Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 20

3118

1441 മുഹര്‍റം 20

പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സഹകരിച്ച് മുന്നേറട്ടെ

പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട്

കേരളത്തിലെ വിദ്യാഭ്യാസരംഗം എന്നും ആഴമേറിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിരുന്നിട്ടുണ്ട്. ഓരോ കാലത്തും ഭരണകൂടവും വിദ്യാഭ്യാസ വിചക്ഷണരും പൊതുജനവും ഉയര്‍ത്തുന്ന ഏതെങ്കിലുമൊരു സമസ്യയുടെ പരിഹാരത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല വിദ്യാഭ്യാസ പരിഷ്‌കാരം. പാഠഭാഗങ്ങള്‍ തെരഞ്ഞെടുക്കല്‍, പാഠപുസ്തക നിര്‍മാണം, അധ്യയനരീതികള്‍, അധ്യാപക നിയമനം, പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പല അവസരങ്ങളിലായി കേരളം ചര്‍ച്ചചെയ്തിട്ടുണ്ട്. അധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍, യോഗ്യത, പരീക്ഷാ രീതികള്‍ എന്നിങ്ങനെയുള്ളവയും നമ്മുടെയൊക്കെ ചര്‍ച്ചക്കു വിധേയമായ കാര്യങ്ങളാണ്. കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷങ്ങളായി കേരളത്തിന്റെ പൊതുരംഗം പൊതുമേഖലാ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. വളരുന്ന തലമുറക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുക എന്ന സര്‍ക്കാറിന്റെ ബാധ്യതാ നിര്‍വഹണമാണ് പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിലൂടെ പ്രകടമാകുന്നത്. ഇത് തികച്ചും ശ്ലാഘനീയവും പ്രോത്സാഹനജനകവുമാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകാനിടയില്ല.
ശാക്തീകരണത്തിന്റെ ഭാഗമായി ഭദ്രമായ കെട്ടിടങ്ങള്‍, ഭൗതിക സൗകര്യങ്ങള്‍, ഡിജിറ്റല്‍ സംവിധാനം, കുടിവെള്ള പദ്ധതികള്‍, ശൗച്യാലയങ്ങള്‍, വിശാലമായ ക്ലാസ് മുറികള്‍, കളിസ്ഥലം തുടങ്ങി എല്ലാ അനിവാര്യ സൗകര്യങ്ങളും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ മുന്നോട്ടുതന്നെയാണ്. സൗജന്യ പാഠപുസ്തകങ്ങള്‍, ഉച്ചഭക്ഷണ വിതരണം, വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം എന്നീ സംവിധാനങ്ങളും വിദ്യാഭ്യാസ ശാക്തീകരണത്തിന് ഉതകുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തിലെ വര്‍ധനവും പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാര്‍-എയിഡഡ് മേഖലയില്‍ 2017-ല്‍ 829 വിദ്യാലയങ്ങള്‍ നൂറ് ശതമാനം വിജയം കൈവരിച്ചത് 2018-ല്‍ 1176 ആയി. 2019-ല്‍ അത് 1312 ആയി ഉയര്‍ന്നു. മത്സരാധിഷ്ഠിത ലോകത്ത് മത്സരപ്പരീക്ഷകളിലും കേരളം മുന്നോട്ടാണെന്ന് തെളിയിക്കാന്‍ ഈ വര്‍ധിച്ച പരീക്ഷാഫലം കളമൊരുക്കുന്നുണ്ട്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ചര്‍ച്ചകളില്‍ വിദ്യാലയങ്ങളിലെ പഠനനിലവാരത്തിലെ തകര്‍ച്ചയെക്കുറിച്ച ചില പരാമര്‍ശങ്ങള്‍ ബാക്കിനിര്‍ത്തിയാലും ഉപര്യുക്ത വിജയശതമാനം എടുത്തുപറയേണ്ടതു തന്നെയാണ്. എന്തായാലും വിദ്യാഭ്യാസരംഗത്തെ ഈ മുന്നേറ്റം ഇടതടവില്ലാതെ മുന്നോട്ടുപോകണമെന്നു തന്നെയാണ് കേരളത്തിലെ ഓരോ വിദ്യാഭ്യാസപ്രേമിയും അഭിലഷിക്കുന്നത്.
കേരളത്തിലെ പൊതു വിദ്യാഭ്യാസ ശാക്തീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആഗോളവത്കരണത്തിന്റെ അനന്തരഫലം ജീവിതത്തിന്റെ ഇതര മേഖലകളിലെന്നപോലെ വിദ്യാഭ്യാസ മേഖലയിലും വരുത്തിത്തീര്‍ത്ത ചില അനിവാര്യതകള്‍ കാണാതിരുന്നുകൂടാ. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ രംഗപ്രവേശവും അവയുടെ വളര്‍ച്ചയും തൊണ്ണൂറുകളുടെ തുടക്കം മുതല്‍ കേരളം കണ്ട വലിയ ഒരു പ്രതിഭാസമാണ്. ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തൊഴില്‍തേടി പോകുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കാനും ഒരുപരിധിവരെ എഴുതാനും കഴിഞ്ഞിരിക്കണമെന്ന അഭിപ്രായം ശക്തിപ്പെട്ടുവന്ന അവസരത്തിലാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ പൊട്ടിമുളച്ചു വളരാന്‍ തുടങ്ങിയത്. സ്വകാര്യ മേഖലയിലായിരുന്നു ഇത്തരം സ്‌കൂളുകള്‍ അധികവും. ഇംഗ്ലീഷ് ഭാഷാ പഠനത്തിനു പുറമെ അക്കാലത്ത് സര്‍ക്കാര്‍ വിദ്യാലയങ്ങളെ ബാധിച്ചുകൊണ്ടിരുന്ന നിരവധി ജീര്‍ണതകള്‍ ഇംഗ്ലീഷ് മീഡിയം സ്വകാര്യ സ്‌കൂളുകളുടെ വളര്‍ച്ചക്ക് ആക്കം കൂട്ടി. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങള്‍, പൊട്ടിപ്പൊളിഞ്ഞ ബെഞ്ചും ഡെസ്‌കും, മൂത്രപ്പുരയും ശൗച്യാലയങ്ങളുമില്ലായ്മ, നിരാശാജനകമായ വിജയ ശതമാനം, ആവശ്യത്തിനനുസരിച്ച് വിദ്യാലയങ്ങളില്ലാതിരുന്നത്, പേരിനെങ്കിലും ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കാത്ത പഠനാന്തരീക്ഷം ഇതൊക്കെയായിരുന്നു തൊണ്ണൂറുകളുടെ ആദ്യത്തില്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ സ്ഥിതി. രാഷ്ട്രീയപ്രേരിത സമരങ്ങളുടെ വേലിയേറ്റം രംഗം കൂടുതല്‍ വഷളാക്കി. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറുകള്‍ കൊണ്ടുവന്ന പല പരിഷ്‌കാരങ്ങളും രാഷ്ട്രീയ കാരണങ്ങളാല്‍ എതിര്‍ക്കപ്പെടുന്ന അവസ്ഥ പോലുമുണ്ടായി. ലോകത്തിന്റെ മാറ്റങ്ങള്‍ അനുദിനം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ജനങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ പുതിയൊരു ലോകം സ്വപ്‌നം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് സ്വകാര്യ മേഖലയിലാണെങ്കിലും അവരുടെ സ്വപ്‌ന സാക്ഷാത്കാരമെന്നോണം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയത്. ഫീസും മറ്റു ചെലവുകളും കൂടുതലാണെങ്കില്‍പോലും തങ്ങളുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം എന്ന സ്വപ്‌നം പൂവണിഞ്ഞു കാണാനാണ് രക്ഷിതാക്കള്‍ ആഗ്രഹിച്ചത്. സ്വാഭാവികമായും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തടിച്ചുകൊഴുത്തു വളരാന്‍ ഈ സാഹചര്യം കളമൊരുക്കി.
യഥാര്‍ഥത്തില്‍ ആഗോളീകരണം മുതലാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അഭിനിവേശം വര്‍ധിച്ച തോതില്‍ ഉണ്ടായതെന്ന് വിശ്വസിക്കാന്‍ കഴിയുകയില്ല. 1835-ല്‍ മെക്കാളെ പ്രഭു അന്നത്തെ ഗവര്‍ണര്‍ ജനറലായ വില്യം ബെന്റിക് പ്രഭുവിന് സമര്‍പ്പിച്ച വിദ്യാഭ്യാസ റിപ്പോര്‍ട്ടില്‍ ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ അനിവാര്യത എടുത്തു കാണിച്ചിരുന്നു. ''ലോകത്തെങ്ങുമുള്ള ബുദ്ധിമാന്മാരായ ആളുകള്‍ തൊണ്ണൂറു തലമുറകളിലൂടെ സഞ്ചരിച്ചുവെച്ച അതിവിപുലമായ ബുദ്ധിസമ്പത്തിന്റെ ശേഖരത്തിലേക്ക് ആ ഭാഷ വശമുള്ളവര്‍ക്ക് നിരായാസമായി പ്രവേശനം ലഭിക്കുന്നു'' ('ഇന്ത്യന്‍ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ', തായാട്ടു ശങ്കരന്‍). 1835-നും 1854-നും ഇടക്ക് 34 ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്നുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പും ശേഷവും നിരവധി ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഇന്ത്യയില്‍ നിലവില്‍വന്നതായി കാണാന്‍ കഴിയും. ഇംഗ്ലീഷ് ഒരു സാര്‍വലൗകിക ഭാഷയാണ്, അതിലുള്ളത്ര ഗ്രന്ഥസമ്പത്തും വൈജ്ഞാനിക വിഭവങ്ങളും മറ്റു ഭാഷകളില്ല, ശാസ്ത്ര-സാങ്കേതിക പദങ്ങള്‍ ഒട്ടുമിക്കവയും ഇംഗ്ലീഷിലാണ് തുടങ്ങിയ വാദങ്ങളാണ് ഇംഗ്ലീഷ് ഭാഷാവാദികള്‍ ഉന്നയിച്ചത്. മേല്‍പറഞ്ഞ വാദങ്ങള്‍ ശരിയോ തെറ്റോ എന്ന ചര്‍ച്ചയിലേക്ക് പോകലല്ല ഇവിടെ ഉദ്ദേശ്യം; മറിച്ച് ഈദൃശ ചിന്താഗതികള്‍ നമ്മുടെ വിദ്യാഭ്യാസരംഗത്ത് ചെലുത്തിയ സ്വാധീനത്തിന്റെ മൂലകാരണം കണ്ടെത്തുക മാത്രമാണ് ചെയ്യുന്നത്. വൈദേശിക ഭരണത്തിന്റെ അലകും പിടിയും ഇംഗ്ലീഷിലായതുകൊണ്ട് ആ ഭാഷയോടുള്ള അഭിനിവേശം കാലക്രമേണ വര്‍ധിച്ചുവരികയാണുണ്ടായത്.
കേരളത്തെ സംബന്ധിച്ചേടത്തോളം ഇംഗ്ലീഷ് മീഡിയം അണ്‍ എയിഡഡ് സ്‌കൂളുകളുടെ വളര്‍ച്ചക്ക് ആക്കംകൂട്ടിയ മറ്റൊരു പ്രധാന ഘടകം ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ തേടിയെത്തിയവരുടെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയും ഇംഗ്ലീഷ് അനായാസം സംസാരിക്കാന്‍ കഴിയുന്നവര്‍ക്ക് ലഭ്യമാകുന്ന ജോലിസാധ്യതകളുമാണ്. ഇപ്പോള്‍ പൊതുമേഖലാ വിദ്യാലയങ്ങളും എയിഡഡ് വിദ്യാലയങ്ങളും വിദ്യാഭ്യാസ നവീകരണത്തില്‍ കൂടുതല്‍ ശ്രമങ്ങള്‍ തുടങ്ങിയതോടെ അണ്‍ എയിഡഡ് -സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന മാന്ദ്യവും കാണാതിരുന്നുകൂടാ. തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഒരു സാമൂഹികാവശ്യമെന്ന നിലയിലായിരുന്നു സ്വകാര്യ മേഖലയില്‍ ഇത്തരം സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നൂറില്‍ താഴെ മാത്രമായിരുന്ന അണ്‍ എയിഡഡ് -സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രം ആയിരത്തിലേറെയായി. ഈ ഘട്ടത്തില്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ നവീനമായ പഠന-പാഠ്യേതര പ്രവര്‍ത്തന ശൈലിയിലേക്ക് അതിശീഘ്രം മാറേണ്ടിയിരിക്കുന്നു.
കാലഘട്ടം ആവശ്യപ്പെടുന്ന നവീകരണങ്ങളും പരിഷ്‌കാരങ്ങളും എന്താണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്ക് ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ. മതന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തിവരുന്ന വിദ്യാലയങ്ങളും ഇക്കാര്യം തിരിച്ചറിയേണ്ടതുണ്ട്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പോരാ എന്നതാണ് വസ്തുത. കുട്ടികള്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന്റെ മാനദണ്ഡമല്ല ഒരു വിദ്യാലയത്തിന്റെ നിലവാരം നിര്‍ണയിക്കുന്നത്. പഠിക്കുന്ന മറ്റെല്ലാ വിഷയങ്ങളിലും കുട്ടികളെ അവഗാഹമുള്ളവരാക്കി മാറ്റാനാണ് ശ്രമിക്കേണ്ടത്. തൊഴില്‍ മേഖലകള്‍ കണ്ടെത്താനും അതിനുള്ള യോഗ്യതകള്‍ ആര്‍ജിക്കാനുമുള്ള അവസരങ്ങള്‍ വിദ്യാലയങ്ങളില്‍ ആസൂത്രണം ചെയ്യണം. സൃഷ്ടിപരവും വിമര്‍ശനാത്മകവുമായ ചിന്തകളെ കരുപ്പിടിപ്പിക്കാനുള്ള വേദികളായി ക്ലാസ് മുറികളെ മാറ്റേണ്ടതുണ്ട്. നാളത്തെ ലോകത്ത് അഭിമാനത്തോടെയും അന്തസ്സോടെയും തലയുയര്‍ത്തി നില്‍ക്കാനുള്ള ശേഷികളാണ് കുട്ടികള്‍ക്ക് ആളുകളില്‍നിന്ന് കിട്ടേണ്ടത്. അധ്യാപകര്‍ക്കും മാനേജ്‌മെന്റുകള്‍ക്കും ഈ കാഴ്ചപ്പാടുണ്ടായില്ലെങ്കില്‍ നമ്മുടെ ശ്രമങ്ങള്‍ പാഴ്‌വേലകളായിത്തീരും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെന്നപോലെ അണ്‍ എയിഡഡ് സ്‌കൂളുകളിലും വിദ്യാഭ്യാസം ഗുണകരമായി മെച്ചപ്പെടണമെങ്കില്‍ അധ്യാപക പരിശീലനത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു.
ഈ മേഖലയിലെ അധ്യാപകര്‍ സേവന-വേതന കാര്യത്തില്‍ തീരെ സംതൃപ്തരല്ല. 'ഞങ്ങള്‍ ഹതഭാഗ്യരാണ്' എന്ന തോന്നലാണ് അവര്‍ക്കുള്ളത്. ഇതില്‍നിന്നുളവാകുന്ന നിരാശാബോധം അവരുടെ അധ്യയനത്തെയും ബാധിക്കുമെന്നതില്‍ സംശയമില്ല. നിലവാരത്തകര്‍ച്ചക്ക് ആക്കംകൂട്ടുന്ന ബുദ്ധിപരമല്ലാത്ത ചില നീക്കങ്ങളും ഇപ്പോള്‍ മാനേജ്‌മെന്റുകളില്‍ ഉണ്ടാകുന്നതായിട്ടാണ് അറിയാന്‍ കഴിയുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടുതല്‍ കുട്ടികള്‍ ടി.സി വാങ്ങിപ്പോയ പശ്ചാത്തലത്തില്‍ ഉണ്ടായ പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ സര്‍വീസുള്ള അധ്യാപകരെ പിരിച്ചുവിടുകയും പരിചയമില്ലാത്ത പുതുമുഖങ്ങളെ നിയമിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. പുതുതായി നിയമിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞ ശമ്പളം കൊടുത്താല്‍ മതി. പഴയ ആളുകളെ ഒഴിവാക്കിയാല്‍ ശമ്പളത്തിന്റെ കാര്യത്തില്‍ ചെലവ് ചുരുക്കലാവുകയും ചെയ്യാം. വളരെ അപകടകരവും ആത്മഹത്യാപരവുമായ നീക്കമാണിതെന്ന കാര്യത്തില്‍ സംശയമില്ല. ഈ രംഗത്ത് കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സ്ഥിതി ദയനീയമാണ്. നിരന്തരമായ അധ്യാപക പരിശീലനം ഇല്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു നേട്ടവും കൈവരുത്താന്‍ സാധിക്കുകയില്ലെന്ന വസ്തുത മാനേജ്‌മെന്റുകള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.
പൊതു വിദ്യാഭ്യാസ ശാക്തീകരണത്തെ പറ്റി ചിന്തിക്കുമ്പോള്‍ സ്വകാര്യ അണ്‍ എയിഡഡ്-സി.ബി.എസ്.ഇ വിദ്യാലയങ്ങളെ തകര്‍ക്കാനും തളര്‍ത്താനുമുള്ള നീക്കങ്ങള്‍ ചില ഭാഗങ്ങളില്‍നിന്നുണ്ടാകുന്നു. നമ്മുടെ വിദ്യാഭ്യാസ പുരോഗതിയില്‍ ഇത്തരം വിദ്യാലയങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു എന്നതും നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. പൊതുമേഖല, സ്വകാര്യ മേഖല, അണ്‍ എയിഡഡ് മേഖല എന്നിങ്ങനെ വിദ്യാഭ്യാസ മേഖലയെ ഘടനാപരമായി തരംതിരിക്കാമെങ്കിലും ഇവക്കിടയില്‍ അകല്‍ച്ചയും നിസ്സഹകരണവും ഒരിക്കലും ഭൂഷണമല്ല. ഓരോ മേഖലയും പരസ്പരം സഹകരിക്കുകയും വിഭവങ്ങള്‍ വിനിമയം ചെയ്യുകയും കൂടിയാലോചനകളും ചര്‍ച്ചകളും നടത്തുകയും ചെയ്താല്‍ തിളക്കമാര്‍ന്ന ഒരു വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (20-21)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേര്‍ജീവിതത്തെ അപകടപ്പെടുത്തുന്ന നാവ്
മൂസ ഉമരി പാലക്കാട്