ക്ഷമയില്‍ നെയ്‌തെടുത്ത ജീവിതം
ഒരുകാലത്ത് നബിക്ക് മിത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. ബാല്യത്തിലും കൗമാരത്തിലും മുഹമ്മദ് മക്കയിലെ കൂട്ടുകാരോടൊപ്പം ആടു മേച്ചുനടന്നു. ആളുകള്‍ മുഹമ്മദിനെ 'വിശ്വസ്തന്‍' എന്നു വിളിച്ചു. അക്രമവും അഹങ്കാരവും കൊള്ളയും കൊലയും കൊടികുത്തി വാണിരുന്ന ജാഹിലിയ്യാ കാലത്തെ അറബികള്‍ക്കിടയില്‍ ഒരു മുത്തുപോലെ മുഹമ്മദ് തിളങ്ങി. വിലകൂടിയ വസ്തുക്കള്‍ വിശ്വസിച്ചേല്‍പിച്ചു. തര്‍ക്കങ്ങളില്‍ വിധികര്‍ത്താവാക്കി. മുഹമ്മദിനെ തന്റെ കച്ചവടച്ചരക്കുകളുടെ മേല്‍നോട്ടക്കാരനാക്കിയ ഖദീജ എന്ന വിധവക്ക് മുഹമ്മദിനെ മതി ജീവിതപങ്കാളിയാക്കാന്‍. എല്ലാറ്റിനും പോന്ന ഉത്തമ മനുഷ്യനായി മക്കക്കാര്‍ മുഹമ്മദിനെ ചേര്‍ത്തുപിടിച്ചു.
ആ വസന്തകാലം അധികം നീണ്ടുനിന്നില്ല. മക്ക മദ്യത്തിലും മദനോത്സവത്തിലും മയങ്ങിക്കിടന്നപ്പോള്‍ സംശുദ്ധമായ ജീവിതമൂല്യങ്ങളുമായി മുഹമ്മദ് ഹിറാ ഗുഹയില്‍ ധ്യാനമിരുന്നു. ഒരു നാള്‍ മലക്ക് പ്രത്യക്ഷപ്പെട്ട് 'നീ വായിക്കുക' എന്ന് ആവശ്യപ്പെട്ടു. യഥാര്‍ഥ ജീവിതവായനയുടെ ആരംഭമായിരുന്നു അത്. ആ അത്ഭുതകരമായ കൂടിക്കാഴ്ചക്കു ശേഷം അവര്‍ണനീയമായ ഒരു സന്ദേശവുമായാണ് മുഹമ്മദ് വീട്ടിലേക്കു മടങ്ങിയത്. പിന്നെ മുഹമ്മദ് നബി ഹിറാ ഗുഹയില്‍ പോയിട്ടില്ല. പ്രപഞ്ചസ്രഷ്ടാവിന്റെ സന്ദേശവുമായി ജനങ്ങളിലേക്കിറങ്ങി. 'മുഹമ്മദേ, ദൈവങ്ങളെയൊക്കെ നീ ഒന്നാക്കിയോ!' എന്ന് ആളുകള്‍ നബിയെ പരിഹസിച്ചു.
നബി ആരെയും ഉപദ്രവിച്ചില്ല. ദൈവസന്ദേശം ജനങ്ങളെ കേള്‍പ്പിക്കുക മാത്രമേ ചെയ്തുള്ളൂ. അതിന് മക്കക്കാര്‍ നല്‍കിയ മറുപടി മര്‍ദനമായിരുന്നു. പ്രമാണിമാര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു: 'മുഹമ്മദിനെ കൊല്ലുക.' വാളുകളുമായി ഒരു രാത്രി വീടു വളഞ്ഞു. തന്റെ വിരിപ്പില്‍ അലിയെ കിടത്തി നബി ഇറങ്ങിനടന്നു. അബൂബക്‌റിനെയും കൂട്ടി മദീനയിലേക്കു തിരിച്ചു. നബിയെ പിടികൂടാന്‍ അന്വേഷിച്ചിറങ്ങിയ സുറാഖ എന്ന ശത്രു നബിയെ കണ്ടെത്തി. നബി പറഞ്ഞു: 'സുറാഖ, കിസ്‌റയുടെ സ്വര്‍ണക്കിരീടം നിന്റെ തലയില്‍ ചൂടുന്ന ഒരു കാലം വരും.' അഗതിയായ മുഹമ്മദ് ഒരു സാമ്രാജ്യത്തിന്റെ അധിപനാകുമെന്ന വീരസ്വപ്‌നം കേട്ട് വിസ്മയഭരിതനായി നില്‍ക്കാനേ സുറാഖക്ക് കഴിഞ്ഞുള്ളൂ. വര്‍ഷങ്ങള്‍ക്കു ശേഷം നബിയുടെ പ്രവചനം അനുഭവിച്ചറിയാന്‍ സുറാഖക്ക് അവസരമുണ്ടായി!
മദീനക്കാര്‍ നബിയെ വരവേറ്റു. മക്കക്കാര്‍ക്ക് കലിയടങ്ങിയില്ല. മുഹമ്മദിനെ കൊല്ലുക എന്നത് മക്കാ പ്രമാണിമാരുടെ ജീവിതവ്രതമായിരുന്നു. പരിഹസിച്ചും കൂക്കിവിളിച്ചും കല്ലെറിഞ്ഞും പട്ടിണിക്കിട്ടും ബഹിഷ്‌കരിച്ചും പീഡിപ്പിച്ചും മക്കയില്‍ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കാതിരുന്നപ്പോഴായിരുന്നു നബി മദീനയിലേക്ക് രക്ഷപ്പെട്ടത്. അവിടെയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിച്ചില്ല മക്കക്കാര്‍. നിരന്തരമായ മര്‍ദനങ്ങള്‍ക്കൊടുവില്‍ ബദ്ര്‍ യുദ്ധമുണ്ടായി. മക്കക്കാര്‍ തോറ്റോടി. എങ്കിലും പക പുകഞ്ഞുകൊണ്ടിരുന്നു. ജീവിക്കാന്‍ വേണ്ടി നബിയും സഖാക്കളും പൊരുതി. ഒടുവില്‍ ശത്രുക്കള്‍ എല്ലാം തകര്‍ന്നു കീഴടങ്ങി. നബിയും സഖാക്കളും മക്കയിലേക്ക് തിരിച്ചു. നബിയുടെ മുന്നില്‍ മക്കക്കാര്‍ വിനയാന്വിതരായിരുന്നു. നിസ്സഹായരായി നില്‍ക്കുന്ന കൊടിയ ശത്രുക്കളോട് നബി ശാന്തമായി പറഞ്ഞു: 'നിങ്ങളോട് ഒരു ശത്രുതയുമില്ല. നിങ്ങള്‍ സ്വതന്ത്രരാണ്. നിങ്ങള്‍ക്ക് പോകാം.'
അപാരമായ ക്ഷമയുടെ അനന്തരഫലങ്ങളാണ് മദീനയിലും മക്കയിലും കണ്ടത്. ആ കരുത്തില്‍ ഇരുപത്തിമൂന്ന് വര്‍ഷത്തെ ചെറിയ കാലത്തിനിടയില്‍ ചരിത്രത്തില്‍ അന്നേവരെ കാണാത്ത പരിവര്‍ത്തനങ്ങളുണ്ടാക്കി പ്രവാചകന്‍. 'സ്വഭാവശുദ്ധിയുടെ മഹിത മാതൃകയാണ് താങ്കള്‍' എന്ന് സ്രഷ്ടാവ് നബിക്ക് ബഹുമതിപത്രം നല്‍കി ആദരിച്ചു. നബി നയിച്ച വീരഗാഥകള്‍ ചരിത്രത്തില്‍ നിത്യവസന്തമായി പരിലസിക്കുന്നു.
ലോകചരിത്രത്തിലെ ഏറ്റവും ശ്രേഷ്ഠനായ നൂറു പേരില്‍ ഒന്നാമത്തെ വ്യക്തിയായി മുഹമ്മദ് നബിയെ തെരഞ്ഞെടുക്കാന്‍ മൈക്കല്‍ എച്ച്. ഹാര്‍ട്ടിനെ പ്രേരിപ്പിച്ചത് മതപരവും ഭൗതികവുമായ തലങ്ങളില്‍ ചരിത്രത്തില്‍ ഏറ്റവും പരമമായ വിജയം കൈവരിച്ച വ്യക്തി എന്ന നിലയിലാണ്. അതുല്യമായ മൂല്യങ്ങളും അനുപമമായ സംഘാടക ചാതുരിയും മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളോടുമുള്ള സ്‌നേഹകാരുണ്യവും സമ്പൂര്‍ണമായി സമ്മേളിച്ച മുഹമ്മദ് നബിയെപ്പോലെ ഒരു പൂര്‍ണ വ്യക്തിത്വത്തെ ചരിത്രത്തില്‍ കണ്ടെത്താന്‍ കഴിയുകയില്ല. കൊടിയ ശത്രുക്കളുടെ നടുവില്‍നിന്ന് മനുഷ്യരാശിയുടെ വിമോചകനായി വളര്‍ന്നുവന്ന നബിയുടെ ജീവിതം പ്രതീക്ഷയുടെയും പ്രത്യാശയുടെയും അനുപമ രേഖയാണ്. മറ്റൊരു ജീവിതവും അത്ര മാത്രം ശ്രേഷ്ഠമായ പാഠങ്ങള്‍ നല്‍കുന്നില്ല.
Comments