ഇസ്‌ലാം അനുഭവമാകണം
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ജമാഅത്തെ ഇസ്‌ലാമി കോട്ടയം ജില്ലാ സമിതി അംഗം ജമാല്‍ സാഹിബിനൊപ്പം ജസ്റ്റിസ് കെ.ടി തോമസിനെ സന്ദര്‍ശിക്കുകയും സാമാന്യം ദീര്‍ഘമായി സംസാരിക്കുകയും ചെയ്തു. കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ ജമാഅത്തെ ഇസ്‌ലാമി നിരോധനത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് നടത്തിയ വിധി ഈയുള്ളവന്‍ അനുസ്മരിച്ചു. '92-ല്‍ ബാബരി മസ്ജിദ് ഫാഷിസ്റ്റുകള്‍ തകര്‍ത്തതിനെ തുടര്‍ന്നുള്ള നിരോധനത്തിനെതിരെ എം.എ അഹ്മദ് കുട്ടി സാഹിബ് ഫയല്‍ ചെയ്ത കേസിന്റെ വിധിയായിരുന്നു അത്. തദവസരത്തില്‍ ജസ്റ്റിസ് കെ.ടി തോമസ് സാര്‍ പറഞ്ഞതിന്റെ ആകെ സാരം ഇങ്ങനെ സംഗ്രഹിക്കാം: ''.....എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു, കുമ്മനത്തെ ഇ.കെ അബ്ദുല്‍ഖാദിര്‍ ചേര്‍ന്നുനില്‍ക്കുന്ന ഒരു പ്രസ്ഥാനം ഒരിക്കലും മോശമാവില്ല; ദോഷവുമുണ്ടാവില്ല. അബ്ദുല്‍ഖാദറും ഞാനും മദ്രാസില്‍ ഒരേ ഹോസ്റ്റലില്‍ താമസിച്ചിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ സുദീര്‍ഘവും സുദൃഢവുമായ ബന്ധമുണ്ടായിരുന്നു. വളരെ മാന്യനും സ്‌നേഹസമ്പന്നനുമാണ്. അബ്ദുല്‍ഖാദറിലൂടെയാണ് ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയെ കണ്ടതും അറിഞ്ഞതും. ആ അനുഭവങ്ങളും ബോധ്യങ്ങളുമാണ് എന്റെ തീരുമാനത്തിന് മുഖ്യനിദാനം....''
എറണാകുളം ജില്ലാ നാസിമായിരുന്നപ്പോള്‍ ഇ.കെ അബ്ദുല്‍ഖാദര്‍ സാഹിബുമായും പിന്നീട് അദ്ദേഹത്തിന്റെ മക്കളുമായും ബന്ധപ്പെടാന്‍ എനിക്ക് അവസരങ്ങളുണ്ടായിട്ടുണ്ട്. ആകയാല്‍ കെ.ടി തോമസ് സാറിന്റെ വര്‍ത്തമാനത്തില്‍ അശേഷം അതിശയോക്തി ഇല്ലെന്ന് ഉറപ്പാണ്.
ഉന്നതമായ സമ്പര്‍ക്ക സഹവാസങ്ങൡലൂടെ ഉണ്ടാകുന്ന മതിപ്പ്, പ്രഭാഷണ-പ്രബന്ധങ്ങളിലൂടെ ഉണ്ടാകുന്നതിനേക്കാള്‍ വലുതാണ്. മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാമിനെ യഥാതഥമായി സകല ജനങ്ങള്‍ക്കും അനുഭവിക്കാന്‍ സാധിച്ചാല്‍ ഇസ്‌ലാമിനെയോ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയോ ആര്‍ എത്ര കരിവാരിത്തേച്ചാലും ആര്‍ക്കും ഇല്ലായ്മ ചെയ്യാനാവില്ല. ഇന്ന് നാം കാണുന്ന ഉപാധികളും ഉപകരണങ്ങളും ഇല്ലാതിരുന്ന പഴയ കാലത്ത് ഇസ്‌ലാം എന്ന സത്യശുദ്ധമതം പ്രചരിച്ചത് അന്നത്തെ മുസ്‌ലിംകളെ അനുഭവിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നുവല്ലോ. കെ.ടി തോമസ് സാറിന്റെ പരാമര്‍ശം ഒരുപാട് ചിന്തക്ക് വക നല്‍കുന്നത് തന്നെയാണ്.
ഇ.കെ മരിച്ചപ്പോള്‍ അനുശോചനമറിയിക്കാന്‍ കെ.ടി തോമസ് സാര്‍ എറണാകുളത്ത് ചെന്നു. കുടുംബ സുഹൃത്തെന്ന നിലക്ക് ഇ.കെയുടെ സഹധര്‍മിണിയെ നേരില്‍ അനുശോചനമറിയിക്കാന്‍ അതിയായി ആഗ്രഹിച്ച തോമസ് സാറിന് 'ഇദ്ദ'യിലുള്ള വിധവക്ക് അമുസ്‌ലിംകളെ കാണാനോ സംസാരിക്കാനോ പറ്റില്ലെന്ന ചിലരുടെ തെറ്റായ നിലപാട് മൂലം സാധിക്കാതെ പോയതിലുള്ള ദുഃഖവും അദ്ദേഹം പങ്കുവെക്കുകയുണ്ടായി.
ഏകാന്ത വാര്‍ധക്യത്തിന്റെ മനോവ്യഥകള്‍
ടി.ഇ.എം റാഫി വടുതല എഴുതിയ 'സ്‌നേഹ മഴയില്‍ തളിര്‍ക്കുന്ന മനുഷ്യബന്ധങ്ങള്‍' (ലക്കം 12) അനന്തതയില്‍ വിഹരിക്കുന്ന ഒരുപാട് അനന്തുമാര്‍ക്ക് പ്രചോദനവും പ്രയോജനകരവുമാകട്ടെ എന്നാഗ്രഹിക്കുന്നു. ഓരോ മനുഷ്യനും ഭൗതിക ജീവിതത്തില്‍ ഏറ്റവും മനോഹാരിത നല്‍കുന്ന കുടുംബ ജീവിതത്തിന്റെ ഊഷ്മളത അതിനിസ്സാര കാര്യങ്ങളുടെ പേരില്‍ നഷ്ടപ്പെടുത്തുകയാണ്. സായംസന്ധ്യയില്‍ ഏകാന്ത ജീവിതത്തോട് പടപൊരുതുന്നവര്‍ അനുഭവിക്കുന്ന മനോവ്യഥ വാക്കുകള്‍ക്കതീതമാണ്, വിശിഷ്യാ സത്യവിശ്വാസികള്‍ക്കു കുടുംബ ജീവിതം എന്നത് ഭൗതിക തലത്തില്‍ മാത്രം കാണേ ഒന്നല്ലല്ലോ.
സച്ചരിതരായ മാതാപിതാക്കള്‍, ഇണകള്‍ എന്നിവരെ സ്വര്‍ഗീയ കവാടങ്ങളില്‍ മാലാഖമാര്‍ സ്വീകരിക്കുന്നതിന്റെ വര്‍ണന (സൂറ റഅ്ദ് 23-ാം) എത്ര സന്തോഷദായകമാണ്! കാരണം നമ്മുടെ ജീവിതത്തില്‍ കാണാന്‍ കഴിയാതിരുന്ന പൂര്‍വ പിതാക്കളെയും നമ്മുടെ കാലശേഷം ഉണ്ടായ പേരമക്കളെയും കണ്ട് ആനന്ദിക്കാനുള്ള അവസരം എത്ര നിര്‍വൃതിദായകം!
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ
നേതാക്കള്‍ രംഗത്തിറങ്ങണം
എം.വി മുഹമ്മദ് സലീം മൗലവിയുടെ ജീവിതാനുഭവങ്ങള്‍ പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചുവരികയാണല്ലോ. കഴിഞ്ഞകാല അനുഭവങ്ങള്‍ മനസ്സിലാക്കാന്‍ ഉതകുംവിധമുള്ള പഠനാര്‍ഹമായ കുറിപ്പുകളാണവ. മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ആദ്യകാല സഹകരണത്തിന്റെ ഹൃദ്യമായ അനുഭവങ്ങള്‍ നാലാം ഭാഗത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വാക്കര്‍ഥങ്ങളിലും ശാഖാപരമായ പ്രശ്‌നങ്ങളിലും അഭിപ്രായാന്തരങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും യോജിച്ചു മുന്നോട്ടു പോയത്. എവിടെയോ വന്നുപെട്ട ഒരു അബദ്ധത്തിന്റെ പേരില്‍ സമുദായത്തിന്റെ വഴിമുടക്കികളാവണമോ നേതാക്കളും പണ്ഡിതരുമെന്ന് സഗൗരവം ചിന്തിക്കേണ്ടതുണ്ട്. ഇന്നത്തേതുപോലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളില്‍ അകലാനുള്ള വഴിയാണോ, അതോ അടുക്കാനുള്ള വഴികളാണോ നാം അന്വേഷിക്കേണ്ടത് എന്ന് നേതാക്കള്‍ ചിന്തിക്കണം. അല്‍പം വിശാലതയും ഒരിത്തിരി പ്രതിപക്ഷ ബഹുമാനവും കാണിക്കാന്‍ സമുദായ നേതാക്കളും പണ്ഡിതന്മാരും തയാറായാല്‍ ഭാവിസമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ കാരുണ്യവും സല്‍ക്കര്‍മവുമായിരിക്കും അത് എന്നതില്‍ സംശയമില്ല. സലീം മൗലവിയുടെ കുറിപ്പുകളില്‍നിന്ന് ആവേശം ഉള്‍ക്കൊള്ളാന്‍, അങ്ങനെ ഭാവിതലമുറയോട് നീതി കാണിക്കാന്‍ സംഘടനകളുടെ നേതാക്കള്‍ക്ക് കഴിയട്ടെ.
പാലാഴി മുഹമ്മദ് കോയ, പരപ്പനങ്ങാടി
റേഡിയോയില്‍ കേട്ട ഖുര്‍ആനും എന്റെ ഇസ്‌ലാം സ്വീകരണവും
ഞാന്‍ ഗള്‍ഫില്‍ ജോലിചെയ്യുന്ന കാലം. ആചാരപ്രകാരമുള്ള എല്ലാ ദൈവങ്ങളുടെയും ഫോട്ടോകള്‍ക്ക് മുമ്പില്‍ പ്രാര്‍ഥിച്ചിരുന്നു. റൂമിലെ കൂട്ടുകാരെല്ലാം മുസ്‌ലിംകള്‍. ഞാന്‍ സ്വുബ്ഹ് നമസ്‌കാരത്തിനു മുമ്പ് ഉണര്‍ന്ന്, പ്രാഥമിക കൃത്യങ്ങള്‍ കഴിഞ്ഞ് വന്ന് ദൈവങ്ങളുടെ ഫോട്ടോയില്‍ നോക്കി പ്രാര്‍ഥിച്ചതിനുശേഷം ഇവക്കെല്ലാം മേലെ ഒരു ദൈവമുണ്ടെന്ന് വിചാരിച്ച് ബാക്കിയെല്ലാം മുകളിലുള്ള, കാണാത്ത, ദൈവത്തിലേക്ക് സമര്‍പ്പിക്കുമായിരുന്നു. എന്റെ കൂട്ടുകാരാരും സ്വുബ്ഹ് നമസ്‌കരിക്കാന്‍ ഉണരുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇസ്‌ലാമിനെ കുറിച്ച് ആരും എനിക്ക് പറഞ്ഞുതന്നിട്ടുമില്ല. ആ സമയത്താണ് ദുബൈയിലെ മലയാളം റേഡിയോയില്‍നിന്ന് ആദ്യമായി ഖുര്‍ആന്‍ മലയാള പരിഭാഷ കേള്‍ക്കാന്‍ ഇടയായത്. ഹൈദറലി ശാന്തപുരത്തിന്റേതായിരുന്നു ആ പരിപാടി. അതു കേള്‍ക്കല്‍ പതിവായി. ആ ഖുര്‍ആന്‍ പാരായണത്തില്‍നിന്നാണ് നരകസ്വര്‍ഗങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആ ഖുര്‍ആന്‍ പാരായണമാണ് ഞാന്‍ ഇസ്‌ലാം സ്വീകരിക്കാന്‍ കാരണമായത്.
ഇംതിയാസ് ചെറിയമുണ്ടം
നന്മയുടെ നുറുങ്ങുവെട്ടങ്ങള്‍
സ്‌നേഹമഴയില്‍ തളിര്‍ക്കുന്ന മനുഷ്യബന്ധങ്ങള്‍' ടി.ഇ.എം റാഫി വടുതലയുടെ കുറിപ്പ് (ആഗസ്റ്റ് 12) വായിച്ചു. മനോഹരം, ഹൃദ്യം. നവ തലമുറയിലെ കുട്ടികളുടെ ജീവിതത്തിന്റെ നേര്‍പകര്‍പ്പായി മാറുന്നു ഈ കഥ. അവര്‍ക്ക് നന്മയുടെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ഇന്ന് ആരാണുള്ളത്? പഴയ തലമുറയെ പിണക്കിയകറ്റുകയോ നടതള്ളുകയോ ആണല്ലോ പതിവ്. ക്ഷമയും സഹനശേഷിയും നമ്മെ വിട്ടുപിരിഞ്ഞിട്ട് കാലങ്ങളായി. നമ്മുടെ കുഞ്ഞുങ്ങള്‍ ഇന്റര്‍നെറ്റിലും ഗെയ്മുകളിലും ചുറ്റിത്തിരിയുമ്പോള്‍. നമ്മുടെ പാരമ്പര്യത്തിന്റെയും നന്മയുടെയും വേരുകള്‍ നാം തന്നെയല്ലേ പിഴുതെറിയുന്നത്? അറിവുകള്‍ കൂടിയപ്പോള്‍ മാനവികത നഷ്ടമായില്ലേ? അവരിലേക്കാണ് റാഫിയെപ്പോലുള്ള എഴുത്തുകാര്‍ നന്മയുടെ വാതായനങ്ങള്‍ തുറന്നിടുന്നത്. അതിലൂടെ കടന്നുവരുന്ന ചെറുതെന്നല്‍ പുതുതലമുറക്ക് ഒരു നുറുങ്ങുവെട്ടമെങ്കിലും നല്‍കുമെന്ന് ആശിക്കാം.
ജാക്കുലിന്‍ വി. ആലപ്പുഴ
മഹല്ലുകള്‍ ആര്‍ക്കു വേണ്ടി?
ഈയിടെ നമ്മുടെ നാട്ടിലുായ കെടുതികളും അതിനു വേണ്ടി ദ്രുതഗതിയില്‍ സജ്ജീകരിക്കപ്പെട്ട പല സേവന സംരംഭങ്ങളും കാണുകയുണ്ടായി. അവയില്‍ ജാതിമതഭേദമന്യേ എല്ലാവരും പങ്കുകൊണ്ടു. പള്ളിയെയും പള്ളിക്കൂടത്തെയും ആശാകേന്ദ്രവും ആശുപത്രിയുമാക്കുകയുണ്ടായി. നാം കേരളീയര്‍ക്ക് ഏത് സാഹചര്യത്തിലും ഒറ്റക്കെട്ടായി നില്‍ക്കാന്‍ സാധിക്കുമെന്ന് ഇനിയും നാം തെളിയിക്കേണ്ടതില്ല. ഈ സന്ദര്‍ഭത്തില്‍ ഒന്നുകൂടി ഓര്‍മിപ്പിക്കട്ടെ. കേരളത്തില്‍ പൊതു ശൗച്യാലയങ്ങള്‍ വളരെ കുറവാണ്. അവ ചില ടൗണ്‍ ബസ് സ്റ്റാന്റുകളില്‍ പരിമിതം. ഏത് നാട്ടുകാരനായാലും വളരെ പ്രയാസപ്പെട്ടു പോകും. കേരളത്തിലെ പള്ളികളോടനുബന്ധിച്ച് ടോയ്‌ലറ്റ്, വാഷ് റൂം എന്നിവ, പ്രത്യേകിച്ച് അങ്ങാടികളില്‍ ഉള്ളവ, പ്രത്യേകം സജ്ജീകരിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പൊതുവായി തുറന്നിട്ടുകൊടുക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച് ആലോചിച്ചുകൂടേ? ഇനിയും എന്താണ് തടസ്സം?
അശ്‌റഫ് അച്ചു, ഷാര്‍ജ
Comments