Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 20

3118

1441 മുഹര്‍റം 20

സത്യം

അശ്‌റഫ് കാവില്‍

ഉയരവും
വന്യവേഗതയും
മാത്രമാണ്
പട്ടത്തിന്റെ വികാരം....

ഒരുനാള്‍
നക്ഷത്രത്തെ തൊടാം
എന്ന പ്രത്യാശയാണ്
അതിനെ നയിക്കുന്ന ഇന്ധനം...

ദുര്‍ബലമായ
നൂലിനെക്കുറിച്ചോ
തരിമ്പും
കാരുണ്യമില്ലാത്ത
കാറ്റിന്റെ
ഗതിമാറ്റത്തെക്കുറിച്ചോ
അതിനറിയില്ല....

നൂലുപിടിച്ച
കൈകളുടെ ഉടമസ്ഥന്‍
എട്ടും പൊട്ടും തിരിയാത്ത
ഒരു കുട്ടിയാണെന്ന സത്യം
അതിനെ ഞെട്ടിയുണര്‍ത്തുന്നില്ല.

ആരോടോ
ദേഷ്യം പിടിച്ച്
പട്ടത്തിന്റെ
ചരടറ്റിക്കാനുള്ള
കുട്ടിയുടെ ഉദ്യമം....

അനന്ത വിഹായസ്സില്‍
കൂടുതലുയരത്തേക്ക്
ഊളിയിട്ടുയരാന്‍
കുതികൊള്ളുന്ന
പട്ടത്തിന്റെ തിടുക്കം...
ഇത്രയുമാണ് സത്യം! 

 

*********************************************************************************

ആള്‍ക്കൂട്ടം

കൈകളും
കാലുകളുമുള്ള,
ഉണരുകയും
ഉറങ്ങുകയും ചെയ്യുന്ന,
കാലില്‍
ഒരു മുള്ളു കയറുമ്പോള്‍
വേദനിക്കുന്ന,
വിശക്കുമ്പോള്‍
വാരിവലിച്ചു കഴിച്ചും
മടുക്കുമ്പോള്‍
സംഗീതം കേട്ടും
ജീവിതത്തെ
ആഘോഷമാക്കുന്ന
കേവല മനുഷ്യരുടെ
ഒരു യാദൃഛിക
ഒത്തുചേരലാണോ
ആള്‍ക്കൂട്ടം?
തീകൊളുത്തുമ്പോള്‍
അരുത് എന്നുറക്കെപ്പറയാന്‍,
തല്ലിക്കൊല്ലുമ്പോള്‍
'പാവം... കൊച്ചു കുഞ്ഞല്ലേ'
എന്നു വിലപിക്കാന്‍,
കടിച്ചു കുടയുമ്പോള്‍
'ജീവിച്ചോട്ടെ...' എന്ന്
സഹതപിക്കാന്‍
ഒരാള്‍ പോലും
അവശേഷിക്കാത്ത വണ്ണം
അവരെങ്ങനെയാണ്
കഠിനശിലകളാകുന്നത്?

യാദൃഛികതകളുടെ
വെറുമൊരൊത്തുചേരല്‍
മാത്രമല്ല ഈ ആള്‍ക്കൂട്ടം;
ഹിംസയുടെ
നീതീകരണത്തിന്
പടച്ചുവിടുന്ന,
ഇരുകാലുകളും
കൈകളുമുള്ള
നുണകളുടെ
പേരാണ് 'ആള്‍ക്കൂട്ടം'

രാജ്യത്തിന്റെ
ഇടനെഞ്ചു തുരന്ന്
ചോരകുടിക്കാന്‍
കോപ്പുകൂട്ടുന്നവരുടെ
പൊറാട്ടുനാടകത്തിലെ
ഒരു രംഗം മാത്രം!
കൊലപാതകം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (20-21)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേര്‍ജീവിതത്തെ അപകടപ്പെടുത്തുന്ന നാവ്
മൂസ ഉമരി പാലക്കാട്