Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 27

3119

1441 മുഹര്‍റം 27

മാറിയ കാമ്പസ്, പുതുക്കുന്ന വിജ്ഞാനം, വേറിട്ട രാഷ്ട്രീയം

ആര്‍.എസ് വസീം / ബാസില്‍ ഇസ്‌ലാം

ഈയിടെ നടന്ന ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തി ബപ്‌സ - ഫ്രറ്റേണിറ്റി സഖ്യം പത്തോളം സീറ്റുകളിലേക്കാണ് മത്സരിച്ചത്. ഈ സഖ്യത്തില്‍ കോഴിക്കോട് പുന്നശ്ശേരി സ്വദേശി ആര്‍.എസ് വസീമും തമിഴ്‌നാട് മേട്ടുപാളയം സ്വദേശി ഉമറുല്‍ ഫാറൂഖും ഉത്തര്‍പ്രദേശ് അലഹബാദ് സ്വദേശിനി അഫ്രീന്‍ ഫാത്വിമയുമാണ് ഫ്രറ്റേണിറ്റിയെ പ്രതിനിധീകരിച്ച് മത്സരിച്ചത്. എസ്.എല്‍.എസ് കൗണ്‍സിലറായി അഫ്രീന്‍ ഫാത്വിമ വിജയിക്കുകയും യൂനിയന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ആര്‍.എസ് വസീം 1300 വോട്ടുകള്‍ നേടി ശക്തമായ മുന്നേറ്റം നടത്തുകയും ചെയ്തു. കാമ്പസിലെയും പുറത്തെയും വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ മുന്‍നിരയിലുള്ള, ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റി അംഗവും ജെ.എന്‍.യു സെന്റര്‍ ഫോര്‍ ലോ ആന്റ് ഗവേണന്‍സില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയുമായ ആര്‍.എസ് വസീമുമായി പ്രബോധനത്തിനുവേി ബാസില്‍ ഇസ്‌ലാം നടത്തിയ അഭിമുഖം.


ബിരുദാനന്തര പഠനത്തിനായി ആദ്യമായി ജെ.എന്‍.യുവിലെത്തുമ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍?

കോഴിക്കോട് ഫാറൂഖ് കോളേജില്‍നിന്ന് 2012-ലാണ് എം.എ പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കാന്‍ ഞാന്‍ ജെ.എന്‍.യുവില്‍ എത്തിയത്. ബി.എ മലയാളമായിരുന്നു വൈജ്ഞാനിക പശ്ചാത്തലമെന്നതിനാല്‍ ആദ്യമൊക്കെ വളരെ പ്രയാസപ്പെടേിവന്നു. കേരളത്തില്‍ അക്കാലത്തുതന്നെ ജെ.എന്‍.യു രാഷ്ട്രീയത്തെപ്പറ്റി എസ്.ഐ.ഒ നടത്തിയ നിരവധി സംവാദങ്ങളിലൂടെ ഇടതുപക്ഷത്തിനു പുറത്തുനിന്നുള്ള കാഴ്ചപ്പാടുകള്‍ ലഭിക്കുന്നുണ്ടായിരുന്നു. കെ. അശ്റഫ് എഡിറ്റ് ചെയ്ത് എസ്.ഐ.ഒ 2010-ല്‍ പുറത്തിറക്കിയ 'ക്ലാസ്‌മേറ്റ്‌സ്: കാമ്പസിന്റെ വര്‍ത്തമാനം അഥവാ കാമ്പസിന്റെ ചരിത്രം' എന്ന പുസ്തകം കാമ്പസ് രാഷ്ട്രീയത്തെ, പുതിയ അധികാര വിമര്‍ശനത്തിന്റെ ഭാഗമായും മണ്ഡലാനന്തര വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഇടമായും തിരിച്ചറിഞ്ഞിരുന്നു. ഉബൈദ് റഹ്മാന്‍ എഡിറ്റ് ചെയ്ത കാമ്പസ് അലൈവ് എന്ന പ്രിന്റ് മാഗസിന്‍ അക്കാലത്ത് ജെ.എന്‍.യു രാഷ്ട്രീയത്തെക്കുറിച്ച് മുസ്ലിം/ദലിത് ബഹുജന്‍/സ്ത്രീപക്ഷത്തു നിന്ന് നിരവധി പുതിയ വായനകള്‍ സാധ്യമാക്കിയിരുന്നു. ഇതൊക്കെ എന്നെ ജെ.എന്‍.യുവിനെക്കുറിച്ചുള്ള ലിബറല്‍/ഇടതു വായനകളെയും നിര്‍മിതികളെയും മറികടക്കാന്‍ സഹായിച്ചു.  
വായിച്ചറിഞ്ഞ കാര്യങ്ങളൊക്കെ ശരിവെക്കുകയും വിപുലീകരിക്കുകയും ചെയ്ത പല തരത്തിലുള്ള അനുഭവങ്ങള്‍ ജെ.എന്‍.യുവില്‍നിന്നും ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിക രാഷ്ട്രീയമുള്ള ഒരു വിദ്യാര്‍ഥി വീക്ഷണം എന്നെ തുടക്കം മുതലേ ജെ.എന്‍.യു എന്ന ഇടത്തെ സംശയത്തോടെ നോക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ഷാജഹാന്‍ മാടമ്പാട്ട് പോലുള്ളവര്‍ മലയാളി വായനക്കാര്‍ക്കു വേണ്ടി അങ്ങേയറ്റം കാല്‍പനികമാക്കി അവതരിപ്പിച്ച ആ കാമ്പസ് യഥാര്‍ഥത്തില്‍ സംവരണ അട്ടിമറികളും ദലിത് -ബഹുജന്‍- ന്യൂനപക്ഷ ജ്ഞാനഹത്യകളും നിറഞ്ഞുനിന്ന ഇടമായിരുന്നു. ഒരൊറ്റ ഒ.ബി.സി പ്രഫസര്‍ ഇല്ലാത്ത, സംവരണവും ന്യൂനപക്ഷാവകാശങ്ങളും നിഷേധിക്കുന്ന ഇടതു അധ്യാപകരെയാണ് ജെ.എന്‍.യുവില്‍ കണ്ടത്. സാമൂഹിക നീതി എന്ന മുദ്രാവാക്യം അവര്‍ വെറുപ്പോടെ കണ്ടു. വിമര്‍ശിക്കുന്നവരെ ഒറ്റപ്പെടുത്തി ക്രിമിനല്‍വല്‍ക്കരിച്ചു. ലിബറല്‍ മധ്യവര്‍ഗ ഭാവനകള്‍ കാല്‍പനികവല്‍ക്കരിച്ച ഇടതു കാമ്പസില്‍ ഒരു സവിശേഷ കീഴാള രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ പല വിദ്യാര്‍ഥികളും നേരിടുന്ന പ്രശ്‌നങ്ങള്‍ അന്ന് ഞാന്‍ തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്തിരുന്നു. ഇത്തരം അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടാണ് അക്കാലത്ത് 'ജെ.എന്‍.യു: ഇടതിന്റെ മറവികള്‍, ഇടതല്ലാത്ത ആലോചനകള്‍' എന്ന തലക്കെട്ടില്‍ കാമ്പസ് അലൈവില്‍ ഒരു ലേഖനം എഴുതിയത്. ജെ.എന്‍.യുവില്‍ സ്വന്തമായ ഭാഷ കണ്ടെത്താന്‍ ഞാന്‍ ശ്രമങ്ങള്‍ തുടങ്ങുന്നത് അങ്ങനെയാണ്. 

അക്കാലത്തെ കാമ്പസിലെ വൈജ്ഞാനിക വ്യവഹാരങ്ങളെ നിരീക്ഷിച്ചിട്ടുണ്ടാകുമല്ലോ. മുസ്ലിം ചിന്തയെയും പുതു രാഷ്ട്രീയത്തെയും ജെ.എന്‍.യു മനസ്സിലാക്കുന്നത് എങ്ങനെയാണ്?

അന്നത്തെ സിലബസ് മാര്‍ക്‌സിസ്റ്റ് ദേശീയവാദ കാഴ്ചപ്പാടില്‍ ഊന്നിയതായിരുന്നു. മാത്രമല്ല ഇസ്ലാമിക രാഷ്ട്രീയ ചിന്തയൊന്നും സിലബസിന്റെ ഭാഗമായി ആരും പരിഗണിച്ചിരുന്നേയില്ല. എന്തിനേറെ, അംബേദ്കറെ പോലും കാര്യമായെടുത്തിരുന്നില്ല. അദ്ദേഹത്തെ വെറുമൊരു വൈകാരിക രാഷ്ട്രീയക്കാരനായി മാത്രമായി എല്ലാവരും കു. ക്ലാസിക്കല്‍ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങള്‍ മാത്രം പഠിപ്പിക്കുന്ന സിലബസാണ് ഇവിടെയുണ്ടായിരുന്നത്. രാഷ്ട്രീയ ചിന്തയില്‍ അരിസ്റ്റോട്ടില്‍, പ്ലാറ്റോ തുടങ്ങിയവരെയും ആധുനിക ഇന്ത്യന്‍ ദേശീയ ചിന്തകരെയും മാത്രമാണ് എല്ലാവരും പഠിപ്പിച്ചിരുന്നത്. ഇസ്ലാമിക ചിന്താധാരയില്‍നിന്ന് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ലോകവ്യാപകമായി ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ വരെ സിലബസ് മാറിയിട്ടും, മതത്തില്‍നിന്ന് ഒരിക്കലും തത്ത്വചിന്ത സാധ്യമാവില്ലെന്ന തീര്‍പ്പാണ് ചില ജെ.എന്‍.യു അധ്യാപകര്‍ പറഞ്ഞുകൊണ്ടിരുന്നത്. പിന്നീട് നിരന്തരമായ സംവാദത്തിലൂടെ ഇക്കാര്യത്തില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. 
പിന്നീട് വലേറിയന്‍ റോഡ്‌റിഗസ് എന്ന അധ്യാപകന്‍ എം.എ ക്ലാസില്‍ സയ്യിദ് മൗദൂദിയെക്കുറിച്ചും അദ്ദേഹത്തിന്റെ 'ഇസ്ലാമിലെ രാഷ്ട്രീയ ചിന്ത'യെക്കുറിച്ചും ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇനിയുള്ള കാലത്ത് ഇസ്ലാമിക ചിന്തക്ക് അക്കാദമിക രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഉര്‍ദുവിലും അറബിയിലുമുള്ള ഇസ്ലാമിക ചിന്തയുടെ വലിയൊരു ശതമാനം പഠനങ്ങളെ പൊതു വൈജ്ഞാനിക പാഠങ്ങളായി പരിവര്‍ത്തിപ്പിക്കാന്‍ വേണ്ടത്ര സംവിധാനങ്ങളുണ്ടായിട്ടും മുസ്ലിം ചിന്തകര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകളോട്  ഒട്ടും നിലവാരമില്ലാതെയാണ് മറ്റു വിദ്യാര്‍ഥികള്‍ പ്രതികരിച്ചത്. ഒരു പാകിസ്താനീ തീവ്രവാദ ബുദ്ധികേന്ദ്രമായാണ് മൗദൂദിയെ മിക്ക വിദ്യാര്‍ഥികളും മനസ്സിലാക്കിയിരുന്നത്. മൗദൂദി ജനിച്ചത് ഇന്ത്യയിലാണെന്നും, ഉസാമ ബിന്‍ ലാദിന്റെ ജിഹാദിനെക്കുറിച്ച സങ്കല്‍പമല്ല മൗദൂദിയുടേതെന്നും പറഞ്ഞ് അവരെ തിരുത്താന്‍ റോഡ്‌റിഗസ് ശ്രമിക്കുന്നു്. ഇസ്ലാമിനെക്കുറിച്ച് സമകാലിക മുസ്ലിം ചിന്തയില്‍ നടക്കുന്ന പുതിയ അന്വേഷണങ്ങളെ ഈ കാമ്പസ് വളരെ പതുക്കെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. ഇക്കാര്യത്തില്‍ ഞങ്ങള്‍ നടത്തിയ ആശയ സമരവും പ്രധാനമായിരുന്നു. ഇബ്‌നു ഖല്‍ദൂനെയും തലാല്‍ അസദിനെയും ഒക്കെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ യത്‌നിച്ച വിദ്യാര്‍ഥികളെ എനിക്കറിയാം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ സമരങ്ങള്‍ കൊ് കാമ്പസിന്റെ വൈജ്ഞാനിക ഭാവുകത്വത്തെ പരിവര്‍ത്തിപ്പിക്കാനും ഞങ്ങള്‍ക്ക് സാധിച്ചു. അതാണ് ഇലക്ഷന്‍ നേട്ടത്തേക്കാളും ഞങ്ങള്‍ പ്രാധാന്യത്തോടെ കാണുന്നത്. 

കാമ്പസിലെ മുസ്ലിം വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ നാള്‍വഴികള്‍ എന്തൊക്കെയാണ്?

പല അര്‍ഥത്തിലുള്ള മുസ്ലിം/ഇസ്‌ലാമിക രാഷ്ട്രീയ പരീക്ഷണങ്ങള്‍ കാമ്പസില്‍ ഉണ്ടായിട്ടുണ്ട്. മുസ്ലിം വിദ്യാര്‍ഥികളുടെ പൊതുവേദിയായി മുസ്ലിം സ്റ്റുഡന്റ്സ് അസോസിയേഷന്‍ (MSA)  എന്ന പേരില്‍ ഒരു വേദി 2012-2013 കാലയളവില്‍ ഞങ്ങള്‍ രൂപീകരിച്ചു. അലീഗഢ്, ഹംദര്‍ദ് സര്‍വകലാശാലകള്‍, ഉത്തരേന്ത്യയിലെ ഇസ്‌ലാമിക ഉന്നത മതപഠന കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഈ കൂട്ടായ്മ പ്രവര്‍ത്തിച്ചിരുന്നു. അറബി, പേര്‍ഷ്യന്‍, ഉര്‍ദു കോഴ്‌സുകളില്‍നിന്ന് ഏതെങ്കിലുമൊന്ന് മാത്രം തെരഞ്ഞെടുത്തിരുന്ന മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് മറ്റ് സാമൂഹികശാസ്ത്ര, ശാസ്ത്ര വിഷയങ്ങള്‍ പഠിക്കാന്‍ പ്രോത്സാഹനം നല്‍കുകയും അതിന് സഹായകമാകുന്ന രീതിയില്‍ ട്യൂഷന്‍ ക്ലാസ്സുകളൊരുക്കുകയും ചെയ്തു. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ വികസനം പ്രധാന അജണ്ടയായിരുന്നു. 
കൂടാതെ, വിവിധ സാമൂഹിക - സാമുദായിക വിഷയങ്ങളില്‍ പ്രസക്തമായ ലഘുലേഖകള്‍ ഇറക്കുകയും പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. പ്രമുഖ നാടക ഗ്രൂപ്പായ 'ബഹുരൂപ്' മുഗള്‍ രാജാവായിരുന്ന ഔറംഗസീബിനെക്കുറിച്ച് ഒരു നാടകം ചെയ്തപ്പോള്‍ ചരിത്രവിരുദ്ധമായ പല ധാരണകളും അതില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രശസ്ത ചരിത്രകാരന്‍ സതീഷ് ചന്ദ്രയെപ്പോലുള്ളവരെ ഉദ്ധരിച്ചുകൊണ്ട്  ആ നാടക ഗ്രൂപ്പിന് എം.എസ്.എ കത്ത് നല്‍കിയതിനു ശേഷം അവര്‍ ആ നാടകം ഇനിയെവിടെയും അവതരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. തുടര്‍ന്ന് ഇക്കാര്യം വിശദീകരിച്ച് ലഘുലേഖകള്‍ ഇറക്കുകയും പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. എം.എസ്.എയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന പലരും കാമ്പസ് വിട്ടുപോയപ്പോള്‍ ആ സംവിധാനം മെല്ലെ നിശ്ചലമാവുകയാണുായത്. വലിയ പാര്‍ട്ടികളുടെ പിന്തുണയില്ലാത്ത വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്ക് കാമ്പസില്‍ സംഭവിക്കുന്നതു തന്നെയാണ് എം.എസ്.എക്കും സംഭവിച്ചത്. എങ്കിലും ഉത്തരേന്ത്യയിലെ വലിയൊരു വിഭാഗം മുസ്ലിം വിദ്യാര്‍ഥി സമൂഹത്തോട് ആശയവിനിമയം നടത്താന്‍ ഇത്തരം വേദികളിലൂടെ സാധ്യമായിട്ടുണ്ട്. 
അതിനുശേഷം ഒരു പൊതു മുസ്ലിം കൂട്ടായ്മയെ കുറിച്ച ആലോചനകള്‍ പ്രായോഗിക തലത്തിലേക്ക് എത്തുന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ വളര്‍ന്ന്‌വന്ന അരക്ഷിതാവസ്ഥയുടെയും ഭയത്തിന്റെയും പശ്ചാത്തലത്തിലാണ്. അങ്ങനെയാണ് കാമ്പസില്‍ വൈ.എഫ്.ഡി.എ (Youth Forum for Discussion and Welfare Activities) രൂപീകരിക്കപ്പെടുന്നത്. ഇത്തരമൊരു കൂട്ടായ്മക്ക് പൊതുസമ്മതമായ പേരാണോ, മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന പേരാണോ വേണ്ടത് എന്ന വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ന്യൂനപക്ഷവിരുദ്ധ ഭരണകൂട വേട്ടയെ കുറിച്ച ഭയമാണ് ഒടുക്കം ഇത്തരമൊരു പൊതുനാമം സ്വീകരിക്കാന്‍ കാരണമായത്. മുസ്ലിം പേരുകളെ പലപ്പോഴും സ്വയം സെന്‍സര്‍ഷിപ്പിന് വിധേയമാക്കേണ്ടിവരുന്നുവെന്നത് വസ്തുതയാണ്. ഒരു രാഷ്ട്രീയ മുന്നേറ്റമാണോ വൈ.എഫ്.ഡി.എയിലൂടെ നടത്തേണ്ടത് എന്നതിനെ കുറിച്ച ചര്‍ച്ചയും സജീവമായി. കാമ്പസിലെ ദലിതുകളടക്കമുള്ളവര്‍ സാംസ്‌കാരിക / സാമൂഹിക സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ ആദ്യം കൃത്യമായൊരു രാഷ്ട്രീയാവബോധം സൃഷ്ടിക്കുകയാണ് ചെയ്തത് എന്ന തിരിച്ചറിവില്‍നിന്നാണ് വൈ.എഫ്.ഡി.എയെ രാഷ്ട്രീയ സംഘടനയാക്കേതില്ല എന്ന് തീരുമാനിക്കുന്നത്. 
കാമ്പസിലെ അറബി, പേര്‍ഷ്യന്‍, ഉര്‍ദു ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്നും വെറും എട്ടു ശതമാനമാണ് മുസ്ലിം വിദ്യാര്‍ഥി പ്രാതിനിധ്യം. ഫാക്കല്‍റ്റികളും വിരളം. വിദ്യാഭ്യാസ രംഗത്തെ ഈ പിന്നാക്കാവസ്ഥയെ അഭിമുഖീകരിക്കാനും പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും വൈ.എഫ്.ഡി.എക്ക് ഇക്കാലയളവില്‍ സാധ്യമായിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ന്യൂനപക്ഷ സാന്ദ്രത കൂടിയ പിന്നാക്ക പ്രദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും പ്രവേശന പരീക്ഷകളിലും നിയമനങ്ങളിലും കൂടുതല്‍ ഡിപ്രിവേഷന്‍ പോയിന്റുകള്‍ നല്‍കി പരിഗണിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതിനു വേണ്ടിയുള്ള പോളിസി രൂപീകരണത്തിന് സര്‍വകലാശാലാ ഭരണസമിതിയെ നിരന്തരമായി സമ്മര്‍ദത്തിലാക്കാനും വൈ.എഫ്.ഡി.എക്ക് കഴിഞ്ഞു. 
എന്നാല്‍ ഇതിനു സമാന്തരമായി തന്നെ  എസ്.ഐ.ഒയും കാമ്പസ് ഫ്രണ്ടും മുമ്പേ തന്നെ കാമ്പസില്‍ ഉണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ എസ്.ഐ.ഒ മുഖ്യധാരയില്‍ സജീവമാകാതെ വാരാന്ത്യ യോഗങ്ങളും മറ്റും സംഘടിപ്പിച്ച് ഒതുക്കമുള്ള ഒരു ഇസ്ലാമിക സംഘടനയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കര്‍ണാടകക്കാരനായ ശാരിഖ് എസ്.ഐ.ഒ പ്രസിഡന്റായ കാലത്താണ് ഞാന്‍ കാമ്പസില്‍ എത്തുന്നത്. അതിനുശേഷം കണ്ണൂര്‍ സ്വദേശിയായ മിസ്അബ് ഇരിക്കൂര്‍ എസ്.ഐ.ഒ പ്രസിഡന്റായി. പിന്നീട് എസ്.ഐ.ഒയെ കുറേകൂടി സമരവല്‍ക്കരിക്കുകയും പൊതു സാമൂഹിക വിഷയങ്ങളില്‍ വ്യക്തമായ നിലപാടെടുക്കുന്ന തരത്തിലേക്ക് സ്വയം മാറ്റിയെടുക്കുകയും ചെയ്തു. കണ്ഡമല്‍ കലാപം മുതല്‍ ദല്‍ഹി നിര്‍ഭയ കേസിലും തുടര്‍ന്നിങ്ങോട്ടുള്ള വിഷയങ്ങളിലും ലഘുലേഖകളിറക്കുകയും പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയും നവരാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് പിന്തുണയേകുകയും ചെയ്തു. മാത്രമല്ല, കാമ്പസിലും പുറത്തും സാമൂഹിക നീതിയുമായി ബന്ധപ്പെട്ട നിരവധി സമരപോരാട്ടങ്ങളില്‍ എസ്.ഐ.ഒ സജീവ സാന്നിധ്യമായി. ജെ.എന്‍.യുവിലെ സംവരണ അട്ടിമറി, ഗവേഷണരംഗത്ത് പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളോടുള്ള വിവേചനം, സീറ്റ് വെട്ടിക്കുറക്കല്‍ എന്നീ അക്രമപരമായ നടപടികള്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍, ഫെല്ലോഷിപ്പ് വര്‍ധനവിനു വേണ്ടിയുളള സമരങ്ങള്‍, സാമൂഹിക നീതിക്കായുള്ള മറ്റു പ്രക്ഷോഭങ്ങള്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രം. ഇതില്‍ നജീബിന്റെ തിരോധാനത്തെ കുറിച്ച് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. സംഭവത്തില്‍ നജീബാണ് കുറ്റവാളി എന്ന സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ക്ക് ബലംനല്‍കുന്ന തരത്തിലാണ് ഇടതു യൂനിയന്‍ നേതാക്കള്‍ പ്രതികരിച്ചത്. നജീബാണ് അക്രമണങ്ങള്‍ക്ക് ഉത്തരവാദി എന്ന രേഖകളില്‍ അവര്‍ ഒപ്പിട്ടതായി കാണാം. എന്നാല്‍, എസ്.ഐ.ഒ ഇത്തരം വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയുകയും നജീബിനെതിരെയുള്ള അക്രമവും അദ്ദേഹത്തിന്റെ തിരോധാനവും ഉന്നത കലാലയങ്ങളിലേക്ക് കടന്നുവരുന്ന മുസ്ലിം വിദ്യാര്‍ഥികളെ ഭയപ്പെടുത്താനുള്ള സംഘ്പരിവാറിന്റെ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്നും വാദിച്ചു. നജീബിന്റെ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കാമ്പസിന് അകത്തും പുറത്തും നേതൃത്വം നല്‍കാന്‍ എസ്.ഐ.ഒവിന് കഴിഞ്ഞിട്ടുണ്ട്.
മാര്‍ക്‌സിനെയും ലെനിനെയും ചെഗുവേരയെയും മാത്രം പരിചയപ്പെട്ടിരുന്ന വിശ്വപ്രശസ്തമായ ജെ.എന്‍.യുവിലെ ചുവരുകള്‍ക്ക് ടിപ്പു സുല്‍ത്താന്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മാല്‍കം എക്‌സ്, മുഹമ്മദ് അലി, ശഹീദ് അഹ്മദ് യാസീന്‍, അബ്ദുന്നാസര്‍ മഅ്ദനി തുടങ്ങിയവരെ പരിചയപ്പെടുത്തിയത് എസ്.ഐ.ഒ ആയിരുന്നു. ഇങ്ങനെ സമര-സംവാദ രംഗങ്ങളില്‍ തീര്‍ത്തും പുതിയൊരു രാഷ്ട്രീയ ഭാഷ തന്നെ ജെ.എന്‍.യുവിന് സംഭാവന ചെയ്യാന്‍ എസ്.ഐ.ഒവിന് സാധിച്ചു. ഈയടുത്തായി എം.എസ്.എഫും കാമ്പസില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടു്.

ദലിത്-മുസ്ലിം ഐക്യത്തിന് മുസ്ലിം സംഘടനകളുടെ ഭാഗത്തു നിന്ന് മുന്‍കൈ എടുത്തത് എസ്.ഐ.ഒയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘടനക്കകത്തും കാമ്പസിലും പുറത്തും ഉണ്ടായ ആശയസംവാദങ്ങള്‍ എന്തൊക്കെയാണ്?

2014 വരെ ഒരു ദലിത്-ബഹുജന്‍ വേദിയായി ഉണ്ടായിരുന്നത് യു.ഡി.എസ്.എഫ് (United Dalit Students Forum)  ആയിരുന്നു. 1991 മുതല്‍ അവര്‍ കാമ്പസില്‍ ഉണ്ട്. ഒരു സാമൂഹിക സംഘടന എന്ന നിലയില്‍ അവര്‍ നടത്തിയിരുന്ന അംബേദ്കര്‍ ജയന്തി ആഘോഷങ്ങളുമായും മറ്റ് പൊതുപരിപാടികളുമായും എസ്.ഐ.ഒ പ്രവര്‍ത്തകര്‍ സജീവമായി സഹകരിച്ചിരുന്നു. ബാബരി ഓര്‍മദിനം, പെരിയാര്‍ ജയന്തി തുടങ്ങിയ വേളകളില്‍ മുസ്‌ലിം സംഘടനകളും ദലിത് ബഹുജന്‍ സംഘടനകളും ആദിവാസി സംഘടനകളും ഒരുമിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അടിച്ചമര്‍ത്തപ്പെട്ട സമുദായ / മത / ജാതി വിഭാഗങ്ങളുടെ ഐക്യം ഇന്ത്യന്‍ സാഹചര്യത്തില്‍ അനിവാര്യമാണെന്ന തിരിച്ചറിവ് എല്ലാവരും പൊതുവായി പങ്കിടുന്നുണ്ടായിരുന്നു.  
എന്നാല്‍ ഇടതുപക്ഷ സംഘടനകള്‍ അങ്ങോട്ടുമിങ്ങോട്ടും മത്സരിക്കുന്ന ഒരവസ്ഥയാണ് ജെ.എന്‍.യുവിന്റെ ഇലക്ഷന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നത്. ഈയവസ്ഥയില്‍ സ്വാഭാവികമായും 'ഐസ'(All India Students Association) ക്കായിരുന്നു മുസ്ലിം വോട്ടുകള്‍ പോയിരുന്നത്. നേരത്തേ പറഞ്ഞതു പോലെ കേവലം വോട്ടുബാങ്കായി കാണുമെന്നല്ലാതെ, ശബ്ദവും തന്റേടവും ഉള്ളവരായി മുസ്ലിംകളെ പരിഗണിക്കാന്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. തീവ്രവാദം, വര്‍ഗീയത, മതമൗലികവാദം തുടങ്ങിയ ആരോപണങ്ങള്‍ ഏതു സമയവും എസ്.ഐ.ഒവിനെതിരെ ഇറക്കാന്‍ അവര്‍ക്ക് മടിയും ഇല്ലായിരുന്നു. അതിനാല്‍തന്നെ മുസ്ലിം/ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ സ്വതന്ത്രമായ ആവിഷ്‌കാരത്തെ ഭയത്തോടെ കാണാത്ത, പരസപരം ആത്മാഭിമാനം റദ്ദു ചെയ്യാത്ത ബഹുസ്വര കൂട്ടായ്മകളെ ഞങ്ങളും തേടിക്കൊണ്ടിരുന്നു.  
അതിനാല്‍തന്നെ പിന്നീട് അംബേദ്കറൈറ്റ് ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി ബപ്‌സ (Birsa Ambedkar Phule Students’ Association)  2014-ല്‍ രൂപീകരിക്കപ്പെടുമ്പോള്‍ അതിനെ പുതു രാഷ്ട്രീയ സാധ്യതയായി തിരിച്ചറിഞ്ഞുകൊണ്ട് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ആദ്യ സംഘടനയും ഏക മുസ്ലിം സംഘടനയും എസ്.ഐ.ഒയാണ്. എന്നാല്‍ 2015 ജെ.എന്‍.യു ഇലക്ഷനില്‍ ബപ്‌സ ഒറ്റകക്ഷിയായി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇലക്ഷനില്‍ ആരെ പിന്തുണക്കണം എന്നത് സംബന്ധിച്ച് സംഘടനക്കുള്ളില്‍ വലിയ ആശയസംവാദം രൂപപ്പെട്ടിരുന്നു. ബപ്‌സയെ പിന്തുണച്ചുവെങ്കിലും ഇക്കാര്യത്തില്‍ ആശയപരമായ വ്യക്തത കൈവരാന്‍ കുറേ സമയമെടുത്തു. പുതിയൊരു രാഷ്ട്രീയ സംഘടനയായിരുന്നല്ലോ ബപ്‌സ. പക്ഷേ, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ എ.എസ്.എയും (Ambedkar Students’ Association)  എസ്.ഐ.ഒയും ഒരുമിച്ച് മത്സരിച്ച് യൂനിയന്‍ നേടിയ അനുഭവങ്ങളൊക്കെ മുന്നില്‍ വെച്ച് സഹകരണം തുടരാന്‍ തന്നെ തീരുമാനമായി. 
എസ്.എഫ്.ഐയെ വളരെ നേരത്തേ തന്നെ മുസ്ലിം വിദ്യാര്‍ഥികള്‍ സംശയത്തോടെയാണ് കണ്ടിരുന്നത്. ബംഗാളിലെയും കേരളത്തിലെയും സി.പി.എം അനുഭവങ്ങളായിരുന്നു കാരണം. എന്നാല്‍ സി.പി.ഐ.എം.എലിന്റെ വിദ്യാര്‍ഥി വിഭാഗമായ ഐസ (All India Students Association) പോലുള്ള ഇടതുപക്ഷ സംഘടനകള്‍ മുസ്ലിം വിദ്യാര്‍ഥികളെ അനുഭാവപൂര്‍വം പരിഗണിച്ചുകൊണ്ടു തന്നെ അവരെ വോട്ടുബാങ്കാക്കി മാറ്റിയിരുന്നു. ഭരണത്തിലിരുന്ന് മുസ്ലിംകളോട് ക്രൂരതയൊന്നും അവര്‍ കാണിച്ചിട്ടില്ല. മാത്രമല്ല, എ.ബി.വി.പിയെയും സംഘ്പരിവാറിനെയും അവര്‍ എതിര്‍ക്കുന്നുമുണ്ടായിരുന്നു. മുസ്ലിം വിദ്യാര്‍ഥികളോട് ഇലക്ഷന്‍ സമയത്തു മാത്രം രഹസ്യബന്ധം ഉണ്ടാക്കി വോട്ടുനേടുകയും അതുകഴിഞ്ഞ് നിര്‍ണായക സന്ദര്‍ഭങ്ങളില്‍  അവരെ മതമൗലികവാദികളായി ചിത്രീകരിക്കുന്ന കാമ്പയിനുകള്‍ അഴിച്ചുവിടുകയുമായിരുന്നു അവരുടെ രീതി. ഒരുതരം മൈക്രോ ഇസ്ലാമോഫോബിയയാണ് ഐസ പ്രാക്ടീസ് ചെയ്തത്. 
എന്നാല്‍ ഇതില്‍നിന്നും ഏറെ വ്യത്യസ്തമായി മുസ്ലിം കര്‍തൃത്വത്തെയും അസ്തിത്വത്തെയും ഇസ്‌ലാമിക വിശ്വാസത്തെയും ആദരവോടെയും സ്‌നേഹത്തോടെയും കാണുന്ന, വിയോജിപ്പുകള്‍ പരസ്പരം അറിഞ്ഞംഗീകരിച്ചുകൊണ്ടു തന്നെ നമ്മെ ആദ്യമായി അംഗീകരിക്കുന്നത് ബപ്‌സ പോലുള്ള ദലിത് രാഷ്ട്രീയ മുന്നേറ്റങ്ങളാണ്. ഇത് പുതിയ ഒരു ലോകത്തെയാണ് ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നുവെച്ചത്. സംവരണത്തെയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെയും കുറിച്ച് അവര്‍ പരിപാടികള്‍ നടത്തുമ്പോള്‍ ഞങ്ങളെയും ഒപ്പം കൂട്ടുകയും സംഘടനാ അസ്തിത്വം അംഗീകരിക്കുകയും ചെയ്തു. ഇരയായ മുസ്ലിം മാത്രമല്ല സംസാരിക്കുന്ന, രാഷ്ട്രീയമുള്ള, വിശ്വാസമുള്ള, മതമുള്ള മുസ്ലിമിനെ ബപ്‌സ പോലുള്ള ദലിത് ബഹുജന്‍ പ്രസ്ഥാനങ്ങള്‍ ആവേശത്തോടെ ഉള്‍ക്കൊണ്ടു. പരസ്പരം അറിയാനും പഠിക്കാനും ഞങ്ങള്‍ തീരുമാനിച്ചു.  

രോഹിത് വെമുലയുടെ മരണം മുതലാണ് പൊതുവെ കാമ്പസിലെ ദലിത് - ബഹുജന്‍ മുന്നേറ്റങ്ങളുടെ ചരിത്രം അടയാളപ്പെടുത്തപ്പെടുന്നത്. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ അത്തരം മുന്നേറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. വിശദീകരിക്കാമോ?

2009 മുതല്‍ ഹൈദരാബാദ് സര്‍വകലാശാലയിലും 2012 മുതല്‍ യു.ഡി.എസ്.എഫുമായി ചേര്‍ന്നുകൊണ്ട് ജെ.എന്‍.യുവിലും വ്യവസ്ഥാപിതമായി ദലിത് - ബഹുജന്‍ രാഷ്ട്രീയത്തെ കുറിച്ച ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും സജീവമായിരുന്നു. അങ്ങനെ നോക്കിയാല്‍ രോഹിത് വെമുല സംഭവത്തിന് ഒരു പതിറ്റാണ്ട്  മുന്നേ തന്നെ അത്തരം ഒരു രാഷ്ട്രീയം ശക്തിപ്പെട്ടിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഹൈദരാബാദ് കാമ്പസില്‍ യഅ്ഖൂബ് മേമന്‍ വധത്തില്‍ പ്രതിഷേധിച്ച് നടത്തിയ മയ്യിത്ത് നമസ്‌കാരത്തെ തുടര്‍ന്ന് രോഹിതടക്കം അഞ്ചു വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തപ്പോള്‍ മുതല്‍ അതിനെതിരെ പരിപാടികള്‍ ഇവിടെ നടത്തിയത് ഞങ്ങളാണ്. പിറ്റേന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്താനായുള്ള പ്രചാരണ പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കെയാണ് രോഹിതിന്റെ വ്യവസ്ഥാപിത കൊലപാതകത്തെ കുറിച്ച് അന്ന് രാത്രി അറിയുന്നത്. എന്നാല്‍ അതുവരെ മിണ്ടാതിരുന്ന ശേഷം രോഹിതിന്റെ  മരണത്തിനു ശേഷം ഈ മൂവ്‌മെന്റിന് കൈവന്ന മാധ്യമശ്രദ്ധയെ ഉപയോഗിച്ച് വോട്ടാക്കാനും അതിന്റെ തലതൊട്ടപ്പന്മാരാവാനുമാണ് ഇടതുപക്ഷം ശ്രമിച്ചത്. എസ്.എഫ്.ഐ വിട്ട് എ.എസ്.എ, എസ്.ഐ.ഒ തുടങ്ങിയ സംഘടനകളുടെ സഹയാത്രികനായി മാറിയ ആളാണ് രോഹിത് വെമുല.  
മറ്റൊരു സംഗതി, കേരളത്തിലെ മുഖ്യധാരാ സമൂഹം പോലും ഈ രാഷ്ട്രീയത്തെ ഏറ്റെടുക്കുന്നത് 2016-ലെ രോഹിതിന്റെ മരണത്തിനു ശേഷം മാത്രമാണെന്നതാണ്. ഇത് നമ്മുടെ രാഷ്ട്രീയ അവബോധത്തിന്റെ പരിമിതി എടുത്തു കാണിക്കുന്നുണ്ട്. താഴേക്കിടയിലുള്ള (Grassroot Level) പ്രവര്‍ത്തനങ്ങളെയും പ്രതിശബ്ദങ്ങളെയും അറിയാന്‍ ഇവിടത്തെ മുഖ്യധാര ശ്രമിക്കുന്നില്ല എന്നുവേണം പറയാന്‍. 
ജെ.എന്‍.യുവില്‍നിന്ന് ഉമ്മുല്‍ ഫായിസയും അഹ്മദ് ഫായിസും ഹാബീലും ഹിശാമുല്‍ വഹാബും ഹൈദരാബാദില്‍നിന്ന് താഹിര്‍ ജമാലും സാദിഖ് പി.കെയും ഷാന്‍ മുഹമ്മദും അയ്യൂബ് റഹ്മാനും റമീസ് വേളവും സഹ്‌ല നെച്ചിയിലും പിന്നീട് ജോഹനാസ്ബര്‍ഗ് സര്‍വകലാശാലയില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തെക്കുറിച്ച് കെ. അശ്‌റഫും തുടങ്ങി അനേകം പേര്‍ ഗവേഷണം ചെയ്തതും എഴുതിയിരുന്നതും പറഞ്ഞിരുന്നതും ഗ്രൗണ്ട് റിയാലിറ്റികളായിരുന്നു. മാധ്യമം പത്രവും ആഴ്ചപ്പതിപ്പും പച്ചക്കുതിര മാസികയും അന്ന് പ്രസ്തുത എഴുത്തുകളും പഠനങ്ങളും പ്രസിദ്ധീകരിക്കാന്‍ മുന്‍കൈ എടുത്തിരുന്നു. പിന്നീട് അത് നഹാസ് മാള എസ്.ഐ.ഒ കേരളയുടെ പ്രസിഡന്റായ കാലത്ത് 2016-ല്‍ കാമ്പസ്: വിദ്യാര്‍ഥി പ്രതിപക്ഷം സംസാരിക്കുന്നു എന്ന പേരില്‍ എസ്.ഐ.ഒ പുസ്തകമാക്കി പുറത്തിറക്കി. വൈജ്ഞാനിക സമരങ്ങളെ ചരിത്രവല്‍ക്കരിച്ചാണ് പുതിയ മുസ്ലിം വിദ്യാര്‍ഥി രാഷ്ട്രീയം ഇന്ത്യന്‍ കാമ്പസുകളില്‍ വികസിക്കുന്നത്. 'ക്ലാസ്‌മേറ്റ്‌സും' 'വിദ്യാര്‍ഥി പ്രതിപക്ഷവും' രണ്ടു പുസ്തകങ്ങള്‍ എന്ന നിലയില്‍ പ്രസ്തുത സമരങ്ങളുടെ ചരിത്രരേഖകളും പോരാട്ടത്തിന്റെ മാനിഫെസ്റ്റോകളും സൈദ്ധാന്തിക ഗ്രന്ഥങ്ങളും കൂടിയാണ്. പോരാടാന്‍ മാത്രമല്ല, സ്വന്തം ചരിത്രം നിര്‍മിക്കാനും അത് പുതിയ സൈദ്ധാന്തിക-വൈജ്ഞാനിക പാഠമാക്കി മാറ്റാനും തയാറായത് ഓര്‍മകളുടെയും സമരങ്ങളുടെയും കോളനിവല്‍ക്കരണത്തെ ചെറുത്തുനില്‍ക്കാന്‍ സഹായിച്ചു. 
മാത്രമല്ല, മണ്ഡല്‍ കമീഷന്‍ ഫാക്കല്‍റ്റി  തലത്തില്‍ സംവരണം ഉറപ്പാക്കിയതിനു ശേഷമുള്ള കാലത്തായിരുന്നു ഈ രാഷ്ട്രീയ പോരാട്ടങ്ങള്‍ നടന്നത്. അതിനാല്‍തന്നെ നിരവധി അധ്യാപകര്‍, ആക്ടിവിസ്റ്റുകള്‍ ഒക്കെ ഞങ്ങളെ സഹായിച്ചു. ജെനി റൊവീന, എം.ടി അന്‍സാരി, ബി. രവിചന്ദ്രന്‍, സൗമ്യ ദേച്ചമ്മ, ജി. അലോഷ്യസ്, അരുണ്‍ അശോകന്‍, സിമി കോറോത്ത്, ഹാനി ബാബു, ഒ.കെ സന്തോഷ്, അജയ് ശേഖര്‍ തുടങ്ങിയ അധ്യാപകരും മുതിര്‍ന്ന ഗവേഷകരും കെ.കെ ബാബുരാജ്, എ.എസ് അജിത്കുമാര്‍ തുടങ്ങിയ ആക്റ്റിവിസ്റ്റുകളും ഈ ആശയ സമരത്തില്‍ അണിചേര്‍ന്നിരുന്നു. അവരുടെയൊക്കെ എഴുത്തുകള്‍ എസ്.ഐ.ഒ പുറത്തിറക്കിയ പുസ്തകങ്ങളിലും കാമ്പസ് അലൈവിലും ചരിത്രപരമായ ഈ പോരാട്ടത്തിന്റെ രേഖകളായി അടയാളപ്പെട്ടിട്ടുണ്ട്. എം.ടി അന്‍സാരിയുടെ Islam and Nationalism in India: South Indian Contexts (2016) എന്ന പുസ്തകം എസ്.ഐ.ഒവിന്റെ ഈ പോരാട്ടകാലത്തെ അനുസ്മരിക്കുന്നു.  
എന്നാല്‍ ആദ്യഘട്ടത്തില്‍ ഈ മാറ്റങ്ങള്‍ തിരിച്ചറിയുന്നതില്‍ മുസ്ലിം സമുദായത്തിലെ പ്രബല വീക്ഷണങ്ങള്‍ പരാജയപ്പെട്ടു. ലിബറല്‍  മാധ്യമങ്ങളിലൂടെ ഉദ്പാദിപ്പിക്കപ്പെടുന്ന കാമ്പസ് രാഷ്ട്രീയത്തെ കുറിച്ച ഇടതുപക്ഷ വര്‍ത്തമാനങ്ങള്‍ക്കാണ് മുസ്ലിം സമുദായത്തില്‍ പോലും മേല്‍ക്കൈ ഉള്ളത്. കാമ്പസ് രാഷ്ട്രീയം ഇടതു വിദ്യാര്‍ഥി സംഘടനകള്‍ നിര്‍ണയിക്കുന്നതാണെന്ന (ഇടതുപക്ഷം തന്നെ സൃഷ്ടിച്ചെടുത്ത) ബോധം മൂലം കാമ്പസുകളില്‍ 2016 മുമ്പു വരെ മുസ്ലിം വിദ്യാര്‍ഥികള്‍ നടത്തുന്ന പോരാട്ടങ്ങളെ പലപ്പോഴും തിരിച്ചറിയാന്‍ സമുദായത്തിന് കഴിഞ്ഞില്ല. രോഹിതിന്റെ മരണത്തിനു ശേഷം നടന്ന മൂവ്മെന്റില്‍ റമീസ് വേളം അടക്കമുള്ള നിരവധി മുസ്‌ലിം വിദ്യാര്‍ഥികള്‍ അറസ്റ്റിലായതിനു ശേഷമാണ് കാമ്പസ് പോരാട്ടങ്ങളെ നയിക്കാനുള്ള കഴിവും ആത്മവിശ്വാസവും മുസ്ലിം വിദ്യാര്‍ഥികള്‍ക്കുണ്ടെന്ന് പലരും മനസ്സിലാക്കിയത്. 

കാമ്പസ് രാഷ്ട്രീയത്തിലെ ഇടതുപക്ഷ സംഘടനകളുടെ ആധിപത്യത്തിന് വലിയ വെല്ലുവിളിയാണ് ദലിത് - മുസ്ലിം ഐക്യം ഉയര്‍ത്തിയത്. ഈ രാഷ്ട്രീയത്തോടുള്ള ഇടതുപക്ഷ പ്രതികരണങ്ങള്‍ എങ്ങനെയൊക്കെയായിരുന്നു?

2015 വരെ ഇടതുപക്ഷത്തിന്റെ പ്രധാന വോട്ടുബാങ്ക് മുസ്ലിംകളും മറ്റു പിന്നാക്ക സമുദായക്കാരുമായിരുന്നു. അവരെ മതേതര ചട്ടക്കൂടിനുള്ളില്‍ വര്‍ഗവിശകലനം ചെയ്ത് കേവല അക്കങ്ങളാക്കി മാറ്റി, രാഷ്ട്രീയമായി ചൂഷണം ചെയ്യാനാണ് ഇടതുപക്ഷം ശ്രമിച്ചത്. എന്നാല്‍, കേവല വര്‍ഗാടിസ്ഥാനത്തിലല്ല ഇന്ത്യയിലെ സാമൂഹിക വിഭജനമെന്നും മറിച്ച് മതം, ജാതി, ദേശം, ലിംഗം തുടങ്ങിയ വിവിധ തലങ്ങളില്‍ സംഭവിക്കുന്ന ഒരു പ്രക്രിയയാണ് അതെന്നും മനസ്സിലാക്കണം. അത്തരത്തിലുള്ള ഒരു രാഷ്ട്രീയ അവബോധത്തിലേക്ക് പിന്നാക്ക സമുദായങ്ങളില്‍നിന്നുള്ളവരെ ക്ഷണിക്കുകയാണ് ദലിത് - മുസ്ലിം മുന്നേറ്റങ്ങള്‍ ചെയ്തത്. ഇത് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളെ വിറളി പിടിപ്പിച്ചു. 
ഞാന്‍ കാമ്പസില്‍ എത്തിയതിനു ശേഷം കാമ്പസിലെ ഇലക്ഷന്‍ സമയങ്ങളില്‍ മുസ്ലിം വിദ്യാര്‍ഥികളെ 'ഐസ' അനൗദ്യോഗികമായി വിളിച്ചുകൂട്ടുന്ന ഒരു പതിവുണ്ടായിരുന്നു. ദയൂബന്ദികളെയും ബറേല്‍വികളെയും തബ്ലീഗുകാരെയും ഒത്തുകൂട്ടി അവര്‍ കാമ്പസില്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ആരായുകയും ചര്‍ച്ചചെയ്യുകയും ചെയ്തതിനു ശേഷം അതിനെല്ലാം പരിഹാരം ഐസയാണെന്ന് സ്ഥാപിക്കലായിരുന്നു ഇതിന്റെ പൊതുസ്വഭാവം! ഒരിക്കല്‍ അത്തരമൊരു മീറ്റിംഗില്‍ ഞാനും കാംപസ് ഫ്രണ്ടിന്റെ ഖാലിദ് ഖാനും വൈ.എഫ്.ഡി.എയുടെ അബ്ദുല്‍ മത്വീനും പങ്കെടുത്തു. ഇലക്ഷന്‍ സമയത്ത് മാത്രം മുസ്ലിം വിദ്യാര്‍ഥികളെ പ്രീതിപ്പെടുത്താന്‍ നടത്തുന്ന ഈ ടോക്കണിസം ഇനി വിലപ്പോവില്ലെന്നും പറഞ്ഞ് ഞങ്ങള്‍ അവരുടെ നീക്കത്തെ തള്ളിപ്പറഞ്ഞു. ഇങ്ങനെ ഇവിടത്തെ ഇടതുപക്ഷത്തിന്റെ രക്ഷാകര്‍തൃത്വ മനോഭാവത്തെ ശക്തമായി ചോദ്യംചെയ്തുകൊണ്ടാണ് ഞങ്ങള്‍ മുന്നോട്ടു വരുന്നത്. 
ഇതോടെയാണ് ഇടതുപക്ഷ രാഷ്ട്രീയത്തില്‍ അന്തര്‍ലീനമായിരുന്ന ഇസ്ലാമോഫോബിയ മറനീക്കി പുറത്തുവരുന്നത്. ആര്‍.എസ്.എസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതേ ഭാഷയിലല്ലെങ്കിലും ഇടതുപക്ഷ സിദ്ധാന്തത്തിന്റെ മറവിലും തുറവിലും ഉന്നയിക്കുകയാണ് അവരാദ്യം ചെയ്തത്. മുസ്ലിം ധിഷണാശാലികളായ ഹസനുല്‍ ബന്നയും സയ്യിദ് ഖുത്വ്ബും സയ്യിദ് മൗദൂദിയും അവര്‍ക്ക് തീവ്രവാദ ബുദ്ധികേന്ദ്രങ്ങളായിരുന്നു. ഇന്ത്യയില്‍ എല്ലാ റിസ്‌കും എടുത്തുകൊണ്ട് വലിയ സാമൂഹിക ദൗത്യനിര്‍വഹണം നടത്തിയിരുന്ന ഇസ്‌ലാമിക മുന്നേറ്റങ്ങളെ ഹിന്ദുത്വ തീവ്രവാദ സംഘടനകളോടാണ് അവര്‍ സമീകരിച്ചത്. കാരണം സ്വയം സംസാരിക്കുന്ന മുസ്ലിമിനെ അവര്‍ക്ക് പേടിയായിരുന്നു. 
2015-ല്‍ ബപ്‌സക്ക് പിന്തുണ പ്രഖ്യാപിച്ചതിനു ശേഷമാണ് ഇത്തരം ഇസ്ലാമോഫോബിക് പ്രചാരണങ്ങള്‍ ശക്തമാകുന്നത്. ദലിത് മുന്നേറ്റങ്ങളെ നേരിട്ട് ആക്രമിക്കാതെ അവര്‍ മുന്നോട്ടു വെക്കുന്ന ബഹുജന്‍ ഐക്യമെന്ന ആശയത്തെ ആരോപണങ്ങള്‍ കൊണ്ട് പൊതിയുകയായിരുന്നു അവര്‍. മതരാഷ്ട്രവാദികളും സ്ത്രീവിരുദ്ധരും ജാതിവാദികളുമായ മുസ്ലിംകളോട് ഐക്യപ്പെടുന്ന ദലിത് രാഷ്ട്രീയം കപടമാണെന്ന് ഇടതുപക്ഷം അവരുടെ ലഘുലേഖകളിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രചരിപ്പിച്ചു. ഇത്തരം ആരോപണങ്ങള്‍ക്ക് ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും കൃത്യമായി മറുപടി പറയാനും ഇത് ഇസ്ലാമിനെതിരെയുള്ള വംശീയ പ്രചാരണങ്ങള്‍ തന്നെയാണെന്ന് വിദ്യാര്‍ഥി സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കാനും ഞങ്ങള്‍ക്ക് സാധിച്ചു. റ്റു സര്‍ക്കിള്‍സ്, റൗണ്ട് ടേബിള്‍ ഇന്ത്യ, ഫസ്റ്റ് പോസ്റ്റ് തുടങ്ങിയ ബദല്‍ ഇംഗ്ലീഷ് ഓണ്‍ലൈന്‍ സംരംഭങ്ങള്‍ ഞങ്ങളുടെ വീക്ഷണങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇടത് ഇസ്ലാമോഫോബിയ, കാമ്പസിലെ നവ ഓറിയന്റലിസം, സവര്‍ണ രാഷ്ട്രീയത്തിന്റെ സമീകരണ യുക്തി, മുസ്ലിം രാഷ്ട്രീയത്തിന്റെ പുതിയ ഐക്യദാര്‍ഢ്യ രാഷ്ട്രീയം ഒക്കെ ഞങ്ങള്‍ പുത്തന്‍ രാഷ്ട്രീയ സങ്കല്‍പങ്ങളുടെ ഭാഗമാക്കി പാഠവല്‍ക്കരിച്ചു. ഞങ്ങളുടെ രാഷ്ട്രീയം കേവലം സമരങ്ങള്‍ മാത്രമായിരുന്നില്ല, അതൊരു വൈജ്ഞാനിക പോരാട്ടം കൂടിയായിരുന്നു.  
ഒരുവശത്ത് ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ സ്വീകരിച്ചുകൊണ്ട് വിമര്‍ശനാത്മകമായ ഒരു രാഷ്ട്രീയ ഇടം സൃഷ്ടിക്കാനും, ഒപ്പം അന്ധമായ ആരോപണങ്ങളെ തള്ളി കാലങ്ങളായി കേരളത്തിലും ബംഗാളിലുമുള്ള ഇടതുപക്ഷ സര്‍ക്കാറുകള്‍ മുസ്ലിംകളോടും ദലിതരോടും കാട്ടിയ അതിക്രമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് കാമ്പസില്‍ ചര്‍ച്ചയാക്കാനും കഴിഞ്ഞിട്ടുണ്ട്. 
2016-ലെ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ രാഹുല്‍ സൊന്‍പിംപ്ലെ ബപ്‌സയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോഴാണ് അവര്‍ക്കെതിരെ ഇടതുപക്ഷ ആക്രമണം ശക്തമാകുന്നത്. ഒരു നീണ്ട പ്രസംഗത്തിനിടയില്‍ മുസ്ലിംകളിലെ ജാതിയുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തിയ ഒരു പരാമര്‍ശം അതിന്റെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് അമ്പത് സെക്കന്റുള്ള വീഡിയോ ആക്കി രാഹുലിനും ബപ്‌സക്കുമെതിരെ കാമ്പയിന്‍ നടത്തുകയാണ് ശഹ്‌ലാ റാശിദും ഉമര്‍ ഖാലിദും കനയ്യ കുമാറും അടക്കമുള്ള ഇടതുപക്ഷം ചെയ്തത്. കാമ്പസിലെ മുസ്ലിം രാഷ്ട്രീയ പ്രതിനിധാനത്തെ വളരെ പോസിറ്റീവായി കാണുന്ന മഹാരാഷ്ട്രക്കാരനായ ഒരു വിദ്യാര്‍ഥി നേതാവിനെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കാനും അങ്ങനെ മുസ്ലിം - ദലിത് ഐക്യത്തെ ഇല്ലാതാക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും നടന്നു.
വിദൂര ഇന്ത്യന്‍ ഗ്രാമങ്ങളില്‍നിന്നേ അംബേദ്കര്‍ രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ട, കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും ഗ്യാസ് പൈപ്പ് ലൈനുകളിലും തൊഴിലെടുത്ത് പഠനത്തിനുള്ള പണം കണ്ടെത്തുന്ന ബപ്‌സയുടെ പ്രവര്‍ത്തകരോട് നിങ്ങള്‍ സ്യൂഡോ അംബേദ്കറൈറ്റുകളാണെന്നും നിങ്ങള്‍ക്ക് തൊഴിലിനെ കുറിച്ച സങ്കല്‍പമില്ലെന്നും പറയുന്നത് കുനിഞ്ഞ് കൈക്കോട്ട് പിടിച്ച് പോലും ശീലമില്ലാത്ത ഇത്തരം ഇടതു വരേണ്യരാണ്. കാമ്പസില്‍ മാവോയിസ്റ്റ്-നക്‌സല്‍ രാഷ്ട്രീയത്തെ കുറിച്ച് മാത്രം സംസാരിക്കുകയും എന്നാല്‍ രോഹിത് മൂവ്‌മെന്റിന്റെ കടന്നുവരവിന് ശേഷം മാത്രം ബാസോ (Bhagat Singh Ambedkar Students’ Organization) ഉണ്ടാക്കി അവസരവാദ രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന ഉമര്‍ ഖാലിദിനെ പോലുള്ളവരെയാണ് മാധ്യമങ്ങള്‍ കാമ്പസ് വിപ്ലവ വീരന്മാരായി ചിത്രീകരിക്കുന്നത്. ഉമറിനെയും കനയ്യ കുമാറിയെയും ശഹ്ല റാശിദിനെയും പോലുള്ള വീര കഥാപാത്രങ്ങള്‍ ഉയര്‍ന്നുവരുന്നത് മൂവ്‌മെന്റുകളുടെ യഥാര്‍ഥ ചരിത്രം അട്ടിമറിച്ചാണ്. അവരുടെ ചെറിയ ശബ്ദങ്ങള്‍ വലുതാക്കിക്കാണിച്ച മാധ്യമങ്ങള്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പോരാട്ട ചരിത്രത്തെയാണ് മറച്ചുവെച്ചത്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (22-24)
ടി.കെ ഉബൈദ്‌