രാഷ്ട്രീയപരമായും നിയമപരമായും വ്യതിരിക്തതകളുള്ള ഏതൊരു ഭരണരൂപവും വളരെ പ്രധാനമാണെന്നത് ശരിതന്നെ. പക്ഷേ അതിനേക്കാളൊക്കെ  പ്രധാനം ആ ഭരണരൂപത്തെ നയിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്ന ചിന്തകളും വിശ്വാസങ്ങളും മൂല്യങ്ങളും നിയമതത്ത്വങ്ങളുമാണെന്നു കാണാം. ഏതൊരു ഭരണരൂപത്തിന്റെയും ഉള്ളടക്കവും പൊതു ആത്മാവും ഈ ആശയാവലികളായിരിക്കും. അതാണ് വ്യക്തികളെയും സാമൂഹിക ബന്ധങ്ങളെയും രൂപപ്പെടുത്തുക, നീതിയും സത്യവും നന്മതിന്മകളുമൊക്കെ ഏതെന്ന് നിശ്ചയിക്കുക. ഏതാണ് നന്മ, ഏതാണ് തിന്മ; ഏതാണ് നീതി, ഏതാണ് അനീതി; ഏതാണ് സത്യം, ഏതാണ് അസത്യം എന്നൊക്കെ അത് പറഞ്ഞുതരും. ഒരു ഭരണരൂപത്തെ ഒരു സമൂഹത്തില്‍നിന്ന് മറ്റൊരു സമൂഹത്തിലേക്ക് കൊണ്ടുപോവുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. പക്ഷേ അതിന് ആധാരമായ ചിന്തകളെയും പൊതു മൂല്യങ്ങളെയും ഒരു സമൂഹത്തില്‍നിന്ന് മറ്റൊരു സമൂഹത്തിലേക്ക് എത്തിക്കുക എന്നത് വളരെ പ്രയാസകരവും. ആ പൊതു മൂല്യങ്ങളാണ് ആ ഘടനയുടെ ജീവന്‍ എന്നിരിക്കെ, അത് ഇല്ലാതെ ആ ഘടന വിജയകരമായി പ്രവര്‍ത്തിക്കുകയില്ല. അതുകൊണ്ടാണ് പാശ്ചാത്യ നാടുകളില്‍ വിജയിച്ച സ്ഥാപനങ്ങള്‍ അവയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പരിധിയില്‍പെടാത്ത മറ്റൊരിടത്ത് ദുര്‍ബലമായ ചില നേട്ടങ്ങളെങ്കിലും കൈവരിക്കുന്നതില്‍ പരാജയപ്പെടുന്നത്. ജനാധിപത്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍, അത് കേവലം മനുഷ്യാവകാശ പ്രഖ്യാപനങ്ങളോ അധികാരം ജനങ്ങളിലെത്തിക്കലോ വ്യവസ്ഥാപിതമായി തെരഞ്ഞെടുപ്പ് നടത്തലോ അല്ല. മനുഷ്യനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള ഒരു ആശയമണ്ഡലമുണ്ട് അതിന്റെ പിന്നില്‍. മനുഷ്യന്റെ അന്തസ്സ് ആ പിന്‍ബലത്തിലാണ് സംരക്ഷിക്കപ്പെടുക. സ്വേഛാധിപത്യത്തിലേക്കും അടിമത്തത്തിലേക്കും വീണുപോകുന്നത് തടയുന്നതും ആ ആശയമണ്ഡലമായിരിക്കും.1 എന്നു പറഞ്ഞാല്‍, പാശ്ചാത്യ ജനാധിപത്യത്തിന്റെ നന്മകളെല്ലാം വരുന്നത് യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും മതനവീകരണത്തിന്റെയും ആശയപരിസരത്തുനിന്നാണ്. വ്യക്തിയുടെ ഭൗതിക, ആത്മീയ ജീവിത വ്യവഹാരങ്ങള്‍ തമ്മിലും, വ്യക്തിയും സമൂഹവും തമ്മിലും, ശക്തരായ സമൂഹവും ദുര്‍ബലരായ സമൂഹവും തമ്മിലും ഒരു സന്തുലനം ഉണ്ടാക്കുന്നതിലും അധികാര പ്രയോഗത്തിന് പകരം സമാധാനത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ഈ ജനാധിപത്യ വ്യവസ്ഥ പരാജയപ്പെടുന്നുണ്ടെങ്കില്‍, അതിന്റെയും കാരണം അതിനെ രൂപപ്പെടുത്തിയ തത്ത്വശാസ്ത്രത്തില്‍ അന്വേഷിക്കണം.
എന്താണ് ആ തത്ത്വശാസ്ത്രം? യൂറോപ്പിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ കാര്യമെടുക്കാം. ബുദ്ധിയെയും ആത്മാവിനെയും, ആത്മാവിനെയും പദാര്‍ഥത്തെയും, മതത്തെയും ജീവിതത്തെയും വേര്‍പ്പെടുത്തുകയാണ് അത് ചെയ്തത്. ദൈവത്തിനും സീസറിനുമായി അത് അധികാരം വിഭജിച്ചുനില്‍കി. ജ്ഞാനോദയചിന്ത വ്യക്തിയെ എങ്ങനെ മാറ്റിപ്പണിതു എന്നും ആലോചിക്കാം. മനുഷ്യധിഷണയെ അത് ദൈവമാക്കുകയാണുണ്ടായത്. അങ്ങനെ വ്യക്തിക്ക് തീര്‍ത്തും ഭൗതികമാത്രമായ ഒരു 'മതം' നിര്‍മിച്ചുനല്‍കി. ഇങ്ങനെ ധിഷണയെ കയറൂരിവിട്ടാല്‍ എല്ലാം പിടിച്ചടക്കണമെന്നും സ്വന്തമാക്കണമെന്നും ആസ്വദിക്കണമെന്നുമുള്ള ഇബ്‌ലീസിയന്‍ പ്രലോഭനങ്ങളില്‍ വീണുപോകുന്ന മനുഷ്യന്‍ എന്തൊക്കെ അതിക്രമങ്ങള്‍ ചെയ്തുകൂട്ടുകയില്ല! ഈ കയറൂരിവിടലിന്റെ ഭൗതികാവിഷ്‌കാരങ്ങള്‍ നമുക്ക് മാര്‍ക്‌സിസത്തിലും നാസിസത്തിലുമൊക്കെ കാണാം. ഇത്തരം ദര്‍ശനങ്ങള്‍ ദൈവത്തെയും ചര്‍ച്ചിനെയും സ്വാതന്ത്ര്യത്തെയുമൊക്കെ തള്ളിക്കളഞ്ഞ് തല്‍സ്ഥാനത്ത് പുതിയ ദൈവങ്ങളെ പ്രതിഷ്ഠിച്ചു. ഉല്‍പാദനം, വര്‍ഗം, പാര്‍ട്ടി, നേതാവ്, രാഷ്ട്രം എന്നൊക്കെ പേരില്‍. പാര്‍ട്ടി നേതൃത്വമായി പുതിയ ചര്‍ച്ച്. പാര്‍ട്ടി നേതാവ് പുതിയ പോപ്പും. നെപ്പോളിയന്‍, ഹിറ്റ്‌ലര്‍, മുസ്സോളിനി, ലെനിന്‍, സ്റ്റാലിന്‍, റൊണാള്‍ഡ് റീഗന്‍, ജോര്‍ജ് ബുഷ് ഇങ്ങനെ നിങ്ങള്‍ എന്തു പേരിട്ട് വിളിച്ചാലും ഈ പേരുകളൊക്കെ മനുഷ്യന്‍ ദൈവത്തിനെതിരെ കലാപം നടത്തി ആ സ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിച്ചതിന്റെ ദുരന്ത ഫലമാണ്. ഇത്തരക്കാര്‍ അധികാരം കൈയടക്കുമ്പോള്‍ ജനങ്ങള്‍ക്ക് അല്‍പനേരം ചില ആനന്ദങ്ങളൊക്കെ ഉണ്ടായേക്കും. പക്ഷേ, അത് മയക്കുമരുന്ന് കഴിച്ചവന്റെ ആനന്ദമായിരിക്കും. ജീവിതകാലം മുഴുവന്‍ അതുകാരണം അവന്‍ നരകിക്കേണ്ടിവരും. ചില മിന്നല്‍ വെളിച്ചങ്ങള്‍ കാണാനാകുമെങ്കിലും പിന്നെ ഹൃദയങ്ങളെ മൂടുന്നത് കനത്ത ഇരുട്ടും നിരാശയുമായിരിക്കും. ഇവക്ക് സാമ്യം ഖുര്‍ആന്‍ പറയുന്ന നരകത്തിലെ സഖൂം എന്ന വിഷച്ചെടിയോട്. സഖൂമില്‍ എത്രയെത്ര പഴങ്ങള്‍ കുലച്ചു തൂങ്ങിയാലും വിശക്കുന്നവരുടെ ദുരിതം അവ കൊണ്ട് വര്‍ധിക്കുകയേയുള്ളൂ.
അപ്പോള്‍ പാശ്ചാത്യ സംസ്‌കൃതിയിലും അതിന്റെ ഭരണകൂടങ്ങളിലും അടിക്കല്ലായി നിലകൊള്ളുന്ന ആശയം ദൈവത്തില്‍നിന്ന് വിഛേദിതനായ, അല്ലെങ്കില്‍ ദൈവത്തോട് കലാപം നടത്തുന്ന മനുഷ്യനാണ്. മനുഷ്യനെ ചര്‍ച്ചിന്റെയും മതപുരോഹിതന്മാരുടെയും ഏകാധിപത്യത്തില്‍ തളച്ച മധ്യകാല യൂറോപ്യന്‍ മതചിന്തയോടുള്ള തീവ്ര പ്രതികരണമാണിത്. എന്നാല്‍ ഇസ്‌ലാമിക നാഗരികതയുടെ- അതിന്റെ ഏറ്റവും സുപ്രധാനമായ ഉപകരണമെന്ന നിലക്ക് ഇസ്‌ലാമിക ഭരണകൂടത്തിന്റെയും- കേന്ദ്ര ആശയം എന്നു പറയുന്നത് ദൈവപ്രതിനിധിയായ മനുഷ്യന്‍ എന്നതാണ്. ധിഷണ കൊണ്ടും ഇഛാശക്തി കൊണ്ടും സ്വാതന്ത്ര്യം കൊണ്ടും ഉത്തരവാദിത്തബോധം കൊണ്ടും ആദരിക്കപ്പെട്ട മനുഷ്യന്‍. എല്ലാ അര്‍ഥത്തിലും ഭൂമിയെ പുനരുജ്ജീവിപ്പിക്കുക (ഇമാറത്തുല്‍ അര്‍ദ്) എന്നതാണ് മനുഷ്യനില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം. ഭൂമിയിലെ മുഴുവന്‍ സാധ്യതകളും മനുഷ്യന്‍ കണ്ടെത്തുന്നതും പ്രയോജനപ്പെടുത്തുന്നതും സത്യവും സമത്വവും സ്വാതന്ത്ര്യവും നീതിയും സ്ഥാപിക്കുന്നതിനു വേണ്ടിയായിരിക്കണം. ഭൂമിയിലെ വിഭവങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ന്യായമായ രീതിയില്‍ വിതരണം ചെയ്യപ്പെടണം. പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടതും സത്യത്തിന്റെയും നീതിയുടെയും സംസ്ഥാപനത്തിനു വേണ്ടിയായിരുന്നതിനാല്‍ അവരുടെ കാല്‍പാടുകളാണ് പിന്തുടരേണ്ടത്. അഭിപ്രായ സ്വാതന്ത്ര്യവും ഇഛാശക്തിയുമുള്ള മനുഷ്യന്‍ ഈ ഉത്തരവാദിത്തമേല്‍ക്കുക എന്നതാണ് പ്രാപഞ്ചിക നടപടിക്രമങ്ങള്‍ക്ക് അനുരോധമായിട്ടുള്ളത്. പിശാചിന്റെ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെട്ട് മനുഷ്യന്‍ ഈ ഭാരിച്ച ഉത്തരവാദിത്തം വിസ്മരിക്കുന്ന പക്ഷം ഭൂമി നരകതുല്യമായി മാറും. ദൈവത്തിന്റെ പ്രതിനിധി എന്ന ഉത്തരവാദിത്തം മനുഷ്യന്‍ സ്വയമേല്‍ക്കുമ്പോള്‍ അവന് രണ്ടു സ്വര്‍ഗങ്ങള്‍ ലഭ്യമാവുകയാണ്; ഇഹലോകത്തും പരലോകത്തും. ''തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുന്നവര്‍ക്ക് രണ്ടു സ്വര്‍ഗങ്ങളുണ്ട്'' (അര്‍റഹ്മാന്‍ 46).
ദൈവ പ്രാതിനിധ്യം (ഇസ്തിഖ്‌ലാഫ്) എന്ന ഈ ദര്‍ശനമാണ് ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയുടെ മര്‍മം. ദൈവം ഏകനാണെന്നും സര്‍വപ്രപഞ്ചത്തിന്റെയും സൃഷ്ടികര്‍ത്താവും പരിപാലകനുമാണെന്നും പരമാധികാരം അവനാണെന്നും ഇക്കാര്യങ്ങളിലൊന്നും അവന് പങ്കുകാരില്ലെന്നും എല്ലാ നിയമത്തിനും മുകളില്‍ അവന്റെ നിയമമാണെന്നുമുള്ള ദൃഢബോധ്യമാണത്. ധിഷണ, സ്വാതന്ത്ര്യം, ഉത്തരവാദിത്തബോധം തുടങ്ങിയവയാല്‍ അനുഗ്രഹിക്കപ്പെട്ട ഓരോ മനുഷ്യന്നും മൗലികാവകാശങ്ങളുണ്ട്. ഒരാള്‍ക്കും അതിന്മേല്‍ കൈവെക്കാന്‍ അധികാരമില്ല. അവകാശങ്ങള്‍ ഉള്ളതുപോലെ അവന് ഉത്തരവാദിത്തങ്ങളുമുണ്ട്. അവയില്‍നിന്ന് ഒഴിഞ്ഞുമാറാനും പറ്റുകയില്ല. ഇതൊരു കരാറാണ്. കരാര്‍ പാലിക്കുന്ന പക്ഷം എല്ലാവിധ സൗഭാഗ്യങ്ങളും ലോകരക്ഷിതാവ് ഉറപ്പുനല്‍കുന്നു. ഇസ്തിഖ്‌ലാഫിന്റെ, അഥവാ ദൈവപ്രാതിനിധ്യത്തിന്റെ ഭരണഘടനാ രൂപം എന്ന് പറയുന്നത് ദൈവിക നിയമത്തിന് മീതെ മറ്റൊരു നിയമവും ഇല്ലാതിരിക്കുക എന്നതാണ്. ദൈവിക നിയമവ്യവസ്ഥയില്‍, 'ഇസ്‌ലാമിക രാഷ്ട്ര
ത്തിന്റെ വിശ്വാസപരവും നിയമപരവും ധാര്‍മികവുമായ തലങ്ങളെ പ്രതിനിധീകരിക്കുന്നത് ഒരൊറ്റ വാക്കായിരിക്കും-നസ്സ്വ്/പ്രമാണം. ദിവ്യവെളിപാടിലൂടെ ലഭിക്കുന്ന പ്രമാണം, അഥവാ ഖുര്‍ആനും സുന്നത്തും. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സമുന്നതമായ ഭരണഘടന. ഇതാണ് ഇസ്തിഖ്‌ലാഫിന്റെ ഒന്നാമത്തെ തലം. ഇസ്തിഖ്‌ലാഫിന്റെ ഭരണഘടനാപരമായ രണ്ടാമത്തെ തലത്തെയും നമുക്ക് ഒരൊറ്റ വാക്കില്‍ ഒതുക്കിപ്പറയാം. 'ശൂറാ' എന്നതാണത്. നസ്സ്വും ശൂറയും ചേര്‍ന്ന ഒന്ന്. വെളിപാടും ധിഷണയും  എന്ന്, അല്ലെങ്കില്‍ ദൈവത്തിന്റെ നിയമവ്യവസ്ഥയും മനുഷ്യന്റെ കൂടിയാലോചനയും എന്ന് ഇതിനെ പരിഭാഷപ്പെടുത്താം.'2 അപ്പോള്‍ ദൈവിക പരമാധികാരത്തില്‍നിന്ന് ഉറന്നുവരുന്നതാണ് സമൂഹത്തിന്റെ അധികാരം. ഇപ്പറഞ്ഞ രണ്ടും, നസ്സ്വും ശൂറയും അടിസ്ഥാനപ്പെടുത്തിയാണ് ഇസ്‌ലാമികരാഷ്ട്രം സ്ഥാപിതമാവുക. ഇസ്തിഖ്‌ലാഫ് ദര്‍ശനത്തിന്റെ പരസ്പരം അടര്‍ത്തിമാറ്റാനാവാത്ത അനിവാര്യ ഫലങ്ങളാണ് ഇവ രണ്ടും. 

കുറിപ്പുകള്‍
1. മാലിക് ബിന്നബി-അല്‍ ഇസ്‌ലാമു വദ്ദിംഖ്‌റാത്വിയ്യ (ഖര്‍ത്വാജ്, തുനീഷ്യ, 1983).
2. ഫഹ്മീ ഹുവൈദി- അല്‍ഖുര്‍ആനു വസ്സുല്‍ത്വാന്‍, അബ്ദുല്‍മജീദ് അല്‍ ജബ്ബാര്‍- ഖിലാഫത്തുല്‍ ഇന്‍സാനി ബൈനല്‍ അഖ്‌ലി വന്നസ്സ്വ് എന്നീ കൃതികള്‍ കാണുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (22-24)
ടി.കെ ഉബൈദ്‌