മാറുന്ന ലോകത്ത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
സംക്രമണ/ശൈശവ ദശയിലിരിക്കുന്ന ഒരു ജനാധിപത്യ സംവിധാനത്തില്‍ നടക്കുന്ന ഒന്നിനും ഒരു ഗാരന്റിയുമുണ്ടാവില്ല. ഇത് നവീന രാഷ്ട്രമീമാംസയില്‍ പൊതുവെ അംഗീകരിക്കപ്പെട്ട ഒരു തത്ത്വമാണ്. ഈജിപ്ത് തന്നെ ഏറ്റവും നല്ല ഉദാഹരണം. വിദേശ നിരീക്ഷകരുടെയൊക്കെ സാന്നിധ്യത്തില്‍ ഏറക്കുറെ സംശുദ്ധമായി നടന്ന ഒരു പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് എത്ര പെട്ടെന്നാണ് ജനാധിപത്യത്തിന്റെ ഒരു തരിയും ബാക്കിവെക്കാതെ അട്ടിമറിക്കപ്പെട്ടതും അപ്രത്യക്ഷമായതും! തുനീഷ്യയില്‍ ഈ മാസവും അടുത്ത മാസവുമായി പ്രസിഡന്‍ഷ്യല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്. ഈജിപ്തിലേതു പോലുള്ള അട്ടിമറികള്‍ ഏതു നിമിഷവും അവിടെ പ്രതീക്ഷിക്കാം. അവിടത്തെ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദയുടെ ഏറ്റവും സമുന്നതരായ നേതാക്കള്‍തന്നെ ഗോദയിലിറങ്ങുന്ന ഈ തെരഞ്ഞെടുപ്പുകളില്‍, അവര്‍ വിജയം കണ്ടാല്‍ അട്ടിമറി ശക്തികള്‍ കുറേക്കൂടി കൊണ്ടുപിടിക്കും എന്ന കാര്യത്തില്‍ ആര്‍ക്കുമില്ല സംശയം.
ഇങ്ങനെ ഏതു വിധേനയും ഇസ്‌ലാമിസ്റ്റുകളെ അധികാര സ്ഥാനങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താനും അവരെ വേരോടെ പിഴുതെറിയാനും നടക്കുന്ന ശ്രമങ്ങള്‍ ഒരുവശത്ത്. മറുവശത്ത്, ഒലീവ്യര്‍ റോയിയെപ്പോലുള്ള രാഷ്ട്രമീമാംസകര്‍, 'രാഷ്ട്രീയ ഇസ്‌ലാമി'ന്റെ കാലം കഴിഞ്ഞെന്ന് ആണയിട്ടു പറയുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അപ്രസക്തമായെന്നും അവക്കിനി രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ ഒന്നും ചെയ്യാനില്ലെന്നുമുള്ള വിധിതീര്‍പ്പുകളാണ് ഇത്തരക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷേ ഇവരുടെ ആഗ്രഹ ചിന്തകളെയൊന്നും പശ്ചിമേഷ്യയിലെയും മറ്റും തൃണമൂലതല രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ ശരിവെക്കുന്നില്ല. എത്രയധികം അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടിവരുന്നുണ്ടെങ്കിലും, ഏകാധിപത്യത്തിനും ദുര്‍ഭരണത്തിനുമെതിരെ ജനങ്ങള്‍ക്ക് പലപ്പോഴും ഒരു ചെറുത്തുനില്‍പ് സാധ്യമാകുന്നത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഒരുക്കുന്ന പ്ലാറ്റ്‌ഫോമുകളിലൂടെയാണ്. അതേസമയം തങ്ങളുടെ പരിമിതികളും ഇസ്‌ലാമിസ്റ്റുകള്‍ തിരിച്ചറിയുന്നുണ്ട്. പഴയ ആശയാവലികളും സംഘടനാ രീതികളുമായി അധികം മുന്നോട്ടുപോകാനാവില്ലെന്ന് അവര്‍ മനസ്സിലാക്കുന്നു.
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അവ രൂപംകൊണ്ട കാലവുമായി സംവദിച്ചുകൊണ്ടാണ് അവയുടെ മുന്‍ഗണനാക്രമങ്ങളും സംഘടനാ തത്ത്വങ്ങളും ആവിഷ്‌കരിച്ചത്. ഇപ്പോള്‍ കാലം വളരെയേറെ മാറിയിരിക്കുന്നു. അതിനനുസരിച്ച മാറ്റം പ്രസ്ഥാന ഘടനയിലും നയനിലപാടുകളിലും പ്രതിഫലിക്കണമെന്നത് ന്യായമായ ആവശ്യമാണ്. പക്ഷേ ഈ പുതുക്കലുകളും തിരുത്തലുകളുമൊന്നും വളയമില്ലാചാട്ടമല്ല. പ്രസ്ഥാനത്തില്‍ മാറുന്നതും മാറാത്തതുമുണ്ട്. അടിസ്ഥാന തത്ത്വങ്ങള്‍ക്കാണ് മാറ്റമില്ലാത്തത്. ഖുര്‍ആനിലെയും സുന്നത്തിലെയും അധ്യാപനങ്ങളാണവ. മുമ്പത്തെപ്പോലെ ഇപ്പോഴും അവയെ മുന്‍നിര്‍ത്തിയായിരിക്കും അന്വേഷണങ്ങള്‍. മാറിയ സാഹചര്യത്തില്‍ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പൊതുവിലും ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം വിശേഷിച്ചും സ്വീകരിക്കുന്ന പുതിയ നിലപാടുകളെക്കുറിച്ച വിശകലനങ്ങള്‍ ഈ ലക്കത്തില്‍ വായിക്കാം.
Comments