അസം പൗരത്വ പട്ടിക വംശീയ രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കുമോ?
നെല്ലി കലാപത്തിനു ശേഷമുള്ള കാലത്ത് അസമില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രഹസ്യമായും പരസ്യമായും ഉയര്‍ത്തിക്കൊണ്ടുവന്നതാണ് പൗരത്വ വിവാദം. ബംഗാളി ഭാഷ സംസാരിക്കുന്ന അസമികളെ ബംഗ്ലാദേശീ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുകയും ഇവരുടെ എണ്ണത്തെ ഭയാനകമാംവിധം പെരുപ്പിച്ചുകാട്ടി സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥയെ ഈ നുഴഞ്ഞുകയറ്റവുമായി ചേര്‍ത്തുകെട്ടുകയുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തുവന്നത്. സംസ്ഥാനത്തെ മുന്‍ ഗവര്‍ണര്‍മാരായിരുന്ന എസ്.കെ സിന്‍ഹയുടെ കണക്കനുസരിച്ച് പ്രതിദിനം 6000 പേരും അജയ് കുമാര്‍ അഭിപ്രായപ്പെട്ടതനുസരിച്ച് 80 ലക്ഷവുമായിരുന്നു നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം. സിന്‍ഹയുടെ കണക്ക് അവലംബിച്ചാല്‍ ബംഗ്ലാദേശിലെ മുഴുവന്‍ ജനസംഖ്യയും ഇതിനകം രാജ്യം വിട്ട് ഇന്ത്യയില്‍ എത്തിയെന്ന് അംഗീകരിക്കേണ്ടിവരും. അജയ് സിംഗിന്റെ കണക്ക് പ്രത്യക്ഷമായി ആരെയും ലക്ഷ്യം വെക്കുന്നില്ലെങ്കിലും 80 ലക്ഷത്തിന്റെ പരിസരത്തെത്തുന്ന സംസ്ഥാനത്തെ ഒരു മതസമൂഹത്തെയാണ് അദ്ദേഹം പരോക്ഷമായി ഉന്നം വെച്ചതെന്നാണ് ഈ പ്രസ്താവന വിലയിരുത്തപ്പെട്ടത്.
ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ വിദേശികളാണെന്ന ഒരുതരം മണ്ണിന്റെ മക്കള്‍ വാദമായിരുന്നു അസമിലേത്. എന്നാല്‍ ബംഗ്ലാ ഭാഷക്കാരുടെ വേരുകള്‍ ബംഗ്ലാദേശ് എന്ന കിഴക്കന്‍ പാകിസ്താന്‍ രൂപം കൊള്ളുന്നതിനും മുമ്പെ ഇന്നത്തെ അസമില്‍ ഉണ്ടായിരുന്നു. അസമില്‍ ഇവര്‍ നിലകൊണ്ടിരുന്ന പ്രദേശങ്ങള്‍ വരെയും നീണ്ടുകിടന്ന അവിഭക്ത ബംഗാളിന്റെ രണ്ട് ഭാഗങ്ങളില്‍ ഒന്നായിരുന്നുവല്ലോ വേര്‍പ്പെട്ട് മറ്റൊരു രാജ്യമായത്.
ബംഗ്ലാദേശീ നുഴഞ്ഞുകയറ്റം എന്ന സിദ്ധാന്തം തന്നെ പുതിയ കാലത്ത് അങ്ങേയറ്റം പരിഹാസ്യമായി മാറുന്നുണ്ട്. ബംഗ്ലാദേശീ മുസ്‌ലിംകള്‍ ഇന്ത്യയിലേക്കു വരുന്നതിനെയാണ് നുഴഞ്ഞുകയറ്റം എന്ന വാക്കുപയോഗിച്ച് പൊതുവെ വിവക്ഷിക്കാറുള്ളത്. ഹിന്ദുക്കളുടെ നുഴഞ്ഞുകയറ്റത്തെ അഭയാര്‍ഥിപ്രവാഹം എന്നാണ് അസമിലെ രാഷ്ട്രീയ കക്ഷികള്‍ വിശേഷിപ്പിക്കുന്നത്. അസമിലേക്ക് കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയില്‍ സംഭവിച്ചത് നുഴഞ്ഞുകയറ്റമാണോ അഭയാര്‍ഥിപ്രവാഹമാണോ എന്ന് മനസ്സിലാക്കാന്‍ അത്ര വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ജനസംഖ്യ പരിശോധിച്ചാല്‍ മാത്രം മതി. 1947-ല്‍ ഹിന്ദു ജനസംഖ്യ 25 ശതമാനം ആയിരുന്നുവെങ്കില്‍ 1961-ല്‍ അത് 18.5 ശതമാനമായി കുറഞ്ഞു. ധനികരും ഭൂവുടമകുളുമായിരുന്ന ഹിന്ദുക്കളാണ് ഇന്ത്യയിലേക്ക് കുടിയേറാതെ ആദ്യകാലത്ത് ബംഗ്ലാദേശില്‍ തുടര്‍ന്നവര്‍. എന്നാല്‍ പാകിസ്താനില്‍നിന്നും മോചിപ്പിച്ച് പുതിയ രാജ്യമാക്കിയതോടെ 1971-ല്‍ 10 ദശലക്ഷം ഹിന്ദുക്കള്‍ ഇന്ത്യയിലെത്തിയെന്നാണ് കണക്ക്. പിന്നീടുള്ള വര്‍ഷങ്ങളില്‍ അതിര്‍ത്തിഗ്രാമങ്ങളില്‍നിന്നും ഈ ഒഴുക്ക് കൂടുതല്‍ ശക്തമായി. ഹിന്ദുക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇന്ത്യയിലാണെന്ന ബോധമായിരുന്നു ഈ കുത്തൊഴുക്കിന്റെ കാരണം. അതിലാകട്ടെ അന്നാട്ടിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ട വസ്തുതകളുമുണ്ടായിരുന്നു. 2010-ലെ കണക്കുകള്‍ പ്രകാരം ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 9.6 ശതമാനം മാത്രമാണ്. അതേസമയം അന്നാട്ടിലെ മുസ്‌ലിം ജനസംഖ്യ നാലു മടങ്ങായി വര്‍ധിച്ചതും കാണാനാവും.
സ്വന്തം മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട, ഭാഷയും മറ്റു സാഹചര്യങ്ങളും അനുകൂലമായ ഒരു രാജ്യത്തുനിന്നും ബംഗ്ലാദേശികള്‍ അസമിലേക്കും ബംഗാളിലേക്കുമൊക്കെ കുടിയേറുന്നു എന്നത് യുക്തിക്ക് നിരക്കുന്ന വാദമായിരുന്നില്ല. സാമ്പത്തികമായും അല്ലാതെയും എടുത്തുപറയാവുന്ന ഒരു മെച്ചവും അസമിനോ പശ്ചിമ ബംഗാളിനോ അന്നും ഇന്നും ബംഗ്ലാദേശുമായി താരതമ്യം ചെയ്യുമ്പോള്‍ ഇല്ല എന്നതാണ് വസ്തുത. എന്നല്ല ഏറ്റവുമൊടുവിലത്തെ രണ്ട് ദശാബ്ദങ്ങള്‍ പരിശോധിച്ചാല്‍ ബംഗ്ലാദേശിന്റെ വളര്‍ച്ച അഭൂതപൂര്‍വമായിരുന്നുവെന്നും കാണാം. ബംഗ്ലാദേശിന്റെ പ്രതിശീര്‍ഷ വരുമാനം, മൊത്ത വളര്‍ച്ചാ സൂചിക എന്നിവ ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയേക്കാള്‍ മുകളിലുമാണ്. 8.1 ആണ് ഇപ്പോഴത്തെ അവരുടെ വളര്‍ച്ചാ നിരക്ക്. ഈ അനുകൂലമായ അന്തരീക്ഷങ്ങള്‍ വേണ്ടെന്നുവെച്ച് ഇന്ത്യയിലേക്ക് എന്തിന് ഒരു ബംഗ്ലാദേശി മുസ്‌ലിം കുടിയേറണം? വര്‍ഗീയതയുടെ കാര്യത്തില്‍ കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി ഇന്ത്യ മറ്റുള്ളവരെ ഭയപ്പെടുത്തുന്ന ഒരു രാജ്യമായിരുന്നല്ലോ. അസമിലേക്കു കടക്കുന്ന നിമിഷം തൊട്ട് വേട്ടയാടപ്പെടുമെന്നുറപ്പുള്ള, അത്തരം ആയിരക്കണക്കിന് അനുഭവങ്ങള്‍ കേട്ടറിവെങ്കിലുമുള്ള ഒരുത്തന്‍ ഭാര്യയെയും മക്കളെയും കൂട്ടി ബ്രഹ്മപുത്ര നദിയിലൂടെ ജീവന്‍ പണയം വെച്ച് അസമിലേക്ക് ചേക്കേറുന്നു എന്നത് യക്ഷിക്കഥയെ തോല്‍പ്പിക്കുന്ന അസംബന്ധമായിരുന്നു. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കുടുംബ ബന്ധങ്ങളുടെ പേരില്‍ ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലേക്കു വന്നത്. പക്ഷേ ലക്ഷങ്ങള്‍ നുഴഞ്ഞുകടക്കുന്നുവെന്ന ഈ വിഡ്ഢിത്തമാണ് ഇത്രയും കാലം അസമിലെ ജനങ്ങള്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരായത്. കണ്ടുമുട്ടുന്ന തൊപ്പിയും താടിയുമുള്ള, ലുങ്കിയുടുക്കുന്ന ഓരോ ആളും അസമില്‍ ക്രമേണ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനായി മാറുകയായിരുന്നു.
അസമിലെ 'തഥാകഥിത' മുസ്‌ലിം നുഴഞ്ഞുകയറ്റത്തെ സ്ഥാപിച്ചെടുക്കാനുള്ള പലതരം നീക്കങ്ങള്‍ നടന്നു. ഒരു തവണ സെന്‍സസ് പോലും മാറ്റിവെച്ചു. പിന്നീട് നടത്തിയ ജനസംഖ്യാ കണക്കെടുപ്പില്‍ മുസ്‌ലിംകളുടെ ജനസംഖ്യ അസാധാരണമാംവിധം ഉയര്‍ന്നുവെന്ന് ആരോപണമുയര്‍ന്നു. അതിന് അടിത്തറയൊരുക്കാനായിരുന്നു ഈ നീക്കമെന്ന് സംശയിക്കപ്പെട്ടു. നെല്ലി കലാപത്തിനു ശേഷം നിരവധി തവണ ബോഡോ മേഖലകളില്‍ വംശീയ കലാപങ്ങള്‍ അരങ്ങേറി. അപ്പോഴൊക്കെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും തദ്ദേശീയരും തമ്മിലുള്ള ദ്വന്ദമായി അത് ചിത്രീകരിക്കപ്പെട്ടു. അസം കരാറിനു ശേഷമുള്ള കാലത്ത് ഐ.എം.ഡി.ടി എന്ന പേരില്‍ രൂപീകരിക്കപ്പെട്ട അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനും വിചാരണ നടത്താനുമുള്ള ട്രൈബ്യൂണലിന്റെ കീഴില്‍ സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. അതേസമയം ഇന്നോളമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഐ.എം.ഡി.ടിയിലൂടെ ആയിരത്തില്‍ താഴെ പേരെ മാത്രമാണ് നാടുകടത്തിയത്. എന്നാല്‍ ആരെയെങ്കിലും വിദേശിയെന്ന് സംശയിക്കുന്നുണ്ടെങ്കില്‍ ആരോപണമുന്നയിക്കുന്നവരാണ് തെളിവ് ഹാജരാക്കേണ്ടത് എന്ന ഐ.എം.ഡി.ടി നിയമത്തിന്റെ അടിസ്ഥാനം വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് സുപ്രീംകോടതി റദ്ദാക്കി. സുപ്രീംകോടതിയില്‍ ഐ.എം.ഡി.ടിക്കെതിരെ കേസ് നടത്തിയ സര്‍ബാനന്ദ് സോനുവാല്‍ പിന്നീട് ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി മാറുകയും ചെയ്തു. അസമിനെ ചിതലുകളെ പോലെ കാര്‍ന്നുതിന്നുന്ന ഓരോ ബംഗ്ലാദേശീ നുഴഞ്ഞുകയറ്റകാരനെയും തിരിച്ചയക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമിത് ഷാ നടത്തിയ പ്രസംഗം ജനങ്ങള്‍ ഏറ്റുവാങ്ങിയതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്ത് ബി.ജെ.പിക്ക് ഒറ്റക്ക് അധികാരം ലഭിക്കുന്ന സാഹചര്യമുണ്ടായതും. അസമിലെ യഥാര്‍ഥ പൗരന്മാരെ കണ്ടെത്താനായി കഴിഞ്ഞ പത്തു വര്‍ഷമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടക്കമിട്ട ഒരു നീക്കം നടന്നുവരുന്നുണ്ടായിരുന്നു. അധികാരമേറ്റയുടന്‍ ആദ്യം തന്നെ പൗരത്വ പട്ടിക പുതുക്കുന്ന എന്‍.ആര്‍.സിയുടെ ഓഫീസിലെത്തി സോനുവാല്‍ ഈ നീക്കത്തിന് വേഗം പകര്‍ന്നു. അഭിജിത് ശര്‍മ എന്നൊരാള്‍ നല്‍കിയ ഹരജിയില്‍ ഇടപെട്ട് സുപ്രീംകോടതിയും പൗരത്വ പട്ടിക നിശ്ചിത സമയത്തിനകം പുറത്തുവിടണമെന്ന് സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി. എന്നാല്‍ കര്‍ശനവും സൂക്ഷ്മവുമായ മാനദണ്ഡങ്ങളും കോടതി ഇതിനായി നിശ്ചയിച്ചിരുന്നു.
എന്‍.ആര്‍.സിയെ അസമിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ സ്വാഗതം ചെയ്യുകയാണുണ്ടായത്. മുഴുവന്‍ സമുദായവും സംശയത്തിന്റെ പുകമറക്കകത്തു കഴിഞ്ഞ മുസ്‌ലിംകളാണ് ഈ പട്ടിക രൂപീകരിക്കുന്നതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. രൂപവും വേഷവും ഭാഷയും മൂലം ബംഗ്ലാദേശി എന്ന അവഹേളനം നേരിടേണ്ടി വന്നവര്‍ക്ക് പൗരത്വ പട്ടിക എല്ലാ അര്‍ഥത്തിലും ആശ്വാസമായിരുന്നു. മാത്രവുമല്ല സ്വന്തം രേഖകള്‍ എന്നോ തയാറാക്കിവെച്ചവരായിരുന്നു അസമിലെ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും. അതില്ലാതെ അവര്‍ക്ക് പോലീസിന്റെയും മറ്റ് അധികാരികളുടെയും വേട്ടയാടലിനിടയില്‍ ഈ സംസ്ഥാനത്ത് ഒരിക്കലും ജീവിക്കാന്‍ കഴിയുമായിരുന്നില്ല. ആ രേഖകള്‍ക്ക് അന്തിമമായി കോടതിയുടെ അംഗീകാരം ലഭിക്കുക എന്നത് ചെറിയ കാര്യമൊന്നുമായിരുന്നില്ല. ലോവര്‍ അസമില്‍നിന്നും രേഖകളുമായി ഒന്നോ രണ്ടോ ദിവസത്തിനകം ഹാജരാകാന്‍ അപ്പര്‍ അസമിലെ 400-ഉം 500-ഉം കിലോമീറ്റര്‍ ദൂരെയുള്ള ഓഫീസുകളിലേക്ക് വിളിപ്പിച്ചപ്പോള്‍ പോലും അസമില്‍ ഒരു ചെറിയ പ്രതിഷേധം പോലുമുയരാതിരുന്നതിന്റെ കാരണം ഇതായിരുന്നു. കേരളത്തിലും മറ്റും ജോലി ചെയ്യുന്നവരില്‍ പലരും വിദേശികളായി മാറിയതും എത്തിപ്പെടാനുള്ള മതിയായ സമയം നല്‍കാതെ നോട്ടീസ് കൊടുത്തു വിളിപ്പിച്ചപ്പോഴായിരുന്നു.
അതേസമയം ഉദ്യോഗസ്ഥര്‍ സ്വന്തമായ അജണ്ടകളും മുന്‍വിധിയും ഉള്ളവരായിരുന്നുവെങ്കിലും എന്‍.ആര്‍.സിയിലെ മാനദണ്ഡങ്ങള്‍ കര്‍ശനമായിരുന്നു. അവ ഉണ്ടായിരുന്നില്ലെങ്കില്‍ അസമിലെ വിദേശികളുടെ പട്ടികയെ ബി.ജെ.പി സര്‍ക്കാറുകള്‍ നിഷ്പ്രയാസം 80 ലക്ഷം കടത്തുമായിരുന്നു. എന്‍.ആര്‍.സിയിലെ ഉദ്യോഗസ്ഥരില്‍ മഹാഭൂരിപക്ഷവും മുന്‍വിധിയോടെയാണ് പട്ടിക തയാറാക്കിയതെന്ന് ആദ്യഘട്ടം പട്ടികയില്‍ കടന്നുകൂടിയ തെറ്റുകള്‍ അടിവരയിട്ടു. ഒരു വര്‍ഷത്തിനിടയില്‍ 20 ലക്ഷത്തില്‍പരം ആളുകളെയാണ് ഇതേ പട്ടികയില്‍ തിരിച്ചെടുക്കേണ്ടിവന്നത്. ആദ്യ പട്ടികയില്‍ 42 ലക്ഷത്തോളം പേരെയാണ് പൗരത്വത്തിന് മതിയായ രേഖകളില്ലാത്തവരായി ഉദ്യാഗസ്ഥര്‍ കണ്ടെത്തിയിരുന്നത്. അതേസമയം രേഖകള്‍ ഇല്ലാത്തതായിരുന്നില്ല പ്രശ്‌നമെന്ന് പിന്നീട് പുറത്തുവന്ന പരാതികള്‍ അടിവരയിട്ടു. കുടുംബങ്ങളേക്കാളുപരി വ്യക്തികളായിരുന്നു പട്ടികയില്‍നിന്നു പുറത്തായത്. ഒരേ പാരമ്പര്യത്തിനു കീഴില്‍ വരുന്നവരില്‍ ചിലര്‍ മാത്രം പുറത്തായ എത്രയെങ്കിലും സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍, സ്
കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പേരു തെറ്റിയവര്‍, പട്ടയ രേഖയിലെയും വോട്ടേഴ്‌സ് രേഖയിലെയും പേരുകള്‍ ഒത്തുപോകാത്തവര്‍, ജനനതീയതിയില്‍ വ്യത്യാസമുള്ളവര്‍ എന്നിങ്ങനെ തികച്ചും സാങ്കേതികമായ കാരണങ്ങള്‍ മൂലമാണ് ഇപ്പോഴും ലക്ഷങ്ങള്‍ പുറത്തുനില്‍ക്കുന്നത്. രണ്ടു തവണ ഫോറിന്‍ ട്രൈബ്യൂണലിന്റെ വിചാരണ നേരിട്ട് ഇന്ത്യക്കാരനെന്ന് തെളിയിച്ചതിനു ശേഷവും പൗരത്വ പട്ടികയില്‍ ഇടം ലഭിക്കാതെ പോയ ഗോള്‍പാറയിലെ സുര്‍മന്‍ അലി ഉദാഹരണം. മൂന്നാമതൊരു കേസ് കൂടി മുന്‍കാലത്ത് ആരോ നല്‍കിയത് അലിക്കെതിരെ ഇപ്പോഴും ബാക്കിയുണ്ടത്രെ. പൗരത്വം ഓരോ തവണയും പുതുക്കേണ്ടുന്ന ഒന്നാണെന്ന് അസമിലെങ്കിലും പൗരന്മാരുടെ ജീവിതാനുഭവങ്ങള്‍ തെളിയിക്കുന്നു. അഞ്ചാം രാഷ്ട്രപതി ഫഖ്‌റുദ്ദീന്‍ അലി അഹ്മദിന്റെ സഹോദരന്റെ മക്കളില്‍ ചിലരുടെ പേര്‍ പട്ടികയില്‍ ഇല്ലാതായതും രാഷ്ട്രപതിയുടെ മെഡല്‍ നേടിയ പട്ടാളക്കാരന്‍ സനാഉല്ലയെ വിദേശിയായി പ്രഖ്യാപിച്ച് ജയിലിലടച്ചതുമൊക്കെ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രമാദമായ തെറ്റുകളായിരുന്നു. പക്ഷേ ഗ്രാമങ്ങളില്‍ ഇത്തരം ലക്ഷക്കണക്കിന് തെറ്റുകളാണ് ഇപ്പോഴുമുള്ളത്. അക്കൂട്ടത്തില്‍ ഏറ്റവും അസംബന്ധജടിലമായ തെറ്റുകളായിരുന്നു മാതാപിതാക്കള്‍ ഇന്ത്യക്കാരായിട്ടും പട്ടികക്ക് പുറത്തായ കുഞ്ഞുങ്ങള്‍. ഒറ്റ വാര്‍ഡില്‍ മാത്രം ഇങ്ങനെയുള്ള അര ഡസന്‍ കുടുംബങ്ങളെയാണ് ഗോള്‍പാറക്കു സമീപം ബൊലല്‍മാരി എന്ന ഗ്രാമത്തില്‍ ഈ ലേഖകനു കാണാനായത്.
എന്‍.ആര്‍.സിക്ക് തത്ത്വത്തില്‍ മുകളിലാണ് ഫോറിന്‍ ട്രൈബ്യൂണല്‍. പൗരത്വ പട്ടികയില്‍നിന്നും ഒഴിവാക്കപ്പെട്ടവര്‍ക്ക് നോട്ടീസ് ലഭിച്ചാല്‍ 120 ദിവസമാണ് രേഖകള്‍ ശരിയാക്കാന്‍ നല്‍കിയ സമയം. അതേസമയം പരാതികള്‍ ഇനി മുതല്‍ എന്‍.ആര്‍.സിയിലല്ല തീര്‍പ്പു കല്‍പ്പിക്കുക. പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ബില്ലിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ രൂപീകരിക്കപ്പെട്ട എന്‍.ആര്‍.സി ലിസ്റ്റിനെ കുറിച്ച പരാതി 1951-ലെ വിദേശി ട്രൈബ്യൂണല്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ക്വാസി ജുഡീഷ്യല്‍ സമിതിയായ ഫോറിന്‍ ട്രൈബ്യൂണലില്‍ ആണ് ആദ്യം സമര്‍പ്പിക്കേണ്ടത്. അസമില്‍ 200 ട്രൈബ്യൂണലുകളാണ് വിദേശികളെ കണ്ടെത്തുന്നതിന് നിലവിലുള്ളതെങ്കിലും അവയുടെ എണ്ണം 2000 ആയി ഉയര്‍ത്തിയേക്കുമെന്നും കേള്‍ക്കാനുണ്ട്. ആര്‍.എസ്.എസ്സുമായി ബന്ധമുള്ള അഭിഭാഷകരാണ് മിക്ക ട്രൈബ്യൂണലുകളിലുമുള്ളത്. സര്‍ക്കാര്‍ ഇവരുടെ പേരുകള്‍ ഹൈക്കോടതിയെ അറിയിക്കുകയും അവിടെനിന്നും താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുകയുമാണ് ചെയ്യുന്നത്. പത്തു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അഭിഭാഷകരെയാണ് ഇതുവരെ ട്രൈബ്യൂണല്‍ അധ്യക്ഷരായി നിയമിച്ചിരുന്നതെങ്കില്‍ ഇനിയങ്ങോട്ട് ഏഴ് വര്‍ഷം പരിചയമുള്ളവര്‍ക്കും നിയമനം നടത്താന്‍ അസം സര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എല്‍.എല്‍.ബി പരീക്ഷ പാസ്സായതിനു ശേഷം ഇന്നേവരെ കേസ് വാദിച്ചിട്ടില്ലെങ്കില്‍ പോലും സംഘ് പരിവാര്‍ രാഷ്ട്രീയ ബന്ധമുണ്ടെങ്കില്‍ അസമില്‍ ട്രൈബ്യൂണല്‍ ജഡ്ജിയായി ചുമതലയേല്‍ക്കാനാവുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. പ്രകടനം മെച്ചപ്പെടുത്താത്തതിന്റെ പേരില്‍ നിരവധി ട്രൈബ്യൂണല്‍ അധ്യക്ഷന്മാരെ കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ടത് വിരല്‍ ചൂണ്ടുന്നത് കടുത്ത സമ്മര്‍ദമാണ് ഇവര്‍ക്കു മേല്‍ ഉള്ളതെന്നാണ്. രേഖകളിലുള്ള ചെറിയ പഴുതുകള്‍ പോലും പരമാവധി ഉപയോഗപ്പെടുത്തി പരമാവധി പേരെ വിദേശിയാക്കി പ്രഖ്യാപിക്കാനുള്ള ഭരണകൂടത്തിന്റെ വഴിവിട്ട നീക്കമായിരുന്നു നടന്നതെന്ന് സംശയിക്കേണ്ട സാഹചര്യമാണിത്. ജീവിക്കാനുള്ള ഒരു പൗരന്റെ അവകാശത്തെ ഇത്രയും അപഹാസ്യമായ രീതിയില്‍ ചോദ്യം ചെയ്യുന്ന മറ്റൊരു വ്യവസ്ഥയും ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി കേസ് വാദിക്കാനാവശ്യമായ സാമ്പത്തിക സാഹചര്യമില്ലാത്ത പൗരന്മാരുടെ ഭാവി എന്താകുമെന്ന ചോദ്യമാണ് ഈ 19 ലക്ഷം പേര്‍ ബാക്കിയാക്കുന്നത്.
ബംഗ്ലാദേശീ ഹിന്ദുക്കള്‍ യഥാര്‍ഥത്തില്‍ ഇപ്പോഴും അസമിലേക്ക് നുഴഞ്ഞുകടക്കുന്നു്. കാച്ചാര്‍, ഹൈലാകാണ്ടി, കരീഗഞ്ച്, കര്‍ബി ആംഗലോംഗ്, ഹോജായി മുതലായ ജില്ലകളില്‍ ലക്ഷക്കണക്കിന് പേര്‍ ഇങ്ങനെയുണ്ട്. ഇവരില്‍ മഹാഭൂരിപക്ഷവും എന്‍.ആര്‍.സിയില്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടേയില്ല എന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ പൗരത്വ നിയമത്തിന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്ന് പാസ്സാക്കിയെടുക്കുന്നതോടെ 2014 വരെ ഇന്ത്യയിലെത്തിയ മുസ്‌ലിംകളല്ലാത്ത മതവിഭാഗങ്ങള്‍ക്ക് പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍. അതേസമയം 1970-കളില്‍ ഇന്ത്യയിലെത്തിയ ഹിന്ദുകുടുംബങ്ങളില്‍ രേഖകളുമായി അധികൃതരെ സമീപിച്ച പലരും നിസ്സാരമായ കാരണങ്ങളെ ചൊല്ലി പട്ടികക്കു പുറത്തായിട്ടുണ്ട്. നിയമം എല്ലാവരോടും തുല്യ പരിഗണനയാണ് കാണിച്ചതെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കം മാത്രമായിരുന്നു ഇത്. പൗരത്വ ഭേദഗതി ബില്‍ ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നിരിക്കെ അന്തിമമായി പൗരത്വ പട്ടികക്കു പുറത്താകുന്നവര്‍ 19 ലക്ഷത്തില്‍നിന്നും ആറ്റിക്കുറുക്കി ബാക്കിയാവുന്ന തഥാകഥിത 'നുഴഞ്ഞുകയറ്റക്കാര്‍' മാത്രമായിരിക്കും. അവരെ തടങ്കല്‍ പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങളാണ് അസമില്‍ തകൃതിയായി നടന്നുവരുന്നത്. ഇതിനായി 1000 കോടി ചെലവില്‍ 11 തടങ്കല്‍ പാളയങ്ങള്‍ അസമില്‍ പണി പൂര്‍ത്തിയാവുന്നുണ്ട്. പരമാവധി 30,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ 11 പാളയങ്ങള്‍ മതിയെങ്കില്‍ 80 ലക്ഷം ഉണ്ടെന്ന് കൊട്ടിഘോഷിച്ചിടത്ത് യഥാര്‍ഥ നുഴഞ്ഞുകയറ്റക്കാര്‍ വിരലില്‍ എണ്ണാവുന്ന വിധം തുഛമാണെന്നല്ലേ അര്‍ഥമാകുന്നത്? നുഴഞ്ഞുകയറ്റക്കാരനെ ചൂണ്ടിക്കാട്ടി മറ്റുള്ളവരെ ഭയപ്പെടുത്തിയ വംശീയതയുടെ രാഷ്ട്രീയം 'ആസു' മുതല്‍ ബി.ജെ.പി വരെയുള്ളവര്‍ക്ക് ഇതോടെ അവസാനിപ്പിക്കേണ്ടിയും വരും. അതാണോ അസമിലെ പൗരത്വ പട്ടികക്കു വേണ്ടി വീറോടെ വാദിച്ചവര്‍ തന്നെ ഇപ്പോള്‍ അതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രസ്താവനകളിറക്കുന്നതിന്റെ കാരണം?
Comments