Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 27

3119

1441 മുഹര്‍റം 27

ദാവൂദ് ഒഗ്‌ലുവും കൂട്ടുകാരും പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

മുന്‍ തുര്‍ക്കി പ്രധാനമന്ത്രിയും തുര്‍ക്കി വിദേശകാര്യ നയത്തിന്റെ ഉപജ്ഞാതാവുമായ അഹ്മദ് ദാവൂദ് ഒഗ്‌ലു എ.കെ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹമിപ്പോള്‍. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് ശക്തമായ എതിരാളിയായി മാറുകയാണ് ദാവൂദ് ഒഗ്‌ലുവിന്റെ ലക്ഷ്യം. പുതിയ  പാര്‍ട്ടി  രൂപീകരിക്കേത് ചരിത്രപരമായ  ഉത്തരവാദിത്തമായാണ് അദ്ദേഹം കാണുന്നത്. സെപ്റ്റംബര്‍ പതിമൂന്നിന് അങ്കാറയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. എ.കെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ സെല്‍ജൂക് ഓസ്ദാഗ്, അബ്ദുല്ലാഹ് ബാസ്ജി, അയ്ഹാന്‍ സഫര്‍ ഉസ്തുന്‍ എന്നിവരടക്കം ആറു പ്രധാന എ.കെ പാര്‍ട്ടി നേതാക്കളും അദ്ദേഹത്തോടൊപ്പം രാജിവെച്ചിട്ടു്. എ.കെ പാര്‍ട്ടി ഈ മാസാദ്യം ദാവൂദ് ഒഗ്‌ലുവിനെ പുറത്താക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി.  തന്നെ പുറത്താക്കാനുള്ള തീരുമാനം വളരെ ഗൗരവമേറിയതും പാര്‍ട്ടി തത്ത്വങ്ങള്‍ക്ക് ചേരാത്തതുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടിയില്‍ ഭിന്നതയുാക്കാനോ അതിനെ ദുര്‍ബലപ്പെടുത്താനോ ഉദ്ദേശിച്ചിരുന്നില്ലെന്നും പാര്‍ട്ടിയുടെ സ്ഥാപിത തത്ത്വങ്ങളനുസരിച്ച് പുനരുജ്ജീവനത്തിന്റെ സാധ്യതകളന്വേഷിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങളെ പാര്‍ട്ടിയോടുള്ള വിശ്വാസലംഘനമായാണ് എ.കെ പാര്‍ട്ടി ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
2009  മുതല്‍ 2014  വരെ വിദേശകാര്യമന്ത്രിയായും 2016  വരെ പ്രധാനമന്ത്രിയായും ദാവൂദ് ഒഗ്‌ലു സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016-ല്‍ ഉര്‍ദുഗാന്‍ അദ്ദേഹത്തെ മാറ്റി ബിനാലി യില്‍ദിരിമിനെ പ്രധാനമന്ത്രിയാക്കിയതോടെ ഇരുവര്‍ക്കുമിടയിലെ  രാഷ്ട്രീയ ഭിന്നത രൂക്ഷമായി. ഉര്‍ദുഗാന്റെ രാഷ്ട്രീയ നയങ്ങളെയും തുര്‍ക്കി നേരിടുന്ന സാമ്പത്തിക തിരിച്ചടികളെയും വിമര്‍ശിച്ച ദാവൂദ് ഒഗ്‌ലു പാര്‍ട്ടി പ്രഖ്യാപിത തത്ത്വങ്ങളില്‍നിന്ന്  വഴിമാറുന്നുവെന്നു മുമ്പും ആരോപിച്ചിരുന്നു. ഇസ്തന്‍ബൂളിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന എ.കെ പാര്‍ട്ടിയുടെ ആവശ്യത്തെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. കൂടാതെ കുര്‍ദ് വിഘടനവാദികളായ പി.കെ.കെയെ അനുകൂലിച്ചു എന്ന് ആരോപിച്ച് ദിയാര്‍ബകിര്‍, വാന്‍ മര്‍ദിന്‍ എന്നീ കുര്‍ദ് ഭൂരിപക്ഷ പ്രദേശങ്ങളിലെ മേയര്‍മാരെ   നീക്കം  ചെയ്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. തീവ്ര ദേശീയവാദികളായ എം.എച്ച്.പിയുമായുള്ള രാഷ്ട്രീയ സഖ്യത്തെയും ദാവൂദ് ഒഗ്‌ലു അംഗീകരിച്ചിരുന്നില്ല.
തുര്‍ക്കിയുടെ നയതന്ത്ര വിജയങ്ങള്‍ക്കു പിന്നില്‍ പ്രധാനമായും ദാവൂദ് ഒഗ്‌ലുവിന്റെ കരങ്ങള്‍ തന്നെയാണുായിരുന്നത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളിലൂടെ വിവിധ രാജ്യങ്ങളുമായി വ്യാപാര- ഊര്‍ജ കരാറുകള്‍ നിലവില്‍ വന്നത്. ജി-20 അടക്കമുള്ള അന്താരാഷ്ട്ര ഫോറങ്ങളിലും തുര്‍ക്കിയുടെ സാന്നിധ്യം ഉറപ്പുവരുത്തിയത് അദ്ദേഹമാണ്. ഈ നയതന്ത്ര പാടവം പ്രധാനമന്ത്രിയായ കാലത്ത് ഫലപ്രദമാകാതിരുന്നതാണ് അദ്ദേഹത്തിന്റെ സ്ഥാനചലനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അറബ് വസന്താനന്തര പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലും റഷ്യന്‍-സിറിയന്‍ നയതന്ത്രങ്ങളിലും ദാവൂദ് ഒഗ്‌ലുവിന്റെ നയങ്ങള്‍ പാളിയതും സ്ഥാന ചലനത്തിന് കാരണമായിട്ടുണ്ട്.
എ.കെ പാര്‍ട്ടിയുടെയും ഉര്‍ദുഗാന്റെയും ആഭ്യന്തര നയനിലപാടുകള്‍ക്കെതിരെ വിവിധ കോണുകളില്‍നിന്ന് വിമത ശബ്ദമുയര്‍ന്നു വരുന്നത് പാര്‍ട്ടിയുടെ ജനകീയതക്ക് മങ്ങലേല്‍പ്പിക്കും. മുന്‍ പ്രസിഡന്റ് അബ്ദുല്ല ഗുല്‍, മുന്‍  സാമ്പത്തിക കാര്യമന്ത്രിയും എ.കെ പാര്‍ട്ടി സ്ഥാപകരിലൊരാളുമായ അലി ബാബജാന്‍ അടക്കം പല പ്രമുഖ നേതാക്കളും എ.കെ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത് പാര്‍ട്ടിയുടെ രാഷ്ട്രീയ കെട്ടുറപ്പിനെ ബാധിച്ചിട്ടു്. ഈ വര്‍ഷാവസാനത്തോടെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അലി ബാബജാന്റെ  പ്രസ്താവന എ.കെ പാര്‍ട്ടിയുടെ പി
ളര്‍പ്പിനു കാരണമാകും. രാഷ്ട്രീയ എതിരാളികളോടുള്ള ഉര്‍ദുഗാന്റെ കടുത്ത നിലപാടിനോട് ശക്തമായ എതിര്‍പ്പ് പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ രൂപപ്പെടുന്നുണ്ട്.
സാമ്പത്തിക മാന്ദ്യം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, അങ്കാറ, ഇസ്തന്‍ബൂള്‍ നഗരങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം, സഖ്യ കക്ഷി രാഷ്ട്രീയം രൂപപ്പെട്ടതിനു ശേഷമുള്ള ശക്തമായ പ്രതിപക്ഷത്തിന്റെ സാന്നിധ്യം, വലത്- നാഷ്‌നലിസ്റ്റ് പാര്‍ട്ടിയായ എം.എച്ച്.പിയുടെ കുര്‍ദ് ജനതയോടുള്ള നിലപാട്, പാര്‍ട്ടിക്കുള്ളില്‍ തന്നെ രൂപപ്പെടുന്ന വിള്ളല്‍ എന്നിവയെല്ലാം എ.കെ പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രധാന  വിഷയങ്ങളാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (22-24)
ടി.കെ ഉബൈദ്‌