മദീനയിലെ ഇസ്‌ലാമിക രാഷ്ട്രസ്വരൂപം
പ്രവാചകന്റെ കാലത്തും ഖുലഫാഉര്‍റാശിദുകളുടെ കാലത്തും സാക്ഷാല്‍ക്കരിക്കപ്പെട്ട ഇസ്‌ലാമിക രാഷ്ട്രത്തില്‍ ഒരു രാഷ്ട്രത്തിന് വേണ്ട എല്ലാം ഒത്തിണങ്ങിയിരുന്നു. അതില്‍ സമൂഹ(അല്‍ഉമ്മ)മുണ്ട്, ദേശ(ഇഖ്‌ലീം)മുണ്ട്, അധികാരകേന്ദ്രമുണ്ട്, നിയമവാഴ്ചയുണ്ട്. പ്രവാചകന്‍ രൂപകല്‍പന ചെയ്ത മദീനാ ഭരണഘടന (സ്വഹീഫതു മദീന)യില്‍ ഏതൊക്കെ ഘടകങ്ങള്‍ ചേര്‍ന്നാണ് ഒരു രാഷ്ട്രം രൂപീകൃതമാവുക എന്നതിനെക്കുറിച്ച സൂക്ഷ്മ വിവരണങ്ങളുണ്ട്. ആ 'സ്വഹീഫ'യില്‍ മുസ്‌ലിംകളോ ജൂതന്മാരോ ബഹുദൈവാരാധകരോ ആയ ഓരോരോ ഗോത്രത്തെയും പേരെടുത്തു പറയുന്നുണ്ട്. ഇവരെല്ലാം ചേരുമ്പോഴാണ് ഒരു രാഷ്ട്രീയ സമൂഹം രൂപപ്പെടുന്നത്. പൗരന്മാരെന്ന നിലക്ക് അവര്‍ക്കെല്ലാമുള്ള അവകാശങ്ങള്‍ ആ സ്വഹീഫയില്‍ എണ്ണിപ്പറയുകയും ചെയ്തിരിക്കുന്നു.
ആ രാഷ്ട്രത്തിന്റെ ദേശം (ഇഖ്‌ലീം) എന്ന് പറയുന്നത് മദീനയാണ്, അല്ലെങ്കില്‍ 'യസ്‌രിബ്'. ആദ്യ ഇസ്‌ലാമിക രാഷ്ട്രം നിലവില്‍ വന്ന ഭൂവിഭാഗം. ആ രാഷ്ട്രനായകന്‍ തന്നെ ആ രാഷ്ട്രാതിരുകളെക്കുറിച്ച് സൂചനകള്‍ നല്‍കിയിട്ടുണ്ട്. ആ രാഷ്ട്രത്തിലേക്ക് വരുന്നവര്‍ക്കും അവിടെനിന്ന് പോകുന്നവര്‍ക്കുമൊക്കെ നിര്‍ഭയത്വം കൊടുക്കുന്ന ഒരു പുതിയ രാഷ്ട്രസ്വരൂപം.1 സമൂഹ നിര്‍മിതിയില്‍ അധികാരം എങ്ങനെയൊക്കെ വിന്യസിക്കപ്പെടുമെന്ന് നിജപ്പെടുത്തി. എല്ലാവരും വഴങ്ങേണ്ട പൊതുനിയമ സംവിധാനത്തെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നു. രാഷ്ട്രത്തില്‍ ഒന്നിച്ച് ജീവിക്കുന്ന ജനവിഭാഗങ്ങളെല്ലാം പരസ്പരം സഹായിച്ചും സഹകരിച്ചും കഴിഞ്ഞുകൂടണം. രാഷ്ട്രത്തെ പ്രതിരോധിക്കാനായി അവര്‍ ഒറ്റക്കെട്ടായി ഇറങ്ങണം. അവരുടെ കൂറ് ഒരിക്കലും രാഷ്ട്രത്തിന്റെ ശത്രുക്കളോടായി പോകരുത്. രാഷ്ട്രത്തിന്റെ ഭാഗമായിത്തീര്‍ന്ന ഓരോ വിഭാഗവും ഐക്യപ്പെട്ട് നില്‍ക്കണം, ശണ്ഠ കൂടരുത്. ഒപ്പം വിശ്വാസ സ്വാതന്ത്ര്യവും അനുഷ്ഠാനങ്ങളുടെ ആചരണ സ്വാതന്ത്ര്യവും എല്ലാവര്‍ക്കും നല്‍കിയിരിക്കും.
മദീനയിലെത്തിയ ശേഷമുള്ള നബിയുടെ ആദ്യ നേട്ടങ്ങളിലൊന്നായിരുന്നു ഈ ഭരണഘടന. ഭരണഘടനാ ചരിത്രത്തില്‍ ഇതുപോലുള്ള ഒന്ന് നിങ്ങള്‍ ഇതിനു മുമ്പ് കാണുകയില്ല. കൂടുതല്‍ പഠനവും ഗവേഷണവും ആവശ്യപ്പെടുന്നുണ്ട് ഈ രേഖ. ബഹുമതങ്ങളും സംസ്‌കാരങ്ങളും നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ പൗരത്വപ്രശ്‌നത്തെ കൃത്യമായി അഭിസംബോധന ചെയ്യുന്നുണ്ട് അത്. ഒരാളെയും ഒഴിവാക്കാതെ എല്ലാവര്‍ക്കും പൗരത്വം നല്‍കുകയാണ് അത് ചെയ്യുന്നത്. അവരെല്ലാവരും ചേര്‍ന്നതാണ് പൗരാവലി. രാഷ്ട്രീയ സമൂഹത്തിലെ അംഗങ്ങളെന്ന നിലക്ക് എല്ലാവര്‍ക്കും രാഷ്ട്രത്തോട് കടപ്പാടും കൂറും വേണം. ഒരുമിച്ചുള്ള സഹജീവനമായിരിക്കും അവരുടേത്. എന്നാല്‍, വിശ്വാസപരമായി അവര്‍ പല സമൂഹങ്ങളാണ്; യഹൂദ സമൂഹം, ഇസ്‌ലാമിക സമൂഹം എന്നിങ്ങനെ. യസ്‌രിബിലുള്ള ഓരോ വിശ്വാസി സമൂഹത്തെയും സ്വഹീഫ പേരെടുത്തു തന്നെ പരാമര്‍ശിക്കുന്നുണ്ട്. വ്യത്യസ്ത മതവീക്ഷണങ്ങളുള്ളതുകൊണ്ട് ആരും ഒഴിവാക്കപ്പെടുന്നില്ല. അതിനൊരു ന്യായവും ചമയ്ക്കാന്‍ കഴിയുന്നതുമല്ല. ആ രാഷ്ട്രത്തിന്റെ പൗരത്വ സങ്കല്‍പത്തെക്കുറിച്ച് ഇത് വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്.
ഒരു രാഷ്ട്രത്തിന്റെ സ്ഥലപരിധിയില്‍ ഒന്നിച്ച് ജീവിക്കാന്‍ തയാറാവുകയും അതു മുഖേന വന്നുചേരുന്ന അവകാശ ബാധ്യതകള്‍ അംഗീകരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കുമുള്ളതാണ് പൗരത്വം. അതേസമയം ആ രാഷ്ട്രത്തിന്റെ മൂല്യനിയമവ്യവസ്ഥകള്‍ ഒരു ധാര്‍മിക സംഹിതയെ അടിസ്ഥാനപ്പെടുത്തിയുമായിരിക്കും. അതാണ് ശരീഅത്ത്. ഈ മദീനാ ഭരണഘടനയും ഖുര്‍ആനിക പരാമര്‍ശങ്ങളും മുമ്പില്‍ വെച്ച് ചിന്തിച്ചാല്‍, ഈ രാഷ്ട്രം ശരീഅത്തിന്റെ അടിക്കല്ലിലാണ് പണിതുയര്‍ത്തപ്പെട്ടിട്ടുള്ളതെങ്കിലും, നിര്‍ണിത അതിരുകളുള്ള ഈ ദേശത്ത് വസിക്കുന്നവന് മാത്രമേ പൗരത്വമുണ്ടാവുകയുള്ളൂ; അത് മുസ്‌ലിമായാലും ശരി, മുസ്‌ലിമല്ലാത്തയാളായാലും ശരി.
അപ്പോള്‍ ആ രാഷ്ട്രപരിധിയില്‍ താമസിക്കുന്ന, അതിന്റെ നിയമവ്യവസ്ഥ അംഗീകരിക്കുന്ന ആര്‍ക്കും അപേക്ഷിച്ചാല്‍ പൗരത്വം കിട്ടും. ഈ വ്യവസ്ഥകള്‍ പാലിക്കാത്തവരാണെങ്കില്‍ മുസ്‌ലിംകളാണെങ്കിലും രാഷ്ട്രത്തിന് അവരുടെ യാതൊരുവിധ സംരക്ഷണോത്തരവാദിത്തവും ഉണ്ടാവുകയില്ല. ഈ രാഷ്ട്ര പരിധിയിലുള്ള പ്രദേശമല്ല ഒരു വിശ്വാസി താമസിക്കാനായി തെരഞ്ഞെടുക്കുന്നതെങ്കില്‍ അയാള്‍ ഇസ്‌ലാമിക സമൂഹത്തില്‍ അംഗമായിരിക്കുമ്പോള്‍ തന്നെ അതിന്റെ തന്നെ രാഷ്ട്രീയ സമൂഹത്തില്‍നിന്ന് പുറത്തുമാണ്. അല്ലാഹു പറഞ്ഞു: ''സത്യവിശ്വാസം സ്വീകരിക്കുകയും അതിന്റെ പേരില്‍ നാടുവിടേണ്ടിവരികയും തങ്ങളുടെ ദേഹംകൊണ്ടും ധനംകൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരും അവര്‍ക്ക് അഭയം നല്‍കുകയും അവരെ സഹായിക്കുകയും ചെയ്തവരും പരസ്പരം ആത്മമിത്രങ്ങളാണ്. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിയാതിരിക്കുകയും ചെയ്തവരുടെ സംരക്ഷണ ബാധ്യത നിങ്ങള്‍ക്കില്ല; അവര്‍ സ്വദേശം വെടിഞ്ഞ് വരും വരെ. അഥവാ, മതകാര്യത്തില്‍ അവര്‍ സഹായം തേടിയാല്‍ അവരെ സഹായിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അത് നിങ്ങളുമായി കരാറിലേര്‍പ്പെട്ട ഏതെങ്കിലും ജനതക്കെതിരെയാവരുത്. നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു'' (അല്‍അന്‍ഫാല്‍: 72). ഈ സൂക്തത്തിന്റെ വ്യാഖ്യാനവും കൂടി കാണുക.
മദീനാ ഭരണഘടനയുടെ ഈ വ്യക്തതയും സുതാര്യതയും മറ്റൊരു തരത്തില്‍ വളച്ചൊടിക്കുന്ന ഓറിയന്റലിസ്റ്റുകളുണ്ട്. മുസ്‌ലിം സമുദായത്തിലെ ചില ഭരണഘടനാ നിയമജ്ഞരും അതേറ്റു പിടിക്കുന്നു. ഒരാള്‍ ഇത്രത്തോളം പറഞ്ഞു: ''ഇതില്‍നിന്ന് മനസ്സിലാകുന്നത് മുസ്‌ലിം ഉമ്മത്തിന് തനതും തൊട്ടറിയാവുന്നതുമായ ഒരു അസ്തിത്വം ഇല്ലെന്നാണ്. ഒരു അവ്യക്തമായ സങ്കല്‍പം മാത്രമാണുള്ളത്. അതിനാല്‍ ഈ സമൂഹത്തിന് ഒരിക്കലും ഇഛാശക്തിയുണ്ടാവില്ല; സ്വയം പ്രകാശനം നടത്താനും അതിന് കഴിയില്ല. പ്രകടിപ്പിക്കപ്പെടുന്നതാകട്ടെ അറിവും അധികാരവും കുത്തകയാക്കിവെച്ചിരിക്കുന്ന വരേണ്യവര്‍ഗത്തിന്റെ നിലപാടുകളായിരിക്കും.''2
കുറിപ്പുകള്‍
1. മുഹമ്മദ് ഹമീദുല്ലയുടെ അല്‍ വസാഇഖുസ്സിയാസിയ്യ, മഅ്‌റൂഫ് അദ്ദവാലീബിയുടെ അദ്ദൗലതു വസ്സുല്‍ത്വതു ഫില്‍ ഇസ്‌ലാം എന്നീ കൃതികള്‍ കാണുക.
2. അദ്ദവാലീബിയുടെ 'അദ്ദൗലതു വസ്സുല്‍ത്വതു ഫില്‍ ഇസ്‌ലാം' എന്ന കൃതി (പേ. 8)യില്‍നിന്ന് ഉദ്ധരിച്ചത്. ഇയാദ് ബ്‌നു ആശൂറിന്റേതാണ് ഈ വിമര്‍ശനം. ജൂത ഓറിയന്റലിസ്റ്റായ സര്‍ത്ത്മന്‍ (Zartman) ആണ് ഈ വാദഗതി ഉന്നയിച്ചത്. സര്‍ത്ത്മന്ന് മറുപടി പറയവെ അദ്ദവാലീബി എഴുതി: ''വില്യം സര്‍ത്ത്മന്റെ പിന്നാലെയതാ തുനീഷ്യയില്‍നിന്നുള്ള ഉസ്താദ് ഇയാദുബ്‌നു ആശൂര്‍ വരുന്നു. ഞാന്‍ വിചാരിച്ചത് നമ്മുടെ ഈ ഇയാദ്, സര്‍ത്ത്മന്റെ വാദമുഖങ്ങളെ ഖണ്ഡിച്ചുകൊണ്ട് അയാളെ തിരുത്തുമെന്നാണ്. പക്ഷേ, സര്‍ത്ത്മന്റെ അതേ കോപ്പയില്‍നിന്ന് പാനം ചെയ്യാനാണ് ഇയാദ് വന്നിരിക്കുന്നത്.''
Comments