Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 27

3119

1441 മുഹര്‍റം 27

ആഘോഷങ്ങളിലെ സഹകരണം വിലക്കപ്പെടേണ്ടതാണോ?

വി.പി അഹ്മദ് കുട്ടി

'കര്‍മശാസ്ത്രത്തിലെ വൈവിധ്യങ്ങള്‍ തിരിച്ചറിയാത്തവന് കര്‍മശാസ്ത്രത്തിന്റെ അഭിരുചിയില്ല' (ലം യശുമ്മല്‍ ഫിഖ്ഹ്- ഫിഖ്ഹിന്റെ വാസനപോലും കിട്ടിയിട്ടില്ല എന്നാണ് അറബിയിലെ പ്രയോഗം). ഈയൊരു മഹദ് വചനംകൊണ്ടാണ് ഈ ചര്‍ച്ച തുടങ്ങുന്നത്.
പ്രമാണങ്ങളെ മനസ്സിലാക്കുന്നതില്‍ ആളുകളുടെ കഴിവുകള്‍ വ്യത്യസ്തമാകുമെന്നതിനാലാണ് കര്‍മശാസ്ത്രത്തില്‍ വൈവിധ്യങ്ങളുണ്ടാകുന്നത്. ഖുര്‍ആന്റെ വ്യാഖ്യാനങ്ങളില്‍ ഏറ്റവും ആധികാരികമായി കണക്കാക്കപ്പെടുന്ന ഇമാം ത്വബരിയുടെ ഗ്രന്ഥമെടുത്ത് വായിച്ചാല്‍ തന്നെ ഇക്കാര്യം നമുക്ക് വ്യക്തമായി മനസ്സിലാക്കാനാകും. അദ്ദേഹം ഓരോ ആയത്തിനും വ്യത്യസ്ത ആളുകള്‍ പറഞ്ഞ വ്യാഖ്യാനങ്ങള്‍ എടുത്തുചേര്‍ക്കും. പിന്നെ തന്റെ അഭിപ്രായമേതെന്ന് പറയുകയും അതിന് ന്യായം നിരത്തുകയും ചെയ്യും. എന്നാല്‍ തന്റെ അഭിപ്രായമാണ് അതില്‍ അന്തിമമായതെന്ന് അദ്ദേഹം ഒരിക്കലും പറയുന്നില്ല!
ഇമാം ശാഫിഈ സാധാരണ പറയാറുണ്ടായിരുന്നു: 'ഞാന്‍ പറഞ്ഞതിന് എതിരെയുള്ള അഭിപ്രായം തെറ്റാണെന്നും എന്റെ വീക്ഷണമാണ് ശരിയെന്നും ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ എന്റെ അഭിപ്രായം തെറ്റാകാം, അതിനെതിരെയുള്ള അഭിപ്രായം ശരിയുമാകാം.'
ഇത്തരത്തില്‍ വിശാലമായൊരു ചിന്ത വികസിപ്പിക്കുന്നത് നമുക്കിടയില്‍ സഹിഷ്ണുത വര്‍ധിക്കാനും അനിവാര്യമായ ഐക്യം കാത്തുസൂക്ഷിക്കാനും സഹായിക്കും. പരസ്പരം ചെളിവാരിയെറിയാന്‍ പ്രേരിപ്പിക്കുന്ന ന്യായീകരണങ്ങളില്‍നിന്നും സ്വാര്‍ഥതയില്‍നിന്നും ഇത് നമ്മെ രക്ഷിക്കും. ഇത്തരം തര്‍ക്കവിതര്‍ക്കങ്ങള്‍ സമുദായത്തിന്റെ ഊര്‍ജം വൃഥാവിലാക്കുകയും മുന്‍ഗണനാക്രമങ്ങള്‍ തകര്‍ക്കുകയും ചെയ്യും.
ഈയൊരു ആമുഖത്തോടെയാണ് ഓണം പോലുള്ള ആഘോഷങ്ങളിലെ മുസ്ലിംകളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഞാന്‍ തുടങ്ങുന്നത്. നമുക്ക് ഈ വിഷയത്തെ വിവിധ രീതികളില്‍ വീക്ഷിക്കാനാകും. ഷാ വലിയ്യുല്ലാഹിദ്ദഹ്ലവിയുടെ പ്രസക്തമായൊരു വീക്ഷണം ആദ്യം നോക്കാം. ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യം മനുഷ്യരുടെ സുഗമമായ ജീവിതം ഉറപ്പാക്കലാണ്. നിയമങ്ങളുടെയെല്ലാം ഉള്ളടക്കം വിശാലമായ രണ്ട് തലങ്ങളിലായി തിരിക്കാം: മഖാദിര്‍ എന്നും മസ്വാലിഹ് എന്നും. ഇതില്‍ ഒന്നാമത്തേത് സ്ഥിരവും ഒരിക്കലും മാറ്റമില്ലാത്തതുമാണ്. രണ്ടാമത്തേത് മാറാവുന്നതും ഇലാസ്തികതയുള്ളതുമാണ്. ആരാധനാ കര്‍മങ്ങളും മറ്റുചില വിധികളുമാണ് ഒന്നാമത്തേതില്‍ വരിക. മസ്വാലിഹിന്റെ ഭാഗം വിശാലമാണ്. സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ ഇടപാടുകളും ആചാരങ്ങളും പാരമ്പര്യങ്ങളും ഇതിലാണ് ഉള്‍പ്പെടുക.
ഇബ്നുതൈമിയ്യയും ഇതേ ആശയത്തെ പിന്തുണക്കുന്ന തരത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആരാധനാ-അനുഷ്ഠാന കാര്യങ്ങളിലെ വിധികള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകില്ല. എന്നാല്‍ ആചാരങ്ങളുടെയും സമ്പ്രദായങ്ങളുടെയും കാര്യത്തില്‍ - അത് എത്ര വ്യത്യസ്തമാണെങ്കിലും- അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമാകാത്ത കാലത്തോളം വിശാലമായ സമീപനമാകാം. ജീവിതാവശ്യങ്ങളും ചുറ്റുപാടിന്റെ തേട്ടങ്ങളും പരിഗണിച്ച് ആചാരസമ്പ്രദായങ്ങളുടെ കാര്യത്തില്‍ നിലപാടുകളില്‍ മാറ്റമുണ്ടാകാമെന്നാണ് ഇബ്നുതൈമിയ്യ വ്യക്തമാക്കുന്നത്.
മനുഷ്യന്‍ അടിസ്ഥാനപരമായി സാമൂഹിക ജീവിയാണ്. സമുദായങ്ങളായാണ് അവര്‍ നിവസിക്കുന്നത്. അവര്‍ പരസ്പരം സഹകരിക്കുകയും മൂല്യങ്ങളും സമ്പ്രദായങ്ങളും പരസ്പരം പങ്കുവെക്കുകയും ചെയ്യുന്നു. ഇതാണ് സമാധാനവും മൈത്രിയും സാധ്യമാക്കുന്നത്.
വിശുദ്ധ ഖുര്‍ആന്‍ ഭാഷയുടെയും ആചാരങ്ങളുടെയും വൈവിധ്യങ്ങളെ ആഘോഷിക്കുന്നത് കാണാം. അല്ലാഹു പറയുന്നു: ''ആകാശഭൂമികളുടെ നിര്‍മാണവും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വൈവിധ്യങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. തീര്‍ച്ചയായും, ജ്ഞാനമുള്ളവര്‍ക്ക് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്'' (അര്‍റൂം 22).
ആചാരങ്ങളുടെ ഒരു ഉത്തമ പ്രയോഗമാണ് ഭാഷയിലൂടെ നടക്കുന്നത്. അഥവാ ആചാരങ്ങളും അതിന്റെ പ്രയോഗങ്ങളും മാറുന്നതിനനുസരിച്ച് ഭാഷയും വ്യത്യസ്തപ്പെടുന്നു.
മനുഷ്യരുടെ പരസ്പര സഹകരണവും മൈത്രിയിലുള്ള ബന്ധവും ഉറപ്പാക്കാന്‍ ശരീഅത്ത് മുഖ്യപരിഗണന നല്‍കുന്നുണ്ട്. വിവിധ സമുദായങ്ങളുമായും കൂട്ടായ്മകളുമായും ബന്ധങ്ങളുണ്ടാക്കുകയെന്നത് സമകാലിക ലോകത്തിന്റെ ആവശ്യമാണ്. ലോകം ഇന്ന് വ്യത്യസ്ത തരത്തിലുള്ള സംഘട്ടനങ്ങളിലേക്ക് വഴുതിപ്പോയിക്കൊണ്ടിരിക്കുകയാണ്. ചെറിയൊരു അശ്രദ്ധ കാര്യങ്ങളെ ആകെ അവതാളത്തിലാക്കും. മുന്‍ നൂറ്റാണ്ടുകളില്‍ ഇത്ര ഗുരുതരമായിരുന്നില്ല കാര്യങ്ങളെന്ന് നമുക്ക് പറയാനാകും.
അറബികള്‍ക്ക് ഇസ്ലാമിനു മുമ്പ് ധാരാളം ആചാരങ്ങളുണ്ടായിരുന്നു. ശരീഅത്തിന്റെ അടിസ്ഥാനങ്ങളോട് നേര്‍വിപരീതമല്ലാത്ത കാര്യങ്ങളിലൊന്നും ഇസ്ലാം ഇടപെട്ടിരുന്നില്ല. അബ്സീനിയക്കാര്‍ മദീനയിലെത്തിയപ്പോള്‍ നബി(സ)യും പത്നിയും ഒന്നിച്ച് അവരുടെ അഭ്യാസങ്ങള്‍ കാണുന്നു. അഭ്യാസം നടക്കുന്നത് പള്ളിയിലാണുതാനും. ഇവിടെ അറബികളുടെയും അബ്സീനിയക്കാരുടെയും ആചാരങ്ങളോട് മാത്രമാണ് ഈ വിശാലതയെന്നും മറ്റുള്ളവരോടില്ലെന്നും നമുക്ക് പറയാനാകില്ലല്ലോ!
എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതായ ആചാരങ്ങളും സമ്പ്രദായങ്ങളുമുണ്ട്. അറബികളെപ്പോലെ ഇന്ത്യക്കാര്‍ക്കും ചില ആചാരങ്ങളുണ്ട്. കേരളത്തിലെ സാംസ്‌കാരിക ആചാരങ്ങളിലൊന്നാണ് ഓണം. വിളവെടുപ്പുമായി ബന്ധപ്പെട്ടൊരു ആഘോഷമാണതെന്നു പറയപ്പെടുന്നു. ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണ് ഓണമെന്ന അഭിപ്രായവുമു്. ഓണത്തെ കുറിച്ച് ധാരാളം മിത്തുകളുണ്ട്. അവ പലപ്പോഴും പരസ്പര വിരുദ്ധങ്ങളുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ശരീഅത്തിന്റെ അധ്യാപനങ്ങളോട് ഏറ്റുമുട്ടാത്ത സന്ദേശങ്ങളും ഒരുവശത്ത് അതിന് നല്‍കാനുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇസ്ലാം മുന്നോട്ടുവെക്കുന്ന ചില മൂല്യങ്ങളെ അത് അംഗീകരിക്കുന്നുമുണ്ട്. മഹാബലിയുടെ കഥ നീതിമാനായൊരു ഭരണാധികാരിയുടേതാണ്. മഹാബലിയുടെ ഭരണം അവസാനിച്ചു. ഭരണവും ഭരണാധികാരിയുമൊന്നും അവസാനിക്കാതെ ബാക്കിയാകുന്നില്ല. അവര്‍ കൈമാറിയ മൂല്യങ്ങളും മാതൃകകളുമാണ് ബാക്കിയാവുക. മറ്റൊരര്‍ഥത്തില്‍ ഓണം ഫലങ്ങള്‍ നല്‍കിയതിന് വിളവെടുപ്പിന്റെ സമയത്ത് പ്രകടിപ്പിക്കുന്ന ഉപകാരസ്മരണയാണ്. ഇവയെല്ലാം ഖുര്‍ആനിക സങ്കല്‍പങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് വിശദീകരിക്കാനാകും. അല്ലാഹു പറയുന്നു:
''ഈ സമ്പത്തും സന്താനങ്ങളുമൊക്കെ ഐഹികജീവിതത്തിന്റെ ക്ഷണിക സൗന്ദര്യമാകുന്നു. വാസ്തവത്തില്‍, നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങളാകുന്നു നിന്റെ നാഥന്റെ ദൃഷ്ടിയില്‍, അനന്തരഫലത്താല്‍ ഉത്കൃഷ്ടമായിട്ടുള്ളത്. ശുഭപ്രതീക്ഷയര്‍പ്പിക്കാനര്‍ഹമായതും അതുതന്നെ'' (അല്‍കഹ്ഫ് 46). ''സന്മാര്‍ഗം സ്വീകരിക്കുന്നവര്‍ക്ക് അല്ലാഹു സന്മാര്‍ഗദര്‍ശനം വര്‍ധിപ്പിച്ചുകൊടുക്കുന്നു. നിലനില്‍ക്കുന്ന സുകൃതങ്ങളാകുന്നു നിന്റെ റബ്ബിങ്കല്‍ പ്രതിഫലത്താലും പരിണതിയാലും ഏറ്റം ഉത്കൃഷ്ടമായിട്ടുള്ളത്'' (മര്‍യം 76).
ഇവിടെയും പ്രസക്തമായ ചില കാര്യങ്ങള്‍ ഷാ വലിയ്യുല്ലാഹി ചൂണ്ടിക്കാണിക്കുന്നുണ്ട്. ശരീഅത്തിന്റെ തത്ത്വങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: ഓരോ നാട്ടിലും ദേശത്തും അവതരിച്ച ദൈവിക നിയമങ്ങള്‍ ആ നാടിന്റെയും ദേശത്തിന്റെയും വര്‍ണമണിഞ്ഞതായി കാണാം. ആളുകളുടെ ബോധത്തില്‍ പൊതുവെ നിലനില്‍ക്കുന്ന ശൈലിയിലും ചിഹ്നങ്ങളുപയോഗിച്ചുമാണ് കാര്യങ്ങള്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുത്തിട്ടുള്ളത്. എന്നാല്‍ ഈ രൂപങ്ങളുടെയും ശൈലികളുടെയുമെല്ലാമപ്പുറത്ത് ദീനിന്റെ നശിക്കാത്ത എന്നെന്നും നിലനില്‍ക്കുന്ന സത്ത നിലനില്‍ക്കുന്നതും നമുക്ക് കാണാം.
മൗലാനാ റൂമി ഒരു രസകരമായ കഥയിലൂടെ ഈ യാഥാര്‍ഥ്യം പഠിപ്പിക്കുന്നുണ്ട്. ഒരാള്‍ നാല് ആളുകള്‍ക്ക് ഒരു ദിര്‍ഹം വീതം നല്‍കി. പേര്‍ഷ്യക്കാരനും അറബിയും തുര്‍ക്കിയും ഗ്രീക്കുകാരനുമായിരുന്നു ആ നാലു പേര്‍. എല്ലാവരും മുന്തിരി വാങ്ങുമെന്നാണ് പറഞ്ഞത്. എന്നാല്‍ അവരവര്‍ അവരവരുടെ ഭാഷയില്‍ മുന്തിരിക്ക് പറയുന്ന വാക്കുകളാണ് ഉപയോഗിച്ചത്. അത് അവിടെ തര്‍ക്കത്തിന് കാരണമാക്കി. കാരണം പരസ്പരം ഭാഷ മനസ്സിലാകുന്നില്ല. ഇവിടെ വാക്കുകളും ഭാഷയുമാണ് മാറുന്നത്. അതുകൊണ്ട് ഉദ്ദേശിക്കുന്ന കാര്യം മാറുന്നില്ല. പിന്നെന്തിനാണ് തര്‍ക്കം? ഇതാണ് ദൈവിക വിധികളെകുറിച്ച് കഥയിലൂടെ റൂമി വ്യക്തമാക്കുന്നത്.
മറ്റു ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുസ്ലിമിന് പറ്റുമോ എന്ന് ആലോചിക്കുമ്പോള്‍ ആദ്യം അക്കാര്യം അനുവദനീയമാണോ എന്ന് ഉറപ്പാക്കണം. അങ്ങനെ പ്രത്യേകിച്ച് പ്രശ്നങ്ങളില്ലെങ്കില്‍ അത് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് നബി (സ) മദീനയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ മുഹര്‍റം പത്തിന് (ആശൂറാ ദിനത്തില്‍) നോമ്പെടുക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഫറോവക്കെതിരെ മൂസാ (അ) വിജയിച്ചതിന്റെ ആഘോഷമാണിതെന്ന് ജൂതര്‍ അതിന് വിശദീകരണം നല്‍കി. 'മൂസായോട് ഏറ്റവും അടുത്തവര്‍ നമ്മളാണെ'ന്നു പറഞ്ഞ് സ്വഹാബികളോട് നബി(സ) നോമ്പെടുക്കാന്‍ കല്‍പിച്ചു.
ഓണത്തെ ഇസ്ലാമിന്റെ ഒരു ആചാരമാക്കി ആഘോഷിക്കണമെന്ന് ഞാന്‍ പറയുന്നില്ല. വിവിധ വിശ്വാസങ്ങളില്‍ പൊതുവായുള്ള മൂല്യങ്ങളെയും ഗുണങ്ങളെയും ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യണമെന്നു മാത്രമാണ് പറയുന്നത്. അത് ഹിന്ദു മതത്തിലാണെങ്കിലും അങ്ങനെത്തന്നെ. എല്ലാ പ്രവാചകന്മാര്‍ക്കും ഒരേ മതമാണ് നല്‍കപ്പെട്ടതെന്ന ഖുര്‍ആനിന്റെ അടിസ്ഥാന നിലപാടിനോട് യോജിക്കുന്നതാണിത്.
ഹജ്ജില്‍ സ്വഫാ-മര്‍വ മലകള്‍ക്കിടയിലുള്ള ഓട്ടമാണ് മറ്റൊരു ഉദാഹരണം. വിശ്വാസികളില്‍ ചിലര്‍ക്ക് ആദ്യകാലത്ത് സഅ്യ് ചെയ്യാന്‍ മനഃപ്രയാസമുായിരുന്നു. സ്വഫാ-മര്‍വക്കിടയിലുള്ള ഓട്ടത്തിന് അവിടെ സ്ഥാപിക്കപ്പെട്ടിരുന്ന ബിംബങ്ങളുമായി ബന്ധമില്ലേ എന്ന സന്ദേഹമായിരുന്നു അതിന് കാരണം. എന്നാല്‍ ബിംബാരാധനയുമായല്ല, ഹാജറയുടെയും ഇസ്മാഈലിന്റെയും ചരിത്രവുമായാണ് ഈ അനുഷ്ഠാനത്തിന് ബന്ധമെന്ന് പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ചെയ്തത്.
ഹിന്ദുമതവിശ്വാസികള്‍ ഓണം അവരുടെ ചില മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്നുെന്നത് നിഷേധിക്കാനാകില്ല. എന്നാല്‍ ഇവിടെ ക്രിസ്ത്യാനികളും മതമില്ലാത്തവരുമെല്ലാം ഇത് ആഘോഷിക്കുന്നുണ്ട്. അവര്‍ ഇതൊരു മതാനുഷ്ഠാനമായല്ല, മറിച്ച് സാംസ്‌കാരികമായൊരു ആചാരമെന്ന നിലയിലാണ് കാണുന്നത്.
ഹിന്ദുക്കളുടെ എല്ലാ ആചാരങ്ങളെയും ബിംബാരാധനയുമായി ബന്ധിച്ച് കാണാനുമാകില്ല. ഹിന്ദുക്കളുടെ മതത്തെയും അവരുടെ ഗ്രന്ഥങ്ങളെയും വളരെ അടുത്തുനിന്ന് പഠിച്ച അല്‍ബിറൂനി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഹിന്ദു സമുദായത്തിലെ ചില ആചാരങ്ങള്‍ ഇസ്ലാമികാധ്യാപനങ്ങള്‍ക്ക് യോജിക്കുന്നതാണെന്നും ബിംബാരാധന പോലുള്ളവ വ്യതിചലിച്ച ചിലരുടെ അന്ധവിശ്വാസങ്ങളുടെ ഭാഗമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇവിടെ ഉയരുന്ന ചോദ്യമിതാണ്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കില്‍ ഓണത്തിന്റെ ആഘോഷങ്ങളും ആചാരങ്ങളും നിരാകരിക്കേണ്ടതാണോ? തൗഹീദിന്റെ ആത്മാവിനോട് ചേരുന്നതാണെങ്കില്‍ മാത്രമാണോ നമുക്കവയില്‍ പങ്കുകൊള്ളാനാവുക? ഓണം അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടാണെന്ന് പറയുമ്പോള്‍ തന്നെ ക്രിസ്ത്യാനികളും മതമില്ലാത്തവരും ഇത് ആഘോഷിക്കുന്നത് അങ്ങനെയല്ലല്ലോ. അവര്‍ ഇത് ദേശീയ ആഘോഷമായോ സാംസ്‌കാരിക ആചാരമായോ മാത്രമായാണ് കാണുന്നത്. അതുകൊണ്ട് മുസ്ലിംകള്‍ ഇത് ആഘോഷിക്കാന്‍ പാടില്ലെന്ന് പറയാന്‍ ന്യായവുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഈ നാട്ടിലെ ഒരു ആചാരമെന്ന നിലയില്‍ മറ്റു പല സന്ദര്‍ഭങ്ങളിലും ആഘോഷിക്കുന്നതുപോലെ ഇതും ആഘോഷിക്കാം. ഇവിടെ നമ്മള്‍ എല്ലാവരും ധാരാളം ദേശീയ ഓര്‍മദിനങ്ങളും വാര്‍ഷികങ്ങളും ആഘോഷിക്കുന്നുണ്ട്. മതാചാരപരമായ കാര്യങ്ങള്‍ ഒഴിവാക്കി ഓണം ആഘോഷിക്കുന്നത് ഇതുപോലെ മാത്രമാണ്. വിളകള്‍ക്കും കാര്‍ഷികാഭിവൃദ്ധിക്കും മറ്റും നന്ദിസൂചകമായി നടത്തപ്പെടുന്നൊരു കാര്‍ഷികോത്സവമാകുമ്പോള്‍ പ്രത്യേകിച്ചും.
ഈ വാദത്തെ സ്ഥാപിക്കാനാകുന്ന മറ്റ് രണ്ട് കര്‍മശാസ്ത്ര തത്ത്വങ്ങള്‍ കൂടി നമുക്ക് കാണാനാകും. ഒന്ന്, കാര്യങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണ് (അല്‍ഉമൂറു ബി മഖാസ്വിദിഹാ). രണ്ട്, കാര്യങ്ങളുടെ പരിണിതഫലം നോക്കിയാണ് നിലപാട് തീരുമാനിക്കേണ്ടത് (അര്‍റിളാ ബിശ്ശൈഇ രിളാ ബിമാ യതവല്ലദു മിന്‍ഹു).
ഈ തത്ത്വങ്ങളെ അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ ഇവിടെയുള്ളൊരു ആഘോഷത്തില്‍ നമ്മള്‍ പങ്കെടുക്കുന്നത് മൂല്യങ്ങള്‍ പങ്കുവെക്കാനും പരസ്പര സഹകരണം ശക്തിപ്പെടുത്താനുമാണെങ്കില്‍ അതിനെ എതിര്‍ക്കേണ്ടതില്ല; ഒരുപക്ഷേ അതാചരിക്കാന്‍ പ്രോത്സാഹിപ്പിക്കേണ്ടതായും വരും.
ലോകം സംഘര്‍ഷങ്ങളിലേക്കും യുദ്ധങ്ങളിലേക്കും നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ഈ നിലപാടിന് വലിയ പ്രസക്തിയുണ്ട്. ഇന്ത്യയില്‍ മതത്തിന്റെ പേരിലുള്ള വിഭാഗീയതകളും വിദ്വേഷപ്രചാരണങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണല്ലോ.

കനഡയിലെ അനുഭവം
കനഡയിലെ ക്രിസ്ത്യാനികളുമായുള്ള പതിറ്റാണ്ടുകളുടെ എന്റെ സഹവാസത്തില്‍ എനിക്ക് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഞാന്‍ ആദ്യമായി കനഡയിലെത്തിയപ്പോള്‍ അവിടെയുള്ള ക്രിസ്ത്യാനികളുടെ ആഘോഷങ്ങളിലോ ക്രിസ്മസിലോ ഒന്നും പങ്കെടുക്കാറുണ്ടായിരുന്നില്ല. അതിലെല്ലാം വളരെ കൃത്യമായ അക്ഷരവായനയുടെ ശൈലിയായിരുന്നു ഞാന്‍ സ്വീകരിച്ചിരുന്നത്. പിന്നീട് ഇസ്ലാമിലെ കര്‍മശാസ്ത്രത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും നിയമ-ആത്മീയ-തത്ത്വശാസ്ത്ര പാരമ്പര്യങ്ങളുടെയും വിശാലമായ മേഖലകളിലേക്ക് എന്റെ വായനകളും പഠനങ്ങളും വ്യാപിച്ചപ്പോള്‍ എന്റെ പല നിലപാടുകളും സമീപനങ്ങളും മാറ്റാന്‍ ഞാന്‍ നിര്‍ബന്ധിതനായി.
കര്‍മശാസ്ത്രം സാഹചര്യങ്ങളും ചുറ്റുപാടും മാറുന്നതിനനുസരിച്ച് മാറേണ്ടതാണെന്ന് ബോധ്യം എനിക്കുണ്ടായി. ആചാരങ്ങളെയും പാരമ്പര്യങ്ങളെയും പൂര്‍വികരായ ഫഖീഹുകള്‍ പരിഗണിച്ചിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ഒരു കാര്യത്തിന്റെ വിധികണ്ടെത്തുമ്പോള്‍ അതിന്റെ ഉദ്ദേശ്യവും ഫലവും പരിണതിയുമെല്ലാം പരിഗണിക്കണമെന്നും അവര്‍ നമ്മെ പഠിപ്പിച്ചു. ഹനഫി മദ്ഹബിലെ ഇമാമുമാര്‍ മതവിധി നല്‍കാനുള്ള യോഗ്യതകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി പരിഗണിച്ചത് നാട്ടിലെ ആചാരങ്ങളും സമ്പ്രദായങ്ങളും അറിയുകയെന്നതാണെന്നതും പ്രസ്താവ്യമാണ്.
ഇത്തരം ധാരണകളുടെ വെളിച്ചത്തില്‍ ഞാന്‍ ക്രിസ്മസിന്റെ കാര്യത്തിലുണ്ടായിരുന്ന എന്റെ പഴയ നിലപാട് മാറ്റി. എന്റെ ചുറ്റും താമസിക്കുന്ന ക്രിസ്ത്യാനികള്‍ ക്രിസ്മസിന് മുസ്ലിംകളടക്കമുള്ള എല്ലാ അയല്‍വാസികള്‍ക്കും ആശംസകള്‍ കൈമാറുകയും സമ്മാനങ്ങള്‍ കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ മുസ്ലിംകള്‍ തിരിച്ച് അവരുടെ ആഘോഷ സന്ദര്‍ഭങ്ങളില്‍ ഇത് ചെയ്യുന്നില്ലെന്നും ഞാന്‍ മനസ്സിലാക്കി. മാത്രമല്ല ക്രിസ്മസ് ആശംസകള്‍ നേരാനും മുസ്ലിംകള്‍ മടിക്കുന്നുണ്ട്. ബഹുസ്വരതയും പരസ്പരാശ്രിതത്വവും മൂലക്കല്ലായി നിലനില്‍ക്കുന്നൊരു നാട്ടില്‍ ഇത്തരം നിലപാടുകള്‍ കൂടുതല്‍ ഒറ്റപ്പെടലുകളുണ്ടാക്കാനാണ് കാരണമാകുക. മാധ്യമങ്ങളും സാമൂഹിക ഇടങ്ങളും ഇസ്ലാമിനും മുസ്ലിംകള്‍ക്കും എതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്യും ഈ നിലപാട്. അപ്പോള്‍ ഞാന്‍ സ്വയം ചോദിച്ചു; ഇത്തരം ആശംസകള്‍ കൈമാറുന്നതിന്റെ ഉദ്ദേശ്യമെന്താണ്? ഇത്തരം ആശംസകള്‍ കൈമാറുന്നവര്‍ ആ സന്ദര്‍ഭത്തിലുള്ള അവരുടെ സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായി. ക്രിസ്തുവിന്റെ കുരിശു മരണം, അതിന്റെ വിശദാംശങ്ങള്‍ തുടങ്ങിയ ഒന്നും ഈ ആശംസ നേരലിലില്ലെന്നും എനിക്ക് തോന്നി. അപ്പോള്‍ ഇത് പൂര്‍ണമായും നാട്ടിലെ ഒരു ആചാരവും സമ്പ്രദായവുമാണ്. ദൈവശാസ്ത്രപരമായൊരു പശ്ചാത്തലവും ഒരാഘോഷമെന്ന തലത്തില്‍ ഇതിനില്ലാതായിരിക്കുന്നു.
ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ പരസ്പരം പെരുന്നാള്‍ ആശംസകള്‍ നേരുന്നതുപോലെ ക്രിസ്ത്യാനികളോട് ക്രിസ്മസ് ആശംസകളും നേരണമെന്ന് ഞാന്‍ മതവിധി നല്‍കി. അവരുടെ ആഘോഷങ്ങളുടെ ഭാഗമായുള്ള ഭക്ഷണത്തിലും പങ്കെടുക്കാമെന്ന് ഞാന്‍ പറഞ്ഞു; അവരുടെ ആരാധനയുമായും മതാനുഷ്ഠാനങ്ങളുമായും നേരിട്ട് അവക്ക് ബന്ധമില്ലെങ്കില്‍.
ഞാന്‍ ആദ്യമായി കനഡയില്‍ ഈ മതവിധി നല്‍കിയപ്പോള്‍ സലഫി വിഭാഗത്തിലെ ചിലര്‍ എന്നെ അപലപിച്ചുകൊണ്ട് രംഗത്തെത്തി. എന്നാല്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ അവരോട് ഇതേ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ശൈഖ് അഹ്മദ് കുട്ടിക്കാണ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ അറിവുള്ളതെന്നു പറഞ്ഞ് എന്റെ അടുത്തേക്ക് അവരെ പറഞ്ഞുവിടുകയാണുായത്. വടക്കേ അമേരിക്കയിലെ ചില തബ്‌ലീഗ് ശൈഖുമാര്‍ ഇത്തരം വിഷയങ്ങളില്‍ മതവിധി എന്നോട് തേടാന്‍ അനുയായികളോട് പറഞ്ഞ അനുഭവവും ഉണ്ട്.
അവസാനമായി, മുകളില്‍പറഞ്ഞ അഭിപ്രായത്തെ എതിര്‍ക്കുകയും ഇബ്നുതൈമിയ്യയുടെ അഭിപ്രായത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നവരോട് ചില കാര്യങ്ങള്‍ പറയാനുദ്ദേശിക്കുന്നു. ഇബ്നുതൈമിയ്യ ഇന്നത്തേതില്‍നിന്ന് തികച്ചും വ്യത്യസ്തമായൊരു സാഹചര്യത്തില്‍ ജീവിച്ചയാളാണ്. നിരന്തര യുദ്ധങ്ങളുടെയും സംഘട്ടനങ്ങളുടെയും കാലമായിരുന്നു അദ്ദേഹത്തിന്റേത്. ബഹുസ്വരതയോ ബഹുസംസ്‌കാര സഹവര്‍ത്തിത്വമോ ഒന്നുമില്ലാത്ത കാലം. എന്നാല്‍ നമ്മുടെ കാലം അതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. ബഹുസ്വരതയും ബഹുസംസ്‌കാര സഹര്‍ത്തിത്വവുമാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥകളുടെ അടിസ്ഥാനം തന്നെ. അതിനാല്‍ അതിനെ മാനിക്കണം.
അവസാനമായി ഇതുകൂടി പറയേതു്: മുസ്ലിംകള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ മുസ്ലിംകളെയും ഒരുമിപ്പിച്ചാല്‍ മാത്രം ഇതിനെ നമുക്ക് പ്രതിരോധിക്കാനാകില്ല. വിവിധ വിശ്വാസങ്ങളും  ആചാരങ്ങളും പുലര്‍ത്തുന്ന, നീതിക്കും സത്യത്തിനുമൊപ്പം നില്‍ക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കേത് അനിവാര്യമായ സന്ദര്‍ഭമാണിത്. ഓണം പോലുള്ള ആഘോഷങ്ങള്‍ ഇത്തരം ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കണം. എന്നാല്‍ നമ്മുടെ അടിസ്ഥാന ഉദ്ദേശ്യവും നിലപാടുകളുടെ ആത്മാവും നാം മറക്കാതിരിക്കുകയും വേണം.
മാത്രമല്ല, മുസ്ലിംകള്‍ ഇത്തരം ചര്‍ച്ചകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന രീതിയും ഉപേക്ഷിക്കണം. കാരണം അത് നമ്മുടെ യഥാര്‍ഥ മുന്‍ഗണനാക്രമങ്ങളെ തകിടം മറിക്കും. അല്ലാഹുവേ, നീ ഞങ്ങള്‍ക്ക് നന്മയെ നന്മയായി കാണിച്ചുതരികയും അതിനെ പിന്‍പറ്റാനുള്ള സഹായം നല്‍കുകയും ചെയ്യേണമേ! മിഥ്യയെ മിഥ്യയായി കാണിച്ച് തന്ന് അതിനെ തിരസ്‌കരിക്കാനുള്ള കഴിവും നല്‍കേണമേ!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (22-24)
ടി.കെ ഉബൈദ്‌