Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 20

3118

1441 മുഹര്‍റം 20

യേശുവിന്റെ വഴിയില്‍തന്നെ മുഹമ്മദും

ജി.കെ എടത്തനാട്ടുകര

മുഹമ്മദ് നബിക്ക് ഏതാണ്ട് അറുനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായേല്‍  സമൂഹത്തിലേക്ക്  ദൈവം നിയോഗിച്ച പ്രവാചകനായിരുന്നു യേശു ക്രിസ്തു. അതുകൊണ്ടുതന്നെ യേശു പഠിപ്പിച്ചതും മുഹമ്മദ് നബി പഠിപ്പിച്ചതും വ്യത്യസ്ത 'മത'ങ്ങളല്ല; ഒരേ ദൈവിക ജീവിത വ്യവസ്ഥയാണ്.
'ക്രിസ്ത്യാനി'  എന്ന  പദം  പോലും  യേശുവിന്റെ  കാലശേഷമാണ് പ്രയോഗത്തില്‍  വന്നതെന്ന് ബൈബിള്‍ പുതിയ നിയമം 'അപ്പോസ്തല പ്രവൃത്തികളി'ല്‍ കാണാം: 
''ആദ്യം അന്ത്യോക്യയില്‍ വച്ച് ശിഷ്യന്മാര്‍ക്ക് ക്രിസ്ത്യാനികള്‍ എന്ന പേര്‍ ഉണ്ടായി'' (അപ്പോസ്തല പ്രവൃത്തികള്‍ 11:26).
യേശുവിന്റെ കാലശേഷം സി.ഇ 43-ലോ 44-ലോ ആണ് ഈ സംഭവം. 
അപ്പോള്‍ പിന്നെ യേശുവിന്റെ കാലത്ത് ശിഷ്യന്മാര്‍ ആരായിരുന്നു? 'സ്വര്‍ഗസ്ഥനായ  പിതാവിന്റെ  ഇഷ്ടം'  ചെയ്യുവാനായിരുന്നു  യേശു  ജനങ്ങളോട്  കല്‍പിച്ചത്  എന്ന്  മത്തായി  23:9-ല്‍  കാണാം.  സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരായിരുന്നു യേശുശിഷ്യന്മാര്‍ എന്നര്‍ഥം. ആരാണ് സ്വര്‍ഗസ്ഥനായ പിതാവ്?
''യേശു അവരോട് പറഞ്ഞത്, ദൈവം നിങ്ങളുടെ പിതാവ് എങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു. ഞാന്‍ സ്വയമായി വന്നതല്ല. അവന്‍ എന്നെ അയച്ചതാകുന്നു'' (യോഹന്നാന്‍ 8:42,43). മാത്രമല്ല, 'എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രെ' എന്ന് യോഹന്നാന്‍ 7:16-ല്‍ യേശു പറയുന്നുണ്ട്.
പിതാവ് എന്നതുകൊണ്ടര്‍ഥമാക്കുന്നത് ദൈവമാണെന്നും യേശുവിനെ അയച്ചത് ആ ദൈവമാണെന്നും യേശുവിന്റെ ഉപദേശങ്ങള്‍ ആ ദൈവത്തിന്റെ വചനങ്ങളാണെന്നും വ്യക്തമാണ്. ''ക്രിസ്ത്യാനികള്‍ തങ്ങളെത്തന്നെ പലപ്പോഴും വിളിച്ചിരുന്നത് 'സഹോദരന്മാര്‍' (അ.പ്ര 14:2, 15:3, റോമ. 16:14), 'ശിഷ്യന്മാര്‍' (അ.പ്ര. 11:26, 13:52, 20:30), 'വിശുദ്ധര്‍' (റോമ 16:15, ക കോറി 16:1),  'വിശ്വസ്തര്‍'  (അ.പ്ര.  10:45,  ക തിമോ  4:3,12),  'വഴിയിലുള്‍പ്പെട്ടവര്‍', 'മാര്‍ഗികള്‍' (അ.പ്ര. 9:2, 19:9,23) എന്നിങ്ങനെയാണ്'' (ക്രിസ്തുദര്‍ശനം, പേജ് 524, ഡോ. ജേക്കബ് കട്ടയ്ക്കല്‍, ഡോ. ജോര്‍ജ് പുഞ്ചക്കുന്നേല്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്).
യേശു ജനങ്ങളോട് പറഞ്ഞതെന്തായിരുന്നു എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെ: ''ഈസാ തെളിഞ്ഞ ദൃഷ്ടാന്തവുമായി ആഗതനായപ്പോള്‍ പ്രഖ്യാപിച്ചു; ഞാനിതാ തത്ത്വജ്ഞാനവുമായി നിങ്ങളില്‍ വന്നിരിക്കുന്നു. നിങ്ങള്‍ പരസ്പരം ഭിന്നിച്ചുകൊണ്ടിരിക്കുന്ന സംഗതികളുടെ യാഥാര്‍ഥ്യം വെളിപ്പെടുത്തിത്തരാന്‍ വേണ്ടിയാണ് ഞാന്‍ വന്നത്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തികാണിക്കുക. എന്നെ അനുസരിക്കുക. അതിനാലവനെ മാത്രം വണങ്ങി,  വഴങ്ങി വിധേയമായി  ജീവിക്കുക.  ഇതാണ്  നേരായ  മാര്‍ഗം. എന്നിട്ടും അവര്‍ കക്ഷികളായി ഭിന്നിച്ചു. അതിനാല്‍ അക്രമികളായവര്‍ക്ക് വേദനയേറിയ ശിക്ഷയാല്‍ കൊടിയ നാശത്തെ നേരിടേണ്ടിവരിക തന്നെ ചെയ്യും'' (43:63-65).
ഇവിടെ അക്രമികള്‍ക്ക് വരാനിരിക്കുന്ന വേദനയേറിയ ശിക്ഷയെക്കുറിച്ചു കൂടി പറയുന്നുണ്ട്. യേശു പറയുന്നു: ''നിങ്ങള്‍ അവരെ ഭയപ്പെടേണ്ട. എന്തെന്നാല്‍ മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കില്ല. അന്ധകാരത്തില്‍ നിങ്ങളോട് ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട. മറിച്ച് ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍'' (മത്തായി 10:26-29). 
ചുരുക്കത്തില്‍, ഏകദൈവത്വം, പ്രവാചകത്വം, പരലോകം തുടങ്ങി മുഹമ്മദ് നബി പഠിപ്പിച്ച അടിസ്ഥാനാധ്യാപനങ്ങള്‍ യേശുവിന്റെ അധ്യാപനങ്ങളിലുമുണ്ടെന്ന് വ്യക്തം. മാത്രമല്ല, മുഹമ്മദ് നബിയുടെ അധ്യാപനത്തിലുള്ളതും എന്നാല്‍ ക്രിസ്ത്യാനിറ്റിയില്‍  പൊതുവില്‍  ഇല്ലാത്തതുമായ  മുസ്‌ലിം  ജീവിത മാതൃകകള്‍ ബൈബിളിലും യേശുവിന്റെ ചര്യയിലുമൊക്കെയായി കാണാന്‍ കഴിയുന്നു.
പഴയനിയമത്തെ ക്രിസ്ത്യാനിറ്റി പൂര്‍ണമായി അംഗീകരിക്കാത്തതിനാല്‍, 'നിഗമനത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്' എന്ന് മത്തായി 5:7-ല്‍ യേശു പറഞ്ഞ വചനം മുമ്പില്‍ വെച്ച് വേണം വായന നടത്താന്‍.
യേശു ക്രിസ്തു  തനിക്കു മുമ്പ്  വന്ന  പ്രവാചകന്മാരുടെ  അധ്യാപനങ്ങളെ തള്ളിപ്പറയുകയല്ല; അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ബൈബിള്‍ പഴയ നിയമം കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് യേശുവിന്റെ അധ്യാപനം വ്യക്തമാവുക.
'നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ' എന്ന് മത്തായി സുവിശേഷം 4:10-ല്‍ യേശു ക്രിസ്തു പറയുന്നുണ്ട്. മുഹമ്മദ്  നബിയുടെ അനുയായികള്‍  കര്‍ത്താവായ  ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.  
'യേശു അല്‍പം മുമ്പോട്ട് ചെന്ന് കമിഴ്ന്നു വീണ് ദൈവത്തോട് പ്രാര്‍ഥിച്ചു' എന്ന് മത്തായി 26:39-ല്‍ കാണുന്നുണ്ട്. കമിഴ്ന്ന് കിടന്നുകൊണ്ടുള്ള സാഷ്ടാംഗ പ്രണാമം വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കിയ അഞ്ച് നേരത്തെ നമസ് കാരത്തിലും അനിവാര്യമായ കാര്യമായി മുഹമ്മദ് നബി പഠിപ്പിച്ചിരിക്കുന്നു. 'സുജൂദ്' എന്നാണതിനു പറയുക. 'അടിമ തന്റെ രക്ഷിതാവിനോട് ഏറ്റവും  കൂടുതല്‍  അടുക്കുന്നത്  അവന്‍  സുജൂദിലായിരിക്കുമ്പോഴാണ്. അതിനാല്‍ അതില്‍ നിങ്ങള്‍ പ്രാര്‍ഥന വര്‍ധിപ്പിക്കുവിന്‍' എന്ന് നബി പറഞ്ഞതായി കാണാം (സ്വഹീഹു മുസ്‌ലിം 298).
ബൈബിള്‍ പഴയ നിയമം ആവര്‍ത്തന പുസ്തകം 5:8-ല്‍ പറയുന്നു: ''വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വര്‍ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്; അവയെ നമസ്‌കരിക്കുകയോ സേവിക്കുകയോ അരുത്.'' ഈ  കല്‍പന  അക്ഷരംപ്രതി  പാലിക്കുന്നവരാണ്  മുഹമ്മദ്  നബിയുടെ അനുയായികള്‍ എന്ന കാര്യം വ്യക്തമാണ്.
കൃഷിയുടെ സകാത്തിനെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: ''അവ കായ്ക്കുമ്പോള്‍ പഴങ്ങള്‍ തിന്നുകൊള്ളുക. വിളവെടുപ്പ് കാലത്ത് അതിന്റെ ബാധ്യത അഥവാ സകാത്ത് കൊടുത്തു തീര്‍ക്കുക.'' (6:141) 
 ബൈബിള്‍ പഴയ നിയമത്തില്‍ പറയുന്നു: ''ആണ്ടുതോറും നിലത്ത് വിതച്ചുണ്ടാക്കുന്ന എല്ലാ വിളവിലും ദശാംശം എടുത്തുവെക്കണം'' (ആവര്‍ത്തന പുസ്തകം: 14:22).
സമ്പന്നര്‍ക്ക്  നിര്‍ബന്ധമാക്കിയ  സകാത്ത്  സംബന്ധമായും  ബൈബിളിലുണ്ടെന്ന് വ്യക്തം.
മാത്രമല്ല, 'ഉപവസിക്കുമ്പോള്‍ നിങ്ങള്‍ കപട ഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുത്, അവര്‍ ഉപവസിക്കുന്നത് മനുഷ്യരെ കാണിക്കേണ്ടതിന്  മുഖം  വിരൂപമാക്കുന്നു.  അവര്‍ക്കു  പ്രതിഫലം  കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു' എന്ന് നോമ്പിനെക്കുറിച്ചുള്ള അധ്യാപനം ബൈബിളിലുണ്ട് (മത്തായി 6: 16-17).
ഉപവാസത്തെ സംബന്ധിച്ച് ഖുര്‍ആനില്‍ കാണുന്ന കല്‍പന ഇതാ: ''വിശ്വസിച്ചവരേ, നിങ്ങള്‍ക്ക്  നോമ്പ്  നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെ തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍'' (2:183).
ഇങ്ങനെയുള്ള അനുഷ്ഠാന സമാനതകള്‍ക്കു പുറമെ ആചാരമര്യാദകളിലും ജീവിത വ്യവഹാരങ്ങളിലും സമാന നിയമങ്ങള്‍ കാണാം. മുഹമ്മദ് നബി അനുയായികളോട് പറഞ്ഞു: ''നിങ്ങളിലാരെങ്കിലും സദസ്സിലെത്തിച്ചേരുകയാണെങ്കില്‍  അപ്പോഴും,  അവിടെനിന്ന്  എഴുന്നേറ്റു പോകുമ്പോഴും സലാം ചൊല്ലണം.'' 'അസ്സലാമു അലൈകും' എന്ന അഭിവാദ്യത്തിന്റെ അര്‍ഥം 'നിങ്ങള്‍ക്കു സമാധാനം ഉണ്ടാവട്ടെ' എന്നാണ്.
ബൈബിള്‍ പുതിയ നിയമത്തില്‍ യേശു ശിഷ്യന്മാരുടെ സദസ്സില്‍നിന്ന് സലാം പറയുന്നത് കാണാം.
''ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ നടുവില്‍നിന്നു 'നിങ്ങള്‍ക്കു സമാധാനം' എന്നു പറഞ്ഞു'' (ലൂക്കോസ് 24:36).
അബ്രഹാം പ്രവാചകനോട് ചേലാകര്‍മത്തെപ്പറ്റി ദൈവത്തിന്റെ കല്‍പന ഉല്‍പത്തി പുസ്തകത്തില്‍ ഇങ്ങനെ കാണാം:
''....നിങ്ങളില്‍  പുരുഷ  പ്രജയൊക്കെയും  പരിഛേദന  ഏല്‍ക്കണം. നിങ്ങളുടെ അഗ്രചര്‍മം പരിഛേദന ചെയ്യണം; അത് എനിക്കും നിങ്ങള്‍ക്കും മധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും'' (17: 9-11).
അനന്തരം തന്റെ മകനായ യിശ്മായേലിനെ അടക്കം എല്ലാവരുടെയും അഗ്രചര്‍മത്തെ പരിഛേദന കഴിച്ചതായി ഉല്‍പത്തി 17:23-ല്‍ കാണാം. 
മാത്രമല്ല, യേശു ക്രിസ്തു ജനിച്ച് എട്ടു ദിവസം തികഞ്ഞപ്പോള്‍ പരിഛേദന കഴിച്ചതായി ലൂക്കോസ് സുവിശേഷം 2:21-ല്‍ പറയുന്നുണ്ട്. 
മുഹമ്മദ് നബി ഇതു സംബന്ധമായി പറഞ്ഞതിങ്ങനെയാണ്: ''....അഞ്ചു കാര്യങ്ങള്‍ പ്രകൃതി ചര്യകളില്‍ പെട്ടതാകുന്നു. ചേലാകര്‍മം, ഗുഹ്യസ്ഥാന രോമങ്ങള്‍ കളയല്‍, നഖം മുറിക്കല്‍, കക്ഷരോമം കളയല്‍, മീശവെട്ടല്‍ എന്നിവയാണവ'' (സ്വഹീഹു മുസ്‌ലിം 181).
'.....നിങ്ങള്‍ മീശവെട്ടുകയും താടിവളര്‍ത്തുകയും ചെയ്യുക' എന്ന് നബി പഠിപ്പിച്ചിട്ടുണ്ട് (സ്വഹീഹു മുസ്‌ലിം 184).
യേശു  ക്രിസ്തുവിന്റേതാണെന്ന്  പറയപ്പെടുന്ന  ചിത്രത്തില്‍  താടി വളര്‍ത്തിയ യേശുവിനെയാണ് കാണുന്നത്. യേശുവിനെ പിന്‍പറ്റിയ ശിഷ്യന്മാരുടേതെന്ന് പറയപ്പെടുന്ന ചിത്രത്തിലും അവര്‍ താടി വളര്‍ത്തിയതായി കാണാം. 'ക്ലീന്‍ ഷേവ്' യേശുവിന്റെ ചര്യയല്ലെന്നര്‍ഥം. താടിവളര്‍ത്തല്‍ ഒരു മുസ്‌ലിം സംസ്‌കാരമായാണ് ഇന്ന് പൊതുവില്‍ കാണുന്നത്.
മദ്യത്തെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞു: ''ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണ്. എല്ലാതരം മദ്യവും നിഷിദ്ധവുമാണ്'' (സ്വഹീഹു മുസ്‌ലിം 1262).
ബൈബിള്‍ പുതിയ നിയമത്തില്‍ ലൂക്കോസ് 1:15-ല്‍ സഖരിയാ പ്രവാചകന് കര്‍ത്താവിന്റെ ദൂതന്‍ പ്രത്യക്ഷപ്പെട്ട് ജനിക്കാന്‍ പോകുന്ന മകന്‍ യോഹന്നാന്റെ മഹത്വം വെളിപ്പെടുത്തിക്കൊണ്ട് പറയുന്നു:
''....അവന്റെ ജനനത്തിങ്കല്‍ പലരും സന്തോഷിക്കും. അവന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വലിയവന്‍ ആകും. വീഞ്ഞും മദ്യവും കുടിക്കുകയില്ല....'' കാരണം മദ്യവും വീഞ്ഞും  കുടിക്കരുത്  എന്നത്  നേരത്തേയുള്ള ദൈവകല്‍പനയാണ്. ലേവ്യാ പുസ്തകം 10: 8,9-ല്‍ പറയുന്നു: ''യഹോവ അഹരോനോട് അരുളി ചെയ്തത്: നീയും നിന്റെ പുത്രന്മാരും മരിച്ചുപോകാതിരിക്കേണ്ടതിനു സമാഗമന കൂടാരത്തില്‍ കടക്കുമ്പോള്‍ വീഞ്ഞും മദ്യവും കുടിക്കരുത്. ഇതു നിങ്ങള്‍ക്കു തലമുറ തലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം.''
ദൈവനാമത്തില്‍  അറുക്കാത്ത,  താനേ  ചത്തതിന്റെ  മാംസം  തിന്നരുതെന്ന പ്രവാചകാധ്യാപനത്തെ ന്യായീകരിക്കുന്നതാണ് 'താനേ ചത്ത ഒന്നിനെയും തിന്നരുത്' എന്ന ആവര്‍ത്തന പുസ്തകം 14:21-ലെ കല്‍പന. 
ആവര്‍ത്തന പുസ്തകം 14:8-ലെ മറ്റൊരു കല്‍പനയിതാണ്: ''പന്നി; അതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അത് നിങ്ങള്‍ക്ക് അശുദ്ധം; ഇവയുടെ മാംസം തിന്നരുത്.''
ഖുര്‍ആന്‍ 16-ാം അധ്യായം 115-ാം വാക്യത്തില്‍ പന്നി മാംസം വിലക്കിയിട്ടുണ്ട്:
''ശവം, രക്തം, പന്നിമാംസം, ദൈവനാമത്തിലല്ലാതെ അറുക്കപ്പെട്ടത് ഇവ മാത്രമാണ് ദൈവം നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയത്.....''
പന്നിമാംസം വിലക്കപ്പെട്ടതിനാല്‍ അത് ഭക്ഷിക്കാത്ത സമൂഹം മുഹമ്മദ് നബിയുടെ അനുയായികള്‍ മാത്രമാണെന്ന കാര്യം ശ്രദ്ധേയമാണ്.
പലിശ സംബന്ധമായി ഖുര്‍ആനിലെ വിധി ഇങ്ങനെയാണ്: ''....എന്നാല്‍ ദൈവം കച്ചവടം അനുവദിച്ചിരിക്കുന്നു. പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു'' (2:275).
ആവര്‍ത്തന പുസ്തകം 23:19,20-ല്‍ പറയുന്നു: ''.... ദരിദ്രന് പണം വായ്പ കൊടുത്താല്‍ പൊലിക്കടക്കാരനെപ്പോലെ ഇരിക്കരുത്. അവനോട് പലിശ വാങ്ങുകയും അരുത്.''
ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ നമസ്‌കാരാദി ആരാധനാകാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്: ''തനിക്ക് ആര്‍ത്തവമുണ്ടാകാറുള്ള ദിവസങ്ങളുടെ എണ്ണവും മാസത്തില്‍ അവയുടെ സ്ഥാനവും നോക്കി അവള്‍ നമസ്‌കാരം ഉപേക്ഷിക്കട്ടെ. പിന്നീട് കുളിച്ച ശേഷം തറ്റുടുത്തു നമസ്‌കരിക്കുകയും ചെയ്യട്ടെ'' (അഹ്മദ്). 
ബൈബിള്‍ പഴയ നിയമം ലേവ്യാ പുസ്തകം 15:19-ല്‍ പറയുന്നു: ''ഒരു സ്ത്രീക്ക് സ്രവമുണ്ടായി അവളുടെ അംഗസ്രവരക്തം ആയിരുന്നാല്‍ അവള്‍ ഏഴു ദിവസം അശുദ്ധമായിരിക്കണം.'' ശുദ്ധിയായിട്ടേ അവള്‍ ആരാധന നടത്താവൂ എന്ന് 15:29 പറയുന്നുണ്ട്.
മാത്രമല്ല,  ആര്‍ത്തവകാലത്ത്  സ്ത്രീസംയോഗം  പാടില്ലെന്ന്  വിശുദ്ധ ഖുര്‍ആന്‍ 2:222-ല്‍ പറയുന്നുണ്ട്. ലേവ്യാ പുസ്തകത്തിലും, ഇത് അശുദ്ധി കാലമായതിനാല്‍ വേഴ്ച പാടില്ലെന്ന വിധി കാണാന്‍ കഴിയും (20:18).
ബീജ സ്ഖലനമുണ്ടായാല്‍ കുളിച്ചു വൃത്തിയാവണമെന്നാണ് പ്രവാചകാധ്യാപനം. ഇതിന് അടിവരയിട്ടുകൊണ്ട്, ലേവ്യാ പുസ്തകം 15:16-ല്‍ 'ഒരുത്തന് ബീജം പോയാല്‍ അവന്‍ തന്റെ ദേഹം മുഴുവന്‍ വെള്ളത്തില്‍ കഴുകണം' എന്ന കല്‍പന കാണാം.
അന്യരുടെ മുമ്പില്‍ സ്ത്രീകള്‍ നഗ്നത മറയ്ക്കുന്നതിന്റെ ഭാഗമായി തലയടക്കം മറയ്ക്കണമെന്ന ഇസ്‌ലാമിന്റെ വിധിയോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ബൈബിള്‍ പുതിയ നിയമം.  ക കൊരിന്ത്യര്‍ 11:6-ല്‍ പറയുന്നു: ''സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ  സ്ത്രീക്കു  ലജ്ജയെങ്കില്‍  ശിരോവസ്ത്രം  ഇട്ടുകൊള്ളട്ടെ.'' മുഹമ്മദ് നബിയുടെ അനുയായികളായ സ്ത്രീകളുടെ വേഷവും യേശുവിന്റെ അനുയായികളായ കന്യാസ്ത്രീകളുടെ വേഷവും തമ്മിലുള്ള സാമ്യത യാദൃഛികമല്ല എന്നര്‍ഥം.
'പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്. അങ്ങനെ ചെയ്യുന്നവരൊക്കെയും തന്റെ ദൈവമായ യഹോവക്ക് വെറുപ്പ് ആകുന്നു' എന്ന് ആവര്‍ത്തന പുസ്തകം 22:5-ല്‍ കാണാം.
പ്രവാചക ശിഷ്യന്‍ അബൂഹുറയ്‌റ പ്രസ്താവിക്കുന്നു:      ''സ്ത്രീകളുടെ വസ്ത്രം ധരിക്കുന്ന പുരുഷന്മാരെയും പുരുഷന്മാരുടെ വസ്ത്രം ധരിക്കുന്ന സ്ത്രീകളെയും നബി ശപിച്ചിരിക്കുന്നു.'' 
വിവാഹത്തെ പുണ്യകര്‍മമായി പഠിപ്പിക്കുന്ന ഇസ്‌ലാം വ്യഭിചാരത്തെ പാപമായാണ് കാണുന്നത്.
ഖുര്‍ആന്‍ പറയുന്നു: ''അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും -അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍- നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. തീര്‍ച്ചയായും ചിന്തിക്കുന്ന ജനതക്കതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.''
ബൈബിള്‍ ആവര്‍ത്തന പുസ്തകം 24:5-ല്‍ പറയുന്നു:
''ഒരു പുരുഷന്‍ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോള്‍ അവന്‍  യുദ്ധത്തിനു  പോകരുത്;  അവന്റെ  മേല്‍  യാതൊരു  ഭാരവും  വെക്കരുത്....''
വൈവാഹിക ജീവിതത്തിന്റെ പ്രാധാന്യം ഇങ്ങനെ പറയുന്ന വേദങ്ങള്‍ വ്യഭിചാരത്തെ ഒരുപോലെ നിഷിദ്ധമാക്കുന്നതും കാണാം.
ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ വ്യഭിചാരത്തോടടുക്കാതിരിക്കുക, അതൊരു മ്ലേഛവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു'' (17:32).
ബൈബിള്‍ പുതിയ നിയമത്തില്‍ പറയുന്നു: ''അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് അറിയുന്നില്ലയോ?  നിങ്ങളെത്തന്നെ  വഞ്ചിക്കാതിരിപ്പിന്‍;  ദുര്‍നടപ്പുകാര്‍, വിഗ്രഹാരാധികള്‍, വ്യഭിചാരികള്‍, സ്വയം ഭോഗികള്‍, പുരുഷകാമികള്‍, കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, പരദൂഷകര്‍, പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല'' (ക കൊരിന്ത്യര്‍ 6:9-11).
   മുകളില്‍ സൂചിപ്പിച്ച പുരുഷകാമികള്‍ അഥവാ സ്വവര്‍ഗരതിക്കാരെ സംബന്ധിച്ച് ലൂത്വ് നബി തന്റെ ജനതയെ ഉദ്‌ബോധിപ്പിക്കുന്നത് ഖുര്‍ആനില്‍ കാണാം: ''...കാമപൂര്‍ത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്മാരെ സ്വീകരിക്കുകയോ? വാസ്തവത്തില്‍ വളരെ അതിരുകവിഞ്ഞുപോയ ഒരു ജനം തന്നെ നിങ്ങള്‍'' (7:81).
നിര്‍ബന്ധിതാവസ്ഥയില്‍ വിവാഹമോചനമാകാം എന്ന ഇസ്‌ലാമിന്റെ വിധിയും ബൈബിളിലുണ്ട്: ''ഒരു പുരുഷന്‍ ഒരു സ്ത്രീയെ തെരഞ്ഞെടുത്ത് വിവാഹം കഴിഞ്ഞ ശേഷം അവളില്‍ ദൂഷ്യമായ വല്ലതും കണ്ടിട്ട് അവന് അവളോട് അനിഷ്ടം തോന്നിയാല്‍ ഒരു ഉപേക്ഷണ പത്രം എഴുതി കൈയില്‍ കൊടുത്ത് അവളെ വീട്ടില്‍നിന്നയക്കണം'' (ആവര്‍ത്തനം 24:1).
ബൈബിള്‍ പുതിയ നിയമത്തിലും ഇങ്ങനെ കാണാം:
''പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ട് വ്യഭിചാരം ചെയ്യിക്കുന്നു'' (മത്തായി 5:32).
മുഹമ്മദ് നബി വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്, 'ദൈവത്തിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ട അനുവദനീയ കാര്യം വിവാഹമോചനമാകുന്നു' എന്നാണ്. എന്നാല്‍ ദാമ്പത്യം തുടരാന്‍ ഒരു സാധ്യതയുമില്ലെങ്കില്‍ ഖുര്‍ആനിലെ ദൈവവിധി ഇങ്ങനെയാണ്: ''ഇനി  അവര്‍  വിവാഹമോചനം  തന്നെയാണ്  തീരുമാനിക്കുന്നതെങ്കിലോ അവര്‍ മനസ്സിലാക്കട്ടെ, ദൈവം എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (2:227).
ബഹുഭാര്യാത്വ സംബന്ധമായ ഖുര്‍ആനിന്റെ കല്‍പന:  ''അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കുകയില്ലെന്ന് ഭയപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെടുന്ന സ്ത്രീകളില്‍നിന്നും രണ്ടോ മൂന്നോ നാലോ വീതം വിവാഹം ചെയ്തുകൊള്ളുക. അവര്‍ക്കിടയില്‍ നീതി പാലിക്കാനാവില്ലെന്ന്  നിങ്ങള്‍  ആശങ്കിക്കുന്നുവെങ്കില്‍  ഒരു  സ്ത്രീയെ  മാത്രം വിവാഹം കഴിക്കുക''(4:3).
ബൈബിള്‍ പ്രകാരം ആദര്‍ശ പിതാവ് അബ്രഹാം പ്രവാചകനടക്കം യാക്കോബ്, മോശെ, ദാവീദ്, സോളമന്‍ എന്നിവര്‍ക്കെല്ലാം ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നതായി കാണാം (ഉല്‍പത്തി 25:1, 32:22, ക ശമുവേല്‍ 25:42,43, ക രാജാക്കന്മാര്‍ 11:3).
ആത്മഹത്യയെ ഒരു മഹാപാപമായിട്ടാണ് പ്രമാണങ്ങള്‍ പറയുന്നത്. ബൈബിളില്‍ പറയുന്നു: ''...തൂങ്ങിമരിച്ചവന്‍  ദൈവസന്നിധിയില്‍  ശാപഗ്രസ്തന്‍  ആകുന്നു. നിന്റെ  യഹോവയായ  ദൈവം  നിനക്ക്  അവകാശമായി  തന്ന  ദേഹം  നീ അശുദ്ധമാക്കരുത്'' (ആവര്‍ത്തനം 21:22).
ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍  നിങ്ങളുടെ  കൈകളാല്‍  നിങ്ങളെത്തന്നെ  നാശത്തിലകപ്പെടുത്തരുത്.  നന്മ  ചെയ്യുക.  തീര്‍ച്ചയായും  നന്മ  ചെയ്യുന്നവരെ  ദൈവം സ്‌നേഹിക്കുന്നു'' (2:195).
വിശദീകരണമായി മുഹമ്മദ് നബി പറഞ്ഞു: ''ഒരാള്‍  മലമുകളില്‍നിന്ന്  ചാടി  ആത്മഹത്യ  ചെയ്താല്‍,  അവന്‍ നരകത്തിലും അപ്രകാരം നിത്യവും വീണുകൊണ്ടേയിരിക്കും. വിഷം കഴിച്ച് ആത്മഹത്യ ചെയ്തവന്‍ നരകത്തില്‍ എന്നെന്നും വിഷം കഴിച്ചുകൊണ്ടേയിരിക്കും. അവന്റെ കൈയില്‍ അവന്റെ വിഷം എപ്പോഴുമുണ്ടായിരിക്കും. ഒരാള്‍ ആയുധം ഉപയോഗിച്ച് സ്വശരീരത്തെ വധിച്ചാല്‍ അവന്‍ കാലാകാലവും നരകത്തില്‍വെച്ച് ആയുധംകൊണ്ട് തന്റെ വയറ് കുത്തിക്കീറിക്കൊണ്ടേയിരിക്കും'' (ബുഖാരി).
ഇതുപോലെ  വേറെയും  ധാരാളം  സമാന  വിഷയങ്ങള്‍  കാണാന്‍ കഴിയും.
ഇവ  മാത്രമല്ല  അന്ധവിശ്വാസങ്ങള്‍,  അനാചാരങ്ങള്‍,  പൗരോഹിത്യം  എന്നിവക്കെതിരിലെല്ലാം  ബൈബിളിലും  ഖുര്‍ആനിലും  പാഠങ്ങളുണ്ട്. ബൈബിള്‍ പഴയ നിയമം ആവര്‍ത്തന പുസ്തകം 18:11-ല്‍ പറയുന്നു: ''മന്ത്രവാദി, വെളിച്ചപ്പാടന്‍, ലക്ഷണം പറയുന്നവന്‍, അജ്ഞനക്കാരന്‍ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയില്‍ കാണരുത്.'' 
'....ദൈവത്തിനല്ലാതെ ആകാശഭൂമികളിലാര്‍ക്കും തന്നെ അഭൗതിക കാര്യങ്ങളറിയുകയില്ല' (27:65) എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഖുര്‍ആന്‍ സകല അന്ധവിശ്വാസങ്ങളെയും നിരാകരിച്ചിട്ടുണ്ട്. ഗണികവൃത്തി, കൈനോട്ടം, മഷിനോട്ടം,  ഭാവി  പ്രവചനം,  ജ്യോത്സ്യം  തുടങ്ങിയ  എല്ലാ  തട്ടിപ്പുകളും ഇസ്‌ലാം വിലക്കിയിട്ടുണ്ട്.
ദൈവവുമായി ഇടപെടാന്‍ ഇടനിലക്കാരുടെ ആവശ്യമില്ലെന്നു പഠിപ്പിച്ച പ്രവാചകന്‍, പൗരോഹിത്യത്തെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. 'ആകാശത്തിനു കീഴെ, ഭൂമിക്കു മീതെ ഏറ്റവും നികൃഷ്ട ജന്തുക്കള്‍' എന്നാണ് മനുഷ്യനെ വഴിപിഴപ്പിക്കുന്ന പുരോഹിതന്മാരെ പ്രവാചകന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. യേശു ക്രിസ്തുവും പൗരോഹിത്യത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.  കഴിഞ്ഞുപോയ പ്രവാചകന്മാരെ എടുത്തുദ്ധരിച്ച് പൗരോഹിത്യത്തിനെതിരെ യേശു ക്രിസ്തു ആഞ്ഞടിക്കുന്ന ഒരു ഭാഗം ഇങ്ങനെ: 
''ന്യായശാസ്ത്രിമാരായ നിങ്ങള്‍ക്കും അയ്യോ കഷ്ടം; എടുപ്പാന്‍ പ്രയാസമുള്ള ചുമടുകളെ നിങ്ങള്‍ മനുഷ്യരെക്കൊണ്ട് ചുമപ്പിക്കുന്നു; നിങ്ങള്‍ ഒരു വിരല്‍കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല. നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ അവരെ കൊന്നു. അതിനാല്‍ നിങ്ങളുടെ പിതാക്കന്മാരുടെ  പ്രവൃത്തികള്‍ക്കു  നിങ്ങള്‍  സാക്ഷികളായിരിക്കുകയും  സമ്മതിക്കുകയും ചെയ്യുന്നു; അവര്‍ അവരെ കൊന്നു. നിങ്ങള്‍ അവരുടെ കല്ലറകളെ പണിയുന്നു. അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനവും പറയുന്നത്: ഞാന്‍ പ്രവാചകന്മാരെയും അപ്പോസ്തലന്മാരെയും അവരുടെ അടുക്കല്‍ അയക്കുന്നു, അവരില്‍ ചിലരെ അവര്‍ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യും. ഹാബെലിന്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവില്‍ വെച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ ലോക സ്ഥാപനം മുതല്‍ ചൊരിഞ്ഞിരിക്കുന്ന  സകല  പ്രവാചകന്മാരുടെയും  രക്തം  ഈ  തലമുറയോടു ചോദിപ്പാന്‍ ഇട വരേണ്ടതിനു തന്നെ. അതേ, ഈ തലമുറയോട് അതു ചോദിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ന്യായശാസ്ത്രിമാരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ പരിജ്ഞാനത്തിന്റെ താക്കോല്‍ എടുത്തുകളഞ്ഞു.  നിങ്ങള്‍  തന്നെ  കടന്നില്ല;  കടക്കുന്നവരെ  തടുത്തും കളഞ്ഞു'' (ലൂക്കോസ് 11: 46-54).
ഇങ്ങനെയുള്ള ധാരാളം ഇസ്‌ലാമിക നിയമങ്ങളും നിര്‍ദേശങ്ങളും ബൈബിളിലും കാണാം. കാരണം എല്ലാ പ്രവാചകന്മാരും പഠിപ്പിച്ചത് ഒരേ കാര്യം  തന്നെയാണ്.  മാത്രമല്ല,  ഒരു  ദൈവരാജ്യത്തെ  യേശു  വിഭാവന ചെയ്തതും അതിനുവേണ്ടി പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ചതും ബൈബിളിലുണ്ട്: 
''അവന്‍ അവരോടു പറഞ്ഞത്: നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ ചൊല്ലേണ്ടത്: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധമാക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ....'' (ബൈബിള്‍ പുതിയ നിയമം ലൂക്കോസ് 11:1,2). 
യേശു സ്വപ്‌നം കണ്ട ദൈവരാജ്യം അറുനൂറു വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം നിയോഗിച്ച മുഹമ്മദ് നബിയിലൂടെയാണ് സാക്ഷാത്കരിക്കപ്പെട്ടത് എന്ന് ഇസ്‌ലാമിന്റെ ചരിത്രം പഠിക്കുമ്പോള്‍ മനസ്സിലാവുന്ന യാഥാര്‍ഥ്യമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (20-21)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേര്‍ജീവിതത്തെ അപകടപ്പെടുത്തുന്ന നാവ്
മൂസ ഉമരി പാലക്കാട്