Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 27

3119

1441 മുഹര്‍റം 27

പ്രതിപക്ഷമൊഴിയുന്ന കാമ്പസുകളില്‍ പ്രതീക്ഷയാകുന്ന നവ മുന്നേറ്റങ്ങള്‍

ആദില നാസര്‍

'അമേരിക്ക ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീഴ്ത്തിയെന്നാരോപിച്ച് കോളേജിലിന്നു പഠിപ്പു മുടക്കായിരുന്നു' എന്നൊരു പരാമര്‍ശം ഈയടുത്തിറങ്ങിയ ഒരു മലയാള സിനിമയില്‍ തമാശരൂപേണ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ കേവലം തമാശയെന്നതിനപ്പുറത്ത് കേരളത്തിലെ കാമ്പസുകളുടെ യഥാര്‍ഥ മുഖം വെളിപ്പെടുത്തുന്ന ഒരു പരാമര്‍ശം തന്നെയാണിത്. കാരണം അത്രമേല്‍ രാഷ്ട്രീയ സംവാദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രാമുഖ്യം നല്‍കുന്ന ഇടങ്ങളാണ് കേരളീയ കാമ്പസുകള്‍. തദ്ദേശീയവും ദേശീയവും അന്തര്‍ദേശീയവുമായ മിക്ക വിഷയങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് കേരളത്തിലെ കാമ്പസുകള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്, ഫലസ്ത്വീനു മേലുള്ള ഇസ്രയേല്‍ അധിനിവേശവും ഡൊണാള്‍ഡ് ട്രംപിന്റെ വംശീയ നയങ്ങളും സംഘ് പരിവാറിന്റെ ഹിന്ദുത്വ അജണ്ടകളും കാമ്പസുകളിലെ അക്രമ രാഷ്ട്രീയവും മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥിവിരുദ്ധ നയങ്ങളുമെല്ലാം തന്നെ ഒരുപോലെ കലാലയങ്ങളിലെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിഷയമാവുന്നത്. ഇന്ത്യയുടെ യഥാര്‍ഥ പ്രതിപക്ഷം കുടികൊള്ളുന്നത് വിദ്യാര്‍ഥികളിലാണ്, അല്ലെങ്കില്‍ കലാലയങ്ങളിലാണ് എന്ന അഭിപ്രായത്തെ അന്വര്‍ഥമാക്കുംവിധം ഭരണകൂട ധ്വംസനങ്ങള്‍ക്കെതിരെയും അധികാരിവര്‍ഗത്തിന്റെ പിടിപ്പുകേടിനെതിരെയും മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ കലാലയങ്ങളില്‍ ഉന്നയിക്കപ്പെടാറുണ്ട്. കാപിറ്റലിസത്തിന്റെയും ഫാഷിസത്തിന്റെയുമെല്ലാം പ്രത്യാഘാതങ്ങള്‍ ഏറ്റവും സര്‍ഗാത്മകമായി അവതരിപ്പിക്കപ്പെടുന്ന ഇടങ്ങള്‍ കൂടിയാണ് കേരളത്തിലെ കാമ്പസുകള്‍.
ചലനാത്മകതയാണ് കേരളത്തിലെ കാമ്പസുകളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഒരേ രാഷ്ട്രീയത്തെ തന്നെ എക്കാലവും ഏറ്റെടുക്കാതെ, കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയാദര്‍ശങ്ങള്‍ക്കു കൂടി കാമ്പസുകളില്‍ സ്‌പേസ് ലഭിക്കാറുണ്ട്. 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണ് ഈയൊരു ചലനാത്മകത കൂടുതല്‍ പ്രകടമാകാന്‍ തുടങ്ങിയത്. ഇടതിനും വലതിനും മാത്രം ഇടമുണ്ടായിരുന്ന ഇടങ്ങളില്‍ ഇടതും വലതുമല്ലാത്ത ഒരു ബദല്‍ രാഷ്ട്രീയം പിറവിയെടുത്തതിന്റെ തെളിവുകള്‍ കലാലയ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന പദ്ധതികളിലും മറ്റു പ്രതിഷേധ പരിപാടികളിലും കലാലയ യൂനിയന്‍ തെരഞ്ഞെടുപ്പുകളിലുമെല്ലാം വ്യക്തമായി കാണാനാവുന്നതാണ്. രോഹിത് വെമുലയുടെ ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊലപാതകത്തിനും നജീബ് അഹ്മദിന്റെ നിര്‍ബന്ധിത തിരോധാനത്തിനും ശേഷം ഇന്ത്യയിലെ സുപ്രധാന കേന്ദ്ര സര്‍വകലാശാലകളിലെല്ലാം തന്നെ രൂപം കൊണ്ട കീഴാള രാഷ്ട്രീയത്തിന്റെയും അതിനു ലഭിച്ച ജനകീയാടിത്തറയുടെയും സ്വാധീനങ്ങള്‍ കേരളത്തിലെ കാമ്പസുകളിലും ഓളങ്ങളുണ്ടാക്കിയിട്ടുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരുടെയും അപരവത്കരിക്കപ്പെട്ടവരുടെയും ഐക്യം എന്ന നവ രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ പ്രതിധ്വനികള്‍ ഇന്ന് കേരളത്തിലെ കലാലയങ്ങളിലും അലയടിക്കുന്നു. സംഘ് പരിവാര്‍ ഭീകരത എന്ന നിലക്കു മാത്രം രോഹിത് വെമുലയുടെ ആത്മഹത്യയോട് കോണ്‍ഗ്രസ്-ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പ്രതികരിച്ചപ്പോള്‍ രോഹിതിന്റെ ജാതിയെയും സംഘ് പരിവാറിന്റെ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ആദര്‍ശങ്ങളെയും അഡ്രസ്സ് ചെയ്ത മറ്റൊരു വിഭാഗം കാമ്പസുകളില്‍ ആവിര്‍ഭവിച്ചു എന്നത് കലാലയങ്ങളിലെ രാഷ്ട്രീയ സംസ്‌കാരത്തിലുണ്ടായ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിനെയാണ് സൂചിപ്പിക്കുന്നത്. മഹാരാജാസിലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസിലുമെല്ലാം ഇവ്വിഷയത്തില്‍ സംഘടിപ്പിച്ച ദലിത്-ബഹുജന്‍ പ്രതിഷേധ സദസ്സുകളായിരുന്നു കേന്ദ്ര സര്‍വകലാശാലകള്‍ക്കു സമാനമായ ഒരു ബദല്‍ രാഷ്ട്രീയത്തിന്റെ കേരളീയ കാമ്പസുകളിലെ പ്രാരംഭ ഘട്ടം. 
മൃദു ഹിന്ദുത്വ സമീപനങ്ങള്‍ കൊണ്ടും രാഷ്ട്രീയ നിലപാടിലെ ഗുണകരമല്ലാത്ത വ്യതിചലനങ്ങള്‍ കൊണ്ടും കാമ്പസുകളിലെ വലതുപക്ഷ സംഘടനകളിലുള്ള പ്രതീക്ഷ എന്നേ അസ്തമിച്ചതാണ്. ന്യൂനപക്ഷ സംരക്ഷണവും ഫാഷിസ്റ്റ് വിരുദ്ധതയുമെല്ലാം വലിയ വായില്‍ കൊട്ടിഘോഷിക്കുന്ന ഇടതുപക്ഷത്തിന് പക്ഷേ തങ്ങളുടെ അക്രമ രാഷ്ട്രീയം കൊണ്ടും പല വിഷയങ്ങളിലുമുള്ള സംഘ് പരിവാര്‍ അനുകൂല നിലപാടുകള്‍ കൊണ്ടും കാമ്പസുകളില്‍ വിശ്വാസ്യത നഷ്ടമായിട്ടുണ്ട്. ഏറ്റവുമൊടുവിലെ യൂനിവേഴ്‌സിറ്റി കോളേജ് വിഷയവും പി.എസ്.സിയിലെ ക്രമക്കേടുകളുമെല്ലാം തന്നെ ഒരു വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍ എസ്.എഫ്.ഐയുടെ ജനകീയതക്കും സുതാര്യതക്കും കോട്ടം വരുത്തിയിട്ടുണ്ട്. സംഘ് പരിവാറിന്റെ ഹിന്ദുത്വ അജണ്ടകള്‍ അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുമ്പോഴും ദലിത്-ബഹുജന്‍ ഐക്യ രാഷ്ട്രീയവും സ്വത്വ രാഷ്ട്രീയവും ഉന്നയിക്കുന്നവരെ വര്‍ഗീയവാദികളെന്നു മുദ്രകുത്തുന്നു. ഭൂരിപക്ഷ വര്‍ഗീയതക്കു തുല്യം ന്യൂനപക്ഷ വര്‍ഗീയതയെന്നു സമവാക്യങ്ങളെഴുതുന്ന ഇടതുപക്ഷത്തില്‍ പ്രതീക്ഷകളവശേഷിക്കുന്നില്ലെന്നും അത്തരം ഇടനിലക്കാരുടെ സഹായം ആവശ്യമില്ലെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉയിര്‍പ്പ് കാമ്പസുകളിലെ രാഷ്ട്രീയ ദിശാമാറ്റത്തിന്റെ പ്രകടമായ സൂചനകളാണ്.
സവര്‍ണ അധീശത്വത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്ന സര്‍ഗാത്മക ചെറുത്തുനില്‍പ്പിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് എറണാകുളം മഹാരാജാസ് കോളേജിലെ ദലിത് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച വില്ലുവണ്ടി എന്ന മ്യൂസിക്കല്‍ ബാന്‍ഡ്. മഹാത്മാ അയ്യങ്കാളിയുടെ അവകാശ പോരാട്ടങ്ങളെ പുനഃസൃഷ്ടിക്കുംവിധം ജാതീയ അസമത്വങ്ങള്‍ക്കെതിരെ ഇവര്‍ സംഗീതം കൊണ്ട് പ്രതിരോധം തീര്‍ക്കുന്നു. വലതിലും ഇടതിലും വിശ്വസിക്കാതെ ബഹുജന്‍ വിപ്ലവത്തിന്റെ ബദല്‍ രാഷ്ട്രീയത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന വില്ലുവണ്ടിക്കും അവരുടെ ആശയാദര്‍ശങ്ങള്‍ക്കുമുള്ള സ്വീകാര്യത കാമ്പസുകളിലെ രാഷ്ട്രീയ സംസ്‌കാരത്തിലെ വലിയൊരു ദിശാമാറ്റത്തെ കുറിക്കുന്നുണ്ട്.
സാമൂഹിക നീതി, സാഹോദര്യം, ജനാധിപത്യം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി, ദലിത്-ബഹുജന്‍ ഐക്യം എന്ന രാഷ്ട്രീയാദര്‍ശത്തിലൂന്നി കേരളത്തിലെ മുഖ്യധാരാ കാമ്പസുകളിലെല്ലാം പ്രവര്‍ത്തിക്കുന്ന ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, വിവിധ കാമ്പസുകളിലായി പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ സ്റ്റഡി സര്‍ക്ക്ള്‍, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് കളക്ടീവ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പരമ്പരാഗത മുഖ്യധാരാ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകളുടെ അപ്രമാദിത്വത്തിനിടയിലും കൃത്യമായ സ്‌പേസ് കിട്ടുന്നുണ്ട് എന്നതും അവരുടെ രാഷ്ട്രീയം കാമ്പസുകളില്‍ പലവിധത്തില്‍ അംഗീകരിക്കപ്പെടുന്നുണ്ട് എന്നതും കേരളീയ കലാലയങ്ങളിലെ ചലനാത്മകതയുടെ ഉദാഹരണങ്ങളാണ്.
ലിംഗരാഷ്ട്രീയത്തില്‍ സംഭവിച്ചിട്ടുള്ള ചലനങ്ങളാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. രാഷ്ട്രീയരംഗത്ത് വേണ്ടത്ര പങ്കാളിത്തമൊന്നുമില്ലാതിരുന്ന പെണ്‍കുട്ടികള്‍ പുതിയ കാലത്ത് ഏറ്റവും സര്‍ഗാത്മകമായി രാഷ്ട്രീയ വ്യവഹാരങ്ങളില്‍ തങ്ങളുടെ ഇടം നിര്‍ണയിക്കുന്നതും അവകാശപോരാട്ടങ്ങളില്‍ മുന്‍നിരയില്‍ അണിചേരുന്നതുമെല്ലാം കേരളത്തിലെ കാമ്പസുകളിലെ രാഷ്ട്രീയ സംസ്‌കാരങ്ങളിലുണ്ടായ സുപ്രധാനമായ ഒരു മാറ്റമാണ്. പുരുഷഹുങ്കിന്റെയും ആണധികാരത്തിന്റെയും മാത്രം ഇടങ്ങളായി ഗണിക്കപ്പെട്ടിരുന്ന കലാലയ രാഷ്ട്രീയം പെണ്‍കുട്ടികളുടെ വര്‍ധിച്ച പ്രാതിനിധ്യത്തോടെ പുതിയ മാനങ്ങള്‍ കൈവരിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കാനാവാത്ത വസ്തുതയാണ്. ലേഡീസ് ഹോസ്റ്റലുകളിലെ അസമത്വങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ കഴിഞ്ഞ വര്‍ഷം കേരളത്തിലെ മുഖ്യധാരാ കാമ്പസുകളിലെല്ലാം തന്നെ പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ അവകാശ സമരങ്ങള്‍ സംഘടിപ്പിക്കപ്പെടുകയുണ്ടായി. സംവരണ പോസ്റ്റുകളില്‍ മാത്രം കലാലയ യൂനിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്ന പെണ്‍കുട്ടികളാണ് ഇന്ന് ചെയര്‍മാന്‍, എഡിറ്റര്‍ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങള്‍ കൈയാളുന്നത്. ഈയൊരു മാറ്റം കൂടുതല്‍ പൊളിറ്റിക്കലായുള്ള ചര്‍ച്ചകള്‍ക്കും ചോദ്യങ്ങള്‍ക്കും വേദികളൊരുക്കുമെന്നത് തീര്‍ച്ചയാണ്. ഇതില്‍തന്നെ മുസ്‌ലിം-ദലിത് വിദ്യാര്‍ഥിനികളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിലെ വര്‍ധനവ് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഡബ്ള്‍ ഒപ്രഷന് ഇരകളാകുന്നവര്‍ എന്ന നിലയില്‍ മുസ്‌ലിം-ദലിത് പെണ്‍കുട്ടികളുടെ വര്‍ധിച്ച രാഷ്ട്രീയ പ്രാതിനിധ്യം നവജനാധിപത്യ മൂല്യങ്ങള്‍ക്ക് കരുത്തേകുന്നു. ട്രാന്‍സ്ജന്റര്‍ വിഭാഗങ്ങളില്‍നിന്നു പൊതു കലാലയങ്ങളിലേക്ക് കടന്നുവരുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനവും ശുഭകരമായ മാറ്റങ്ങളാണ്.
പുതിയ കാലത്തെ വിദ്യാര്‍ഥി തലമുറ തങ്ങളുടെ മത സമുദായ ചിഹ്നങ്ങള്‍ ആവിഷ്‌കരിക്കുന്ന രീതിയിലും സമൂലമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 'മതമുപേക്ഷിക്കൂ, മനുഷ്യനാകൂ' തുടങ്ങിയ ക്ലീഷേ മതേതര വാര്‍പ്പുമാതൃകകളെ തകര്‍ത്തെറിയുന്ന കാഴ്ചകള്‍ കാമ്പസുകളിലുടനീളം കാണാവുന്നതാണ്. ഈയടുത്തുവരെ പ്രശ്‌നവത്കരിക്കപ്പെട്ടിരുന്ന അടിമത്തത്തിന്റെയും അടിച്ചേല്‍പ്പിക്കലിന്റെയും പ്രതീകമായി മാത്രം ഗണിക്കപ്പെട്ടിരുന്ന ഹിജാബ്, നിരന്തര സംവാദങ്ങള്‍ക്കും മുസ്‌ലിം പെണ്‍കുട്ടികളുടെ രാഷ്ട്രീയ ഇടപെടലുകള്‍ക്കും ശേഷം അല്‍പമെങ്കിലും ഒരു ചോയ്‌സെന്ന നിലയിലേക്ക് മാറിയത് പോലെയുള്ള ചലനങ്ങള്‍ കാമ്പസുകളില്‍ സംഭവിച്ചിട്ടുണ്ട്. തങ്ങളുടെ ഐഡന്റിറ്റി പ്രദര്‍ശിപ്പിച്ചുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ സര്‍ഗാത്മക-കലാ-കായിക രംഗങ്ങളിലും രാഷ്ട്രീയ സംവാദങ്ങളിലുമെല്ലാം ക്രിയാത്മകമായി ഇടപെടുന്നു.
ഹിന്ദുത്വ ഭീകരത രാജ്യത്ത് അതിശക്തമാംവിധം വേരോട്ടം നടത്തുമ്പോള്‍ സംഘ് പരിവാര്‍ രാഷ്ട്രീയത്തോട് വിസമ്മതം പ്രഖ്യാപിക്കുന്ന കേരളത്തിലെ കാമ്പസുകള്‍ പ്രതീക്ഷ തന്നെയാണ്. ഫാഷിസത്തിനെതിരെ കൃത്യമായ നിലപാടുകള്‍ സമയാസമയങ്ങളില്‍ സ്വീകരിക്കാന്‍ കേരളത്തിലെ കാമ്പസുകള്‍ക്ക് സാധിച്ചിട്ടുണ്ട്. അക്രമ രാഷ്ട്രീയത്തിന്റെയും ഇസ്‌ലാമോഫോബിയയുടെയും ദലിത്‌വിരുദ്ധതയുടെയും സ്ത്രീ വിരുദ്ധതയുടെയുമെല്ലാം വിഷയങ്ങള്‍ ഇന്നും അവശേഷിക്കുന്നുണ്ടെങ്കിലും ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകളെ വേരോടെ പിഴുതെറിയുന്നു എന്നതുകൊണ്ട് എടുത്തുപറയാനൊരു പ്രതിപക്ഷമില്ലാത്ത പുതിയ ഇന്ത്യയില്‍ കാമ്പസുകളിലും തെരുവുകളിലും മാത്രമാണ് പ്രതീക്ഷ; അതേ, അടിച്ചമര്‍ത്തപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും വളര്‍ന്നുവരുന്ന രാഷ്ട്രീയത്തില്‍. 
(തൃശൂര്‍ ശ്രീ കേരള വര്‍മ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ലേഖിക)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (22-24)
ടി.കെ ഉബൈദ്‌