Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 20

3118

1441 മുഹര്‍റം 20

വൈദ്യശാസ്ത്രത്തിന് ഇസ്‌ലാമിക നാഗരികതയുടെ തിരുത്ത്

ഡോ. പി.എ അബൂബക്കര്‍

ശാസ്ത്രപൂര്‍വയുഗത്തില്‍നിന്ന് ശാസ്ത്രത്തിലേക്കുള്ള പരിണാമം ഘട്ടങ്ങളിലൂടെ സംഭവിച്ചതാണ്. മനുഷ്യന്‍ കല്ലുകൊണ്ട് പണിയായുധങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതാവാം ആദ്യത്തെ സാങ്കേതികവിദ്യ. അത്തരം സാങ്കേതികവിദ്യകള്‍ കേവലം സാങ്കേതികവിദ്യകള്‍ മാത്രമായിരുന്നു. അവക്കു പിന്നിലെ ശാസ്ത്രതത്ത്വങ്ങള്‍ അന്വേഷണവിധേയമായില്ല. പക്ഷേ പ്രപഞ്ചത്തിന്റെ ഉല്‍പത്തിയടക്കമുള്ള കാര്യങ്ങള്‍ മനുഷ്യന്റെ   ചിന്തക്ക് വിധേയമായിട്ടുണ്ട്. അതാവട്ടെ ശാസ്ത്രത്തിന്റെ   രീതിയായ നിരീക്ഷണ-പരീക്ഷണങ്ങള്‍ അവലംബിച്ചുകൊണ്ടുള്ളതായിരുന്നില്ല. അതുകൊണ്ടുതന്നെ അത്തരം ചിന്തകളെ നാച്വറല്‍ ഫിലോസഫി എന്നു വിളിക്കുന്നതാണ് ഉചിതം.
നാച്വചറല്‍ ഫിലോസഫിയില്‍നിന്ന് ശാസ്ത്രത്തിലേക്ക് മനുഷ്യധിഷണ വളര്‍ന്നത് ആധുനികതയുടെ ഉദയത്തോടെയാണെന്ന് പൊതുവെ പറയാറുണ്ടെങ്കിലും ആ പറച്ചിലിന് പരിമിതികള്‍ ഒരുപാടുണ്ട്. ആധുനികതയുടെ ഉദയത്തിന് കാരണമായ ഒരുപാട് ഘടകങ്ങള്‍ മധ്യകാലത്തിന്റെ  സംഭാവനകളാണ്. ശാസ്ത്രീയ രീതികളായ നിരീക്ഷണ-പരീക്ഷണങ്ങള്‍ ആദ്യമായി ഉപയോഗിച്ചതിന്റെ പേരില്‍ ആദ്യത്തെ ശാസ്ത്രജ്ഞനെന്ന് നാം വിളിക്കുന്ന ഇബ്‌നുല്‍ഹൈഥം ജനിച്ചത് സി.ഇ 965-ല്‍ ആണ്. വൈദ്യശാസ്ത്രത്തിന്റെ കാര്യത്തിലും ആധുനികതയിലേക്കുള്ള സംക്രമണം അടയാളപ്പെടുത്തുന്നത് മധ്യകാലം തന്നെയാണ്.
യൂറോപ്പിനെ സംബന്ധിച്ചേടത്തോളം മധ്യകാലഘട്ടം ഇരുണ്ട യുഗമായാണ് അറിയപ്പെടുന്നത്. മധ്യകാല യൂറോപ്പിലെ വൈദ്യവൃത്തി പലപ്പോഴും വസ്തുനിഷ്ഠമായ യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറത്ത് വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളവയായിരുന്നു. യൂറോപ്പ് ഇരുളിലായിരുന്നപ്പോള്‍ മറ്റൊരിടത്ത് അറിവിന്റെ സൂര്യനുദിച്ചു; മധ്യപൗരസ്ത്യദേശമാണത്. സംഭവബഹുലമാണ് മധ്യകാലത്തെ വൈദ്യചരിത്രം. ശാസ്ത്രം, തത്ത്വചിന്ത, രാഷ്ട്രീയം എന്നീ മേഖലകളിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ പരസ്പരം സ്വാധീനിക്കാമല്ലോ. മധ്യപൗരസ്ത്യദേശമാണ് മധ്യകാലവൈദ്യശാസ്ത്രത്തിന്റെ ശക്തികേന്ദ്രം. മധ്യകാലത്തെ വൈദ്യശാസ്ത്രത്തിന്റെ മാത്രമല്ല, ശാസ്ത്രത്തിന്റെയും തത്ത്വചിന്തയുടെയും തന്നെ അലകും പിടിയും നിര്‍ണയിച്ചത് മധ്യപൗരസ്ത്യദേശത്തുണ്ടായ ചില സംഭവവികാസങ്ങളാണ്. മുഹമ്മദ് നബിയുടെ ജനനമാണ് അതിന്റെ തുടക്കം. ആത്മീയരംഗത്തു മാത്രമല്ല, ഭൗതികരംഗത്തും ഇതിന്റെ  പ്രതിഫലനം ദൃശ്യമായിട്ടുണ്ട്. ആത്മീയതയില്‍ അധിഷ്ഠിതമായ സാമ്പ്രദായിക മതസങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലാണ് പല കാര്യങ്ങളിലും ഇസ്ലാം നീങ്ങിയത്. ഒരു കവിള്‍ കാണിച്ചാല്‍ മറ്റേതും കാണിച്ചുകാടുക്കുകയെന്ന ഉദ്‌ബോധനം നിലനിന്നിരുന്ന കാലത്ത് പ്രതിരോധത്തിന് വാളെടുത്തുകൊണ്ട് ആത്മീയാചാര്യന്മാരുടെ സ്ഥിരം ശൈലികളില്‍നിന്ന് അദ്ദേഹം തിരിഞ്ഞുനടന്നു. ലൈംഗികത പാപമായി കരുതിയിരുന്ന കാലത്ത് (അകാരണമായി) ലൈംഗികതയില്‍നിന്ന് വിട്ടുനില്‍ക്കുന്നത് നിരുത്സാഹപ്പെടുത്തി.  മാംസഭോജനം നിഷിദ്ധമാക്കാത്ത അദ്ദേഹത്തിന്റെ മതം ഹിംസയെയും അഹിംസയെയും പുനര്‍നിര്‍വചിച്ചു. ബുദ്ധനും മോശയും യേശുവുമടക്കം ചരിത്രത്തിലോ പൂര്‍വമത ഗ്രന്ഥങ്ങളിലോ പരാമര്‍ശിക്കപ്പെട്ട ആചാര്യന്മാരുടെ പിന്തുടര്‍ച്ച അവകാശപ്പെട്ട അദ്ദേഹം, അവരുടേതെന്ന പേരില്‍ ലഭ്യമായ ജിവിതദര്‍ശനങ്ങളില്‍ ജീര്‍ണിച്ചവക്കു പകരം കാലാതിവര്‍ത്തി യായവ കൊണ്ടുവന്നു. മതാചാര്യന്മാര്‍ എന്നറിയപ്പെടുന്നവര്‍ പൊതുവെ ആത്മീയതയുടെ വക്താക്കളായി മാറിയപ്പോള്‍ ആത്മീയതയും ഭൗതികതയും ചേര്‍ന്ന ഒരു ആശയസംഹിതയായിരുന്നു മുഹമ്മദ് നബി ഉയര്‍ത്തിപ്പിടിച്ചത്. ഇതാണ് വൈദ്യശാസ്ത്രം അടക്കമുള്ള വിജ്ഞാനശാഖകള്‍ക്ക് മധ്യകാലത്തുണ്ടായ വളര്‍ച്ചക്ക് പരോക്ഷമായി കാരണമായത്.
മത-ആത്മീയാചാര്യന്മാര്‍ നടത്തിയതായി പറയപ്പെടുന്ന അത്ഭുത സുഖപ്പെടുത്തല്‍ പ്രവൃത്തികളേക്കാളധികം മുഹമ്മദ് നബിയുടെ പേരിലുള്ളത്, സ്വന്തം അസുഖം മാറാന്‍ പോലും അദ്ദേഹം വൈദ്യന്മാരെ സമീപിക്കുകയോ വിളിച്ചുവരുത്തുകയോ ചെയ്ത സംഭവങ്ങളാണ്. ഹിജാമ പോലുള്ള  അന്നത്തെ ചികിത്സകളെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയില്ല. എല്ലാ രോഗങ്ങള്‍ക്കും ഭൗതികമായ പ്രതിവിധിയുണ്ട് എന്ന പാഠമാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. ഏതെങ്കിലും അസുഖത്തിന് മരുന്നില്ലാതിരിക്കുന്നുവെങ്കില്‍ അത് പ്രകൃതിയില്‍ അതിനുള്ള പ്രതിവിധി മനുഷ്യന്‍ കണ്ടെത്താഞ്ഞിട്ടാണ്. ഈ സമീപനം പിന്നീട് മാറാരോഗങ്ങളുടെ ഔഷധങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണം ത്വരിതപ്പെടുത്താന്‍ സഹായിച്ചു. ഏതു സാഹചര്യത്തിലും ഖുര്‍ആന്റെ കല്‍പനകള്‍ മുറുകെപ്പിടിക്കണമെന്ന് ആജ്ഞാപിച്ച വ്യക്തി തന്നെയാണ്, ശാസ്ത്രവിഷയങ്ങളില്‍ അനുഭവങ്ങളിലൂടെയും പ്രകൃതിനിരീക്ഷണത്തിലൂടെയും നേടിയെടുത്ത അറിവിന് പ്രാധാന്യം നല്‍കണമെന്നു പറഞ്ഞത്. ഈന്തപ്പനയില്‍ കൃത്രിമ പരാഗണം നടത്തുന്ന കാര്യത്തില്‍ അദ്ദേഹം ഇക്കാര്യം അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. മത-രാഷ്ട്രീയ വിഷയങ്ങളില്‍ മുഹമ്മദ് നബിയുടെ നിലപാടിനെ അവസാനവാക്കായി കരുതുന്ന അനുയായികളോടു തന്നെയാണ് ശാസ്ത്രവിഷയങ്ങളില്‍ അനുഭവത്തിലൂടെയും പ്രകൃതിനിരീക്ഷണത്തിലൂടെയും കിട്ടിയ ജ്ഞാനത്തിന് പ്രാധാന്യം നല്‍കണമെന്നു പറഞ്ഞത്. 
ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവാചകന്റെ നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശുചിത്വമാണ്. ശുചിത്വം മതവിശ്വാസത്തിന്റെ പകുതിയാണെന്നുവരെ അദ്ദേഹം പറഞ്ഞു. ദന്തശുചിത്വത്തിന് അദ്ദേഹം നല്‍കിയ പ്രാധാന്യത്തിന്റെ ഉദാഹരണമാണ് മിസ്വാക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. അമിതഭക്ഷണത്തിനെതിരെയും നബിവചനങ്ങളുണ്ട്. ഇത്തരം അഭിപ്രായപ്രകടനങ്ങളെല്ലാം വൈദ്യവിജ്ഞാനത്തിന്റെ വളര്‍ച്ചക്ക് സഹായകമാണ്. പക്ഷേ, ഇതൊന്നും കാലികമായ വൈദ്യജ്ഞാനത്തെ നിഷേധിച്ചുകൊണ്ട് വിശ്വാസികള്‍ക്ക്  മാത്രമായി ആത്മീയതയിലധിഷ്ഠിതമായ ഒരു വൈദ്യസമ്പ്രദായം വളര്‍ത്തിയെടുക്കാന്‍ പ്രവാചകന്‍ ശ്രമിച്ചുവെന്നതിന് തെളിവാകുന്നില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ പല പ്രവൃത്തികളും നിര്‍ദേശങ്ങളും സെക്യുലര്‍/ഭൗതികചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. രോഗികളോട് ചികിത്സിക്കാന്‍ കല്‍പിക്കുക മാത്രമല്ല, സ്വന്തം അസുഖങ്ങള്‍ക്ക്  ചികിത്സിക്കാന്‍ വിദഗ്ധരായ വൈദ്യന്മാരെ വിളിച്ചുവരുത്തുക കൂടി ചെയ്തു അദ്ദേഹം; ഹിജാമയും അഗ്നികര്‍മ(കോട്ടറൈസേഷന്‍)വും ഉള്‍പ്പെടെ ഭൗതികാടിത്തറയോടു കൂടിയ അന്നത്തെ അവരുടെ പല ചികിത്സാരീതികള്‍ക്കും  അദ്ദേഹം വിധേയനാവുകയും ചെയ്തു.
പ്രവാചകന്റെ വൈദ്യസമീപനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അനുയായികളില്‍ ഭൂരിപക്ഷം മനസ്സിലാക്കിയത് പുരോഗമനാത്മകമായാണ്. പിന്തിരിപ്പന്‍ അഭിപ്രായം പുലര്‍ത്തിയ ചെറുന്യൂനപക്ഷത്തെ പരാജയപ്പെടുത്താന്‍ മാത്രമല്ല, വൈദ്യവിജ്ഞാനത്തിന്റെ ആധുനീകരണത്തിനും ആധുനികവൈദ്യശാസ്ത്രത്തിന്റെ ഉദയത്തിനും വരെ അത് കാരണമായി. ഹിപ്പോക്രാറ്റിസ്, ഗാലന്‍, ഡയോസ്‌കോറൈഡസ് തുടങ്ങിയവരുടെ പാരമ്പര്യം ഉള്‍പ്പെടെയുള്ള പ്രാചീനമായ വൈദ്യജ്ഞാനം സംരക്ഷിക്കുകയും വ്യവസ്ഥാപിതമാക്കുകയും പരിഷ്‌കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് അത് സാധ്യമാക്കിയത്. ആഗോളതലത്തില്‍ അന്നുവരെയുണ്ടായിരുന്ന അറിവുകള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും അറബിയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്യുകയായിരുന്നു അതിന്റെ ആദ്യപടി. ഏഴ്, എട്ട് നൂറ്റാണ്ടുകളിലായാണ് ഈ പ്രക്രിയ വിപുലമായി നടന്നത്. ഒമ്പതാം നൂറ്റാണ്ടിലും അത് തുടര്‍ന്നു. അതോടൊപ്പം അടുത്ത ഘട്ടത്തിനും ഒമ്പതാം നൂറ്റാണ്ടില്‍ തുടക്കംകുറിച്ചു. പരിഷ്‌കരണ ഘട്ടമായിരുന്നു അത്. സംരക്ഷിക്കപ്പെടുകയും പരിഭാഷപ്പെടുത്തപ്പെടുകയും ചെയ്ത ഗ്രന്ഥങ്ങളിലെ അശാസ്ത്രീയതകള്‍ തിരുത്തുക എന്നതായിരുന്നു അത്. മുസ്ലിം ലോകത്തെ ശാസ്ത്രജ്ഞര്‍ സ്വന്തമായി നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈ തിരുത്തല്‍ യജ്ഞം ഒമ്പതാം നൂറ്റാണ്ടുമുതല്‍ പതിനൊന്നാം നൂറ്റാണ്ടുവരെ തുടര്‍ന്നു. പിന്നെയുള്ള ഒന്നുരണ്ട് നൂറ്റാണ്ടുകളിലായി ഇത്തരത്തില്‍ കാലികമായി പരിഷ്‌കരിക്കപ്പെട്ട അറിവ് പുറംലോകത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങി. അറബിയിലുള്ള ശാസ്ത്ര ഗ്രന്ഥങ്ങള്‍ക്ക് ലാറ്റിന്‍ പരിഭാഷകളൊരുക്കിയാണ് ഇത് സാധ്യമാക്കിയത്.
വസ്തുനിഷ്ഠത, സാര്‍വലൗകികത തുടങ്ങി പില്‍ക്കാലത്ത്  ശാസ്ത്രത്തിന്റെ ഘടകങ്ങളായി കണക്കാക്കപ്പെട്ട ആശയങ്ങളില്‍ പലതും  ഇക്കാലയളവില്‍ ഉദയം കൊണ്ടു. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ആകത്തുകയെയാണ് 'ബൈത്തുല്‍ ഹിക്മ' എന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്നത്. കൃത്യമായി എന്താണ് ബൈത്തുല്‍ ഹിക്മ എന്നതിനെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്; പലതിനെയും അവര്‍ ആ പേരില്‍ വ്യവഹരിക്കുന്നുമുണ്ട്. ബൈത്തുല്‍ ഹിക്മ എന്നാല്‍ പലതുമാണ്. അബ്ബാസിയാ ഖലീഫമാരുടെ കാലത്ത് ബഗ്ദാദ് കേന്ദ്രമായി ഉണ്ടായ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ ബൈത്തുല്‍ ഹിക്മ എന്നു പറയാം. ബൈത്തുല്‍ ഹിക്മക്ക് ശാസ്ത്രചിന്തയുടെ നവീകരണത്തിലുള്ള പങ്ക് ചെറുതല്ല. പ്രാദേശികമായ ചെറിയ തുരുത്തുകളില്‍നിന്ന് അറിവുകള്‍ സാര്‍വലൗകികവത്കരിക്കപ്പെടുന്നത് ഇതിലൂടെയാണ്. ലോകത്തെല്ലായിടത്തുമുള്ള ഗ്രന്ഥങ്ങള്‍ക്ക് ബഗ്ദാദിലെ ഗ്രന്ഥാലയത്തില്‍ ഇടം നല്‍കാന്‍ അതിന്റെ സംസ്ഥാപകര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഏതൊരു ഗവേഷണത്തിന്റെയും ആദ്യപടി ബന്ധപ്പെട്ട സാഹിത്യങ്ങളുടെ അവലോകനം (റിവ്യൂ ഓഫ് ലിറ്ററേച്ചര്‍) ആണല്ലോ. ഒരു മേഖലയില്‍ എന്തൊക്കെ നടന്നുവെന്നറിയാതെ പുതുതായി ഒന്നും കണ്ടെത്താനാവില്ല. ഈ ധര്‍മമാണ് ബന്ധപ്പെട്ട സാഹിത്യങ്ങളുടെ അവലോകനം നിറവേറ്റുന്നത്. ലോകത്തെല്ലായിടത്തുമുള്ള ഗ്രന്ഥങ്ങള്‍ ബഗ്ദാദിലെത്തിയെന്നു മാത്രമല്ല, അവ വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടുകയും പുതിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ കാലോചിതമായി പരിഷ്‌കരിക്കപ്പെടുകയും ചെയ്തു. ബഗ്ദാദ് കേന്ദ്രമായി രൂപംകൊണ്ട 'ബൈത്തുല്‍ ഹിക്മ' എന്ന ഈ പ്രവര്‍ത്തനമാണ് മനുഷ്യസമൂഹത്തെ മധ്യകാലത്തുനിന്ന് ആധുനികതയിലെക്ക് ആനയിച്ചത് എന്നു പറയുന്നതില്‍ തെറ്റുണ്ടാവില്ല. 
പരിഭാഷാ പ്രവര്‍ത്തനങ്ങളാണല്ലോ ബൈത്തുല്‍ ഹിക്മയില്‍ നടന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ ആദ്യപടി. മുസ്ലിം പ്രദേശങ്ങളിലും പുറത്തുമുള്ള അറിവുകള്‍ സമാഹരിക്കപ്പെട്ടു. ഇറാനിലെ ബുഖ്തിശു കുടുംബത്തിലും ഗൊന്ദീശാപൂര്‍ അക്കാദമിയിലുമുള്ള അറിവുകള്‍ മുതല്‍ അകലെ  ഗ്രീസിലും റോമിലുമൊക്കെയുള്ള വിജ്ഞാനശേഖരങ്ങള്‍ വരെ അറബിഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഇന്ത്യയില്‍നിന്നുള്ള സംസ്‌കൃത ഗ്രന്ഥങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ബൈത്തുല്‍ ഹിക്മയിലൂടെ സാധ്യമായത് വൈദ്യശാസ്ത്രത്തിന്റെ  പരിഷ്‌കരണം മാത്രമല്ല, എല്ലാ തരത്തിലുമുള്ള അറിവിന്റെ നവോത്ഥാനമായിരുന്നു. 
അറിവിന്റെ എല്ലാ സ്രോതസ്സുകളുടെയും വാതായനങ്ങള്‍ ബൈത്തുല്‍ ഹിക്മയിലേക്ക് തുറക്കപ്പെട്ടു. അബ്ബാസിയാ കാലഘട്ടത്തില്‍ നിലനിന്ന സാംസ്‌കാരികമായ സഹിഷ്ണുത അതിന് സഹായകമായി. ഒരു മതമെന്ന നിലയില്‍ ഇസ്ലാം കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. മുസ്‌ലിംകളായി മാറിയവര്‍ മാത്രമല്ല, പൂര്‍വ മതവിശ്വാസങ്ങളില്‍ തുടര്‍ന്നവരും അവരുടെ പരമ്പരാഗതമായ ജ്ഞാനഭണ്ഡാരങ്ങള്‍ പുതിയ സംരംഭത്തിന് സംഭാവന ചെയ്തു. കാരണം, മതപരമായ വിവേചനം അന്നില്ലായിരുന്നു. ബുഖ്തിശു കുടുംബവും ഗോന്ദീശാപൂര്‍ അക്കാദമിയുമൊക്കെ ഇസ്‌ലാമിന് മുമ്പത്തെ സംസ്‌കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇതിന്റെ പിന്തുടര്‍ച്ചക്കാരായ വൈദ്യശാസ്ത്ര വിദഗ്ധരില്‍ പ്രമുഖനാണ് ജബ്രീല്‍ (ജിബ്രീല്‍) ഇബ്‌നു ബുഖ്തിശു. യുഹന്നാ ഇബ്‌നു മസാവിയ്യ, ഗോന്ദീശാപൂര്‍ അക്കാദമിയുടെ പിന്തുടര്‍ച്ചക്കാരനായ മറ്റൊരു വൈദ്യശാസ്ത്ര വിദഗ്ധനാണ്. 
ഇത്തരക്കാരിലൂടെ സുറിയാനി ഭാഷയിലെ വിജ്ഞാനശേഖരങ്ങള്‍ പിന്നീട് അറബി ഭാഷയില്‍ സംരക്ഷിക്കപ്പെടാന്‍ അവസരമൊരുങ്ങി. ബര്‍മകിയാന്‍ (ബറാമിക) കുടുംബാംഗങ്ങളിലൂടെയും മറ്റും ബൗദ്ധസംസ്‌കാരവും ഇസ്‌ലാമിക സുവര്‍ണകാലഘട്ടത്തിലെ വിജ്ഞാനവിസ്‌ഫോടനത്തിന്റെ ഭാഗമായി മാറി. പേര്‍ഷ്യയിലെ സൊരാഷ്ട്രിയന്‍ മതപാരമ്പര്യത്തില്‍നിന്ന് ഇസ്‌ലാമിന്റെ  ഭാഗമായി മാറിയ വൈദ്യശാസ്ത്ര വിദഗ്ധനാണ് അലി ഇബ്‌നു അബ്ബാസ് അല്‍ മജൂസി. അദ്ദേഹത്തിന്റെ  പേരിന്റെ അവസാനഭാഗം സൊരാഷ്ട്രിയന്‍ പാരമ്പര്യത്തെ സൂചിപ്പിക്കുന്നു. ലോകത്ത് അന്നുവരെയുണ്ടായിരുന്ന എല്ലാ നാഗരികതകളും വിജ്ഞാനങ്ങളും ബഗ്ദാദില്‍, ബൈത്തുല്‍ ഹിക്മയില്‍ സമ്മേളിച്ചുവെന്ന് ചുരുക്കം. കാലം കഴിയുംതോറും ഇത്തരം വിജ്ഞാനപ്രവര്‍ത്തനങ്ങളുടെ പരിധി കൂടിവന്നു. ബൈത്തുല്‍ ഹിക്മയുടെയും ബഗ്ദാദ് നഗരത്തിന്റെയും പരിധികള്‍ക്കപ്പുറത്ത് കിഴക്ക് ഇറാന്‍ മുതല്‍ പടിഞ്ഞാറ് മൊറോക്കോ വരെയും വടക്ക് സ്‌പെയിന്‍ വരെയും ജ്ഞാനാന്വേഷണങ്ങളുടെ തട്ടകങ്ങളായി വര്‍ത്തിച്ചു; മാത്രമല്ല, അബ്ബാസിയാ ഖിലാഫത്തിന്റെ രാഷ്ട്രീയപരിധിയെയും അതിവര്‍ത്തിച്ചുകൊണ്ട് അത് മുന്നോട്ടുനീങ്ങി.
പരിഷ്‌കരണ ഘട്ടമാണല്ലോ അടുത്തത്. പല ദേശങ്ങളില്‍നിന്ന്, പല ഭാഷകളില്‍നിന്ന് ബഗ്ദാദിലേക്ക് കൊണ്ടുവന്ന് അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത കൃതികളില്‍ അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും ധാരാളമുണ്ടായിരുന്നു. പുതിയ നിരീക്ഷണ-ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ അറിവുകളുടെ അടിസ്ഥാനത്തില്‍ അവ പരിഷ്‌കരിക്കപ്പെട്ടു. ഈ പരിഷ്‌കരണങ്ങള്‍ വൈദ്യശാസ്ത്രത്തില്‍ ഒതുങ്ങിനിന്നില്ല. ശാസ്ത്രപൂര്‍വ കാഴ്ചപ്പാടുകളില്‍നിന്ന് ശാസ്ത്രത്തിലേക്കുള്ള പ്രവാഹത്തില്‍ കാലത്തിനു നിരക്കാത്തവയെല്ലാം മുട്ടുകുത്തി വീണു. 
ഒന്നാമത്തെ ശാസ്ത്രജ്ഞനെന്ന് വിശേഷിപ്പിക്കപ്പെടുന്ന അബൂ അലി അല്‍ഹസന്‍ ഇബ്‌നുല്‍ ഹസന്‍ ഇബ്‌നുല്‍ഹൈഥം തന്നെയാണ് ഏറ്റവും വലിയ പരിഷ്‌കര്‍ത്താവ്. ടോളമി വരെയുള്ളവരുടെ നിഗമനങ്ങളിലെ അശാസ്ത്രീയതകള്‍ അദ്ദേഹം കണ്ടുപിടിച്ചു. ഇറാഖിലെ ബസ്വറയില്‍ സി.ഇ 965-ല്‍ ജനിച്ച് ഈജിപ്തിലെ കെയ്‌റോയില്‍ സി. ഇ 1040-ല്‍ അന്തരിച്ച ഇബ്‌നുല്‍ഹൈഥം പാശ്ചാത്യലോകത്ത് അറിയപ്പെടുന്നത് അല്‍ ഹാസന്‍ എന്നാണ്. ടോളമിയുടെ കാഴ്ചപ്പാടുകള്‍ക്ക് ഇബ്‌നുല്‍ഹൈഥം എഴുതിയ വിയോജനക്കുറിപ്പുകളാണ് 'അശ്ശുകൂകൂ അലാ ബത്വ്‌ലിമിയൂസ്' (ടോളമിയെക്കുറിച്ചുള്ള സംശയങ്ങള്‍). ശാസ്ത്രീയമായ ഗവേഷണ രീതിശാസ്ത്രം കെട്ടിപ്പടുത്തത് അദ്ദേഹമാണ്. പ്രകാശശാസ്ത്രത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് 'കിതാബുല്‍  മനാളിര്‍' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം പ്രസിദ്ധീകരിച്ച് ആയിരാമാണ്ട് തികയുന്ന 2015, യുനെസ്‌കോ 'അന്തര്‍ദേശീയ പ്രകാശ വര്‍ഷ'മായി ആചരിച്ചത്.
വൈദ്യശാസ്ത്രരംഗത്ത്, ഇത്തരം പരിഷ്‌കര്‍ത്താക്കളില്‍ മുമ്പില്‍ നില്‍ക്കുന്നത് സി.ഇ 854 മുതല്‍ 925 വരെ ജീവിച്ച അബൂബക്ര്‍ മുഹമ്മദുബ്‌നു സകരിയ്യാ റാസിയാണ്. പലതുകൊണ്ടും മാനവസമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് അദ്ദേഹം. ബഹുമുഖ പ്രതിഭയായ റാസിയുടെ സംഭാവനകള്‍ രസതന്ത്രം, ഫിലോസഫി, ജ്യോതിശാസ്ത്രം, വ്യാകരണം തുടങ്ങി പല മേഖലകളിലുമുണ്ടെങ്കിലും വൈദ്യശാസ്ത്രജ്ഞനായാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. ചികിത്സകന്‍, വൈദ്യശാസ്ത്രാധ്യാപകന്‍, ഗ്രന്ഥകര്‍ത്താവ് തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റാസിയുടെ ഗ്രന്ഥങ്ങള്‍ ലാറ്റിന്‍ പരിഭാഷകളിലൂടെ യൂറോപ്പിലെ മെഡിക്കല്‍ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങളായിരുന്നു. റേസസ് എന്ന പേരിലാണ്  പാശ്ചാത്യലോകത്ത് അദ്ദേഹം അറിയപ്പെടുന്നത്.
റാസിയുടെ സംഭാവനകളില്‍ ഏറെ ശ്രദ്ധേയമായിട്ടുള്ളത് ഹിപ്പോക്രാറ്റിസും ഗാലനുമൊക്കെയടങ്ങുന്ന ഗ്രീക്ക് - റോമന്‍ വൈദ്യവിശാരദന്മാരുടെ ചിന്തകളിലെ പാളിച്ചകള്‍ കണ്ടെത്തിയതാണ്. 'ഗാലനെക്കുറിച്ചുള്ള സംശയങ്ങള്‍' (അശ്ശുകൂകു അല ജാലീനൂസ്) എന്നൊരു കൃതി തന്നെ അദ്ദേഹത്തിന്റേതായി ഉണ്ട്. ജ്വരത്തെക്കുറിച്ചുള്ള ഗാലന്റെ കാഴ്ചപ്പാടുകള്‍ ശാസ്ത്രീയമല്ലെന്ന് സ്വന്തം രോഗികളെ നിരീക്ഷിച്ചതിലൂടെ അദ്ദേഹം മനസ്സിലാക്കി. ഗാലന്റെ സംഭാവനകളെ വാനോളം പുകഴ്ത്തിക്കൊണ്ടും അദ്ദേഹത്തോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടും തന്നെയാണ് റാസി ഇത് ചെയ്തത്. അരിസ്റ്റോട്ടില്‍, പ്ലാറ്റോ തുടങ്ങിയവരുടെ കാഴ്ചപ്പാടുകളില്‍ പല വൈകല്യങ്ങളുമുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ചതുര്‍ദോഷ സിദ്ധാന്തത്തില്‍ മാത്രല്ല, അന്നത്തെ ദ്രവ്യഗുണ വിജ്ഞാനത്തിന്റെ അടിസ്ഥാനമായി നിലകൊണ്ടിരുന്ന ചതുര്‍ഭൂത സിദ്ധാന്തത്തില്‍തന്നെ പല പാളിച്ചകളുമുണ്ടെന്നും ദ്രവ്യത്തിന്റെ പല ഗുണങ്ങളും വിവരിക്കാന്‍ അത് അപര്യാപ്തമാണെന്നും അദ്ദേഹം മനസ്സിലാക്കി. രസതന്ത്രത്തിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളില്‍ സള്‍ഫ്യൂരിക് ആസിഡിനെയും ഈഥൈല്‍ ആല്‍ക്കഹോളിനെയും കുറിച്ചുള്ള നിഗമനങ്ങള്‍ ഉള്‍പ്പെടുന്നു. ശിശുചികിത്സയിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. വസൂരിയെക്കുറിച്ച അദ്ദേഹത്തിന്റെ  നിരീക്ഷണങ്ങള്‍ അക്കാലത്ത് ശ്രദ്ധേയമായിരുന്നു.
'കിതാബുല്‍ ഹാവി' ആണ് റാസിയുടെ പ്രധാനപ്പെട്ട വൈദ്യഗ്രന്ഥം. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആദ്യഘട്ടത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇബ്‌നുസീന ജീവിച്ചത് സി.ഇ 980 മുതല്‍ 1037 വരെയാണ്. മധ്യകാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ വൈദ്യശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ബഹുമുഖ പ്രതിഭയായിരുന്ന ഇബ്‌നുസീന വൈദ്യശാസ്തജ്ഞന്‍ മാത്രമല്ല, ജ്യോതിശാസ്ത്രജ്ഞനും  ദാര്‍ശനികനും ചിന്തകനുമൊക്കെയായിരുന്നു. ലോകത്തിന് പേര്‍ഷ്യ സംഭാവന നല്‍കിയ ഈ അതുല്യപ്രതിഭ പാശ്ചാത്യലോകത്ത് അവിസെന്ന എന്ന ലാറ്റിന്‍ വികൃത രൂപത്തിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റേതായി നാന്നൂറ്റി അമ്പതോളം രചനകള്‍ ഉള്ളതായി കരുതപ്പെടുന്നു. അവയില്‍ നശിക്കാതെ അവശേഷിച്ച ഇരുന്നൂറ്റിനാല്‍പത് കൃതികളില്‍ ഫിലോസഫി, വൈദ്യശാസ്ത്രം തുടങ്ങി ഒരുപാട് വിഷയങ്ങളുമായി ബന്ധപ്പെട്ടവയുണ്ട്. ഇബ്‌നു സീനയുടെ ദാര്‍ശനിക ഗ്രന്ഥങ്ങളില്‍ 'കിതാബുശ്ശിഫ' പ്രാധാന്യമര്‍ഹിക്കുന്നു. പേരുകൊണ്ട് വൈദ്യശാസ്ത്രമെന്ന് തോന്നിപ്പിക്കുമെങ്കിലും, ദര്‍ശനവും  ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മുഖ്യമായും ഇതില്‍ കൈകാര്യം ചെയ്യുന്നത്. അഞ്ച് വാള്യങ്ങള്‍ അടങ്ങിയ ഒരു ബൃഹദ്ഗ്രന്ഥമാണ് 'അല്‍ ഖാനൂന്‍ ഫിത്ത്വിബ്ബ്.' സി.ഇ. 1025-ല്‍ ആണ് ഇതിന്റെ രചനപൂര്‍ത്തിയായത്. ഒന്നാമത്തെ പുസ്തകം വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും ദര്‍ശനങ്ങളും വിവരിക്കുന്ന ആറു തീസീസുകളുടെ സമാഹാരമാണ്. ഹ്യൂമറുകള്‍, പ്രകൃതി, അനാട്ടമി, ഫിസിയോളജി തുടങ്ങിയവ ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. രണ്ടാമത്തെ പുസ്തകം ഔഷധ ദ്രവ്യങ്ങളെ(മെറ്റീരിയ മെഡിക്ക) ക്കുറിച്ചുള്ളതാണ്. മൂന്നാമത്തെ ഗ്രന്ഥം പാഥോളജി വിവരിക്കാനുള്ളതാണ്. നാലാമത്തെ പുസ്തകം പ്രത്യേകമായ രോഗങ്ങളെക്കുറിച്ചും അഞ്ചാമത്തെ പുസ്തകം ഔഷധയോഗങ്ങളെക്കുറിച്ചും വിവരിക്കുന്നു. 'അല്‍ ഖാനൂന്‍ ഫിത്ത്വിബ്ബ്', അഥവാ അതിന്റെ ലാറ്റിന്‍ വിവര്‍ത്തനം (കാനന്‍ മെഡിസിനെ) പതിനെട്ടാം നൂറ്റാണ്ടുവരെ യൂറോപ്പിലടക്കം മെഡിക്കല്‍ ടെക്സ്റ്റ് ബുക്കായിരുന്നു. 

(തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (20-21)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേര്‍ജീവിതത്തെ അപകടപ്പെടുത്തുന്ന നാവ്
മൂസ ഉമരി പാലക്കാട്