Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 20

3118

1441 മുഹര്‍റം 20

തുനീഷ്യയില്‍ അന്നഹ്ദയുടെ പുതിയ ചുവടുവെപ്പുകള്‍

സ്റ്റാഫ് ലേഖകന്‍

തുനീഷ്യയില്‍ ഈ മാസം മധ്യത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും അടുത്ത മാസം ആദ്യവാരത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നടക്കാന്‍ പോവുകയാണ്. തുനീഷ്യന്‍ പ്രസിഡന്റായിരുന്ന ബാജി ഖാഇദ് അസ്സബ്‌സി മരണപ്പെട്ടതാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നേരത്തേയാകാന്‍ കാരണം. കാലാവധി തീര്‍ന്നതിനാലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അവിടത്തെ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദ ഈ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കു വേണ്ടി ഏതാനും വര്‍ഷങ്ങളായി ആഭ്യന്തരമായി ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാര്‍ട്ടിയാക്കി അന്നഹ്ദയെ മാറ്റിയത് ഈയടുത്ത കാലത്താണ്. ഈ രണ്ടു തെരഞ്ഞെടുപ്പുകളില്‍ അന്നഹ്ദ മറ്റൊരു രാഷ്ട്രീയ പരീക്ഷണത്തിനു കൂടി ഒരുങ്ങുകയാണ്. ഇതുവരെ അതിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പ് ഗോദയിലുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ പ്രസ്ഥാനത്തിന്റെ ഏറ്റവും മുതിര്‍ന്ന ജനകീയരായ രണ്ട് സ്ഥാപക നേതാക്കളെത്തന്നെയാണ് കളത്തിലിറക്കുന്നത്. സെപ്റ്റംബര്‍ പതിനഞ്ചിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വൈസ് പ്രസിഡന്റായ അബ്ദുല്‍ ഫത്താഹ് മോറോയാണ് അന്നഹ്ദയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ അധ്യക്ഷനും താത്ത്വികാചാര്യനുമായ റാശിദുല്‍ ഗന്നൂശി ഒക്‌ടോബര്‍ ആദ്യത്തില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൂനുസ്-1 മണ്ഡലത്തില്‍നിന്ന് ജനവിധി തേടുമെന്നും ഉറപ്പായിക്കഴിഞ്ഞു.
ഏറ്റവും മുതിര്‍ന്ന നേതാക്കളെ തന്നെ മത്സരിക്കാനിറക്കുന്നത് ഇതാദ്യമായാണ്. അറബ് വസന്താനന്തരമുള്ള തെരഞ്ഞെടുപ്പില്‍ അന്നഹ്ദ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നത് ഹമ്മാദി ജബാലി, അലി അല്‍ അറയ്യദ് പോലുള്ള അതിന്റെ രണ്ടാം നിര നേതാക്കളെയായിരുന്നു. തുനീഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്കും പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. മുന്‍സിഫ് മര്‍സൂഖിയെപ്പോലുള്ള സോഷ്യലിസ്റ്റ്് നേതാക്കളെയും മറ്റും പിന്തുണക്കുകയാണ് ഇതുവരെ ചെയ്തു വന്നത്. ഈ നയംമാറ്റത്തിലൂടെ ഭരണത്തിന്റെ കടിഞ്ഞാണ്‍ മുതിര്‍ന്ന നേതാക്കളുടെ കൈകളിലെത്തിക്കാനാണ് അന്നഹ്ദ ശ്രമിക്കുന്നത്. അത് രാഷ്ട്രത്തിനും പാര്‍ട്ടിക്കും ഗുണകരമായിരിക്കും എന്ന നിഗമനത്തിലാണ് നേതൃത്വം.
തുനീഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എഴുപത്തി ഒന്നുകാരനായ അബ്ദുല്‍ ഫത്താഹ് മോറോ അന്നഹ്ദയുടെ വൈസ് പ്രസിഡന്റ് മാത്രമല്ല, തുനീഷ്യന്‍ പാര്‍ലമെന്റിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ്. പ്രസിഡന്റായിരിക്കെ ബാജി ഖാഇദ് അസ്സബ്‌സി മരണപ്പെട്ടപ്പോള്‍ മുഹമ്മദ് അന്നാസ്വിര്‍ ആക്ടിംഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവില്‍ പാര്‍ലമെന്റ് അധ്യക്ഷനായും മോറോ നിയോഗിക്കപ്പെടുകയുണ്ടായി. മികച്ച പ്രഭാഷകനും അഭിഭാഷകനും കൂടിയാണ്. അദ്ദേഹവും റാശിദുല്‍ ഗന്നൂശിയും ചേര്‍ന്നാണ് 1969-ല്‍ അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ്യയും പിന്നീട് അന്നഹ്ദയും രൂപവത്കരിക്കുന്നത്. ഇടക്കാലത്ത് പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നെങ്കിലും 2014-ല്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് പാര്‍ലമെന്റില്‍ എത്തിയതോടെ വീണ്ടും സജീവമായി. മുന്‍ പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖി, മുന്‍ പ്രതിരോധമന്ത്രി അബ്ദുല്‍ കരീം സുബൈദി, പ്രധാനമന്ത്രിയായ യൂസുഫ് ശാഹിദ് തുടങ്ങിയ പല പ്രമുഖരുമുണ്ട് എതിരാളികളുടെ ലിസ്റ്റില്‍. നേരത്തേ അന്നഹ്ദ തന്നെ പ്രധാനമന്ത്രിയായി നിയോഗിച്ചിരുന്ന ഹമ്മാദി ജബാലിയും സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു ഫലം സെപ്റ്റംബര്‍ 17-ന് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അറബ് വസന്താനന്തരമുള്ള ജനാധിപത്യ പ്രക്രിയയുടെ സംക്രമണ കാലഘട്ടത്തില്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കേണ്ടതില്ല എന്നു തന്നെയായിരുന്നു പാര്‍ട്ടി തീരുമാനം. അതാണിപ്പോള്‍ ഗന്നൂശിയെയും മോറോയെയും മത്സരിപ്പിച്ചുകൊ് തിരുത്തിയെഴുതുന്നത്. അന്നഹ്ദക്ക് കേവല ഭൂരിപക്ഷം കിട്ടിയാലോ ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലോ ഗന്നൂശി തന്നെയായിരിക്കും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക. നിലവിലെ ഭരണകക്ഷിയായ നിദാഅ് തൂനിസ് ഒരു പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ സാധ്യത കൂടുതല്‍ അന്നഹ്ദക്കാണെങ്കിലും, മറ്റു കക്ഷികള്‍ മുന്നണി രൂപവത്കരിച്ചാല്‍ ചിത്രം മാറും.
അറബ് വസന്തം കത്തിപ്പടര്‍ന്ന ലിബിയ, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അത് ആഭ്യന്തരയുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. ഈജിപ്തിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ അട്ടിമറിച്ച് ആ രാഷ്ട്രത്തെ അതിഭീകരമായ പട്ടാള സ്വേഛാധിപത്യത്തില്‍ തളച്ചു. പിടിച്ചുനിന്നത് അറബ് വസന്തത്തിന് തുടക്കം കുറിച്ച വടക്കനാഫ്രിക്കയിലെ ഈ കൊച്ചു തുനീഷ്യ മാത്രം. അന്താരാഷ്ട്ര ഗൂഢശക്തികള്‍ ഇതിനെ പലവിധത്തില്‍ സ്വേഛാധിപത്യത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും, ആ കുതന്ത്രങ്ങളുടെ മുനയൊടിച്ചത് റാശിദ് ഗന്നൂശിയുടെ ദൂരക്കാഴ്ചയായിരുന്നു എന്നത് ഭംഗിവാക്കല്ല. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തു പിടിച്ച് തുനീഷ്യക്ക് പുതിയൊരു ഭരണഘടനയുണ്ടാക്കാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. സ്വേഛാധിപത്യത്തിനെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധം അതായിരിക്കുമെന്നും അദ്ദേഹം മുന്‍കൂട്ടി കണ്ടു. ഇതുകൊണ്ടൊക്കെ തന്നെയാണ് തുനീഷ്യ ഒരുവിധം പിടിച്ചുനിന്നതും.
പക്ഷേ, തെരഞ്ഞെടുപ്പുകളില്‍ അന്നഹ്ദ സ്ഥാനാര്‍ഥികള്‍ വിജയിക്കുകയാണെങ്കില്‍ ആ ഭരണകൂടത്തെ ഏതു വിധേനയും അട്ടിമറിക്കാന്‍ അന്താരാഷ്ട്ര നിഗൂഢശക്തികള്‍ രംഗത്തിറങ്ങുമെന്ന് തീര്‍ച്ച. അവരെ എങ്ങനെ നേരിടുമെന്നതു തന്നെയായിരിക്കും ഏറ്റവും വലിയ വെല്ലുവിളി. സാമ്പത്തിക രംഗമാവട്ടെ അനുദിനം മോശമായിവരികയാണ്. വ്യാപാരക്കമ്മി 19.04 ബില്യനില്‍ (6.44 ബില്യന്‍ ഡോളര്‍) എത്തിനില്‍ക്കുന്നു. തൊഴിലില്ലായ്മ അതിരൂക്ഷം. അധികാരം ലഭിച്ചാല്‍ ഒട്ടും സുഗമമായിരിക്കില്ല അന്നഹ്ദയുടെ മുന്നോട്ടുള്ള പാത എന്നര്‍ഥം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (20-21)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേര്‍ജീവിതത്തെ അപകടപ്പെടുത്തുന്ന നാവ്
മൂസ ഉമരി പാലക്കാട്