പ്രതിപക്ഷത്തിന് മുന്നില്‍ ഒരൊറ്റ മാര്‍ഗം മാത്രം
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കഴിഞ്ഞ എഴുപത് വര്‍ഷങ്ങളായി രാജ്യം നയരൂപവത്കരണം നടത്താനാവാതെ തളര്‍വാതം പിടിപെട്ടു കിടക്കുകയായിരുന്നുവെന്നും 2014-ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷമാണ് ഈ തളര്‍വാതം മാറി ഇന്ത്യ പെട്ടെന്ന് പെട്ടെന്ന് നയങ്ങള്‍ രൂപവത്കരിക്കാന്‍ തുടങ്ങിയതെന്നുമാണ് ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പറയുന്നത്. രാജ്യത്തെ കുത്തുപാളയെടുപ്പിച്ച നോട്ട് നിരോധം, ജി.എസ്.ടി, വിഭാഗീയതക്ക് ആക്കം കൂട്ടുന്ന മുത്ത്വലാഖ് ബില്‍, ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന നിയമനിര്‍മാണം എന്നിവയൊക്കെ അമിത് ഷായുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. കൂട്ടത്തില്‍ മറ്റൊന്നു കൂടി പറഞ്ഞു. ബഹുകക്ഷി ജനാധിപത്യം ഇന്ത്യയില്‍ വലിയ പരാജയമായിരുന്നുവെന്ന്. ഏക പാര്‍ട്ടി ഭരണം കൊണ്ടേ രാജ്യം രക്ഷപ്പെടൂ എന്ന് വ്യംഗ്യം. ഇതിനുള്ള കരുക്കള്‍ ഒളിഞ്ഞും തെളിഞ്ഞും കുറേകാലമായി നീക്കിവരുന്നുണ്ട്. കോണ്‍ഗ്രസ്മുക്ത ഭാരതം എന്നായിരുന്നു ഈ അജണ്ടയിലെ ആദ്യ മുദ്രാവാക്യം. കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ തറപറ്റിക്കും എന്നല്ല, എങ്ങനെയും തറപറ്റിക്കും എന്നാണ് അതിന്റെ അര്‍ഥമെന്ന് പിന്നീട് മനസ്സിലായി. എം.പിമാരെയും എം.എല്‍.എമാരെയും ചാക്കിട്ടുപിടിച്ചോ, സംസ്ഥാന ഘടകങ്ങളെ തന്നെ മൊത്തം വിലയ്‌ക്കെടുത്തോ ഇത് സംഭവിക്കാം. കോണ്‍ഗ്രസ്സിന് മാത്രമല്ല, മൊത്തം പ്രതിപക്ഷ കക്ഷികള്‍ക്കും ബാധകമാണ് ഇപ്പറഞ്ഞതൊക്കെ എന്ന് അടുത്ത കാലത്തുണ്ടായ അമ്പരപ്പിക്കുന്ന ചില കൂറുമാറ്റങ്ങള്‍ തെളിയിക്കുന്നുണ്ട്.
അതിന്റെ ഒരു രണ്ടാം ഘട്ടമായി വേണം ഒരു രാജ്യം, ഒരു പാര്‍ട്ടി എന്ന ആശയത്തെ കാണാന്‍. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ഒരു രാജ്യം, ഒരു ഭാഷ തുടങ്ങിയ ബി.ജെ.പി വക്താക്കളുടെ സമീപകാല പ്രസ്താവനകളും ഇതോട് ചേര്‍ത്തുവെക്കാം. ഹരം കൊള്ളിക്കുന്ന ഇത്തരം മുദ്രാവാക്യങ്ങള്‍ കേന്ദ്രം ഭരിക്കുന്ന കക്ഷി എങ്ങനെയാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് മനസ്സിലാക്കാന്‍ ഗവേഷണമൊന്നും ആവശ്യമില്ല. പ്രമുഖ പ്രതിപക്ഷ നേതാക്കളെ സി.ബി.ഐ പോലുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നത് അതിന്റെ ഭാഗമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ അടക്കപ്പെട്ടിരിക്കുന്നു. മറ്റു പലരും ഉടനെ അകത്തായേക്കും. ബി.ജെ.പിയിലെയോ അവരുടെ സഖ്യകക്ഷികളിലെയോ നേതാക്കള്‍ക്കെതിരെ എത്ര വലിയ അഴിമതി ആരോപണം ഉയര്‍ന്നാലും അവരൊന്നും ഒട്ടും ഭയപ്പെടേണ്ടതില്ല. പഴയ കേസുകളൊന്നും അവര്‍ക്കെതിരെ കുത്തിപ്പൊക്കുകയുമില്ല. അന്വേഷണ ഏജന്‍സികള്‍ വളരെ പ്രകടമായിത്തന്നെ വിവേചനം കാണിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം സ്ഥിതിഗതികള്‍ ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. അവിടത്തെ തലമുതിര്‍ന്ന നേതാവ് എണ്‍പതുകാരനായ ഫാറൂഖ് അബ്ദുല്ലയെ സ്വന്തം വീട്ടിലെ ഒറ്റമുറി ജയിലായി പ്രഖ്യാപിച്ച് തടഞ്ഞുവെച്ചിരിക്കുകയാണ്. ജമ്മു-കശ്മീരിലെ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ യൂസുഫ് തരിഗാമി പത്രസമ്മേളനം വിളിച്ചു പറഞ്ഞത്, കേന്ദ്ര ഭരണകൂടം കശ്മീരികളെ പതുക്കെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ് എന്നാണ്. ന്യൂനപക്ഷങ്ങളും ദലിത് പിന്നാക്ക വിഭാഗങ്ങളും മാത്രമല്ല, സംഘ് പരിവാറിന് പുറത്തുള്ള മുഴുവന്‍ രാഷ്ട്രീയ-സാമൂഹിക കൂട്ടായ്മകളും വലിയ ഭീഷണിയെ അഭിമുഖീകരിക്കുകയാണ് എന്ന് ചുരുക്കം. പ്രതിപക്ഷ അനൈക്യവും ഓരോ പാര്‍ട്ടിക്കകത്തെയും പടലപ്പിണക്കങ്ങളും ഭരണകക്ഷിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുന്നു. ഭിന്നതകള്‍ മറന്ന് ഈ പ്രതിസന്ധിയെ ഒറ്റക്കെട്ടായി അഭിമുഖീകരിക്കുകയല്ലാതെ പ്രതിപക്ഷത്തിനു മുന്നില്‍ മറ്റൊരു മാര്‍ഗമില്ല.
Comments