രാസവളം ചേര്‍ക്കാത്ത മിന്നല്‍നോവല്‍
ചരിത്രവും മിത്തും രാഷ്ട്രീയവും അലിഞ്ഞുചേരുന്ന നോവല്‍
രാസവളം ചേര്‍ക്കാത്ത കഥകളെന്നാണ് പി.കെ പാറക്കടവ്, തന്റെ കഥകള്‍ എന്തേ ഇത്ര ചെറുതായിപ്പോയി എന്ന മലപ്പുറം ജില്ലയിലെ പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഏതാനും വരികള്‍ മാത്രമുള്ള ഓരോ രചനയും കഥയാണോ കവിതയാണോ എന്ന് തീര്‍ച്ചപ്പെടുത്തുക ശ്രമകരം. പരിമിതമായ വാക്കുകള്‍ കൊണ്ട് ആകാശവിശാലതയുള്ള രാഷ്ട്രീയമാണ് അവ വിക്ഷേപണം ചെയ്യുന്നത്. കുറഞ്ഞ സമയം കൊണ്ട് വായിച്ചുതീര്‍ക്കാനാകുമെങ്കിലും വലിയ സമയമെടുത്തുവേണം ചിന്തയുടെ അരകല്ലിലിട്ട് അതിനെ അരച്ചെടുക്കാന്‍. ബൗദ്ധിക വിസ്‌ഫോടനങ്ങളുടെ പുകയും മണവും അടങ്ങിയതിനു ശേഷം മാത്രമേ നമുക്ക് അടുത്ത കഥകളുടെ വാതില്‍പ്പാളികള്‍ തുറന്ന് അകത്തു പ്രവേശിക്കാനാകൂ.
കഥ, മിനിക്കഥ, ചെറുകഥ, നുറുങ്ങു കഥ, മിന്നല്‍ക്കഥ എന്നീ പേരുകളിട്ട് പി.കെ പാറക്കടവ് കഥകളെ അഭിസംബോധന ചെയ്യാമെങ്കിലും ഒരു 'മിന്നല്‍നോവല്‍' കൊണ്ട് മലയാള സാഹിത്യത്തെ പ്രശോഭിതമാക്കിയിരിക്കുന്നു 'ഇടിമിന്നലുകളുടെ പ്രണയം' എന്ന രചനയിലൂടെ ഗ്രന്ഥകാരന്‍. പ്രണയമാണ് പ്രമേയമെങ്കിലും അത് രതിസുഖസാന്ദ്രമായ പ്രണയമല്ല; ജനിച്ചു വളര്‍ന്ന മണ്ണിനോടുള്ള അടങ്ങാത്ത അഭിനിവേശം തുളുമ്പുന്ന പ്രണയമാണ്.
രാസവളം തീരെ ചേര്‍ക്കാത്ത നോവലാണ് അദ്ദേഹത്തിന്റെ 'ഇടിമിന്നലുകളുടെ പ്രണയം.' ഒരു ചെറുകഥ വായിച്ചു തീര്‍ക്കാനെടുക്കുന്ന സമയം കൊണ്ട് നമുക്ക് ആ നോവലിന്റെ ദൂരം താണ്ടാനാകുന്നത് അതുകൊണ്ടാണ്. സജലങ്ങളായ മിഴികളോടെയല്ലാതെ അത് വായിച്ചു പൂര്‍ത്തിയാക്കാനാവില്ല. ഫലസ്ത്വീന്റെ രാഷ്ട്രീയവും ചരിത്രവും ജീവിതവും നോവും സ്വപ്‌നങ്ങളും തൃഷ്ണകളുമെല്ലാം വായനക്കാരനെ പിടിച്ചുലക്കും. നോവലിന്റെ തുടക്കത്തിലും ഒടുക്കത്തിലും ചോരമണമുള്ള വാക്കുകളും സ്വപ്‌നങ്ങളും ചിതറിക്കിടപ്പുണ്ട്. വെടിയുണ്ടകള്‍ വീഴ്ത്തിയ തുളകളുണ്ട്, ബോംബറുകളുടെ ആക്രോശവും കല്ലുകളുടെ സീല്‍ക്കാരവുമുണ്ട്. സ്വന്തം മണ്ണിനെ പ്രണയിക്കുന്ന ജനതയുടെ വിലാപങ്ങളും ഉമ്മമാരുടെ ശൗര്യവുമുണ്ട്. അതിനേക്കാളുപരി മഷിക്ക് പകരം ഇടിമിന്നലുകള്‍ നിറച്ച് തൊടുക്കുന്ന വാക്ശരങ്ങളുണ്ട്.....
ഇടക്കിടക്ക് കയറിവന്ന് പ്രസാദം വിതറുന്ന ഫലസ്ത്വീനിയന്‍ കവിതാശകലങ്ങള്‍ വായനയെ തരളിതമാക്കുന്നു. മഹ്മൂദ് ദര്‍വീശും മുരീദ് ബര്‍ഗൂതിയും ഗസാന്‍ കനഫാനിയുമൊക്കെ കവിതകളുടെ കെട്ടഴിച്ച് വായനക്കാരന്റെ ഹൃദയത്തിലൊരു ഇരിപ്പിടം ചോദിച്ചു വാങ്ങുന്നതും യാസിര്‍ അറഫാത്ത്, ശൗഖി അബീശക്കറയുടെ കവിത ഉരുവിട്ടുകൊണ്ട് നനുത്ത കാറ്റുമായി നമ്മുടെ ഹൃദയത്തെ തൊടുന്നതും പാരായണവേളയില്‍ നാം അറിയുന്നുണ്ട്. സൂഫി കവയത്രി റാബിയ അല്‍ അദവിയ്യയുടെ വരികളിലേക്ക് നാം ബോധപൂര്‍വം തീര്‍ഥാടനം ചെയ്യുന്നുമുണ്ട്.
ഫര്‍നാസിന്റെയും അവന്റെ പ്രണയിനി അലാമിയയുടെയും ജീവിതത്തിലെ ഫലസ്ത്വീനാണ് നോവലിനെ സമ്പുഷ്ടമാക്കുന്നത്. 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. പക്ഷേ, ഫലസ്ത്വീനിനെ നിന്നേക്കാള്‍ സ്‌നേഹിക്കുന്നു' എന്ന് ഫര്‍നാസ് അവളെക്കുറിച്ച് കാതില്‍ മൊഴിയുന്നത് വികാരപരവശനായിക്കൊണ്ട് മാത്രമാണ് നമുക്ക് വായിക്കാനാവുക. ഫര്‍നാസിന്റെ വീടിന്റെ ഭിത്തിയില്‍ തൂക്കിയിട്ട മനുഷ്യനിലവിളികള്‍ ഉയരുന്ന അത്യന്തം ഭീതിദമായ ഒരു പെയിന്റിംഗ് (സബ്‌റ-ശാത്തില കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഗ്രീക്ക് ചിത്രകാരന്‍ കാറ്റ്‌സി കേവിയന്നസ് വരച്ച ചിത്രം) അവളെ അലോസരപ്പെടുത്തുന്നതും അതിവിടെ നിന്നും മാറ്റി പൂക്കളുടെയും കിളികളുടെയും ചിത്രം പകരം വെച്ചുകൂടേ എന്ന് ചോദിക്കുന്ന അലാമിയയുടെ വിഷാദഛവി കലര്‍ന്ന മുഖവും നമുക്കിവിടെ വേദനയോടെയല്ലാതെ കാണാന്‍ കഴിയില്ല. 'ഇവിടെ ഫലസ്ത്വീനില്‍ അവര്‍ ചോര കൊണ്ട് ചിത്രമെഴുതുമ്പോള്‍ നമ്മളെങ്ങനെയാണ് പൂക്കളെയും കിളികളെയും കിനാവ് കാണുക' എന്ന ഫര്‍നാസിന്റെ മറുപടി വായനക്കാരന്റെ ഹൃദയാന്തരത്തിലേക്ക് ഇടിമിന്നല്‍ കണക്കെ തുളഞ്ഞുകയറും.
രക്തസാക്ഷിത്വത്തിന്റെ കരതലം സ്പര്‍ശിച്ച് ആദ്യം യാത്രയാകുന്നത് ഫര്‍നാസാണ്. തുടര്‍ന്ന് ഭൂമിയിലുള്ള തന്റെ പ്രണയിനിയുമായി അവന്‍ സ്വര്‍ഗപ്പൂന്തോപ്പിലിരുന്ന് വിശേഷങ്ങള്‍ പങ്കുവെക്കുന്നു. അലാമിയയെ ഫര്‍നാസ് അങ്ങോട്ട് ക്ഷണിക്കുന്നുണ്ട്. പക്ഷേ ഒരൊറ്റ ഉപാധി മാത്രം; ഫലസ്ത്വീനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ഉപാധി!
ഒടുവില്‍ അലാമിയയും അവിടെ എത്തിച്ചേരുന്നു. അവിടെ യാസിര്‍ അറഫാത്തിനൊപ്പം നടന്നു വരുന്ന വയോധികനെ ഫര്‍നാസ് പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്: 'ഇംഗ്ലീഷുകാര്‍ക്ക് ഇംഗ്ലണ്ട് എന്ന പോലെ, ഫ്രഞ്ചുകാര്‍ക്ക് ഫ്രാന്‍സ് എന്നപോലെ, ഇന്ത്യക്കാര്‍ക്ക് ഇന്ത്യ എന്ന പോലെ, ഫലസ്ത്വീനികള്‍ക്ക് ഫലസ്ത്വീന്‍ അവരുടെ ജന്മാവകാശമാണ്' എന്നു പറഞ്ഞ പോരാളി. അലാമിയ നടുക്കത്തോടെ ഉച്ചരിക്കുന്നു: 'ഗാന്ധിജി.'
കഥക്കൊപ്പം സഞ്ചരിക്കുന്ന ഭാഗ്യനാഥന്റെ ചിത്രീകരണം ഈ നോവലിന്റെ മിഴിവേറ്റുന്നു. വി.എ കബീറിന്റെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന 'വെടിമരുന്ന് മണക്കുന്ന ജീവിതങ്ങള്‍' പ്രക്ഷുബ്ധമായ ജീവിതത്തിനിടയിലും കലയും സാഹിത്യവും ഫലസ്ത്വീന്‍ ജനതയെ എത്ര അഗാധമായി സ്പര്‍ശിച്ചുവെന്നും അത് ലോകസാഹിത്യത്തിനു മുന്നില്‍ ഗരിമയോടെ പരിലസിച്ചുനില്‍ക്കുന്നുവെന്നും പറഞ്ഞുതരുന്നു.
ചരിത്രവും മിത്തും രാഷ്ട്രീയവും അലിഞ്ഞു ചേരുന്ന ഈ നോവല്‍ നല്ലൊരു വായനാനുഭവമാണെന്ന് കഥാകൃത്ത് എം. മുകുന്ദന്‍. രാഷ്ട്രീയവിഷയങ്ങള്‍ എങ്ങനെ കലാപരമായി കൈയൊതുക്കത്തോടെ കൈകാര്യം ചെയ്യാമെന്നതിന് മികച്ച ഉദാഹരണമാണ് ഈ ലഘുനോവലെന്ന് കവിയും എഴുത്തുകാരനുമായ കെ. സച്ചിദാനന്ദന്‍. ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments