Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 27

3119

1441 മുഹര്‍റം 27

ദിനാജ്പൂര്‍ വായിച്ചപ്പോള്‍

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

പശ്ചിമ ബംഗാളിലെ ദിനാജ്പൂര്‍ സന്ദര്‍ശനാനുഭവങ്ങള്‍ പങ്കുവെച്ച് പ്രബോധനം 3114,3115 ലക്കങ്ങളില്‍ അശ്‌റഫ് കീഴുപറമ്പ് എഴുതിയ 'യാത്ര' വായിച്ചപ്പോള്‍ അല്‍പം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ആഗസ്റ്റില്‍ പശ്ചിമ ബംഗാളിലെ തന്നെ മാള്‍ഡ ജില്ലയിലെ കോപഗെട്ടി എന്ന ഉള്‍ഗ്രാമം സന്ദര്‍ശിച്ച ഓര്‍മകളാണ് മനസ്സില്‍ തെളിഞ്ഞത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ നാട്ടിലെ പള്ളി ഇമാമിന്റെ ക്ഷണപ്രകാരമായിരുന്നു ഞങ്ങളുടെയും യാത്ര. ബാംഗ്ലൂര്‍-ഹൗറ തുരന്തോ എക്‌സ്പ്രസിലാണ് കൊല്‍ക്കത്തയിലെത്തിയത്. കൊല്‍ക്കത്ത സ്റ്റേഷനില്‍നിന്ന് മാള്‍ഡയിലേക്കുള്ള ട്രെയ്‌നില്‍ യാത്ര തുടര്‍ന്നു. കൊല്‍ക്കത്ത സ്റ്റേഷനില്‍ പ്രവേശിച്ചപ്പോള്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ കിടക്കുന്ന ട്രെയ്‌നിനു മീതെ കണ്ടത് 'ധാക്ക' എന്ന നെയിം ബോര്‍ഡ്. ബംഗ്ലാദേശ്-ഇന്ത്യ സൗഹൃദത്തിന്റെ ഭാഗമായി 2008-ല്‍ ആരംഭിച്ച മൈത്രി എക്‌സ്പ്രസാണ് അതെന്ന് പിന്നീട് മനസ്സിലായി. 375 കിലോമീറ്ററാണ് ഇവിടെനിന്ന് ധാക്കയിലേക്ക് ദൂരം. ഇന്ത്യയുടെ അങ്ങേതലക്കല്‍ മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തിയോടടുത്ത പ്രതീതിയായിരുന്നു അപ്പോള്‍ മനസ്സില്‍. മാള്‍ഡ-കട്ടിഹര്‍ പാസഞ്ചര്‍ ട്രെയ്‌നില്‍ വേണം അടുത്ത യാത്ര. ബിഹാറിന്റെ വടക്കു കിഴക്കെ ജില്ലയാണ് കട്ടിഹര്‍. മാള്‍ഡക്കും കട്ടിഹറിനുമിടയില്‍ 20 സ്റ്റേഷനുകളുണ്ട്. അതില്‍ ഞങ്ങള്‍ക്കിറങ്ങേണ്ട ദില്ലി ദിവാന്‍ഗഞ്ച് സ്റ്റേഷനുള്‍പ്പെടെ ബിഹാറിലാണ്. അഥവാ ബിഹാറില്‍ ട്രെയ്‌നിറങ്ങി പശ്ചിമ ബംഗാളിലേക്കു പോകുന്ന യാത്രയെന്ന് സാങ്കേതികമായി പറയാം. മുക്കാല്‍ മണിക്കൂര്‍ വൈകി പുറപ്പെട്ട ട്രെയ്‌നില്‍ നിറയെ ഗ്രാമീണരാണ്. മൊബൈല്‍ ഫോണ്‍ വ്യാപകമാകാത്തതിനാല്‍ യാത്രക്കാര്‍ പരസ്പരം മിണ്ടിപ്പറഞ്ഞാണിരിക്കുന്നത്. ഗ്രാമങ്ങളെ ബന്ധിപ്പിച്ച് മറ്റ് ടാക്‌സി സംവിധാനങ്ങള്‍ കുറവായതിനാല്‍ ഗ്രാമീണരുടെ പ്രധാന ആശ്രയമാണ് ഇത്തരം ട്രെയ്‌നുകള്‍. ഓരോ സ്റ്റേഷനില്‍നിന്നും ആദിവാസികള്‍ ഉള്‍പ്പെടെ കച്ചവടക്കാരും തൊഴിലാളികളുമെല്ലാം കയറി തീവണ്ടി നിറഞ്ഞു. ദൂരെ  സ്ഥലങ്ങളിലേക്കു കൊണ്ടുപോകേണ്ട തങ്ങളുടെ കച്ചവട വസ്തുക്കളടങ്ങുന്ന കുട്ടയും ഭാണ്ഡങ്ങളുമായാണ് പലരും കയറുന്നത്. ചില തൊഴിലാളികള്‍ തങ്ങളുടെ സൈക്കിള്‍, ട്രെയ്‌നിന്റെ പുറംഭാഗത്തെ കമ്പികളില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ടുണ്ടാവും. അവര്‍ക്കിറങ്ങേണ്ട സ്റ്റേഷനെത്തിയാല്‍ സൈക്കിളെടുത്ത് പാടങ്ങള്‍ക്കിടയിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് ചവിട്ടിപ്പോകുന്നു. വൈകുന്നേരം ഇതേ ട്രെയ്‌നില്‍ തന്നെ മടക്കയാത്രയും.
സ്റ്റേഷനില്‍നിന്ന് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ സുഹൃത്ത് പറഞ്ഞു: 'ആറ് കിലോമീറ്ററുകള്‍ ഉള്‍ഭാഗത്തുള്ള ഗ്രാമത്തിലേക്ക് ഇനി ഫുട്ഫുടിയിലാണ് സഞ്ചാരം.' സ്‌കൂട്ടറിന്റെ തലയും പഴയ മൂരിവണ്ടിയുടെ പലകയുമുള്ള ഒരു വാഹനമാണത്. സ്‌കൂട്ടര്‍ തലക്കടിയില്‍ ഡീസല്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പഴകിയ ഒരു എഞ്ചിനാണുള്ളത്. അത് കയറുകൊണ്ട് വലിച്ച് സ്റ്റാര്‍ട്ട് ചെയ്ത് പിറകില്‍ 10 ഓളം പേരെ ഇരുത്തി യാത്ര. സൈക്കിള്‍ റിക്ഷ കഴിഞ്ഞാല്‍ ഈ ഭാഗത്തെ പ്രധാന ടാക്‌സി വാഹനമാണത്. ഇരുഭാഗത്തും പച്ചപുതച്ച വയലുകള്‍. കേരളം വിട്ടശേഷം കടന്നുപോയ ആറു സംസ്ഥാനങ്ങൡലും ഈ കൃഷിക്കാഴ്ച ആസ്വാദ്യകരമാണ്. രാജ്യത്തിന് അന്നം നല്‍കുന്ന കലവറകളാണവ. ആതിഥേയന്റെ വീടിനോട് അടുക്കുംതോറും പൊട്ടിത്തകര്‍ന്ന റോഡിന്റെ ഇരുവശത്തും നിരവധി കുടിലുകള്‍. ആട്, കോഴി, പശുക്കള്‍, മണ്ണിലും ചേറിലും പുതഞ്ഞ നിക്കര്‍ മാത്രമിട്ട കുറേ കുട്ടികള്‍. എല്ലാം കൂടി ഒന്നില്‍നിന്നും മറ്റൊന്നിനെ വേര്‍പ്പെടുത്താനാവാത്ത വിധം കൂടിച്ചേര്‍ന്നതാണ് ഇവിടത്തെ ജീവിതം.
ആതിഥേയന്റെ വീട്ടില്‍ ഞങ്ങളെത്തിയപ്പോള്‍ ശോകമൂക രംഗമായിരുന്നു ആദ്യം. അദ്ദേഹത്തിന്റെ ഒരു സഹോദരന്‍ (23 വയസ്സ്) ചികിത്സക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടിരുന്നു. മൃതദേഹം ബംഗാളിലേക്ക് കൊണ്ടുപോകാന്‍ നിരവധി അസൗകര്യങ്ങളുള്ളതിനാല്‍ കേരളത്തിലാണ് സംസ്‌കരിച്ചത്. തന്റെ മകന്‍ ആറടി മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്ന നാട്ടില്‍നിന്ന് വന്നവരായ ഞങ്ങളെ കണ്ടപ്പോള്‍ അക്കാര്യം ഓര്‍ത്ത് ആ മാതാവ് കരയാന്‍ തുടങ്ങി. തൊഴില്‍ തേടി വിദേശത്ത് പോയ മലയാളികള്‍ അവിടെ മരണപ്പെട്ട്, അവിടെ തന്നെ ഖബ്‌റടക്കപ്പെടാറുണ്ട്. മയ്യിത്തിന്റെ മുഖം അവസാനമൊന്ന് കാണാന്‍ കഴിയാത്തതിന്റെ ദുഃഖം കടിച്ചിറക്കി കഴിയുന്ന നിരവധി വീടുകള്‍ നമുക്കു ചുറ്റുമുണ്ട്. അതുപോലെ ഇതര സംസ്ഥാനക്കാരുടെ ഗള്‍ഫായ കേരളത്തില്‍ മരണപ്പെട്ട മകനെ ഓര്‍ത്തായിരുന്നു ആ വിതുമ്പല്‍. വീട്ടിലെ ദാരിദ്ര്യം ചെന്നപാടേ ബോധ്യപ്പെട്ടു. മണ്ണു തേച്ച നിലം, ഇ ടൈപ്പില്‍ നിര്‍മിച്ച കുടില്‍. മുളങ്കമ്പിനു മീതെയാണ് ഓട് പാകിയിരിക്കുന്നത്. മരക്കൊമ്പും ചെളിയും കൊണ്ടാണ് ചുമര്‍. വൈദ്യുതി കണക്ഷന്‍ ഉണ്ടെങ്കിലും അധികസമയത്തും കറന്റുണ്ടാവില്ല. ഉള്ള കറന്റിനാവട്ടെ വോള്‍ട്ടേജും കമ്മി. അതിനാല്‍ കട്ടപിടിച്ച ഇരുട്ടാണ് വീടിനകത്ത്. ആ കുടിലില്‍ ഞങ്ങള്‍ക്ക് താമസിക്കാന്‍ ഇടമില്ലെന്ന് ഒറ്റനോട്ടത്തില്‍ ഉറപ്പായിരുന്നു. ഞങ്ങളുടെ നാട്ടുകാര്‍ മുന്‍കൈയെടുത്ത് വയലില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന പാതി പണി തീര്‍ന്ന, ആതിഥേയന്റെ വീട്ടില്‍ രാത്രിയുറങ്ങി. വയല്‍കൊതുകുകളില്‍നിന്ന് രക്ഷയേകാന്‍ ആതിഥേയന്റെ പിതാവ് അയാളുടെ കൊതുകുവല കൊണ്ട് ഞങ്ങളെ പൊതിഞ്ഞ കരുണാര്‍ദ്രമായ ആതിഥേയത്വം.
അന്ന് വൈകീട്ട് പ്രദേശത്തെ രണ്ട് മതപാഠശാലകള്‍ സന്ദര്‍ശിച്ചു. ഹോസ്റ്റല്‍ സൗകര്യം തീരെ പരിമിതം. കുട്ടികള്‍ക്കു കിടക്കാന്‍ മണ്‍തറയില്‍ മുളക്കുറ്റിയടിച്ച് അതിന്മേല്‍ മുളപ്പാത്തി ചീന്തിവെച്ചിരിക്കുന്നു. മരക്കഷ്ണങ്ങളാലും ഓലകളാലും മറച്ച് ഓരോ കൊച്ചുമുറിയും. 20-ലധികം വിദ്യാര്‍ഥികള്‍. പ്രാരാബ്ധങ്ങളേ അവിടെയും കാണാനുണ്ടായിരുന്നുള്ളൂ. പണ്ട് അറബ് പ്രതിനിധികള്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന സ്വീകരണമാണ് ഞങ്ങള്‍ക്കവിടെ ഒരുക്കിയത്. കൂട്ടത്തില്‍ ഒരു വിദ്യാര്‍ഥി അവരുടെ അത്യാവശ്യങ്ങള്‍ ഞങ്ങള്‍ക്കു മുമ്പാകെ വിശദീകരിച്ചു. പിറ്റേന്ന് ആഗസ്റ്റ് 15-ന് മുര്‍ശിദാബാദാണ് ലക്ഷ്യം. അതിന് റാംപൂര്‍ഹട്ടില്‍ ട്രെയ്‌നിറങ്ങണം. അങ്ങോട്ട് പോകാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ സ്വാതന്ത്ര്യദിനത്തിന്റെ അന്നും അവിടെ വൈദ്യുതിയില്ല. റെയില്‍വെ അനൗണ്‍സ്‌മെന്റ് സ്പീക്കറില്‍നിന്ന്, ടാഗോറിന്റെ നാട്ടില്‍നിന്ന്, ദേശീയ ഗാനം മുഴങ്ങുന്നു. റെയില്‍വേ പരിസരത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തി, രാജ്യത്തിന്റെ അഖണ്ഡതയെപ്പറ്റി സ്റ്റേഷന്‍ മാസ്റ്ററുടെ ഹിന്ദിയിലുള്ള കൊച്ചുപ്രഭാഷണം. തുടര്‍ന്ന് തടിച്ചൂകൂടിയ ഗ്രാമീണ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജിലേബി വിതരണം. വൈകുന്നേരം റാംപൂര്‍ഹട്ടില്‍ എത്തി മുര്‍ശിദാബാദിലേക്ക് പോകാന്‍ അവിടത്തെ സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ അസീസിനെ കാത്തിരുന്നു. അതിനിടെ റെയില്‍വേ സ്റ്റേഷനില്‍ കണ്ട ഒരു രംഗവും വേദനയുണര്‍ത്തി. തെരുവില്‍ കഴിയുന്ന ഒരമ്മയുടെ എട്ട് വയസ്സ് തോന്നിക്കുന്ന മകന്‍ ഒരു സ്ലേറ്റില്‍ പെന്‍സില്‍ കൊണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളും, അക്കങ്ങളും എഴുതി പഠിക്കുന്നു. സ്റ്റേഷനിലെ ഒരു കച്ചവടക്കാരന്‍ അവന് സ്ലേറ്റില്‍ ശരിയിട്ട് കൊടുക്കുമ്പോള്‍ കുട്ടിക്ക് വലിയ ആഹ്ലാദം! ഇടക്ക് ആരോ നല്‍കിയ ഒരു പാക്കറ്റ് ബിസ്‌കറ്റ് പച്ചവെള്ളത്തില്‍ കുതിര്‍ത്തു തിന്ന് അവന്‍ പശിയടക്കുന്നു. സ്വാതന്ത്ര്യം നേടി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാജ്യത്തിന്റെ അനേകം ബാല്യങ്ങളുടെ ദുരവസ്ഥ അടയാളപ്പെടുത്തുന്നതായിരുന്നു ആ സ്വാതന്ത്ര്യദിനകാഴ്ച. മുര്‍ശിദാബാദിലും പരമദരിദ്രരായി കഴിയുന്ന ഗ്രാമീണരെയാണ് കാണാനായത്. പക്ഷേ, മലയാളികളുടെ നേല്‍നോട്ടത്തില്‍ അവിടെ പിറന്ന വിദ്യാഭ്യാസ സ്ഥാപനം പ്രതീക്ഷയുടെ പൊന്‍കിരണമാണ്.
അടുത്തിടെ അസമിലുണ്ടായ പ്രളയത്തില്‍ വീടുതകര്‍ന്ന മറ്റൊരു സുഹൃത്തിന് വീടുനിര്‍മിച്ചു നല്‍കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിന് ശ്രമങ്ങള്‍ നടന്നുവരികയാണ്. മണ്‍കട്ടകളാല്‍ നിര്‍മിച്ച അവന്റെ കുടില്‍ വെള്ളത്തില്‍ കുതിര്‍ന്നു പൊളിഞ്ഞു. പൗരത്വ രജിസ്ട്രറില്‍ തന്റെയും കുടുംബത്തിന്റെയും പേരുണ്ടാകുമോ എന്ന ആധിയില്‍ കഴിയുന്നതിനിടെയായിരുന്നു അവനെ പോലുള്ളവര്‍ക്ക് ഈ ദുരിതം. ഒരു വര്‍ഷത്തേക്ക് കൃഷി ചെയ്ത് സൂക്ഷിച്ചുവെച്ച അരിയും പ്രളയത്തില്‍ നശിച്ച അനേകരില്‍ ഒരാളാണ് ഈ സുഹൃത്ത്.
ചുരുക്കത്തില്‍, ദിനാജ്പൂര്‍ ലേഖനം വിവരിക്കുന്ന പോലെ പരമദയനീയമാണ് ഇത്തരം സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ ജീവിതം. വിഷന്‍ 2026 പോലുള്ള സംവിധാനങ്ങള്‍ ഒരു മുന്നേറ്റത്തിനു വേണ്ടി അഹോരാത്രം ശ്രമം തുടരുന്നുണ്ട്. പക്ഷേ, ഇതുപോലുള്ള ഏജന്‍സികള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് ആവശ്യങ്ങള്‍. അതിനാല്‍ കേരളത്തിലെ ഓരോ മഹല്ലും ഓരോ ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ പുനര്‍നിര്‍മിക്കുന്നതുപോലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. അതിനു വേണ്ട സമഗ്ര പഠനങ്ങള്‍ നടക്കുകയും എല്ലാവരും ഒരേ സ്ഥലത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം വിവിധ ഇടങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. അവിടെയുള്ള വ്യത്യസ്ത മതസംഘടനകളുടെയും മറ്റും സഹകരണത്തോടു കൂടി മാത്രമേ ഈ പ്രോജക്ടുകള്‍ പ്രയോഗവത്കരിക്കാനാവൂ. സ്വന്തം സംഘടനയുടെ നെറ്റ്‌വര്‍ക്കു തന്നെ പ്രദേശത്തുണ്ടാവണമെന്ന ചിന്ത ഗ്രാമീണ പുനര്‍നിര്‍മാണങ്ങളില്‍ ആവശ്യമില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (22-24)
ടി.കെ ഉബൈദ്‌