Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 27

3119

1441 മുഹര്‍റം 27

വളര്‍ച്ചക്ക് വേഗം കൂട്ടിയ വിവര്‍ത്തന ഗ്രന്ഥങ്ങള്‍

ഡോ. പി.എ അബൂബക്കര്‍

ശസ്ത്രക്രിയാരംഗത്ത് എടുത്തുപറയേണ്ട ഒരു പേരാണ് അസ്സഹ്‌റാവി എന്നറിയപ്പെടുന്ന അബുല്‍ ഖാസിം ഖലഫ് ബിന്‍ അല്‍ അബ്ബാസ് അസ്സഹ്‌റാവിയുടേത്. സി.ഇ 936 മുതല്‍ 1013 വരെ അല്‍ അന്ദലൂസില്‍ ജീവിച്ച ഇദ്ദേഹം ഭിഷഗ്വരനും ശസ്ത്രക്രിയാ വിദഗ്ധനും രസതന്ത്രജ്ഞനുമായിരുന്നു. സര്‍ജറിയുടെ പിതാവായി അറിയപ്പെടുന്ന അദ്ദേഹത്തെ പാശ്ചാത്യര്‍ അബുല്‍കാസിസ്, അല്‍ബുകാസിസ് എന്നൊക്കെയാണ് വിളിക്കുന്നത്. മധ്യയുഗത്തിലെ ഏറ്റവും പ്രശസ്തനായ ഈ ശസ്ത്രക്രിയാ വിദഗ്ധന്റെ പ്രധാന ഗ്രന്ഥമാണ് 'കിത്താബുത്തസ്‌രീഫ്'  കിത്താബുത്തസ്വ്‌രീഫ് ലിമന്‍ അജസ അനിത്തഅലീഫ് എന്നാണ് പൂര്‍ണനാമം. ഈ ബൃഹദ് ഗ്രന്ഥത്തിലെ ശസ്ത്രക്രിയയെക്കുറിച്ചുള്ള അധ്യായം പിന്നീട് ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും അഞ്ഞൂറു വര്‍ഷത്തോളം യൂറോപ്പില്‍ സര്‍ജറിയുടെ ആധികാരിക ഗ്രന്ഥമെന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്തു. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ മേഖലയില്‍ അദ്ദേഹം നടത്തിയ കണ്ടുപിടിത്തങ്ങള്‍ ശ്രദ്ധേയമാണ്. ഹീമോഫീലിയ പാരമ്പര്യരോഗമാണെന്ന് ആദ്യം കണ്ടെത്തിയത് അദ്ദേഹമാണ്. വൈദ്യശാസ്ത്രത്തിലെ, പ്രത്യേകിച്ച് സര്‍ജറിയിലെ, അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തെക്കുറിച്ച് ഒരുപാട് കഥകള്‍ പ്രചാരത്തിലുണ്ട്. ആത്മഹത്യാശ്രമത്തിനിടെ കണ്ഠനാളം ഛേദിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കണ്ഠനാളം തുന്നിച്ചേര്‍ത്തുകൊണ്ട് അദ്ദേഹം സുഖപ്പെടുത്തിയതായി പറയപ്പെടുന്നു. രക്തക്കുഴലുകള്‍ മുറിഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം ശ്വാസനാളം തുന്നിച്ചേര്‍ക്കുകയായിരുന്നുവത്രെ. ന്യൂറോ സര്‍ജറിയില്‍ വിദഗ്ധനായിരുന്നു അദ്ദേഹം. ഉദരഗര്‍ഭം (അബ്‌ഡോമിനല്‍ പ്രഗ്‌നന്‍സി) എന്ന ഒരു തരത്തിലുള്ള സ്ഥാനംതെറ്റിയുള്ള ഗര്‍ഭധാരണം (എക്‌റ്റോപ്പിക് പ്രഗ്‌നന്‍സി) ആദ്യമായി വിവരിച്ചത് അദ്ദേഹമാണ്.
അഗ്നികര്‍മ(കോട്ടറൈസേഷന്‍)ത്തിലൂടെ അസുഖങ്ങള്‍ സുഖപ്പെടുത്തുന്നതില്‍ വിദഗ്ധനായിരുന്നു അദ്ദേഹം. കോഷേഴസ് മെത്തേഡ്, വാല്‍ഷര്‍ പൊസിഷന്‍ എന്നീ പേരുകളില്‍ ഇന്നറിയപ്പെടുന്ന കാര്യങ്ങള്‍ അദ്ദേഹം തന്റെ കൃതിയില്‍ വിവരിക്കുന്നുണ്ട്.
വില്യം ഹാര്‍വി രക്തചംക്രമണം കണ്ടുപിടിക്കുന്നതിന് മൂന്ന് നൂറ്റാണ്ടുമുമ്പ് ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം കണ്ടുപിടിച്ച വൈദ്യശാസ്ത്ര വിദഗ്ധനാണ് ഇബ്‌നുന്നഫീസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അലാവുദ്ദീന്‍ അബൂ അല്‍ ഹുസൈന്‍ അലി ഇബ്‌നു അബീഹസം അല്‍ ഖര്‍ശി അല്‍ ദമശ്ഖി. 1213 മുതല്‍ 1288 വരെ ജീവിച്ച ഇബ്‌നുന്നഫീസിന് ക്യാപില്ലറികളെ(സൂക്ഷ്മ രക്തവാഹിനി)ക്കുറിച്ചും വിവരമുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ രചനകളില്‍നിന്ന് മനസ്സിലാക്കാം. ദമസ്‌കസില്‍ ജനിച്ച് കെയ്‌റോയില്‍ അന്തരിച്ച വൈദ്യശാസ്ത്ര വിദഗ്ധനായ അദ്ദേഹത്തിന് പ്രത്യേകമായ താല്‍പര്യമുള്ള മേഖലയായിരുന്നു അനാട്ടമി. അശ്ശാമിലു ഫിത്ത്വിബ്ബ് അദ്ദേഹത്തിന്റെ പ്രധാന രചനയാണ്. കൂടാതെ ഇബ്‌നുസീനയുടെ അല്‍ഖാനൂന്‍ ഫിത്ത്വിബ്ബിനുള്ള വ്യാഖ്യാനമടക്കം ഒരുപാട് കൃതികള്‍ വേറെയും ഉണ്ട്. 
ഹിപ്പോക്രാറ്റിസിന്റെയും ഗാലന്റെയുമൊക്കെ രചനകളിലെ അബദ്ധങ്ങള്‍ തിരുത്തി വൈദ്യശാസ്ത്രത്തിന്റെ ആധുനീകരണത്തിന് സഹായിച്ച മറ്റൊരു പ്രതിഭയാണ് അബ്ദുല്ലത്വീഫുല്‍ ബഗ്ദാദി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുവഫ്ഫിഖുദ്ദീന്‍ മുഹമ്മദ് അബ്ദുല്ലത്വീഫ് ഇബ്‌നു യൂസുഫ് അല്‍ ബഗ്ദാദി. പല മേഖലകളില്‍ പ്രവീണനായിരുന്നു അബ്ദുല്ലത്വീഫ് അല്‍ ബഗ്ദാദി. ചരിത്രത്തില്‍ തല്‍പരനായ ഈ വൈദ്യശാസ്ത്രജ്ഞന്‍ നല്ലൊരു സഞ്ചാരിയുമായിരുന്നു. ഈജിപ്‌റ്റോളജി എന്ന ദേശചരിത്ര-സംസ്‌കാര പഠനശാഖക്ക് ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. വെറുമൊരു ചികിത്സകനായി ജീവിച്ച് മരിച്ചുപോകുന്നതിനു പകരം, വൈദ്യശാസ്ത്ര ചരിത്രത്തില്‍ അബ്ദുല്ലത്വീഫുല്‍ ബഗ്ദാദിയുടെ പേര് രേഖപ്പെടുത്തപ്പെടുന്ന വിധത്തില്‍, വൈദ്യശാസ്ത്രത്തില്‍ വേദവാക്യങ്ങളായി വിശ്വസിക്കപ്പെടുന്ന ധാരണകളുടെ തിരുത്തലിലേക്ക് നയിച്ചത് ഈ രീതിയിലുള്ള അദ്ദേഹത്തിന്റെ  ബഹുമുഖമായ ഗവേഷണ തല്‍പരതയാണ്. സി. ഇ 1200-ല്‍ ഈജിപ്തില്‍ പടര്‍ന്നുപിടിച്ച ക്ഷാമത്തില്‍ മരിച്ചവരുടെ അസ്ഥികൂടം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട അദ്ദേഹം അക്കാരണത്താല്‍തന്നെ ലോകത്ത് ആദ്യമായി നടത്തപ്പെട്ട പോസ്റ്റ്മോര്‍ട്ടം  ഓട്ടോപ്‌സികളിലൊന്ന് നടത്തിയ ആളായി അറിയപ്പെടുന്നു. കീഴ്ത്താടിയെല്ലിന്റെയും ഇടുപ്പെല്ലിന്റെയും എണ്ണത്തിന്റെ കാര്യത്തില്‍ ഗാലന്റെ കാഴ്ചപ്പാടുകള്‍ തെറ്റാണെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിയത് ഈ ദൗത്യത്തിനിടയിലാണ്. അല്‍മുഖ്താറാത്ത് ഫിത്ത്വിബ്ബ്, അത്ത്വിബ്ബ് മിനല്‍ കിതാബി വസ്സുന്ന തുടങ്ങി ഒരുപാട് രചനകള്‍ അബ്ദുല്ലത്വീഫുല്‍ ബഗ്ദാദിയുടേതായി ഉണ്ട്. 
വൈദ്യശാസ്ത്രത്തെ പുതിയ കാലത്തിനുതകുന്ന വിധത്തില്‍ പരിഷ്‌കരിക്കാന്‍ ശ്രമിച്ച മറ്റൊരു വ്യക്തിയാണ് പാശ്ചാത്യലോകത്ത് അവെന്‍സോര്‍ എന്ന പേരിലറിയപ്പെടുന്ന ഇബ്‌നു സുഹര്‍. സി.ഇ. 1094 മുതല്‍ 1162 വരെ ജീവിച്ച അദ്ദേഹം വൈദ്യശാസ്ത്രത്തിന്റെ ഒരുപാട് ശാഖകളില്‍ കനപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രപൂര്‍വഘട്ടത്തില്‍നിന്ന് ശാസ്ത്രയുഗത്തിലേക്കുള്ള വൈദ്യശാസ്ത്രത്തിന്റെ പരിണാമവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രാധാന്യമര്‍ഹിക്കുന്ന ചില കാര്യങ്ങള്‍ മാത്രമേ ഇവിടെ എടുത്തുപറയുന്നുള്ളൂ. വൈദ്യശാസ്ത്ര ഗവേഷണത്തില്‍ മൃഗപരീക്ഷണം അദ്ദേഹം നടപ്പിലാക്കി. ഔഷധപ്രയോഗങ്ങള്‍ മാത്രമല്ല, പല ശസ്ത്രക്രിയാരീതികളും മൃഗങ്ങളില്‍ പരീക്ഷിച്ച് ഉറപ്പുവരുത്തിയാണ് അദ്ദേഹം മനുഷ്യരില്‍ പ്രയോഗിച്ചിരുന്നത്. ആടില്‍ അദ്ദേഹം നടത്തിയ ട്രക്കിയോട്ടമി പരീക്ഷണം പ്രസിദ്ധമാണ്. ചരിത്രത്തിലെ ആദ്യത്തെ എക്‌സ്‌പെരിമെന്റല്‍ ട്രക്കിയോട്ടമിയായിരുന്നു അത്. പിന്നീട് മൈക്രോബയോളജിയുടെ ഉല്‍പത്തിയിലേക്ക് നയിച്ച ഒരുപാട് നിരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി. മനുഷ്യന്റെ  കണ്ണുകള്‍ കൊണ്ട് കാണാനാവാത്ത സൂക്ഷ്മജീവികളുണ്ടാകാനുള്ള സാധ്യത അദ്ദേഹം തന്റെ കിത്താബുത്തയ്‌സീര്‍ എന്ന ഗ്രന്ഥത്തില്‍ എടുത്തുപറയുന്നുണ്ട്. കണ്ണുകള്‍ കൊണ്ട് കാണാനാവാത്ത കൃമികളെക്കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളിലും പരാമര്‍ശങ്ങളുണ്ടെങ്കിലും ക്ഷയം പോലുള്ള രോഗങ്ങളുടെ നിദാനഘടകങ്ങളില്‍ സൂക്ഷ്മജീവികളെ അവഗണിച്ചുകൊണ്ട് മറ്റുപലതിനും പ്രാധാന്യം നല്‍കുകയാണുണ്ടായത്. സ്‌കാബീസിന്റെ നിദാനം പ്രാണിവര്‍ഗത്തില്‍പെട്ടതും കണ്ണുകള്‍ കൊണ്ട് കാണാന്‍ പറ്റാത്തതുമായ ജീവികളാണെന്ന് പറഞ്ഞുകൊണ്ടാണ് അവയേക്കാള്‍ സൂക്ഷ്മമായ ജീവികളെക്കുറിച്ചുള്ള പരാമര്‍ശം അദ്ദേഹം നടത്തുന്നത്. എന്നാല്‍  ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ സ്‌കാബീസിന് സമാനമായ പാമയുടേതായി വിവരിക്കുന്ന നിദാനഘടകങ്ങളില്‍ അതൊരു ജന്തുജന്യരോഗമാണെന്ന കാര്യം വ്യക്തമല്ല. കപടശാസ്ത്രം എന്ന പദം ഉരുത്തിരിയാത്ത ആ കാലഘട്ടത്തിന്റെ പരിമിതികള്‍ക്കകത്തുനിന്ന് വ്യാജവൈദ്യത്തിനും കപടശാസ്ത്രത്തിനുമെതിരെ അദ്ദേഹം കൈക്കൊണ്ട മുന്‍കരുതല്‍ ശ്രദ്ധേയമാണ്. വ്യാജവൈദ്യത്തിനും ജ്യോതിഷത്തിലൂടെയുള്ള അന്ധവിശ്വാസപ്രചാരണങ്ങള്‍ക്കുമെതിരെ അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്.
പ്രസാരണഘട്ടമാണ് അടുത്തത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ തുടങ്ങി  പതിമൂന്ന്, പതിനാല് നൂറ്റാണ്ടുകളില്‍ വളര്‍ച്ച പ്രാപിച്ച ഈ ഘട്ടത്തില്‍ അറിവുകള്‍ പുറത്തേക്ക് പ്രസരിക്കാന്‍ തുടങ്ങി. ഇസ്ലാമികലോകത്തുനിന്നുള്ള ഏറ്റവും പരിഷ്‌കൃതമായ അറിവ് സ്വായത്തമാക്കാനായി യൂറോപ്യര്‍ മത്സരിച്ചു. അറബിയില്‍നിന്ന് ലാറ്റിനിലേക്ക് പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിക്കൊണ്ട് യൂറോപ്യര്‍ തങ്ങളുടെ പഴഞ്ചന്‍ അറിവുകള്‍ക്കു  പകരം അന്നത്തെ ഏറ്റവും പരിഷ്‌കൃതമായ അറിവ് സമ്പാദിക്കാന്‍ മത്സരിച്ചു. ഇംഗ്ലീഷടക്കമുള്ള ആധുനിക-യൂറോപ്യന്‍ ഭാഷകള്‍ സാഹിത്യഭാഷകളായി അന്ന് വികസിച്ചിരുന്നില്ല. പക്ഷേ അവയെയെല്ലാം കോര്‍ത്തിണക്കിക്കൊണ്ട് ബന്ധഭാഷയുടെ രൂപത്തില്‍ അന്ന് ലാറ്റിന്‍ തലയെടുപ്പോടെ നിലനിന്നിരുന്നു. അതുകൊണ്ടാണ് അറബി ഗ്രന്ഥങ്ങള്‍ ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. അറബി-ലാറ്റിന്‍ വിവര്‍ത്തന പ്രസ്ഥാനം വൈദ്യഗ്രന്ഥങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. എല്ലാ വിജ്ഞാനശാഖകളിലും അത് അലയടിച്ചു. ദര്‍ശനം, ഭൗതികവിജ്ഞാനങ്ങള്‍, മനശ്ശാസ്ത്രം, തര്‍ക്കം, ജ്യോതിശാസ്ത്രം തുടങ്ങിയവയെല്ലാം അതിലുള്‍പെടുന്നു. തത്ത്വചിന്താരംഗത്തെ മധ്യകാല-അറബ് സിദ്ധാന്തങ്ങളുമായി യൂറോപ്യന്മാര്‍ പരിചയപ്പെടുന്നത് അങ്ങനെയാണ്.
അറബി ഗ്രന്ഥങ്ങളിലുള്ള, കാലികമായി പരിഷ്‌കരിക്കപ്പെട്ടതും അന്നത്തെ നിലവാരമനുസരിച്ച് ഏറ്റവും ശാസ്ത്രീയമെന്ന് വിവരിക്കപ്പെടാവുന്നതുമായ അറിവുകള്‍ ലാറ്റിന്‍ പരിഭാഷകളിലൂടെ യൂറോപ്പിലെത്തുന്നതിന് ഭൂമിശാസ്ത്രപരമായ  വാതായനങ്ങളായി വര്‍ത്തിച്ച ചില പ്രദേശങ്ങളുണ്ടായിരുന്നു; പല കാരണങ്ങളാല്‍ അറബ്- യൂറോപ്യന്‍ സംസ്‌കാരങ്ങളുടെ സംഗമബിന്ദുക്കളാവാന്‍ അവസരം ലഭിച്ച പ്രദേശങ്ങള്‍. ജറൂസലം, സിസിലി, സ്‌പെയിനിലെ ടൊലേഡോ എന്നിവ അക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. മിശ്രസംസ്‌കാരങ്ങളോടുകൂടിയ ഇത്തരം പ്രദേശങ്ങളില്‍ ബഹുഭാഷികളുടെ സാന്നിധ്യം കൂടുതലായിരിക്കുമെന്നതും  വിവര്‍ത്തന സാഹിത്യത്തിന് അനുകൂലമായ ഘടകമാണ്. ജറൂസലം ഭൂമിശാസ്ത്രപരമായി മധ്യപൗരസ്ത്യദേശത്താണെങ്കിലും മുസ്‌ലിംകള്‍ക്കു പുറമെ  ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കും  മതപരമായ പ്രാധാന്യമുള്ളതിനാലും അവരില്‍ നല്ലൊരു വിഭാഗം യൂറോപ്യന്മാരായതിനാലും യൂറോപ്പിനും അറബ് ലോകത്തിനും മധ്യത്തിലുള്ള സാംസ്‌കാരിക ഇടനാഴി എന്ന് അതിനെ വിശേഷിപ്പിക്കാം. സിസിലിയാണെങ്കില്‍ ഭൂമിശാസ്ത്രപരമായിത്തന്നെ യൂറോപ്പിനും മധ്യപൗരസ്ത്യദേശങ്ങള്‍ക്കുമിടയിലാണ്. ടൊലേഡോ അടങ്ങുന്ന സ്‌പെയിനാവട്ടെ യൂറോപ്പിനകത്തായിരുന്നതിനാല്‍ പാശ്ചാത്യര്‍ക്ക് ഏറ്റവുമടുത്ത മുസ്‌ലിം പ്രദേശമായി അത് വര്‍ത്തിച്ചു. അറബിയില്‍നിന്ന് ലാറ്റിനിലേക്കുള്ള പരിഭാഷാപ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ ടൊലേഡോവിന് അതിന്റേതായ ഇടമുണ്ട്. യുദ്ധങ്ങളും കീഴ്‌പ്പെടുത്തലുകളും ഈ പ്രദേശങ്ങളെ പരിഭാഷാപ്രവര്‍ത്തനങ്ങള്‍ക്കായി പരുവപ്പെടുത്തിയിട്ടുണ്ട്. 1085-ല്‍ ടൊലേഡോയും 1091-ല്‍ സിസിലിയും 1099-ല്‍ ജറൂസലമും യുദ്ധത്തിലൂടെ അറബികള്‍ക്ക് നഷ്ടമായി. സ്വാഭാവികമായും പരാജയപ്പെട്ടവരുടെ സ്വത്തുവഹകള്‍ വിജയികളുടെ കൈകളില്‍ വരുമല്ലോ. ഇവിടെ പ്രധാനപ്പെട്ട സമ്പത്ത് അറിവാണെന്നും അത് തങ്ങള്‍ക്കറിയാത്ത ഭാഷയില്‍ രേഖപ്പെട്ടു കിടക്കുകയാണെന്നുമുള്ള യൂറോപ്യന്മാരുടെ തിരിച്ചറിവും പരിഭാഷാപ്രസ്ഥാനത്തിന് പിന്നിലുണ്ട്.
അറബിയില്‍നിന്ന് ലാറ്റിനിലേക്കുള്ള ഈ വിവര്‍ത്തനപ്രവര്‍ത്തനങ്ങള്‍ക്ക്  ചുക്കാന്‍ പിടിച്ച ചിലരുണ്ട്. ഡൊമിനിക്കസ് ഗണ്ടിസാലിനസ്, ക്രിമോണയിലെ ജറാര്‍ഡ് എന്നിവര്‍ അക്കൂട്ടത്തില്‍ പ്രമുഖരാണ്. സി.ഇ 1115 മുതല്‍ 1190 വരെ ജീവിച്ച ഡൊമിനിക്കസ് ഗണ്ടിസാലിനസ് ടൊലേഡോയിലെ പരിഭാഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇബ്‌നുസീനയും അല്‍ ഗസ്സാലിയുമടക്കമുള്ളവരുടെ രചനകള്‍ ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ക്രിമോണയിലെ ജറാര്‍ഡ് എന്ന പേരില്‍ രണ്ട് പരിഭാഷകരുണ്ടായിരുന്നോ എന്ന് ചില ചരിത്രകാരന്മാര്‍ സംശയിക്കുന്നുണ്ട്. അവരുടെ അഭിപ്രായത്തില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഒന്നാം ജറാര്‍ഡ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ജ്യോതിശാസ്ത്രഗ്രന്ഥങ്ങളിലും മറ്റുമായിരുന്നു. നമ്മുടെ ചര്‍ച്ചയില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചുവെന്ന് കരുതപ്പെടുന്ന, വൈദ്യഗ്രന്ഥങ്ങളുടെ പരിഭാഷകനായ രണ്ടാം ജറാര്‍ഡ് ആണ്. ഇബ്‌നുസീനയും റാസിയുമടക്കമുള്ളവരുടെ ഒരുപാട് രചനകളുടെ ലാറ്റിന്‍ പരിഭാഷകള്‍ ക്രിമോണയിലെ ജറാര്‍ഡിന്റെ പേരിലുണ്ട്. രണ്ട് ജറാര്‍ഡുമാരുണ്ടെന്ന കാഴ്ചപ്പാടനുസരിച്ച് അവയൊക്കെ രണ്ടാം ജറാര്‍ഡിന്റേതാണ്.
അറബിയില്‍നിന്ന് ലാറ്റിനിലേക്കുള്ള വിവര്‍ത്തനങ്ങളിലൂടെയാണ് കാലികമായി പരിഷ്‌കരിക്കപ്പെട്ട അറിവുകള്‍ യൂറോപ്പിലെത്തിച്ചേര്‍ന്നത്. പാശ്ചാത്യ സമൂഹത്തെ ആധുനികതയിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയത് അത്തരം അറിവുകളാണ്. ജ്ഞാനോദയം, നവോത്ഥാനം തുടങ്ങി യൂറോപ്പില്‍ പുതുവെളിച്ചം പരത്തിയ പല സംഭവങ്ങള്‍ക്കും പിന്നില്‍ ഇവയുടെ സ്വാധീനമുണ്ട്. അല്‍ അന്ദലൂസ് എന്നറിയപ്പെട്ട സ്‌പെയിനും അതിലെ കൊര്‍ദോവ പോലുള്ള വിജ്ഞാനകേന്ദ്രങ്ങളും ഈ മാറ്റം ത്വരിതപ്പെടുത്തി. ഇബ്‌നുസീനയുടെയും റാസിയുടെയും അസ്സഹ്‌റാവിയുടെയുമൊക്കെ കൃതികളുടെ ലാറ്റിന്‍ വിവര്‍ത്തനങ്ങള്‍ യൂനിവേഴ്‌സിറ്റികളില്‍ പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകള്‍ വരെ പ്രധാനപ്പെട്ട മെഡിക്കല്‍ ടെക്സ്റ്റ് ബുക്കുകളായിരുന്നു. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (22-24)
ടി.കെ ഉബൈദ്‌