സലാം കരുവമ്പൊയില്‍
പ്രളയപ്പെട്ട
ഒരു ഇരുട്ടിന്റെ
കുരിശാണികളില്‍നിന്ന്
ഒരു
പൂമരം പെയ്തത്
എങ്ങനെയെന്ന്
നമുക്ക് ചോദിക്കാം.
ചുട്ടുപൊള്ളുന്ന മഴയുടെ
പല്‍ചക്രങ്ങള്‍
എവ്വിധമാണ്
ഒരു മനുഷ്യനെ
തുന്നിയെടുക്കുന്നതെന്ന്
നമുക്ക് പഠിക്കാം.
അഗ്‌നികുണ്ഡാരത്തെ
ഒരു
സുസ്മിതത്തില്‍
പുതച്ച്,
കിലുകിലാരവങ്ങളില്‍
പുകയ്ക്കും
ഉച്ചത്തിളപ്പിന്റെ
കൊഴുത്ത
പേശികളെ തളച്ച്
ഇബ്‌റാഹീം
അരുമയാര്‍ന്ന കിനാവിനെയും തെളിച്ച്
ഈ
മഴയുടെ
മലഞ്ചെരുവിലേക്ക് കടന്നുവന്നിരുന്നു,
ഒരു കഠാരയുമായി.
മതിയെന്നു ചൊന്നിട്ടും
തന്റെ
പൊന്നോമല്‍ കാമനയുടെ
കഴുത്തില്‍
ഇബ്‌റാഹീം
കത്തിയാല്‍
ദ്രുതതാളമിട്ടു...
ബലിക്കല്ലില്‍
തുടികൊട്ടിപ്പാര്‍ത്ത ജന്മാന്തരങ്ങളില്‍നിന്ന്
മനുഷ്യന്‍
ഉറവയെടുത്തുകൊണ്ടേയിരുന്നു.
പിന്നെ
ചുട്ടുപഴുത്ത വെള്ളങ്ങളുടെ
വീര്‍പ്പുകളിലേക്ക്
അവന്‍
ഗാഢമായും
അയത്‌നലളിതമായും
അവതരിച്ചുകൊണ്ടേയിരുന്നു.
പ്രളയത്തിന്റെ പ്രസാധകരും
പ്രൊമോട്ടര്‍മാരും
വെളിപാടിന്റെ അഗ്നിശൈല മുഖപ്പിലൂടെ
വിളറി വെന്ത മുഖങ്ങളുമായി
മഴയുടെ
കെട്ട കാഴ്ചക്കെട്ടിലേക്ക്
നടകൊണ്ടു.
* പെരുന്നാളിന് വില്‍പ്പനക്കു വെച്ച ഒട്ടുമിക്ക മേത്തരം തുണിത്തരങ്ങളും പ്രളയബാധിതര്‍ക്ക് വിതരണം ചെയ്ത് മീഡിയയില്‍ നിറഞ്ഞുനിന്ന നൗഷാദ്. ഇനി വേണ്ടെന്നു പറഞ്ഞിട്ടും ആവേശപൂര്‍വം അദ്ദേഹം വിലപ്പെട്ടതൊക്കെ കൊടുത്തുകൊണ്ടേയിരുന്നു!
Comments