Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 27

3119

1441 മുഹര്‍റം 27

ഇസ്‌ലാമിയാ കോളേജുകള്‍ അടച്ചുപൂട്ടാന്‍ സമയമായോ?

സുബൈര്‍ കുന്ദമംഗലം

മത-ലൗകിക വിഷയങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് മര്‍ഹൂം കെ.സി അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സ് (എ.ഐ.സി) ആശയതലത്തിലും പ്രായോഗിക രംഗത്തും വലിയ വിജയമായിരുന്നു. പ്രഗത്ഭരും ദീര്‍ഘദര്‍ശികളുമായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങളില്‍നിന്ന് പുറത്തുവന്ന അന്നത്തെ വിദ്യാര്‍ഥികളില്‍ പലരും മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്നു. പ്രഭാഷകരെയും സംഘാടകരെയും വിദ്യാഭ്യാസ വിചക്ഷണരെയും മതനേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും സൃഷ്ടിക്കാന്‍ ഇസ്‌ലാമിയാ കോളേജുകള്‍ക്ക് സാധിച്ചു. ശാന്തപുരം, ചേന്ദമംഗല്ലൂര്‍, കുറ്റിയാടി, കാസര്‍കോട് എന്നിവിടങ്ങളിലെ ഇസ്‌ലാമിക സ്ഥാപനങ്ങളില്‍നിന്ന് പുറത്തിറങ്ങിയ പണ്ഡിതസമൂഹം കേരള മുസ്‌ലിംകളുടെ സ്വകാര്യ അഹങ്കാരമായി മാറി. എന്നാല്‍, പില്‍ക്കാലത്ത് പൊതു വിദ്യാഭ്യാസ രംഗത്ത് വന്ന പരിഷ്‌കരണങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കാന്‍ ഇസ്‌ലാമിക കലാലയങ്ങള്‍ക്ക് സാധിക്കാതെപോയി. സമൂഹത്തിന്റെയും വിദ്യാര്‍ഥികളുടെയും മനോഘടനയില്‍ വന്ന മാറ്റം ഉള്‍ക്കൊള്ളാനോ പരിശോധിക്കാനോ മെനക്കെടാതെ മതവിദ്യാഭ്യാസം മുടന്തിനിന്നു. ഇസ്‌ലാമിയാ കോളേജുകളുടെ നടത്തിപ്പുകാരും നായകരുമായ പലരും സമുദായത്തിന്റെ അനിവാര്യ സാഹചര്യം പരിഗണിച്ചും മുന്‍ഗണനാക്രമം കണക്കിലെടുത്തും കളം മാറിച്ചവിട്ടാന്‍ നിര്‍ബന്ധിതരായി. ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളും സാമൂഹിക ബന്ധങ്ങളും അവര്‍ മുഖ്യ അജണ്ടകളായി സ്വീകരിച്ചു. മെഡിക്കല്‍, എഞ്ചിനീയറിംഗ് പോലുള്ള ഉന്നത മേഖലകള്‍ തേടിയുള്ള വിദ്യാര്‍ഥികളുടെയും മുസ്‌ലിം സമൂഹത്തിന്റെയും ജ്ഞാനയാത്ര മതപഠന രംഗത്തെ നിര്‍ജീവമാക്കുകയും ചെയ്തു. പണ്ഡിതന്മാരുടെ മക്കള്‍ പോലും ദീനീവിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്ന സാഹചര്യമുണ്ടായി.
പ്ലസ്ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മികച്ച വിജയം ലഭിക്കാത്തവരാണ് ഇസ്‌ലാമിയാ കോളേജില്‍ എത്തിപ്പെടുന്നവരില്‍ ഭൂരിഭാഗവും. സാമ്പത്തിക പരാധീനത കാരണം വിദ്യാഭ്യാസ ചെലവ് താങ്ങാനാവാത്തവര്‍, യാത്രാകൂലിക്ക് പോലും പൊറുതിമുട്ടുന്നവര്‍ പോലും അവരിലുണ്ട്. കൃത്യമായ ഹാജര്‍, പഠനോപകരണങ്ങള്‍, ടെക്സ്റ്റ്-നോട്ട് പുസ്തകങ്ങള്‍ ഇവയുടെ കാര്യത്തിലൊക്കെയും ഈ കുട്ടികള്‍ പിറകിലായിരിക്കും. രക്ഷിതാവിന്റെയോ അധ്യാപകരുടെയോ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചിലര്‍ ക്ലാസ്സിലെത്തുന്നത്. വിദ്യാലയത്തോടും അധ്യാപകരോടും സമൂഹത്തോടു തന്നെയും പുറംതിരിഞ്ഞു നില്‍ക്കാനാണ് അവര്‍ക്കിഷ്ടം. ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികളിലൊന്നാണിത്.
മതപഠന രംഗത്ത് കാണുന്ന ശൂന്യതക്ക് അടുത്ത കാലത്തായി വ്യാപ്തി കൂടിവരികയാണ്. അതിന്റെ ദുരന്തഫലം മതനേതാക്കളും സംഘടനകളും അനുഭവിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ പാരായണത്തില്‍ കഴിവു കുറഞ്ഞ, ഭാഷാ പ്രാവീണ്യമില്ലാത്ത, ഇസ്‌ലാമിക വിഷയങ്ങളില്‍, വിശിഷ്യാ കര്‍മശാസ്ത്ര മേഖലയില്‍ ധാരണകളില്ലാത്തവരാണ് ചില മതകലാലയങ്ങളില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മതവിഷയങ്ങളിലെന്ന പോലെ ആര്‍ട്‌സ് വിഷയങ്ങളിലും അവര്‍ പാപ്പരാണെന്നു കാണാം. അഥവാ ഉന്നത ഇസ്‌ലാമികപഠനത്തിനു വേണ്ടി ചെലവഴിക്കുന്ന സമ്പത്തും സമയവും അധ്വാനവും ഉദ്ദേശിച്ച ഫലം തരുന്നില്ലെന്നു സാരം. യോഗ്യരായ അധ്യാപകരെയോ പ്രാപ്തരായ മതപ്രബോധകരെയോ മികച്ച ഖത്വീബുമാരെയോ പ ടച്ചുവിടുന്നതില്‍ നിലവിലുള്ള പല കോളേജുകളും പരാജയമാണ്.
പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഉന്നത ഇസ്‌ലാമിക കലാലയങ്ങളെ ലക്ഷ്യസാഫല്യത്തിലേക്ക് എത്തിക്കണമെങ്കില്‍ നിര്‍ണിതമായ വിഷനും മിഷനും ഉണ്ടായിരിക്കണം. ലക്ഷ്യത്തിലേക്കുള്ള ദുര്‍ഘട പാത താണ്ടിക്കടക്കുന്നതിന് സമര്‍പ്പണത്തിന് സന്നദ്ധരായ, നിസ്വാര്‍ഥരും നിഷ്‌കപടരുമായ പ്രവര്‍ത്തകരുടെ കൂട്ടായ്മ കൂടിയേ തീരൂ. ആത്മാര്‍ഥത ചോര്‍ന്നുപോയ പ്രവര്‍ത്തനങ്ങള്‍ ഫലശൂന്യമായി മാറും. 
വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന സിലബസ്സും പാഠപുസ്തകങ്ങളും അധ്യാപകരുമടങ്ങുന്ന അക്കാദമിക തലമാണ് മറ്റൊരു പ്രധാന ഘടകം. ആര്‍ട്‌സ് സിലബസ്സും പാഠപുസ്തകങ്ങളും ഒരു പരിധിവരെ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന വിധത്തിലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതിന് മുഖ്യകാരണം പ്ലസ്ടു, ഡിഗ്രി കോഴ്‌സുകള്‍ കുട്ടികളുടെ ഭാവി കരുപ്പിടിപ്പിക്കാന്‍ സഹായകമാണ് എന്ന ചിന്തയാണ്. ആര്‍ട്‌സ് വിഷയങ്ങളോടൊപ്പം മജ്‌ലിസ് സിലബസ്സും പഠിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന തോന്നല്‍ കുട്ടികള്‍ക്കുണ്ട്. മജ്‌ലിസ് പഠനം കൊണ്ട് വിശേഷിച്ചൊന്നും നേടാനില്ല എന്ന ധാരണയും അവര്‍ക്കുണ്ട്. തന്നെയുമല്ല, മതപഠനത്തിനു വേണ്ടി തയാറാക്കപ്പെട്ട സിലബസും പാഠപുസ്തകങ്ങളും ആകര്‍ഷകമല്ല എന്നതും എടുത്തുപറയേണ്ട ന്യൂനതയാണ്. ഉദാഹരണമായി പ്ലസ് വണ്‍ മുതല്‍ ഡിഗ്രി ഫൈനല്‍ വരെയുള്ള കോളേജ് വിദ്യാര്‍ഥി പഠിക്കുന്ന ഫിഖ്ഹ് ഒരേ പുസ്തകമാണ്. ചെറിയ ക്ലാസ്സുകളില്‍ പഠിച്ചത് തന്നെ ഡിഗ്രി ക്ലാസ്സുകളിലും ആവര്‍ത്തിക്കപ്പെടുന്നു. മറ്റു വിഷയങ്ങളിലും ഇതുപോലുള്ള ആവര്‍ത്തനങ്ങളുണ്ട്. ചില വിഷയങ്ങള്‍ക്ക് നിയതമായ പുസ്തകം പോലുമില്ല. വിഷയങ്ങളുടെ ശീര്‍ഷകവും അവലംബിക്കേണ്ട പുസ്തകങ്ങളും സിലബസില്‍ കാണാം. ബുഹൂസ് പോലുള്ള വിഷയങ്ങള്‍, കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ മിടുക്കും അഭിരുചിയുമനുസരിച്ച് നീങ്ങും. കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുന്ന കാര്യമാണിത്. ഖുര്‍ആന്‍, ഹദീസ്, അറബി വ്യാകരണം, ചരിത്രം പോലുള്ളവയുടെ കാര്യത്തിലും ഇതുപോലുള്ള ന്യൂനതകളുണ്ട്. ഇയര്‍ പ്ലാന്‍, ലെസ്സന്‍ പ്ലാന്‍ പോലുള്ള വിദ്യാഭ്യാസ ആസൂത്രണങ്ങള്‍ക്കും പഠനത്തിന് ചെലവഴിക്കേണ്ട ദിവസങ്ങളുടെ എണ്ണം, സമയം എന്നിവക്കും വഴങ്ങാത്ത ഭാരിച്ച സിലബസ്സ് അപ്രായോഗികമാണെന്നു മാത്രമല്ല, പഠിതാവിന്റെ അഭിരുചിയെ തല്ലിക്കെടുത്തുന്നതുമാണ്. വൈവയടക്കമുള്ള പരീക്ഷകളും തിസീസ് സമര്‍പ്പണവും ക്രിയാത്മകവും കുറ്റമറ്റതുമാകുമ്പോഴേ വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും ഉപകാരപ്രദവും ആകര്‍ഷകവുമാവുകയുള്ളൂ.
ചുരുക്കത്തില്‍, 'വീരപ്രസു'വായിരുന്ന പല സ്ഥാപനങ്ങള്‍ക്കും താഴ് വീണുകഴിഞ്ഞു. പലതും അടച്ചുപൂട്ടലിന്റെ വക്കത്താണ്. അത്യാസന്ന നിലയിലുള്ള ഇത്തരം കലാലയങ്ങളെ 'വൈന്റ് അപ്പ്' ചെയ്യുന്നതിലാണ് മാനേജ്‌മെന്റിന്റെ കണ്ണ്.
മുസ്‌ലിം സമുദായത്തിലെ അശരണരും ആലംബഹീനരുമായ കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളാണ് മിക്കവാറും ഇസ്‌ലാമിയാ കോളേജുകളില്‍ എത്തിപ്പെടുന്നത്. മലയോര മേഖലകളിലും എസ്റ്റേറ്റ് പാടികളിലും ജീവിക്കുന്നവര്‍. മത-സാമൂഹിക - സാംസ്‌കാരിക രംഗങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍. നടേ സൂചിപ്പിച്ചപോലെ സ്ഥാപനം നിശ്ചയിക്കുന്ന ഫീസടക്കാനോ പഠനോപകരണങ്ങള്‍ മേടിക്കാനോ വകയില്ലാത്തവര്‍. ഒഴിവു ദിനങ്ങളിലും ക്ലാസ് കട്ട് ചെയ്തും 'വട്ടച്ചെലവി'ന് വേണ്ടി തൊഴിലെടുക്കുന്നവര്‍. പ്രതികൂല സാഹചര്യവും ജീവിതാന്തരീക്ഷവും കാരണമായി പിന്‍ബെഞ്ചിലേക്ക് പുറംതള്ളപ്പെടുന്നവര്‍. അവര്‍ക്കും പഠിക്കേണ്ടതില്ലേ? അവരുടെ അവസാന അത്താണിയായ ഇസ്‌ലാമിയാ കോളേജുകള്‍ അടച്ചുപൂട്ടപ്പെട്ടാല്‍ അവരെങ്ങോട്ടു പോകും? ഇസ്‌ലാമിക പ്രസ്ഥാനവും സമുദായ നേതൃത്വവും ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണിത്.

പെരുംനുണ പൊളിഞ്ഞപ്പോള്‍

മറ്റൊരു പെരുംനുണയും കൂടി വീണുടഞ്ഞു. 2014 മേയ് മാസം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദരിദ്ര ഗ്രാമങ്ങളില്‍നിന്ന് കേരളത്തിലെ അനാഥാലയങ്ങളില്‍ മികച്ച ജീവിത സാഹചര്യവും വിദ്യാഭ്യാസവും പ്രതീക്ഷിച്ച് രക്ഷിതാക്കളുടെ അനുമതിയോടെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ 606 കുട്ടികളെയും ചില രക്ഷിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത സംഭവമുണ്ടായി. കേട്ടപാതി കേള്‍ക്കാത്ത പാതി കേരളത്തിലേക്ക് കുട്ടിക്കടത്ത് എന്ന പ്രാസമൊപ്പിച്ച തലക്കെട്ടും നല്‍കി മുസ്‌ലിം വിരുദ്ധ പൊതുബോധം നന്നായി ആഘോഷിച്ച കാലത്ത്  മുത്തശ്ശി പത്രങ്ങളും മറ്റു മുഖ്യധാരാ ദൃശ്യമാധ്യമങ്ങളും. വിദ്യാഭ്യാസം ആര്‍ജിക്കാനും ഇഷ്ട തൊഴില്‍ നേടാനും പൗരന്മാരുടെ അന്തര്‍ സംസ്ഥാന സഞ്ചാരത്തെ ഭരണഘടനയും നിയമവ്യവസ്ഥയും എതിര്‍ക്കുന്നില്ല എന്നിരിക്കെ 'കുട്ടിക്കടത്ത്' വിവാദം കേരളത്തിലെ യത്തീംഖാനകളെയും മുസ്‌ലിം സമുദായത്തെയും ഇകഴ്ത്താനും താറടിക്കാനുമാണ് ഒരു കൂട്ടം മാധ്യമ- ഉദ്യോഗസ്ഥ - രാഷ്ട്രീയ തമ്പുരാക്കന്മാര്‍ ദുരുപയോഗപ്പെടുത്തിയത്. സംഭവത്തില്‍ തീവ്രവാദ ബന്ധവും കുട്ടികളുമായി ബന്ധപ്പെടുത്തി സഭ്യതക്ക് നിരക്കാത്ത വ്യാഖ്യാനങ്ങളും എരിവും മസാലയും പുരട്ടി സമര്‍ഥമായും ആസൂത്രിതമായും അരങ്ങേറി. സി.ബി.ഐ അന്വേഷണത്തിന് സമ്മര്‍ദം ചെലുത്താന്‍ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ സാമൂഹിക ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് ദല്‍ഹിയിലേക്ക് വണ്ടി കയറുകയുണ്ടായി.
ഏറ്റവും ഖേദകരമെന്ന് പറയട്ടെ ഇന്നത്തെ പ്രതിപക്ഷനേതാവും അന്നത്തെ ആഭ്യന്തര മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തല കള്ളന്മാര്‍ക്ക് ചൂട്ടു പിടിക്കുന്ന തരത്തില്‍ അറിഞ്ഞോ അറിയാതെയോ പ്രസ്താവന ഇറക്കുകയാണ് ചെയ്തത്. വാര്‍ത്തയുടെ നിജഃസ്ഥിതി അന്വേഷിച്ച് പുകമറ നീക്കാന്‍ ബാധ്യസ്ഥനായ ആഭ്യന്തരമന്ത്രി അന്ന് പറഞ്ഞത്, പഠിക്കേണ്ടവര്‍ അതത് സംസ്ഥാനങ്ങളില്‍നിന്ന് തന്നെ വിദ്യാഭ്യാസം നേടണമെന്നായിരുന്നു. തികച്ചും ഭരണഘടനാവിരുദ്ധമായ ഒരു പ്രസ്താവനായായിരുന്നു അത്. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീറും മുസ്‌ലിം ലീഗ് വക്താവ് കെ.പി.എ മജീദും  നടത്തിയ പ്രസ്താവനകളും രമേശ് ചെന്നിത്തലയെ ശരിവെക്കും വിധത്തിലുള്ളതായിരുന്നു. കസ്റ്റഡിയിലെടുക്കപ്പെട്ട കുട്ടികളില്‍ പലരും വര്‍ഷങ്ങളോളം കേരളത്തിലെ അനാഥാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ തന്നെയായിരുന്നു. പിടിക്കപ്പെട്ട പലര്‍ക്കും രേഖകളും മറ്റും ഉണ്ടായിരുന്നുതാനും.
അനാഥബാല്യങ്ങളെ ഏറ്റെടുത്ത് പഠിപ്പിച്ച് കലക്ടര്‍ പദവിയിലെത്തിച്ച മുക്കം ഓര്‍ഫനേജ് പോലുള്ള പ്രശസ്തിയാര്‍ജിച്ച സ്ഥാപനങ്ങളെയും മറ്റും കരിവാരിത്തേക്കാനും ഇതുവഴി  ഒരു സമുദായത്തെ മുഴുവന്‍ അരികുവല്‍ക്കരിക്കാനും മാത്രമാണ് ഇത്തരം വിവാദങ്ങള്‍ സഹായകമായിട്ടുള്ളത്. അത് തന്നെയായിരുന്നുതാനും ഈ വിവാദത്തിന്റെ പിന്നിലുള്ള കറുത്ത കരങ്ങളും ലക്ഷ്യമിട്ടിരുന്നത്.
സംഭവം നടന്ന് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു. സത്യം സാവധാനം നടന്നു വന്നു പുഞ്ചിരിച്ച് നില്‍പ്പാണിപ്പോള്‍. സംഭവം കുട്ടിക്കടത്തല്ലെന്നും കേരളത്തിലെ യത്തീംഖാനകളില്‍ സൗജന്യ വിദ്യാഭ്യാസത്തിനായി രക്ഷിതാക്കളുടെ അനുമതിയോടെയാണ് കുട്ടികള്‍ എത്തിയതെന്നും ബിഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരിക്കുന്നു (മാധ്യമം 11/9/2019). മുത്തശ്ശി -മുഖ്യധാരാ മീഡിയ വെണ്ടക്കാക്ഷരങ്ങളില്‍ അച്ചുനിരത്തിയ, വലിയ വായിലട്ടഹസിച്ച സംഭവങ്ങള്‍ പെരുംനുണകളാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. സത്യാവസ്ഥ പുറത്ത് വന്നപ്പോള്‍ ഏവരും മാളത്തില്‍ മൗനത്തിന്റെ മഹാവാല്‍മീകത്തിലൊളിച്ചിരുപ്പാണ്. ഒറ്റക്കോളം വാര്‍ത്ത പോലും എവിടെയുമില്ല. ന്യൂസ് റൂമുകള്‍ ഈ വിഷയത്തില്‍ നിശ്ശബ്ദമാണ്.
ചുരുക്കത്തില്‍, സമുദായവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എരിവും പുളിയും ചേര്‍ത്ത് എളുപ്പത്തില്‍ വിപണിയില്‍ ചൂടപ്പം പോലെ  വില്‍ക്കപ്പെടും. മുസ്‌ലിംകളുമായി ബന്ധപ്പെട്ട സകല വിവാദങ്ങളും സമര്‍ഥമായി ഉപയോഗിച്ച് കാവി പരവതാനി വിരിക്കാന്‍ പാകത്തില്‍ കേരളത്തിലെ മുസ്‌ലിംവിരുദ്ധ പൊതുബോധം പാകപ്പെട്ടിരിക്കുന്നു. മുമ്പ് പാളിപ്പോയ ലൗ ജിഹാദ് സംഭവ വികാസങ്ങള്‍ മറ്റൊരു ഉദാഹരണം. രാജ്യത്ത് സാംസ്‌കാരിക-രാഷ്ട്രീയ പരിസരങ്ങള്‍ക്ക് ഭീഷണിയായ സംഘ്പരിവാര്‍ അജണ്ടകള്‍ മനസ്സിലാക്കാനോ അവര്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ സമയം നീക്കിവെക്കാനോ അതിനെതിരെ പേനയുന്താനോ ഇവിടത്തെ മിക്ക അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ക്കും സാധിക്കാതെ വരുന്നത് ഖേദകരമാണ്. രാജ്യം സാമ്പത്തികമായി കുത്ത് പാളയെടുക്കുന്ന ഈ സന്ദര്‍ഭത്തിലും നിര്‍ണായകമായ ഉത്തരവാദിത്തം ഏറ്റെടുക്കാതെ, വൈകാരിക വിഷയങ്ങള്‍ ചുമലിലേറ്റി, കുപ്രചാരണങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരണത്തിനും എതിരെ പ്രതിരോധം സൃഷ്ടിക്കാതെ എത്ര കാലം വരെ മുന്നോട്ട് പോകുമെന്ന് തഴക്കവും പഴക്കവുമുള്ള മാധ്യമങ്ങള്‍ പുനരാലോചന നടത്തേണ്ടതാണ്.

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (22-24)
ടി.കെ ഉബൈദ്‌