Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 27

3119

1441 മുഹര്‍റം 27

ഗ്രന്ഥശേഖരം

ഹൈദറലി ശാന്തപുരം

(പ്രവാസ സ്മരണകള്‍-9)

ചെറുപ്രായത്തില്‍തന്നെ വായനയോടും എഴുത്തിനോടും സവിശേഷ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും പുസ്തകം വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ സ്വന്തമായി പുസ്തകങ്ങളുണ്ടായിരുന്നില്ല. മദീനാ യൂനിവേഴ്‌സിറ്റിയിലെ പഠനകാലത്ത് യൂനിവേഴ്‌സിറ്റിയില്‍നിന്ന് സൗജന്യമായി ലഭിച്ച അറബി റഫറന്‍സ് ഗ്രന്ഥങ്ങളായിരുന്നു എന്റെ ഗ്രന്ഥശേഖരത്തിന്റെ തുടക്കം. ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ പഠനകാലത്ത് ടെക്സ്റ്റ് ബുക്കുകള്‍ പോലും കാശു കൊടുത്ത് വാങ്ങാനുള്ള ശേഷിയില്ലാതിരുന്നതിനാല്‍ മറ്റുള്ളവരുടെ കൈവശമുള്ള ടെക്സ്റ്റ് ബുക്കുകള്‍ സ്വന്തം കൈയക്ഷരത്തില്‍ നോട്ടുബുക്കുകളിലേക്ക് പകര്‍ത്തുകയായിരുന്നു പതിവ്.
യു.എ.ഇയിലെ പ്രവാസ ജീവിതത്തോടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു. വേതനമായി ലഭിക്കുന്ന സംഖ്യയില്‍നിന്ന് ഒരു ഭാഗം പുസ്തകങ്ങള്‍ വാങ്ങാന്‍ നീക്കിവെച്ചു. ദുബൈ നാഇഫ് റോഡിലെ ദുബൈ ലൈബ്രറിയും ബര്‍ദുബൈയിലെ ദാറുല്‍ ഖലമുമായിരുന്നു പുസ്തകങ്ങള്‍ തെരഞ്ഞു പിടിച്ച് വാങ്ങാവുന്ന കേന്ദ്രങ്ങള്‍. ഷാര്‍ജയില്‍ നല്ല പുസ്തകങ്ങള്‍ ലഭിക്കുന്ന മറ്റു ചില പുസ്തകശാലകളുമുണ്ടായിരുന്നു. ഇടക്കിടെ അവിടങ്ങളില്‍ സന്ദര്‍ശനം നടത്തി പുസ്തകങ്ങള്‍ വാങ്ങുന്നത് പതിവാക്കി. ദുബൈയിലെ  ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹില്‍ ആദ്യകാലങ്ങളില്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവന്നിരുന്ന ബുക് എക്‌സിബിഷനുകളും പുസ്തക ശേഖരത്തിന് ഒരു പ്രധാന അവലംബമായി. ഷാര്‍ജയിലെ എക്‌സ്‌പോ സെന്ററില്‍ ഇന്റര്‍നാഷ്‌നല്‍ ബുക്‌ഫെയര്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയതോടെ അവിടെനിന്നും പുസ്തകങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം മുതലായ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ വിവിധ മേഖലകളിലുള്ള പൗരാണികവും ആധുനികവുമായ റഫറന്‍സ് ഗ്രന്ഥങ്ങള്‍ക്കു പുറമെ നൂതന വിഷയങ്ങള്‍ അധികരിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങളും ഇങ്ങനെ ശേഖരിച്ചവയില്‍ പെടും. തിരിച്ചുവരുമ്പോള്‍ ഈ പുസ്തകശേഖരം വിമാനമാര്‍ഗം കൊണ്ടുവരാന്‍ സാധ്യമല്ലാത്തതിനാല്‍ മടക്കയാത്രക്ക് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പുസ്തകങ്ങള്‍ നാല്‍പത് വലിയ കാര്‍ട്ടനുകളില്‍ പാക്ക് ചെയ്ത് കാര്‍ഗോ കമ്പനി വഴി കൊച്ചിയിലേക്ക് കപ്പല്‍മാര്‍ഗം അയക്കുകയാണ് ചെയ്തത്. തിരിച്ചെത്തിയ ശേഷം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ കസ്റ്റംസ് ക്ലിയറന്‍സ് സെന്ററില്‍ പോയി ഒരു ലോറിയില്‍ അവ വീട്ടില്‍ കൊണ്ടുവന്നു. പുസ്തകങ്ങള്‍ മുഴുവന്‍ വീട്ടില്‍ വെക്കാന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ സ്ഥിരം ഉപയോഗമില്ലാത്ത റഫറന്‍സ് ഗ്രന്ഥങ്ങള്‍, പത്ത് കാര്‍ട്ടന്‍ പുസ്തകങ്ങള്‍ ശാന്തപുരം അല്‍ജാമിഅക്ക് നല്‍കി. അടുത്തകാലത്ത് കണ്ണിന്റെ കാഴ്ച മങ്ങുകയും ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ കഴിയാതെ വരികയും ചെയ്തപ്പോള്‍, എന്റെ കാലശേഷം കുടുംബത്തില്‍ അതുപയോഗപ്പെടുത്തുന്ന ആരെങ്കിലുമുണ്ടാവുമെന്ന പ്രതീക്ഷയില്ലാത്തതിനാല്‍ അവശേഷിക്കുന്ന മുഴുവന്‍ അറബി ഗ്രന്ഥങ്ങളും അല്‍ജാമിഅ ലൈബ്രറിയിലേക്ക് വഖ്ഫ് ചെയ്യുകയാണുണ്ടായത്. ഉര്‍ദു ഭാഷയിലുള്ള ചില പ്രധാന ഗ്രന്ഥങ്ങളും അല്‍ജാമിഅയിലേക്ക് വഖ്ഫ് ചെയ്ത ഗ്രന്ഥശേഖരത്തില്‍ ഉണ്ടായിരുന്നു. മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍, തഫ്ഹീമാത്ത്, തന്‍ഖീഹാത്ത്, ഇസ്തിഫ്‌സാറാത്ത്, റസാഇല്‍ വമസാഇല്‍ മുതലായ ഗ്രന്ഥങ്ങള്‍ അവയില്‍ പെടും. മൗലാനാ മൗദൂദിയുടെ വിയോഗശേഷം ലാഹോറിലെ ജസാറത്ത് പത്രം ഇറക്കിയ മൗലാനാ മൗദൂദി സ്‌പെഷ്യല്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. മൗലാനയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ അപൂര്‍വ ചിത്രങ്ങളും പ്രമുഖ വ്യക്തികളുടെ അനുസ്മരണ ലേഖനങ്ങളുമടങ്ങിയ ഈ വിശേഷാല്‍ പതിപ്പ് അല്‍ജാമിഅ ലൈബ്രറിക്ക് ഒരമൂല്യനിധിയായിരിക്കും.

യാത്രപറയലും യാത്രയയപ്പും
സുഊദി അറേബ്യയില്‍ ഇസ്‌ലാമിക കാര്യമന്ത്രാലയത്തിനു കീഴില്‍ സേവനമനുഷ്ഠിക്കുന്നവരുടെ വിരമിക്കല്‍ പ്രായം അറുപത്തിമൂന്ന് വയസ്സാണ്. അതനുസരിച്ച് 1943-ല്‍ ജനിച്ച ഞാന്‍ വിരമിക്കേണ്ടത് 2006-ല്‍ ആണ്. ജോലിയില്‍ പ്രവേശിച്ചത് ഫെബ്രുവരി 4-ന് ആയതുകൊണ്ട് ഫെബ്രുവരി 3-ന് എന്റെ സേവനകാലം അവസാനിച്ചു. അതു സംബന്ധിച്ച് വിവരം ലഭിച്ചതനുസരിച്ച് യു.എ.ഇയിലെ ചില പ്രവാസി സംഘടനകളും കൂട്ടായ്മകളും എനിക്ക് യാത്രയയപ്പു സംഘടിപ്പിക്കാന്‍ അനുവാദം ചോദിച്ചു. യാത്രയയപ്പ് യോഗങ്ങളുണ്ടാവുന്നത് യാത്ര പോകുന്ന വ്യക്തിയുടെ ഉള്ളതും ഇല്ലാത്തതുമായ അപദാനങ്ങള്‍ എടുത്ത് പറയലായിരിക്കുമെന്ന് വിശ്വസിക്കുന്നതുകൊണ്ട് ഞാന്‍ ആര്‍ക്കും അനുവാദം നല്‍കിയില്ല. ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ആവശ്യപ്പെട്ടപ്പോഴും അതേ നയം തന്നെയാണ് സ്വീകരിച്ചത്. യാത്രയയപ്പിന് ഞാന്‍ വഴങ്ങില്ല എന്ന് മനസ്സിലാക്കിയ ഐ.സി.സി ബര്‍ദുബൈ ഘടകം പ്രവര്‍ത്തകര്‍ പറഞ്ഞു: ''യാത്രയയപ്പിന് നിങ്ങള്‍ സന്നദ്ധനാവാത്ത സാഹചര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് യാത്രപറയുന്ന ഒരു പരിപാടി സംഘടിപ്പിക്കാം. അതില്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതാനുഭവങ്ങള്‍ വിവരിച്ചാല്‍ മതി. അത് പ്രവര്‍ത്തകര്‍ക്ക് ഒരു നല്ല അനുഭവമായിരിക്കും.'' ഞാനത് സമ്മതിക്കുകയും പരിപാടി നടക്കുകയും ചെയ്തു. മൂന്ന് മണിക്കൂര്‍ നീണ്ട എന്റെ സംസാരത്തില്‍ ജീവിതാനുഭവങ്ങള്‍ വിവരിച്ചു. വിവരമറിഞ്ഞ ഐ.സി.സിയുടെ ഇതര ഘടകങ്ങളും അതേപോലുള്ള പരിപാടി ആവശ്യപ്പെടുകയും ഞാനത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ യാത്രയയപ്പ് പരിപാടി യാത്രപറയല്‍ പരിപാടിയായി. യാത്ര പറയല്‍ പരിപാടിയാണ് കൂടുതല്‍ ഫലപ്രദമെന്ന് എല്ലാവര്‍ക്കും  ബോധ്യമായി.
മര്‍കസുദ്ദഅ്‌വയില്‍നിന്ന് പിരിഞ്ഞുപോകുന്ന ആര്‍ക്കും യാത്രയയപ്പ് നല്‍കുന്ന പതിവില്ല. എന്റെ മുപ്പതു വര്‍ഷത്തെ സേവനത്തിനിടയില്‍ അഞ്ച് മുദീറുമാര്‍ മാറി വന്നിട്ടുണ്ട്. ശൈഖ് സഅ്ദുബ്‌നു ഇബ്‌റാഹീം അല്‍ ഖര്‍ആന്‍, ശൈഖ് ഉമറുബ്‌നു അബ്ദില്‍ അസീസ് അല്‍ ഉസ്മാന്‍, ശൈഖ് അലി ബ്‌നു മുസ്വ്‌ലിഹ് ആലുശാകിര്‍, ശൈഖ് ഇബ്‌റാഹീമുബ്‌നു ഇബ്‌റാഹീം അത്തുര്‍ക്കി, ശൈഖ് അസീസുബ്‌നു ഫര്‍ഹാന്‍ അല്‍ അന്‍സി എന്നിവരാണവര്‍. ഏതാനും ദാഇകള്‍ എനിക്കു മുമ്പ് പിരിഞ്ഞുപോയിട്ടുണ്ടെങ്കിലും പ്രത്യേക യോഗം സംഘടിപ്പിച്ച് ഇവര്‍ക്കാര്‍ക്കും യാത്രയയപ്പ് നല്‍കിയിട്ടില്ല. എന്നാല്‍ എന്റെ കാര്യത്തില്‍ മുദീറായിരുന്ന ശൈഖ് അസീസുബ്‌നു ഫര്‍ഹാന്‍ അല്‍ അന്‍സി സ്വീകരിച്ച നിലപാട് തികച്ചും വ്യത്യസ്തമായിരുന്നു. മര്‍കസിലെ മുഴുവന്‍ സ്റ്റാഫിനെയും വിളിച്ചുവരുത്തി മുദീര്‍ തന്നെ എന്റെ ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറഞ്ഞ് സംസാരിക്കുകയും അദ്ദേഹം സ്വന്തം കൈപ്പടയിലെഴുതിയ ഒരു കൃതജ്ഞതാ പത്രം സമര്‍പ്പിക്കുകയും ചെയ്തു. 'കൃതജ്ഞത, അംഗീകാരം' എന്ന തലക്കെട്ടില്‍ അദ്ദേഹമെഴുതി: 'ഈ മര്‍കസിലെ മുദീറും അതിലെ മുഴുവന്‍ പ്രവര്‍ത്തകരും ശൈഖ് ഹൈദറലിക്ക്, അദ്ദേഹം എന്റെ മര്‍കസിലെ സുദീര്‍ഘമായ പ്രവര്‍ത്തനത്തിലുടനീളം നിര്‍വഹിച്ച അധ്വാനപരിശ്രമങ്ങളില്‍ കൃതജ്ഞതയും മതിപ്പും രേഖപ്പെടുത്തുന്നു. അദ്ദേഹം ഒരു പ്രബോധകന്റെ ഉത്തമ മാതൃകയും നല്ല ഉദാഹരണവുമായിരുന്നു. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുകയും അദ്ദേഹത്തിന്റെ പാദങ്ങളെ ശരിയായ പാതയില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുമാറാവട്ടെ. അദ്ദേഹത്തിന്റെ ശിഷ്ടജീവിതം കഴിഞ്ഞുപോയ ജീവിതത്തേക്കാള്‍ കൂടുതല്‍ ഉന്നതമാക്കിത്തീര്‍ക്കുമാറാകട്ടെ. അല്ലാഹുവിലേക്കുള്ള പ്രബോധന മാര്‍ഗത്തിലെ പ്രയാണം തുടരണമെന്ന് നാം അദ്ദേഹത്തെ ഉപദേശിക്കുന്നു.' എന്റെ ചില സഹപ്രവര്‍ത്തകരും സംസാരിച്ചു. മുദീര്‍ എനിക്ക് സമ്മാനമായി വിവിധയിനം സുഗന്ധദ്രവ്യങ്ങളടങ്ങിയ ഒരു കിറ്റ് നല്‍കി.
നീണ്ട പതിറ്റാണ്ടുകാലം സേവനമനുഷ്ഠിച്ച സ്ഥാപനത്തിലെ മുഴുവന്‍ പേരുടെയും ആദരവും കൃതജ്ഞതയും നേടിക്കൊണ്ട് അവിടത്തെ സേവനമവസാനിപ്പിക്കാന്‍ അനുഗ്രഹമരുളിയ പരമകാരുണികനെ ഞാന്‍ സ്തുതിച്ചു, അല്‍ഹംദു ലില്ലാഹ്....
രണ്ടു വര്‍ഷം കഴിഞ്ഞ് ഞാന്‍ മര്‍കസുദ്ദഅ്‌വ സന്ദര്‍ശിച്ചപ്പോള്‍ അതേ മുദീറിനെ കണ്ടു. അദ്ദേഹം ആദരപൂര്‍വം എന്നെ സ്വീകരിക്കുകയും നാട്ടിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും എനിക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. എം.സി.എ നാസിര്‍ ഗള്‍ഫ് മാധ്യമത്തില്‍ എ.എന്‍  എന്ന തൂലികാ നാമത്തില്‍ എന്നെക്കുറിച്ച് ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിലദ്ദേഹം എന്നെപ്പറ്റി രണ്ട് കാര്യങ്ങള്‍ എടുത്തെഴുതി. ഞാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല എന്നും സ്വന്തം വാഹനമില്ലാതെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലായിരുന്നു യാത്ര എന്നും. ഞാന്‍ ദുബൈ ജീവിതത്തില്‍ അധികകാലത്തും മൊബൈല്‍ ഉപയോഗിക്കാറുണ്ടായിരുന്നില്ല. എനിക്ക് വരുന്ന കോളുകളില്‍ അധികവും മതവിധി തേടിക്കൊണ്ടുള്ള അന്വേഷണങ്ങളായിരിക്കും. ഞാന്‍ ആ സമയത്ത് പള്ളിയിലോ വഴിയോരങ്ങളിലോ ആയിരിക്കും. ആ രണ്ട് സമയത്തും മസ്അലകള്‍ക്ക് മറുപടി നല്‍കുന്നത് ഉചിതമല്ല. അതിനാല്‍ കോളര്‍ ഐ.ഡിയോടു കൂടിയ ലാന്റ് ഫോണാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. ഞാന്‍ താമസസ്ഥലത്തുണ്ടെങ്കില്‍ കോളുകള്‍ എനിക്ക് നേരിട്ട് കിട്ടും. അതിന് ഉടനെ മറുപടി പറയും. ഇല്ലെങ്കില്‍ തിരിച്ചെത്തിയ ഉടനെ നമ്പര്‍ നോക്കി തിരിച്ചുവിളിക്കും. ഫോണിന്റെ കൂടെ ഫാക്‌സ് മെഷീനും താമസസ്ഥലത്ത് സ്ഥാപിച്ചിരുന്നു. എഴുത്തുരൂപത്തില്‍ സന്ദേശങ്ങള്‍ കൈമാറാനുള്ള എളുപ്പവഴി അന്ന് അതായിരുന്നു. ഒരു ഹജ്ജ് യാത്രക്കിടെ മൊബൈല്‍ ഫോണ്‍ അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ട ശേഷം മൊബൈല്‍ വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങി.
വാഹനമോടിക്കുന്നതില്‍ വ്യക്തിപരമായ ചില ശാരീരിക പ്രയാസങ്ങളുണ്ടായിരുന്നതുകൊണ്ടാണ് സ്വന്തമായി വാഹനം വാങ്ങാതിരുന്നത്. പരമാവധി നടന്നെത്താന്‍ സാധിക്കുന്ന സ്ഥലങ്ങളിലേക്ക് അങ്ങനെ പോകും. ബര്‍ദുബൈയിലേക്ക് 'അബ്‌റ'(കടത്തു ബോട്ട്)യില്‍ പോകും. വിദൂര പ്രദേശങ്ങളിലേക്കാണെങ്കില്‍ ബസ്സില്‍ പോകും. ഇന്നത്തെപ്പോലെ അന്ന് മെട്രോ സര്‍വീസ് ആരംഭിച്ചിട്ടുണ്ടായിരുന്നില്ല.

തിരിഞ്ഞുനോക്കുമ്പോള്‍
ഈയുള്ളവന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു കാലഘട്ടത്തിലെ പ്രധാന പ്രവര്‍ത്തനങ്ങളാണ് ഇതുവരെ എഴുതിയത്. കഴിഞ്ഞകാലത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ നഷ്ടബോധമില്ല. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ചിലത് ചെയ്യാന്‍ സാധിച്ചു എന്ന ആത്മനിര്‍വൃതിയാണ് അനുഭവപ്പെടുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും ത്യാഗനിര്‍ഭരമായ കാലം അന്തമാനില്‍ ചെലവഴിച്ച കാലമാണ്. ഏറ്റവും കര്‍മനിരതമായ കാലം യു.എ.ഇയില്‍ കഴിച്ചുകൂട്ടിയ കാലവും. പരമകാരുണികനായ അല്ലാഹു ഈ പ്രവാസ കാലത്ത് ജീവിതത്തില്‍ പലവിധത്തിലും ഈയുള്ളവനെ അനുഗ്രഹിച്ചിരിക്കുന്നു. ഒന്ന് വൈജ്ഞാനിക രംഗമാണ്. ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെയും മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെയും ഒന്നര പതിറ്റാണ്ടുകാലത്തെ വിദ്യാഭ്യാസം വിജ്ഞാനത്തിന്റെ വിവിധ ശാഖകളിലേക്കുള്ള പ്രവേശനകവാടം തുറന്നുതരിക മാത്രമാണ് ചെയ്തത്. അവയുടെ അഗാധതലത്തിലേക്കിറങ്ങിക്കൊണ്ടുള്ള പഠനവും പ്രയോഗവല്‍ക്കരണവും സാധിച്ചത് പ്രവാസകാലത്താണ്. വിവിധ വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുന്നതിനും അന്വേഷണങ്ങള്‍ക്ക് വിശദീകരണം നല്‍കുന്നതിനും ധാരാളം ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യേണ്ടിവന്നിരുന്നു. എല്ലാ വിഷയങ്ങളിലുമുള്ള പോയിന്റുകളും ഖുര്‍ആന്‍ വാക്യങ്ങളും ഹദീസുകളും എപ്പോഴും അവലംബിക്കാവുന്ന കുറിപ്പുകളാക്കി അവ മുന്നില്‍ വെച്ചുകൊണ്ട് അവതരിപ്പിക്കുന്ന രീതിയാണ് ഞാന്‍ മുമ്പു മുതലേ സ്വീകരിച്ചുവരുന്നത്. പ്രവാസകാലത്ത് തയാറാക്കിയ കുറിപ്പുകള്‍ ഇന്നും എന്റെ ഒരമൂല്യ നിധിയാണ്. പെട്ടെന്ന് ഒരു വിഷയത്തില്‍ ക്ലാസ്സോ പ്രഭാഷണമോ നടത്തേണ്ടിവരുമ്പോള്‍ ആ കുറിപ്പുകള്‍ സഹായത്തിനെത്തും.

സമയനിഷ്ഠ
ജീവിതത്തില്‍ കഴിയുംവിധം കൃത്യനിഷ്ഠ പാലിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. മനുഷ്യജീവിതത്തിലെ ഏറ്റവും അമൂല്യമായ ഒന്നാണ് സമയം. നഷ്ടപ്പെട്ടുപോയാല്‍ വീണ്ടെടുക്കാന്‍ കഴിയാത്ത ഒന്ന്. അതിനാല്‍തന്നെ ഓരോരുത്തരും തന്റെ ജീവിതത്തില്‍ സമയം നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഒരു പരിപാടി ഏറ്റെടുത്ത ആള്‍ നിശ്ചിത സമയത്ത് എത്താതിരുന്നാല്‍ അതുകൊണ്ടുണ്ടാവുന്ന നഷ്ടം അയാള്‍ക്ക് മാത്രമല്ല, അയാളെ കാത്തിരിക്കുന്ന എല്ലാവര്‍ക്കുമാണ്. പരിപാടിയില്‍ പങ്കെടുക്കേണ്ടവര്‍ എത്തിയിട്ടും പരിപാടി ആരംഭിച്ചില്ല എങ്കില്‍ മറ്റുള്ളവരുടെ സമയം പാഴാക്കിയതിലുള്ള കുറ്റം സംഘാടകര്‍ക്കായിരിക്കും. ഈയുള്ളവന്‍ സമയത്തെത്തുന്നതിലും സമയത്ത് പരിപാടികള്‍ ആരംഭിക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.  കഴിയുംവിധം സമയനിഷ്ഠ പാലിക്കുന്നതുകൊണ്ടാവും കാരുണ്യവാനായ അല്ലാഹു ചില സന്ദിഗ്ധ സന്ദര്‍ഭങ്ങളില്‍ സമയത്ത് പരിപാടിക്കെത്താന്‍ അവിചാരിതമായ  മാര്‍ഗത്തിലൂടെ ഈയുള്ളവനെ സഹായിക്കുന്നത്. അല്ലാഹു എന്നെ സഹായിച്ചതിന് പല അനുഭവങ്ങളുമുണ്ട്. ഒരു സംഭവം മാത്രം അനുസ്മരിക്കുന്നു. ഒരു ദിവസം വിമാന ടിക്കറ്റ് ശരിപ്പെടുത്തുന്നതിന് ദുബൈ ഫിഷ് റൗണ്ട് എബൗട്ടിനടുത്ത ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പോയതായിരുന്നു. അന്ന് മഗ്‌രിബ് നമസ്‌കാരശേഷം നാഇഫ് റോഡിലെ ഖാലിദ് മസ്ജിദില്‍ ക്ലാസ്സുണ്ട്. എയര്‍ലൈന്‍സ് ഓഫീസിലെ ജോലി അവസാനിക്കാന്‍ താമസിച്ചതിനാല്‍ മഗ്‌രിബ് നമസ്‌കാരത്തിന് പള്ളിയില്‍ എത്താന്‍ സാധിക്കുമോ എന്ന ആശങ്കയിലായി. നടന്നെത്താവുന്ന ദൂരമല്ല ഉള്ളത്. അതിനാല്‍ ടാക്‌സി വരുന്നതും കാത്ത് ബസ് സ്റ്റോപ്പില്‍ കാത്തുനിന്നു. ടാക്‌സികള്‍ പലതും വന്നുവെങ്കിലും എല്ലാം എന്‍ഗേജ്ഡ് ആയിരുന്നു. ഇനി എന്തു ചെയ്യുമെന്ന് ആകുലപ്പെട്ട് നില്‍ക്കുമ്പോള്‍ പെട്ടെന്നതാ ഒരു പ്രൈവറ്റ് കാര്‍ ഞാന്‍ നില്‍ക്കുന്ന സ്റ്റോപ്പില്‍ വന്നു നിന്നു. അതിനകത്തുള്ള ആളെ എനിക്ക് പരിചയമില്ല. അദ്ദേഹം പറഞ്ഞു: ''കയറിക്കോളൂ. ഉസ്താദിന് എവിടെയാണ് പോകേണ്ടതെങ്കില്‍ അവിടെ എത്തിച്ചുതരാം.'' ഞാന്‍ കാറില്‍ കയറി പോകേണ്ട സ്ഥലം പറഞ്ഞു. അദ്ദേഹം എന്നെ അവിടെ എത്തിച്ചുതരികയും എനിക്ക് മഗ്‌രിബ് ബാങ്കിനു മുമ്പുതന്നെ പള്ളിയിലെത്താന്‍ സാധിക്കുകയും ചെയ്തു. ഞാന്‍  വിശ്വസിക്കുന്നത് അല്ലാഹുവാണ് എന്റെ അടുത്തേക്ക് ആ വാഹനം അയച്ചത് എന്നാണ്.


(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (22-24)
ടി.കെ ഉബൈദ്‌